ഘാന കളിച്ചു, പോർച്ചുഗൽ ജയിച്ചു

കളി ജയിച്ചത് പോർച്ചുഗൽ ആണെങ്കിലും മനോഹരമായ എണ്ണം പറഞ്ഞ ഗോളുകൾ ഘാനയുടെ തന്നെ. റൊണാൾഡോയുടെ ആരാധകൻ ആണെങ്കിലും, ഘാനയുടെ കളിയായിരുന്നു മികച്ചത് എന്ന് പറയാതെ വയ്യ.

80 കളിലാണ് ആദ്യമായി ഫിഫ ലോകകപ്പ് മത്സരങ്ങൾ കണ്ടു തുടങ്ങിയത്. അന്നുമുതൽ ആ സ്റ്റേഡിയങ്ങളിലിരുന്ന് ആർപ്പ് വിളിക്കുന്ന കാണികൾ എത്ര ഭാഗ്യവാന്മാരാണ് എന്നും, നമുക്കൊക്കെ ഇത്തരം ഭാഗ്യങ്ങൾ ജീവിതത്തിലൊരിക്കലും ഉണ്ടാവാൻ പോകുന്നില്ല എന്നുള്ള തോന്നലും ഉണ്ടായിരുന്നു.

ഖത്തർ വേൾഡ് കപ്പ്, എന്നെ പോലുള്ള അനേകായിരം മലയാളികൾക്ക് ആ ഭാഗ്യം കൊണ്ട് തന്നിരിക്കുന്നു. ഖത്തർ വേൾഡ് കപ്പ് പ്രഖ്യാപിച്ച അന്നുമുതൽ ആ ഭാഗ്യം എത്തിപ്പിടിക്കണം എന്നുള്ള ചിന്തയായിരുന്നു.

ടിക്കറ്റ് വില്പന തുടങ്ങുന്ന ദിവസം തന്നെ ശ്രമം ആരംഭിച്ചെങ്കിലും വൈകുന്നേരം വരെ വെർച്വൽ ക്യൂവിൽ കയറാൻ സാധിച്ചില്ല. രാത്രി ലോഗിൻ ചെയ്തു കയറാൻ പറ്റിയെങ്കിലും, ക്യൂവിൽ മുന്നിലെത്താൻ പിന്നെയും കടമ്പകളുണ്ടായിരുന്നു. ഉറക്കം വന്നപ്പോൾ ലാപ്ടോപ് ഓഫാക്കാതെ ഉറങ്ങി. രാവിലെ നോക്കിയപ്പോൾ ക്യൂ പ്രൊസീജ്യർ സക്​സസ്​ ആയതായി കണ്ടെങ്കിലും ഓഫീസിലേക്ക് പോകാലുള്ളതിനാൽ അതിൽ കയറാൻ പറ്റിയില്ല.

വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിലെത്തിയയുടൻ ടിക്കറ്റ് പരതാൻ തുടങ്ങി. മലയാളി എന്ന നിലയിൽ അർജന്റീനയിൽ തുടങ്ങിയെങ്കിലും അതെല്ലാം വിറ്റ് പോയിരുന്നു. പ്രമുഖ ടീമുകളുടെ എല്ലാം അഫോഡബിൾ ടിക്കറ്റുകൾ വിറ്റ് പോയിരിക്കുന്നു. പിന്നീട് ചെറുകിട ടീമുകൾ നോക്കാൻ തുടങ്ങി. അങ്ങനെയാണ് ഘാനയിലേക്ക് എത്തുന്നത്. ആഫ്രിക്കൻ കരുത്തന്മാരാണ് ഘാന. അങ്ങിനെ ഘാന അടങ്ങുന്ന H ഗ്രൂപ്പിലെ ഘാനയുടെ മൂന്ന് കളികൾക്കുള്ള ടിക്കറ്റ് കിട്ടി. അതിൽ ഒരു കളി പോർച്ചുഗലിനോനാണ്. ഇഷ്ടതാരം റൊണാൾഡോയുടെ അവസാന മാച്ച് ആയതിനാൽ റോണോ അടങ്ങുന്ന പോർച്ചുഗലിനെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.

ടിക്കറ്റ് നോക്കി ഇരിപ്പിടം കാണിച്ചുതന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി

ഇന്നലെ രാത്രി അബുദാബിയിൽ നിന്ന്​ ഖത്തറിലേക്ക് പുറപ്പെടുമ്പോൾ തന്നെ ഒരു ലോകകപ്പിന്റെ പ്രസരിപ്പ്, ഊർജ്ജം, ലോകനിലവാരത്തിലുള്ള സർവീസ് തുടങ്ങിയവ അനുഭവിച്ചു തുടങ്ങിയിരുന്നു. വിമാനത്തിലും എയർപോർട്ടിലും എല്ലാം എല്ലാം ലോകത്തിന്റെ ഒരു മിനിയെചർ കാണാൻ തുടങ്ങിയത് പോലെ.

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയപ്പോൾ അത് പാരമ്യത്തിലെത്തി. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കാണികൾ. എല്ലാവരും സന്തോഷം ഉത്സാഹം നിറഞ്ഞവർ. Hayya കാർഡുള്ള വിദേശ കാണികളെ ഖത്തർ ഏക മനസ്സോടെ സ്വീകരിക്കുന്നു. എല്ലാ കാര്യങ്ങളും ചെയ്ത് 15 മിനുട്ട് കൊണ്ട് പുറത്ത് കടത്തുന്നു. ഫ്രീ ആയി രണ്ടുദിവസം മുതൽ 7 ദിവസം വരെ കാളും ഡാറ്റയും ഉള്ള സിം കാർഡ് മുതൽ മെട്രോ ബസ് മുതലായവ എല്ലാം കളികാണാൻ എത്തുന്നവർക്ക് ഫ്രീ. മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ നെഗറ്റീവ് കാര്യങ്ങൾ എവിടെയും കാണാൻ കഴിഞ്ഞില്ല.

എന്റെ ആദ്യ മത്സരം, പോർച്ചുഗലും ഘാനയും തമ്മിൽ. എല്ലാ ആവേശവും നിലനിർത്തിക്കൊണ്ടുതന്നെ ഓരോ കാണിക്കും സ്റ്റേഡിയത്തിൽ വളരെ സൗകര്യപ്രദമായി പ്രവേശിക്കാൻ പാകത്തിൽ ബസുകളും മെട്രോയും ഒക്കെ സജ്ജീകരിച്ചിരിക്കുന്നു. സഹായിക്കാൻ എങ്ങും വളന്റിയർമാർ. സന്തോഷത്തോടെയാണ്​ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. ടിക്കറ്റ് നോക്കി ഇരിപ്പിടം കാണിച്ചുതന്നപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി. ഗ്രൗണ്ടിനു തൊട്ടടുത്ത്​ ഏറ്റവും മുന്നിലുള്ള വരിയിൽ ഗോൾ പോസ്റ്റിനും കോർണർ കിക്ക് പോയിന്റിനും ഇടയിൽ.

പോർച്ചുഗൽ- ഘാന മത്സരം മനോഹരമായിരുന്നു. ആദ്യ പകുതിയിൽ ക്രിസ്ത്യാനോ റൊണാൾഡോയെയും ഫെലിക്സിനെയുമൊക്കെ തൊട്ടടുത്തു കാണാൻ പറ്റിയ ആവേശമുണ്ടായിരുന്നുവെങ്കിലും കളി വേണ്ടത്ര ചൂട് പിടിച്ചില്ല. കിട്ടിയ ഒന്ന് രണ്ട് അവസരങ്ങൾ പാഴാക്കുകയും ചെയ്തു. റൊണാൾഡോക്കും കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാത്തതുപോലെ. എന്നാൽ അപ്പുറത്ത് ആഫ്രിക്കൻ കരുത്തന്മാർ അവരുടെ സ്ഥിരം ശൈലിയിൽ സ്വന്തം കരുത്ത് സംഭരിച്ചു വെക്കുകയും, എതിരാളികളുടെ കരുത്ത് പരമാവധി ചോർത്തുന്ന തന്ത്രം മെനയുന്നതു പോലെയും തോന്നി. ആൻഡ്റേ അയൂ ഇടക്കിടക്ക് ഒരു മുന്നേറ്റം നടത്തുന്നു എങ്കിലും കാര്യമായി ഒന്നും സംഭവിക്കാതെ ഒന്നാം പകുതി അവസാനിച്ചു.

അഞ്ചു ലോകകപ്പ് കളിച്ചതിൽ അഞ്ചിലും ഗോൾ അടിച്ച വ്യക്തി. കളിയിലെ കേമൻ ആയി തിരഞ്ഞെടുത്തതും CR7 നെ തന്നെ.

രണ്ടാം പകുതിയിൽ കളി കാര്യമാവാൻ തുടങ്ങി. ആദ്യപകുതിയിൽ കാർഡുകൾ എടുക്കാൻ മറന്ന പോലെ തോന്നിച്ച റഫറി, കർക്കശക്കാരൻ ആവുകയും മഞ്ഞക്കാർഡുകൾ പുറത്തെടുക്കാൻ തുടങ്ങുകയും ചെയ്തു. അങ്ങിനെയാണ്, 65-ാം മിനുട്ടിൽ റൊണാൾഡോയുടെ മുന്നേറ്റം തടയാൻ കായികമായി ശ്രമിച്ചതിന്റെ പേരിൽ പെനാൽറ്റി അനുവദിച്ചത്. റൊണാൾഡോ അത് ഗോളാക്കി കൊണ്ട് മറ്റൊരു ചരിത്രം കൂടി തന്റെ പേരിൽ ആക്കി. അഞ്ചു ലോകകപ്പ് കളിച്ചതിൽ അഞ്ചിലും ഗോൾ അടിച്ച വ്യക്തി. കളിയിലെ കേമൻ ആയി തിരഞ്ഞെടുത്തതും CR7 നെ തന്നെ. (അത്രക്ക് കേമത്തം കാണിച്ചില്ലേലും)

73 -ാം മിനുട്ടിൽ ആൻഡ്രേ അയൂവിന്റെ മനോഹര ഗോളിലൂടെ ഘാന സമനില പിടിച്ചെങ്കിലും തൊട്ടടുത്തു തന്നെ 78, 80 മിനുട്ടുകളിൽ പോർച്ചുഗൽ ഫെലിക്സിലൂടെയും റാഫെൽ ലിയോ യിലൂടെയും ലീഡ് ഉയർത്തി.
ആഫ്രിക്കൻ കറുത്തന്മാർ പക്ഷേ തളർന്നു പോയില്ല, 89 ആം മിനുട്ടിൽ ഓസ്മാൻ ബുകാരിയുടെ മറ്റൊരു ത്രില്ലിംഗ് ഗോളിലൂടെ ഘാന രണ്ടാം ഗോൾ അടിച്ചു.
കളി ജയിച്ചത് പോർച്ചുഗൽ ആണെങ്കിലും മനോഹരമായ എണ്ണം പറഞ്ഞ ഗോളുകൾ ഘാനയുടെ തന്നെ. റൊണാൾഡോയുടെ ആരാധകൻ ആണെങ്കിലും, ഘാനയുടെ കളിയായിരുന്നു മികച്ചത് എന്ന് പറയാതെ വയ്യ.

Comments