വെള്ളം - ഗഫൂർ കരുവണ്ണൂരിന്റെ കവിത

ലഞ്ചെരിവിലായിരുന്നു വീട്
മറ്റൊരു ചെരിവിലൊരു തോട്
ഒരിക്കലും മാറാത്ത ദാഹമായിരുന്നു.
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം
കുടിച്ചു കഴിയുമ്പോൾ
പാറമേൽ താളം പിടിച്ചൊഴുകുന്ന
ഒരരുവി കാടും കടന്ന്
കിളികളോട് കളകളം പറഞ്ഞ്
എന്റെ സിരകളിലൂടെ
ആഴ്ന്നാഴ്ന്ന് പോകുന്നു.
ഓരോതവണ വെള്ളം കുടിക്കുമ്പോഴും
മല തഴുകി ഒഴുകിയെത്തിയ
ഒരു തണുത്ത കാറ്റ് എന്നെ പുണരുന്നു.
വെള്ളം കുടിച്ച് കയ്യുയർത്തി
എഴുന്നേറ്റ് നിൽക്കും ഞാനൊരു
സടകുടഞ്ഞെഴുന്നേറ്റ കാട്ടാറു പോലെ.
നടന്നു പോകുന്നൊരു കാടുപോലെ.
ചില നേരങ്ങളിൽ ഉറവ
ഉണർന്നെഴുന്നേറ്റതു പോലെ.
കാലത്തെഴുന്നേറ്റ് വെള്ളം കുടിച്ചപ്പോൾ
ചെവിയിൽ നിന്നും
ഒരു ജലപ്പക്ഷി പറന്നുപോയി.
എന്നെ കാട്ടാളനെന്ന് വിളിക്കുന്നതിൽ
എന്തുണ്ട് തെറ്റ്?'
കാടും മലയും പുഴയും പക്ഷിയും
കാറ്റും വെയിലും എന്നിലാവോളമുണ്ട്.
ഉണക്ക വാഴയില കൊണ്ട് കോലം കെട്ടിയ
കരടിയുണ്ടായിരുന്നു
കുന്ദമംഗലത്തേക്കുള്ള വരവിൽ.
അതുപോലെല്ലാം പച്ചയായിട്ടുണ്ടെന്നിൽ.
എന്നിലാ വോളമുണ്ട് വെള്ളം
കിടപ്പുറപ്പാക്കിയിട്ടുണ്ടാറടിമണ്ണ്.
മരിക്കാൻ നേരത്ത് കൊടുക്കുന്ന വെള്ളം
കാടിനേയും പുഴയേയും
ഉമ്മവെച്ചാ ശ്വസിച്ച്
മണ്ണിലേക്ക് പോകാനായിരിക്കുമോ?
അല്ലെങ്കിൽ മറ്റൊരു കാടായ് വളർന്ന്
അരുവിയാവാനായിരിക്കുമോ?

Comments