ദളിത് ബൗദ്ധിക നേതൃത്വം ദളിത് സ്ത്രീവാദ ഇടപെടലുകളോട് സംവാദത്തിനു തയ്യാറാവുന്നുണ്ടോ?

സ്ത്രീകൾ പ്രതിനിധീകരിക്കപ്പെടുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് ഏതു വിഭാഗത്തിൽ പെടുന്ന സ്ത്രീകൾ എന്ന ചോദ്യം, ആര് ആരെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യം- അധ്യാപികയും ദളിത്​ ആക്​റ്റിവിസ്​റ്റുമായ രേഖാ രാജ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

രേഖാ രാജ്​: ഇതിനുള്ള ഉത്തരം ഒരു വഴുക്കൽ സ്വഭാവം ഉള്ളതാണ് എന്ന് ഞാൻ കരുതുന്നു .തദ്ദേശ സർക്കാരുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യവും അധികാരവും കൂടി എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. പണ്ട് പഞ്ചായത്തുകൾ ഒരു ആൺ കാര്യം എന്നനിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അവിടെ ഉപഭോക്താക്കൾ മാത്രമല്ലാതെ തീരുമാനം എടുക്കുന്ന ഘടനകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്. പഞ്ചായത്ത് ബ്ലോക്ക് ഓഫീസിൽ ഒന്നിലധികം സ്ത്രീകൾ അവകാശബോധത്തോടെ, അധികാരത്തോടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത് ഇപ്പോൾ ഒരു നിത്യ കാഴ്ചയാണ്.

തുടക്കത്തിലെ ചില പ്രശ്‌നങ്ങൾ ഒഴിച്ചാൽ പലതരത്തിലുള്ള പരിശീലനങ്ങളിലൂടെയും രാഷ്ട്രീയത്തിൽ നിത്യം ഇടപെട്ടുണ്ടാകുന്ന അനുഭവസമ്പത്തിലൂടെയും ഒരു സംഘം സ്ത്രീകൾ നേതൃനിരയിലേയ്ക്ക് ഉയരുകയും അവരിൽ ചിലരെങ്കിലും പ്രാദേശിക രാഷ്ട്രീയം കടന്ന്​ സംസ്ഥാന നേതൃത്വത്തിലേക്ക്​ ഉയരുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾ വികസനകാര്യങ്ങളിൽ ഇടപെടുന്നതിന്റെ ചില ഒറ്റപ്പെട്ട മാറ്റങ്ങളും കേരളത്തിൽ സംഭാവിക്കുന്നുണ്ട്. എന്നാൽ സ്ത്രീ പങ്കാളിത്തത്തെയും പ്രാതിനിധ്യത്തെയും ഏകമാനമായ രീതിയിൽ മനസ്സിലാക്കാൻ കഴിയുമോ എന്ന് ഞാൻ സംശയിക്കുന്നു.

സ്ത്രീകളുടെ തദ്ദേശ സർക്കാരിലുള്ള പ്രാതിനിധ്യം, അതിലൂടെ ലഭിച്ച പലതരം അധികാര അവകാശങ്ങൾ എന്നിവ വേണ്ടത്ര രീതിയിൽ ഉപയോഗിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇവിടെ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പലർക്കും സ്വന്തമായ അഭിപ്രായം നടപ്പിലാക്കാനുള്ള സാഹചര്യം ഇല്ല എന്ന് കാണാം. പലപ്പോഴും മുന്നണി ബന്ധങ്ങളുടെ സമ വാക്യങ്ങൾക്കും പ്രായോഗിക രാഷ്ട്രീയ നീക്കങ്ങൾക്കും അനുസരിച്ച് മാത്രം ചലിക്കേണ്ട അവസ്​ഥയിലാണ് വനിതാ പ്രതിനിധികൾ. രണ്ടാമതൊരു ചാൻസ് ലഭിക്കതിരിക്കുന്നത് മൂലം തങ്ങൾ ആർജ്ജിച്ച കാര്യശേഷി തുടർന്നുകൊണ്ട് പോകാൻ കഴിയാതെ തിരികെ തങ്ങളുടെ തൊഴിലിടങ്ങളിലേക്കോ വീട്ടിലേക്ക് തന്നെയോ തിരികെ പോകേണ്ടുന്ന സ്ഥിതി പല സ്ഥലത്തും കാണുന്നുണ്ട്. അതൊഴിവാക്കി അവരുടെ കാര്യശേഷിയെ അതാതു പാർട്ടി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന രീതി പോലും അപൂർവമായേ കാണാറുള്ളൂ.

പലപ്പോഴും പ്രാദേശിക നേതാവിന്റെ കുടുംബാംഗങ്ങളായ സ്ത്രീകൾ അവരുടെ വാർഡ് വനിതാ സംവരണ വാർഡ് ആയതു കൊണ്ട് മാത്രം മത്സരിക്കേണ്ടിയും വരാറുണ്ട് .അത് പലപ്പോഴും മത്സരിച്ചു ജയിക്കുന്ന സ്ത്രീകളുടെ സ്വതന്ത്ര പ്രവർത്തനം ഇല്ലാതാക്കുകയും അവരെ മുൻനിർത്തി കുടുംബത്തിലെ നേതാവായ പുരുഷൻ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുന്ന സ്ഥിതി സൃഷ്​ടിക്കപ്പെടുകയും ചെയ്യുന്നു . ഇത് വേറൊരു തരത്തിൽ സ്ത്രീ സംവരണം എന്ന ആശയത്തെ ദുർബലപ്പെടുത്തുന്നു. ( ഈ തിരഞ്ഞെടുപ്പിൽ ഈ പാറ്റേണിന്​മാറ്റം കാണുന്നുണ്ട്. അത് കൂടുതൽ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്)

മറ്റൊരു രീതി കണ്ടു വരുന്നത് ജാതി സമവാക്യങ്ങൾ നോക്കി സ്ഥാനാർഥികളെ തീരുമാനികുന്നതാണ്. ഇത് രണ്ടു തരം പ്രശ്‌നങ്ങളാണ് സൃഷ്​ടിക്കുന്നത്. ഒന്നാമത്​, ഈ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ അർഹരായ, പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന സ്ത്രീകളെ പുറംതള്ളുന്നു, പകരം അതാതിടത്തെ പ്രബല സമുദായത്തിലെ അഭിമതരായ ( അത് പലപ്പോഴും ജാതീയമായും കുടുംബപരമായും ഫ്യൂഡൽ തുടർച്ചയായും കിട്ടുന്ന പരിവേഷം ആണ് ) സ്ത്രീകൾക്ക് അവസരം കിട്ടുകയും നേതൃശേഷി ഉള്ളവർ മിക്കവാറും എക്കാലവും അധികാരത്തിനു പുറത്താവുകയും ചെയ്യുന്നു.

രണ്ടാമത്​, ഈ സമവാക്യങ്ങൾക്കു പുറത്തെ വിലപേശൽ ശേഷി ഇല്ലാത്ത സമുദായങ്ങളിലെ- അതായത് ദളിത്- ആദിവാസി, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഇങ്ങനെയുള്ള സ്വാഭാവിക അവസരങ്ങൾ ലഭിക്കാതിരിക്കുകയും അവർ കൂടുതലുള്ള സ്ഥലങ്ങളിൽ പോലും വനിതാ മണ്ഡലങ്ങളിൽ ഇതര സമുദായത്തിലെ സ്ത്രീകൾ മത്സരിക്കുന്നതും കാണാം. പട്ടിക ജാതി- വർഗ്ഗ സംവരണ മണ്ഡലത്തിൽ മാത്രം ഇക്കാര്യത്തിൽ മാറ്റം കണ്ടേക്കാം. ഇത് വ്യക്തമാക്കുന്നത്, സ്ത്രീകളുടെ പ്രാതിനിധ്യം എന്നത് ലിംഗപരമായ പ്രതീതി തുല്യത ഉണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിലും അത് മറ്റൊരു ഇന്ത്യൻ അധികാര വ്യവസ്ഥയായ ജാതി ബന്ധങ്ങളെ കാര്യമായി മാറ്റാൻ സഹായിച്ചിട്ടില്ല എന്നാണ്.

സ്ത്രീ പ്രാതിനിധ്യം കൂടുതൽ ജനാധിപത്യ സ്വഭാവം ഉള്ളതാകണം, അല്ലെങ്കിൽ പല സാമൂഹ്യ വിഭാഗങ്ങളിലുള്ള സ്ത്രീക്ക് തുല്യ അവസരം ലഭിക്കാൻ ശ്രമങ്ങൾ ഉണ്ടാവണം. കാരണം പലതരത്തിലുള്ള സ്ത്രീകളുടെ ആവശ്യങ്ങളും പരിഗണനാ വിഷയങ്ങളും വ്യത്യസ്തമാണ്. അവയൊക്കെ കോട്ടം തട്ടാതെ ഉയർത്തപ്പെടാനും നേടിയെടുക്കാനും സാമൂഹ്യനീതി ഉറപ്പു വരുത്താനും ഇത് അത്യന്താപേക്ഷിതമാണ്. സ്ത്രീകൾ പ്രതിനിധീകരിക്കപ്പെടുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് ഏതു വിഭാഗത്തിൽ പെടുന്ന സ്ത്രീകൾ എന്ന ചോദ്യം, ആര് ആരെ പ്രതിനിധീകരിക്കുന്നു എന്ന ചോദ്യം. അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ഒരു വനിതാ പ്രതിനിധി ആദിവാസി സ്ത്രീയെ സംബന്ധിച്ച്​ എന്തിന്​ ഒരു അഭിമാന വിഷയം ആകണം? ലിംഗപദവി ബന്ധങ്ങളെ കുറിച്ചുള്ള വളരെ ലളിതയുക്തിയിലുള്ള സമീപനങ്ങൾ ഇന്ത്യൻ സന്ദർഭത്തിൽ ഫലപ്രദമാകില്ല . ജാതി -ലിംഗ ബന്ധങ്ങളുടെ സങ്കീർണതകളെ മനസ്സിലാകാതെ സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ മുന്നോട്ടു പോകില്ല.

മറ്റൊരു കാര്യം, കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സ്ത്രീകളുടെ തദ്ദേശ സർക്കാരിലുള്ള പകുതി പ്രാതിനിധ്യം കേരളത്തിലെ സ്ത്രീകളുടെ സാമാന്യ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്താണ് എന്ന ആലോചനയാണ്. തീർച്ചയായും സ്ത്രീകളുടെ പൊതു രംഗത്തുള്ള ദൃശ്യത കൂടിയിട്ടുണ്ട് . കുറച്ചു സ്ത്രീകൾ സ്വപ്രയത്‌നം കൊണ്ടും അവസരങ്ങൾ ഫലപ്രദമായി ഉപയോഗിച്ചും നേതൃനിരയിലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ കേരളം ഒരു സമൂഹം എന്ന നിലയിൽ ഇൻേറണലൈസ്‌ ചെയ്തിട്ടുള്ള സ്ത്രീവിരുദ്ധത, നിത്യജീവിതത്തിൽ കൂടിയതായാണ് തോന്നുന്നതും.

ശബരിമല പോലുള്ള വിഷയങ്ങളിൽ ജനപ്രതിനിധികളടക്കം സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന കാഴ്ച നമ്മൾ കണ്ടു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കൂടുന്നു , ജാഗ്രതാ സമിതികൾ ഏറെക്കുറെ നിശ്ചലമായി, പ്രാദേശിക വികസന പദ്ധതികളിൽ സ്ത്രീ പ്രശ്‌നങ്ങൾക്കുള്ള മുൻഗണന സ്വഭാവം ദുർബലമായി, പലതരം റിവൈവലിസം ശക്തി പ്രാപിക്കുന്നു, പലപ്പോഴും സ്ത്രീകൾ വർഗ്ഗീയ ശക്തികളുടെ മുൻപരിചയായി പ്രവർത്തിക്കുന്നു ഇതൊക്കെ പല പാർട്ടികളുടെയും പ്രാദേശിക നേതൃത്വത്തിന്റെ മുൻകൈയിൽ നടക്കുന്നു എന്നതും കൂടുതൽ ജാഗ്രതയുള്ള വനിതാ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത് .

അതെസമയം, പ്രബല രാഷ്ട്രീയ പാർട്ടികൾക്ക് പുറത്ത്​ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി പൊരുതുന്ന സ്ത്രീ പ്രവർത്തകരും തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ദളിത് -ആദിവാസി - കീഴാള സ്ത്രീകളും ദേശീയ അപരത്വത്തിനും തുല്യ പൗരാവകാശങ്ങൾക്കും വേണ്ടി നിർഭയം ഇടപെടുന്ന മുസ്​ലിം സ്ത്രീകളും, മനുഷ്യാവകാശങ്ങൾക്കായി രംഗത്തു വന്നിട്ടുള്ള വിമത സ്ത്രീകളും ഒട്ടനവധി സ്ത്രീ പ്രശ്‌നങ്ങൾ ഉയർത്തി സമരം ചെയ്യുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ആണ് എന്റെ ജനാധിപത്യ പ്രതീക്ഷകൾക്ക് കൂടുതൽ ശക്തി പകരുന്നത്. ഇത്തരം ശബ്ദങ്ങളെ തദ്ദേശീയ സർക്കാരിൽ മുഴങ്ങുന്ന കാലമണ് സ്ത്രീ സംവരണം എന്ന സങ്കൽപം പരിപൂർണമാകുന്ന കാലം എന്ന് ഞാൻ കരുതുന്നു

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

ഇവിടെയാണ് പ്രബല രാഷ്ട്രീയത്തിന്റെ സ്ത്രീ വിഷയങ്ങളിലുള്ള ‘താൽപര്യം' നമ്മൾ മനസ്സിലാക്കേണ്ടത് . നിയമം മൂലം ഉറപ്പു വരുത്തിയതുകൊണ്ട് മാത്രമാണ് പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. സ്ത്രീകളെ ശിശുവൽക്കരിക്കുന്ന കാര്യത്തിൽ ഏതാണ്ടെല്ലാ രാഷ്ട്രീയക്കാരും ഒരു പോലെയാണ്. തൊട്ടടുത്ത പ്രാദേശിക സർക്കാരിന്റെ ഭാഗമാകുന്നതിനെ ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനമായി കാണുന്നില്ല എന്ന് തോന്നിയിട്ടുണ്ട് . കുടുംബത്തിന്റെ രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമായാണ് പലപ്പോഴും സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നത് . (അപൂർവം കേസുകളിൽ സ്ത്രീകൾ സ്വന്തം നിലയ്ക്ക് ആ തീരുമാനം എടുക്കാറുണ്ട്. അതിന്റെ എണ്ണം കൂടുന്നുമുണ്ട് )

എന്നാൽ, രാഷ്ട്രീയം ജില്ലാതലത്തിലോ അതും കഴിഞ്ഞ്​, സംസ്ഥാന തലത്തിലോ ആകുമ്പോൾ സ്ത്രീയുടെ രാഷ്ട്രീയ പ്രവർത്തനം കുടുംബത്തിന്റെ എക്സ്റ്റൻഷൻ എന്ന നിലയിൽ നിന്ന് മാറി ഫുൾ ടൈം പൊതു പ്രവർത്തക എന്ന നിലയിൽ മാറുകയാണ്. അത് അത്ര സ്വീകാര്യമായ ഒന്നല്ല . ഇപ്പോഴും കുടുംബം നന്നായി നോക്കുന്ന രാഷ്ട്രീയ പ്രവർത്തകയെയാണ് നമുക്കാവശ്യം. അല്ലാതെ രാഷ്ട്രീയ പ്രവർത്തകയെ അല്ല. കുടുംബത്തിൽ ചെയ്യുന്ന വേഷത്തിന്റെ വിശാലമായ പ്രകടനം ആവണം അവൾ പൊതു രംഗത്തും ചെയ്യേണ്ടത്. ഈ അബോധമായ ആഗ്രഹം ആണ് കഴിവ് തെളിയിച്ചിട്ടും ടീച്ചറമ്മ, പെങ്ങളൂട്ടി വിളിയിൽ കേരളത്തിലെ പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളായ സ്ത്രീകളെ നമ്മളെ കുരുക്കിയിടുന്നത് . നമ്മുടെയൊക്കെ രാഷ്ട്രീയ പാർട്ടികൾ എത്ര ആൺകോയ്മ നിറഞ്ഞതാണ് എന്നതിന്റെ തെളിവാണ് സ്ത്രീകളുടെ അസംബ്ലി -പാർലമെന്റ് മത്സര രംഗത്തെ കുറഞ്ഞ പ്രാതിനിധ്യം. രാഷ്ട്രീയ നേതൃത്വത്തിലും സ്ത്രീകൾ കുറയുന്നത് ഇതേ കാരണത്താലാണ് .

പ്രാദേശിക തിരഞ്ഞെടുപ്പിൽ കാണിക്കുന്ന സ്ത്രീകളോടുള്ള താല്പര്യം ഭരണഘടന ഉറപ്പുതരുന്നതുകൊണ്ട് മാത്രമാണ് എന്ന് വ്യക്തമാണ് . അതിനപ്പുറത്തേയ്ക്ക് ലിംഗപദവി നീതിയിൽ അധിഷ്ഠിതമായ പാർട്ടി ഘടനകൾ ഉണ്ടാവാനുള്ള ശ്രമങ്ങൾക്ക്​, അതാത് പാർട്ടികൾക്ക് അകത്തേയും പുറത്തെയും സ്ത്രീകൾ സമ്മർദ്ദം ചെലുത്തേണ്ടതാണ് . അതിന്​ പാർട്ടികളുടെ ഭരണഘടന മുതൽ അവകാശപത്രിക വരെ തിരുത്തലുകളും കൂട്ടി ചേർക്കലുകളും ആവശ്യമാണ് . വനിതാ സംവരണത്തിന്റെ പ്രസക്തി ആണ് ഇപ്പോഴത്തെ കുറഞ്ഞ സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെടുന്നത്. പക്ഷെ അതിനുപയോഗിക്കുന്ന ക്രൈറ്റീരിയ ലിംഗപദവി മാത്രമാകരുത്​. ജാതി അധികാര ബന്ധങ്ങളെ മുൻനിർത്തി മറ്റു മർദ്ദിത വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് സവിശേഷ സീറ്റുകൾ ഉറപ്പു വരുത്തിക്കൊണ്ടാവണം വനിത സംവരണം നടപ്പിലാക്കേണ്ടത് .

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

കുടുംബം ഒരു അധികാര വ്യവസ്ഥയാണ്. പക്ഷെ നമ്മുടെ നാട്ടിൽ കുടുംബം എന്നത് ഒരേ സ്വഭാവം ഉള്ള അധികാരമായല്ല പ്രവർത്തനക്ഷമമാകുന്നത് . കുടുംബത്തെ വിമോചനമാർഗമായി കാണുന്ന സ്ത്രീവാദ ധാരയും സജീവമാണ്. ചരിത്രപരമായി കുടുംബം നിഷേധിക്കപ്പെട്ടവർക്ക്​ കെട്ടുറപ്പുള്ള കുടുംബം എന്നത് സാമൂഹ്യമായും വ്യക്തിപരമായും ഉള്ള മൊബിലിറ്റിയെ സാധ്യമാക്കുന്നുണ്ട് . അതുകൊണ്ട് തന്നെ കുടുംബത്തെ ജനാധിപത്യവൽക്കരിക്കാനും ഇൻക്ലൂസിവ് ആക്കാനുമുള്ള പ്രവർത്തനങ്ങൾക്കു വലിയ പ്രസക്തിയുണ്ട് എന്ന് ഞാൻ കരുതുന്നു .

ബ്രാഹ്മണിക്കൽ പാട്രിയാർക്കി കുടുംബത്തിൽ പുരുഷന് കൂടുതൽ അധികാരം ഉറപ്പു വരുത്തുന്നു . പലപ്പോഴും പബ്ലിക് -പ്രൈവറ്റ് എന്ന ദ്വന്ദം സ്ത്രീകളുടെ പ്രശ്‌നത്തെ വിലയിരുത്താൻ ഉപയോഗിക്കാറുണ്ട്​. എന്നാൽ പബ്ലിക് - പ്രൈവറ്റ് എന്നതിനപ്പുറം പലപ്പോഴും വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങൾ സംഭവിക്കുന്നുണ്ട് . ഉദാഹരണത്തിന് പബ്ലിക് എന്നത് മേൽജാതിയിലും ദളിത് വിഭാഗത്തിലും പെട്ട സ്ത്രീകൾക്ക് അനുഭവവേദ്യമായിരിക്കുന്നത്​ രണ്ടു തരത്തിലാണ് എന്നത് പൊതു പ്രവർത്തകരായ ദളിത് സ്ത്രീകളുടെ അനുഭവം നമുക്ക് പറഞ്ഞു തരുന്നു.

കുടുംബത്തിൽ സ്ത്രീകൾക്ക് പലപ്പോഴും കുറഞ്ഞ സ്ഥാനവും കുട്ടികളുടെ പരിചരണം പോലുള്ള അധിക ഉത്തരവാദിത്തവും ഉണ്ട്. ഇത് പൊതുകാര്യത്തിൽ അവരുടെ ഇടപെടലിന്റെ തോത് കുറയ്ക്കുന്നു. വരുമാനമുണ്ടെങ്കിലും സാമ്പത്തിക കാര്യത്തിൽ തീരുമാനം എടുക്കാനുള്ള കുറഞ്ഞ അവസരവും, സ്ത്രീയുടെ സദാചാരത്തെ കുറിച്ചുള്ള അമിത ഉൽക്കണ്ഠകളും അവളുടെ പൊതു ജീവിതത്തെ തടയുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പലതരത്തിലുള്ള വിഭവങ്ങളുടെയും ക്യാപ്പിറ്റലിന്റെയും അഭാവം.

താഴ്ന്ന ജാതിയിൽ വരുന്ന സ്ത്രീകളെ സംബന്ധിച്ച്​, പൊതുപ്രവർത്തനം എന്നത് ഒട്ടും ആയാസ രഹിതമായ ഒന്നല്ല . പലതരം ഇല്ലായ്മകളോടും പൊരുതി വേണം അവൾക്ക്​ അത് നടപ്പിലാക്കാൻ. കുടുംബത്തിലെയും സമൂഹത്തിനെയും ബഹുവിധ അധികാരബന്ധങ്ങളോട് കലഹിച്ചു കൊണ്ട് മാത്രമേ അവൾക്ക്​പൊതു പ്രവർത്തകയാകാൻ പറ്റൂ. ഒരു പൊതുവ്യക്തിത്വമാകാൻ ആവശ്യമായ കഴിവുകളും കാര്യശേഷിയും ലക്ഷണവും ജാതീയമായോ കുടുംബപരമായോ തീരുമാനിക്കുന്ന നമ്മുടെ നാട്ടിൽ, ആ സ്റ്റാറ്റസിലേക്ക്​ പ്രവേശിക്കുക എന്നത് ഹിമാലയൻ പ്രയത്‌നമാണ്, കീഴാള സ്ത്രീകളെ സംബന്ധിച്ച്​.

പൊതു രംഗത്തു നിൽക്കുന്ന എല്ലാ സ്ത്രീകളും പ്രശ്‌നങ്ങളും വേർതിരിവുകളും അനുഭവിക്കുന്നുണ്ട് എങ്കിലും അതിന് ആഴവും മൂർച്ചയും ഏറുന്നത് കീഴാള സ്ത്രീകളുടെ കാര്യത്തിലാണ് എന്നത് നമ്മൾ കാണാതിരുന്നുകൂടാ. അതായത് സ്വീകര്യയായ പൊതു പ്രവർത്തക ആവാനും പ്രിവിലേജ് വേണം എന്ന് സാരം.
വ്യക്തിപരമായ അനുഭവം കണക്കിലെടുക്കുകയാണെങ്കിൽ, എന്റെ വീട് താരതമ്യേന പുരോഗമന സ്വഭാവം ഉള്ളതായിരുന്നു. മറ്റു പെൺകുട്ടികൾക്ക് ലഭിക്കാതിരുന്ന അവസരങ്ങളും സഞ്ചാര സ്വാതന്ത്ര്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. വീടിന്റെ അടിസ്ഥാന മൂല്യങ്ങൾ വളരെ പാട്രിയാർക്കൽ ആയിരുന്നു എങ്കിലും അതിനിടയിലൂടെ തർക്കിച്ചും ചർച്ച ചെയ്തും എനിക്കുള്ള ഇടം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു എന്നതിനെ ഞാൻ ചെറുതായി കാണുന്നില്ല.

എന്നാൽ എന്റെ വീട്ടിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരം ആയിരുന്നു എന്ന് ഞാൻ പറയുകയുമില്ല. എന്റെ സ്വാതന്ത്ര്യം വീട്ടിലെ എന്റെ പ്രായത്തിൽ ഉള്ള മറ്റ് സ്ത്രീകൾക്ക്​ ഉണ്ടായിരുന്നോ എന്നും സംശയം ആണ്. ഇപ്പോൾ കാര്യങ്ങൾ മാറി വരുന്നുണ്ട് . എന്റെ വീട്ടിലെ പെൺകുട്ടികൾ സ്വന്തമായി തീരുമാനം എടുത്ത്​ നടപ്പിൽ വരുത്തുന്നത് ആഹ്ലാദമുള്ള ഒരു കാഴ്ചയാണ്.

എന്റെ വീട്ടിലെ പുരോഗമനസ്വഭാവമുള്ള പാട്രിയാർക്കിയോട്​ കലഹിക്കാൻ ഒരു പുതിയ ഭാഷ ഉണ്ടാക്കലായിരുന്നു എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പിന്നീട് ഞാൻ ഉണ്ടാക്കിയ കുടുംബത്തിലും സാമ്പത്തിക കാര്യങ്ങളിലും എന്റെ വ്യക്തിപരമായ കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നു എങ്കിലും, അത് പരിപൂർണമായി തുല്യത ഉള്ള ഒരു സ്ഥലമാണ് എന്ന് ഞാൻ അവകാശപ്പെടില്ല . പലതരത്തിലുള്ള അധികാര സ്വഭാവങ്ങൾ എന്റെ കുടുംബത്തിനും ഉണ്ട്. ആൺകോയ്​മയോട്​ കലഹിക്കുക എന്നത് ഒരു ദൈനംദിന പ്രക്രിയ ആണ് എന്ന് ഞാൻ കരുതുന്നു . ഒരു പാട് സെൽഫ് റിഫ്ലക്​റ്റിവിറ്റി ആവശ്യമായ ഒന്ന്. ആ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തിട്ടുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

ഞാൻ പ്രബല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച്​ പരിചയം ഉള്ള ആളല്ല. എന്റെ നിരീക്ഷണത്തിൽ മനസ്സിലായിട്ടുള്ളത്, അവിടങ്ങളിൽ ചുരുക്കം ചില സ്ത്രീ നേതാക്കൾക്ക് ഒഴിച്ച് പല സ്ത്രീ പ്രവർത്തകർക്കും തങ്ങളുടെ നിലപാടുകൾ സംസാരിക്കാനും അത് സ്ഥാപിച്ചെടുക്കാനും കഴിയാറില്ല എന്നാണ്. സ്ത്രീകളുടെ വിഷയങ്ങൾ ഒരു പ്രധാന ചർച്ച വിഷയമാവുന്നതും കുറവായിട്ടാണ് തോന്നിയിട്ടുള്ളത്.

ഞാൻ പ്രവർത്തിച്ച പ്രാതിനിധ്യത്തിന്റെയും -വിമത പ്രസ്ഥാനങ്ങളിൽ ഒഴിച്ച് ഇതര ജനാധിപത്യ, ദളിത് പ്രസ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും സ്വഭാവം വളരെയധികം മാറിയിട്ടുണ്ട്, കഴിഞ്ഞ ഒരു ദശകമായിട്ട്​ എന്നുകാണാം. നേരത്തെ കേവലം എണ്ണം കൂട്ടാനുള്ള ആളുകൾ ആയാണ് സ്ത്രീകൾ പരിപാടികൾക്കു വന്നിരുന്നത്, അവിടെ തന്നെ സ്ത്രീകളുടെ ജോലി ചായ കൊടുക്കലും മറ്റു പരിപാടികൾക്കുള്ള പണികളും ആയിരിക്കും .

പലപ്പോഴും പ്രസ്ഥാനത്തിലെ പുരുഷൻമാർക്ക് പിന്തുണ എന്ന നിലയിലാണ് സ്ത്രീകളുടെ പങ്കാളിത്തം നടപ്പിലായിരുന്നത്. പിന്നീട് പ്രാതിനിധ്യത്തിന്റെയും പ്രസ്ഥാനത്തിന്റെ ഇടപെടലും മറ്റുമൊക്കെ ആയി കേവല പ്രാതിനിധ്യം ഉറപ്പു വരുത്തിയിരുന്നു. സ്ത്രീകൾ അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും അവരെ കമ്മറ്റിയിലും മറ്റും ഉൾപ്പെടുത്തിയിരുന്നു. സ്ത്രീ വിഷയങ്ങൾ അപ്പോഴും കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. ഇത് ഒരു ചെറിയ വിഭാഗം സ്ത്രീകൾ ഉയർന്നു വരാൻ കാരണമായി. പിന്നീടുവന്ന ഭൂസമരങ്ങൾ ഒരു സ്ത്രീ നിരയെ സൃഷ്ടിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദളിത് സ്ത്രീകൾ വ്യക്തികൾ എന്ന നിലയിൽ ഈ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും അവരുടെ അഭിപ്രായം പറയുകയും, നിർബന്ധമായും സംസാരിക്കുകയും ചെയുന്നതായാണ് ഇപ്പോൾ കാണുന്നത് . ഒരു നല്ല സ്ത്രീ നേതൃത്വവും രൂപം കൊള്ളുന്നുണ്ട്. അത് വലിയ പ്രതീക്ഷ തരുന്നു. പലപ്പോഴും, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ, എല്ലാ അർത്ഥത്തിലും തുല്യ നിലയെ കുറിച്ച് ആവശ്യം ഉന്നയിക്കുമ്പോൾ, അസ്വസ്ഥരാവുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇരയെന്ന നിലയിൽ ശബ്ദം ഉയർത്താം, തുല്യനില ആവശ്യപ്പെട്ടു കൂടാ എന്നൊരു അബോധ- നിബന്ധന ഉള്ള പോലെ. ഇപ്പോഴും ദളിത് ബൗദ്ധിക നേതൃത്വം ദളിത് സ്ത്രീവാദ ഇടപെടലുകളോട് അതർഹിക്കുന്ന രീതിയിൽ സംവാദത്തിനു തയ്യാറാവുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ് എന്ന് ഞാൻ കരുതുന്നു.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും കൂടുതൽ വെല്ലുവിളികളും അപമാനങ്ങളും നേരിട്ടത് എന്റെ രാഷ്ട്രീയ ഇടങ്ങളിലാണ്. സ്ത്രീ ആയതുകൊണ്ടും പ്രതീക്ഷിക്കുന്ന അനിയത്തി, അമ്മ, ആരാധിക തുടങ്ങിയ നിലകളിൽ പ്രകടനം നടത്താൻ വിസമ്മതിച്ചിട്ടുള്ളതുകൊണ്ടും ആരെയും മെന്റർ ആക്കാത്തതുകൊണ്ടും ഹെട്രോസെക്ഷ്വൽ സ്പേസുകളിലെ അഭിന്ദനങ്ങളും പാരിതോഷികങ്ങളും എന്നെ അല്പം പോലും ആകർഷിക്കാത്തതു കൊണ്ടും ദളിത് സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോ ടൈപ്പിൽ ഒതുങ്ങാത്തതു കൊണ്ടും ഞാൻ അനുഭവിച്ചിട്ടുള്ള ആക്രമണങ്ങളും ഒഴിവാക്കലുകളും ചെറുതല്ല. അതിനെ കുറിച്ച് വിശദമായി മറ്റൊരിക്കൽ എഴുതാം.


Comments