2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ വേണമെങ്കിലും സമരം തുടരാൻ ഞങ്ങൾ സജ്ജരാണെന്ന് സ്വയം തിരിച്ചറിഞ്ഞു

Truecopy Webzine

ർഷക സമരത്തിനുമുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടുകുത്തേണ്ടിവന്ന പശ്ചാത്തലത്തിൽ സമരത്തിന്റെ കടന്നുപോയ ഒരുവർഷത്തെ ഓർമകൾ പങ്കുവെക്കുകയാണ് എ.ഐ.കെ.എമ്മിന്റെ പഞ്ചാബ് സംസ്ഥാന സമിതി അംഗവും സി.പി.ഐ.എം.എൽ. ലിബറേഷൻ ഗ്രൂപ്പിന്റെ സ്ത്രീസംഘടനയായ ഓൾ ഇന്ത്യാ പ്രോഗ്രസീവ് വുമൺസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ജസ്ബീർ കൗർ നഥ്. പഞ്ചാബ് മുതൽ ഡൽഹി വരെയുള്ള കർഷകരുടെ ദുർഘടവും ചരിത്രപരവുമായ യാത്രയുടെ ദൃക്സാക്ഷി വിവരണം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 56-ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ജസ്ബീർ കൗർ നൽകുന്നു.

""എല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ്, ജൂണിൽ കേന്ദ്ര സർക്കാർ കർഷക നിയമങ്ങൾ സംബന്ധിച്ച ഓർഡിനൻസ് ഇറക്കുന്നത്. കർഫ്യൂ കാരണം ആളുകൾ പുറത്തേക്കിറങ്ങില്ലായിരുന്നു. അതിനുമുന്നെ തന്നെ പഞ്ചാബിൽ ഞങ്ങളുടെ ഒരു സമരം നടക്കുന്നുണ്ടായിരുന്നു. മൈക്രോ ഫിനാൻസ് കമ്പനികൾ നൽകിയ വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു അത്. അത്തരം കമ്പനികൾ സ്ത്രീകൾക്ക് ചെറിയ വായ്പ നൽകും. പത്ത് ദിവസം കൂടുമ്പോഴോ ഒരാഴ്ച കൂടുമ്പോഴോ ആണ് പലിശ അടയ്‌ക്കേണ്ടി വരിക. എന്നാൽ ലോക്ക്ഡൗൺ വന്നപ്പോൾ തൊഴിലാളികൾക്ക് ജോലിയില്ലാതായി. അത്? ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയും ചെറുകിട കർഷകരെയും തൊഴിലാളികളെയും ചെറിയ കടകൾ നടത്തുന്നവരെയുമായിരുന്നു. പണമില്ലാത്തതിനാൽ പലർക്കും കമ്പനികൾക്ക് കൊടുക്കേണ്ട പണം അടയ്ക്കാൻ കഴിഞ്ഞില്ല. അപ്പോൾ കമ്പനികൾ ബോണ്ടുകളുമായി അവരുടെയടുത്തെത്തി ശല്യപ്പെടുത്താൻ തുടങ്ങി. ഇതിനെതിരെ ഞങ്ങൾ സമരം നടത്തുകയായിരുന്നു ആ ദിവസങ്ങളിൽ. അതിനായി ആളുകളെ കൂട്ടാൻ ഞങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു. ആ ഘട്ടത്തിലാണ് കർഷക നിയമവുമായി ബന്ധപ്പെട്ട ഓർഡിനൻസ് വന്നത്.

പഞ്ചാബിലെ ഓരോ ഗ്രാമത്തിലും ഒരു ഗുരുദ്വാരയുണ്ടാകും. അവിടെ മൈക്ക് സംവിധാനമുണ്ടാകും. അതുപയോഗിച്ചാണ് ഞങ്ങൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തിയത്. സർക്കാർ കൊണ്ടുവന്ന പുതിയ നിയമം, നിങ്ങളുടെ ഭൂമി കോർപറേറ്റുകളുടെ കൈയിലെത്തിക്കാനുള്ളതാണെന്നും സർക്കാർ മണ്ഡികളില്ലെങ്കിൽ വിളവിന് പണം കിട്ടില്ലെന്നും ആളുകളെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് വളരെ വേഗം മനസ്സിലായി. കാരണം ഇത് അവരുടെ ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടാലുള്ള അവസ്ഥയെക്കുറിച്ച് ഓരോരുത്തർക്കും പേടിയുണ്ടായിരുന്നു. അവർ ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങൾ മനസ്സിലാക്കി. അതിനുശേഷം നിയമത്തെ എതിർക്കണമെന്ന് അവർ തീരുമാനിച്ചു.

കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന ഒരുപാട് സംഘടനകൾ പഞ്ചാബിലുണ്ട്. ഇത് ലോക വ്യാപാര സംഘടനയുടെ തീരുമാനമാണെന്നും അതിനെതിരെയുള്ള പോരാട്ടം ചെറുതാകില്ലെന്നും 32 ഓളം യൂണിയനുകളും അതിന്റെ നേതാക്കളും തിരിച്ചറിഞ്ഞു. ഏതെങ്കിലും ഒരു സംഘടന വിചാരിച്ചാൽ കേന്ദ്രസർക്കാർ നിയമം പിൻവലിക്കാൻ പോകുന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശക്തമായ സമരവുമായി മുന്നേറിയാലേ പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നും അവർ മനസ്സിലാക്കി. അതിനായുള്ള യോഗങ്ങൾ പഞ്ചാബിലെ വ്യത്യസ്ത നഗരങ്ങളിൽ നടന്നു. യൂണിയനുകൾ ചേർന്ന് കേന്ദ്രസർക്കാരിന് മുകളിൽ സമ്മർദം കൊണ്ടുവരാനുള്ള സമരരീതികളെക്കുറിച്ച് തീരുമാനമെടുത്തു. ഞങ്ങൾ റെയിൽവേ സ്റ്റേഷൻ ഉപരോധിക്കൽ അടക്കമുള്ള സമരമാർഗങ്ങളാണ് സ്വീകരിച്ചത്. നിയമം നടപ്പിലാക്കില്ലെന്ന് പഞ്ചാബ് സർക്കാർ അതിനുശേഷം ഉറപ്പുനൽകിയിരുന്നു. പക്ഷേ പാർലമെന്റിൽ പ്രധാനമന്ത്രി തീരുമാനിച്ച കാര്യം നടപ്പിലാക്കില്ലെന്ന് പറയാൻ സംസ്ഥാന സർക്കാരിന് എങ്ങനെ കഴിയുമെന്നാണ് ഞങ്ങൾ ചോദിച്ചത്.

ഗ്രാമങ്ങളിൽ ചെന്ന് സമരത്തിന്റെ കൂടെ ചേരാൻ എല്ലാവരോടുമായി അഭ്യർത്ഥിക്കുന്ന ഘട്ടത്തിൽ തന്നെ, സ്ത്രീകൾ വൻതോതിൽ സമരത്തിനൊപ്പം ചേർന്നിരുന്നു. അവർ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടർ റാലികളിൽ എത്തിച്ചേർന്നു. ഡൽഹിയിലേക്ക് സമരം നീങ്ങണമെന്ന് കർഷക സംഘടനാ നേതാക്കൾ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ്. മൂന്ന് കർഷക നിയമങ്ങളും കർഷകർ ഗുണകരമാണെന്ന് വാദിക്കാനാണ് ചർച്ചയിൽ കേന്ദ്രസർക്കാർ ശ്രമിച്ചത്. അതിനെത്തുടർന്ന് ഞങ്ങളുടെ നേതാക്കൾ യോഗം ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. സർക്കാർ സമരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഡൽഹിയിലേക്ക് പോകാൻ തീരുമാനിക്കുന്നത്. പാർലമെന്റിനുമുന്നിലേക്ക് പോകാൻ രണ്ട് ദിവസത്തെ തയ്യാറെടുപ്പുകളുമായാണ് ഞങ്ങൾ വന്നത്. എന്നാൽ സമരം രണ്ട് ദിവസംകൊണ്ട് തീരില്ലെന്നും നീളുമെന്നും അന്ന് തിരിച്ചറിഞ്ഞിരുന്നു. കുറച്ച് റേഷൻ സാധനങ്ങൾ ഗ്രാമങ്ങളിൽ നിന്ന്, ഓരോ വീട്ടിൽ നിന്നും ശേഖരിച്ച്, രണ്ട്- നാല് മാസത്തേക്കാവശ്യമായ തയ്യാറെടുപ്പ് നടത്തി. തണുപ്പുകാലമായതിനാൽ കുറച്ചു ചൂടുകുപ്പായങ്ങളും കൊണ്ടുവന്നു.

പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ ഹരിയാന ഇടയിലുണ്ട്. ഹരിയാനയിലും ബി.ജെ.പി സർക്കാരാണ്, അതുമൂലം കുറേയധികം തടസ്സങ്ങളുണ്ടായി. കടത്തിവിടില്ലെന്ന് അവർ പറഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിൽ തടയാൻ ശ്രമവും നടന്നു. വലിയ കല്ലും മറ്റും വെച്ച് റോഡ് തടസ്സപ്പെടുത്തി. ഹരിയാനയിലുള്ളവർ ഞങ്ങളെ പിന്തുണച്ച്? അവിടെയെത്തി. അവരുടെ വളരെയധികം സഹായം ആ ഘട്ടത്തിൽ ഞങ്ങൾക്ക് കിട്ടി. പഞ്ചാബിലെ ചെറുപ്പക്കാരും എത്തി. അവർ ഒരുമിച്ച് റോഡിലെ തടസ്സങ്ങളെല്ലാം മാറ്റി. അധികം പേരില്ലെങ്കിലും സ്ത്രീകളും അന്ന് സമരത്തിന്റെ കൂടെയുണ്ടായിരുന്നു. സമരത്തെ തടയാൻ ശ്രമങ്ങൾ നടന്നെങ്കിലും ഞങ്ങളതിനെ മറികടന്ന് മെല്ലെമെല്ലെ ഡൽഹി വരെയെത്തി. വഴിയിൽ ലാത്തിച്ചാർജും, ജലപീരങ്കിയും നേരിടേണ്ടി വന്നു. അപകടത്തിൽപ്പെട്ട് ഒരു സഹപ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തു.

തിക്രിയിലെത്തിയശേഷം ഡൽഹി സർക്കാർ ഞങ്ങളെ തടഞ്ഞുനിർത്തി. സമരം ഡൽഹിയിലേക്ക് അതിക്രമിച്ച് കടക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനുശേഷം സർക്കാർ ഞങ്ങളോട് ആവശ്യപ്പെട്ടത് ബുരാരി ഗ്രൗണ്ടിലേക്ക് പോകാനാണ്. ഞങ്ങൾ അതിന് തയ്യാറായില്ല, കാരണം അതൊരു തുറന്ന ജയിൽ പോലെയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള കുറച്ചുപേർ അവിടെ പോയിരുന്നു. രണ്ടുമാസം അവിടെ നിന്നു, പിന്നീട് അവരും ഇങ്ങോട്ടുതന്നെ വന്നു. അതിർത്തിയിൽ നിൽക്കാൻ തന്നെയായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. സർക്കാർ വളരെ ശക്തമായ ബാരിക്കേഡാണ് തീർത്തത്. ആദ്യ ദിവസങ്ങളിൽ ഞങ്ങളുടെ കൈയിൽ കൂടുതൽ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേജ് കെട്ടാൻ പോലുമുള്ള പണം ഉണ്ടായിരുന്നില്ല. ഒരു ട്രാക്ടർ നിർത്തിയിട്ട് അതിന്റെ മേലെ സ്പീക്കർ വെക്കുകയാണ് ചെയ്തത്. പിന്നീട് ഒരു ചെറിയ മേശ കിട്ടി. കുറച്ചുദിവസം അങ്ങനെ പോയി. ഇവിടെയുള്ള കടക്കാരെയൊക്കെ പേടിപ്പിച്ച് നിർത്തിയിരുന്നു. ആരും മൈക്ക്, ടെന്റ് പോലുള്ള സാധനങ്ങൾ തരാൻ തയ്യാറായില്ല. അതുകൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ പഞ്ചാബിൽ നിന്ന് വരുത്തിക്കേണ്ടിവന്നു. കുറച്ചുസമയത്തിനുള്ളിൽ ഇവിടേയ്ക്ക് ആവശ്യമായ സാധനങ്ങളെത്തിത്തുടങ്ങി. കൂടുതൽ സൗകര്യങ്ങളുണ്ടായി. എത്ര വർഷം വേണമെങ്കിലും, 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ വേണമെങ്കിലും സമരം തുടരാൻ ഞങ്ങൾ സജ്ജരാണെന്ന് സ്വയം തിരിച്ചറിഞ്ഞു. ഡൽഹി അതിർത്തിയിൽ തന്നെ ഇരിക്കുമെന്നും തീരുമാനമാകാതെ തിരിച്ചുപോകില്ലെന്നും ഞങ്ങൾ തീരുമാനിച്ചു.''

മാധ്യമപ്രവർത്തക നീതുദാസിന് നൽകിയ അഭിമുഖത്തിൽ കർഷകരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളെ മുൻനിർത്തി ഇനി നടത്തേണ്ടുന്ന പോരാട്ടങ്ങളെക്കുറിച്ചും, സത്രീകർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, കൃഷിയുടെ കോർപറേറ്റ്വത്കരണത്തെക്കുറിച്ചും ജസ്ബീർ കൗർ സംസാരിക്കുന്നു.

ഹരിതവിപ്ലവം ഞങ്ങൾക്ക് കുറേയധികം കീടനാശിനികളെയാണ്​ തന്നത്, ഞങ്ങളുടെ ഭൂമി അതിനടിമയായിക്കഴിഞ്ഞു | ജസ്ബീർ കൗർ നഥ് / നീതു ദാസ്‌

Comments