പുരുഷന്മാരുടെ കുത്തക കളിയായി വ്യാഖ്യാനിക്കപ്പെട്ട ഫുട്‌ബോളിനെ നിയന്ത്രിക്കാന്‍ സ്ത്രീകളെത്തുമ്പോള്‍ ചരിത്രത്തിന്റെ പല അവഗണനകള്‍ കൂടിയാണ് തിരുത്തിയെഴുതപ്പെടുന്നത്.
23 Nov 2022, 02:14 PM
ജാഫര്‍ പനാഹിയുടെ ഓഫ് സൈഡ് എന്ന സിനിമയില്‍, ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനകത്തേക്ക് കയറാനാകാതെ വിലക്കപ്പെടുന്ന ആറ് ഇറാനി പെണ്‍കുട്ടികളെ കാണിച്ചു തരുന്നുണ്ട്. കടുത്ത ഫുട്‌ബോള്‍ പ്രേമികളായ അവര്‍ ഉദ്യോഗസ്ഥരാല്‍ പിടക്കപ്പെട്ട് ബന്ധനസ്ഥരായിരിക്കുമ്പോഴും മൈതാനത്തിനകത്ത് നിന്നുയരുന്ന ആരവങ്ങളിലൂടെ മത്സരത്തെ അറിയാനാണ് ശ്രമിക്കുന്നത്. ഒരു ഫുട്‌ബോള്‍ കാണിയെന്ന നിലയില്‍ സ്ത്രീകളെ അംഗീകരിക്കാനാകാത്ത ഒരു ഇസ്‍ലാമിക് സ്റ്റേറ്റിന്റെ യാഥാസ്ഥികമായ മത ബോധങ്ങളെയും ലിംഗ വിവേചനങ്ങളെയും വ്യക്തമായി കാണിക്കാന്‍ പനാഹിക്ക് സിനിമയിലൂടെ കഴിയുന്നുണ്ട്. എന്നാല്‍ ഇന്ന് ഇതേ പശ്ചിമേഷ്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ മത്സരത്തെ നിയന്ത്രിക്കാന്‍, ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതാ റഫറിമാര്‍ എത്തുകയാണ്. വനിതാ റഫറിമാര്‍ നിയന്ത്രിക്കാനെത്തുന്ന ആദ്യ പുരുഷ ഫിഫ ലോകകപ്പ് എന്ന നിലയില്‍ ഖത്തര്‍ അടയാളപ്പെടുന്നതിന്റെ രാഷ്ട്രീയത്തെ ഒരിക്കലും ചെറുതായി കാണാനാകില്ല. ലോകകപ്പിന്റെ സമവാക്യങ്ങളില്‍ തന്നെ നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്ക് കൂടിയാണ് ഖത്തര്‍ വേദിയാകുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പര്‍ട്ട്, റുവാന്‍ഡക്കാരി സലീമ മുകാന്‍സാംഗ, ജപ്പാനിലെ യോഷിമി യമഷിദ എന്നിവരാണ് 36 അംഗ റഫറിപാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആ മൂന്ന് വനിതകള്‍. ഇവരെ കൂടാതെ അസിസ്റ്റന്റ് റഫറിമാരായി ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മദീന, അമേരിക്കകാരിയായ കാതറിന്‍ നെസ്ബിറ്റ് എന്നിവരെയും ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇത്രയും വനിതകളെത്തുന്നത്.
ജെന്‍ഡറല്ല, കഴിവാണ് മാനദണ്ഡമാക്കിയത്
ലോകത്താകെയുള്ള റഫറിമാരുടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാണ് പാനല്‍ രൂപീകരിച്ചതെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ലൂജി കോളിന വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ജൂനിയര്‍, സീനിയര്‍ ടൂര്‍ണമെന്റുകളില്‍ വനിതാ റഫറിമാരെ വിന്യസിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിഫ ആരംഭിച്ച ഒരു നീണ്ട പ്രക്രിയയാണ് ലോകകപ്പ് ലിസ്റ്റിലേക്കും എത്തി നില്‍ക്കുന്നത്. ഇതിലൂടെ ഭാവിയിലെ പുരുഷ മത്സരങ്ങളില്‍ വനിതാ റഫറിമാരെ തിരഞ്ഞെടുക്കുന്നത് സെന്‍സേഷണല്‍ എന്നതിനെക്കാള്‍ ഒരു സാധാരണമായ കാര്യമായി കണക്കാക്കപ്പെടുമെന്ന് പിയര്‍ലൂജി കോളിന പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുക്കെപ്പെട്ട വനിതാ റഫറിമാരെല്ലാം ഫിഫ ലോകകപ്പിന് തീര്‍ത്തും അര്‍ഹരാണെന്ന് മികച്ച പ്രകടനങ്ങളിലൂടെ അവര്‍ തെളിയിച്ചുകഴിഞ്ഞതാണെന്നും കോളീന അഭിപ്രായപ്പെടുന്നുണ്ട്. ഇത് തന്നെയാണ് ഫിഫയുടെ പ്രസിഡന്റായ ഗിയാനി ഇന്‍ഫാന്റിനോയും ആവര്‍ത്തിക്കുന്നത്. സ്ത്രീകളായാലും പുരുഷന്മാരായാലും ഫിഫയെ സംബന്ധിച്ചിടത്തോളം എല്ലാവരും ഒരേ ടീമിലെ അംഗങ്ങളാണ്. മാച്ചുകളിലേക്ക് റഫറിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ഒരിക്കലും ലിംഗഭേദത്തയല്ല, ഗുണനിലവാരത്തെയാണ് തങ്ങള്‍ മാനദണ്ഡമായി എടുക്കുന്നതെന്ന് ഫിഫ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചരിത്രം തിരുത്താനെത്തുന്ന മൂന്ന് പേര്‍
ഖത്തറിലൂടെ ലോക കപ്പ് ചരിത്രത്തില്‍ അടയാളപ്പെടാന്‍ പോകുന്ന മൂന്ന് വനിതാ റഫറിമാരും തങ്ങളുടെ പ്രകടനങ്ങളിലൂടെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, 2020 - ല്‍ ഒരു പുരുഷ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ആദ്യ വനിതയായി റെക്കോര്‍ഡിട്ട റഫറിയാണ്. 2019 ല്‍ ഫ്രാന്‍സില്‍ നടന്ന വനിതാ വുമണ്‍ വേള്‍ഡ് കപ്പിലൂടെയും യുവേഫ സൂപ്പര്‍ കപ്പിന്റെ ഫൈനലുകളിലൂടെയും ആണ് ഫ്രാപ്പാര്‍ട്ട് ശ്രദ്ധേയയാകുന്നത്. 2019 മുതല്‍ തുടര്‍ച്ചയായി ഇന്റര്‍ നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ മികച്ച വനിതാ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗയും 2012 മുതല്‍ ഫിഫയുടെ റഫറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. 2019 ലെ വനിതാ ലോകകപ്പിലെയും 2020 -ലെ ടോക്കിയോ ഒളിമ്പിക്‌സിലെയും റഫറിയെന്ന നിലയില്‍ മുകന്‍സംഗ അടയാളപ്പെടുകയായിരുന്നു. 2022 ലെ മെന്‍സ് ആഫ്രിക്കന്‍ കപ്പില്‍ പങ്കെടുത്തതിന് ശേഷമാണ് ഖത്തര്‍ വേള്‍ഡ് കപ്പിലൂടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ മുകന്‍സംഗ എത്തുന്നത്.
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ റഫറിയായി മികവു തെളിയിച്ചിട്ട് തന്നെയാണ് യമഷിതാ യോഷിമിയും ലോകകപ്പ് നിയന്ത്രിക്കാനെത്തുന്നത്. എ.എഫ്‌സി ചാമ്പ്യന്‍സ് ലീഗിലും ജാപ്പനീസ് ലീഗിലും റഫറിയാകുന്ന ആദ്യ വനിതയാണെന്ന റെക്കോര്‍ഡ് കൂടി യമഷിതക്കുണ്ട്.
ഇവര്‍ക്ക് മുമ്പും തങ്ങളുടെ മികവുകളിലൂടെ റഫറിപാനലിലെ ലിംഗഭേദങ്ങള്‍ ഇല്ലാതാക്കിയ നിരവധി വനിതകളുണ്ട്. ആദ്യ ഫിഫ അംഗീകൃത വനിതാ റഫറിയായി അറിയപ്പെടുന്നത് സോണിയ ഡിനോന്‍കോര്‍ട്ടാണ്. കൂടാതെ അണ്ടര്‍ 17 ലോകകപ്പ് നിയന്ത്രിച്ച് ഫിഫ ലോകകപ്പില്‍ പുരുഷന്‍മാരുടെ മല്‍സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി എസ്തര്‍ സ്റ്റോബ്ലി റെക്കോര്‍ഡിട്ടിട്ടുണ്ട്. ഇവരെ കൂടാതെ യുറഗ്വായ് ടോപ് ലീഗില്‍ പുരുഷന്മാരുടെ മല്‍സരം നിയന്ത്രിച്ച ആദ്യ വനിത ക്ലോഡിയോ ഉംബിറെയാണ്.
ഫുട്‌ബോള്‍ കുത്തകയെ തകര്‍ക്കുന്ന സ്ത്രീകള്‍
ലോകമാസകലം പുരുഷ വിനോദമായി വ്യാഖ്യാനിക്കപ്പെട്ട ഫുട്‌ബോളിനെ നിയന്ത്രിക്കാന്‍ സ്ത്രീകളെത്തുന്നു എന്നത് ചരിത്രപരമായ ചില അനീതികള്‍ക്ക് നേരെയുള്ള തിരുത്താണ്. 1881 ലെ ഇംഗ്ലണ്ട്- സ്‌കോട്ട്‌ലാന്റ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിന് ശേഷം 1920 കള്‍ വരെ യൂറോപ്പ്യന്‍ കായിക ചരിത്രത്തില്‍ വനിതാ ഫുട്‌ബോളിനും ഇടമുണ്ടായിരുന്നു. എന്നാല്‍ 1921ല്‍ വനിതാ ഫുട്‌ബോള്‍ നിരോധിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരു വിവാദ പ്രസ്താവന പുറത്തിറക്കി . സ്ത്രീകള്‍ക്ക് യോജിച്ച കളിയല്ല ഫുട്‌ബോളെന്നും അത് പ്രോത്സാഹിക്കപ്പെടേണ്ടതില്ലെന്നുമുള്ള ഫുട്ബോള്‍ അസോസിയേഷന്റെ യാഥാസ്ഥിക സമീപനത്തെ പിന്തുണച്ച് അന്ന് നിരവധി രാജ്യങ്ങള്‍ വനിതാ ഫുട്‌ബോള്‍ നിരോധിക്കുകയുണ്ടായി.
പിന്നീട് ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നിരോധനം ഇല്ലാതാകുന്നത് . തുടര്‍ന്ന് 1969 മുതല്‍ 71 വരെയുള്ള കാലങ്ങളില്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡെന്റ് യൂറോപ്യന്‍ ഫീമെയില്‍ ഫുഡ്‌ബോള്‍ സംഘടന വുമണ്‍സ് വേള്‍ഡ് കപ്പ് നടത്തിയിരുന്നു. 1991ല്‍ ഫിഫയും 1996ല്‍ ഒളിമ്പിക്‌സും വനിതാ ഫുട്‌ബോള്‍ സംഘടിപ്പിച്ചതോടെ വനിതാ കായിക താരങ്ങള്‍ക്ക് ലോക ഫുട്ബോള്‍ ഭൂപടത്തില്‍ കൂടുതല്‍ ഇടം ലഭിച്ചുതുടങ്ങി രാജ്യാതിര്‍ത്തികള്‍ മറികടന്ന് പുരുഷ ഫുട്‌ബോളിന് ലഭിക്കുന്ന, ജനകീയതയും സ്വീകാര്യതയും വനിതാ ഫുട്‌ബോള്‍ വേള്‍ഡ് കപ്പുകള്‍ക്ക് ഇന്നും ലഭിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും ഫുട്ബോള്‍ എന്നത് പുരുഷ ആഘോഷങ്ങളുടെയും ആനന്ദങ്ങളുടെയും മാത്രം ഭാഗമായി നിലകൊള്ളുന്നുമുണ്ട്. എങ്കിലും , ഒരു ആണ്‍കളിയായി മാത്രം ചുരുങ്ങുമായിരുന്ന ഈ പുരുഷ വേള്‍ഡ് കപ്പിനെ നിയന്ത്രിക്കാന്‍ മൂന്ന് വനിതാ റഫറിമാര്‍ എത്തുന്നുവെന്നത് പ്രതീക്ഷാനിര്‍ഭരമാണ്
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
Think
Dec 21, 2022
4 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Dec 21, 2022
5 Minutes Watch