അരനൂറ്റാണ്ട് കഴിഞ്ഞിട്ടും
‘അനുഭവങ്ങള്‍ പാളിച്ചകള്‍'
ഷീലക്കും കെ.പി.എ.സി. ലളിതക്കും
മറക്കാനാകാത്ത അനുഭവം
അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ‘അനുഭവങ്ങള്‍ പാളിച്ചകള്‍' ഷീലക്കും കെ.പി.എ.സി. ലളിതക്കും മറക്കാനാകാത്ത അനുഭവം
1971 ആഗസ്റ്റ് ആറിന് തിയറ്ററിലെത്തിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമ അരനൂറ്റാണ്ട് പിന്നിട്ടു. നടന്‍ സത്യന്റെയും സംവിധായകന്‍ കെ.എസ്. സേതുമാധവന്റെയും കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ഈ സിനിമ, സത്യന്റെ അവസാനചിത്രമെന്ന നിലയ്ക്കുകൂടി ചരിത്രത്തില്‍ അടയാളപ്പെട്ടുകിടക്കുന്നു. സിനിമയിലെ നായിക ഷീലയും പ്രധാന വേഷത്തിലെത്തിയ കെ.പി.എ.സി ലളിതയും അവിസ്മരണീയമായ ആ കാലം ഓര്‍ക്കുന്നു
10 Aug 2021, 09:49 AM
1971 ആഗസ്റ്റ് ആറിനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ തിയറ്ററിലെത്തിയത്. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സിനിമയുടെ അമ്പതാം വാര്‍ഷികമാണിത്.
1966ല്‍ പ്രസിദ്ധീകരിച്ച തകഴിയുടെ ഇതേപേരിലുള്ള നോവല്‍, എഴുതപ്പെട്ട കാലത്തേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വായനക്കാര്‍ക്കിടയില്‍ നോവലിന് ലഭിച്ച സ്വീകാര്യതയാണ് സിനിമയാക്കാന്‍ മഞ്ഞിലാസ് ഉടമ എം. ഒ. ജോസഫിനെ പ്രേരിപ്പിച്ചത്. മലയാള സിനിമയില്‍ അത് സാഹിത്യകൃതികളുടെ ചലച്ചിത്രഭാഷ്യങ്ങളുടെ കാലം കൂടിയായിരുന്നു. തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ കെ. എസ്. സേതുമാധവന്‍ ചിത്രം സംവിധാനം ചെയ്തു. സത്യന്റെ അവസാന ചിത്രമെന്ന നിലയില്‍ കൂടി അനുഭവങ്ങള്‍ പാളിച്ചകള്‍ മലയാള സിനിമാ ചരിത്രത്തില്‍ അടയാളപ്പെട്ടുകിടക്കുന്നു. 1971 ജൂണ്‍ 15ന് സത്യൻ വിടവാങ്ങി. ഒരുമാസത്തിനുശേഷമാണ് ചിത്രം റിലീസ് ചെയ്തത്. കെ. എസ്. സേതുമാധവന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു.
ചെല്ലപ്പന്റെ കഥയും ജീവിതവും
50കളിലെ പുന്നപ്ര- വയലാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് തകഴി അനുഭവങ്ങള്‍ പാളിച്ചകളുടെ കഥയൊരുക്കിയത്. തനിക്ക് ശരിയെന്ന് തോന്നുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി നേതാവായ ചെല്ലപ്പന്റെ കഥ. തന്റെ ഭാര്യ ഭവാനിക്ക് സഹപ്രവര്‍ത്തകനായ ഗോപാലനുമായി അവിഹിത ബന്ധമുണ്ടെന്ന ചെല്ലപ്പന്റെ സംശയം മൂലം കുടുംബത്തില്‍ കലഹം പതിവാണ്. മകനായ കുട്ടപ്പന്‍ തനിക്ക് ജനിച്ചതല്ലെന്ന് വിശ്വസിക്കുന്ന ചെല്ലപ്പന്റെ ജീവനാണ് മകള്‍ കുമാരി. ഒരിക്കല്‍ തൊഴിലുടമയുമായി ഏറ്റുമുട്ടിയ ചെല്ലപ്പനെ പൊലീസ് തിരയുന്നു. അതോടെ പാര്‍ട്ടി അയാളെ ഒളിവില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത ഗ്രാമത്തിലെ പാര്‍ട്ടി അംഗമായ കൊച്ചിട്ടിയുടെ വീട്ടിലാണ് അയാള്‍ക്ക് ഒളിവുജീവിതം ഒരുക്കുന്നത്. അവിടെ വച്ച് കൊച്ചിട്ടിയുടെ മകള്‍ പാര്‍വതിക്ക് ചെല്ലപ്പനോട് പ്രണയം തോന്നുന്നു. ഒരു രാത്രി അവളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്ന അയാളെ അവള്‍ എതിര്‍ക്കുന്നു. അതോടെ താന്‍ തന്റെ ഭാര്യയെയും മകനെയും അനാവശ്യമായി സംശയിക്കുകയാണെന്ന് അയാള്‍ തിരിച്ചറിയുന്നു.

ഗ്രാമത്തില്‍ തിരിച്ചെത്തിയ ചെല്ലപ്പന്‍ ഗര്‍ഭിണിയായ ഭവാനിയും ഗോപാലനും ഒരുമിച്ച് ജീവിക്കുന്നത് അറിഞ്ഞ് ഞെട്ടുന്നു. ആരോടും ഒന്നും മിണ്ടാതെ അയാള്‍ അവിടം വിടുന്നു. പിന്നീട് ഫാക്ടറി ഉടമയ്ക്കെതിരെ തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃത്വം ചെല്ലപ്പന്‍ ഏറ്റെടുക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റ ആ പ്രക്ഷോഭത്തിന്റെ പേരില്‍ ചെല്ലപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ മോചിതനായ അയാള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി മകള്‍ കുമാരിയെ കാണാന്‍ ഭവാനിയുടെ പുതിയ വീട്ടിലെത്തി. എന്നാല്‍ അവളുടെ മൃതദേഹം സംസ്‌കരിച്ചതിന്റെ അടയാളമായ ഒരു കൂന മണ്ണ് മാത്രമാണ് അയാള്‍ക്ക് കാണാന്‍ സാധിച്ചത്. മകനെ അനുഗ്രഹിച്ച ശേഷം അയാള്‍ അവിടെ നിന്നും പോകുന്നു. ഫാക്ടറി ഉടമ കൊല്ലപ്പെട്ട കേസില്‍ ചെല്ലപ്പന്‍ അറസ്റ്റിലായ വാര്‍ത്തയാണ് പിന്നീട് വരുന്നത്. കുറ്റക്കാരനെന്ന് കണ്ട് അയാളെ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നു. ഭവാനിയും ഗോപാലനും ചേര്‍ന്ന് ജയിലില്‍ നിന്നും ചെല്ലപ്പന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭവാനിയുടെ വീട്ടുമുറ്റത്ത് ചെല്ലപ്പന്റെയും മകളുടെയും ശവകുടീരം കാണിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
കമൽഹാസന്റെ പ്രിയ ചിത്രം
ചെല്ലപ്പനായി സത്യനും ഭവാനിയായി ഷീലയും ഗോപാലനായി പ്രേംനസീറും അഭിനയിച്ച ഈ ചിത്രം അക്കാലത്ത് തിയറ്ററുകളെ ഇളക്കിമറിച്ചു. നടന്‍ കമല്‍ഹാസന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി അടയാളപ്പെടുത്തുന്നത് അനുഭവങ്ങള്‍ പാളിച്ചകളെയാണ് എന്നത് കണക്കിലെടുക്കുമ്പോള്‍ ചിത്രത്തിന്റെ മൂല്യം വ്യക്തമാകും. അതുല്യമായ അഭിനയമാണ് ഈ ചിത്രത്തില്‍ സത്യന്റേത്. സ്വാഭാവിക അഭിനയത്തിന്റെ ഏറ്റവും മികച്ച തെളിവുകളായി ഈ ചിത്രത്തിലെ പല രംഗങ്ങളും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. വയലാറിന്റെ വരികള്‍ക്ക് ജി. ദേവരാജന്‍ ഈണം നല്‍കിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. നാലും നിത്യഹരിത ഗാനങ്ങളായി തീരുകയും ചെയ്തു. യേശുദാസും പി. ലീലയും ചേര്‍ന്ന് പാടിയ ‘സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍..', പി. മാധുരി പാടിയ ‘കല്യാണീ കളവാണീ..', യേശുദാസ് പാടിയ ‘പ്രവാചകന്മാരേ പറയൂ..', ‘അഗ്‌നിപര്‍വ്വതം പുകഞ്ഞു..' എന്നിവയായിരുന്നു ആ ഗാനങ്ങള്‍.
സത്യൻ മരിച്ചപ്പോള്‍ ‘ബോഡി ഡബിള്‍'
‘ബോഡി ഡബിള്‍' എന്ന വിദ്യ ഉപയോഗിച്ച ആദ്യത്തെ സിനിമകളില്‍ ഒന്ന് ഇതായിരിക്കും. ഒരു നടനുപകരം മറ്റൊരാളെ നിര്‍ത്തി അയാളാണെന്ന് പ്രേക്ഷകരെയും സഹനടീനടന്മാരെയും വിശ്വസിപ്പിച്ച് അഭിനയിപ്പിക്കുകയാണ് ‘ബോഡി ഡബിളി'ല്‍ ചെയ്യുന്നത്. അനുഭവങ്ങള്‍ പാളിച്ചകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിനുമുമ്പേ സത്യന്‍ മരിച്ചു. സംവിധായകന്‍ സേതുമാധവന്റെ മനസ്സില്‍ മറ്റൊരു ആശയമുണ്ടായില്ല. ചെല്ലപ്പന്‍ രംഗത്തുണ്ടാകേണ്ട സീനുകളെല്ലാം പിന്നീട് അവര്‍ തീര്‍ത്തത് അദ്ദേഹത്തിന്റെ പിന്‍ഭാഗം കാണിച്ചായിരുന്നു.
ഷീലയുടെ ഓർമയിൽ സത്യൻ
നായികയായിരുന്ന ഷീല ഇതേക്കുറിച്ച് ‘തിങ്കി'നോട് സംസാരിക്കുന്നു: ‘‘സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ നല്ല ക്യാരക്ടറാണെന്ന് മനസ്സിലായി. അങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിച്ചത്. സത്യന്‍ സാര്‍ മരിച്ചിട്ടാണ് രണ്ട് മൂന്ന് സീനുകള്‍ എടുത്തത്. സത്യന്‍ സാറിനുപകരം ആരെയെങ്കിലും എന്റെ മുന്നില്‍ കൊണ്ടുവച്ച് നിര്‍ത്തും, അദ്ദേഹം പുറംതിരിഞ്ഞ് നില്‍ക്കുന്നതുപോലെ. അദ്ദേഹമാണെന്ന് കരുതി ഞാന്‍ സംസാരിക്കും. അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ ഭാവനയില്‍ കാണും. പക്ഷെ ഞാന്‍ പറയുന്നതിനനുസരിച്ച് അദ്ദേഹം മറുപടി പറയണമല്ലോ? അതെല്ലാം ഒഴിവാക്കിയെടുത്തത് ഒരു സംവിധായകന്റെ കഴിവാണ്. സേതുമാധവന്‍ സാറിന്റെ കഴിവാണ് ആ സിനിമ. എന്നെ സംബന്ധിച്ച് ആ സിനിമയും എല്ലാ സിനിമയും ഒരുപോലെയാണ്. സത്യന്‍ സാര്‍ അഭിനയിച്ചതെല്ലാം നല്ലതായിരുന്നു. അതില്‍ ഏറ്റവും നല്ലതായിരിക്കും ഒരുപക്ഷേ ഇത്’’ - ഷീല പറഞ്ഞു.

കെ.പി.എ.സി ലളിതയുടെ അനുഭവങ്ങള്‍
‘‘കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാണ്‍ പൂവോ പെണ്‍ പൂവോ’’
മാധുരിയുടെ ഈ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ഒരു കൗമാരക്കാരിയുടെ ചടുലതയും പ്രസരിപ്പും ഈ സിനിമക്കൊപ്പം എല്ലാവരുടെയും മനസ്സിലേക്കെത്തും- കെ. പി. എ. സി ലളിതയുടെ രൂപമാണ് അത്. നായകനായ ചെല്ലപ്പന്‍ ഒളിവില്‍ താമസിക്കാനെത്തിയ കൊച്ചിട്ടിയുടെ മകളായ പാര്‍വ്വതിയായാണ് ലളിത വേഷമിടുന്നത്. തൊഴിലാളി പ്രസ്ഥാനത്തിനുവേണ്ടി വിയര്‍പ്പും രക്തവും നല്‍കാന്‍ തയ്യാറായ കഠിനാധ്വാനിയായ തൊഴിലാളിയായ കൊച്ചിട്ടിയായത് ശങ്കരാടി. ഭാര്യയായ ഭവാനിയോടുള്ള സംശയവുമായി ജീവിക്കുന്ന ചെല്ലപ്പന്റെ മനസ്സിനെ തിരുത്തുന്നത് പാര്‍വ്വതിയാണ്. അയാളോട് അവള്‍ക്ക് തോന്നിയ പ്രണയത്തിന്റെ ഉറപ്പില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ അവളെ സമീപിക്കുന്ന ചെല്ലപ്പനെ അവള്‍ തിരുത്തുമ്പോഴാണ് താന്‍ ഭവാനിയെ അനാവശ്യമായി സംശയിക്കുകയാണെന്ന ചിന്ത അയാളിലുണ്ടാകുന്നത്.
അനുഭവങ്ങള്‍ പാളിച്ചകളുടെ അമ്പതാം വര്‍ഷത്തില്‍, തന്റെ 24ാമത്തെ വയസ്സില്‍ അഭിനയിച്ച ആ ചിത്രത്തെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് കെ.പി.എ.സി ലളിത: സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ശേഷം പാര്‍വ്വതിയായി അവര്‍ എന്നെ തീരുമാനിക്കുകയായിരുന്നു. സേതുമാധവനും എം. ഒ. ജോസഫും ചേര്‍ന്നാണ് എന്നെ വിളിച്ചത്. ഏകദേശം എഴുപത് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. അമ്പലപ്പുഴ അമ്പലത്തിന്റെ അവിടുന്ന് കിഴക്കോട്ട് പോയി തകഴി ചേട്ടന്റെ വീടിനടുത്തൊക്കെയായിരുന്നു ഷൂട്ട്. ഇന്നത്തെപ്പോലെ കളര്‍ഫുളല്ല അന്നത്തെ ഷൂട്ടിംഗ് സൈറ്റുകള്‍. കഥാപാത്രമായി മാറുക എന്നതിനപ്പുറം ഷൂട്ടിംഗ് സൈറ്റില്‍ യാതൊന്നും ചെയ്യാനില്ല. ഷീലയാണെങ്കിലും ഞാനാണെങ്കിലും ടി. കെ. ബാലചന്ദ്രനാണെങ്കിലും ഫിലോമിന ചേച്ചിയാണെങ്കിലും എല്ലാവരും അവരവരുടെ കഥാപാത്രത്തെ എങ്ങനെ ചെയ്യണമെന്ന് മാത്രം ആലോചിച്ചാണ് ജീവിച്ചിരുന്നത്. എല്ലാവരും അവരവരുടെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാണ് മുന്നോട്ട് പൊയ്ക്കോണ്ടിരുന്നത്. സംവിധായകനോ മേക്ക്അപ്പ് മാനോ മാത്രം പൂര്‍ണമായും വിട്ടുകൊടുക്കാതെ ആര്‍ട്ടിസ്റ്റുകള്‍ തന്നെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരുന്നു. ഇന്ന് അങ്ങനെയൊന്നും ചെയ്യാനില്ല. എല്ലാവരും ഒരുപോലെ തന്നെ കണ്ണെഴുതുകയും മേക്ക്അപ്പ് ഇടുകയുമാണ് ചെയ്യുന്നത്. എല്ലാവരും പറയുന്നത് ഞങ്ങള്‍ മേക്ക്അപ്പ് ഇട്ടിട്ടില്ലെന്നാണ്. ഒന്നുമല്ല, എല്ലാവരും മേക്ക്അപ്പ് ഇട്ടിട്ട് തന്നെയാണ് ചെയ്യുന്നത്. ആരാണ് മേക്ക്അപ്പ് ഇടാത്തത്?

അനുഭവങ്ങള്‍ പാളിച്ചകളുടെ ഷൂട്ടിംഗില്‍ ഞാന്‍ അവസാനം അഭിനയിച്ചത് സത്യന്‍ മാഷിന് മരുന്ന് കൊടുക്കുന്ന രംഗത്തിലാണ്. ആ സമയത്ത് പി. ഭാസ്‌കരന്‍ സംവിധാനം ചെയ്യുന്ന വിലയ്ക്കുവാങ്ങിയ വീണയിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. ഈ രണ്ട് സിനിമകളുടെയും ഷൂട്ടിംഗിനായാണ് ഞാന്‍ മദ്രാസില്‍ ചെല്ലുന്നത്. വിലയ്ക്കുവാങ്ങിയ വീണയുടെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയപ്പോഴാണ് സത്യന്‍ മാഷ് തീരെ അവശതയിലാണെന്ന വാര്‍ത്ത കേള്‍ക്കുന്നത്. അവിടെ നിന്ന് നേരെ മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനടുത്തുള്ള ആശുപത്രിയില്‍ കാണാന്‍ പോയി. കണ്ടപ്പോള്‍ ഒരു വളിച്ച ചിരിയാണ് ചിരിച്ചത്. "എന്താടീ.. എന്താ എന്നെ നീയിങ്ങനെ നോക്കുന്നേ. എനിക്കിപ്പോള്‍ ഗ്ലാമറില്ലേ..' എന്നൊക്കെ ചോദിച്ചു. പിറ്റേദിവസം രാവിലെ എല്ലാം കഴിഞ്ഞു.
അനുഭവങ്ങളും പാളിച്ചകളും
കണ്ടുപഠിക്കേണ്ട സംഭവങ്ങളാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ. അത് മുഴുവനും ജീവിതമാണ്. സിനിമയോ പാട്ടോ എന്നതിലുപരി സമൂഹത്തില്‍ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ട് എന്ന് വരും തലമുറയ്ക്കുള്ള ഒരു പാഠപുസ്തകം. സ്വന്തം പെണ്ണിനെ സംശയിക്കുന്ന മനുഷ്യര്‍ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. ഇന്ന് അത്തരം സംശയം ഉള്ളില്‍ വയ്ക്കുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തേക്കും. പക്ഷേ ഭര്‍ത്താവിന്റെ സംശയം ഭാര്യ തന്നെ സഹിക്കേണ്ട ഒരു കാലവും അധികം ദൂരെയല്ലാതെ നമുക്കുചുറ്റിലുമുണ്ട്. പല ചലച്ചിത്ര മേളകള്‍ക്കും പോകുമ്പോള്‍ ലോകസിനിമകളുമായാണ് ഈ സിനിമയെ താരതമ്യം ചെയ്ത് കേട്ടിട്ടുള്ളത്. പമ്മന്റെ കഥയെ അടിസ്ഥാനമാക്കി ചെയ്ത അടിമകള്‍ എന്ന സിനിമയെക്കുറിച്ചും അതുപോലെ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. ആ രണ്ട് സിനിമകളും ഭയങ്കര സംഭവങ്ങളാണ്.

സത്യനും മമ്മൂട്ടിയും
അനുഭവങ്ങള്‍ പാളിച്ചകളില്‍ ഞാനും സത്യന്‍ മാഷും രാത്രി കള്ളും വാങ്ങി വരുന്ന ഒരു സീനുണ്ട്. പുറകില്‍ പട്ടിയുമുണ്ട്. ആ സീനിലൊന്നും അദ്ദേഹത്തിന് തീരെ നില്‍ക്കാന്‍ വയ്യ. അദ്ദേഹം അത്രയും ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ദിവസവും ഷൂട്ട് കഴിഞ്ഞ് രാത്രിയാകുമ്പോള്‍ അവിടെ ഒരു ആശുപത്രിയില്‍ പോയി ചികിത്സ തേടുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ഇന്ന് ഏത് നടന്‍ അങ്ങനെ ചെയ്യും?. നമുക്കൊന്നും അടുക്കാന്‍ പോലും പറ്റാത്ത ചില ഭാവങ്ങളുണ്ട് അദ്ദേഹത്തിന്. ചില സംസാരരീതികളുണ്ട്. സ്വപ്നത്തില്‍ പോലും അടുത്തുചെന്ന് നില്‍ക്കാന്‍ പേടിയാണ്. അങ്ങനെയാണ് ആ മനുഷ്യന്‍. ഇന്നും നമ്മള്‍ അദ്ദേഹത്തെ ഓര്‍ത്തിരിക്കാന്‍ കാരണമെന്താണെന്ന് ആലോചിക്കണം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ ഒരു ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ നമ്മള്‍ ഇതുപോലെ ഓര്‍ത്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. തലമുറകളുടെ അഭിരുചിയും സ്വഭാവവും എല്ലാം നല്ലതുപോലെ മാറുന്നുണ്ട്. സത്യന്‍ മാഷിന്റെ കാലില്‍ തൊട്ട് തൊഴുതതിനെക്കുറിച്ച് പിന്നീട് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗില്‍ വച്ച് മമ്മൂട്ടി എന്നോടും പറഞ്ഞിട്ടുണ്ട്; ‘ചേച്ചി അഭിനയിച്ച ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ തുടക്കം അവിടെ നിന്നായിരുന്നു'വെന്നാണ് മമ്മൂട്ടി പറഞ്ഞത്. സാധാരണ ആരും ഇതൊന്നും തുറന്നുപറയുമെന്ന് തോന്നുന്നില്ല. ഒരു കാപ്പിക്കടയില്‍ ബീഡി കത്തിക്കാന്‍ വന്ന് നില്‍ക്കുന്ന ചെറിയൊരു വേഷമാണത്. ആ ചെറിയ വേഷത്തെക്കുറിച്ച് ഇപ്പോഴും തുറന്നുപറയുന്നത് മമ്മൂട്ടിയെന്ന മനുഷ്യന്റെ വലുപ്പം തന്നെയാണ്.

അക്കാര്യത്തില്‍ സത്യന്‍ മാഷും മമ്മൂട്ടിയും ഒരേ മാനസിക വലുപ്പമുള്ളവരാണ്.
ഒരു നല്ല ജോലിയുണ്ടായിരുന്നത് ഉപേക്ഷിച്ചാണ് ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരായി ഇരുവരും മാറിയത്. ഒരു ഉറപ്പുമില്ലാത്ത ഒരു ജോലി കണ്ടെത്തി ഇതാണ് എന്റെ ജോലിയെന്ന് തീരുമാനിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. അതുകൊണ്ട് തന്നെ സത്യന്‍ മാഷിനെപ്പോലെ ബഹുമാനിക്കേണ്ട വ്യക്തിയാണ് മമ്മൂട്ടിയും. സൗന്ദര്യം കൊണ്ടല്ല ഇരുവരും നടന്മാരായത്, രൂപവും മുഖവും ഉപയോഗിച്ചാണ് ഇരുവരും നല്ല നടന്മാരായത്. സത്യന്റെ കാര്യത്തില്‍ യക്ഷി എന്ന സിനിമ ഉദാഹരണം. മുഖത്തിന്റെ ഒരുവശം മുഴുവന്‍ വെന്ത അവസ്ഥയിലാണ് സത്യന്‍ അതില്‍ അഭിനയിക്കുന്നത്. എന്തുമാത്രം അദ്ദേഹം ആ സിനിമക്കുവേണ്ടി സഹിച്ചിട്ടുണ്ടാകും. സ്വന്തം രൂപം തന്നെ മാറ്റിമറിക്കുകയാണ് ചെയ്തത്. മമ്മൂട്ടിയും ധാരാളം സിനിമകളില്‍ അങ്ങനെ ചെയ്തിട്ടുണ്ട്.

ഇന്നാണെങ്കില്‍ ഒരു പൊട്ടോ ചിന്നലോ മാത്രം...
മലയാളത്തിലെ ഏറ്റവും ക്ലാസിക് ആയ മനുഷ്യരുടെ കൂടെ ജിവിച്ചതിന്റെ ഒരു ഗുണം മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. തകഴിച്ചേട്ടന്റെയും സേതുമാധവന്‍ സാറിന്റെയും സത്യന്‍ മാഷിന്റെയും നസീര്‍ സാറിന്റെയുമൊക്കെ കാലഘട്ടത്തില്‍ ജനിച്ചതില്‍ ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കാറുണ്ട്. ഇന്നാണ് ഞാന്‍ ജനിച്ചതെങ്കില്‍ എനിക്ക് ഈ ശ്രദ്ധയൊന്നും എവിടെ നിന്നും കിട്ടില്ല. ഈയൊരു പേരും സംസ്‌കാരവും ഒന്നും കിട്ടില്ലായിരുന്നു. ഇപ്പോഴത്തെ കാലത്താണെങ്കില്‍ ഏതെങ്കിലും ഒരു സിനിമയില്‍ ഒരു പൊട്ടോ ചിന്നലോ കിട്ടും. അല്ലാതെ നമ്മളെ അടയാളപ്പെടുത്തുന്ന ഒന്നും കിട്ടാന്‍ സാധ്യതയില്ല. മുടികെട്ടുന്നതിലും ലുങ്കി ഉടുക്കുന്നതിലും മുതല്‍ പാട്ടിലാണെങ്കിലും ഡയലോഗ് അവതരണത്തിലാണെങ്കിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന കാലമായിരുന്നു അത്. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? കുറച്ചെങ്കിലും അതില്‍ ശ്രദ്ധകൊടുത്ത് കഥാപാത്രത്തെ ഭംഗിയാക്കാന്‍ ശ്രമിക്കുന്നത് എന്റെ മനസ്സില്‍ മമ്മൂട്ടിയാണ്. സത്യന്‍ മാഷിനെയും നസീര്‍ സാറിനെയും പോലെ അക്കാലത്തെ രണ്ട് വലിയ നടന്മാരുടെയും ഷീലയെ പോലെ ഒരു വലിയ നടിയുടെയും കൂടെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. താരനിബിഡമെന്ന് തന്നെ പറയാം. ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാന്‍ തന്നെ വയ്യ.
സത്യന്‍ അന്തിക്കാടും അമല്‍ നീരദും സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളാണ് കെ.പി.എ.സി. ലളിതക്ക് മലയാളത്തില്‍ പുതിയതായുള്ളത്. കൂടാതെ തമിഴിലും ഒരു സിനിമ ചെയ്യുന്നു. മകന്‍ സിദ്ധാഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഏകദേശം പൂര്‍ത്തിയായതായും കെ. പി. എ. സി. ലളിത അറിയിച്ചു.
വിപിന്‍ മോഹന്‍
Mar 28, 2023
3 Minutes Read
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
Think
Feb 13, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Feb 10, 2023
5 Minutes Read
JosephMaliakan
24 Feb 2022, 12:21 PM
A great read. A heart touching article..