പരിസ്ഥിതിസംരക്ഷണം, കുടിയേറ്റം, ബഫർ സോൺ: തീ​വ്രവാദമല്ല, സംവാദം

വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശം, കേരളത്തിൽ ചർച്ചക്കും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ ശാസ്ത്രീയവും പ്രായോഗികവും പ്രകൃതിയുടെയും മനുഷ്യരുടെയും പക്ഷത്തുനിന്നുള്ളതുമായ പരിഹാരം മുന്നോട്ടുവക്കുകയാണ്, ഈ മേഖലയുമായി ഇടപെട്ട് പ്രവർത്തിക്കുന്നവർ, ട്രൂകോപ്പി വെബ്‌സീനിലൂടെ.

Truecopy Webzine

ന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിർദേശം, കേരളത്തിൽ ചർച്ചക്കും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ ശാസ്ത്രീയവും പ്രായോഗികവും പ്രകൃതിയുടെയും മനുഷ്യരുടെയും പക്ഷത്തുനിന്നുള്ളതുമായ പരിഹാരം മുന്നോട്ടുവക്കുകയാണ്, ഈ മേഖലയുമായി ഇടപെട്ട് പ്രവർത്തിക്കുന്നവർ, ട്രൂ കോപ്പി വെബ്‌സീനിലൂടെ.


അഡ്വ. ജോയ്സ് ജോർജ്
തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ
രാഷ്ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്
‘‘ഒരു കാലത്ത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കോളനികളാക്കി കൊള്ളയടിച്ച സമ്പത്തുപയോഗിച്ച് സുഖലോലുപരായി ജീവിച്ചതുവഴിയുണ്ടായ ആഗോളതാപനവും അതുമൂലമുള്ള കാലാവസ്ഥാവ്യതിയാനത്തെയും മറികടക്കാൻ അതേ സമ്പത്തുപയോഗിച്ച് കൊള്ളയടിക്കപ്പെട്ട രാജ്യങ്ങളുടെ വികസനം തടയുകയും ജനങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുകയെന്നതാണ് പുതിയ കാലത്തെ കോളനിവൽക്കരണത്തിന്റെ കാതൽ.’’

‘‘സർക്കാർ സംവിധാനങ്ങളെ തന്നെ സ്വാധീനിച്ച് വരുതിയിലാക്കുക, ഭരണനേതൃത്വങ്ങളുമായി നയതന്ത്ര ഉടമ്പടി ഉണ്ടാക്കുക, സർക്കാരിതര സംഘടനകൾ രൂപീകരിക്കുകയും സാമ്പത്തിക സഹായം നൽകുകയും അവരിലൂടെ തദ്ദേശീയ ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ അജണ്ടകൾക്കനുസൃതമായ പൊതുബോധസൃഷ്ടി നടത്തുകയും ചെയ്യുക തുടങ്ങി ബഹുമുഖ തന്ത്രങ്ങളാണ് സ്വീകരിച്ചുപോരുന്നത്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം മറയാക്കിയുള്ള കോളനിവൽക്കരമാണ് ലക്ഷ്യം വയ്ക്കുന്നത്.’’

‘‘കേരളത്തിലെ വനവിസ്തൃതിയുടെയും സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വനം- വന്യജീവി വകുപ്പിന്റെ പദവികളുടെ എണ്ണം നിശ്ചയിക്കുന്നത്. മുൻപ് ഒരുകൺസർവേറ്ററും ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാരും അതിനുതാഴെ റെയ്ഞ്ച് ഓഫീസർ ഉൾപ്പടെയുള്ള ഫീൽഡ് സ്റ്റാഫുമായിരുന്നു വകുപ്പിലുണ്ടായിരുന്നത്. ഇന്ന് മുഖ്യവനപാലകൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, അതിനുകീഴിൽ ഒട്ടനവധി കേഡർ തസ്തികകൾ സൃഷ്ടിച്ച് ശമ്പളവും ആനുകൂലങ്ങളും കൂടിയ പെൻഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താൻ വനവിസ്തൃതി കൃത്രിമമായി കൂട്ടിക്കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.’’

‘‘പലപ്പോഴും സംരക്ഷണത്തിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ശബ്ദം സുപ്രീംകോടതിയിലെത്താറില്ല. പരിസ്ഥിതി വിഷയങ്ങളിൽ സംഘടതിമായി പ്രവർത്തിക്കുന്ന സാമ്പത്തിക പിൻബലമുള്ള സന്നദ്ധ സംഘടനകളും സ്ഥാപിതതാത്പര്യമുള്ള അധികാര - ഭരണ സംവിധാനങ്ങളും കോടതിവ്യവഹാരങ്ങളെ മുന്തിയ അഭിഭാഷകരെ അണിനിരത്തിയും നിരന്തരം ഹർജികൾ സമർപ്പിച്ചും വരുതിയിലാക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മുൻപിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ കോടതികൾ വിധിപറയുമ്പോൾ അത് പലപ്പോഴും സാധാരണക്കാരുടെ താത്പര്യത്തിനെതിരാകും.’’

‘‘പ്രകൃതിയും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊന്നും സംരക്ഷിക്കേണ്ടതില്ല എന്നല്ല പറഞ്ഞുവന്നത്?, മറിച്ച്, ഇത് നടപ്പിലാക്കേണ്ടത് ലോകം മുഴുവൻ അംഗീകരിച്ച സംരക്ഷണത്തിന്റെ മാർഗമായ, ജനങ്ങളുടെ ഇടപെടലോടും പങ്കാളിത്തത്തോടും മുൻകൂട്ടിയുള്ള അറിവോടെയുള്ള സമ്മതത്തോടും കൂടിയാവണം എന്നാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിച്ചുകൊണ്ടുമാവണം.’’


ടി.പി. പത്മനാഭൻ
നിയമങ്ങളുടെ കോർപറേറ്റ് ഭേദഗതികൾക്കിടയിൽ
പ്രതീക്ഷ നൽകുന്നു ഈ വിധി
‘‘കാട്ടിനുള്ളിൽ ധാതുഖനനത്തിനു മുന്നോടിയായ സർവേക്കും പര്യവേക്ഷണത്തിനും സ്വകാര്യ ഏജൻസികൾക്ക് നിർബാധം അനുമതി നൽകാനുള്ള ഭേദഗതി കേന്ദ്ര വനമന്ത്രാലയവും, കേന്ദ്ര ഖനി മന്ത്രാലയവും കൊണ്ടുവന്നത് ഈയിടെയാണ്. കാട്ടിനുള്ളിൽ സ്വകാര്യമേഖയ്ക്ക് ഖനനത്തിന് വഴിയൊരുങ്ങുകയാണിതിലൂടെ. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെയും സംരക്ഷിതവനമേഖലകളുടെയും അതിർത്തികളിൽനിന്ന് ഒരു കി.മി. ദൂരം സുരക്ഷക്കുവേണ്ടി ബഫർ സോൺ ആയി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവിനെയും കാണേണ്ടത്. അതു കൊണ്ടുതന്നെ പ്രസ്തുത വിധി സ്വാഗതാർഹവുമാണ്.’’

‘‘വൻകിട നിർമാണങ്ങളും, ക്വാറി പ്രവർത്തനങ്ങളും ലക്ഷ്യം വെച്ചാണ് സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളുടെ ത്വരിതനേട്ടങ്ങൾക്ക് കാരണമാകുന്ന സാമ്പത്തിക ഇടപാടുകളിലെ ഇടനിലക്കാർ മാത്രമായി സർക്കാർ ചുരുങ്ങരുതെന്നാണ് വിധി പ്രസ്താവിച്ച് ജസ്റ്റിസ് ബോസ് അഭിപ്രായപ്പെട്ടത്. വിധി പ്രസ്താവത്തിൽ സുപ്രീംകോടതി എടുത്തുപറയുന്നതും ഇത്തരം മേഖലകളിലെ ഖനികളുടെ നിയന്ത്രണത്തെക്കുറിച്ചാണ്. വനമേഖലകളിലെ പ്രകൃതിവിഭവങ്ങളെ മുൻനിർത്തിയുള്ള വൻകിട പദ്ധതികൾ പ്രദേശവാസികൾക്ക് ഒരു തരത്തിലും പ്രയോജനകരമല്ലെന്ന് നമുക്കുമുന്നിൽ ഉദാഹരണങ്ങളുണ്ട്. മലയോര മേഖലകളിലും, കടലോര പ്രദേശത്തും താമസിക്കുന്നവരാണ് കേരളത്തിൽ ഇന്നേറ്റവും ദരിദ്രരായിട്ടുള്ളത്. ഈ രണ്ടു മേഖലകളിലും ഒരേ വ്യഗ്രതയോടെയാണ് വൻകിട പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നതും. ചൂഷകരുടെ താൽപര്യങ്ങൾ ജനതാൽപര്യമായി അവതരിപ്പിക്കപ്പെടുന്ന സൂത്രം ഇതിൽ പ്രയോഗിക്കുന്നുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ആത്മീയ, ഉല്ലാസ ടൂറിസവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.’’


ഡോ. അഞ്ജു ലിസ് കുര്യൻ
പരിസ്ഥിതി സംരക്ഷണവും
കൺസർവേഷൻ റെഫ്യൂജികളും
‘‘കാൽപനികഭാവങ്ങളോടുകൂടിയ പ്രകൃതിസംരക്ഷണ ആശയങ്ങൾക്ക് ജീവനാഡിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കാലാകാലങ്ങളായി അന്താരാഷ്ട്രതലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികസഹായങ്ങളും അത് നൽകുന്നവരുടെ താത്പര്യങ്ങളുമാണ്.ശക്തമായ സാമ്പത്തിക-രാഷ്ട്രീയ അടിത്തറയോടുകൂടി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ശാഖകളോടുകൂടി പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനകളാണ് ബിഗസ്റ്റ് ഇൻർനാഷണൽ നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻസ് അല്ലെങ്കിൽ BINGOS എന്നറിയപ്പെടുന്ന സംഘടനകൾ. ഈ സംഘടനകളുടെയും സാമ്പത്തികദാതാക്കളുടെയും പ്രവർത്തനഫലമായി ലോകത്താകമാനം വലിയതോതിലുള്ള വർധനവാണ് സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. മറുവശമാകട്ടെ, ഒമ്പതക്ക ബജറ്റോടുകൂടിയ BINGOS ന്റെ മുതൽമുടക്കുകൾ തദ്ദേശവാസികളെ നോക്കുകുത്തികളാക്കി കോർപറേറ്റ് രീതിയിൽ പ്രവർത്തിക്കുന്നതിലേക്ക് എത്തിനിൽക്കുന്നു.’’

‘‘പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവർ, അഭയകേന്ദ്രം നഷ്ടപ്പെട്ടവർ, ജീവനോപാധികൾ തിരസ്‌കരിക്കപ്പെട്ടവർ- ഇവരെ വിളിക്കുന്ന പേരാണ് ‘കൺസർവേഷൻ റെഫ്യൂജീസ്' എന്നത്. യാതൊരു നഷ്ടപരിഹാരവും നൽകാതെ കുടിയിറക്കപ്പെടുമ്പോൾ, ഉപജീവനത്തിന് പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തേണ്ടിവരുമ്പോൾ, തികച്ചും പാർശ്വവത്കരിക്കപ്പെട്ട ഒരുപറ്റം ജനങ്ങൾക്കിടയിലേക്ക് മറ്റൊരു വിഭാഗത്തെക്കൂടി തുറന്നുവിടുകയെന്നതും ഒരു സാമൂഹിക അരാജകത്വം സൃഷ്ടിക്കൽ തന്നെയാണ്. പ്രാദേശിക ജനതയുടെ കുടികിടപ്പവകാശത്തെപ്പോലും നിരാകരിക്കുകയും വേണ്ടിവന്നാൽ ബലപ്രയോഗത്തിലൂടെ യാതൊരു നഷ്ടപരിഹാരവും നൽകാതെ കുടിയൊഴിപ്പിക്കുന്നതും ആഗോളതലത്തിൽ തന്നെ പല സംരക്ഷിതപ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ഏറെ താത്വികവും ആത്മീയവുമായ പ്രകൃതിസംരക്ഷണ പാരമ്പര്യമുള്ള രാജ്യമായ ഇന്ത്യ, മനുഷ്യസ്പർശമേൽക്കാത്ത പ്രകൃതി എന്ന ആശയത്തിലൂന്നിയ സംരക്ഷണപ്രക്രിയകൾക്ക് ചുക്കാൻ പിടിക്കുന്നത് ആപൽകരമാണ്.’’


ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ
ബഫർ സോൺ കേരളത്തിൽ അപ്രായോഗികം
‘‘ഇന്ത്യയിലെ ജനസാന്ദ്രത 2019-ൽ ഒരു ച.കി.മീ.യിൽ 460 പേരാണെങ്കിൽ ഏതാണ്ട് അതിന്റെ ഇരട്ടിയാണ് കേരളത്തിൽ. അതും ക്രമമായി വർധിച്ചുവരുന്നു. 2001-ൽ ഒരു ച.കി.മീ.യിൽ 819 പേരായിരുന്നെങ്കിൽ 2021-ൽ അത് 859 പേരാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരിഞ്ച് ഭൂമി പോലും കേരളത്തിൽ ഇനി വനമേഖലയാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് വനമേഖലയുടെ വ്യാപ്തി വർധിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ വനമേഖലക്കുചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കുന്നതിനുള്ള ഉത്തരവ് വരുന്നത്.’’

‘‘ലക്ഷക്കണക്കിന് ജനങ്ങളെ ശ്വാസംമുട്ടിക്കുമെന്നതിനാലും, അനുദിനം ക്ഷയിച്ചുവരുന്ന കാർഷികമേഖല വീണ്ടും പ്രതിസന്ധിയിലാകും എന്നതിനാലും, കുടിയിറക്കലുകൾ പുതിയ പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലും കേരളത്തിൽ ബഫർ സോൺ അപ്രായോഗികമാണ്. വലിയ പ്രക്ഷോഭത്തിലേക്ക് ജനം നീങ്ങാതിരിക്കുന്നതിന് അധികാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണം.’’


ടോണി തോമസ്
ആരാണ് കർഷകരെ
കാടിന്റെ ശത്രുവാക്കുന്നത്?
‘‘പരിസ്ഥിതിലോല മേഖലയുടെ പേരിൽ, ഇടുക്കിയിൽ ബഹളംവക്കുന്നതിന്റെ 50 ശതമാനവും കൈയേറ്റക്കാരാണ്. 50 ശതമാനം, പണ്ട്, രാജഭരണകാലത്തും മറ്റും പാട്ടവും പട്ടയവുമൊക്കെ കൊടുത്തവരും. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുമിച്ചുകൂട്ടി ഇറക്കിയത് ക്രിസ്ത്യൻ പള്ളിയാണ്. കാരണം, ചർച്ചാണ് ഇടുക്കിയിലെ ഏറ്റവും വലിയ കൈയേറ്റക്കാർ. അവർക്ക് നിലനിൽക്കണമെങ്കിൽ, കൈയേറ്റക്കാർ മാത്രം പോരാ, കുടിയേറ്റക്കാരും കൂടി വേണം. കുടിയേറ്റക്കാർക്ക് അടി കിട്ടും എന്ന തരത്തിൽ ആശങ്ക സൃഷ്ടിച്ച്, പള്ളികളാണ് പ്രശ്നം ഇത്ര രൂക്ഷമാക്കിയത്. പൂർണമായും രാഷ്ട്രീയ ഒത്താശയോടെയാണ് ഇടുക്കിയിലെ കൈയേറ്റം, അത് ഒഴിപ്പിക്കാൻ ശ്രമിക്കുന്നില്ല.’’

‘‘പരിസ്ഥിതിലോലമേഖലാ പ്രശ്നം, കർഷകരുമായി ബന്ധപ്പെട്ട ഒരു റിയൽ ഇഷ്യൂ അല്ല. ഇതൊരു ഇഷ്യൂ ആയി മാറിയത് ഉദ്യോഗസ്ഥരുടെ അപ്രമാദിത്തം കർഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്നതുമൂലമാണ്. അതുവഴി, കർഷകർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുക്കളായി മാറി. ഭാവിയിൽ, പരിസ്ഥിതിലോല മേഖല യാഥാർഥ്യമായാൽ, ഉദ്യോഗസ്ഥർ ഏതൊക്കെ രീതിയിലായിരിക്കും നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്ന ഭയം കർഷകർക്കുണ്ട്. പകരം, അതിന്റെ അധികാരം ഗ്രാമസഭകൾക്ക് വിട്ടുകൊടുത്താൽ ഇതൊരു വിഷയമേ ആകില്ല. ഇത്തരമൊരു കാഴ്ചപ്പാടുണ്ടെങ്കിൽ ഒരു പ്രശ്നം എളുപ്പം പരിഹരിക്കാം.’’


ടി.പി. കുഞ്ഞിക്കണ്ണൻ
വേണം, ശാസ്ത്രീയമായ
ഒരു പാരിസ്ഥിതിക ഭരണരീതി

‘‘സുപ്രീംകോടതിയുടെ പുതിയ വിധി, ഈ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ഒരർഥത്തിൽ പരിഹാരമാണ്; എന്നാൽ പുതിയ ചില പ്രയാസങ്ങൾക്കും ഇടയാക്കുന്നുണ്ട്. അത്, ഈ മേഖലയിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ്. വിധിയിലെ 44 (ഇ) ഭാഗം പരിസ്ഥിതിലോല മേഖലയിൽ സ്ഥിരമായ നിർമാണപ്രവർത്തനങ്ങൾക്ക് കൂടി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു. ഇതാകട്ടെ, ഇപ്പോൾ തന്നെ കോടതിവിധി പ്രകാരമുള്ള പരിസ്ഥിതിലോല മേഖലയിൽ താമസക്കാരായ യഥാർഥ കർഷകർക്കും ആദിവാസികൾക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് തടസ്സമായേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.’’

‘‘വനത്തിലും വനാതിർത്തികളിലും താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം തന്നെ, കൃഷിസംബന്ധമായ പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖലകൾ നിജപ്പെടുത്തുമ്പോൾ മലകൾ, പുഴകൾ, പുൽപ്രദേശങ്ങൾ എന്നിവയെ ഏതൊക്കെ രീതിയിൽ പരിഗണിക്കണമെന്നതിലും വ്യക്തത വേണം. എന്നാൽ, പരിസ്ഥിതിലോല മേഖലയുടെ അതിർത്തിനിർണയം നടക്കേണ്ടത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. അതിൽ നിലവിലുള്ള നിയമങ്ങൾക്കു പുറമെ ഇനിയും നിയമങ്ങൾ വേണ്ടിവന്നേക്കും. ഏറ്റവും പ്രധാനം ഇത്തരം പ്രദേശങ്ങളിൽ പാരിസ്ഥിതിക- സാമൂഹിക പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുക എന്നതാവണം. സമ്മർദമുണ്ടാക്കാൻ കഴിയുന്നവരുടെ പ്രദേശം തീരെ ഉൾപ്പെടാതെ വരുന്നതും, ആദിവാസികൾ, സാധാരണ കർഷകർ എന്നിവരുടെ പ്രദേശം പൂർണമായി ഉൾപ്പെടുന്നതും ആശാസ്യമല്ല, ശാസ്ത്രീയവുമല്ല. അതിനാൽ ഇതൊക്കെ കണക്കിലെടുത്തുള്ള മാറ്റങ്ങൾ അവയിൽ വരുത്തേണ്ടതാണ്.’’


ഡോ. രതീഷ് പാണമ്പറ്റ
പ്രാദേശിക പരിസ്ഥിതി സമരങ്ങളുടെ
രാഷ്ട്രീയത്തെക്കുറിച്ച്, വിമർശനാത്മകമായി...

‘‘ഇന്ത്യയുൾപ്പെടുന്ന മൂന്നാംലോക രാജ്യങ്ങളിൽ രൂപപ്പെടുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥാപനവൽകൃതമായ പാരിസ്ഥിതിക പ്രസ്ഥാനങ്ങളേക്കാൾ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളാൻ സാധിക്കുന്നു എന്നത് ഒരു സവിശേഷതയാണ്. പരിസ്ഥിതിയുടെ ആന്തരികമായ മൂല്യത്തെകുറിച്ചുള്ള തിരിച്ചറിവിനേക്കാൾ ഉയർന്ന ജീവിതനിലവാരത്തിന്റെയും, ആധുനിക വിശ്രമാസ്വാദന രീതികളുടെയും, സൗന്ദര്യ സങ്കൽപ്പങ്ങളുടെയും സവിശേഷതയായിട്ടാണ് പാശ്ചാത്യ പാരിസ്ഥിതികവാദത്തിന്റെ പിറവിയെ ഒരുകൂട്ടം ഗവേഷകർ നോക്കികാണുന്നത്. ഈ വീക്ഷണകോണിൽ പരിസ്ഥിതിവാദം ഒരു ‘പോസ്റ്റ് ഇൻഡസ്ട്രിയൽ' സമൂഹത്തിലെ ഒഴിവുസമയ വിനോദമായോ ഒരു ‘പോസ്റ്റ് മെറ്റീരിയൽ' ലോകവീക്ഷണത്തിന്റെ പ്രകടനമായോ കണക്കാക്കാം. ഇത്തരം പാശ്ചാത്യ സാഹചര്യങ്ങൾക്ക് വിരുദ്ധമായി, ഇന്ത്യയുൾപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര മനുഷ്യരുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളിൽ അതീവ ഉത്കണ്ഠയുള്ളവരും, തങ്ങളുടെ ഭൗതികജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എന്ന നിലയിൽത്തന്നെ അവയിൽ സജീവമായി ഇടപെടുന്നവരുമാണ്.’’

വായിക്കൂ, കേൾക്കൂ
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 82

Comments