ഡോ. പൽപ്പു വ്യത്യസ്​തനായ നവോത്​ഥാന നായകനായത്​ എന്തുകൊണ്ട്​?

1863 നവംമ്പർ 3 ന് ജനിച്ച് 1950 ജനുവരി 25 ന് അവസാനിച്ച ആ ജീവിതത്തെ ഇന്ന്​ കേരളത്തിന്റെ ധീരമായ ഓർമയാക്കുന്നത് ഡോ. പൽപ്പു അടിസ്ഥാന ജനതക്ക് വേണ്ടി നടത്തിയ ഇടപെടലാണ്. കേരള നവോത്ഥാനത്തിന്റെ വേറിട്ട മുഖമായിരുന്ന ഡോ. പൽപ്പു മരിച്ചിട്ട് 73 വർഷം.

കേരളീയ സാമൂഹിക പരിഷ്കരണത്തിലും നവോത്ഥാനത്തിലും കൃത്യമായ ഇടപെടൽ നടത്തിയ ഡോ. പൽപ്പു അന്തരിച്ചിട്ട് 73 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യം കിട്ടി മൂന്നാണ്ട് മാത്രമാണ് ഡോ. പൽപ്പു ജീവിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യൻ സാമൂഹ്യാവസ്ഥയേയും സവിശേഷമായി കേരളീയ പരിസരത്തെയും കൃത്യമായി അനുഭവത്തിലൂടെ തൊട്ടറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1880-കൾക്ക് ശേഷം അദ്ദേഹം നടത്തിയ ഇടപെടൽ ഭൗതികപരമായ സാമൂഹ്യ മാറ്റത്തെക്കാൾ വൈജ്ഞാനികമായിരുന്നു. ഒരേസമയം അറിവിനെയും ആൾബലത്തെയും ഒന്നിച്ചുനിർത്തിയുള്ള ഇടപെടൽ. അടിസ്ഥാനപരമായി സമൂഹത്തെ എങ്ങനെ മാറ്റിയെടുക്കാം എന്ന അന്വേഷണമാണ് ഡോ. പൽപ്പുവിനെ മറ്റ് നവോത്ഥാന നായകരിൽനിന്ന്​ വ്യത്യസ്തനാകുന്നത്.

ജാതി ഉണ്ടാക്കിയ അപാരമായ പീഡനാനുഭവം ഒരു ഭാഗത്തും, കഴിവുണ്ടായിട്ടും കീഴ്ജാതിമുദ്രവൽക്കരണത്താൽ നിരന്തരം സാമൂഹികാവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ മറുഭാഗത്തും. ഇതിനെ രണ്ടിനെയും തോൽപ്പിച്ചു വേണം അധഃസ്ഥിത ജനതക്ക് പൗരരായി ജീവിക്കാൻ. അത് പൊരുതി നേടാനേ കഴിയൂ. രാജഭരണവും കോളോണിയൽ അധീശത്വവും ഉയർന്ന ജാതിക്ക് അനുകൂലമായി നിൽക്കുന്ന അവസ്ഥ. ഇതിനെ മറികടന്നു വേണം കീഴ്ജാതിസമൂഹത്തിന് പൊതുവ്യവഹാരങ്ങളിലേക്ക് കടന്നുവരാൻ.

ഡോ. പൽപ്പു

മേൽജാതിശക്തി അധികാരത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന കാലത്ത് ഈ നടന്നുകയറ്റം എളുപ്പമായിരുന്നില്ല. എന്നിട്ടും ഡോ. പൽപ്പുവിന്റെ ഇടപെടൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമായി. അതിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം സമൂഹ്യമാറ്റത്തിനുവേണ്ടി അറിവിന്റെ പരിസരം രൂപപ്പെടുത്തുക എന്നതായിരുന്നു. താഴ്ന്ന ജാതിക്കാരൻ എന്ന ഒറ്റ കാരണത്താൽ വ്യക്തിപരമായ അറിവിന്റെയും കഴിവിന്റെയും ഗുണങ്ങളെ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാൻ കഴിയാത്തിടത്തു നിന്ന് ഡോ. പൽപ്പു സ്വന്തം ജീവിതത്തെ തുറന്നുപിടിച്ചാണ് ‘ഞങ്ങൾ' പരാജയപ്പെട്ട മനുഷ്യരല്ല എന്ന് കാണിച്ചുകൊടുത്തത്.

പഠിക്കാൻ കഴിവുണ്ടായിട്ടും കീഴ്ജാതിയാൽ അറിവിടങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ തിക്തമായ അനുഭവമുണ്ട് ഡോ. പൽപ്പുവിന്‌. അത്തരം അനുഭവങ്ങളെ അദ്ദേഹം മറികടക്കുന്നത് ജ്ഞാനശക്തി കൊണ്ടാണ്. ജർമനി, പാരീസ്, ജനീവ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യത്തെ പഠനവും തുടർന്ന് ഡോക്ടറും ബാക്ടീരിയോളജി വിദഗ്ധനുമായി മാറിയ അദ്ദേഹത്തിന് ഈഴവ സമുദായത്തിൽപെട്ടയാൾ എന്ന ഒറ്റ കാരണത്താൽ തിരുവിതാംകൂറിലെ സർക്കാർ ജോലി നിഷേധിപ്പെടുന്നുണ്ട്. ഇത് ഡോ. പൽപ്പുവിനെ മറ്റൊരുതരത്തിൽ കേരളീയ സാമൂഹിക പരിഷ്കരണ പോരാളിയാക്കി. പിന്നീടാണ് അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ കീഴ്ജാതി സമൂഹത്തിന്റെ
മുന്നേറ്റത്തിന് കാരണമായത്.

1883 മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ച പൽപ്പുവിന് തുടർന്ന് പഠിക്കാനുള്ള സാമ്പത്തികശേഷിയുണ്ടായിരുന്നില്ല. എന്നിട്ടും പഠനം പൂർത്തിയാക്കി. തിരുവിതാംകൂർ സർക്കാർ നടത്തിയ വൈദ്യശാസ്ത്ര പരിശീലനത്തിൽ നാലാമനായി പരിഗണിക്കപ്പെട്ടെങ്കിലും ജാതി കാരണം അവിടെയും അവസരം നിഷേധിക്കപ്പെട്ടു. ഇങ്ങനെ ജാതിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് വ്യക്തി എന്ന അർത്ഥത്തിൽ പൽപ്പുവിന്റെ വിമോചനം താൻ ഉൾപ്പെടുന്ന സമുദായത്തിന്റെ കൂടി വിമോചനമായി അദ്ദേഹം കണക്കാക്കുന്നുണ്ട്. അങ്ങനെയാണ് താഴ്ന്ന ജാതിമനുഷ്യർക്ക് സ്കൂളിലേക്കുള്ള പ്രവേശനത്തിനു വേണ്ടിയുള്ള പോരാട്ടം ആരംഭിക്കുന്നത്. ഇതേസമയം ഇത്തരം ആവശ്യങ്ങൾ പല രീതിയിൽ സമൂഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പൽപ്പുവിന്റെ പ്രത്യേകത അദ്ദേഹം കേവലാർത്ഥത്തിലുള്ള ഇടപെടൽ അല്ല ജാതിക്കെതിരെ നടത്തിയത്. മലയാള മെമ്മോറിയലും ഈഴവ മെമ്മോറിയലും ഇതിന്റെ മികച്ച തെളിവാണ്.

ജാതി നോക്കി തൊഴിൽ നൽകുന്നതിനെതിരെ ധീരമായി പ്രതിഷേധിച്ചിട്ടുണ്ട് ഡോ. പൽപ്പു. തിരുവിതാംകൂർ ഭരിച്ച ശ്രീമൂലം തിരുനാൾ മഹാരാജാവിന് സമർപ്പിച്ച ഈഴവ മെമ്മോറിയൽ അതായിരുന്നു. മലയാളികളെ മാറ്റിനിർത്തി തമിഴ് ബ്രാഹ്മണർക്ക് ഉദ്യോഗം നൽകുന്നതിനെയും ഡോ. പൽപ്പു ചോദ്യം ചെയ്തിട്ടുണ്ട്. അതാണ് മലയാളി മെമ്മോറിയൽ എന്ന് ചരിത്രത്തിൽ നാം വായിക്കുന്നത്. എന്നാൽ ഈയൊരു മുന്നേറ്റം അദ്ദേഹം നടത്തിയത് ഈഴവർക്കുവേണ്ടി മാത്രമായിരുന്നില്ല. നായർ, മുസ്​ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയായിരുന്നു. അനീതിക്കെതിരെയുള്ള പ്രതിരോധം ഏത് സാമൂഹ്യബോധത്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകൃതമാകേണ്ടത് എന്നതിന്റെ മികച്ച തെളിവാണിത്. തന്റെ സമുദായത്തിന് അപ്പുറമാണ് തന്റെ
നീതിബോധം എന്ന് ഡോ. പൽപ്പു സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഈഴവ മെമ്മോറിയലിലെ അജണ്ട ജാതിവിവേചനം ഉണ്ടാക്കിയ അനീതിക്കും അറിവ് നിഷേധത്തിനും എതിരാണ്. താഴ്ന്ന ജാതിയിൽ പിറന്നു എന്നതുകൊണ്ട് മാത്രം വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും അതുകാരണം, ഉദ്യോഗങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ അത് കണ്ട് നിൽക്കാൻ ഡോ. പൽപ്പു തയ്യാറായില്ല. തന്റെ ജനതക്ക് പഠിക്കാനുള്ള അവകാശം വേണമെന്ന പൽപ്പുവിന്റെ ആവശ്യം ഏറെക്കുറെ ബ്രിട്ടീഷ് ഭരണാധികാരികൾ അംഗീകരിക്കുന്നുണ്ട്.

1875- ൽ മൂന്ന് ശതമാനവും 1899 പന്ത്രണ്ട് ശതമാനവും ആയിരുന്നു അന്നത്തെ ഈഴവരിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ. ഇതിന് അനുപാതികമായ ഉദ്യോഗം ഇവർക്ക് ലഭിക്കാതെ പോയത് ജാതി കാരണമാണ്. ഇതിനെതിരെ രാജ്യത്തിനകത്തും പുറത്തും നടത്തിയ പോരാട്ടം വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് കാരണമായി. ഈഴവൻ എന്ന സ്വത്വത്തിൽ നിന്നുകൊണ്ടുതന്നെയാണ് അദ്ദേഹം തന്റെ ഇടപെടലുകൾ നടത്തിയത്. ബ്രിട്ടീഷ് ഇന്ത്യൻ പത്രങ്ങളിൽ ഇത്തരം വിഷയങ്ങൾ അവതരിച്ചപ്പോൾ ‘തിരുവിതാംകോട്ടുകാരനായ ഒരു തിയ്യൻ' എന്ന തൂലികാ നാമത്തിലാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. പിന്നീട് ഇത്തരം ലേഖനങ്ങളും കുറിപ്പുകളും സമാഹരിച്ച് "കേരളത്തിലെ തിയന്മാരോടുള്ള പെരുമാറ്റം' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ തിയ്യ സമുദായം അനുഭവിച്ച വ്യത്യസ്തമായ സാമൂഹ്യ തിരസ്കരണത്തിന്റെയും ജാതി മേൽക്കോയ്മയുടെയും ചരിത്രശേഷിപ്പാണ് ഈ ഗ്രന്ഥം. എന്നാൽ ഇതൊന്നുകൊണ്ടും താൻ കാണുന്ന ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് 1896ൽ സെപ്റ്റംബർ 3-ന് 13176 ഈഴവ സമുദായ അംഗങ്ങൾ ഒപ്പിട്ട ഭീമഹർജി തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കുന്നത്. അതിൽ രേഖപ്പെടുത്തിയത്:മറ്റു ജാതിക്കാരുമായി ഒത്തു നോക്കിയാൽ തങ്ങളുടെ വിദ്യാഭ്യാസ നിലവാരം തുലോം തുച്ഛമാണ്. എന്നു മാത്രമല്ല ഇക്കാലത്ത് പരിഷ്കാരത്തിന് ആവശ്യം വേണ്ട ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവർ വളരെ കുറവുമാണ്. വിദ്യാഭ്യാസം വഴി ഉദ്യോഗം ലഭിക്കേണ്ടതായിട്ടുണ്ട്. ഇത് രണ്ടും നിഷേധിക്കപ്പെടുന്നത് പഠിക്കാനുള്ള അവകാശവും അവസരവും നിഷേധിക്കുന്നതു കൊണ്ടാണ്.

ഇംഗ്ലിഷ് വിദ്യാഭ്യാസ നിഷേധവും സ്കൂളിൽ പോകാനുള്ള അവകാശത്തെ തടഞ്ഞുനിർത്തുന്നതും ജാതി കാരണമാണെന്ന് കൃത്യമായി ഈഴവമെമ്മോറിയലിൽ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ ഇതിന് കേരളത്തിലെ ബ്രാഹ്മണിക്കൽ അധികാരഘടനയിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയി. അങ്ങനെയാണ് 1900 അന്നത്തെ വൈസ്രോയിയായിരുന്ന കാഴ്സൺ പ്രഭുവിന് നേരിട്ട് പരാതി ബോധിപ്പിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇങ്ങനെ സമുദായങ്ങൾക്ക് വേണ്ടി ഡോ. പൽപ്പു നടത്തിയ ഇടപെടൽ ഒരേസമയം സാമൂഹ്യ പരിഷ്കർത്താവ് എന്ന അംഗീകാരം സമൂഹം പതിച്ചു നൽകിയപ്പോഴും അതിലപ്പുറമായിരുന്നു ഡോ. പൽപ്പു എന്ന് തെളിയിക്കുന്നതാണ് 1896 ലെ പ്ലേഗിനെതിരെ അദ്ദേഹം നടത്തിയിട്ടുള്ള ധീരമായ പോരാട്ടങ്ങൾ.

1896 ബാഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗിനെതിരെ പൽപ്പു നടത്തിയ ഇടപെടൽ എക്കാലത്തും ഓർമിക്കപ്പെടുന്നതാണ്. അന്നത്തെ പല ഡോക്ടർമാരും രോഗവ്യാപനം ഭയന്നു മാറി നിന്നപ്പോൾ പൽപ്പു മൈസൂരിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ട് ആയിരുന്നു. മരണപത്രം നേരത്തെ ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദിനംപ്രതി അമ്പതിൽ കൂടുതൽ പേരുടെ മരണം നടന്നതായി ചരിത്രത്തിൽ കാണാം. അങ്ങേയറ്റം വേദനിപ്പിച്ച ആ അനുഭവം പിന്നീട് പൽപ്പു പറഞ്ഞിട്ടുണ്ട്. എലികളെപ്പോലെ മനുഷ്യർ ചത്തൊടുങ്ങിയ രോഗബാധ. അവിടെ മറ്റൊരു നവോത്ഥാന നായകർക്കും ചെയ്യാൻ കഴിയാത്ത രീതിയിലുള്ള മനുഷത്വപരമായ ഇടപെടൽ നടത്തിയ ഡോ. പൽപ്പു എക്കാലത്തെയും ധീരമായ ഓർമ്മയാണ്.

1863 നവംമ്പർ 3 ന് ജനിച്ച് 1950 ജനുവരി 25 ന് അവസാനിച്ച ആ ജീവിതത്തെ ഇന്ന്​ കേരളത്തിന്റെ ധീരമായ ഓർമയാക്കുന്നത് ഡോ. പൽപ്പു അടിസ്ഥാന ജനതക്ക് വേണ്ടി നടത്തിയ ഇടപെടലാണ്.

Comments