മലയാള കവിത ഇങ്ങനെ മതിയോ? ‘എമേർജിങ് പോയട്രി’ക്കുണ്ട്​ ഉത്തരം

സ്ത്രീകവിത സവിശേഷമാണ് എന്നു പറയുമ്പോൾ ആ സവിശേഷത ഒരു സാമാന്യമാണെന്ന് എമേർജിങ് പോയട്രി തിരിച്ചറിയുന്നു. ആദിവാസി കവിത എന്നു പറയുമ്പോൾ അത് സവിശേഷമല്ല സാമാന്യമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഗോത്രകവിത എന്ന പരികല്പനയിൽ നിന്ന് ആദിവാസിക്കവിത എന്ന പരികല്പനയിലേക്ക് അത് മാറിക്കഴിഞ്ഞു. കാരണം പഴയതു പോലെ അത്രയ്ക്ക് അടഞ്ഞ ഗോത്രീയതയിൽ പെട്ടവരല്ല ഇന്നത്തെ ആദിവാസിക്കവികൾ. എന്നാൽ അടഞ്ഞ ഗോത്രസമൂഹങ്ങളെ ഞങ്ങൾ കാണാതെയിരിക്കുന്നില്ല. ‘എ​മേർജിങ്​ പോയട്രി’യുടെ വികാസം വിശദീകരിക്കുകയാണ്​ എസ്​. ജോസഫ്​.

‘എമേർജിങ് പോയട്രി’ സ്വാഭാവികമായി രൂപപ്പെട്ട ഒരു ആശയമാണ്. ‘പുതിയ കവികൾക്കൊരു മാനിഫെസ്റ്റോ' എന്ന പേരിൽ എഫ്.ബിയിൽ തുടർച്ചയായി കുറിപ്പുകളെഴുതിയിരുന്നു ഞാൻ. വ്യാകരണം, അബോധം, പ്രതീകാത്മകത, ചിത്രകല, ശില്പകല, വാസ്തുവിദ്യ, സിനിമ, സംഗീതം എന്നിവയുമായി കവിതയുടെ ബന്ധം എന്നതായിരുന്നു വിഷയം.

പതിവുപോലെ വളരെയധികം എതിർപ്പുകൾ നേരിട്ടു. എന്നാലും എഴുത്തു മുന്നേറുമ്പോഴാണ് കോവിഡിന്റേയും അഫ്ഗാൻ, റഷ്യ - യുക്രെയ്​ൻ യുദ്ധത്തിന്റേയും പശ്ചാത്തലം എല്ലാ മനുഷ്യരേയും ബാധിക്കുന്നത്. മഹാമാരിക്കും യുദ്ധത്തിനും ജാതി- മത- ലിംഗ- വംശ വ്യത്യാസങ്ങളില്ലല്ലോ. അങ്ങനെ കുറേ കാര്യങ്ങൾ ലോകത്തുണ്ട്. അടിസ്ഥാനപരമായി അതാണ് ലോകത്തുള്ളവയും. പ്രാകൃതരും ആധുനികരും തമ്മിൽ വ്യത്യാസമില്ല. മനുഷ്യ സ്വഭാവം എവിടേയും ഒരുപോലെ എന്ന് ലെവിസ്‌ട്രോസ് പറഞ്ഞത് ഓർക്കുന്നു.

മുമ്പില്ലാത്ത വണ്ണം വിദൂരരാജ്യങ്ങളിലെ മഹാവ്യാധിയും യുദ്ധവും നമ്മളെ ബാധിക്കുന്നുവെങ്കിൽ ഈ ആഗോളപശ്ചാത്തലത്തിൽ എന്തുകൊണ്ട് നമ്മുടെ ഇവിടത്തെ കവിതയ്ക്ക് ലോകത്തെയും സ്വാധീനിച്ചുകൂടാ എന്നൊരു മറുചോദ്യം ഉണ്ടായി, എന്റെയുള്ളിൽ. ഈ കാലഘട്ടം നമ്മെ മാനസികമായി തകർത്തു. നാം കമ്യൂണിക്കേഷനിലൂടെ ബന്ധപ്പെടാൻ കോവിഡിന്റെ ആദ്യകാലത്ത് ശ്രമിച്ചെങ്കിലും പിന്നീട് ഏകാന്തതയിലേക്ക്, വിഷാദത്തിലേക്ക് പിൻവലിയുകയാണുണ്ടായത്.

ഒരു ‘യൂണിവേഴ്‌സൽ ബോർഡം’ നമ്മെ ബാധിച്ചു. അതിനെ ഭേദിക്കാനുള്ള കവിതയിലെ ഉണർന്നുദിക്കലാണ് എമേർജിങ് പോയട്രി.
അതിലേക്ക് എല്ലാ വ്യത്യസ്തതകൾക്കും കടന്നുവരാം. സ്ത്രീയെഴുത്തിനെ, ആദിവാസി, ദലിത്, ട്രാൻസ് ജന്റർ എഴുത്തിനെ ഞങ്ങൾ അംഗീകരിക്കുന്നു. പൊതുവായ എഴുത്തിനേയും അംഗീകരിക്കുന്നു. ഇതിന്റെയെല്ലാം പൊതുവിടം നിർമിക്കുകയാണ് ലക്ഷ്യം.

പെണ്ണുങ്ങളെല്ലാം പെൺകവികൾ, ദലിതരെല്ലാം ദലിത് കവികൾ, ആദിവാസികളെല്ലാം ആദിവാസി കവികൾ എന്ന അവസ്ഥയാണ് നിലവിലുള്ളത്. സത്യത്തിൽ പുരുഷാധിപത്യവും വരേണ്യതയും ആധിപത്യം സ്ഥാപിച്ചുനിന്നിരുന്ന കവിതയെ അഴിച്ചുപണിയുകയായിരുന്നു ദലിത്- ആദിവാസി- സ്ത്രീ എഴുത്തുകൾ. അത് കവിപദവിയിൽ എത്താനുള്ള ഓരപ്പെട്ടവരുടെ കലാപമായിരുന്നു. പക്ഷേ നിർഭാഗ്യകരമെന്നുപറയട്ടെ, അത് മറ്റൊരർത്ഥത്തിൽ പാർശ്വവത്കൃതരെ സ്വസ്ഥാനത്ത് ഉറപ്പിക്കുകയാണുണ്ടായത്.
സവർണ പുരുഷനുമാത്രം കവിപദവി. സവർണസ്ത്രീക്ക്​ സ്ത്രീകവി പദവി. ദലിതർക്ക് ദലിത് കവിപദവി. ആദിവാസികൾക്ക് ആദിവാസി കവിപദവി.
ലിംഗം ,ജാതി, ഗോത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വ്യവഹരിക്കലാണിത്. അത്തരം വിഭാഗങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് സ്വീകാര്യമാണ്. അവിടങ്ങളിൽ നല്ല കവിതകൾ പിറക്കുന്നുണ്ട്. പക്ഷേ കവി പദവിയെ സംബന്ധിച്ച് പുതിയ ഒരു സമീകരണമാണ്​ ഞങ്ങൾ പറയുന്നത്. ഞങ്ങൾ എല്ലാവരേയും കവി എന്നനിലയിൽ മാത്രം കാണും. അവരെ ഒരുമിച്ചു നിർത്തുന്ന ഒരു പ്ലാറ്റ്​ഫോം ആണ് എമേർജിങ് പോയട്രിയുടേത്.

എസ്. ജോസഫ്

മലായാള കവിത ഇന്ത്യയിലും ലോകത്തിലും വേണ്ടവണ്ണം അറിയപ്പെടുന്നില്ല.
എമേർജിങ് പോയട്രി സ്ത്രീ, ദലിത്, ആദിവാസി, ലൈംഗിക ന്യൂനപക്ഷ കവികളെയും പൊതുവിഭാഗകവികളേയും സംവാദാത്മകമായി ഒരുമിപ്പിക്കുകയും മലായാള കവിതയെ പുതിയ വിഷയസ്വീകരണത്തിലൂടെയും വിവർത്തനങ്ങളിലൂടെയും ഇന്ത്യയുടെ, ലോകത്തിന്റെ വിശാലതയിലേക്ക് പ്രസരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് ഞങ്ങളുടെ അടിസ്ഥാനാശയം.
നോക്കൂ, ജിപ്‌സികൾ, ജിപ്‌സികൾ എന്ന് വിളിക്കപ്പെടാനാഗ്രഹിക്കുന്നില്ല. മനുഷ്യൻ എന്നർത്ഥമുള്ള റൊമാനി എന്നു വിളിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നു. കറുത്തവർ നെഗർ, നീഗ്രോ എന്നീ പേരുകളുപേക്ഷിച്ചു. അവർ ബ്ലാക്ക്​ ആയി. അതും അവർ വെടിയും. അതുവരെ നമ്മൾ എന്തിന് കാത്തിരിക്കണം. ലോകത്തും ഇന്ത്യയിലും ചിന്താപദ്ധതികൾ രൂപപ്പെടുംവരെ നമ്മൾ എന്തിന് കാത്തിരിക്കണം? നമുക്ക് സ്വയം ചിന്തിക്കാമല്ലോ.

സ്ത്രീകവിത സവിശേഷമാണ് എന്നു പറയുമ്പോൾ ആ സവിശേഷത ഒരു സാമാന്യമാണെന്ന് എമേർജിങ് പോയട്രി തിരിച്ചറിയുന്നു. അതുപോലെ ആദിവാസി കവിത എന്നു പറയുമ്പോൾ അത് സവിശേഷമല്ല സാമാന്യമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഗോത്രകവിത എന്ന പരികല്പനയിൽ നിന്ന് ആദിവാസിക്കവിത എന്ന പരികല്പനയിലേക്ക് അത് മാറിക്കഴിഞ്ഞു. കാരണം പഴയതു പോലെ അത്രയ്ക്ക് അടഞ്ഞ ഗോത്രീയതയിൽ പെട്ടവരല്ല ഇന്നത്തെ ആദിവാസിക്കവികൾ. എന്നാൽ
അടഞ്ഞ ഗോത്രസമൂഹങ്ങളെ ഞങ്ങൾ കാണാതെയിരിക്കുന്നില്ല.
ലോകത്ത് എല്ലായിടത്തും എഴുതപ്പെടുന്ന ആദിവാസി കവിതകൾക്ക് സമാനതയുണ്ട്.

സ്ത്രീ കവിതയിലും ഇതേ സമാനത കാണാം. അതാണ് ലോകത്തേക്ക് വ്യാപിക്കുന്നത്. കാരണം കവിതകളുടെ വിവർത്തനങ്ങളിൽ പ്രധാനമായും വിനിമയം ചെയ്യപ്പെടുന്നത് ഉള്ളടക്കമാണ്. അതിന്റെ ആസ്വാദനം നടക്കുന്നത് സാമാന്യതലത്തിലാണ്. ഒരു പരദേശിയെ, വിദേശിയെ സംബന്ധിച്ച്​ സാമാന്യത്തിൽ നിന്നാണ് അത് സവിശേഷത്തിലേക്ക് പോകുന്നത്.
ദലിത് കവിതയിൽ ഇതുപോലെ സാമാന്യമായ തലമുണ്ട്. അതാണ് പുറംലോകങ്ങളിലെ വായനാസമൂഹങ്ങളിലേക്ക് എത്തുന്നത്. ഇന്ത്യൻ ദലിത് കവിത നോക്കിയാൽ നമുക്കിത് മനസിലാകും.കവിതയെ ജനകീയമാക്കുക എന്ന ലക്ഷ്യവും പ്രധാനമാണ്. ആധുനികതയ്ക്കുശേഷം അതുണ്ടായില്ല. അതിനായിട്ടാണ് പ്രചാരണസാധ്യതകൾ രൂപപ്പെടുത്തുന്നത്.

കവിതയെ പുതുക്കുന്ന കാര്യം ഓരോ കവിയേയും ആശ്രയിച്ചാണിരിക്കുന്നത്. കവിതയെഴുത്തിന്റെ വൈയക്തികതലത്തെ ഞങ്ങൾ സ്വതന്ത്രമായി വിടുന്നു. എങ്കിലും ഇതൊരു ഉണർവാണ്. മലയാള കവിതയിൽ നാളിതുവരെ ഇത്തരമൊരു ചലനം അഥവാ പ്രസ്ഥാനം ഉണ്ടായിട്ടേയില്ല. ഒരു ഇന്റലക്ച്വൽ ഗ്രൂപ്പാണിത്. കലയെ, കവിതയെ സംബന്ധിച്ച പുതിയ ഒരു ഫിലോസഫി ഞങ്ങൾക്കുണ്ട്.

കവിതയെഴുത്തിൽ കേരളം മാത്രമല്ല പശ്ചാത്തലമാകേണ്ടത്. ഫ്രാൻസ് കാഫ്ക ചൈനയുടെ വൻമതിലും അറബികളും കുറുനരികളും അമേരിക്കയും അവിടെ പോയിട്ടല്ല എഴുതിയത്. അതുപോലെ നമുക്കും എഴുതാം.
കേരളത്തിനുപുറത്തുള്ള രാജ്യങ്ങളുടെ പശ്ചാത്തലത്തിൽ അവിടെ പോയ മലയാളികൾ എഴുതിയ കവിതകൾ മുമ്പേ വന്നിട്ടുണ്ട്. മലയാളികൾ കേരളത്തിൽ മാത്രമല്ല ജീവിക്കുന്നത്, ഇന്ത്യയിലും ലോകത്തിലുമാണ്. അവിടെയും മലയാളി കവികളുണ്ട്. ആ കവികളുടെ എഴുത്തുകളിൽ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്. അതത്, ഡയസ്‌പോറയുമായി ഞങ്ങൾ സജീവ ബന്ധം ഉണ്ടാക്കുന്നുണ്ട്. കൽക്കത്ത, ഭോപ്പാൽ, ചെന്നൈ, ബോംബേ എന്നിവിടങ്ങളിലെ മലയാളികളെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഗൾഫ്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലെ കവികളെ ഞങ്ങൾക്കറിയാം. നമ്മുടെ കവിതകളെ പരദേശങ്ങളിലേക്കും വിദേശങ്ങളിലേക്കും വിവർത്തനങ്ങളിലൂടെ എത്തിക്കുവാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും.
ലോകജീവിതത്തിൽ നിന്നുതന്നെ പ്രമേയങ്ങൾ സ്വീകാര്യമാണ് എന്ന് സൂചിപ്പിച്ചല്ലോ. യുദ്ധം, സഞ്ചാരം, രാജ്യാന്തര പ്രണയങ്ങൾ, മറ്റു രാജ്യങ്ങളിലെ ജീവിതം ഒക്കെ പുതിയ ഘടനകളോടെ കവിതയിലേക്കുവരാം.

ഇന്നും കവിതയ്ക്ക് പുറത്തുനില്ക്കുന്ന വിഷയങ്ങളുണ്ട്. അനുദിന സംഭവങ്ങൾ കവിതയിൽ വരാം. വാവാ സുരേഷിനെക്കുറിച്ചും കേരളത്തിലെ പർവ്വത ഗുഹയിൽ പെട്ടുപോയ കുട്ടിയെക്കുറിച്ചും കവിതകളുണ്ട്. പക്ഷേ സമ്പ്രദായിക രീതിയിലല്ല എന്നു മാത്രം.

ലോകം ഇന്ന് യാത്രാസൗകര്യങ്ങൾ, കമ്യൂണിക്കേഷൻ ടെക്‌നോളജി എന്നിവ കൊണ്ട് ഏറെ അടുത്തിരിക്കുന്നു. കേരളത്തിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള ആളുകൾ ഒരു ഗൂഗിൾ മീറ്റിൽ, സൂമിൽ, ക്ലബ് ഹൗസിൽ ഒരുമിച്ചിരുന്നു സംസാരിക്കുന്നു. പല സ്ഥലങ്ങളിലാണവരുടെ ഭൗതിക സാന്നിധ്യം, പല കാലങ്ങളിലുമാണത്. ഇവിടത്തെ രാത്രിക്ക് അമേരിക്കയിൽ പകലാണ്. സ്ഥലം, കാലം എന്നിവയുടെ സാമ്പ്രദായിക സങ്കല്പങ്ങൾ ഒരു സൈബർ യാഥാർത്ഥ്യത്തിൽ മറ്റൊന്നായി സൃഷ്ടിക്കപ്പെടുന്നു.

ഭാവിയിൽ ലോകത്തുള്ള ഭാഷകളെ പരസ്പരം സംസാരിക്കുമ്പോൾ തന്നെ കൺവേർട്ടു ചെയ്യാവുന്ന ഒരു കണ്ടുപിടുത്തം കൂടി വരാൻ സാധ്യതയുണ്ട്. വിവർത്തനത്തിന്റെ സാധ്യതയാണിത് സൂചിപ്പിക്കുന്നത്. ഇപ്പോൾ തന്നെ കുറച്ചെങ്കിലും സഹായകരമാണ് ഗൂഗിൾ ട്രാൻസലേഷൻ.
വരും കാലത്ത്, ഒരു ഫ്രഞ്ചുകാരനും മലയാളിക്കും അവരുടെ സ്വന്തം ഭാഷകളിൽ സംസാരിച്ച് ആശയവിനിമയം നടത്താനാവുമെന്ന് പ്രത്യാശിക്കാം. ഐക്യരാഷ്ട്ര സഭയിലും മറ്റും അത്തരം സാധ്യതകളുണ്ടെന്ന് കേട്ടിട്ടുണ്ട്.

emergingpoetry.com വെബ്സൈറ്റിന്റെ ലോഗോ

ലോകത്ത് കച്ചവടവും സഞ്ചാരവും യുദ്ധവും കലർപ്പുകളും ഉണ്ടായതിൽ ഭാഷാ വിനിമയം ഉണ്ടുതാനും. കവിതയെ സംബന്ധിച്ച സാമ്പ്രദായിക സങ്കല്പങ്ങൾ മാറുന്നത് അങ്ങനെയാണ്. അപ്പോൾ, കവിതയുടെ ഭാഷയിലെ ഊന്നൽ മാറിയെന്നിരിക്കും. നോവലിലോ ചെറുകഥയിലോ എന്ന പോലെ ഒരു തീം മാത്രമായി കവിത മാറിയെന്നിരിക്കും. വാക്കുകൾ വിവർത്തനം ചെയ്യപ്പെടുന്നതിന് പൊതുവായ ഒരു സിസ്റ്റം ആവിഷ്‌കരിക്കപ്പെട്ടാൽ ഉള്ളടക്കത്തെ വിഷയത്തെ മാത്രം കേന്ദ്രീകരിക്കുന്നതായി കവിത മാറുകയും ചെയ്യും. വിവർത്തനം, വെബ് സൈറ്റ്, കവിതാചിത്രപ്രദർശനം, ചെറിയ മീറ്റിംഗുകൾ എന്നിവ അതിന്റെ ഭാഗമാണ്. ഒരു കാർണിവൽ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെയാവുന്നതിൽ എതിർപ്പുമില്ല. ആശയപരമായി ഞങ്ങളോട് വിയോജിപ്പുള്ളവർക്കുകൂടി ഇ.പി യിൽ വരാവുന്ന മട്ടിലാണ് അതിന്റെ സംഘാടനം അഥവാ പ്രവർത്തനങ്ങൾ.

നിലവിലുള്ള കവിതയെ അഴിച്ചുപണിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കവിതയുടെ ഫിലോസഫിക്കലായ, സാർവ്വലൗകികമായ, കലാപരമായ, രാഷ്ട്രിയമായ തലങ്ങളിൽ ഞങ്ങൾ ഊന്നുന്നു. ഘടനയെ പുതുക്കാനാഗ്രഹിക്കുന്നു. കഴിവിന്റെ പരമാവധി ലോകജ്ഞാനത്തെ അതിനായി ഉപയോഗിക്കുന്നു. കവിതയിൽ പൊതുവേ ഏറെയൊന്നും വരാത്ത ദിനവൃത്താന്തങ്ങളും കവിതയ്ക്ക് വിഷയമാകുന്നു. ലോകചിത്രകലയിലും ശില്പകലയിലും സിനിമയിലും വന്ന മാറ്റങ്ങളെ തിരിച്ചറിയുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകൾ, പല പ്രപഞ്ചങ്ങൾ ഉണ്ടെന്നുള്ള ചിന്തകളൊക്കെ ഞങ്ങൾ മനസ്സിലാക്കുന്നു.

എമേർജിങ് പോയട്രിയുടെ ആദ്യ പരിപാടി പി.രാമനാണ് ഉദ്​ഘാടനം ചെയ്​തത്​. തൃക്കാക്കര സാംസ്‌കാരി കവേദിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കരയിലെ ഓണം പാർക്കിൽ വച്ച് 2022 ജൂൺ 12 നായിരുന്നു പരിപാടി. ചർച്ചയും കവിതാ വായനയും ഉണ്ടായിരുന്നു; ഒരു പകൽ മുഴുവനും.

എത്ര എഴുതിയാലും തീരാത്ത ഉദ്ഘാടനപരിപാടിയായിരുന്നു എന്നെ സംബന്ധിച്ച്​ അത്. യാത്രച്ചെലവ്​ സ്വയം ഏറ്റെടുത്ത് എത്രയെത്ര മനുഷ്യരാണ് ഓണം പാർക്കിലെത്തിയത്. ഞാനറിയുന്നവരും അറിയാത്തവരും അതിലുണ്ടായിരുന്നു. പി.രാമന്റെ പ്രഭാഷണം മലയാള കവിതയുടെ ഭാഷാപരമായ, പ്രമേയപരമായ മാറ്റം അടിവരയിട്ട് സൂചിപ്പിച്ചു. നോവൽ പോലുള്ള ഗദ്യകൃതികളിൽ ഈ മാറ്റമുണ്ടായിട്ടില്ലെന്നും ഉറൂബിന്റെ രീതി തന്നെയാണ് ഇപ്പോഴും പുതിയ നോവലിസ്റ്റുകളുടേതും എന്നു പറഞ്ഞു.
അടുത്ത കാലത്ത് ഞാൻ എഴുതിയ ഒരു കവിത താഴെ കൊടുക്കുന്നു:

ആളെ മാറ്റി കൊടുക്കപ്പെടും

ആളുകളെ മാറ്റിയെടുക്കാവുന്ന ഒരു സ്ഥാപനം ചന്തയിൽ പ്രവർത്തിക്കുന്നുണ്ട് എന്നറിഞ്ഞ് ഞാൻ അങ്ങോട്ടേക്ക് പുറപ്പെട്ടു. സത്യത്തിൽ അങ്ങനെയൊരു സ്ഥലം ഉണ്ടായിരുന്നു.
അവിടെ ഒരു ഓഫീസുണ്ട്. ആളെ മാറ്റി കൊടുക്കപ്പെടും എന്നൊരു ബോർഡ് അവിടെ ഉണ്ടായിരുന്നു.

റിസപ്ഷനിസ്റ്റ് ഒരു അതീവസുന്ദരിയായ യുവതി.

അവൾ വരൂ എന്നുപറഞ്ഞ് എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.
ഒരു ചായ ഓഫർ ചെയ്തു. കൂടെ ഒരു അപേക്ഷാ ഫോറവും.
പേരുവിവരങ്ങൾ ഞാൻ എഴുതി.

‘നമ്മുടേത് ഒരു എക്‌സ്ചേഞ്ച് ആയിക്കോട്ടെ.
പഴയ സാധനങ്ങൾക്ക് വിലയുണ്ട്. അതു കിഴിച്ച് ബാക്കി തുക നിങ്ങൾ തന്നാൽ മതി'
അവൾ തുടർന്നു: ‘വില നിങ്ങൾ ഇപ്പോൾ തരേണ്ടതില്ല. ഞങ്ങൾ തന്നെ ലോൺ തരും .അത് ഓരോ മാസവും അടച്ചാൽ മതി. നിങ്ങൾക്കത് അടയ്ക്കാൻ പ്രയാസമുണ്ടാവില്ല' അവൾ പറഞ്ഞു.
അങ്ങനെ ഞാൻ പഴഞ്ചനായ എന്നെ കൊടുത്തിട്ട് പുതിയ എന്നെ വാങ്ങി.

ഇപ്പോൾ വളരെ നല്ലതുപോലെ പ്രവർത്തിക്കുന്നുണ്ട്.
ഒരു പാട് പ്രത്യേകതകളുണ്ട് പുതിയ എനിക്ക്. സൗന്ദര്യവും ചെറുപ്പവും കൂടി. മദ്യപാനമില്ല. പ്രണയമപകടമാണ്. സെക്‌സ് പാപമാണ്. പകർച്ചവ്യാധികൾ ഏൽക്കില്ല. നല്ല ഉറക്കം. മരണചിന്തയില്ല. തെരുവിൽ ഒരാളെ കൊല്ലുന്നത് ഞാൻ കണ്ടു നിന്നു.

നാളുകൾ കഴിഞ്ഞപ്പോൾ തീവണ്ടിയിൽ നിന്ന് ഞാൻ വീണു കൈയൊടിഞ്ഞു. റിപ്പയർ ചെയ്യാനായി ഞാൻ ചന്തയിലെത്തി. പക്ഷേ അങ്ങനെയൊരു സ്ഥലമോ ഓഫീസോ അവിടെ ഉണ്ടായിരുന്നില്ല. വഴിയിൽ കണ്ട ഒരാളോട് ചോദിക്കാൻ ഞാൻ ആഞ്ഞു. പെട്ടെന്നനിക്കൊരു സംശയുണ്ടായി.
ഞാൻ തിരിഞ്ഞുനടന്നു.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments