ഓടുന്ന മനുഷ്യന്
ഒരു മുഴം മുമ്പേ ഓടുന്ന
കൊറോണ വൈറസ്
ഓടുന്ന മനുഷ്യന് ഒരു മുഴം മുമ്പേ ഓടുന്ന കൊറോണ വൈറസ്
വാക്‌സിന്‍ നൂറു ശതമാനം ആള്‍ക്കാര്‍ക്കും ലഭ്യമാകുക എന്നത് വിദൂരഭാവിയില്‍പ്പോലും സാദ്ധ്യമല്ല. കുത്തിവെപ്പ് എടുത്താലും തമ്മില്‍ പകരുന്നത് പിന്നെയും തുടരും, പകര്‍ന്ന് കഴിഞ്ഞ് വൈറസിനെ നേരിടാനേ നമ്മുടെ ആൻറിബോഡികള്‍ക്ക് കഴിയൂ. ഫലപ്രദമായ, വ്യാപകമായ കുത്തിവെപ്പുകൊണ്ട് മഹാമാരിയുടെ അവസാനം കുറിച്ചാലും അത് വൈറസിന്റെ അവസാനം അല്ല. ഡൈനൊസോറുകളെപ്പോലെ എന്നെന്നേയ്ക്കുമായി ഇല്ലാതാകുന്നവയല്ല വൈറസുകള്‍. മറ്റ് പല ജന്തുക്കളേയും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാക്കിയ മനുഷ്യനു വൈറസുകളെ തൂത്തുതുടച്ചു കളയാന്‍ സാധിയ്ക്കുകയില്ല- കൊറോണ വൈറസിന്റെ പരിമാണങ്ങളെക്കുറിച്ച്.
31 Jul 2021, 05:54 PM
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മരിച്ചത് കോവിഡ് വൈറസാലാണ്. ആദ്യത്തേത് മനുഷ്യര്‍ തന്നെ നടത്തിയ കൊലപാതകങ്ങള്‍ ആണെങ്കില്‍ രണ്ടാമത്തേത് സ്വയം ഒരു ജീവിതമില്ലാത്ത വൈറസുകളുടെ ചെയ്തിയാണ്. യുദ്ധങ്ങള്‍ വിട്ടുകളയാനും മനുഷ്യര്‍ മനുഷ്യരെ കൊല ചെയ്യുന്നതിനു അറുതി വരുത്താനും നമ്മള്‍ തയ്യാറാവത്തതു പോലെ വൈറസുകളും തീരുമാനങ്ങള്‍ മാറ്റാന്‍ പോകുന്നില്ല, ഭൂമുഖത്ത് നിലനില്‍ക്കും. വസൂരി വൈറസോ പോളിയൊ വൈറസോ അപ്രത്യക്ഷമായിട്ടില്ല, നമ്മെ ബാധിയ്ക്കുന്നില്ല എന്നേ ഉള്ളു. ""കൊറോണവിറിഡേ'' കുടുംബത്തില്‍പ്പെട്ട കോവിഡ്-19 ഇവിടെയൊക്കെത്തന്നെ കാണും, എങ്ങും പോയിക്കളയില്ല എന്നതാണ് സത്യം.
വേരിയന്റുകള്‍ നിര്‍മ്മിച്ച് രക്ഷപ്പെടാന്‍ നോക്കുന്നത് വൈറസുകളുടെ തനി സ്വഭാവമാണ്. 30,000 ന്യൂക്ലിയോടൈഡുകളുടെ ശൃംഘലയാണ് ഈ കൊറോണ വൈറസിന്റെ ജനിതകവസ്തു. ഡി.എന്‍.എ. അല്ല, ആര്‍.എന്‍.എയാണ് ഇത്. ഓരോ തവണ പകര്‍പ്പെടുക്കുമ്പോഴും ഈ ന്യൂക്ലിയോറ്റൈഡുകളില്‍ ചെറിയ മാറ്റങ്ങള്‍-തെറ്റുകള്‍ തന്നെയാണ് പലപ്പോഴും - സംഭവിക്കുകയും അവയില്‍ ചിലത് വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. ഈ ന്യൂക്ലിയോറ്റൈഡുകളില്‍ ഓരോ മൂന്നെണ്ണവും ഓരോ അമൈനൊ ആസിഡുകള്‍ കൊരുത്തെടുക്കാനുള്ള കോഡുകളാണ്. ഈ അമൈനോ ആസിഡുകള്‍ കൊരുത്ത് പ്രോട്ടീന്‍ നിര്‍മിക്കപ്പെടുന്നു. വൈറസിന്റെ പകര്‍ച്ചയെ സംബന്ധിച്ച് പ്രധാന പ്രോട്ടീനുകള്‍ S1, S2 എന്നിവയാണ്: നമ്മുടെ കോശങ്ങളില്‍ പറ്റിപ്പിടിയ്ക്കാന്‍ പ്രത്യേകം രൂപമാറ്റങ്ങള്‍ ക്രമീകരിച്ചവ.
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള ഒരു പ്രോട്ടീനിന് പറ്റിപ്പിടിയ്ക്കാനുള്ള സ്വീകരിണികള്‍ നമ്മുടെ കോശോപരിതലത്തിലുള്ളവയെ തന്മയത്വത്തോടേ ഉപയോഗിക്കുകയാണ് ഈ S1, S2 പ്രോട്ടീനുകള്‍. ഇവ നിര്‍മ്മിക്കുന്നതിനുള്ള കോഡുകളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് ഇന്ന് ഏറ്റവും നിര്‍ണായകമായിരിക്കുന്നത്. കാരണം നമ്മുടെ കോശങ്ങളുടെ സ്വീകരിണികളില്‍ അതി തീവ്രവും ഗാഢവുമായി പിറ്റിപ്പിപ്പിടിയ്ക്കുന്നവയാണ് ഇപ്പോഴത്തെ ഡെല്‍റ്റ വേരിയന്റുകള്‍ പോലെയുള്ളവ.
ആദ്യത്തെ 14 മുതല്‍ 685 വരെയുള്ള അമിനൊ ആസിഡുകള്‍ S1 പ്രോട്ടീന്‍ നിര്‍മിക്കാനുള്ളവയാണ്. 686 മുതല്‍ 1273 വരെയുള്ളവ S2 പ്രോട്ടീന്‍ നിര്‍മിക്കാനും. ഇവയ്ക്കിടയിലെ മ്യൂട്ടേഷനുകളാണ് ചില അക്കങ്ങളായി രേഖപ്പെടുത്തുന്നത്. N501Y എന്ന് ഒരു വേരിയൻറ് പേര് കാണുന്നെങ്കില്‍ 501ാമത്തെ N കൊണ്ട് സൂചിപ്പിക്കപ്പെടുന്ന അമൈനൊ ആസിഡ് (Asparagine) മ്യൂട്ടേഷന് മൂലം Y (Tyrosine) എന്ന അമൈനോ ആസിഡ് ആയി മാറിയെന്നാണര്‍ത്ഥം. ആര്‍.എന്‍.എയുടെ മറ്റ് ഭാഗങ്ങളില്‍ മ്യൂട്ടേഷന് നടക്കുന്നില്ല എന്നല്ല, അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നേയുള്ളു.
വൈറസിന്റെ ഭാവി നമ്മളാണോ തീരുമാനിക്കുന്നത്?
തീര്‍ച്ചയായും, മനുഷ്യരെ ബാധിയ്ക്കുന്നവയാണെങ്കില്‍ നമ്മുടെ വ്യവഹാരങ്ങളില്‍ ഇടപെടാതെ അവയെ മാറ്റി നിര്‍ത്താന്‍ ഉപാധികള്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. വസൂരി വൈറസും പോളിയോ വൈറസും ഇന്ന് പണ്ടത്തെ പ്രതാപത്തോടെ ജീവിയ്ക്കുന്നില്ല എന്ന് മാത്രമല്ല മിക്കവാറും ഒഴിവാക്കപ്പെട്ടും കഴിഞ്ഞു. വൈറസുകള്‍ക്ക് ലോകം പിടിച്ചെടുക്കണമെന്നോ അജയ്യത ആര്‍ജ്ജിക്കണമെന്നോ ഒന്നും ചിന്തയില്ല. ജീവന്റെ പ്രതിഭാസമായ, സ്വവര്‍ഗത്തെ ശാശ്വതീകരിക്കുക എന്ന ഉദ്ദേശ്യത്തിനു വേണ്ടി വിഭജിക്കാന്‍ പറ്റിയ ശരീരങ്ങള്‍ തേടണം എന്നേയുള്ളു. ഇമ്യൂണിറ്റി വഴി മനുഷ്യന്റെ പ്രതിരോധം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ കൂടുതല്‍ പൊരുതാതെ സമരസപ്പെട്ട് ജീവിക്കുക എന്ന പ്രായോഗികമാര്‍ഗ്ഗം സ്വീകരിക്കുക എന്നത് പല വൈറസുകളുടെയും സ്വഭാവമാണ്. കോവിഡ്-19 വൈറസും ഈ വഴി തെരഞ്ഞെടുത്തേയ്ക്കാം.
വാക്‌സീനുകളും മനുഷ്യരുടെ ഇമ്യൂണ്‍ പ്രതിരോധവഴികളും ആൻറി വൈറല്‍ മരുന്നുകളും സമ്മര്‍ദ്ദമേല്‍പ്പിക്കുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ ഉടന്‍ വഴികള്‍ തേടുന്നവരാണ് വൈറസുകള്‍. നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോ ഭാഗിക നിയന്ത്രണം മാത്രമുള്ളിടത്തോ -ലോകത്ത് ഇത്തരം പല ഇടങ്ങളുമുണ്ട്- വൈറസ് കൂടുതല്‍ വൈവിദ്ധ്യമിയന്നതാകും എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌പൈക് പ്രോടീന്‍ കോഡ് ചെയ്യുന്ന ജനിതകഭാഗത്തെ മ്യൂട്ടേഷനെക്കുറിച്ചേ നമുക്ക് അറിവുള്ളു. ബാക്കി ഭാഗത്ത് വരുന്ന മ്യൂട്ടേഷന് ഏതൊക്കെ അതിന്റെ പരിണിതഫലങ്ങള്‍ എന്തൊക്കെ എന്നത് ഇന്നും അജ്ഞാതമാണ്...

പക്ഷേ ഇനിയും പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഈ വൈറസ് എന്നത് സുപ്രധാനമാണ്. ഓടുന്ന മനുഷ്യനു ഒരു മുഴം മുന്‍പേ എറിയുന്നവരാണ് വൈറസുകള്‍ എന്ന ഓര്‍മ ഉണ്ടായിരിക്കണം ഇപ്പോഴത്തെ വേരിയൻറ് നിര്‍മ്മിതികള്‍ തന്നെ ആ പരിണാമത്തിന്റെ ഉദാഹരണമാണ്. നമ്മള്‍ തീരുമാനിക്കുന്നതാണ് വൈറസിന്റെ ഭാവി എന്ന തോന്നല്‍ നമ്മുടെ സ്വാര്‍ത്ഥതയില്‍ നിന്ന് ഉരുത്തിരിയുന്ന തെറ്റിദ്ധാരണയാണ്. വൈറസുകള്‍ പരിണമിച്ച് മാറി അവരുടെ അതിജീവനം സാധിച്ചെടുക്കുകയാണ്. കൂടുതല്‍ പകരുമ്പോള്‍ കൂടുതല്‍ കൂടുതല്‍ മ്യൂട്ടേഷനുള്ള സാദ്ധ്യതകള്‍ ഉടലെടുക്കുകയാണ്, കൂടുതല്‍ "ഫിറ്റ്' ആയ വൈറസ് തെരഞ്ഞെടുക്കപ്പെടുകയും അവരുടെ സ്ഥിര അതിജീവനം സ്ഥാപിച്ചെടുക്കാന്‍ വഴിതെളിക്കപ്പെടുകയും ചെയ്യുന്നു. വൈറസുകള്‍ നമ്മോട് ചെയ്യുന്ന സൗജന്യം ആണെന്ന് പാവം മാനവഹൃദയം ചിന്തിച്ച് കൂട്ടുന്നു.
‘കൊറോണവിറിഡേ’ കുടുംബത്തിലെ വൈറസുകളുടെ ജനിതക വസ്തുവായ ആര്‍.എന്‍.എയുടെ പകര്‍പ്പ് എടുക്കുകയാണ് വൈറസ് നമ്മുടെ കോശത്തിനുള്ളില്‍ക്കടന്നാല്‍ ആദ്യം ചെയ്യാറ്. പുതിയ വൈറസുകളെ നിര്‍മിക്കാന്‍ ഇങ്ങനെ പകര്‍പ്പുകള്‍ എടുക്കുമ്പോള്‍ കൃത്യമായ മൂലാനുസാരിത്വം (high fidelity) ആണ് പരിരക്ഷിക്കപ്പെടാറ്, തെറ്റുകള്‍ വന്നുപെടാന്‍ അനുവദിക്കാറില്ല. ഇവയുടെ ജീനോം വളരെ വലുതാണു താനും. അതുകൊണ്ടു തന്നെ കോവിഡ്-19 ന്റെ പരിണാമം ചുരുങ്ങിയ തോതിലേ സംഭവിക്കൂ എന്നായിരുന്നു ആദ്യാനുമാനങ്ങള്‍.
വാക്‌സിന്‍ നെടുനാള്‍ സംരക്ഷണം തരും, മരുന്നുകള്‍ ഫലപ്രദവും, സമൂഹ ഇമ്യൂണിറ്റി (Herd immunity) കോവിഡ് മഹാമാരിയ്ക്ക് അറുതി വരുത്തുകയും ചെയ്യും എന്നതൊക്കെ ഇന്നും പദ്ധതികളായിത്തന്നെ നിലനില്‍ക്കുന്നു, സാവധാനം സാധിച്ചെടുത്തുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലായിട്ടുമുണ്ട്. ഇന്‍ഫ്ലൂവെന്‍സ വൈറസിനെ അപേക്ഷിച്ച് മൂന്നോ നാലോ തവണ വേഗതക്കുറവോടെയാണ് കോവിഡ് പരിണാമസാദ്ധ്യത എന്ന അറിവിനെ മറികടന്ന് മ്യൂട്ടേഷനുകള്‍ തീവ്രമായിട്ടാണ് ഈ വൈറസ് സാധിച്ചെടുത്തത്- ഒരു മാസം രണ്ട് മ്യൂട്ടേഷന് വീതം. ചില വേരിയന്റുകളില്‍ ഇതിലും കൂടുതല്‍ വേഗത്തിലും ഈ മ്യൂട്ടേഷന് സംഭവിച്ചു.
തമ്മില്‍ത്തമ്മില്‍ ജനിതകവസ്തു കൈമാറാന്‍ (RNA recombination) മിടുക്ക് കാണിയ്ക്കുന്ന കൊറോണ വൈറസ് കൂടുതല്‍ പെട്ടെന്ന് പരിണമിയ്ക്കാനുള്ള കഴിവും നേടുന്നുണ്ട്: രണ്ട് വേരിയന്റുകള്‍ ഒരുമിച്ച് ബാധിച്ചാല്‍ അവ രണ്ടും ഇങ്ങനെ ആര്‍.എന്‍.എ. കഷണങ്ങള്‍ കൈമാറി മ്യൂട്ടേഷന് റേറ്റ് കൂട്ടുകയും ചെയ്യും. കോവിഡ്-19 വൈറസും മനുഷ്യരെ ബാധിയ്ക്കുന്ന മറ്റ് കൊറോണ വൈറസുകളും തമ്മില്‍ പുനര്‍സംയോജനം (recombination) നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ വയ്യ. ഇമ്യൂണിറ്റി കുറഞ്ഞവരിലോ വാക്‌സിന്‍ എടുക്കാത്തവരിലോ മിച്ചം നില്‍ക്കുന്ന വൈറസുകള്‍ പുതിയ പുതിയ മ്യൂട്ടേഷനുകള്‍ക്ക് ഒരുമ്പെട്ടേക്കാം.
പല കാരണങ്ങളാല്‍ ഇമ്യൂണിറ്റി ബലഹീനമാക്കപ്പെട്ടവരില്‍ -അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവരെപ്പോലെയുള്ളവര്‍- കുത്തിവയ്പ് അത്ര ഫലിച്ചെന്നിരിക്കില്ല. വൈറസുകള്‍ക്ക് നിലനില്‍ക്കാന്‍ അവസരം ഒരുങ്ങുകയായി ഇത്തരം ഘട്ടങ്ങളില്‍. അമേരിക്കയില്‍ ഇമ്യൂണ്‍ പ്രതിപ്രവര്‍ത്തനം ഫലവത്താകാത്ത 10 മില്ല്യണ്‍ ആള്‍ക്കാരുണ്ടെന്നാണ് കണക്ക്. അതിഖണ്ഡിതമായും കൃത്യനിഷ്ഠയോടെയും ജനിതക തന്മാത്രകള്‍ ഇരട്ടിപ്പിക്കുന്ന കൊറോണ വൈറസുകളില്‍ എന്തുകൊണ്ട് വേരിയന്റുകള്‍ പ്രത്യക്ഷപ്പെടുന്നു എന്നത് നിലവില്‍ അറിവനുസരിച്ചുള്ള ശാസ്ത്ര അനുമാനങ്ങള്‍ക്ക് അപ്പുറമാണ്.
സാധാരണയായി വൈറസുകളുടെ പരിണാമവേഗം ആശ്രയിക്കുന്നത് സ്വാഭാവികമായി പശ്ചാത്തലത്തില്‍ സംഭവിക്കുന്ന മ്യൂട്ടേഷന് തോത്, തലമുറ ദൈര്‍ഘ്യം, അണുബാധയുടെ കാലയളവ്, ഒരു വ്യക്തിയില്‍ ബാധക്കാലത്ത് ഉരുത്തിരിയുന്ന വേരിയന്റുകള്‍, ഘടനാപരമായും വ്യവഹാരപരമായും വൈറല്‍ പ്രോട്ടീനുകളില്‍ ചില ഇടങ്ങളില്‍ ഏല്‍ക്കുന്ന നിയന്ത്രണങ്ങളും പരിമിതികളും, വൈറസിനുമേല്‍ വന്നുചേരുന്ന പ്രകൃതിനിര്‍ദ്ധാരണ (natural selection) ത്തിന്റെ ശക്തിയുമൊക്കെയാണ്. വാക്‌സിന്‍ ചെറുത്തുനില്‍പ്പനുസരിച്ച് വൈറസ് മാറും. നമ്മള്‍ നിര്‍മ്മിക്കുന്ന ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ വൈറസുകള്‍ക്ക് പല മാര്‍ഗങ്ങളുണ്ട്. മണിക്കൂറില്‍ മില്ല്യണ്‍ കണക്കില്‍ പെരുകുന്ന വൈറസുകളില്‍ പലവയ്ക്കും ജനിതകമാറ്റം സംഭവിക്കുന്നത് അവയില്‍ ചിലത് അതിജീവനത്തിനുതകും എന്നത് വൈറസിനു ബോദ്ധ്യമില്ലെങ്കിലും ഫലത്തില്‍ അതാണ് സംഭവിക്കുന്നത്.
പഴയ പാന്‍ഡെമിക്കില്‍ നിന്നുള്ള പാഠങ്ങള്‍
മറ്റ് കൊറോണ വൈറസുകളില്‍ നിന്ന് ഏറെ മാറ്റങ്ങളുണ്ട് കോവിഡ്-19-ന്, പകര്‍ച്ചാരീതിയിലും രോഗതീവ്രതയിലും. അതുകൊണ്ട് പഴയ പഠനങ്ങള്‍ പുതിയ വൈറസിന്റെ ഭാവി പ്രവചിക്കാന്‍ പ്രയോജനപ്പെടാതെയാണിരിക്കുന്നത്. സാര്‍സ് വൈറസും മെര്‍സ് വൈറസും ഈയിടെ കടന്നു പോയവ ആണെങ്കിലും താരതമ്യം സാദ്ധ്യമല്ലാത്ത വിധം പുതുമകളുമായാണ് കോവിഡ്-19 ന്റെ പുറപ്പാട്. സാധാരണ ജലദോഷമുണ്ടാക്കുന്ന കൊറോണ വൈറസുകള്‍ (HCov-229E, HCov-OC43, HCov-HKU1 മുതലായവ) ഇത്ര തീക്ഷ്ണവും മാരകവുമായ ആഘാതം ഏല്‍പ്പിക്കാത്തവയാണ്. പുതിയ മ്യൂട്ടന്റുകളെ നിര്‍മിച്ചെടുക്കുന്ന രീതിയിലും പകര്‍ച്ചയിലും പുതിയ വൈറസ് ഉഗ്രതരനാണെന്നുള്ളത് നിലവിലുള്ള പരിജ്ഞാനമോ പ്രയോഗവിധികളോ പ്രാവര്‍ത്തികമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്. ഇത്തരം അനിശ്ചിതത്വങ്ങള്‍ ഈ വൈറസും മനുഷ്യസമൂഹവും തമ്മിലുള്ള സമതുലത നിര്‍മ്മിച്ചെടുക്കുന്ന വഴികളെപ്പറ്റിയുള്ള പ്രവചനങ്ങള്‍ അസാദ്ധ്യമാക്കിയിരിക്കുകയാണ്.
കോവിഡ് വൈറസിന് ഒടുവിൽ എന്തുസംഭവിക്കും?
കോവിഡ്-19 വൈറസ് ഇവിടെയൊക്കെത്തന്നെ കാണും ഇനിയും. വാക്‌സിന്‍ ലോകത്തെമ്പാടും എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. നൂറു ശതമാനം ആള്‍ക്കാര്‍ക്കും അത് ലഭ്യമാകുക എന്നത് വിദൂരഭാവിയില്‍പ്പോലും സാദ്ധ്യമല്ല താനും. കുത്തിവെപ്പ് വേണ്ടെന്ന് വെച്ചവരുമുണ്ട് പലയിടങ്ങളിലുമായി. കുത്തിവെപ്പ്എടുത്തെങ്കിലും തമ്മില്‍ പകരുന്നത് പിന്നെയും തുടരും, പകര്‍ന്ന് കഴിഞ്ഞ് വൈറസിനെ നേരിടാനേ നമ്മുടെ ആൻറിബോഡികള്‍ക്ക് കഴിയൂ. ഫലപ്രദമായ, വ്യാപകമായ കുത്തിവെപ്പുകൊണ്ട് മഹാമാരിയുടെ അവസാനം കുറിച്ചാലും അത് വൈറസിന്റെ അവസാനം അല്ല. ഡൈനൊസോറുകളെപ്പോലെ എന്നെന്നേയ്ക്കുമായി ഇല്ലാതാകുന്നവയല്ല വൈറസുകള്‍. മറ്റ് പല ജന്തുക്കളേയും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാക്കിയ മനുഷ്യനു വൈറസുകളെ തൂത്തുതുടച്ചു കളയാന്‍ സാധിയ്ക്കുകയില്ല.
പണ്ട് നിഷ്ഠൂരരായിരുന്ന ചില വൈറസുകള്‍ ഇപ്പോള്‍ പാവങ്ങളായി വെറും ജലദോഷവും പനിയും വരുത്തി നമ്മളില്‍ കയറിയിറങ്ങി പോകുന്നുണ്ട്. ഇത്രയും പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് മാനസാന്തരം വന്ന് ആത്മീയ വഴികള്‍ തേടി അടങ്ങിയൊതുങ്ങി നമ്മോടൊപ്പം കഴിഞ്ഞേക്കാമെന്ന് ആശിക്കുന്നത് മനുഷ്യസഹജം തന്നെ. സമൂഹത്തില്‍ നിന്ന് വിട്ടുപോകാതെ, ഒളിജീവിതം നയിച്ച് പൊടുന്നനവേ അക്രമാസക്തരാകുന്ന സ്വഭാവവും ഇവര്‍ക്കുണ്ട് എന്നതിനാല്‍ കോവിഡ് വൈറസ് ഇതില്‍ ഏതു വഴി തെരഞ്ഞെടുക്കുമെന്ന് ഇപ്പോള്‍ തീര്‍പ്പെടുത്താന്‍ വയ്യ തന്നെ. പക്ഷെ ഇതിന്റെ പശ്ചാത്തലങ്ങള്‍ നിജപ്പെടുത്തി ചില അനുമാനങ്ങള്‍ സാദ്ധ്യമാവുന്നുണ്ട്.
അണുബാധയ്ക്ക് എളുപ്പം വശംവദരാകുന്ന, ഇമ്യൂണിറ്റി ബലഹീനമായിത്തുടങ്ങിയവരുടെ കൂടെ ഈ വൈറസ് നിലനില്‍ക്കുന്നത് അതില്‍ ഒരു സാദ്ധ്യതയാണ്. വൈറസിന്റെ സ്‌പൈക് പ്രോട്ടീനില്‍ വന്‍ മാറ്റങ്ങള്‍ വന്നാല്‍ വാക്‌സിന്‍ പരിണതിയായി നമ്മള്‍ നിര്‍മിച്ചെടുത്ത ആന്റിബോഡികള്‍ക്ക് അവയെ തിരിച്ചറിയാന്‍ പറ്റാതെ വരും Antigenic drift എന്ന പ്രതിഭാസമാണിത്. നമ്മള്‍ പുതിയ വാക്‌സീനുകള്‍ നിര്‍മിക്കേണ്ടി വരും, വൈറസ് പുതിയ വഴികളും തേടും. വവ്വാലില്‍ നിന്ന് മറ്റൊരു ജന്തു വഴി മനുഷ്യനില്‍ കടന്നുകൂടിയ സംഭവം ഇനിയും ആവര്‍ത്തിക്കാനും മതി.
മനുഷ്യരില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് പകരുന്നതാണ് ഈ വൈറസ് എന്ന് നമുക്കറിയാം. എലി, പൂച്ച, പട്ടി, കുരങ്ങ്, മിങ്ക്, കടുവ, സിംഹം ഒക്കെ നമ്മളില്‍ നിന്ന് പകര്‍ച്ച ഏറ്റുവാങ്ങിയിട്ടുണ്ട്. അവരിലൊക്കെ എന്ത് മ്യൂട്ടേഷനുകളാണ് സംഭവിക്കുന്നത് എന്നത് നിശ്ചയിക്കാന്‍ വയ്യ. സ്‌പൈക് പ്രോട്ടീന്‍ ജനിതകത്തില്‍ മാത്രമല്ല , ആകെ 30,000 ന്യൂക്ലിയോറ്റൈഡുകള്‍ ഉള്ള ഈ വൈറസില്‍ പലയിടത്തും അത് സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. ഏതു സമയത്തും തിരിച്ച് മനുഷ്യരിലേക്ക് കടന്നുകൂടാനുള്ള സാദ്ധ്യതയും ഉണ്ട്. ഡെന്മാര്‍ക്കില്‍ മിങ്കില്‍ (ഒരിനം നീര്‍നായ്) നിന്ന് മനുഷ്യനിലേക്ക് ഒരു വേരിയൻറ് കടന്നു കൂടിയത് (B.1.1.298, Mink Variant) വന്‍ പകര്‍ച്ചയ്ക്ക് ഇടയാക്കിയതാണ് എന്നത് ഈ വൈറസിന്റെ ആധുനികചരിത്രം. മാത്രമല്ല ജന്തുക്കളില്‍ ഉള്ള മറ്റ് കൊറോണ വൈറസുകളുമായി ജനിതകവസ്തു കൈമാറല്‍ (recombination) സംഭവിക്കുകയാണെങ്കില്‍ നൂതന വൈറസ് ഇനങ്ങളായിരിക്കും പൊട്ടിപ്പുറപ്പെടുക.അവ നമ്മുടെ ഇമ്യൂൺ പ്രതിരോധത്തിനു പിടികൊടുക്കുന്നവ ആയിരിക്കില്ല എന്ന് പറയേണ്ടതില്ല. ചില ഫ്ലൂ വൈറസുകള്‍ ഇങ്ങനെ മനുഷ്യരും മൃഗങ്ങളുമായി പരസ്പരം തട്ടിക്കളിക്കപ്പെട്ട് ഉളവായവ ആണെന്നുള്ളതിനു ചരിത്രം സാക്ഷിയാണ്. ലാബിലെ എലികളിലേക്ക് കോവിഡ് 19 മ്യൂടൻറ് (N501Y മ്യൂടേഷന്‍, B.1.1.7 ലും B.1.351 ഇലും സംഭവിച്ചത്) സംക്രമിച്ചതും അത് മറ്റ് സാധാരണ എലികളിലേക്ക് പകര്‍ന്ന് പടരാന്‍ സാദ്ധ്യമാണെന്ന് തെളിഞ്ഞതും ഈയിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നമ്മള്‍ നിര്‍മിക്കുന്ന ആന്റിബോഡികള്‍ക്ക് ഇവയെ പ്രതിരോധിയ്ക്കാന്‍ സാദ്ധ്യമല്ലത്രെ.

ഇപ്രകാരം മറ്റ് ജന്തുക്കളില്‍ കുടിയേറുന്ന കൊറോണ വൈറസുകള്‍ വിദൂരഫലങ്ങള്‍ക്ക് നിമിത്തമായേക്കാം. മനുഷ്യരുടെ പ്രതിരോധശക്തി ബലഹീനമാകുന്ന ഭാവിയില്‍ പരിണാമപരമായി ഭിന്നവും വ്യതിരിക്തവുമായ വൈറസ് ഈ ജന്തുക്കളില്‍ നിന്ന് പൊടുന്നനവേ നമ്മളിലേക്ക് കയറിക്കൂടിയേക്കാം. ഇമ്യൂൺ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് മാറിയ വൈറസ് സമൂഹത്തില്‍ നിലനിന്നേയ്ക്കാം, പക്ഷേ ജന്തുക്കളിലെ വൈറസിന് അത് സംഭവിക്കുന്നില്ല.
ഈ മഹാമാരിയ്ക്കു ശേഷം പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അണുബാധയായി കിട്ടാവുന്നത് ആദിരൂപത്തിലുള്ള വൈറസോ മറ്റ് മ്യൂട്ടേഷനുകള്‍ സംഭവിച്ച വൈറസോ ആയിരിക്കും. നിലവിലുള്ള വാക്‌സിനുകള്‍ അവരില്‍ ഫലിച്ചെന്ന് വരില്ല. 2009 ല്‍ പടര്‍ന്ന H1N1 ഇന്‍ഫ്ലൂവെന്‍സ ബാധയ്ക്ക് ഇതിനു സമാനമായ ചരിത്രമാണുള്ളത്. 1918 ഇല്‍ പാന്‍ഡെമിക് ഉളവാക്കിയ ഈ വൈറസ് പന്നികളില്‍ കുടിയേറിപ്പാര്‍ക്കുകയായിരുന്നു ഇത്രയും നാളും. Swine flu എന്ന് പേരിട്ട് തുച്ഛവല്‍ക്കരിക്കുകയും ചെയ്തു നമ്മള്‍. പെട്ടെന്നാണ് മനുഷ്യരിലേക്ക് പടര്‍ന്നത്. കോവിഡ്-19 വൈറസിന്റെ പലേ വേരിയന്റുകളെ ചെറുക്കാന്‍ പ്രാപ്തമായ വാക്‌സീനുകളുമായി നമ്മള്‍ കരുതിയിരിക്കണം എന്ന് ഗുണപാഠം.
പ്രസരണ രീതികള്‍ മാറ്റിയേക്കാം, രോഗ തീവ്രതയും
പെട്ടെന്ന് പടരുക എന്നതാണ് വൈറസുകളുടെ ആദ്യലക്ഷ്യം. അത് സാധിയ്ക്കുന്ന മ്യൂട്ടേഷനുകള്‍ അവരുടേ അതിജീവനത്തെ ത്വരിതപ്പെടുത്തുകയാണ്. ഉള്ളില്‍ കയറിയാല്‍ അതിവേഗതയാര്‍ന്ന് വിഭജിക്കുക എന്നത് മറ്റൊരു ലക്ഷ്യം. മ്യൂട്ടേഷന് കൊണ്ട് ഈ കഴിവുകള്‍ രണ്ടും സാധിച്ചെടുക്കാം. ഇപ്പൊഴത്തെ ഡെല്‍റ്റ വേരിയന്റ് പെട്ടെന്ന് പകരാനുള്ള കഴിവ് സാധിച്ചെടുത്തവയാണ്. നമ്മുടെ കോശോപരിതലത്തിലെ സ്വീകരിണികളില്‍ ഗാഢമായി പറ്റിപ്പിടിയ്ക്കാനുള്ള കഴിവാണ് അവര്‍ നേടിയെടുത്തത്. പെട്ടെന്ന് പെരുകാനുള്ള സിദ്ധികളൊന്നും ഇതോടൊപ്പം കൈവന്നില്ല അവര്‍ക്ക്. പക്ഷേ കൂടുതല്‍ എണ്ണം വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതിനാല്‍ രോഗതീവ്രത കഠിനമാകുകയാണ്.
ശ്വാസകോശങ്ങള്‍ക്കുള്ളില്‍ അതിവേഗത്തില്‍ വിഭജിക്കാന്‍ സാദ്ധ്യതയരുളുന്ന ഒരു മ്യൂട്ടേഷന് നോക്കിയിരിപ്പായിരിക്കണം ഇപ്പോള്‍ കോവിഡ്-19 വൈറസ്. പ്രസരണശേഷിയും (transmissibility) യും രോഗതീവ്രതാശേഷിയും (virulence) ഒരേ വൈറസില്‍ തന്നെ മാറിമറിയാവുന്നതാണ്. പക്ഷിപ്പനി ഉളവാക്കുന്ന H5N1 വൈറസുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചത് പ്രസരണശേഷി കുറഞ്ഞ, രോഗതീവ്രതാശേഷി കൂടിയ സാധാരണ വൈറസിനെ നേരേ മറിച്ച് (പ്രസരണശേഷി കൂടിയത്, രോഗതീവ്രതാശേഷി കുറഞ്ഞത് ) ആക്കി മാറ്റിയെടുക്കാമെന്നാണ്. നമ്മുടെ ശ്വാസനാളത്തിലെ താപമാനമായ 33 ഡിഗ്രി സെന്റിഗ്രേഡില്‍ കോശങ്ങളില്‍ വിപുലമായി പറ്റിപ്പിടിയ്ക്കാനും വിഭജിക്കാനുമുള്ള കഴിവ് പ്രദാനം ചെയ്യുന്ന മ്യൂടേഷനുകള്‍ക്ക് കാത്തിരിയ്ക്കുകയാവണം കോവിഡ്-19 വൈറസ്. കാരണം ആദ്യം കണ്ടുമുട്ടുന്ന കോശങ്ങള്‍ ശ്വാസനാളത്തിലാണല്ലൊ. നമുക്ക് സ്വതവേ ഉള്ള പ്രതിരോധശക്തിയെ പാടേ എതിര്‍ത്ത് തോല്‍പ്പിക്കുന്ന മ്യൂടെഷനുകള്‍ കോവിഡ്-19 വൈറസുകള്‍ക്ക് വലിയ വിജയസാധ്യതയാണ് പ്രദാനം ചെയ്യുക.
ഭാവികാല തിരക്കഥകള്‍
വൈറോളജി, ഇമ്യൂണോളജി. കമ്പ്യൂടേഷണല്‍ ബയോളജി, മോളിക്യുളര്‍ ബയോളജി ഇവയിലെ എല്ലാം വിദഗ്ധ ശാസ്ത്രജ്ഞര്‍ ഒത്തൊരുമിച്ച് മുന്നോട്ട് വയ്ക്കുന്ന ഭാവികാല സാദ്ധ്യതകള്‍ മൂന്നാണ്. ആദ്യത്തേത് ഏറ്റവും ആശങ്കാജനകമായ പരിദൃശ്യമാണ്. ആവശ്യാനുസരണം നിയന്ത്രണം പാലിയ്ക്കപ്പെടാത്ത ഒരു സ്ഥിതിയില്‍ കൂടുതല്‍ പകര്‍ച്ചകളും രൂക്ഷമായ രോഗബാധകളും ലോകത്തിന്റെ പലഭാഗത്തും നിലനില്‍ക്കുകയോ പൊട്ടിമുളയ്ക്കുകയോ ചെയ്യുകയും അതുകൊണ്ട് വൈറസിന്റെ പരിണാമം ത്വരിതപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.
രണ്ടാമത്തെ തിരക്കഥയാണ് ഏറ്റവും സാധ്യതയാര്‍ന്നത്. ചിലകാലങ്ങളില്‍ മാത്രം സംജാതമാകുന്ന വൈറസ് ബാധ, ഏകദേശം ഫ്ലൂ വൈറസ് പോലെ എന്നതിലേക്ക് സാവധാനം മാറുകയും വൈറസിനെ ചെറുക്കാനുള്ള മരുന്നുകള്‍ കൊണ്ട് പകര്‍ച്ച നിയന്ത്രണത്തില്‍ ആകുകയും ചെയ്യുന്ന വേളയാണിത്. മരണത്തോത് വളരെ കുറഞ്ഞ കാലം എന്നത് ഏറ്റവും ശുഭാപ്തിവിശ്വാസനിബന്ധിതമാണ്. പക്ഷേ ഇന്‍ഫ്ലൂവെന്‍സ ബാധയാല്‍ ഒരു വര്‍ഷം അഞ്ചു ലക്ഷം പേര്‍ വരെ മരിക്കാറുണ്ടെന്ന് ഓര്‍മയിരിക്കേണ്ടതാണ്, ഇതിനോടൊപ്പം കോവിഡ് വൈറസ് മരണക്കണക്ക് ചേര്‍ക്കുമ്പോള്‍ വലിയ ഒരു സംഖ്യയാണ് ലഭിയ്ക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മറ്റ് കൊറോണ വൈറസ് ബാധയെപ്പോലെ പലപ്പോഴും ലഘുവായ പീഡകള്‍ സമ്മാനിക്കുന്ന ഒരു "endemic' രീതിയിലേക്കുള്ള പരിവര്‍ത്തനം ആണ് മൂന്നാം തിരക്കഥയില്‍. പക്ഷേ മനുഷ്യനോട് അനുസൃതമായി വന്ന വൈറസ് എത്രമാത്രം രോഗതീവ്രത ഉളവാക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവതല്ല.
മനുഷ്യകുലത്തെ മുഴുവന്‍ ഒറ്റയടിയ്ക്ക് കീഴ്‌പ്പെടുത്തി അതിന്റെ ഫിസിയോളജി മാറ്റിയെടുത്ത ഇത്തരം ഒരു പ്രതിഭാസം ചരിത്രത്തില്‍ ഇല്ല തന്നെ. അതുകൊണ്ട് തന്നെ വൈറസിന്റെ പരിണാമം മാത്രമല്ല സംഭവിക്കുന്നത് മനുഷ്യന്റേതുമാണ്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിയ്ക്കാത്ത മനുഷ്യനെ ചിലതൊക്കെ തെര്യപ്പെടുത്താനും ഈ വൈറസിനു കഴിഞ്ഞിട്ടുണ്ട്. മനുഷ്യരുടെ ലോകത്ത് വൈറസ് എന്ന പൊരുത്തവാക്യം മറിഞ്ഞ് വൈറസിന്റെ ലോകത്ത് മനുഷ്യര്‍ എന്ന് തിരുത്തിയെഴുതപ്പെട്ടും കഴിഞ്ഞിരിക്കുന്നു.
Reference
1. Robertosn, S. COVID-19 vaccination may be stemming evolution of 'fitter' SARS-CoV-2 variants. Medical Life Sciences News July 6, 2021
2. Soundararajan V, et al. COVID-19 vaccines dampen genomic diversity of SARS-CoV-2: Unvaccinated patients exhibit more antigenic mutational variance. medRxiv, 2021. doi: https://doi.org/10.1101/2021.07.01.21259833, https://www.medrxiv.org/content/10.1101/2021.07.01.21259833v1
3. Telenti A. et el. After the pandemic: Perspectives on the future trajectory of Covid-19.
Nature 2021 https://doi.org/10.1038/s41586-021-03792-w
4. Salian V. S et al. COVID-19 Transmission, Current Treatment, and Future Therapeutic Strategies. . Mol Pharm. 2021 Mar 1;18(3):754-771
5. Harriosn A. G. et al. Mechanisms of SARS-CoV-2 Transmission and Pathogenesis. . Trends Immunol. 2020 Dec;41(12):1100-1115.

സയിന്റിസ്റ്റ്, എഴുത്തുകാരന്‍
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
എതിരൻ കതിരവൻ
Oct 29, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എതിരൻ കതിരവൻ
Oct 10, 2022
10 Minutes Read