അധികാര കേന്ദ്രങ്ങളില്‍
സ്ത്രീ ശബ്ദങ്ങള്‍
അംഗീകരിക്കപ്പെടണം
അധികാര കേന്ദ്രങ്ങളില്‍ സ്ത്രീ ശബ്ദങ്ങള്‍ അംഗീകരിക്കപ്പെടണം
സ്വന്തം വീട്ടില്‍ അധികാരവും ശബ്ദവുമുണ്ടെങ്കില്‍ മാത്രമേ ആ സ്ത്രീ പൊതുഇടങ്ങളിലോ രാഷ്ട്രീയത്തിലോ തൊഴിലിടങ്ങളിലോ എത്തുമ്പോള്‍ അധികാരത്തിന് പവറും പ്രസക്തിയും അംഗീകാരവും ലഭിക്കുകയുള്ളൂ- സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയും മാനേജിങ് ഡയക്ടറുമായ അപർണ വിശ്വനാഥ് സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നല്‍കിയ അഞ്ചു ചോദ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ ഇടപെടുന്ന സ്ത്രീകള്‍ നിലപാട് വ്യക്തമാക്കുകയാണ്.
27 Nov 2020, 10:11 AM
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കേരളീയ സമൂഹത്തില്‍ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?
അപര്‍ണ വിശ്വനാഥ് : ഇല്ല, അതൊരു സ്വാഭാവികതയായി മാറിയിട്ടില്ല ഇപ്പോഴും. കുറേയിടങ്ങളില്‍ അധികാരമുള്ള സ്ത്രീകളെ കാണുന്നുണ്ടെങ്കിലും അതൊരു നോര്‍മലായി മാറാന്‍ കുറേ കാലമെടുക്കും. അത്തരമൊരു മാറ്റം കാണുകയും അനുഭവിക്കുകയും ചെയ്യണമെങ്കില്‍ ആദ്യം മാറേണ്ടത് സ്ത്രീകളോടും സ്ത്രീ സമൂഹത്തിനോടുമുള്ള നമ്മുടെ ജനറലായ കാഴ്ചപ്പാടാണ്. വീടുകളിലും പൊതുഇടങ്ങളിലും എങ്ങനെയാണൊരു സ്ത്രീയെ കാണുന്നത്, എങ്ങനെയാണൊരു സ്ത്രീയെ ട്രീറ്റു ചെയ്യുന്നത് എന്നത് ആദ്യം മാറണം.
സ്വന്തം വീട്ടില്‍ അധികാരവും ശബ്ദവുമുണ്ടെങ്കില്‍ മാത്രമേ ആ സ്ത്രീ പൊതുഇടങ്ങളിലോ രാഷ്ട്രീയത്തിലോ തൊഴിലിടങ്ങളിലോ എത്തുമ്പോള്‍ ആ സ്ത്രീയുടെ അധികാരത്തിന് പവറും പ്രസക്തിയും അംഗീകാരവും ലഭിക്കൂ. അതുകൊണ്ടുതന്നെ, പലയിടങ്ങളിലും അധികാരമുള്ള സ്ത്രീകള്‍ കുറേനാള്‍ അധികാരത്തിലിരുന്ന് കാണുന്നതും കുറവാണ്. ഇതിലൊരു കാതലായ മാറ്റം സംഭവിക്കണമെങ്കില്‍ ആദ്യം വീടുകളില്‍ വലിയ മാറ്റം ഉണ്ടാകണം. എങ്കിലേ, അധികാരമുള്ള സ്ത്രീ ഒരു സമൂഹത്തിന്റെ ഭാഗമാകുകയും അതൊരു നോര്‍മലായി മാറുകയും ചെയ്യൂ.
2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോള്‍ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കണ്‍വെര്‍ട്ട് ചെയ്യപ്പെടാത്തത്?
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ 50% സ്ത്രീ സംവരണവും അതിനു മുകളിലോട്ട് പോകുമ്പോള്‍ ഈ ശതമാനം കുറഞ്ഞുകുറഞ്ഞ് പത്തോ അല്ലെങ്കില്‍ അഞ്ചോ ആയി മാറുന്നതും നമ്മള്‍ കാണുന്നു. ഈ സംവരണം പലപ്പോഴും ടോക്കണിസമായി മാറുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സംവരണത്തിലൂടെ ജയിച്ചുവരുന്ന സ്ത്രീകളുടെ ശബ്ദം ഒരു പരിധിക്കപ്പുറം ആക്സപ്റ്റ് ചെയ്യാന്‍ അധികാരത്തിലുള്ളവര്‍ക്ക് കഴിയുന്നില്ല. ‘ഡിസെന്‍ട്രലൈസേഷന്‍ ഓഫ് പവര്‍’ എല്ലാ തലങ്ങളിലും സംഭവിച്ചേ പറ്റൂ. പിരമിഡിന്റെ ടോപ്പ് ടു ബോട്ടമാണെങ്കിലും ബോട്ടം ടു ടോപ്പ് ആണെങ്കിലും, ഡീസെന്‍ട്രലൈസേഷന്‍ നടന്നാല്‍ മാത്രമേ സ്ത്രീ ഇരിക്കുന്ന എല്ലാ മേഖലകളിലും അവരുടെ അധികാരത്തിന് അംഗീകാരം ലഭിക്കൂ, അവരെ ഒരു ലീഡറായി കാണാന്‍ സമൂഹം പഠിക്കുകയുള്ളൂ.
അവരെ, ഒരു പുരുഷന്റെ അത്ര കഴിവുള്ള ഒരു വ്യക്തിയായി മാനിക്കാന്‍ പൊതുവിടങ്ങളിലും വീടുകളിലും അന്താരാഷ്ട്ര തലത്തിലും സാധ്യമാവണം. അവര്‍ക്ക് പലപ്പോഴും സംവരണം ആവശ്യമാണ്. കാരണം സ്ത്രീ പ്രാതിനിധ്യത്തിന് സംവരണം ആവശ്യമാണ്. എങ്കിലും സംവരണം കൊണ്ട് മാത്രം അവസാനിക്കരുത് സ്ത്രീ പ്രാതിനിധ്യവും സ്ത്രീയുടെ അംഗീകാരങ്ങളും. അതിനപ്പുറം ചിന്തിക്കാനും അവരെ അംഗീകരിക്കാനും എല്ലാ തലത്തിലും ലീഡേഴ്സിനും ഡിസിഷന്‍ മേക്കേഴ്സിനും കഴിയണം.
3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാര്‍ത്ഥത്തിലാണ്. വളര്‍ന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അര്‍ത്ഥത്തില്‍) അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?
മാറുന്നുണ്ട്, അധികാരമില്ലായെന്നു ഞാന്‍ പറയുന്നില്ല. കൂടുതല്‍ സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത് കാരണം കുറേ മാറ്റം സംഭവിക്കുന്നുണ്ട്. എങ്കിലും വളരെ പുറകിലാണ് നമ്മൾ, സ്ത്രീ ശബ്ദത്തെ അംഗീകരിക്കുന്നതിലും അവര്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതിലും. വ്യക്തിപരമായി ഞാന്‍ വളര്‍ന്നു വന്നത് വളരെ ലിബറല്‍ സാഹചര്യത്തിലായതുകൊണ്ടും എന്റെ അമ്മ ഒത്തിരി അധികാരം അനുഭവിച്ചിട്ടുളള ഒരാളായതുകൊണ്ടും ഞാനും അധികാരം അനുഭവിച്ചുതന്നെയാണ് വളര്‍ന്നത്, ഇപ്പോള്‍ ജീവിക്കുന്നതും.
തീരുമാനമെടുക്കാനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പൂര്‍ണമായും സാധിക്കുന്ന ഒരവസ്ഥയില്‍ തന്നെയാണ് ജീവിക്കുന്നത്. അത്തരം പിന്തുണയും കാഴ്ചപ്പാടുകളുമുള്ള അന്തരീക്ഷത്തില്‍ വളര്‍ന്നതുകൊണ്ടും സ്ത്രീ ശബ്ദത്തെ വളരെയധികം മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ചുറ്റുപാടില്‍ നിന്ന് വന്നതുകൊണ്ടുമായിരിക്കാം ഒരിക്കല്‍പോലും രണ്ടാമത് ചിന്തിക്കേണ്ടി വന്നിട്ടില്ല. എന്റെ ശബ്ദം അംഗീകരിക്കപ്പെടുമോ അല്ലെങ്കില്‍ ഞാന്‍ പറയുന്നത് മാറ്റത്തിനു വഴിയൊരുക്കില്ലേ എന്നതിനെക്കുറിച്ചൊന്നും ഒരിക്കല്‍പോലും സംശയിക്കേണ്ടി വന്നിട്ടില്ല. ഇന്നൊരു കമ്പനി നടത്തുന്നുണ്ടെങ്കിലും വളര്‍ന്നുവന്ന സാഹചര്യത്തിന്റെ ബാക്കിങ്ങും സപ്പോർട്ടും ഒരു ബലം തന്നെയാണ്. അതുകൊണ്ടുതന്നെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, വളരുന്ന ചുറ്റുപാടും ആ പ്രായത്തില്‍ കിട്ടുന്ന സപ്പോട്ടും പിന്നീടുള്ള സ്റ്റേജസില്‍ നമ്മള്‍ ആരാവുന്നുവെന്നതില്‍ വലിയ പങ്കുവഹിക്കുന്ന കാര്യങ്ങളാണ്.
4. രാഷ്ട്രീയ സംഘടനയില്‍ / തൊഴിലിടത്തില്‍ ഒരു സ്ത്രീയുടെ അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ സംഘടനക്കകത്ത് / തൊഴിലിടത്തില്‍ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയില്‍/ തൊഴിലിടത്തില്‍ ഉണ്ടോ?
ഞാന്‍ പതിനഞ്ചുവര്‍ഷമായി സ്വന്തമായി കമ്പനി നടത്തുന്ന ഒരാളാണ്, പല കമ്പനികള്‍. സ്ത്രീയെന്ന നിലയില്‍ നടത്തുന്നതുകാരണം എന്നും സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം കൊടുത്തിട്ടുള്ളത്. അവരുടെ പ്രശ്നങ്ങള്‍ എന്റെ കൂടി പ്രശ്നങ്ങളായതുകാരണം അത് മനസിലാക്കി അതിനനുസരിച്ച് പോളിസികളും സിസ്റ്റങ്ങളും പ്രാക്ടീസുകളുമാണ് പതിനഞ്ച് വര്‍ഷമായി ഞങ്ങള്‍ തുടരുന്നത്. പക്ഷേ, മുമ്പ് ജോലി ചെയ്തിട്ടുള്ള ഓര്‍ഗനൈസേഷനില്‍ എനിക്ക് തുല്യത തോന്നിയെന്നു പറയാന്‍ ബുദ്ധിമുട്ടായിരിക്കും. അതില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകളായിരിക്കാം പിന്നീട് ആ ഒരു ലൈന്‍ വിട്ട് വേറൊരു ലൈനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.
സ്ത്രീകള്‍ അധികാരത്തിലിരിക്കുന്ന സംവിധാനങ്ങളുമായി കൂടുതലായി ഇന്ററാക്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവിടെയൊക്കെ കാണുന്ന ഒരു മാറ്റമുണ്ട്; സ്ത്രീകള്‍ നയിക്കുമ്പോള്‍, പലപ്പോഴും വേറൊരു സ്ത്രീ വളരുന്നത് കാണാന്‍ മോഹിക്കുകയും താല്‍പര്യപ്പെടുകയും ചെയ്യുന്ന ഒരു മാനേജ്മെന്റാണ് എപ്പോഴും കണ്ടിട്ടുള്ളത്. അത് വളരെ സ്വീകാര്യമായ ഒരു നിലപാടാണ്. അതുകൊണ്ടാണ് ഞാന്‍ ഡിസിഷന്‍ മേക്കിങ് ലെവലില്‍, മാനേജ്മെന്റ് ലെവലില്‍ സ്ത്രീ പ്രാതിനിധ്യവും സാന്നിധ്യവും കൂടുതല്‍ ആവേണ്ടതുണ്ടെന്ന് പറയുന്നത്.
വീടുകളില്‍ വളരെയധികം സ്പെയ്സും റസ്പെക്റ്റും വോയ്സും ഉള്ള സ്ത്രീയാണെങ്കില്‍, അവര്‍ അതേപോലെ അത് തൊഴിലിടങ്ങളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യും, അപ്പോൾ തൊഴിലിടങ്ങള്‍ കുറേക്കൂടി ബലപ്പെടും, കുറച്ചുകൂടി പ്രൊഡക്ടീവാകും. ഫ്രൂട്ട്ഫുള്‍ ആയിരിക്കും അങ്ങനത്തെ തൊഴിലിടങ്ങള്‍. പുതിയ സംഘടനകളുടെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്, യങ് ആയ വിമന്‍ ലീഡേഴ്സ് വന്നിട്ടുള്ള ഓര്‍ഗനൈസേഷനുകൾ. ഇവിടെയൊക്കെ പോളിസികള്‍ വരെ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകണമെങ്കില്‍ കാലാകാലങ്ങളായി നമ്മള്‍ തുടരുന്ന കുറേ കമ്പനി പോളിസികളുണ്ട്, അവിടുന്ന് തൊട്ട് തുടങ്ങണം. അവിടുന്ന് തൊട്ട് തുടങ്ങിയേ പറ്റൂ. മെറ്റേണിറ്റി ലീവ്, മെന്‍സ്ട്രല്‍ ലീവ് ഇതൊക്കെ നോര്‍മല്‍ ആയി മാറിയാലേ സ്ത്രീയ്ക്ക് ആ തലങ്ങളില്‍ എത്തുമ്പോൾ എല്ലാ സൗകര്യങ്ങളോടും കൂടി അധികാരം ആഘോഷിക്കാനും അനുഭവിക്കാനും പറ്റൂ. വീടുകളിലെ ഭാരവും കുട്ടികളെ നോക്കുന്ന ഭാരവുമൊക്കെ സ്ത്രീയുടെ തലയില്‍ മാത്രമാകുമ്പോള്‍ ഒരു പരിധിക്കപ്പുറം അവര്‍ക്ക് വളരാൻ ബുദ്ധിമുട്ടാണ്.
5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വളരെ ഉയര്‍ന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവര്‍ത്തന മണ്ഡലത്തേയും നിര്‍വചിക്കാന്‍ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങള്‍ക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നില്‍ക്കുന്നു എന്നാണ് കരുതുന്നത്?
എതിര് നില്‍ക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും സ്ത്രീയുടെ എല്ലാതരം ആവിഷ്‌കാരങ്ങള്‍ക്കും അനുകൂലമാണെന്നും പറയുന്നില്ല. എല്ലാ രീതിയിലും സ്ത്രീ വളരുന്നുണ്ടെങ്കിലും പലപ്പോഴും കുടുംബത്തിന്റെ ഭാരം പോലെ, കാലങ്ങളായി എഴുതാതെ നിര്‍വചിച്ചിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. ‘സ്ത്രീയാണ് കുടുംബത്തിന്റെ നെടുംതൂണ്‍’- ഒരു പരിധിവരെ ഇത്തരം ഡയലോഗുകളും ഫോര്‍മാറ്റുകളും സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും ഇല്ലാതാക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. കാരണം എവിടെയോ സ്ത്രീ സ്വന്തം ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും താല്‍പര്യത്തിനും മോഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പിറകേ പോകുമ്പോള്‍ കുടുംബം നോക്കുന്നില്ലയെന്ന കുറ്റബോധം സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കാന്‍ സമൂഹം വളരെയധികം ശ്രമിക്കുന്നു.
കുടുംബാന്തരീക്ഷവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കുവെച്ചാല്‍ മാത്രമേ ഒരു സ്ത്രീയ്ക്ക് വളരാനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഒരു പരിധിക്കപ്പുറം വളരാനും സാധിക്കൂ. പലപ്പോഴും സ്ത്രീകള്‍ ഒരു പരിധിക്കപ്പുറം വളരാത്തത് ഇത്തരം സപ്പോട്ടിന്റെ കുറവുകാരണമാണ്. സ്ത്രീയ്ക്ക് വളരണമെങ്കില്‍ ‘സ്ത്രീയാണ് കുടുംബത്തിന്റെ നെടുംതൂണ്‍’ എന്ന നിര്‍വചനങ്ങളൊക്കെ മാറ്റിവെക്കണം. ജന്‍ഡര്‍ ഡഫനീഷ്യനുകളും ജന്‍ഡര്‍ ബയാസസും എടുത്തുകളയുകയും തുല്യമായ ഉത്തരവാദിത്തവും ഡിവിഷന്‍ ഓഫ് ആക്ടിവിറ്റീസും ഉണ്ടാകുകയും ചെയ്താലേ മാത്രമേ സ്ത്രീയെ എല്ലാതലത്തിലും- അധികാര തലത്തിലാണെങ്കിലും രാഷ്ട്രീയ തലത്തിലാണെങ്കിലും കുടുംബതലത്തിലാണെങ്കിലും- ഒരേപോലെ കാണുകയും അവൾക്ക് റസ്പെക്റ്റ് അനുഭവിക്കാനും കഴിയൂ.

കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read