പാടത്തല്ല, തെരുവിലാണ്​ ഇന്ന്​ കർഷകർ

കൃഷിഭൂമിയിൽ കമ്പനിരാജിന് പരവതാനി വിരിക്കുന്ന കേന്ദ്ര സർക്കാറിന്റെ കാർഷിക ഓർഡിനൻസുകൾക്കെതിരെ ഇന്ത്യൻ കർഷകർ ഇന്ന് തെരുവിലാണ്. സർക്കാർ നിയന്ത്രിത കർഷക കമ്പോളങ്ങളെ പൂർണ്ണമായും തകക്കുകയും കാർഷിക മേഖലയെ വൻകിട കോൺട്രാക്ട് ഫാമിംഗ് കമ്പനികളുടെ നിയന്ത്രണത്തലാക്കുകയും ചെയ്യുന്ന കാർഷിക നിയമഭേദഗതി, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലെ ജനവിരുദ്ധമായ പുതിയ നയ- നിയമ നിർമാണങ്ങളുമായി ബന്ധപ്പെട്ട ആസൂത്രിതനീക്കത്തിന്റെ അനുബന്ധമാണ്. കർഷക ജീവിതം നിലനിൽപിന് പൊരുതുന്ന അവസ്ഥയിൽ, ഇന്ത്യൻ കാർഷികമേഖലയുടെ സമകാലിക പ്രതിസന്ധികൾ ആഴത്തിൽ വിലയിരുത്തപ്പെടുന്നു

കേന്ദ്ര കൃഷി മന്ത്രി പുതുതായി അവതരിപ്പിച്ച കാർഷിക ഓർഡിനൻസുകൾ ഏതൊക്കെയാണ്?

മൂന്ന് ഓർഡിനൻസുകളാണ് പാർലമെൻറ്​ പാസാക്കിയത്:

ഫാർമേർസ് എംപവർമെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആന്റ് ഫാം സർവ്വീസ് ബിൽ- 2020 ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേർസ് പ്രമോഷൻ ആന്റ് ഫസിലിറ്റേഷൻ ബിൽ- 2020 എസ്സൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്‌മെന്റ്) ആക്ട്- 2020.

പുതിയ നിയമ ഭേദഗതികളെ ചരിത്രപരമായ നീക്കം എന്ന് പ്രധാനമന്ത്രി തന്നെ വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ? പിന്നെന്തിനാണ് തർക്കം?

ചരിത്രപരമായ നീക്കമാണെന്നതിൽ തർക്കമില്ല. കാരണം, സംസ്ഥാന വിഷയമായ കൃഷി മേഖലയിലെ നിയമ നിർമ്മാണത്തിനുമുമ്പ് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന കൂടാതെയുള്ള ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുന്ന രീതിയിലുള്ള ചരിത്രത്തിലെ ഏറ്റവും ദുഷിച്ച നീക്കം തന്നെയാണ്.

രണ്ടാമത്, കർഷകർക്ക് ഏറെ നേട്ടമുണ്ടാക്കുമെന്ന് പറയപ്പെടുന്ന ഭേദഗതികളെ സംബന്ധിച്ച് പാർലമെന്റിൽ വലിയ ചർച്ച കൂടാതെ, കർഷക സംഘടനകളുമായി കൂടിയാലോചിക്കാതെ, കോവിഡ് കാലത്ത്, നാല് ദിവസത്തിനുള്ളിൽ പാസാക്കിയെടുക്കേണ്ട അവസ്ഥ എങ്ങനെ സംജാതമായി എന്നതിനെക്കുറിച്ച് ഭരണകർത്താക്കൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു?

മൂന്നാത്തെ കാര്യം, കേന്ദ്ര സർക്കാരിൽ ഘടക കക്ഷികളായ ശിരോമണി അകാലി ദൾ എന്തുകൊണ്ടാണ് ഈ നിയമ ഭേദഗതികളെ എതിർക്കുന്നത്? എന്തുകൊണ്ടാണ് സംഘപരിവാറിന് കീഴിലെ കർഷക സംഘടനകൾ ബിൽ പാർലമെന്ററി സെലക്ട് കമ്മറ്റിയുടെ പരിശോധനക്ക്​ അയക്കണമെന്നാവശ്യപ്പെട്ടത്?

ഇവയൊക്കെ സൂചിപ്പിക്കുന്നത് ഈ ബിൽ തിരക്കുപിടിച്ച് പാസാക്കുന്നതിന് പിന്നിൽ വ്യക്തമായ ചില ഉദ്ദേശ്യങ്ങൾ സർക്കാരിനുണ്ട് എന്നാണ്.

മിനിമം സഹായ വില (Minimum Support Price-MSP) അല്ലെങ്കിൽ താങ്ങുവില സംബന്ധിച്ച് ചില തൽപര കക്ഷികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്താണ് വാസ്തവം?

രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സർക്കാർ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാകും വിധം നിയമപരമായ അവകാശം ഉറപ്പുവരുത്തുക എതാണ് കർഷകർക്ക് വേണ്ടി ചെയ്യേണ്ട കാര്യം. എന്നാൽ പുതിയ നിയമത്തിൽ അത്തരത്തിൽ ഒരു ഉറപ്പും നൽകുന്നില്ല. പുതിയ നിയമത്തിൽ, പ്രൈസ് അഷ്വറൻസ് എന്ന് വെറുതെ എഴുതിവെച്ചതല്ലാതെ ഇക്കാര്യത്തിൽ ഒരു നിയമ പരിരക്ഷയും കർഷകർക്ക് ലഭ്യമാകുന്നില്ല.

കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം സഹായ വില ലഭ്യമാക്കണമെന്ന് കർഷകർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. നിലവിൽ 23ഓളം വിളകൾക്ക് മാത്രമേ MSP പ്രഖ്യാപിച്ചിട്ടുള്ളൂ. ബാക്കി കാർഷിക വിളകൾക്കുകൂടി അവ ലഭ്യമാക്കണം എന്ന കർഷകരുടെ ആവശ്യം ഗവൺമെന്റ് പരിഗണിച്ചിട്ടില്ല. യഥാർത്ഥത്തിൽ കാർഷികോൽപന്ന വിപണി കമ്മിറ്റികളെ (Agriculture ) അപ്രസക്തമാക്കുന്ന പുതിയ നിയമത്തിലൂടെ കർഷകരെ ചൂഷണത്തിന്​ എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.

സർക്കാർ മണ്ഡികളുടെ (ചന്തകളുടെ) കുത്തക തകർത്ത് കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എവിടെയും വിൽപന നടത്താവുന്ന രീതിയിൽ വലിയ വിപ്ലവമാണ് ഈ ഓർഡിനൻസിലൂടെ സർക്കാർ നടത്തിയിരിക്കുതെന്ന് അവകാശപ്പെടുന്നുണ്ടല്ലോ?

സർക്കാർ ചന്തകൾ അല്ലെങ്കിൽ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റികൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുതെന്ന് മനസ്സിലാക്കിയാൽ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിയും.

ബീഹാറിൽ എ.പി.എം.സികൾ പ്രവർത്തിക്കുന്നില്ല. അവിടെ സർക്കാർ പ്രഖ്യാപിക്കുന്ന മിനിമം വിലയ്ക്കും വളരെ താഴെയാണ് കർഷകർക്ക് വില ലഭിക്കുന്നത്. 2017 മുതൽ 2019 വരെയുള്ള കണക്ക്​ മുകളിൽ കൊടുക്കുന്നു. 25- 50 ശതമാനം വരെ വിലക്കുറവാണ് സ്വകാര്യ വിപണിയിൽ സർക്കാരിന് ലഭിക്കുന്നതെന്ന് കണക്ക്​ തെളിവു നൽകും. 2019ൽ നെല്ലിന് ക്വിന്റലിന് 1815 രൂപ മിനിമം സഹായ വില സർക്കാർ പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ വിപണിയിൽ കർഷകർക്ക് ലഭിച്ചത് 1350 രൂപ മാത്രമായിരുന്നു. അതായത് 25% കുറവ്! 2018ൽ ചോളത്തിന് ക്വിന്റലിന് 1700 രൂപ എം.എസ്.പി ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് സ്വകാര്യ വിപണിയിൽ ലഭിച്ചത് 800- 1050 രൂപ വരെയാണ്; 40 - 50% വരെ കുറവ്! സർക്കാർ ചന്തകളുടെ കുത്തക ഇല്ലാത്ത സ്ഥലങ്ങളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.

സർക്കാർ മണ്ഡികൾ ഉണ്ടായിട്ടും കർഷകർക്ക് സഹായം ലഭിക്കാത്തതെന്തുകൊണ്ടാണ്?

സർക്കാർ ചന്തകളും എ.പി.എം.സികളും കാര്യക്ഷമമായി പ്രവർത്തിക്കാത്തത് സർക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണ്. ഇതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കൂട്ടുത്തരവാദികളാണ്. നിലവിൽ ആറ്​ ശതമാനം കർഷകർക്കേ മിനിമം സഹായ വിലയ്ക്ക് ഉൽപ്പന്നം വിറ്റഴിക്കാൻ സാധിക്കുന്നുള്ളൂ. ബാക്കി 94% കർഷകരും സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരാണ്. സർക്കാർ വിപണന കേന്ദ്രങ്ങൾ ആവശ്യത്തിനില്ലാത്തതും, ഉള്ളവ തന്നെ ദൂരെ സ്ഥലങ്ങളിലായതിനാലും, സർക്കാർ ചന്തകളിൽ വിറ്റാൽ ഉടൻ പണം ലഭ്യമാകാത്ത അവസ്ഥയും ഒക്കെച്ചേർന്നാണ് കർഷകർക്ക് ഈ ഗതി. ഗവൺമെന്റുകളുടെ തന്നെ പിടിപ്പുകേട്​ മറച്ചുവെച്ച്​ കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.

പുതിയ നിയമ ഭേദഗതികൾക്ക്​ ഒരുതരത്തിലുള്ള മേന്മയും ഇല്ലേ?

പുതിയ നിയമ ഭേദഗതികളിൽ സൂചിപ്പിച്ച മിക്കവാറും കാര്യങ്ങൾ കുറച്ചു കാലങ്ങളായി പലവിധ ഓർഡിനൻസുകളിലൂടെ സർക്കാർ നടപ്പിലാക്കിയ കാര്യങ്ങളാണ്. അതായത്, കാർഷിക മേഖലയെ കോർപ്പറേറ്റ്‌വൽക്കരിക്കുന്നതിനാവശ്യമായ പല ഭേദഗതികളും നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്ന് അർത്ഥം.

2019 ജൂലൈയിൽ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ച പ്രസന്റേഷനാണ് മുകളിൽ. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വിപണി നിയന്ത്രണം ഒഴിവാക്കുന്നത് തൊട്ട് സ്വകാര്യ വിപണികൾ തയ്യാറാക്കുന്നതിനുള്ള എല്ലാ ഇടപാടുകളും നേരത്തെ ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു എന്ന്​ഇതിലൂടെ മനസ്സിലാക്കാം. മേൽപ്പറഞ്ഞ കാര്യങ്ങളിൽ കർഷകരുടെ എതിർപ്പ് ശക്തമാകും എന്ന് തിരിച്ചറിഞ്ഞാണ് കോവിഡ് കാലത്ത്, ധൃതിപിടിച്ച്, ഓർഡിനൻസുകൾ വഴി ബില്ല് പാസാക്കാൻ സർക്കാർ ശ്രമിച്ചത്.

കർഷകർക്ക് അവരുടെ ഉൽപ്പങ്ങൾ അവർക്ക് താൽപര്യമുള്ളവർക്ക് ഇഷ്ടമുള്ള വിലയ്ക്ക് വിൽക്കാനുള്ള അവസരമല്ലേ ഈ ബില്ലിലൂടെ സൃഷ്ടിക്കപ്പെടുന്നത്?

പുതിയ ബില്ലിലൂടെ രണ്ട് തരം വിപണികളാണ് രാജ്യത്ത് രൂപപ്പെടാൻ പോകുന്നത്. ഒന്ന് സർക്കാർ നിയന്ത്രിത വിപണി. അവ കാര്യക്ഷമമായി പ്രവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക സർക്കാർ അധികൃതർ തന്നെയായിരിക്കും. അവിടെ നികുതി, സെസ്സ്​, ഫീസ്​ എന്നിവ ഏർപ്പെടുത്തിയിരിക്കും. രണ്ടാമത്തെ വിപണി സ്വകാര്യ ഏജന്റുമാരുടെയും ട്രേഡ് കാർട്ടലുകളുടെയും നിയന്ത്രണത്തിലുള്ളതും സർക്കാർ നിയന്ത്രണങ്ങളോ നികുതികളോ സെസ്സുകളോ ഒന്നും ഇല്ലാത്തതുമായിരിക്കും. ഭാഷ മുതൽ പെൻഷൻ വരെ ഒന്നായിരിക്കണമെന്ന അഖണ്ഡ മന്ത്രം ഉരുവിടുന്നവരാണ് ഇത്തരത്തിൽ രണ്ട് വിപണികൾക്ക്​ അവസരം ഒരുക്കുന്നത്.

എന്താണ് യഥാർത്ഥത്തിൽ കർഷകർ ആവശ്യപ്പെടുന്നത്?

കർഷകർ കാലാകാലങ്ങളായി ഉയിക്കുന്ന ആവശ്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ഉത്പാദനച്ചെലവ്, (വിത്ത്, വളം, കുടുംബത്തിന്റേതടക്കമുള്ള കൃഷിയിലുള്ള അധ്വാനം) ഭൂമിയുടെ പാട്ടം എന്നിവയോടൊപ്പം ഉത്പാദനച്ചെലവിന്റെ 75% ചേർത്ത്​ എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും മിനിമം സഹായ വില പ്രഖ്യാപിക്കുക. മിനിമം സഹായവില നിയമപരമായ അവകാശമാണെന്ന് ഉറപ്പുവരുത്തുക.

സർക്കാർ മണ്ഡികൾ (ചന്തകൾ), സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കുക. രാജ്യമെമ്പാടും 22,000 നെല്ല് സംഭരണ കേന്ദ്രങ്ങളും 44,000 ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുമാണുള്ളത്. ഒരു പതിറ്റാണ്ടായി സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞിരിക്കുകയാണ് സർക്കാർ. ഇന്ത്യയിലെ കാർഷിക ഉൽപ്പന്നങ്ങൾ പൂർണ്ണമായും സംഭരിക്കാൻ ശേഷിയുള്ളത്ര സംഭരണ കേന്ദ്രങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

സബ്‌സിഡികൾ, സൗജന്യങ്ങൾ എന്നിവ കർഷകർക്ക് നേരിട്ട് ലഭിക്കും വിധം നിയമ നിർമ്മാണം നടത്തുക. നിലവിൽ രാസവള-കീടനാശിനി കമ്പനികൾക്കാണ് അതുസംബന്ധിച്ച് ഇളവുകൾ നൽകുന്നത്. ഈ രീതി മാറണം.

കാർഷിക കടം എഴുതിത്തള്ളുമ്പോൾ ചെറുകിട കർഷകർക്ക് നേട്ടം ലഭ്യമാകുംവിധം നിയമനടപടി സ്വീകരിക്കുക. നിലവിൽ എഴുതിത്തള്ളുന്ന കാർഷിക കടങ്ങളുടെ യഥാർത്ഥ ഗുണഭോക്താക്കൾ വൻകിട കൃഷിക്കാർ മാത്രമാണ്. ഇന്ത്യയിലെ ഏതാണ്ട് 85% കർഷകരും ചെറുകിട കർഷകരാണ്. അതായത് അഞ്ച്​ ഏക്കറിൽ താഴെ മാത്രം ഭൂമിയുള്ളവർ. കൃത്യമായ ഭൂരേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ വട്ടിപ്പലിശക്കാരെയാണ് കടം വാങ്ങുന്നതിന്​ ഇവർ സമീപിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കടാശ്വാസം അനുവദിക്കുമ്പോൾ ബഹുഭൂരിപക്ഷം കർഷകർക്കും അതിന്റെ നേട്ടം ലഭിക്കാത്തതിന്റെ കാരണമിതാണ്.

കൃഷി ഭൂമി സംബന്ധിച്ച തർക്കം പരിഹരിച്ച്, കർഷകർക്ക് കൈവശാവകാശ രേഖ ലഭ്യമാക്കുന്നതിന്​ നടപടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക. ഭൂമിയുടെ കൈവശാവകാശ രേഖ സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ലക്ഷക്കണക്കാണ്. മുഴുവൻ കോടതികളും അടുത്ത പത്ത് കൊല്ലം 24 മണിക്കൂർ ചെലവഴിച്ച് പണിയെടുത്താൽ പോലും ഈ തർക്കങ്ങളിൽ പരിഹാരമുണ്ടാക്കാൻ പറ്റാത്ത സാഹചര്യമാണ്​. അതുകൊണ്ട് ഭൂമി തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും കർഷകർക്ക് ഭൂമിയിലുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്​.

വനാവകാശ നിയമം നടപ്പിലാക്കുക. 2005ൽ പാസാക്കിയ വനാവകാശ നിയമത്തിന്റെ നേട്ടം ഒന്നരപ്പതിറ്റാണ്ടിന് ശേഷവും നാലുശതമാനം ആദിവാസികൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത് വനമേഖലയിലെ ആദിവാസി കർഷകരെ സംബന്ധിച്ച്​ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പുതിയ നിയമഭേദഗതികളിലൂടെ കാർഷിക മേഖലയിൽ വൻതോതിലുള്ള സ്വകാര്യ നിക്ഷേപം കടന്നുവരുമെന്നാണല്ലോ സർക്കാർ അവകാശപ്പെടുന്നത്? അത് കർഷകർക്ക് ഗുണകരമാകുകയില്ലേ?

കാർഷിക മേഖലയിലെ സർക്കാർ നിയന്ത്രണം എടുത്തുകളഞ്ഞശേഷം വൻകിട സ്വകാര്യ കമ്പനികളെ ആ മേഖലയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന ഏത് രാജ്യത്തെയും കർഷകരുടെ അവസ്ഥ പരിതാപകരമാണെന്നതിന് നിരവധി തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. 1960 മുതൽ കാർഷിക മേഖലയിലെ നിയന്ത്രണം എടുത്തു കളഞ്ഞ അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ കർഷകരുടെ അവസ്ഥ തന്നെ ഉദാഹരണം. ഈ രണ്ട് രാജ്യങ്ങളിലും കർഷക ആത്മഹത്യ ഗണ്യമായ തോതിൽ ഉയർന്നതിന് കാരണം മറ്റൊന്നല്ല. അമേരിക്കയിലെ കർഷകരുടെ വരുമാനം 1960നുശേഷം താഴോട്ടാണ് എന്നത് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും.

സ്വകാര്യ കമ്പനികൾ കർഷക വിരുദ്ധങ്ങളാകുന്നതെങ്ങിനെ എന്നറിയാൻ കൂടുതൽ ദൂരെ പോകേണ്ടതില്ല. 2016ൽ പെപ്‌സി കമ്പനി ഗുജറാത്ത് കർഷകരെ കോടതി കയറ്റിയത് മാത്രം ഓർത്താൽ മതി. പെപ്‌സി കമ്പനി വികസിപ്പിച്ചെടുത്ത എഫ്എൽ-2027 എന്ന പ്രത്യേകയിനം ഉരുളക്കിഴങ്ങ് വിത്ത് കൃഷി ചെയ്തുവെന്നതിന്റെ പേരിൽ ഗുജറാത്തിലെ കർഷകർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു കമ്പനി. ജനകീയ പ്രതിഷേധം കാരണം മാത്രമായിരുന്നു അന്ന് കർഷകർ അതിൽ നിന്ന്​രക്ഷപ്പെട്ടത്.

കാർഷിക മേഖലയിലെ സർക്കാർ നിയന്ത്രണം എടുത്തുകളയുകയും വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് ലഭിക്കുകയും ചെയ്തു കഴിഞ്ഞാൽ പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്യുന്നതിൽ നിന്ന് തടയാൻ ആർക്കും സാധ്യമല്ലെന്ന കാര്യം ഓർക്കുന്നത് നന്ന്.

Comments