സ്പര്‍ശം, അയിത്തം:
സാമൂഹികചരിത്രവും
സാംസ്‌കാരികഭാവനകളും
സ്പര്‍ശം,അയിത്തം : സാമൂഹികചരിത്രവും സാംസ്‌കാരികഭാവനകളും
''കൊറോണക്കാലത്തെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകള്‍ ഏറി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്പര്‍ശത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. സാമൂഹികമായ അകലം പാലിക്കണം എന്ന് ഭരണകൂടത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ആവര്‍ത്തിച്ചു വരുന്ന നിര്‍ദ്ദേശങ്ങള്‍ സ്പര്‍ശത്തെക്കുറിച്ചുള്ള ആലോചനകളെ പുതുക്കിപ്പണിയുന്നുണ്ട്. മാനസികമായ അടുപ്പം എന്നു കൂട്ടിച്ചേര്‍ക്കുന്നതിലെ "പുരോഗമന' ഉള്ളടക്കം ഈ വിഷയത്തിന്റെ സങ്കീര്‍ണമായ വിവക്ഷകളിലേക്കാണ് നമ്മുടെ ആലോചനകളെ നയിക്കുന്നത്.'' പഠനത്തിന്റെ ഒന്നാം ഭാഗം.
23 May 2020, 02:46 PM
മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഇന്ദ്രിയാനുഭൂതികള്‍ക്കുള്ള പങ്ക്, അവയുടെ ഇടപെടല്‍ എന്നിവയെക്കുറിച്ചുള്ള ചിന്ത വളരെ സങ്കീര്‍ണവും ആഴമേറിയതുമാണ്. അതു വാസ്തവത്തില്‍ അവ്യാഖ്യേയവും വൈരുദ്ധ്യപൂര്‍ണവുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഇന്ദ്രിയാനുഭവമെന്ന നിലയ്ക്ക് സ്പര്‍ശം, കാഴ്ചയേക്കാള്‍, കേള്‍വിയേക്കാള്‍, ഗന്ധത്തേക്കാള്‍, രുചിയേക്കാള്‍ തീവ്രവും മൂര്‍ത്തവുമാണ്. ആയതിനാല്‍തന്നെ സ്പര്‍ശത്തെ അനുഭൂതികളുടെ രാജാവ് എന്നാണ് പറയാറ്. സ്പര്‍ശത്തിന് ആധാരമായ ഇന്ദ്രിയം കേവലം ഏതെങ്കിലും ഒരു അവയവമല്ല, മറിച്ച് കൃത്യമായ അവയവത്തിന്റെ പദവിയിലും ഘടനയിലുമല്ലാതെ ത്വക്ക് ശരീരമാസകലം പൊതിഞ്ഞിരിക്കുന്നു. സ്പര്‍ശം എന്ന ഇന്ദ്രിയാനുഭൂതിയുടെ കേന്ദ്രമെന്ന നിലയ്ക്ക്, ഒരേസമയം നൈരന്തര്യമുള്ള, അതേസമയം ശിഥിലമായ ഘടനയാണ് ത്വക്കിനുള്ളത്. ശാരീരികമായ മൂര്‍ത്തതയോട്, പ്രാപഞ്ചികതയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്നു സ്പര്‍ശം. കാഴ്ചയേക്കാള്‍, കേള്‍വിയേക്കാള്‍, ഗന്ധത്തേക്കാള്‍ ഒക്കെ സ്പര്‍ശം ശരീരത്തോട് ചേര്‍ന്നലിഞ്ഞുകിടക്കുന്നു. അനുഭൂതിയും അതിനാധാരമായ കരണം(വസ്തു)വും തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം പോലും ഇവിടെയില്ല. വസ്തുവും അനുഭൂതിയും ഒരിടത്തു സംപൃക്തമായിനില്‍ക്കുന്ന, വാക്കും അതില്‍ത്തന്നെ അര്‍ത്ഥവും ഒട്ടിച്ചേര്‍ന്നിരിക്കുന്നതുപോലുള്ള തന്മയാണ് സ്പര്‍ശത്തിനുള്ളത്. ഉണ്മയുടെ നിരന്തരസന്നിഹിതത്വം അതിനെ എല്ലാ അനുഭൂതികളുടെയും മേല്‍ പ്രതിഷ്ഠിക്കുന്നു. ഇല്ലാത്ത ഒന്നിന്റെ അഭാവം കൊണ്ടുണ്ടാവുന്ന നിരന്തരസാധ്യത പോലുമാണത്. എന്നാല്‍ എപ്പോഴുമുള്ളത്, ഏറ്റവും തൊട്ടരികെ! അന്ധതയ്ക്കു സ്പര്‍ശം കാഴ്ച്ചയാണ്. സരമാഗുവിന്റെ നോവല്‍ അന്ധത, ഇ.സന്തോഷ്‌കുമാറിന്റെ മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു പോലുള്ള രചനകള്‍ നേരിട്ടു തന്നെ പറയുന്നത് അതാണ്. രുചി എല്ലായ്പ്പോഴും സ്പര്‍ശമാണ്, നാവുകൊണ്ട് സ്പര്‍ശിക്കാതെ രുചി അറിയുന്നില്ല. അതിനാലാണ് പലപ്പോഴും ഭക്ഷണം രുചിച്ചു നോക്കാതെ ബഹുമാന്യര്‍ക്കു നേദിക്കുന്നത്. ദൈവങ്ങള്‍ക്കും പരേതര്‍ക്കും. ബഷീറിന്റെ മതിലുകളില്‍ സ്പര്‍ശത്തിനു പകരമാകുന്നത് കേള്‍വിയാണ്.

അതിസുന്ദരിയും ലോലമനസ്‌കയുമായ ഒരു രാജകുമാരിയുടെ കഥയുണ്ട്. അവള്‍ക്കു വിഷമമാകുമെന്നതിനാല്‍ കൊട്ടാരത്തിലാരും മങ്ങിയ മുഖത്തോടെ കാണപ്പെടരുതെന്നായിരുന്ന രാജകല്പന. ആരെങ്കിലും വേദനിക്കുന്നതറിഞ്ഞാല്‍ രാജകുമാരി തളര്‍ന്ന് അസുഖബാധിതയാകും. അവള്‍ക്കു കിടക്കാന്‍ കടലിലെ ഇരണ്ടപ്പക്ഷികളുടെ മാറിലെ മൃദുവായ തൂവലുകള്‍ ചേര്‍ത്തുണ്ടാക്കിയ കിടക്കയാണ് രാജാവൊരുക്കിയത്. കിടക്കയുടെ അടിയില്‍ ഒരു കൊച്ചു പയര്‍മണി പെട്ടിരുന്നു. അതുകൊണ്ടവള്‍ക്കു സ്വസ്ഥമായി കിടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ത്തന്നെ അച്ഛനമ്മമാരെത്തി കിടക്കയ്ക്കടിയിലെ പയര്‍മണി നീക്കം ചെയ്ത് അവളെ ആലിംഗനം ചെയ്തു. കൊട്ടാരത്തിലാരും അഴുക്കു നിറഞ്ഞ വസ്ത്രം ധരിച്ചോ രോഗത്തില്‍പ്പെട്ടോ വിഷാദത്തില്‍പ്പെട്ടോ അവളുടെ കണ്‍മുമ്പില്‍ വന്നില്ല. അതെല്ലാം അവളെ സ്വയം രോഗത്തിലും വിഷാദത്തിലുമാക്കും, അതു രാജകോപത്തിനുമിടയാക്കുമെന്ന് അവര്‍ക്കറിയാം. രാജാവും രാജ്ഞിയും ജനങ്ങളും അവള്‍ക്കു വേണ്ടി എന്തും ചെയ്തു. അവളുടെ സൗന്ദര്യത്തിലും പദവിയിലും അഭിമാനിച്ചു. എങ്കിലും എന്തിലും അലര്‍ജിയുള്ള അവളുടെ അതിമൃദുലമായ ചര്‍മം! അതവരെ കുഴക്കി. അവളെ സംബന്ധിച്ചിടത്തോളം പരുത്തിവസ്ത്രങ്ങള്‍ വളരെ പരുക്കനും പട്ടുവസ്ത്രങ്ങള്‍ കനമേറിയവയുമായിരുന്നു. രാജാവ് വളരെ ബുദ്ധിമുട്ടി മാര്‍ദ്ദവമുള്ള നൂലുണ്ടാക്കിച്ച് വസ്ത്രങ്ങള്‍ നെയ്യാനേല്പിച്ചു. എല്ലാവരും കഠിനാധ്വാനത്തില്‍ മുഴുകി പണിയെടുത്തു. എന്നാല്‍ ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ രാജകുമാരിക്കു ജലദോഷം പിടിപെട്ട് അവള്‍ പെട്ടന്നു മരിച്ചുപോയി! (സുനീതി നാംജോഷി, ദ ഫെമിനിസ്റ്റ് ഫേബിള്‍സ്). ഈ കഥയുടെ സ്ത്രീവാദദിശ "സ്ത്രൈണത'യുടെ നേര്‍ക്കാണ് സംവദിക്കുന്നതെങ്കിലും സ്പര്‍ശം എന്ന സംവേദനത്തിന്റെ ചില അംശങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു. എന്താണ് സ്പര്‍ശത്തിലൂടെ സംഭവിക്കുന്നത്? വ്യത്യസ്തതയോടുള്ള സംവേദനമോ അഭിവാഞ്ഛയോ ആണത്. തൊടുന്നയാളുടെ തുടര്‍ച്ച തേടലാണത്. അനുസ്യൂതിയും സ്വരലയവും കാംക്ഷിക്കുന്ന പ്രവാഹത്തിനു സമാനം. സ്പര്‍ശം താദാത്മ്യപ്പെടലിന്റെ തുടക്കമാണ്. വേദനയുടെയും കരുണയുടെയും ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും മറ്റനേകം വികാരങ്ങളുടെയും പകര്‍ച്ചകള്‍ക്ക് സ്പര്‍ശം കൂടിയേ കഴിയൂ. പരിചരണത്തിന്റെ രാഷ്ട്രീയവും ഉള്ളടക്കവും തന്നെയാണ് സ്പര്‍ശത്തിന്റെയും. മാത്രമല്ല എല്ലാറ്റിന്റെയും പൂര്‍ണതയില്‍, സമഗ്രതയിലറിയാന്‍ "തൊട്ടറിയേണ്ടി'യിരിക്കുന്നു. തൊലിപ്പുറം വെറും തൊലിപ്പുറമല്ല തന്നെ. സ്പര്‍ശം അറിയലിന്റെ, അറിവിന്റെ വിഷയമാകുന്നതങ്ങനെയാണ്.
നമ്മുടെ ശാരീരികാനുഭൂതികള്‍ കൂടി ചേര്‍ന്നാണ് ആന്തരികം, ബാഹ്യം എന്ന തരത്തിലുള്ള ആശയങ്ങളെ നാം ഗ്രഹിക്കുന്നത്. സ്ഥലപരമായ ആശയങ്ങളെ സ്വരൂപിക്കുന്നതില്‍ കാഴ്ച്ചയും കേള്‍വിയും സ്പര്‍ശവും ഗന്ധവും ഒക്കെയായ എല്ലാ ഇന്ദ്രിയാനുഭൂതികളും ഒന്നുചേര്‍ന്ന്, സ്വരഭംഗമില്ലാത്ത ഒരു താളക്രമം സൃഷ്ടിച്ചെടുക്കുന്നു. വസ്തുക്കളുടെയും സ്ഥലങ്ങളുടെയും പ്രതലങ്ങളുടെയും വക്കും മൂലകളും പുറവുമെല്ലാം സ്പര്‍ശത്തിലൂടെ നാം സ്വാംശീകരിക്കുന്നു. ഹാപ്റ്റിക് സ്പേസ് എന്ന സങ്കല്പനം അതാണ്. അളവുകള്‍, ദൂരം മുതലായ ഏകകങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന മൂര്‍ത്തമായ ഒരനുഭവമാണ് സ്ഥലം. നിരവധി ഗവേഷണപഠനങ്ങള്‍ ആ മേഖലയില്‍ നടക്കുന്നുണ്ട്. ടക്റ്റൈല്‍ അഥവാ സ്പര്‍ശം/ അസ്പൃശ്യത ഇവിടെ മര്‍മപ്രധാനമായ ഒരു ആശയമണ്ഡലമാണ്. കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ മറ്റ് ഇന്ദ്രിയാനുഭവങ്ങളേക്കാള്‍ സ്പര്‍ശം കൂടുതല്‍ ധൂര്‍ത്തവും മാദകവുമായാണ് കരുതപ്പെടുന്നത്. "പുണര്‍ന്നുപെറുക' എന്നത് എല്ലാരും ചെയ്യുന്ന, എന്നാല്‍ ഒരല്പം "കുറഞ്ഞ' കാര്യം തന്നെയാണ്. വിട്ടുനില്‍ക്കുക, ധ്യാനിച്ചിരിക്കുക എന്നതിലാണ് ആഢ്യത്തം. ശരീരം മനസ്സ് എന്ന ദ്വന്ദ്വത്തില്‍ അധിഷ്ഠിതമായ ഒരു തത്വചിന്താരീതി പ്രബലമായിരുന്ന ഒരിടമെന്ന നിലയില്‍, ശരീരം താഴെയും ശരീരത്തിന്റെ കാര്യങ്ങള്‍ കുറഞ്ഞതുമായി പരിഗണിക്കപ്പെടുന്ന രാഷ്ട്രീയം ഇന്നും നിലനില്‍ക്കുന്നുണ്ട്. സ്പര്‍ശം എന്നത് ഓര്‍മയുടെ, ചിന്തയുടെ എതിര്‍പക്ഷമായി നില്‍ക്കുന്നതങ്ങനെയാണ്. അതിനാല്‍ സ്പര്‍ശം എന്നത് ആഴത്തിലുള്ള ചിന്തയുടെ വിഷയമായി പരിഗണിക്കപ്പെടുന്നതിന്റെ റിസ്‌ക്ക് ഇവിടെയുണ്ട്. എന്നാല്‍ സംസ്‌കാരപഠനത്തിന്റെ രാഷ്ട്രീയം അതിനെ വിശാലമാക്കിയിട്ടുണ്ട്. ശരീരത്തെയും സ്പര്‍ശത്തെയും ഒരു സാമൂഹികസാംസ്‌കാരികനിര്‍മിതിയായി കണ്ടുകൊണ്ട് അതിലെ അധികാരബന്ധങ്ങളെ അഴിച്ചു പണിയാനുള്ള ശ്രമങ്ങള്‍ ഇന്നു സജീവമാണ്.
കൊറോണക്കാലത്തെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകള്‍ ഏറി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്പര്‍ശത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. സാമൂഹികമായ അകലം പാലിക്കണം എന്ന് ഭരണകൂടത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ആവര്‍ത്തിച്ചു വരുന്ന നിര്‍ദ്ദേശങ്ങള്‍ സ്പര്‍ശത്തെക്കുറിച്ചുള്ള ആലോചനകളെ പുതുക്കിപ്പണിയുന്നുണ്ട്. മാനസികമായ അടുപ്പം എന്നു കൂട്ടിച്ചേര്‍ക്കുന്നതിലെ "പുരോഗമന' ഉള്ളടക്കം ഈ വിഷയത്തിന്റെ സങ്കീര്‍ണമായ വിവക്ഷകളിലേക്കാണ് നമ്മുടെ ആലോചനകളെ നയിക്കുന്നത്.
ആധുനികപൂര്‍വ കേരളവും സ്പര്‍ശവും
കേരളത്തിന്റെ ആധുനികപൂര്‍വസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്പര്‍ശം എന്ന അനുഭവം സ്ഥൂലമായ ഒരു സാമൂഹികപരിപ്രേക്ഷ്യത്തിലായിരുന്നു വ്യവഹരിക്കപ്പെട്ടിരുന്നത്. പ്രവാസജീവിതത്തിന്റെ ഭാഗമായി കടല്‍ കടന്നു പോയാലും എന്തിന്, കോരപ്പുഴ കടന്നു പോയാല്‍പ്പോലും ഊരുവിലക്കും ജാതിഭ്രഷ്ടതയുമുള്ള കാലത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. നിശ്ചിതമായ ഒരു സ്ഥലപരിധിക്കകത്ത് വരുന്നവയെല്ലാം സ്പര്‍ശത്തിന്റെ മൂല്യം പേറിയിരുന്നു. ഓരോ സാമൂഹികഘടനയുടെയും ആവൃതിയ്ക്കുള്ളില്‍ കടന്നുവരുന്ന അപരസാന്നിധ്യത്തെ സ്പര്‍ശമായി കണ്ടു. ഈ കാലഘട്ടത്തില്‍ സ്പര്‍ശത്തെ നാം തിരിച്ചറിയുന്നത് അതിനുനേരെയുള്ള വിലക്കുകളുമായി ബന്ധപ്പെട്ടാണ്. വിലക്കുകളാല്‍ നിര്‍ണീതമായ സ്പര്‍ശമാണ് നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര എന്നു വേണമെങ്കിലും പറയാവുന്ന വിധമായിരുന്നു, അത്. സ്പര്‍ശത്തിന്റെ പരിധിക്കനുസരിച്ച്, സ്പര്‍ശിക്കുന്നവരുടെ ജാതി/ലിംഗഭേദമനുസരിച്ച്, വിലക്കുകളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടിരുന്നു. ഈ വിലക്കുകളെ ഭേദിച്ചുകൊണ്ട് മുന്നോട്ടുനീങ്ങിയ പ്രസ്ഥാനങ്ങളും സമരങ്ങളും വ്യക്തികളുമാണ് നമ്മുടെ സമൂഹത്തെ ചലനാത്മകമാക്കിത്തീര്‍ത്തത്. പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ പണ്ടു മുതല്‍ക്കേ സ്പര്‍ശം ഇത്രമേല്‍ വിലക്കുകള്‍ നിറഞ്ഞതല്ല, അത് ശക്തമായ ഇന്ദ്രിയാനുഭൂതിയായി അവരുടെ സംസ്‌കാരത്തില്‍ കാണാനും കഴിയും. എങ്കിലും 16, 17 നൂറ്റാണ്ടുകളില്‍ സ്പര്‍ശം യൂറോപ്പില്‍ തിന്മയുടെ, പാപത്തിന്റെ സ്വഭാവമുള്ളതായി കരുതപ്പെട്ടിരുന്നു. പ്ലേഗ്, കുഷ്ഠം തുടങ്ങിയ പകര്‍ച്ചവ്യാധികളായിരുന്നു കാരണം. മുതലാളിത്തത്തോടെ, കാഴ്ച്ച സ്പര്‍ശത്തെയും കവിഞ്ഞ് മുന്നേറി. ഫോട്ടോഗ്രഫി, ക്യാമറ, സിനിമ, ടി.വി തുടങ്ങിയവയുടെ കടന്നുവരവോടെ കാഴ്ച്ചയുടെ ഇന്ദ്രിയവിതാനങ്ങള്‍ സംസ്‌കാരം അടക്കിവാണു. സമാനമായ വിധത്തില്‍ വ്യത്യസ്തകാലത്താണെങ്കിലും കാഴ്ച്ചാധിഷ്ഠിതമായ ഒരു സംസ്‌കൃതി നമ്മെയും മാറ്റിത്തീര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാമൂഹികഘടനയില്‍ നടന്ന നവോത്ഥാനസംവാദങ്ങളധികവും സ്പര്‍ശവിലക്കുകളെ ഭേദിക്കുന്നതിനായി രൂപപ്പെട്ടവയാണ്. സ്പര്‍ശത്തെ വിലക്കുകളില്‍ നിന്നും മുക്തമാക്കിയും പുതുതായി നിര്‍വചിച്ചും കൊണ്ടുതന്നെയാണ് കേരളീയജനത പൗരത്വം സ്ഥാപിച്ചത്. ആ മറികടക്കല്‍ ഒരു ജനാധിപത്യസമൂഹത്തിന് അനിവാര്യമായിരുന്നു.
അടുപ്പം/അകലം
മനുഷ്യശരീരങ്ങള്‍ തമ്മിലുള്ള അകലം ആദ്യകാലകേരളത്തില്‍ സാങ്കേതികമായും മൂല്യപരമായും വളരെ കൂടുതലായിരുന്നു. പഴയകാലത്ത് നിലവിലിരുന്ന വീടുനിര്‍മാണത്തിന്റെ ഫ്യൂഡല്‍ മാതൃകകളില്‍ ഒരു ഒറ്റഘടനാരീതി അധികമില്ല എന്നു കാണാം. അതായത് വീട് എന്നത് പല കഷണങ്ങളായി ചിതറിയതാണ്. അകം, പുറം എന്ന ഘടനയക്കു പുറമേ വീടിന്റെ ഘടന ശകലിതവും വിസ്തൃതവുമാണ്. പെണ്ണുങ്ങളും പണിക്കാരും പെരുമാറുന്ന പിന്നാമ്പുറങ്ങള്‍, പടിഞ്ഞാറ്റികള്‍, ഉരല്‍പ്പുരകള്‍, മറപ്പുരകള്‍, ഈറ്റുപുരകള്‍ ഒക്കെ കാരണവന്മാരും ആണുങ്ങളും വിരാജിക്കുന്ന പൂമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാണ്, ദൂരെയാണ്. അകത്തുള്ളാള്‍, അന്തര്‍ജ്ജനം എന്നൊക്കെയുള്ള പേരുതന്നെ ഈ അകം പുറം സംബന്ധിച്ച മൂല്യപരമായ വേര്‍തിരിവിനെക്കൂടി വഹിക്കുന്നുണ്ട്. തളങ്ങളും വരാന്തകളും പുറം കോലായകളും പടിപ്പുരകളും, വിറകുപുരകളും ഒക്കെ വേറെയാണ്. നിലവറകള്‍, അറപ്പുരകള്‍, പത്തായപ്പുരകള്‍, അരിയും നാളികേരവും മറ്റും സൂക്ഷിക്കുന്ന കലവറകള്‍, ഞാറ്റുപുരകള്‍, മച്ചിന്‍പുറങ്ങള്‍ ഒക്കെ പലതരം സാമ്പത്തികാധാരങ്ങളാല്‍, അധ്വാനഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. സ്വാഭാവികമായും എല്ലാം എല്ലാവര്‍ക്കും കയറിയിറങ്ങാനുള്ള ഇടങ്ങളല്ല.
"തീണ്ടലിലില്ലാത്ത ജാതിക്കാരെ സ്വീകരിക്കുന്ന നാടശാല, ബഹുമാന്യരായ അതിഥികളെ ഊട്ടാനുള്ള പടിഞ്ഞാറ്റിത്തറ, രോഗികളായ പുരുഷന്മാര്‍ക്കു കിടക്കാനുള്ള ദീനമുറി, ഔപാസനം, ശ്രാദ്ധം മുതലായ വൈദികകാര്യങ്ങള്‍ക്കുള്ള വടക്കിനി, നമ്പൂതിരിമാരുടെ അത്താഴത്തിന് ഉപയോഗിക്കുന്ന മേലടുക്കള, സ്ത്രീകള്‍ക്ക് ആര്‍ത്തവകാലങ്ങളില്‍ ശയിക്കാനുള്ള മുറി, പാത്രക്കലവറ, അന്തര്‍ജ്ജനങ്ങളുടെ പെട്ടി മുതലായവയും ഉപ്പിലിട്ടവകയും സൂക്ഷിക്കുന്ന പുത്തനറ, പ്രസവമുറിയായ വടക്കേ അകം, അന്തര്‍ജ്ജനങ്ങള്‍ക്ക് അത്താഴമുണ്ണാനുള്ള തുണ്ടനടുക്കളയും വടക്കേക്കെട്ടും പൂജാമുറി എന്ന ശ്രീലകം, മോരും മറ്റുവകകളും സൂക്ഷിക്കുന്ന മോരകം, ....ഊട്ടുപുര, നടുമുറ്റങ്ങള്‍....' (പുറം80, 81 പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം) എന്നിങ്ങനെ നീളുന്ന വാസ്തുഘടനാവൈശദ്യങ്ങളില്‍ ഒരേ ജാതി സമൂഹങ്ങളിലെ തന്നെ ശരീരങ്ങളുടെ അടുപ്പം/ അകലം വ്യക്തമാണ്. എന്നാല്‍ അയിത്തജാതികളുമായുള്ള സ്ഥിരമായ അകല്‍ച്ചയെയും അവ ഉള്‍ക്കൊള്ളുന്നുണ്ട്. പടിഞ്ഞാറ്റിയുടെ സ്ഥാനം എപ്പോഴും തെക്കു പടിഞ്ഞാറെ കോണിലായി നിശ്ചയിക്കുന്നത് അയിത്തജാതിക്കാരില്‍ നിന്നും സ്ഥിരമായ കഴിയുന്നത്ര അകന്നൊഴിഞ്ഞ് നില്ക്കാന്‍ വേണ്ടിക്കൂടിയാണെന്നും ഭാസ്‌കരനുണ്ണി എഴുതുന്നു. ഒപ്പം ഈ വാസ്തുവിവരണങ്ങളില്‍ ജാതി മേല്‍ക്കോയ്മയുടെയും ധൂര്‍ത്തിന്റെയും അടയാളങ്ങളും സ്പഷ്ടമാണ്. ഇതേ നമ്പൂതിരിയില്ലങ്ങളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കിടന്നുറങ്ങാനുള്ള വെവ്വേറെ മച്ചറകള്‍ മുകളിലായി ഉണ്ടെന്നും അവിടേക്കുള്ള കോണിപ്പടികളും വെവ്വെറെയാണെന്നും ഭാസ്‌കരനുണ്ണി എഴുതുന്നു.
സവര്‍ണഗൃഹനിര്‍മിതിയില്‍ നിന്നും കടകവിരുദ്ധമായ വിധത്തിലാണ് പഴയ കീഴാളഗൃഹനിര്‍മിതി എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. കൂണുകള്‍ പോലെ എന്നതിനെ കാവ്യാത്മകമാക്കുകയും ചെയ്യുന്നു. ""കാണാം ചെറുതായകലെ നിന്നാലൊരു കൂണെന്നപോലെ വയല്‍വരമ്പില്‍..''(പുലയന്റെ കുടില്‍-ആശാന്‍) ഈ കൂണുകള്‍ എല്ലാ സവര്‍ണവിഭാഗങ്ങളുടെയും വളപ്പുകളില്‍ നിന്നും അകലെയായി, യാതൊരു കാരണവശാലും കണ്ടോ മിണ്ടിയോ അയിത്തമുണ്ടാകാത്തത്ര അകലത്തിലായിരുന്നുവെന്നും അദ്ദേഹമെഴുതുന്നു. ഇക്കൂട്ടരുടെ വര്‍ണവിവേചനാപരമായ അകല്‍ച്ചയെ 11-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അല്‍ബിറൂനി വ്യക്തമാക്കുന്നു. "അലക്കുകാരന്‍, ചെരുപ്പുകുത്തി, നെയ്ത്തുകാരന്‍ മുതലായവരെ ഏറ്റവും താഴ്ന്ന ജോലിക്കാരായി ഗണിച്ചിരുന്നു. മേല്‍പ്രസ്താവിച്ച നാലുകൂട്ടര്‍ മറ്റുള്ളവരുമായി ഒരു സ്ഥലത്തും കൂടിച്ചേര്‍ന്നു താമസിക്കുകയില്ല' (പുറം 81, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം). വീടുകളുടെ ഘടന സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഘാതകവധത്തിലൊരിടത്തു കാണാം. അക്കാലത്ത് ജനാലകള്‍ പണിതു തുടങ്ങിയിരുന്നില്ല. എന്നാല്‍ മറിയത്തിന്റെ വീട്ടില്‍ കിളിവാതിലുകളുണ്ടായിരുന്നു. അത് കാണുമ്പോള്‍ മറിയത്തെ പെണ്ണുകാണാന്‍ വന്ന ആള്‍ എന്തിനാണത് എന്നാരായുന്നു. അപ്പോള്‍ പെണ്ണിന്റെ അപ്പനായ കോശികുര്യന്‍ പറയുന്നു: ""വളരെ ആളുകള്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുന്ന ദുര്‍വായു പുറത്തിറങ്ങി നല്ലതു കേറേണ്ടതിനു തന്നെ. ഇതുകൊണ്ടു തന്നെയാണ് ഇവിടെയുള്ളവര്‍ക്കു ഏറെ ദീനം വരാത്തതു. ഈ ദിക്കുകാരെല്ലാം ഈ സൂത്രം അംഗീകരിച്ചെങ്കില്‍ കൊള്ളായിരുന്നു എന്നു ഇനിക്കു വളരെ ആഗ്രഹവുമുണ്ടു''. (പുറം, 90, ഘാതകവധം)
ജാതിസ്പര്‍ശങ്ങള്‍
നമ്മുടെ നാട്ടിലെ സ്പര്‍ശത്തിന്റെ സാംസ്‌കാരികചരിത്രം ഏറെയും ജാതിയുടെ ചരിത്രബന്ധങ്ങളുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു. ജാതി ഉപജാതികള്‍ തമ്മിലുള്ള അയിത്തവും ചാര്‍ച്ചകളും കെട്ടുപിണഞ്ഞുകിടക്കുന്ന സാംസ്‌കാരികമായ പ്രതലമാണതിനുള്ളത്. മേല്‍ജാതി കീഴ്ജാതി അയിത്തങ്ങള്‍ക്കു പുറമേ കീഴ്ജാതികള്‍ തമ്മില്‍ത്തമ്മിലും കൃത്യമായ അയിത്തം പാലിക്കപ്പെട്ടിരുന്നു. പി.ഭാസ്‌കരനുണ്ണി എഴുതുന്നു: "മണ്ണാന്മാരും പാണന്മാരും മറ്റും ഈഴവര്‍ക്കു വഴിമാറണം. പുലയനും പറയനും മറ്റും പാണനും മണ്ണാനും വഴിമാറണം. പറയനും മറ്റുള്ളവരും നായാടിക്കു വഴിമാറണം. ഈ പറഞ്ഞ എല്ലാ ജാതിയും നാലുവര്‍ണത്തിനും വഴിമാറണം. ചില ജാതിക്കാരെ തൊട്ടാലേ അയിത്തമുണ്ടാകൂ. മറ്റു ചില ജാതിക്കാരുടെ സാന്നിധ്യം പോലും അയിത്തമുണ്ടാക്കും. ചില ജാതിക്കാരെ കണ്ടാല്‍ മതി അയിത്തമായി. ചില കര്‍മങ്ങള്‍ക്ക് നമ്പൂതിരി കുളിച്ചു ശുദ്ധമായി വരുമ്പോള്‍ നായരോടൊന്നു മിണ്ടിയാല്‍ മതി, അശുദ്ധമാകും. പിന്നെ കുളി വേണം. ഓരോ ജാതിയും സവര്‍ണജാതിക്കു മുമ്പില്‍ എത്രയെത്ര ദൂരമാണ് മാറിനില്‍ക്കേണ്ടതെന്നുള്ളതിന് കൃത്യമായി, ശാസ്ത്രഗ്രന്ഥങ്ങളില്‍ അളവു കല്പിച്ചിട്ടുണ്ട്. നായാടികള്‍ 72 അടി ദൂരം, പുലയന്‍ 64 അടി ദൂരം, കണിശന്‍ 36 അടി ദൂരം, മുക്കുവന്‍ 24 അടി ദൂരം. കേരളത്തില്‍ താണജാതികള്‍ തമ്മില്‍ത്തമ്മിലുള്ള അസ്പൃശ്യതയും രൂക്ഷമായിരുന്നു. പുലയന്‍ പറയനെ തൊട്ടാല്‍ ആ പറയന്‍ അയിത്തം മാറാന്‍ മൂന്നുവട്ടം മുങ്ങിക്കുളിക്കണം. തിരിച്ചു പറയന്‍ പുലയനെ തൊട്ടാലും പുലയന്‍ മൂന്നുവട്ടം മുങ്ങിക്കുളിക്കണം (പി.ഭാസ്‌കരനുണ്ണി 19 നൂറ്റാണ്ടിലെ കേരളം). തീണ്ടല്‍ നിയമം തെറ്റിച്ചാല്‍ കീഴാളന് തക്കതായ ശിക്ഷ ലഭിക്കാതെ വഴിയില്ലായിരുന്നു. മരണം വരെ ആവാം ശിക്ഷയുടെ കടുപ്പം. ജാതിയുടെ കീഴാളനില എത്രത്തോളം താഴെയാണോ അത്രത്തോളം കടുത്തതായിരിക്കും ശിക്ഷ. ഒരേ കുറ്റങ്ങള്‍ക്ക് വ്യത്യസ്തജാതികള്‍ക്ക് വ്യത്യസ്ത ശിക്ഷകളായിരുന്നു എന്നത് ശരീരത്തിലും തീണ്ടലിലും അതുവഴി സ്പര്‍ശത്തിലും ഉള്ളടങ്ങിയ ജാതിയെ കാട്ടിത്തരുന്നു. പണ്ടുമുതല്ക്കേ നിലവിലിരുന്ന പുലപ്പേടി, മണ്ണാപ്പേടി മുതലായ ആചാരബദ്ധവും കുറ്റകരവുമായ അസ്പൃശ്യതയുടെ സ്ത്രീവിരുദ്ധത ചരിത്രകാരന്മാര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മേല്പറഞ്ഞ ആചാരങ്ങള്‍ കെട്ടുകഥയാണെന്ന വാദവും ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്.
എറിഞ്ഞടി
താന്‍ പഠിച്ച സ്‌കൂളിലെ "ജാതിക്കുശുമ്പനാ'യ ഒരധ്യാപകന്റെ പ്രത്യേകരീതിയിലുള്ള ശിക്ഷാമുറയെപ്പറ്റി സി.കേശവന്‍ എഴുതുന്നുണ്ട്. വടി കയ്യില്‍ പിടിച്ച് കുട്ടികളെ അടിച്ചാല്‍ അയിത്തമാകുമെന്നതിനാല്‍ വടി കൊണ്ട് എറിഞ്ഞു മര്‍ദ്ദിക്കുന്ന സവിശേഷമായ രീതിയായിരുന്നു അയാളുടേത്. ""ചൂരലിന്റെയോ വടിയുടേയോ ഒരറ്റം ഒരാള്‍ ഒരു കയ്യില്‍ മുറുക്കെ പിടിക്കുക. അനന്തരം കയ്യിലെ മസിലുകളുടെ ശക്തി ചൂരലില്‍ കടത്തി, മറ്റേ അറ്റം കൊണ്ടു വേറൊരാളുടെ കൈപ്പത്തിയിലോ ഭുജത്തോ പൃഷ്ഠത്തോ ഊക്കായി സംഘട്ടനം നടത്തുക. രണ്ടു ശരീരങ്ങള്‍ ചൂരല്‍ വഴി ബന്ധപ്പെടുന്ന ഒരു നിമിഷമുണ്ട്. അപ്പോഴാണ് അടി പൂര്‍ത്തിയാകുന്നത്. കൃഷ്ണപിള്ളസ്സാര്‍ ഏകകാലത്ത് ഒരു ഈഴവശരീരത്തെയും തന്റെ നായര്‍ശരീരത്തെയും ഈ വടികൊണ്ട് ബന്ധിക്കാന്‍ അനുവദിച്ചിരുന്നില്ല. വടിവഴി പോലും ഈഴവന്റെ അശുദ്ധം തന്റെ മേല്‍ ബാധിക്കരുതെന്ന് അത്ര നിര്‍ബന്ധമുള്ളയാളായിരുന്നു സാര്‍. അതിനാലാണ് ഈ വടിയെറിച്ചില്‍. ഉദ്ദിഷ്ഠഫലം ഉണ്ടാവുകയും ചെയ്യും, അയിത്തമൊട്ടാവുകയുമില്ല!'' (പുറം 62, ജീവിതസമരം)
ചെറുകാടിന്റെ ജാതിയനുഭവം അദ്ദേഹത്തിന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ പലയിടങ്ങളിലായി കടന്നുവരുന്നുണ്ട്. വടുവങ്കരരാമന്‍ എന്ന ഈഴവക്കുട്ടിയുമായി പ്രൈമറിസ്‌കൂള്‍ കാലത്തുണ്ടായിരുന്ന ചങ്ങാത്തം കളവു പഠിക്കാനിടയാക്കിയത്രെ. നെല്പാടത്തിനു നടുവിലിരുന്ന് മോഷ്ടിച്ച കരിമ്പിന്‍കഷണങ്ങള്‍ വെട്ടിക്കണ്ടിച്ചു തിന്നത് വീട്ടിലറിഞ്ഞു ശകാരം കിട്ടി. കൂടാതെ വടുവങ്കരരാമന്‍ ഈഴവനാണെന്നും ഈഴവനെ തീണ്ടിയാല്‍ അശുദ്ധമാകുമെന്നും ആ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും തന്റെ ഗുരുനാഥനായ ഗോപാലനെഴുത്തച്ഛന്‍ വഴി കല്പനകിട്ടിയെന്നും ചെറുകാട് എഴുതുന്നു. (ജീവിതപ്പാത, പുറം 58) ""വടുവങ്കര രാമനുമായുള്ള എന്റെ സൗഹാര്‍ദ്ദം ചെറുകാട്ടുകരയില്‍ ഒരു പ്രശ്നമായിത്തീര്‍ന്നു. ഞാന്‍ തീയശുദ്ധമായി പിഷാരത്തും അമ്പലത്തിലും കടക്കുന്നു. എല്ലാം അശുദ്ധമാക്കി ചുട്ടു പൊടിക്കുന്നു- ഇതായിരുന്നു പരാതി. അശുദ്ധം അഗ്‌നിപോലെ ചൂടുള്ളതാണെന്നാണ് ആളുകള്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടാവാം ചുട്ടുപൊടിക്കുക എന്നു പറഞ്ഞത്....... ഗോവിന്ദന്‍കുട്ടി പിഷാരത്ത് തീയശുദ്ധമാക്കിയാല്‍ പിഷാരത്തുനിന്ന് അവര്‍ക്കു ഉണ്ണാന്‍ കഴിയില്ലത്രെ. പിഷാരത്തുനിന്ന് കൊണ്ടുപോവുന്ന ഉണങ്ങലരി, നെയ്യ്, പൂവ്, തുടങ്ങിയ സാധനങ്ങളിലൂടെ ഈ അശുദ്ധം ഈശ്വരനെയും ബാധിക്കും. അശുദ്ധമായാല്‍ ഈശ്വരന് അമ്പലത്തിലിരിക്കാനാവുമോ? ഈശ്വരന്‍ അമ്പലത്തില്‍ നിന്നിറങ്ങിപ്പോവും...''(പുറം 59, ജീവിതപ്പാത). ജാതി അയിത്തം കൊണ്ട് താന്‍ ശിക്ഷയില്‍ നിന്ന് ഒഴിവായ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. എള്ളുകൃഷി നടക്കുന്ന പാടത്തുനിന്ന് കുട്ടികള്‍ കണക്കില്ലാതെ എള്ളു മോഷ്ടിച്ചു തിന്നതിന് എല്ലാര്‍ക്കും ശിക്ഷകിട്ടി. എന്നാല്‍ തനിക്കു ശുദ്ധം മാറിയാല്‍ കുളിക്കാതെ ഒന്നും കഴിക്കാറില്ലെന്നും അതിനാല്‍ എള്ളുതിന്നിട്ടില്ലെന്നും ചെറുകാട് കളവു പറഞ്ഞ് ശിക്ഷയില്‍ നിന്ന് ഒഴിവായി. ഒരു മുന്നാഴി എള്ളെങ്കിലും താന്‍ തിന്നുകാണുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. ചാമി എന്ന ഈഴവന്‍ അയിത്തത്തെക്കുറിച്ചുള്ള ചെറുകാടിന്റെ കാഴ്ച്ചകളെ മാറ്റിക്കളഞ്ഞ സംഭവവും ഉണ്ട്. ഒരിക്കല്‍ സന്ധ്യക്ക് പുഴയില്‍മുങ്ങിക്കുളിച്ചു കയറി തലതുവര്‍ത്തിയ ചെറുകാടിന്റെ നേരെ ചാമി എന്ന ഈഴവയുവാവിന്റെ പോത്ത് ചാടി വന്നു. അയാളതിനെ വെള്ളത്തിലേക്കു തന്നെ ഇറക്കി കഴുകാന്‍ തുടങ്ങി. തന്നെ അയിത്താക്കിയതില്‍ ചെറുകാട് ഈര്‍ഷ്യ കാണിച്ചു. അപ്പോള്‍ ചാമി അയിത്തൊക്കെ ഇപ്പോ ഇല്ലാണ്ടാവും എന്നും നാരായണഗുരു പറഞ്ഞ ജാതിസമത്വം ഉരുവിടുകയും ചെയ്തു. പിറ്റേന്ന് ആശാന്റെ കൃതികളും അവ പരിചയപ്പെടുത്തിയ മലയാളം പണ്ഡിറ്റായ തന്റെ അളിയനെയും ചാമി കാട്ടിക്കൊടുത്തു. (പുറം 75, 76 ജീവിതപ്പാത)
വൈദ്യശാസ്ത്രവും സ്പര്‍ശവും
സ്പര്‍ശചികില്‍സയില്‍ അഗ്രഗണ്യനായ ചോലയില്‍ കുഞ്ഞിമാമി വൈദ്യര്‍ ഈഴവനായതിനാല്‍ അംഗീകരിക്കപ്പെട്ടില്ല. നാഡി നോക്കി ചികില്‍സിച്ചിരുന്ന ജീവന്‍ മശായിയേക്കാള്‍ ഒരു പടികൂടി കടന്ന് കൈയില്‍ നൂലുകെട്ടി ആ നൂലില്‍ പിടിച്ചുകൊണ്ട് രോഗനിര്‍ണയം നടത്തിയിരുന്നു അദ്ദേഹം. അസ്പൃശ്യത വൈദ്യനെയും ബാധിച്ചിരുന്ന കാലം. അദ്ദേഹത്തെ പരിഹസിക്കാനോ പരീക്ഷിക്കാനോ എന്നറിയില്ല, കട്ടിലിന്റെ കാലില്‍ ചരടുകെട്ടി അത് പുറത്തുനിന്ന വൈദ്യന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് ചികില്‍സ ആരാഞ്ഞു. വൈദ്യര്‍ നൂലു പിടിച്ച് മരവിച്ചു പോയിരിക്കുന്നു, ഇനി ചികില്‍സയുടെ ആവശ്യമില്ല എന്നു പറഞ്ഞുവത്രെ. സമാനമായ ഒരു കഥ തലശ്ശേരിയിലെ ഊരാച്ചേരി ഗുരുനാഥന്മാരെക്കുറിച്ചും പറഞ്ഞുകേള്‍ക്കാറുണ്ട്. ചൊക്ലിക്കടുത്ത് ഒളിവിലത്ത് പൊയ്യുപ്രം തറവാട്ടിലെ കെട്ടിലമ്മയക്ക് കഠിനമായ, മാറാത്ത തലവേദന. ഊരാച്ചേരില്‍ ഗുരുക്കന്‍മാരില്‍ കേമനായ ഒതേനന്‍ ഗുരുക്കളെത്തന്നെ വിളിക്കാന്‍ ചിറയക്കല്‍ തമ്പുരാന്‍ കല്പിച്ചു. ഗുരുക്കളെത്തി, നാഡി പരിശോധിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ കെട്ടിലമ്മ പുറത്തു വരില്ല, രോഗവിവരം കേട്ട് മരുന്നു കുറിക്കുകയാണ് മറ്റു വൈദ്യന്മാര്‍ ചെയ്യാറുള്ളതെന്നു തമ്പുരാന്‍ പറഞ്ഞു. പുറത്തു വരാന്‍ വിഷമമാണെങ്കില്‍ തമ്പുരാട്ടി നൂലിന്റെ ഒരറ്റം കയ്യില്‍ പിടിച്ചിട്ട്, മറ്റേ അറ്റം പുറത്ത് എന്റെ കയ്യില്‍ തന്നാല്‍ മതി എന്നായി ഗുരുക്കള്‍. അതനുസരിച്ച് നൂലിന്റ ഒരറ്റം ഗുരുക്കളുടെ കയ്യില്‍ കൊടുത്തു. ഗുരുക്കള്‍ കുറേ നേരം നൂല്‍ കാതില്‍ ചേര്‍ത്തു പിടിച്ചു കണ്ണടച്ചിരുന്നു. പിന്നെ പതുക്കെ പറഞ്ഞു, "രണ്ടു നേരം കറക്കുന്നത് ഒരു നേരമാക്കിയാല്‍ മതി, ഇപ്പോഴുള്ള ക്ഷീണം മാറിക്കൊള്ളും'. വൈദ്യരെ പരീക്ഷിക്കുന്നതിനായി നൂല് അകത്ത് ഒരു പശുവിന്റെ കാലിലാണ് കെട്ടിയിരുന്നതത്രെ!
ഇക്കണ്ടന്‍ അകത്ത് എന്ന ഒരു ചൊല്ല് കൊച്ചീഭാഗത്തു പ്രചാരത്തിലുണ്ടായിരുന്നത്രെ. ഒരിക്കല്‍ കൊച്ചീരാജകുടുംബത്തിലെ ഒരംഗത്തിനു കലശലായ അസുഖം. പ്രഗല്‍ഭരായവര്‍ പലരും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ രാജാവിന്റെ ആജ്ഞപ്രകാരം ഇക്കണ്ടന്‍ എന്ന പ്രസിദ്ധ ഈഴവവൈദ്യനെ വിളിക്കാന്‍ കല്പനയായി. വൈദ്യന്‍ വന്ന വിവരം രാജാവിനെ അറിയിച്ചു. ഇക്കണ്ടന്‍ വൈദ്യന്‍ എവിടെ എന്നായി രാജാവ്. പുറത്തുനില്ക്കുന്നു എന്നാണ് സേവകരറിയിച്ചത്. ഉടനെ രാജാവ് കല്പിച്ചു, ഇക്കണ്ടന്‍ അകത്ത്. ഈഴവരായ വൈദ്യന്മാര്‍ക്കും മറ്റും രാജകൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് രാജാവ് അദ്ദേഹത്തെ അകത്തു പ്രവേശിച്ചതു മുതലാണ് ഇക്കണ്ടന്‍ അകത്ത് എന്ന പ്രയോഗം നിലവില്‍ വന്നത്. അതോടെ അയാള്‍ കൊട്ടാരം വൈദ്യനുമായി.
ചികില്‍സകരായിരുന്ന ബ്രാഹ്മണസമൂദായാംഗങ്ങള്‍ ധാരാളമായി ഉണ്ട്. അഷ്ടവൈദ്യന്‍ ചെറിയനാരായണന്‍ നമ്പൂതിരി അതിലൊരാളാണ്. തങ്ങള്‍ ബ്രാഹ്മണസമുദായത്തിലെ അസ്പൃശ്യരാണ് എന്നത്രെ അദ്ദേഹത്തിന്റെ ഭാഷ്യം. കാരണം ചികില്‍സ ചെയ്യുന്ന വൈദ്യന്മാരാണ്. എന്നാല്‍ ഈ പതിതത്വം തനിക്കില്ലെന്നദ്ദേഹം വാദിക്കുന്നുണ്ട്. കാരണം വേദാധികാരമുണ്ടത്രെ. അതിനു കാരണം വേദചര്‍ച്ച നടക്കുന്നിടങ്ങളില്‍ തങ്ങളുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നുവത്രെ. ആ സമയത്ത് ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ അതു പരിഹരിക്കാനായിരുന്നു അതെന്നാണ് യാഥാര്‍ത്ഥ്യം (ആല്‍ബത്തിലെ ഓര്‍മകള്‍). നവോത്ഥാനപരിഷ്‌കര്‍ത്താവായ ഒരെഴുത്തുകാരന്‍ തനിക്കു ബാധിച്ച വിഷമിറക്കാന്‍ വൈദ്യന്റെ ഇല്ലത്തെത്തിയത്രെ. എന്നാല്‍ ശുദ്ധം വിട്ടുകളിക്കാത്ത വൈദ്യന്‍ അകത്തുപ്രവേശിപ്പിക്കാതെ പുറത്തുകിടത്താന്‍ നിര്‍ദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് മരണപ്പെട്ടാലും വേണ്ടില്ല, തനിക്കു ചികില്‍സവേണ്ടെന്നു പറഞ്ഞ് പോന്ന കഥ എവിടെയോ വായിച്ചതോര്‍ക്കുന്നു.
കൊട്ടാരവും ക്ഷേത്രവും പോലുള്ള ഫ്യൂഡല്‍ ഇടങ്ങള്‍ മാത്രമല്ല, മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയും ശുദ്ധാശുദ്ധങ്ങള്‍ പാലിച്ചിരുന്നതായി ആത്മകഥകള്‍ പറയുന്നു. സവര്‍ണേതരരായ ആരെയും തന്നെ അവിടെ ഡോക്ടര്‍മാരായും നിയമിച്ചിരുന്നില്ലത്രെ.
തിരുവിതാംകൂറില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്നും ഒരു സര്‍ക്കാര്‍ ജോലിക്കാരന്‍ ഉണ്ടായതിനു പിന്നില്‍ ജാതിപരമായ അസ്പൃശ്യതയ്ക്കു കാര്യമായ പങ്കുണ്ടെന്നു വിനില്‍ പോളിനെപ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരുവിതാങ്കൂറില്‍ വസൂരി പടര്‍ന്നു പിടിച്ചു. സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പ്രതിരോധകുത്തിവെപ്പിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ രോഗബാധിതരായ പുലയര്‍ക്കു വേണ്ടി ആരാണതു ചെയ്യുക? അച്ചുകുത്തുജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരായ സര്‍ക്കാരുദ്യോഗസ്ഥര്‍ ദളിതരുടെ കാര്യം വരുമ്പോള്‍ അയിത്തമാകുന്നതിനാല്‍ ആ ജോലി ദളിതരെത്തന്നെ ഏല്പിച്ചതിലൂടെയാണിതു സാധ്യമായത് (ഇതു സംബന്ധിച്ച വിശദമായ പരാമര്‍ശം ജെ.ഡബ്ല്യൂ. ഗ്ലാഡ്സ്റ്റന്‍ 1984 ല്‍ എഴുതിയ protestant christianity and peoples movements in Kerala: A study of christian mass movements in relation to Hindu oscio- religious movements in Kerala 1850-1936 (സെമിനാരി പബ്ലിക്കേഷന്‍സ്, 1984, പുറം 121) പുസ്തകത്തില്‍).
1830 കളില്‍ തിരുവിതാംകൂറിലെ ഒരു രാജാവ്, ഉത്രം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ(1846-60)യാണെന്നു രേഖകള്‍ പറയുന്നു, അനാട്ടമി പഠിക്കാനാഗ്രഹിച്ച കഥ വിനില്‍ പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ ഇളയ സഹോദരനായ ഈ രാജാവ് പരിഷ്‌കാരപ്രിയനും ബ്രിട്ടീഷ് മാതൃകകളുടെ ആരാധകനുമായിരുന്നുവത്രെ. രാജാവിനെ അനാട്ടമി പഠിപ്പിക്കാന്‍ ബ്രൗണ്‍ എന്ന ബ്രിട്ടീഷ് ഡോക്ടറും അസ്ഥികൂടവും ബ്രിട്ടനില്‍ നിന്നും എത്തിച്ചു. പക്ഷേ മൃതദേഹത്തില്‍ സ്പര്‍ശിച്ചാല്‍ രാജാവിന് തീണ്ടല്‍ ആവുന്നതിനാല്‍ അസ്ഥികൂടത്തില്‍ തൊടാനാവില്ല. പകരം ആനക്കൊമ്പു കൊണ്ട് വേഗം ഒരു അസ്ഥികൂടമുണ്ടാക്കി അതില്‍ പഠനം പൂര്‍ത്തിയാക്കിയത്രെ. രാജാവിന്റെ മരണശേഷം അത് ഒരു സൂക്ഷിപ്പായി അവിടെ കാത്തുവെച്ചു. ഉത്രം തിരുന്നാള്‍ സ്വയം ഒരു പരീക്ഷണശാല സജ്ജമാക്കി അതില്‍ മരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായും മറ്റും തിരുവിതാംകൂര്‍ ചരിത്രകാരനായ ശങ്കുണ്ണിമേനോന്‍ എഴുതുന്നു. പയ്യെപയ്യെ അദ്ദേഹം മുന്‍കയ്യെടുത്ത് ആളുകളെ ചികില്‍സിക്കാനും തുടങ്ങി. അതോടെ വേറെ തന്നെ ഒരു ആതുരാലയം സ്ഥാപിക്കുന്നതിനും തുനിഞ്ഞു. അങ്ങനെ രാജാവ് മുന്‍കൈയെടുത്തു തുടങ്ങിയ സ്ഥാപനത്തിലേക്ക് ബ്രാഹ്മണരും മറ്റ് സവര്‍ണവിഭാഗക്കാരും കടന്നു വന്നു തുടങ്ങി. ദ്രവരൂപത്തിലുള്ള ഇംഗ്ലീഷ് മരുന്നുകളില്‍ സ്പിരിറ്റ് കലര്‍ന്നിരിക്കുന്നുവെന്ന ധാരണയില്‍ അവരാരും തൊട്ടുനോക്കാറുപോലുമില്ലായിരുന്നു. എന്നാല്‍ രാജാവു തുടങ്ങിയ ഈ ആശുപത്രിയില്‍ അവര്‍ വന്നു ചികില്‍സിച്ചിരുന്നു. മരുന്നു സ്വീകരിച്ചിരുന്നു.
അഷ്ടവൈദ്യന്മാരിലൊരാളെക്കുറിച്ച് ഐതിഹ്യമാലയില്‍ പറയുന്ന ഒരു ആഖ്യാനം സ്പര്‍ശവും ആചാരവും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായിക്കും. കുഷ്ഠരോഗം ബാധിച്ച ഒരു നമ്പൂതിരി വൈദ്യനെ കാണാനെത്തുകയാണ്. പെരുമ്പാമ്പിന്റെ നെയ്യ് കഴിച്ചാല്‍ അസുഖം മാറുമെന്നു പറഞ്ഞതുകേട്ട് നിരാശയോടെ രോഗി മടങ്ങി. ശുദ്ധസസ്യഭുക്കായ താന്‍ എങ്ങനെ പെരുമ്പാമ്പിന്‍ നെയ്യു കഴിക്കും?! പോരാത്തതിന് ആചാരവിരുദ്ധമായി നിഷിദ്ധമായതു ഭക്ഷിച്ചാല്‍ ജാതിഭ്രഷ്ടുമാവും. വിഷണ്ണനായ നമ്പൂതിരിയുടെ സ്വപ്നത്തില്‍ തന്റെ ഇഷ്ടദൈവം ചമ്രവട്ടത്തപ്പന്‍ പ്രത്യക്ഷപ്പെട്ടു, 40 ദിവസം കുളിച്ചുതൊഴുത് പുഴയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞു മറഞ്ഞു. നമ്പൂതിരി അതനുസ്സരിച്ചു പ്രവര്‍ത്തിച്ചു. രോഗവും മാറി. ഇതറിഞ്ഞ വൈദ്യന്‍ തനിക്ക് രോഗി വെള്ളം കുടിച്ച ആ സ്ഥലമൊന്നു കാണണമെന്നു പറഞ്ഞു ചെന്നു. അപ്പോഴതാ പെരുമ്പാമ്പിന്റെ അസ്ഥികൂടം ആ ഒഴുക്കിനോടു ചേര്‍ന്നു തന്നെയുണ്ട്. വൈദ്യനതോടെ സമാധാനമായി. സത്യത്തില്‍ നമ്പൂതിരിക്കും സമാധാനമായി, കാരണം താനായിട്ട് ആചാരലംഘനം നടത്തിയിട്ടില്ല, സ്വപ്നമാണ് തന്നെ നയിച്ചത്. സ്വപ്നത്തിലൂടെ അതാവാം! അപ്പോള്‍ പാപമില്ല. മറ്റൊരു കാര്യം വെള്ളത്തിന്റെ സ്പര്‍ശം എല്ലാ അശുദ്ധികളെയും കഴുകിക്കളയുമെന്ന സവര്‍ണാബോധവും. മറ്റുള്ളവര്‍ തൊട്ട വസ്തുക്കള്‍ വെള്ളം തളിച്ചു ശുദ്ധിവരുത്തുക എന്നത് സവര്‍ണര്‍ക്കിടയില്‍ നടപ്പിലുള്ള ഒരു രീതിയാണല്ലോ. വൃത്തിയേക്കാള്‍ ശുദ്ധമാണ് ഇവിടെ പ്രബലമായ ഘടകം. ജെ. ദേവികയും ഹരികൃഷ്ണനും ചേര്‍ന്ന് കഫീല ഓണ്‍ലൈന്‍ മാസികയിലെഴുതിയ ലേഖനത്തില്‍ സവര്‍ണസ്ത്രീകള്‍ തങ്ങളുടെ മുണ്ടും നേരിയതും വെള്ളത്തില്‍ മുക്കി ശുദ്ധിയാക്കുന്നതിനെക്കുറിച്ചു പറയുന്നു. അഴുക്കു കളഞ്ഞ് വൃത്തിയാക്കുന്ന അലക്കായി തോന്നുമെങ്കിലും ഈ പ്രവൃത്തിയുടെ പ്രധാനപ്രേരണ വൃത്തിയേക്കാള്‍ ശുദ്ധിബോധമാണെന്നവര്‍ പറയുന്നു. അയിത്തജാതിക്കാരുമായുള്ള ഇടപഴകലിലൂടെ "അശുദ്ധ'മായ വസ്ത്രമാണവരുടെ പ്രശ്നം.
പഴയകാല കേരളത്തിലെ വ്യാപാരരീതികളില്‍ സ്പര്‍ശത്തിന്റെ വിവേചനങ്ങള്‍ കാണാം. ചന്തയിലോ കടകളിലോ ഒക്കെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന കീഴാളര്‍ പണം ദൂരെ വെച്ച് തീണ്ടാപ്പാടകലെ മാറിനില്‍ക്കുമത്രെ. കടക്കാരന്‍ പുറത്തു വന്ന് സാധനം അവിടെ വെച്ച് പണമെടുത്തുകൊണ്ടു പോകും. പണത്തിന് തീണ്ടലില്ല, മനുഷ്യശരീരത്തിനേയുള്ളു! സവര്‍ണര്‍ പറയുന്ന പോലെ ഉപ്പ് എന്നു ഉപ്പു വാങ്ങാനെത്തിയ ഒരു കീഴാളന്‍ പറഞ്ഞതിന് അയാളെ തല്ലിക്കൊന്ന കഥ കേരളത്തിലുണ്ട്! കീഴാളര്‍ ഉപ്പെന്നു പറയാന്‍ പാടില്ല, പുളിഞ്ചാടന്‍ എന്നാണ് പറയേണ്ടതത്രെ.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സിനിമാശാലകളിലും മറ്റും പലജാതിക്കാര്‍ അടുത്തടുത്തിരുന്ന് ഇടപെടുമ്പോഴുണ്ടാവുന്ന അയിത്ത/ശുദ്ധിയെക്കുറിച്ചുള്ള, ആരോഗ്യത്തെയും പകര്‍ച്ചവ്യാധികളെക്കുറിച്ചും ഒക്കെയുള്ള സവര്‍ണരുടെ ആകുലതകള്‍ പ്രദര്‍ശനശാലകളെ ബാധിച്ചിരുന്നുവെന്ന് ബിന്ദുമേനോനും മറ്റും പറയുന്നുണ്ട്.
ആരാധന-സ്പര്‍ശത്തിന്റെ കീഴാളത
ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സമരങ്ങളെല്ലാം തന്നെ വഴിനടക്കാനും അസ്പൃശ്യതയെ മറികടക്കാനുമുള്ള പൗരത്വാവകാശങ്ങളിലൂന്നിയവയായിരുന്നു. ആരാധനാലയങ്ങള്‍ക്കകത്തുള്ള വിവേചനങ്ങളും ധാരാളമുണ്ടായിരുന്നു. നാരായണഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിലൂന്നിയതായിരുന്നു. താന്‍ താമസിച്ചിരുന്ന ഒരു കര്‍ഷകന്റെ കുടിലില്‍ തറയില്‍ കണ്ട ഒരു കല്ല് പൂജക്കായി കര്‍ഷകന്‍ ഉപയോഗിച്ചിരുന്നതാണെന്നറിഞ്ഞ് അതിനെ വെയിലത്തു വെച്ചു നോക്കാനാഞ്ഞ ഒരു പ്രഫസറുടെ കഥ അനന്തമൂര്‍ത്തി പറയുന്നുണ്ട്. പക്ഷേ പിന്നെ പാവം കര്‍ഷകന്റ വിശ്വാസത്തെ താന്‍ മാനിച്ചില്ല എന്നുള്ളതാലോചിച്ച് അയാള്‍ ആകെ കുറ്റബോധമുള്ളവനായി. വൈകിട്ട് കര്‍ഷകന്‍ പണികഴിഞ്ഞുവന്നപ്പോള്‍ പ്രഫസര്‍ തെറ്റും മാപ്പും പറഞ്ഞു. അയാള്‍ ചിരിച്ചുകൊണ്ട് മറ്റൊരു കല്ല് പൂജക്കായി തിരഞ്ഞെടുത്തു. കല്ലല്ല, തന്റെ വിശ്വാസമാണ് അയാള്‍ക്കു പ്രമാണമായത് എന്നാണ് അനന്തമൂര്‍ത്തിയുടെ വ്യാഖ്യാനമെന്നു കരുതാം. ദളിതനു പകരം അതൊരു ബ്രാഹ്മണനായിരുന്നെങ്കില്‍ കല്ല് എടുത്തുനോക്കാന്‍ പ്രഫസറുടെ ജിജ്ഞാസ ഉണരുമായിരുന്നോ എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു.

കീഴാളക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ കൃപാന കയ്യില്‍ കൊടുക്കാറില്ല. എറിഞ്ഞാണത്രെ കൊടുക്കാറുണ്ടായിരുന്നത്. പാമ്പാടി ജോണ്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അതിനെതിരെ ഒരു നിവേദനം കൊടുത്തതായി കീഴാള ചരിത്രപണ്ഡിതര്‍ പറയുന്നു. വീഞ്ഞ് വായില്‍ മുട്ടിക്കാതെ വലിയ തവിയില്‍ കോരി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മിഷനറിരേഖകളില്‍ കാണാമത്രെ. പത്തൊമ്പതാം നൂറ്റാണ്ടിലെ അടിമകകളുടെ ആത്മീയജീവിതത്തെക്കുറിച്ചെഴുതപ്പെട്ട "വിശ്വാസവും വിമോചനവും:കൈപ്പറ്റ ഹാബേല്‍' എന്ന കൃതിയിലും ഇതു കടന്നു വരുന്നുണ്ട്. (പുറം64, സനല്‍ മോഹന്‍, വിനില്‍ പോള്‍). സിസ്റ്റര്‍ ജെസ്മിയുടെ അനുഭവങ്ങളില്‍ പരസ്പരം സ്പര്‍ശിക്കാതെ ഇരിക്കേണ്ടതായ തൊടലടക്കം എന്ന വ്രതത്തെക്കുറിച്ചു പറയുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കിടയിലോ അല്ലാതെയോ മറ്റൊരാളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നുള്ള കര്‍ശനമായ വിലക്കാണത്. ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമായിരുന്നുവത്രെ. ആഢ്യത്തം കുറഞ്ഞ കന്യാസ്ത്രീകളില്‍ ചിലര്‍ക്ക് മറ്റുള്ളവരോടൊപ്പം പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും പങ്കുചേരാന്‍ അനുവാദമില്ലായിരുന്നുവെന്നും പറയുന്നുണ്ട്. അവരെ കസേരകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. മറിച്ച് പെട്ടിപ്പുറങ്ങളാണ് അവരുടെ ഇരിപ്പിടം. പെട്ടിപ്പുറത്തമ്മമാര്‍ എന്നാണത്രെ അവര്‍ വിളിക്കപ്പെട്ടിരുന്നത്.
സമീപകാലത്തുണ്ടായ വടയമ്പാടി ക്ഷേത്രമതില്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഈ വിവേചനത്തിന്റെ ആധുനികരൂപത്തെയാണ് പ്രക്ഷേപണം ചെയ്യുന്നത്. വടയമ്പാടി ദേവീക്ഷേത്രത്തിനടുത്തു സ്ഥിതിചെയ്യുന്ന ദളിത് കോളനി നിവാസികളുടെ കലാകായികവിനോദാവശ്യങ്ങള്‍ക്കായും നടവഴിയായും ഉപയോഗിച്ചിരുന്ന മൈതാനം എന്‍.എസ്.എസ്.കരയോഗം അടച്ചുകെട്ടിയതിനെതിരെയാണ് ദളിതര്‍ പ്രക്ഷോഭം ആരംഭിച്ചത്. പറയസമുദായാംഗമായ മാക്കോത പാപ്പു പ്രതിഷ്ഠവെച്ച് പൂജനടത്തിയിരുന്നതും പുലയസമുദായത്തില്‍പ്പെട്ട നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ/പതി ഈ മൈതാനത്തിലാണ് സ്ഥിതിചെയ്തിരുന്നത്. വിഗ്രഹം പണിയുന്ന കമ്മാളനോ തച്ചനോ തങ്ങള്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തില്‍ തൊടാനവകാശമുണ്ടായിരുന്നില്ല. അത്തരമൊരു രംഗം പെരുന്തച്ചന്‍ സിനിമയിലുണ്ട്.
ഭാഗം രണ്ട്: പുതിയകാലത്തിന്റെ സ്പര്‍ശിനികള്‍
എൻ.രേണുക
4 Jun 2020, 08:25 AM
ചരിത്രപരമായ വിശകലനം.. സമഗ്രമായ എഴുത്ത്.എല്ലാ മേഖലകളെ സംബന്ധിച്ചും ഇത്തരമൊരു കാഴ്ച അനിവാര്യമാണ്.കാലം അതാവശ്യപ്പെടുന്നുണ്ട്.അഭിനന്ദനങ്ങൾ ടീച്ചർ..
Drisya shine
31 May 2020, 08:21 PM
സ്പഷ്ടം, ശക്തം, പ്രൗഢം.....
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
കെ.കെ. സുരേന്ദ്രൻ
Feb 04, 2021
40 Minutes Watch
Truecopy Webzine
Jan 25, 2021
4 Minutes Read
നിനിത കണിച്ചേരി
Jan 02, 2021
9 Minutes Read
കെ. സന്തോഷ് കുമാര്‍
Nov 20, 2020
25 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Nov 17, 2020
21 Minutes Listening
റിമ മാത്യു
Oct 31, 2020
18 Minutes Read
ബിനു സചിവോത്തമപുരം
12 Jun 2020, 09:16 PM
നല്ല പഠനം