കാശത്തിന്റെ കീശയിൽ നിന്നും

ഓട്ട വീണത് പോലെ

മഞ്ഞും മഴയും

പൊഴിയുന്ന രാത്രിയായിരുന്നു

രാത്രിയുടെ വട്ട മുഖത്ത്

ഇരുട്ടിനെ പൊട്ട് തൊടീച്ച പോലെ

സോഡിയം ബൾബിന്റെ മഞ്ഞ വെളിച്ചത്തിനു താഴെ

ഞങ്ങൾ ഒന്നിച്ചിരിക്കുകയായിരുന്നു.

തണുപ്പിനെ ഞങ്ങൾ സ്‌നേഹമാക്കുകയും

പിന്നെ കമ്പിളിയാക്കുകയും ചെയ്തു.

ഞങ്ങൾക്ക് മുമ്പിലൂടെ

അന്ധനായൊരാൾ വഴി മുറിച്ചുകടക്കും പോലെ

തീവണ്ടി ശങ്കിച്ചുമാത്രം

ഓരോരോ ചക്രവും മുന്നോട്ടുരുട്ടി.

തീവണ്ടി പോയി

ഞങ്ങൾ ബാക്കിയായി

തോൽക്കുമെങ്കിലും ജീവിക്കാമെന്നായി,

ജീവിതത്തിന് തലവെക്കാൻ

ഞങ്ങൾ ചേർന്നിരുന്നു.

രാത്രിയായിരുന്നു,

മഴയായിരുന്നു,

ഞാനൊന്നു മയങ്ങി പോയിരുന്നു.

വേട്ടക്കാരനെ കണ്ടുഞെട്ടിയെണീറ്റ

നായകളുടെ ഒച്ചയിൽ പതുങ്ങി

ചെന്നായ മണമുള്ള

ജാരനൊരാൾ ആ വഴിവന്നു.

ഒരൽപ്പം ശ്വാസം കിട്ടിയാൽ

രക്ഷപ്പെടുമായിരുന്ന മനുഷ്യനിൽ നിന്ന്

ഓക്‌സിജൻ മാസ്‌കെടുത്തു

മാറ്റുന്ന പോലെ

എന്നിൽ നിന്നവളെ പറിച്ചെടുത്തു.

ശുദ്ധജല തടാകത്തിൽ നിന്ന്

ഉപ്പുകടലിലെത്തിയ മത്സ്യമെന്നപോൽ അവൾ ജീവിതത്തിൽ നീന്തുന്നു.

Comments