2018 ലെ റഷ്യൻ ലോകകപ്പിൽ ബ്രസീൽ സ്വിറ്റ്‌സർലൻഡ് മത്സരത്തിൽ നിന്ന്

ബ്രസീലിന്റെ ഗ്രൂപ്പിൽ കാണാം,​ബ്രസീലിന്റേതല്ലാത്ത ഒരു മരണക്കളി

സെർബിയയും സ്വിറ്റ്സർലന്റും തമ്മിലുള്ള മത്സരത്തിലെ ഫലം ഇരുടീമുകളുടെയും വിധിയെഴുതാനാണ് സാധ്യത. ഈ ടീമുകളുടെ വീറും വാശിയും ബ്രസീലിന്റെ കിരീടമോഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കാത്തിരുന്നു കാണേണ്ട ഒരു കൗതുകം

ലോകകപ്പിലെ ഗ്രൂപ്പ് ജി ആകർഷകമാകുന്നത് കരുത്തരായ ബ്രസീലിന്റെ സാന്നിധ്യം കൊണ്ടാണ്. കപ്പില്ലാതെ കടന്നുപോയ നാലു ടൂർണമെന്റുകൾക്കു ശേഷം ഖത്തറിൽനിന്ന് ബ്രസീൽ മടങ്ങുമ്പോൾ ടിറ്റേയുടെയും കളിക്കാരുടെയും കൈവശം സ്വർണക്കപ്പുണ്ടായിരിക്കുമെന്ന് ബ്രസീൽ ആരാധകരും ഫുട്ബോൾ പ്രേമികളിൽ മോശമല്ലാത്തൊരു പങ്കും പ്രതീക്ഷിക്കുന്നുണ്ട്. റോബർട്ടോ ഫിർമിനോയെ വരെ പുറത്തിരുത്താൻ മാത്രം സമ്പന്നമായ ലോകോത്തരമായ മുന്നേറ്റനിര കോച്ച് ടിറ്റേയുടെ ആക്രമണസിദ്ധാന്തം സാക്ഷാൽക്കരിക്കാൻ തുനിഞ്ഞിറങ്ങിയാൽ ആർക്കു തടുക്കാൻ കഴിയും?

എന്നാൽ ഫുട്ബോളിനു പുറത്തുള്ള കാരണങ്ങളാൽ, ബ്രസീലിന്റേതല്ലാത്ത ഒരു മത്സരമാണ് ആ ഗ്രൂപ്പിൽ ഏറ്റവും ആവേശകരമാകാൻ പോകുന്നത്. ഡിസംബർ മൂന്നിന് റാസ് അബൂ അബൂദ് സ്റ്റേഡിയത്തിൽ യൂറോപ്യൻ ടീമുകളായ സെർബിയയും സ്വിറ്റ്സർലാന്റും തമ്മിലാണ് ആ കളി. 2018 ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ ഇതേ ടീമുകൾ നേർക്കുനേർ വരികയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വിറ്റ്സർലാൻറ്​ ജയിക്കുകയും ചെയ്തപ്പോൾ അക്കാര്യം തെളിഞ്ഞതാണ്. അന്ന് മത്സരം നിയന്ത്രിച്ച ജർമൻ റഫറിയെ ഹേഗിൽ കൊണ്ടുപോയി വിചാരണ ചെയ്യണമെന്നാണ് കുപിതനായ സെർബിയൻ കോച്ച് മ്ളാദൻ കൃസ്തയ്ക് ആവശ്യപ്പെട്ടത്. കളി തോറ്റതിലെ നിരാശയെന്നതിനേക്കാൾ അതൊരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു.

2018-ലേതുപോലെ ബ്രസീലും സെർബിയയും സ്വിറ്റ്സർലാന്റും ഒന്നിച്ചു വരുമ്പോൾ ഒരു മരണഗ്രൂപ്പായി മാറാനുള്ള എല്ലാ യോഗ്യതയും ഇത്തവണ ഗ്രൂപ്പ് ജിയ്ക്കുണ്ട്.

രണ്ട് ലോകമഹായുദ്ധങ്ങളിൽ നിഷ്പക്ഷത പാലിച്ച ചരിത്രമുള്ള സ്വിറ്റ്സർലാന്റിന് സെർബിയയുമായി ഏതെങ്കിലും വിധത്തിലുള്ള ശത്രുതയോ അറിയപ്പെട്ട കുടിപ്പകയോ ഇല്ല. സെർബിയയാവും മുമ്പത്തെ യുഗോസ്ലാവിയയുമായി 1916 മുതൽ സ്വിറ്റ്സർലാന്റിന് നയതന്ത്രബന്ധവുമുണ്ടുതാനും. 2018-ൽ പക്ഷേ, ഒരു ഗോളിനുപിറകിൽ നിന്ന ശേഷം സ്വിറ്റ്സർലാന്റിന് വിജയം സമ്മാനിച്ച രണ്ട് ഗോളുകൾ നേടിയ കളിക്കാരും അവരുടെ ഗോളാഘോഷ ചേഷ്ടകളും രൂക്ഷമായ രാഷ്ട്രീയ തർക്കവിതർക്കങ്ങൾക്ക് കാരണമായി. ഫിഫയുടെ യൂട്യൂബ് ചാനലിലുള്ള ആ മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോയ്ക്ക് പതിനായിരത്തിലേറെ കമന്റുകളുണ്ട്; അവയിൽ ഏറിയ കൂറും രാഷ്ട്രീയ സംവാദ സ്വഭാവമുള്ളവയാണ്.

2018ലെ റഷ്യൻ ലോകകപ്പിൽ സെർബിയ സ്വിറ്റ്‌സർലാൻഡ് മത്സരത്തിൽ നിന്ന്

പരുന്തുകൾ പറന്ന ആ മത്സരം

റഷ്യയിലെ കലിനിൻഗ്രാദ് സ്റ്റേഡിയത്തിൽ അരങ്ങേറിയ 2018-ലെ മത്സരത്തിൽ, തമ്മിൽ കരുത്തരായ സെർബിയ അഞ്ചാം മിനുട്ടിൽ തന്നെ മുന്നിലെത്തിയിരുന്നു. വലതുഭാഗത്തു നിന്ന് ദുസാൻ ടാഡിച്ച് നൽകിയ കുറ്റമറ്റൊരു ക്രോസിൽ അലക്സാന്ദർ മിത്രോവിച്ച് തൊടുത്ത ഹെഡ്ഡർ കിറുകൃത്യമായിരുന്നു. വാശിയേറിയ ആദ്യപകുതിയിൽ പിന്നീട് സമനില ഗോളിനുവേണ്ടിയുള്ള സ്വിറ്റ്സർലന്റിന്റെയും ലീഡ് വർധിപ്പിക്കാനുള്ള സെർബിയയുടെയും അധ്വാനങ്ങൾ ഫലം കണ്ടില്ല. ഇടവേളയ്ക്കു ശേഷം മത്സരം പുനരാരംഭിച്ച് ഏഴാം മിനുട്ടിൽ ബോക്സിനു പുറത്തുനിന്നുള്ള കരുത്തുറ്റ ഒരു ഇടങ്കാലൻ വോളിയിൽ ഗ്രാനിറ്റ് ഷാക്ക സമനില ഗോൾ നേടി. വലതുബോക്സിൽ ഷെർദാൻ ഷാഖിരിയുടെ ഗോൾ ശ്രമം തടഞ്ഞ ഡിഫന്ററുടെ കാലിൽ തട്ടി വന്ന പന്തായിരുന്നു അത്. ഷാക്കയുടെ വെടിയുണ്ടയിൽ നിന്നു രക്ഷപ്പെടാൻ പരിചയസമ്പന്നനായ ഡിഫന്റർ ബ്രാനിസ്ലാവ് ഇവാനോവിച്ചിനു നിലത്ത് കിടക്കേണ്ടി വന്നു. അത് വായുവിൽ സൃഷ്ടിച്ച ഒഴിവിലൂടെ പന്ത് വലയിലേക്ക് കുതിച്ചുകയറി.

ഷാക്കയുടെയും ഷാഖിരിയുടെയും പരുന്തുമുദ്ര ആഘോഷങ്ങൾ പ്രകോപനപരമായ അംഗവിക്ഷേപങ്ങളെന്നും രാഷ്ട്രീയ പ്രസ്താവനകളെന്നുമൊക്കെയാണ് വിശേഷിപ്പിക്കപ്പെട്ടത്.

ഇരുകൈപ്പത്തികൾ ചേർത്ത് വശങ്ങളിലേക്ക് ചിറകുകളുടെ ആകൃതിയിൽ വിടർത്തിവെച്ച് പ്രത്യേക മുദ്ര കാണിച്ചാണ് ഷാക്ക ആ ഗോൾ ആഘോഷിച്ചത്. അൽബേനിയൻ ഇരട്ടപ്പരുന്തായിരുന്നു ആ മുദ്ര. ബാൾക്കൻ രാജ്യമായ കൊസവോയിൽ നിന്ന് കുടിയേറിയ അൽബേനിയൻ കുടുംബത്തിൽ പിറന്ന ഷാക്കയ്ക്ക്, തന്റെ പിതാവിനെ ജയിലിലാക്കുകയും കുടുംബത്തെ നാടുവിടാൻ നിർബന്ധിക്കുകയും ചെയ്ത യുഗോസ്ലാവിയയോയും കൊസൊവോയുടെ സ്വാതന്ത്ര്യം ഇനിയുമംഗീകരിക്കാത്ത സെർബിയൻ ഭരണകൂടത്തോടുമുള്ള പ്രതിഷേധം ലോകത്തിനുമുന്നിൽ പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു അത്.

ഇരുകൈപ്പത്തികൾ ചേർത്ത് വശങ്ങളിലേക്ക് ചിറകുകളുടെ ആകൃതിയിൽ വിടർത്തിവെച്ച് പ്രത്യേക മുദ്ര കാണിച്ചാണ് ഷാക്ക ആ ഗോൾ ആഘോഷിച്ചത്

സ്വിറ്റ്സർലാൻറ്​ ഗോളടിച്ചതോടെ കളിമുറുകി. കുറിയ കാലുകളുടെ ചടുലനീക്കങ്ങളുമായി സെർബിയൻ പ്രതിരോധക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഷെർദാൻ ഷാഖിരി (കൊസവോയിൽ നിന്ന് കുടിയേറിയ മറ്റൊരു അൽബേനിയൻ) 58-ാം മിനുട്ടിൽ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിനെ വിറപ്പിച്ച് മടങ്ങി. 67-ാം മിനുട്ടിൽ സെർബിയയുടെ ശക്തമായ ഒരു പെനാൽട്ടി അപ്പീൽ റഫറി ഫെലിക്സ് ബ്രിച്ച് നിർദയം അവഗണിച്ചു. 90-ാം മിനുട്ടിൽ, സെർബിയയുടെ വിജയതൃഷ്ണയെ തച്ചുടച്ച് അതുവരെയുള്ള അധ്വാനത്തിന്റെ മധുരഫലമെന്നോണം ഷാഖിരി സ്വിറ്റ്സർലന്റിന്റെ വിജയഗോൾ നേടി. അൽബേനിയൻ പരുന്തുമുദ്രയ്ക്കു പുറമെ കുപ്പായം ഊരി ശരീരം പ്രദർശിപ്പിച്ചുകൊണ്ടാണ് ഷാഖിരി ആ വിജയം ആഘോഷിച്ചത്.

കളിക്കുന്ന സ്വിസ് ദേശീയ ടീമിലാണെങ്കിലും തങ്ങളുടെ കൊസൊവാർ - അൽബേനിയൻ പൈതൃകത്തപ്പെറ്റി തുറന്നു സംസാരിക്കാൻ ഗ്രാനിറ്റ് ഷാക്കയും ഷെർദാൻ ഷാഖിരിയും മടി കാണിക്കാറില്ല.

ഷാക്കയുടെയും ഷാഖിരിയുടെയും പരുന്തുമുദ്ര ആഘോഷങ്ങൾ പ്രകോപനപരമായ അംഗവിക്ഷേപങ്ങളെന്നും രാഷ്ട്രീയ പ്രസ്താവനകളെന്നുമൊക്കെയാണ് വിശേഷിപ്പിക്കപ്പെട്ടത്. സെർബിയക്കാരെ പ്രകോപിപ്പിക്കാനുദ്ദേശിച്ചുള്ള ആ ചേഷ്ടകൾ ഫിഫയുടെ അച്ചടക്ക നിയമങ്ങളുടെ ലംഘനമാണെന്ന വിമർശനമുയർന്നു. പക്ഷേ, ഭാഗ്യം കൊണ്ട് (സെർബിയൻ അധികൃതരുടെ ഭാഷയിൽ, തങ്ങൾക്കെതിരായ ഫിഫയുടെ നിലപാടുകൊണ്ട്) പിഴയിലൊതുങ്ങി പരുന്തുമുദ്ര കാണിച്ച കളിക്കാർക്കുള്ള ശിക്ഷ. വിലക്കുകാരണം അടുത്ത മത്സരം നഷ്ടമാകാതിരുന്നതിനാൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലന്റിന് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ കഴിഞ്ഞു. കൊസൊവാർ അൽബേനിയക്കാരോട് തോറ്റ വേദനയിൽ സെർബിയക്കു മടങ്ങേണ്ടിവന്നു.


​പോരാട്ടത്തിന്റെ മുദ്രകൾ

കളിക്കുന്ന സ്വിസ് ദേശീയ ടീമിലാണെങ്കിലും തങ്ങളുടെ കൊസൊവാർ - അൽബേനിയൻ പൈതൃകത്തപ്പെറ്റി തുറന്നു സംസാരിക്കാൻ ഗ്രാനിറ്റ് ഷാക്കയും ഷെർദാൻ ഷാഖിരിയും മടി കാണിക്കാറില്ല. യുഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ കൊസൊവോയ്ക്കു വേണ്ടി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് പൊലീസിന്റെ പീഡനമേൽക്കുകയും ജയിലിൽ കഴിയേണ്ടിവരികയും ചെയ്തിട്ടുണ്ട് ഷാക്കയുടെ പിതാവ് റഗിബിന്. ‘അദ്ദേഹത്തിന്റെ മകനെന്ന നിലയ്ക്ക് ആ കഥ എന്നെ വളരെ ആഴത്തിൽ സ്പർശിക്കുന്നു. അത് എല്ലായ്പോഴും എന്റെ ഹൃദയത്തിലുണ്ട്. അദ്ദേഹം അഭിമാനിയായ കൊസൊവേറിയൻ ആയിരുന്നു. തങ്ങൾക്കും നിലനിൽക്കാനുള്ള അവകാശമുണ്ടെന്ന വിശ്വാസക്കാരനായിരുന്നു. വോട്ടവകാശം പോലെയുള്ള ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം സമരം ചെയ്തത്. അദ്ദേഹത്തിന്റെ ഒരു അമ്മാവന് ജയിൽശിക്ഷ ലഭിച്ചത് 15 വർഷത്തേയ്ക്കാണ്!...' ഗാർഡിയന് നൽകിയ ഒരു അഭിമുഖത്തിൽ ഗ്രാനിറ്റ് ഷാക്ക പറയുന്നു. ഷാഖിരി അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനിറങ്ങുമ്പോൾ ധരിക്കുന്നത് കൊസൊവോയുടെ പതാകമുദ്രയുള്ള വലതുബൂട്ടണിഞ്ഞാണ്.

2018-ൽ ഗോളാഘോഷത്തിന്റെ പേരിൽ ഷാക്കയ്ക്കും ഷാഖിരിക്കും ഫിഫ പിഴ ചുമത്തിയപ്പോൾ അതിനുവേണ്ടി കൊസൊവോയിലും അൽബേനിയയിലും ധനസമാഹരണമുണ്ടായിരുന്നു. അൽബേനിയയിൽ ‘പരുന്തിനെ പേടിക്കണ്ട' എന്ന തലക്കെട്ടിൽ പ്രതീകാത്മക ധനസമാഹരണത്തിന് നേതൃത്വം നൽകിയത് പ്രധാനമന്ത്രി എദി റമ തന്നെയായിരുന്നു.

അൽബേനിയയ്ക്കും സെർബിയയ്ക്കുമിടയിൽപ്പെട്ടു കിടക്കുന്ന, സിംഹഭാഗവും അൽബേനിയക്കാർ താമസിക്കുന്ന കൊസൊവോ പതിറ്റാണ്ടുകളായി പ്രശ്നബാധിത പ്രദേശമായി തുടരുകയാണ്. പതിറ്റാണ്ടുകൾ നീണ്ട പ്രക്ഷോഭങ്ങൾക്കും അടിച്ചമർത്തലിനും ചെറുത്തുനിൽപ്പുകൾക്കും ശേഷം 2008-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും കൊസൊവോയെ സെർബിയ ഇനിയും അംഗീകരിച്ചിട്ടില്ല. 1990-കളുടെ അവസാനത്തിൽ കൊസൊവോ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ അടിച്ചമർത്താൻ യുഗോസ്ലാവ്യൻ സൈന്യം നടത്തിയ നടപടികൾ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുപ്രസിദ്ധമായിരുന്നു. അശാന്തമായ ഈ ചുറ്റുപാടിലും അവിടെ വാലൂന്നി ചിറകുവിടർത്തുന്ന കളിക്കാർ കൊസവോയുടെയും അൽബേനിയൻ പൈതൃകത്തിന്റെയും പതാകവാഹകരാവുന്നത് ഫുട്ബോളിന്റെ സൗന്ദര്യം.

ഇത്തവണ തീപാറും

2018-ലേതു പോലെ ബ്രസീലും സെർബിയയും സ്വിറ്റ്സർലാന്റും ഒന്നിച്ചു വരുമ്പോൾ ഒരു മരണഗ്രൂപ്പായി മാറാനുള്ള എല്ലാ യോഗ്യതയും ഇത്തവണ ഗ്രൂപ്പ് ജിയ്ക്കുണ്ട്. കരുത്തരായ പോർച്ചുഗലിനെ പ്ലേഓഫിലേക്കു തള്ളി, ഒരു കളിപോലും തോൽക്കാതെ യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് സെർബിയ ഖത്തറിലേക്കു വരുന്നത്. അലക്സാന്ദർ മിത്രോവിച്ച്, ദുസാൻ ടാഡിച്ച്, സെർജി മിലിങ്കോവിച് സാവിച്ച്, അലക്സാണ്ടർ കൊളറോവ് തുടങ്ങിയ പരിചയസമ്പന്നർക്കു പുറമെ ദുവാൻ വ്ളാഹോവിച്ച്, ലൂക്കാ ജോവിച്ച് തുടങ്ങിയ യുവതാരങ്ങൾ അവരുടെ പ്രതീക്ഷകൾക്ക് കരുത്തുപകരുന്നു.

സ്വിറ്റ്‌സർലാന്റ് ഫുട്‌ബോൾ താരങ്ങൾ

സ്വിറ്റ്സർലന്റാകട്ടെ, യൂറോ ചാമ്പ്യന്മാരായ ഇറ്റലി ഉൾപ്പെട്ട യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് മുന്നോട്ടുവന്നത്. ആഴ്സനലിനു വേണ്ടി കളിക്കുന്ന ഗ്രാനിറ്റ് ഷാക്കയുടെ മിന്നും ഫോമാണ് അവരുടെ പ്രധാന കരുത്ത്. 2021 യൂറോകപ്പിൽ കരുത്തരായ ഫ്രാൻസിനെ പൊരുതിത്തോൽപ്പിച്ചത് ഷാക്കയുടെ തളർച്ചയറിയാത്ത കഠിനാധ്വാനത്തിന്റെയും കരളുറപ്പിന്റെയും കൂടി പിൻബലത്തിലാണ്. ഒരു ഘട്ടത്തിൽ ആഴ്സനൽ ആരാധകർക്കു വെറുക്കപ്പെട്ടവനായി ക്ലബ്ബിൽ നിന്നു പുറത്തുപോവാനൊരുങ്ങിയ ഷാക്ക അത്ഭുതാവഹമായ തിരിച്ചുവരവാണ് നടത്തിയത്. ഷാക്കയ്ക്കു പുറമെ ഗോൾകീപ്പർ യാൻ സോമർ, ഷാഖിരി, മാനുവൽ അക്കാഞ്ചി, ഫാബിയൻ ഷാർ, ഹാരിസ് സഫറോവിച്ച് തുടങ്ങിയ പരിചയസമ്പന്നരും സ്വിസ് പടയ്ക്കു പ്രതീക്ഷ പകരുന്നു.
സെർബിയയും സ്വിറ്റ്സർലന്റും തമ്മിലുള്ള മത്സരത്തിലെ ഫലം ഇരുടീമുകളുടെയും വിധിയെഴുതാനാണ് സാധ്യത. ഈ ടീമുകളുടെ വീറും വാശിയും ബ്രസീലിന്റെ കിരീടമോഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കാത്തിരുന്നു കാണേണ്ട ഒരു കൗതുകം. ▮

Comments