18 May 2021, 06:21 PM
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം ഭരണത്തില്‍, തുടര്‍ഭരണത്തില്‍ കെ.കെ. ഷൈലജ മന്ത്രിയാവുന്നില്ല. കെ.കെ. ഷൈലജ, സി.പി.എമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗമാണ്. മുന്‍ എല്‍.ഡി. എഫ്. സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു, കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അഭിമുഖീകരിച്ച വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍, ആരോഗ്യരംഗത്തെ മുന്നില്‍ നിന്ന് നയിച്ചത് അവരായിരുന്നു. ലോകം മുഴുവന്‍ അവരെ ആദരിച്ചു, അംഗീകരിച്ചു. ശേഷം അവര്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ആ ഒഴിവാക്കലിനെ ന്യായീകരിക്കാര്‍ പാര്‍ട്ടിയ്ക്ക് കുറേ വാദങ്ങളുണ്ട്. മുദ്രാവാക്യങ്ങളുണ്ട്. അതിലൊന്ന് പുതുമുഖങ്ങളാണ് മുഴുവന്‍ മന്ത്രിമാരുമെന്നാണ്. നിയുക്ത മന്ത്രി പി.രാജീവ് മുന്‍പ് നടത്തിയ ഒരു പ്രസംഗവും പാര്‍ട്ടി തീരുമാനത്തെ ന്യായീകരിക്കാന്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതില്‍ ഇപ്രകാരം പറയുന്നൂ, പിണറായി വിജയന്‍ പാര്‍ട്ടിയുടെ പ്രതീകമാണ്, പാര്‍ട്ടി പിണറായി വിജയന്റെ പ്രതീകമല്ല എന്ന്. ഇ.എം. എസിനെയും വി.എസിനേയും ഉദാഹരിക്കുന്നുണ്ട്, പാര്‍ട്ടിയുടെ പ്രതീകങ്ങളാണ്, പാര്‍ട്ടിയല്ല എന്ന് സ്ഥാപിക്കാന്‍. കഴിഞ്ഞ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍, പാര്‍ട്ടി തിയറി പ്രകാരമുള്ള പുതിയ മുഖമില്ലാതെത്തന്നെ പുതിയ മന്ത്രിസഭയിലും മുഖ്യമന്ത്രിയായി തുടരുന്നു. അതിലാര്‍ക്കും തര്‍ക്കമില്ലെന്നേ. സംഘാടന മികവിനാണ്, കേരളം എല്‍.ഡി. എഫ് സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിച്ചത്. അതില്‍ പക്ഷേ, മുഖ്യമന്ത്രിയ്ക്ക് സമാനമായ കോണ്‍ട്രിബ്യൂഷന്‍ ആരോഗ്യമന്ത്രിയായ കെ.കെ. ഷൈലജയുടേതുമാണ്. തുടര്‍ ഭരണത്തിനുള്ള ജനഹിതം കെ.കെ. ഷൈലജയുടെ തുടര്‍ ഭരണത്തിനുള്ള ജനഹിതം കൂടിയാണ്. റീപ്ലേസ് ചെയ്യപ്പെടാനാവാത്ത നേതാക്കളൊന്നുമില്ല പാര്‍ട്ടിയില്‍ എന്നാണ് സി.പി.എം. നയമെങ്കില്‍, പാര്‍ട്ടി തീരുമാനമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമെന്താണ് റീപ്ലേസ് ചെയ്യാന്‍ പറ്റാത്തത്? ആ ചോദ്യത്തിന് ഉത്തരം പറയാന്‍ പറ്റാത്ത നിശ്ശബ്ദതയിലാണ് സൂക്ഷ്മ തലത്തില്‍ ജെന്റര്‍ വര്‍ക്ക് ചെയ്യുന്നത് മനസ്സിലാവുക. ഈ മന്ത്രിസഭയില്‍ സി.പി. എമ്മിന് രണ്ട് വനിതാ മന്ത്രിമാരുണ്ടല്ലോ സി.പി.ഐയ്ക്ക് ഒരു മന്ത്രിയുണ്ടല്ലോ, മൊത്തം മൂന്ന് വനിതകള്‍. പിന്നെന്താണ് പ്രാധിനിത്യത്തിന്റെ പ്രശ്‌നം എന്ന് വാദമുയര്‍ത്താം. അത് രക്ഷപ്പെടാനുള്ള ബാലിശമായ വാദമാണ്. സംവരണമില്ലാതെ, പ്രാതിനിധ്യത്തിന്റെ കണക്കൊപ്പിക്കലുകളില്ലാതെ ഏറ്റവും സ്വാഭാവികമായി, ഭരണ സംവിധാനത്തില്‍ കഴിവു തെളിയിച്ച ഒരു സ്ത്രീയ്ക്ക് ഭരണ നേതൃത്വത്തിലേക്ക് വരാന്‍ പറ്റുന്നില്ലായെങ്കില്‍ ആ സംവിധാനത്തിന്റെ ശരീരവും മനസ്സും കാഴ്ചയും ആണധികാരത്തിന്റേത് മാത്രമാണ് എന്ന് പറയേണ്ടി വരും. കെ.കെ.ഷൈലജയെ ഒഴിവാക്കാന്‍ പുതിയ തിയറികള്‍ കെട്ടിയുണ്ടാക്കേണ്ടി വരുന്നുണ്ടെങ്കില്‍, പിണറായി വിജയനെ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള എല്ലാ പാര്‍ട്ടി തിയറികള്‍ക്കും മുകളില്‍ അംഗീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ജന്റര്‍ ബയാസ്ഡ് ആയ കണ്ണട വെച്ച പാര്‍ട്ടിയുടെ ആണ്‍ ശരീരമെടുക്കുന്ന തീരുമാനങ്ങളാണ്.
എല്ലാ വൈകാരികതയ്ക്കും മേലെയാണ് പാര്‍ട്ടി എന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുമ്പോള്‍, സിദ്ധാന്തങ്ങള്‍ക്കു മേല്‍ വൈകാരികതയുടെ ഐസിംഗ് തേച്ചു പിടിപ്പിച്ചാണ് രണ്ടാം ഭരണത്തിലേക്ക് പാര്‍ട്ടി കയറിയത് എന്ന് കൂടി ഓര്‍ക്കണം. ഒരു മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ജനങ്ങള്‍ വിളിച്ചത്, പാര്‍ട്ടി വിപ്പ് അനുസരിച്ചല്ല, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കെ.കെ. ഷൈലജയ്ക്ക് ജനങ്ങള്‍ നല്‍കിയതും പാര്‍ട്ടി വിപ്പനുസരിച്ചല്ല. ആ രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. ആ വൈകാരികതയുടെ മറ്റൊരു രൂപമാണ് കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ നിന്നും മാറ്റിയതില്‍ സി.പി.എം. കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍. ഷൈലജയെ മാറ്റിയതില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തകള്‍.
നൂറാം പിറന്നാളിന് മഞ്ഞ നിറത്തിലുള്ള ലഡുവും കൊണ്ട് പാര്‍ട്ടിയുടെ സ്വന്തം കാറില്‍ കാണാന്‍ പോയിട്ടോ മരിച്ച് കഴിയുമ്പോള്‍ പാര്‍ട്ടി പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചിട്ടോ കാര്യമില്ല. അധികാര പദവിയിലേക്ക് ഒരു സ്ത്രീ എത്തിച്ചേര്‍ന്ന വഴികളെ ജീവിച്ചിരിക്കുമ്പോള്‍ ബഹുമാനിക്കാന്‍ കഴിയണം. അവര്‍ നേടുന്ന അംഗീകാരങ്ങളില്‍ സഹിഷ്ണുതയോടെ ആഹ്ലാദിക്കാന്‍ കഴിണം. അവരെ തുടരാന്‍ സമ്മതിക്കണം. അതിന് ആണധികാരത്തിന്റെയുള്ളില്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഭയത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയണം. വ്യക്തിയ്ക്കായാലും പാര്‍ട്ടിയ്ക്കായാലും. പാട്രിയാര്‍ക്കിയുടെ സംരക്ഷകഭാവത്തില്‍ നിന്ന് തുല്യതയുടെ, തുല്യനീതിയുടെ, ലിംഗനീതിയുടെ വിശാലതയിലേക്ക് കടക്കാന്‍ ക്യാപ്റ്റനും പാര്‍ട്ടിയ്ക്കും ഇനിയും ഒരുപാട് തലമുറ മാറ്റങ്ങള്‍ കാണേണ്ടി വരുമായിരിക്കാം. കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിയായിരുന്ന കെ. കെ. ഷൈലജയ്ക്ക് അഭിവാദ്യങ്ങള്‍.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
മനില സി.മോഹൻ
Jun 13, 2022
60 Minutes Watch
Think
Jun 10, 2022
2 Minutes Read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ഹാറൂൺ റഷീദ് the
19 May 2021, 12:01 AM
ഇപ്പറഞ്ഞതിൽ പലതിനോടും വിയോജിക്കേണ്ടി വരുന്നുണ്ട്
Pk Satish
18 May 2021, 11:11 PM
വളരെ ശരിയായ നിരീക്ഷണം. ജനഹിതം മാനിക്കണമായിരുന്നു
A. Jayachandran
18 May 2021, 11:08 PM
"എംഎൽഎയും മന്ത്രിയും ആയാൽ മരിക്കും വരെ അത് അവകാശമായി കാണുന്ന 'വലതു' രീതി കണ്ട് കണ്ട് ശീലിച്ചതിൻ്റെ കേടാണ്... മാറിക്കൊളളും!!!"
Premamohan
18 May 2021, 11:00 PM
Manila Mohan excelant report
Nithin A
18 May 2021, 08:52 PM
well said it
Alekh
18 May 2021, 07:59 PM
ആരോഗ്യ രംഗത്തെ നല്ലൊരു മന്ത്രിയായിരുന്നു ശ്രീമതി ശൈലജ ടീച്ചർ. ടീച്ചർ തന്നെ വീണ്ടും ആരോഗ്യ മന്ത്രിയായി വരണമെന്ന് അദ്ധ്യായ ആഗ്രഹമുണ്ട്
Thulasydevi
18 May 2021, 07:01 PM
I think ladies should come forward for making Sylaja teacher the Chief minister of Kerala. we are not ready for a compromise as health minister even.
P Sudhakaran
19 May 2021, 10:21 PM
ശൈലജ ടീച്ചറിന്റെ കൂടി പങ്കാളിത്തമാണ് ഈ തുടർഭരണം ടീച്ചറിനെ തമസ്കരിച്ചു ഗൗരിയമ്മക്കുണ്ടായ അതെ തമാസ്കരണം