അപമാന ഭാരംകൊണ്ട്
ശിരസ് കുനിക്കുകയാണ്
ഞങ്ങളെപ്പോലുള്ള വൈദികര്‍
അഭയ കേസ്: അപമാന ഭാരംകൊണ്ട് ശിരസ് കുനിക്കുകയാണ് ഞങ്ങളെപ്പോലുള്ള വൈദികര്‍
അഭയ എന്ന പെണ്‍കുട്ടി അവരുടെ ജീവിതം മാറ്റിവെച്ച്, സഭാ സേവനത്തിന്, സമൂഹ സേവനത്തിന് ഇറങ്ങിത്തിരിച്ചവളാണ്. ഈ സഭയിലെ ഏതു വൈദികനാണ്, മെത്രാനാണ് മരിച്ചുപോയ ഈ കുഞ്ഞിനെ ‘എന്റെ കുഞ്ഞ്’ എന്നു പറഞ്ഞിട്ടുള്ളത്. ഒരുപാട് പള്ളികളില്‍ കുറ്റാരോപിതരായ മനുഷ്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ട്, അവര്‍ അഭിഷിപ്തരാണ് എന്നൊക്കെ പറഞ്ഞ്. അഭയയ്ക്കുവേണ്ടി ഏതു പള്ളിയിലാണ് പ്രാര്‍ത്ഥന ഉയര്‍ന്നത്? - അഭയ കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിൽ വൈദികൻ കൂടിയായ ലേഖകൻ എഴുതുന്നു
23 Dec 2020, 02:54 PM
അഭയ കേസിലെ പ്രതികളായ വൈദികനും കന്യാസ്ത്രീക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. എന്നാല്‍, ചില ചോദ്യങ്ങൾ ബാക്കിയാകുന്നു: കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷത്തിനുളളില്‍, കേരളത്തില്‍ 20 ഓളം കന്യാസ്ത്രീകള്‍ മഠങ്ങളിലെ കിണറുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അവരെങ്ങനെ മരിച്ചു, ആത്മഹത്യ ചെയ്തതാണെങ്കില്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നൊരു അന്വേഷണം നടത്തേണ്ടതല്ലേ? കുറ്റകരമായ മൗനം അതിലുണ്ട്.
അപമാന ഭാരംകൊണ്ട് ശിരസ് കുനിക്കുകയാണ് ഞങ്ങളെപ്പോലുള്ള വൈദികര്‍. നമ്മുടെ നേതൃത്വമാണ് ഈ നിശബ്ദതയിലൂടെ ക്രിമിനല്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നത്. ബലാത്സംഗ ആരോപിതനായ ഒരു ബിഷപ്പ് പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുകയാണ്, അദ്ദേഹത്തെ എന്തുകൊണ്ട് മാറ്റിനിര്‍ത്തുന്നില്ല. 28 വര്‍ഷമായി അഭയയാണ് സമൂഹത്തില്‍ വേട്ടയാടപ്പെടുന്നത്. ഈ കേസിലെ പ്രതികളും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരുമായ വൈദികനെയും കന്യാസ്ത്രീയെയും എന്തുകൊണ്ട് മാറ്റിനിര്‍ത്തുന്നില്ല?
ആരാണ് കുറ്റക്കാര്‍?
അഭയ കേസ് വിധിയെ രണ്ടുതരത്തില്‍ നോക്കിക്കാണാം. വിധി വരാന്‍ 28 വര്‍ഷം വൈകിയെന്നത് പ്രാഥമികമായി ഒരു ജനാധിപത്യ സംവിധാനത്തിന്റെ വീഴ്ചയായിട്ടാണ് ഞാന്‍ കാണുന്നത്. മതനേതാവോ, സമുദായ നേതാവോ രാഷ്ട്രീയ നേതാവോ സമൂഹത്തില്‍ സ്വാധീനമുള്ളവരോ അല്ലാത്തവരോ ആയ ആളുകള്‍ ഒരു കേസില്‍ പ്രതിയായി വന്നാല്‍, ആ കേസില്‍ നീതി വൈകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പരാജയമാണ്. കേരളത്തിലെ കത്തോലിക്കാസഭയിലെ ഒരു നേതാവിനെതിരെ 17 കേസുകളാണ് കോടതിയിലുള്ളത്. ആ കേസിന്റെ അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. എന്നു പറഞ്ഞാല്‍ അതില്‍ ആരാണ് തെറ്റുകാര്‍?. സഭയല്ലല്ലോ. സഭയും സഭയുടെ ആള്‍ക്കാരുമല്ലല്ലോ അയാളെ അറസ്റ്റു ചെയ്യേണ്ടത്, അന്വേഷണം നടത്തേണ്ടത്.

ഫ്രാങ്കോ കേസില്‍ കുറ്റാരോപിതനെ അറസ്റ്റു ചെയ്യാന്‍ വൈകിയതുകൊണ്ടാണ് സമരമുണ്ടായത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്തിട്ടുവേണം നീതി കിട്ടാന്‍ എന്നുവന്നാല്‍ അവിടുത്തെ നിയമവാഴ്ചയ്ക്ക് എന്തു പ്രസക്തി?
മതനേതൃത്വത്തിനും സമുദായ നേതൃത്വത്തിനും കീഴടങ്ങി നില്‍ക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് നമ്മള്‍ ഇവിടെ കാണുന്നത്. ആദ്യം പഴി പറയേണ്ടത് ഇവിടുത്തെ ജനാധിപത്യ സംവിധാനത്തെ താങ്ങിനിര്‍ത്തുന്ന, ഭരണണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയുമാണ്.
സഭ സമൂഹത്തിനു മുമ്പില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുന്നു
രണ്ടാമത്തെ കാര്യം; 28 വര്‍ഷമായി അഭയ കേസ് നടക്കുമ്പോഴും ഇതിലെ കുറ്റാരോപിതര്‍ ധാര്‍മികയും ആത്മീയതയും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളായി ആ സ്ഥാനത്ത് തുടരുന്നുവെന്നതാണ് അതിനേക്കാള്‍ ഭീകരമായത്. ഒരു മതനേതൃത്വത്തിന്റെ, വൈദികന്റെ അല്ലെങ്കില്‍ സന്യാസിനിയുടെ നിലനില്‍പ്പ് ഭരണഘടനാപരമായ നിലനില്‍പ്പല്ല. ഭരണഘടനയില്‍ അവര്‍ക്ക് പ്രത്യേകിച്ച് സ്ഥാനം പറയുന്നില്ലെങ്കിലും ഭരണഘടനാപരമായ അധികാരമുള്ള വ്യക്തികളേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവരാണ് അവര്‍.
Related Story: അഭയയുടെ കൊലപാതകം കള്ളന്റെ നീതിബോധം ദാവീദിന്റെ വിജയം
ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ആത്മീയ രംഗത്തുള്ള വ്യക്തിത്വങ്ങള്‍ക്ക് രാഷ്ട്രീയ രംഗത്തുള്ളവരേക്കാള്‍ കൂടുതല്‍ സ്ഥാനം കൊടുക്കുന്നുണ്ട് സമൂഹം. എന്താണെന്നുവെച്ചാല്‍, അവര്‍ നിസ്വാര്‍ത്ഥരായി, വീടുപേക്ഷിച്ച്, കുടുംബ ജീവിതം ഇല്ലാതെ, സമൂഹത്തിനുവേണ്ടി ജീവിക്കുന്നവരാണ്. ഒരുപക്ഷെ, ഇന്ത്യയില്‍ ഒരു വൈദികന്‍, ക്രിസ്തുവിന്റെ പിന്‍ഗാമിയായി ജീവിക്കുമ്പോള്‍, അയാളെ ജാതിമതഭേദമന്യേ സമൂഹം കാണുന്നത് ക്രിസ്തുവിന്റെ സ്ഥാനത്താണ്.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിലാണെങ്കിലും അഭയ കേസിലാണെങ്കിലും നമ്മള്‍ കാണുന്നത്, സഭാ നേതൃത്വം പൗരോഹിത്യത്തിനൊപ്പം- അത് മെത്രാനായിരിക്കാം, വൈദികനായിരിക്കാം- അചഞ്ചലമായി നിലകൊള്ളുന്നതാണ്. കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ ഞങ്ങള്‍ ഒരു സമരം സംഘടിപ്പിച്ചപ്പോള്‍ ആ സമരം നടത്താന്‍ പാടില്ലെന്നുപറഞ്ഞ് എനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. അപ്പോള്‍ ഒരു സുഹൃത്ത്, കോര്‍പ്പറേറ്റ് ഫീല്‍ഡില്‍ 25 വര്‍ഷത്തെ അനുഭവ സമ്പത്തുള്ളയാളാണ്, പറഞ്ഞത് ഇതാണ്: ‘‘ഞാന്‍ കഴിഞ്ഞ 30 വര്‍ഷക്കാലം 24 രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഒരു കോര്‍പ്പറേറ്റ് ഫീല്‍ഡില്‍ സി.ഇ.ഒയായി റിട്ടയര്‍ ചെയ്തയാളാണ്. ഞങ്ങള്‍ കച്ചവടം നടത്തുന്നയാള്‍ക്കാരാണ്, ഞങ്ങളുടെ സ്ഥാപനത്തില്‍ എം.ഡിക്കെതിരെയോ സി.ഇ.ഒക്കെതിരെയോ അവിടുത്തെയൊരു തൂപ്പുകാരി പരാതി തന്നാല്‍ ആ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പ്രാഥമിക അന്വേഷണം നടത്തി, കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം മാറി നില്‍ക്കാന്‍ പറയും. കച്ചവട സ്ഥാപനത്തിനുള്ളൊരു ധാര്‍മികത, ധാര്‍മികതയുടെ പ്രചാരകരും വക്താക്കളുമായിട്ടുള്ള നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇല്ലാത്തത്.''

കുറ്റാരോപിതനായാല്‍, ക്രിമിനല്‍ കേസില്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ക്കുപോലും ആ സ്ഥാനത്തുനിന്ന് മാറി നിന്നേ പറ്റൂ. അല്ലാതെ ജനം സമ്മതിക്കില്ല. രാഷ്ട്രീയ വ്യവസ്ഥയിലും കോര്‍പ്പറേറ്റു ഫീല്‍ഡിലും പുലര്‍ത്തുന്ന മിനിമം ധാര്‍മികത ഇവിടെയില്ല. കോടതി അഭയക്കേസ് പ്രതികളെ കുറ്റക്കാരായി വിധിച്ചിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ സഭയാണ് സമൂഹത്തിനു മുമ്പില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുന്നത്. അങ്ങനെ അപമാനിതരായി നില്‍ക്കുന്ന സഭ രാഷ്ട്രീയ നേതൃത്വത്തോട് കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അശക്തരാണ്. രാഷ്ട്രീയ വ്യവസ്ഥ, അത് സ്റ്റേറ്റ് ഗവണ്‍മെന്റാകട്ടെ, സെന്‍ട്രല്‍ ഗവണ്‍മെന്റാകട്ടെ, ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാതകത്തിനെതിരെയും ചെറുവിരലമര്‍ത്താന്‍ ശേഷിയില്ലാത്ത വ്യക്തികളായി, സമൂഹമായി സഭ അധഃപതിച്ചതിന്റെ കാരണം ഈ ധാര്‍മികത നഷ്ടപ്പെട്ടതാണ്.
അടയ്ക്കാ രാജുവാണ് ആത്മീയ മനുഷ്യന്‍
അഭയ കേസുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെ പ്രത്യേകമായി എടുത്തുപറയേണ്ടതുണ്ട്, അടയ്ക്കാ രാജുവെന്നു പറയുന്ന ആ മനുഷ്യനെ ആത്മീയ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുകയാണ്. കാരണം ആത്മീയത നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനില്‍ക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളന്‍ എന്ന വാക്ക് പറയുമ്പോള്‍ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോള്‍ തന്നെ കളളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളര്‍ന്നൊരാളല്ല. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഈ സമൂഹത്തിനാണ്. കടുത്ത ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടുമായിരിക്കണം ആ മനുഷ്യന്‍ കള്ളനായത്.
വ്യഭിചാരത്തിന് പിടിക്കപ്പെട്ട പെണ്‍കുട്ടിയോട് ‘മകളേ നീ പോകൂ' എന്നു പറഞ്ഞയാളാണ് യേശു. അവളെ കല്ലെറിനായിരുന്നവരോട് "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'യെന്നാണ് യേശു പറഞ്ഞത്. അതുപോലെ ഇവനെ കള്ളനെന്നു വിളിക്കുന്ന നമ്മളിലാണ് ആദ്യം പാപമുള്ളത്. ഈ സമൂഹത്തിനാണ് കുഴപ്പമുള്ളത്. ഈ സമൂഹത്തിന്റെ മറ്റൊരു നെറികേടുകൊണ്ടാണ് അയാള്‍ കള്ളനായത്. ആത്മീയ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ കള്ളനാവുകയും അവരുടെ വസ്ത്രം കണ്ട് ഇവര്‍ ആത്മീയ മനുഷ്യരാണൈന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ആത്മീയത തൊട്ടുതീണ്ടിയിട്ടില്ല അവര്‍ക്ക്.

രാജു പറഞ്ഞ ഒരു വാചകമുണ്ട്; ‘എന്റെ കുഞ്ഞിന് നീതി കിട്ടി'. അഭയ എന്ന പെണ്‍കുട്ടി അവരുടെ ജീവിതം മാറ്റിവെച്ച്, സഭാ സേവനത്തിന്, സമൂഹ സേവനത്തിന് ഇറങ്ങിത്തിരിച്ചവളാണ്. ഈ സഭയിലെ ഏതു വൈദികനാണ്, മെത്രാനാണ് മരിച്ചുപോയ ഈ കുഞ്ഞിനെ ‘എന്റെ കുഞ്ഞ്’ എന്നു പറഞ്ഞിട്ടുള്ളത്. ഒരുപാട് പള്ളികളില്‍ ഈ കുറ്റാരോപിതരായ മനുഷ്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ട്, അവര്‍ അഭിഷിപ്തരാണ് എന്നൊക്കെ പറഞ്ഞ്. അഭയയ്ക്കുവേണ്ടി ഏതു പള്ളിയിലാണ് പ്രാര്‍ത്ഥന ഉയര്‍ന്നത്?
തിരുവല്ലയില്‍ മരിച്ച കന്യാസ്ത്രീയായ ഒരു പെണ്‍കുട്ടിയെ ആരും ഓര്‍ക്കുന്നില്ല. എന്ത് ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്? അവരെ പുറത്താക്കാന്‍ സഭ എത്ര തിടുക്കം കാണിച്ചു. സൂക്ഷമായ നീക്കം നടത്തി. അഭയക്കേസിലെ കുറ്റാരോപിതരെയോ?
സഭയും മക്കളും പഠിക്കേണ്ടത് ഇവരിൽനിന്ന്
ജനാധിപത്യ സംവിധാനം പരാജയപ്പെടാന്‍ സാധ്യതയുള്ളിടത്ത് ഒരു മനുഷ്യന്റെ നിതാന്ത ജാഗ്രതയും തീവ്രമായ അന്വേഷണവും എങ്ങനെയാണ് ഒരു കേസ് വിജയിപ്പിച്ചതെന്നതിന്റെ ഉദാഹരണമാണ് അഭയ കേസ് വിധി. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന മനുഷ്യന്‍ അദ്ദേഹത്തിന്റെ കുടുംബ ജീവിതവും വ്യക്തിജീവിതത്തിലെ മറ്റെല്ലാ തിരക്കും മാറ്റിവെച്ച്, സാമ്പത്തിക നേട്ടങ്ങള്‍ക്ക് പിറകേ പോകാതെ നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ കേസിന്റെ വിജയം. യഥാര്‍ത്ഥ ക്രിസ്തീയത, അത് നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുകയാണ് എന്നത് പുതിയ കാലഘട്ടത്തിലെ വിശ്വാസി സമൂഹത്തിന് വലിയ പാഠമാണ്. നിസംഗതയും നിശബ്ദതയും ഭയവുമല്ല ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്ര, അചഞ്ചലമായ നീതിബോധവും, നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടവുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നിലകൊളളുന്നു. ജോമോന്‍ പുത്തന്‍ പുരയ്ക്കലില്‍ നിന്നും അടയ്ക്കാ രാജുവില്‍ നിന്നുമാണ് സഭയും സഭയുടെ മക്കളും പഠിക്കേണ്ടത്.
കന്യാസ്ത്രീകള്‍ക്ക് സഭയില്‍ അടിമ സമാനമായ അവസ്ഥ
അടിമ സമാനമായ അവസ്ഥയാണ് കന്യാസ്ത്രീകള്‍ക്ക് സഭയ്ക്കുള്ളിലുള്ളത്. ഒരു കന്യാസ്ത്രീ ഒരു ബിഷപ്പിനെതിരെ പരാതിപ്പെട്ടപ്പോള്‍ മറ്റൊരു കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കാനെത്തിയില്ല. ഭയം തന്നെയാണ് കാരണം. ഒരു കന്യാസ്ത്രീ സ്വന്തം സഹോദരിയെപ്പോലെ കരുതേണ്ട മറ്റൊരു കന്യാസ്ത്രീയുടെ കൊലപാതകത്തിന് ഉത്തരവാദിയായപ്പോള്‍ അത് ശരിയല്ലയെന്നു പറയാന്‍ ഇവിടെയാരുമില്ല. ആരോപണ വിധേയയായ കന്യാസ്ത്രീ തെറ്റുകാരിയല്ലയെന്നു പറയുകയാണവര്‍. കൊല്ലപ്പെട്ടവള്‍ക്കുവേണ്ടിയല്ല കൊലയ്ക്ക് ഉത്തരവാദിയായവര്‍ക്കുവേണ്ടിയാണ് അവര്‍ കണ്ണീരൊഴുക്കിയത്.
ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതിയായി ഇവിടെ ജീവിക്കുന്നു, മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതിയായി വിചാരണ നേരിടുന്നു. ഒരു വൈദികന്‍ ഒരു കന്യാസ്ത്രീയെ കൊന്ന കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നു. മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന്റെ പേരില്‍ പോക്സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു, അപ്പോഴെല്ലാം മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹവും നിശബ്ദരായി നില്‍ക്കുകയായിരുന്നല്ലോ. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനും, പുരോഹിതരുടെ ഭാഗത്തുനിന്ന് തെറ്റുകളുടെ എണ്ണം കൂടിവരാനും ഒരു കാരണം ഈ നിശബ്ദതയാണ്. ഈ നിശബ്ദതയുടെ പിന്നില്‍ വലിയൊരു ഭയമുണ്ട്. കുട്ടിക്കാലം മുതല്‍ പൗരോഹിത്യം പറഞ്ഞു പരിചയപ്പെടുത്തിയ ഒരു ആശയലോകം അവരുടെ തലയ്ക്കകത്ത് ഉള്ളതുകൊണ്ടാണ് ഈ ഭയമുണ്ടാകുന്നത്.

പുരോഹിതനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് പാപം കിട്ടും, പല തലമുറകള്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരാകും എന്ന് ഈ പുരോഹിതന്മാര്‍ പള്ളിയില്‍ നിന്നും ധ്യാനകേന്ദ്രത്തില്‍ നിന്നും മറ്റു പല പ്രാര്‍ത്ഥനകളിലൂടെയും പറഞ്ഞുറപ്പിക്കുന്നത് കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നവരാണ് വിശ്വാസികള്‍. അതുകൊണ്ട് പല കാര്യത്തിലും അഭിപ്രായം തുറന്നു പറയാന്‍ അവര്‍ക്ക് ധൈര്യം കിട്ടുന്നില്ല. കത്തോലിക്ക സഭയിലേതേപോലെ, മറ്റൊരു സമൂഹത്തിലും ഇത്രമാത്രം അടിമത്തം അല്ലെങ്കില്‍ ഭയം ഉണ്ടെന്ന് തോന്നുന്നില്ല.
നിര്‍ബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം
ബ്രഹ്മചര്യം എന്നത് നിര്‍ബന്ധമുള്ള കാര്യമാണെന്ന് ക്രിസ്തു അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞിട്ടില്ല. ഇത് പിന്നീട് ചരിത്രത്തിലൂടെ മുന്നോട്ടുവരുമ്പോള്‍ സംഭവിച്ച ഒരു കാര്യമാണ്. കത്തോലിക്ക സഭയില്‍ മാത്രമാണ് വൈദികന്മാര്‍ നിര്‍ബന്ധപൂര്‍വമുള്ള ബ്രഹ്മചര്യം പാലിക്കുന്നത്. കേരളത്തിലെ സുറിയാനി കത്തോലിക്കാ സഭയില്‍ 18ാം നൂറ്റാണ്ടുവരെ അച്ഛന്മാര്‍ കല്ല്യാണം കഴിച്ച് ജീവിച്ചവരാണ്. ഉദയംപേരൂര്‍ സുഹന്നദോസിനുശേഷമാണ് ഇവിടുത്തെ അച്ഛന്മാര്‍ കല്ല്യാണം കഴിക്കാതിരുന്നത്. കേരളത്തിലെ ക്രിസ്ത്യാനി പാരമ്പര്യം അങ്ങനെയാണ്.
വളരെ വിപ്ലവകരമായ ചിന്തകളും നീക്കങ്ങളുമൊക്കെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാലത്ത് സഭ നടത്തുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അനുഭാവ പൂര്‍ണമായ നിലപാടാണ് മാര്‍പ്പാപ്പ എടുത്തിരിക്കുന്നത്. അവരെപ്പറ്റി പറയുന്നതും ചര്‍ച്ച ചെയ്യുന്നതും പാപവും പാതകവുമായി കണക്കാക്കിയിരുന്ന കാലത്ത് അവരെ അനുഭാവപൂര്‍വ്വം നോക്കിക്കാണുന്നുവെന്നത് സഭയുടെ മനസ് മാറുന്നുവെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഈ പുതിയ കാലത്ത് നിര്‍ബന്ധിത ബ്രഹ്മചര്യം എന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കണം.
ഫ്രാങ്കോ കേസ്, കൊട്ടിയൂര്‍ പീഡനക്കേസ് തുടങ്ങിയ സംഭവങ്ങളൊക്കെ കാണിക്കുന്നത്, നിര്‍ബന്ധിത ബ്രഹ്മചര്യം എന്നത് ഗുണകരമായ ഒന്നല്ല എന്നാണ്. അമേരിക്കയിലൊക്കെ ഒരുപാട് വൈദ്യകര്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. അതിന് നഷ്ടപരിഹാരം കൊടുത്താണ് രൂപതകള്‍ അടച്ചുപൂട്ടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിത ബ്രഹ്മചര്യം എന്നത് പുനഃപരിശോധനയ്ക്ക് സഭ വിധേയമാക്കേണ്ടിവരും. എന്നാല്‍ അതുകൊണ്ട് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടണമെന്നില്ല. വിവാഹം കഴിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് വിവാഹം കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അതൊരു ചോയ്സ് ആയി വെക്കണം.
Thomas T
28 Dec 2020, 12:02 PM
This is very true. Only because of the fight for justice by Jomon & action council that justice is served to sister Abhaya. If you go & talk to local parisheners in Kalluruti & other cases where bodies of sisters found in the well, they have a story to say. Culprits are at large..As these victims does not have a crusader to take up their case. Time is never late to serve justice to the innocent souls.
രാജു പാലത്തായി, തലശ്ശേരി
27 Dec 2020, 09:32 PM
ഇത്തരം പ്രമാദമായ കേസുകൾ വിധിയാകാൻ ഇങ്ങിനെ അന്തമായി നീളരുത് . പ്രത്യേക കോടതിയിൽ രണ്ടുവർഷത്തിനുള്ളിൽ വിധിയുണ്ടാകണം
Arjun
27 Dec 2020, 09:21 AM
Great brain explorion for society ..... people really need to think their religious wisdom if they have wisdom ....
BabuN Joseph
26 Dec 2020, 03:13 PM
നമിക്കുന്നു, അങ്ങയുടെ ധൈരൃത്തിന്റെയും സതൃസന്ധതയുടെയും മുന്നിൽ. സി.ലൂസിയുടെ അവസ്ഥ മുന്നിൽ ഉണ്ടായിട്ടും അങ്ങ് കാണിച്ച് ധീരതയുടെ മുന്നിൽ.
Shibujames
26 Dec 2020, 11:19 AM
Father telling truth
Sasidharan.
25 Dec 2020, 04:52 PM
It is a great achievement. Feeling proud of Advocate Jo Mon .
Varghese Padanilath
24 Dec 2020, 04:51 PM
ഈ യാഥാർത്ഥ്യങ്ങൾ സത്യസന്ധമായി വിവരിച്ച വൈദിക ശ്രേഷ്ഠനായ അങ്ങേയ്ക്ക്. അഭിനന്ദനങ്ങൾ. ഓരോ ക്രിസ്ത്യാനിയുടെയും മനസ്സിൽ. കൊണ്ടുനടക്കുന്ന ചോദ്യങ്ങൾ തന്നെയാണ് ഈ വൈദികനും ചോദിച്ചിരിക്കുന്നത്. ദിവ്യ ബലി അർപ്പിക്കുവാൻ ഇവർക്കുള്ള യോഗ്യത എന്താണ്. ഒരു ക്രിസ്ത്യാനി. അനുവർത്തിച്ചു പോരേണ്ട. വിശ്വാസസത്യങ്ങൾ ഇവരിലാർക്ക് ഉണ്ട്. പത്തു കല്പനകളും പൂർണമായി. പാലിച്ചിട്ടുണ്ട് എന്ന് നെഞ്ചിൽ തൊട്ട്. സത്യം ചെയ്യുവാൻ എത്ര വൈദികർക്ക് സാധിക്കും. ഇവർ ജീവിച്ച് വരുന്നതിനേക്കാൾ എത്രയോ ആത്മീയമായി. വിശ്വാസം സംരക്ഷിച്ചു ജീവിക്കുന്ന. ക്രിസ്തീയ വിശ്വാസികൾ ഇന്ന് ഇവിടെ ഉണ്ട്. ഞങ്ങളൊക്കെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും കുപ്പായം ഇട്ടു കൊണ്ടല്ലേ ഇപ്പോൾ വൃത്തികേടുകൾ കാണിക്കുന്നത്.. പറഞ്ഞാൽ തീരാത്ത വിധത്തിലുള്ള അമർഷവും.. വേദനയും കൊണ്ട് പറഞ്ഞുപോയതാണ്. ഒരു ക്രിസ്തീയ വിശ്വാസി....
Kuriakose P.J
24 Dec 2020, 12:58 PM
Be away from organized bad materialistic set up. Jesus Christ, preached the good news, now it's not there. New generation is away from what we had in the childhood. New generation is away from values and these immoral priests and nuns and even bishops lead them illicit practices and tell them it's natural and nothing to worry. Please see what happens nowadays. So a complete transformation in the set up is to be recommended. Let's hope good.
Lester
24 Dec 2020, 10:22 AM
Fr Augustine vattoly anghu paranjathu valara curroct kariyam Anu
ബി.ശ്രീജന്‍
Jan 03, 2021
11 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read
ഗീത
Nov 22, 2020
27 Minutes Watch
അലി ഹൈദര്‍
Oct 22, 2020
13 Minutes Read
സബരിത
Sep 04, 2020
5 Minutes Read
ഒരു സംഘം ലേഖകർ
Aug 22, 2020
8 Minutes Read
J. Joseph
29 Dec 2020, 07:57 PM
Fr. Augstine, താങ്കളെപോലുള്ളവർ ഈ കാലഘട്ടത്തിൽ ഞങ്ങളിൽ വളരെ പ്രതീക്ഷ നൽകുന്നു. നന്മയുടെ തിരിനാളമായി ഇനിയും പ്രകാശം പരത്തുക. എല്ലാ നന്മകളും നേരുന്നു