എം.പിമാര്‍ക്ക് ‘ജനകീയ വിപ്പു'മായി
കര്‍ഷകര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലാണ്
എം.പിമാര്‍ക്ക് ‘ജനകീയ വിപ്പു'മായി കര്‍ഷകര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലാണ്
എട്ടുമാസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ കര്‍ഷക പാര്‍ലമെന്റ് നടത്തിയും എം.പിമാര്‍ക്ക് 'ജനകീയ വിപ്പ്' നല്‍കിയും റോഡരികില്‍ ഭക്ഷണം കഴിച്ചും കര്‍ഷകര്‍ ഒരിക്കല്‍ കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
23 Jul 2021, 09:45 AM
ഡല്‍ഹി അതിര്‍ത്തികളില്‍ എട്ട് മാസമായി പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഒരു ചൂവടുകൂടി മുന്നോട്ടു നീക്കിയിരിക്കുകയാണ്. അവരിപ്പോള്‍ ഡല്‍ഹിയുടെ തന്ത്രപ്രധാനമായ പാര്‍ലമെൻറ് സ്ട്രീറ്റ് കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ പ്രഖ്യാപിച്ച പാര്‍ലമെൻറ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കിസാന്‍ സന്‍സദ് (കര്‍ഷക പാര്‍ലമെൻറ്) നടത്തിയും റോഡരികില്‍ ഭക്ഷണം കഴിച്ചും അവര്‍ ഒരിക്കല്‍ കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ദീര്‍ഘകാലമായി നടക്കാതിരുന്ന പാര്‍ലമെൻറ് സമ്മേളനം ജൂലൈ 19 ന് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്നുതന്നെ ഇന്ത്യന്‍ പാര്‍ലമെൻറിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നയിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ജൂലൈ 22 ന് ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെൻറിന് മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നായിരുന്നു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചത്. പാര്‍ലമെ
ൻറിന്റെ മഴക്കാല സമ്മേളനം നടക്കുന്ന ആഗസ്ത് 13വരെ ഘെരാവോ തുടരുമെന്നും അവര്‍ അറിയിച്ചിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെൻറ് അംഗങ്ങള്‍ക്ക് ജനകീയ വിപ്പ് നല്‍കാനും കര്‍ഷക സംഘടനകള്‍ തയ്യാറായി.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് നല്‍കിയ ജനകീയ വിപ്പില്‍ നാല് കാര്യങ്ങളാണ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്.

ഒന്ന്: ജൂലൈ 19 ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സെഷന്റെ എല്ലാ ദിവസങ്ങളിലും പാര്‍ലമെന്റില്‍ ഹാജരാകുക;
രണ്ട്: നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും, ഇടവേളകളില്ലാതെ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുകയും വേണം.
മൂന്ന്: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ മറ്റേതെങ്കിലും കാര്യങ്ങള്‍ സഭാ നടപടികളില്‍പ്പെടുത്താന്‍ നിങ്ങള്‍ അനുവദിക്കരുത്; കൂടാതെ, കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായി സഭയില്‍ കൊണ്ടുവന്ന ഏതെങ്കിലും പ്രമേയത്തെ നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയിലെ മറ്റേതെങ്കിലും അംഗങ്ങളും എതിര്‍ക്കുകയോ, വോട്ടുചെയ്യുന്നത് ഒഴിവാക്കുകയോ ചെയ്യരുത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയെന്ന നിലയില്‍ ജനങ്ങള്‍ നല്കുന്ന വിപ്പ് ആയി ഇതിനെ കണക്കാക്കണമെന്നും വോട്ടര്‍മാരുടെ ഈ വിപ്പ് നിങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍, എല്ലാ പൊതുവേദികളിലും നിങ്ങളോടുള്ള എതിര്‍പ്പ് ശക്തമാക്കാന്‍ ഞങ്ങള്‍, കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയുടെ പേരില്‍ നല്‍കിയ ജനകീയ വിപ്പ് പാര്‍ലമെൻറ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജൂലൈ 22ന് നടക്കാന്‍ പോകുന്ന പാര്‍ലമെൻറ് മാര്‍ച്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുക്കപ്പെട്ട 200 കര്‍ഷക പ്രതിനിധികള്‍ക്കായിരുന്നു കര്‍ഷക സംഘടനകള്‍ അനുമതി നല്‍കിയിരുന്നത്. പഞ്ചാബില്‍ നിന്നുള്ള 100ഓളം അംഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 100ഓളം അംഗങ്ങളും ഉള്‍പ്പെടുന്നതായിരുന്നു സംഘം. ഈ വളണ്ടിയര്‍മാരുടെ വിശദാംശങ്ങള്‍ മുമ്പേ പൊലീസിന് കൈമാറുകയും പൂര്‍ണമായും സമാധാനപരമായിരിക്കും പ്രക്ഷോഭമെന്നും സമിതി നേതാക്കള്‍ അറിയിച്ചു. ജനുവരി 26ന് നടന്ന കര്‍ഷക റിപ്പബ്ലിക് മാര്‍ച്ചില്‍ സര്‍ക്കാര്‍ അനുകൂലികളായ ആളുകള്‍ കടന്നുകൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവം കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു കര്‍ഷക സംഘടനകളുടെ ഇത്തവണത്തെ നീക്കം.
ജൂലൈ 22ന് രാവിലെ 11 മണിയോടെ കര്‍ഷക പ്രതിനിധികള്‍ ജന്തര്‍മന്ദറില്‍ എത്തുകയും അവിടെ നിന്ന് പാര്‍ലമെൻറ് സ്ട്രീറ്റിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇതിനിടയില്‍ കര്‍ഷകരുടെ വാഹനങ്ങള്‍ തടയാന്‍ പല സ്ഥലത്തുവെച്ചും പൊലീസ് ശ്രമിച്ചുവെങ്കിലും അവയൊക്കെ മറികടന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് കര്‍ഷക സംഘം എത്തിച്ചേരുകയും ചെയ്തു. 2000ത്തോളം പൊലീസ്- അര്‍ദ്ധ സൈനിക വിഭാഗങ്ങളെയാണ് 200ഓളം വരുന്ന കര്‍ഷക മാര്‍ച്ചിനെ തടയുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ബാരിക്കേഡുകള്‍ കൊണ്ട് കോട്ടകെട്ടി കര്‍ഷകരെ തടയുകയാണുണ്ടായത്.

പൊലീസ് തടഞ്ഞ സ്ഥലത്ത് വെച്ച് കര്‍ഷകര്‍ ‘കിസാന്‍ സന്‍സദ്’ ചേരുകയും കര്‍ഷകരുടെ വിഷയങ്ങള്‍ ക്രമബദ്ധമായി അവതരിപ്പിക്കുകയും ചെയ്തു. കര്‍ഷകര്‍ക്കുള്ള ഭക്ഷണം ലംഗറുകളില്‍ നിന്ന് തയ്യാറാക്കി എത്തിച്ചത്, പ്രതിനിധികള്‍ റോഡില്‍ തന്നെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു.
ഇതേസമയം, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ ബഹളം വെക്കുകയും സഭാധ്യക്ഷന്‍ പാര്‍ലമെൻറ് നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത്, ഗാന്ധി പ്രതിമക്കുമുന്നില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ നടത്തുകയും ചെയ്തു. ജനകീയ വിപ്പിനോടുള്ള പ്രതിപക്ഷ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതികരണമെന്ന നിലയില്‍ ഈ നടപടികളെ കാണാം. കേരളത്തിലെ 20 പാര്‍ലമെന്റ് അംഗങ്ങളും കര്‍ഷക പാര്‍ലമെന്റ് സന്ദര്‍ശിക്കുകയും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഇതേസമയം, ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനോടുള്ള പ്രതിഷേധമെന്ന നിലയില്‍ സിര്‍സയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 80 വയസ്സുകാരനായ സര്‍ദാര്‍ ബല്‍ദേവ് സിംഗ് സിര്‍സ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. അറസ്റ്റിലായവരെ വിട്ടയച്ചതിനെ തുടർന്ന് നിരാഹാര സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ അദ്ദേഹം സമരം അവസാനിപ്പിക്കുകയായിരുന്നു.
കര്‍ഷക പ്രക്ഷോഭം 238 ദിവസം പിന്നിടുമ്പോള്‍ രാജ്യചരിത്രത്തില്‍ നാളിതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത അഭൂതപൂര്‍വ്വമായ പ്രക്ഷോഭ പരമ്പരകള്‍ക്കാണ് കര്‍ഷക സംഘടനകള്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും ഏതറ്റംവരെയും സഞ്ചരിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ സ്വേച്ഛാധിപത്യപൂര്‍ണ്ണമായ സമീപനത്തില്‍ നിന്ന് പിന്‍വലിയുന്നതുവരെ ഈ സഹനസമരം തുടരുമെന്നും അവര്‍ പ്രഖ്യാപിക്കുന്നു.

പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read