അധികാരം ആണത്തത്തിന്റെ സവിശേഷ ഗുണമായി സമൂഹത്തിൽ നിലനിൽക്കുന്നു

പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന ഏത് സംഘടനകളിലും നേതൃസ്ഥാനത്ത്, തീരുമാനങ്ങൾ എടുക്കുന്നതിൽ പുരുഷാധികാര വാർപ്പ് മാതൃകകൾ / രൂപങ്ങൾ തന്നെയാണ് പിന്തുടരുന്നത്- ജൻറർ ഇൻറഗ്രേഷൻ, കരിക്കുലം ഡവലപ്​മെൻറ്​ വിദഗ്​ധ സോയ തോമസ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

സോയ തോമസ്​:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരത്തിൽ 50% സ്ത്രീകൾ എന്ന നിയമദേദഗതി പ്രകാരമുള്ള തീരുമാനം കേരള സർക്കാർ നടപ്പിലാക്കിയപ്പോൾ അതിന്റെ പ്രതിഫലനമായി മാത്രമാണ് പ്രാദേശികഭരണ പ്രക്രിയയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായത്. ഭരണഘടന ഭേദഗതിയോടനുബന്ധമായ സർക്കാരിന്റെ തീരുമാനം നടപ്പിലാക്കിയതിനപ്പുറം സ്ത്രീ പ്രാതിനിധ്യത്തിന്റെ ഉറപ്പിക്കലും സ്വാഭാവികതയും സമൂഹത്തിൽ- രാഷ്ട്രീയ പാർട്ടികളിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ വനിതാ സംവരണം അല്ലാത്തിടത്ത് (ജനറൽ സീറ്റിൽ) പുരുഷൻ തന്നെ സ്ഥാനാർത്ഥി ആയി അവരോധിക്കപ്പെടുന്നതും, അനുയോജ്യനായ സ്ഥാനാർത്ഥിയെ കിട്ടിയില്ലങ്കിൽ ഏതെങ്കിലും ഒരു പുരുഷനെ തന്നെ കണ്ടെത്തുകയും ചെയ്യുന്നത്​ (അനുയോജ്യരായ സ്ത്രീകൾ ഉണ്ടങ്കിൽ പോലും).

അധികാരമുള്ള സ്ത്രീ അഹങ്കാരിയും ‘ദുർനടപ്പുകാരിയും ' ഒക്കെയായാണ് ചിത്രീകരിക്കപ്പെടുന്നതും അടയാളപ്പെടുത്തുന്നതും. അധികാരവും തീരുമാനമെടുക്കലും സ്ത്രീരൂപങ്ങളിൽ ഇന്നും അന്യമാണ്.
രാഷ്ട്രീയത്തിലോ ഭരണ പ്രക്രിയയിലോ സ്വയം വളർന്നു വരാനും അധികാര സ്ഥാനങ്ങളിൽ എത്താനും കഴിഞ്ഞിട്ടുള്ള സ്ത്രീകൾ വളരെ കുറവാണ്. ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ മകൾ -ഭാര്യ- സഹോദരി എന്നതിനപ്പുറം സ്ത്രീകൾ പരിഗണിക്കപ്പെടുന്നതും അവർക്ക്​ രാഷ്ട്രീയ ഭാവി ഉള്ളതായും കാണുന്നില്ല.

ഇതിൽ വ്യത്യസ്തമായി ഇന്ന് കാണുന്ന ഒരു കാര്യം പ്രാദേശിക സർക്കാരുകളുടെ തിരഞ്ഞെടുപ്പിൽ കുടുംബശ്രീ നേതൃത്വത്തിലുണ്ടായിരുന്ന സ്ത്രീകൾ മത്സരരംഗത്തേക്കും പ്രതിനിധികളായും കടന്നു വരുന്നു എന്നതാണ്. എന്നാൽ ഇവരും നിലവിലെ ആണധികാരത്തിനനുസൃതമായി നിലനിൽക്കേണ്ടതായും വരുന്നു.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

അധികാരം എപ്പോഴും ആണത്തത്തിന്റെ സവിശേഷ ഗുണമായി സമൂഹത്തിൽ നിലനിൽക്കുന്നു. രാഷ്ട്രീയ പാർട്ടിയിലായാലും പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന ഏത് സംഘടനകളിലും നേതൃസ്ഥാനത്ത്, തീരുമാനങ്ങൾ എടുക്കുന്നതിൽ പുരുഷാധികാര വാർപ്പ് മാതൃകകൾ / രൂപങ്ങൾ തന്നെയാണ് പിന്തുടരുന്നത്. ഇവിടെ ഒരു സ്ത്രീയെ കാണുന്നതിന് കഴിയാത്ത കാഴ്ചപാടും മനസ്സിൽ പതിഞ്ഞ ഇമേജും ആണ് പൊതു സമൂഹത്തിന്റേത്.

തദ്ദേശ ഭരണത്തിലെ അധികാര പങ്കാളിത്തം പോളിസി ലെവൽ തീരുമാനത്തിന്റെ ഭാഗം മാത്രമായതിനാൽ അത് മറ്റ് അധികാര മേഖലയിലേക്കോ പങ്കാളിത്തത്തിലേക്കോ മാറ്റപ്പെടുന്നില്ല. മുകളിൽ പറഞ്ഞ സാമൂഹികമായി കൽപിച്ചു നിലനിന്നുവരുന്ന സ്ത്രീ - പുരുഷ ഇമേജുകൾ, പദവികൾ ഇതിന് അനുകൂലവുമല്ല. വികസനവും അധികാരവും ഒക്കെ ആൺ കേന്ദീകൃതവും അവരുടെ ആസൂത്രണ തന്ത്രങ്ങൾക്ക് അനുസൃതവുമാണ്.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നുവന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ശീലങ്ങളും, ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം അവൾക്ക് പ്രാപ്യമല്ലാത്തതും മറ്റാരാലോ നിയന്ത്രിക്കപ്പെടുന്നതുമാണ്. കുടുംബാധികാര ഘടനയിൽ പ്രഥമ സ്ഥാനം അവളുടേതല്ല എന്ന പഠിപ്പിക്കലുകൾ/നിർമിതികൾ അവളേയും അവനേയും നയിക്കുന്നതിനാൽ കുടുംബത്തിലെ അധികാര നിലയിൽ സ്ത്രീ മുകളിലല്ല പലപ്പോഴും അദൃശ്യയുമാണ്.

ഒരു സുറിയാനി ക്രിസ്ത്യാനി യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന ഞാൻ കണ്ടും കേട്ടും വളർന്നത് കുടുംബത്തിലെ പുരുഷാധികാരത്തിനും പുരുഷ ആജ്ഞകൾക്കും അനുസൃതമായി തന്നെയാണ്.
എന്നാൽ കുടുംബത്തിലും പുറത്തും നിലനിൽക്കുന്ന അധികാരത്തിലെ വിവേചനം, ആൺ- പെൺ വേർതിരിവുകൾ എന്നിവ തിരിച്ചറിയാനും അതിന്റെ സൃഷ്ടികൾ മനസ്സിലാക്കി പുനർചിന്തിക്കാനും തുടങ്ങിയപ്പോൾ വ്യക്തിപരമായി പ്രതികരണങ്ങളും തീരുമാനങ്ങളും ഉണ്ടായി. ഈ തിരിച്ചറിവ് ഇപ്പോൾ കുടുംബത്തിലെ ഓരോ കാര്യങ്ങളിലും, പ്രത്യേകിച്ച് സാമ്പത്തികം ഉൾപ്പെടെ തീരുമാനം എടുക്കുന്നതിലും തീരുമാനങ്ങളിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നതിനും കഴിയുന്നു. ഇത് പലപ്പോഴും പൂർണമായും സാധ്യമാക്കുന്നത് സ്ത്രീയ്ക്ക് വരുമാനവും സാമ്പത്തിക സ്വാശ്രയത്വവും ഉണ്ടാകുമ്പോൾ കൂടിയാണ്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

ഏതൊരു മേഖലയിലേയും പോലെ രാഷ്ട്രീയ സംഘടനയിൽ ഇന്നും സ്ത്രീകൾ അധികാര സ്ഥാനങ്ങളിൽ ഉണ്ടാവുന്നില്ല. പാർട്ടികളുടെ പ്രാദേശിക ഘടകം മുതൽ പ്രധാന സ്ഥാനങ്ങളിൽ പുരുഷൻമാർ തന്നെയാണ്. രാഷ്ട്രീയ പാർട്ടികളുടെ തീരുമാനമെടുക്കൽ സ്ഥാനങ്ങളിൽ പ്രധാന ഭരണ സ്ഥാനങ്ങളിൽ സ്ത്രീകളാവുന്നത് സംഘടനയുടെ ബലഹീനതയായും കരുതപ്പെടുന്നു. ശബ്ദമുയർത്തുന്ന തീരുമാനത്തിൽ പ്രധാന പങ്കാളിയാവുന്ന സ്ത്രീകൾ അഹങ്കാരികളും, ധാർഷ്ട്യക്കാരിയും ഒക്കെയാണ്. ‘ശാന്തയും സൗമ്യയും നിശബ്ദയുമായ ' സ്ത്രീകളാണ് എല്ലായിടത്തേയും സങ്കല്പം.

തൊഴിലിടങ്ങൾ, പ്രത്യേകിച്ച് പുരുഷൻ ചെയ്യണ്ടവ എന്ന് നിർവ്വചിച്ചിട്ടുള്ള തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾ വെറും കൈയ്യാളുകൾ മാത്രമാണ്. എന്നാൽ വിരോധാഭാസം എന്നത്, കാർഷിക മേഖല ഉൾപ്പെടെ വിവിധ തൊഴിലിൽ സ്ത്രീകളെ തൊഴിലാളികളായി അംഗീകരിക്കുന്നതും ഇല്ല, വേതനത്തിൽ അസമത്വവും നിലനില്ക്കുന്നു.

സ്ത്രീകൾ പ്രധാന സ്ഥാനത്തിരിക്കുന്ന തൊഴിലിടങ്ങളിൽ അവിടെ സ്ത്രീ അധികാര സ്ഥാനത്തുള്ളതു കൊണ്ട് മാത്രം സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുന്നു. പ്രധാന തീരുമാനങ്ങളും സാമ്പത്തികവും നല്ലൊരു ശതമാനം സ്ഥാപനങ്ങളിലും ഭൂരിപക്ഷവും പുരഷൻമാരോ പുരുഷ അധികാരികളാൽ നയിക്കപ്പെടുന്നവരോ ആവും. തൊഴിൽ ചെയ്ത മേഖലയിൽ/ തൊഴിലിടത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ ഒരു പരിധി വരെ സ്വാതന്ത്ര്യം (ആശയം നമ്മുടേതാകുമ്പോൾ) എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ അന്തിമ തീരുമാനവും സാമ്പത്തിക തീരുമാനവും ഒക്കെ പൂർണ അധികാരം കയ്യാളുന്ന മറ്റാരുടേയോ, ബ്യൂറോക്രാറ്റുകളുടേയോ ഒക്കെയാണ്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

കുടുംബ പരിപാലനം, കുട്ടികളേയും പ്രായമായവമായവരേയും പരിചരിക്കൽ, പാചകം, വൃത്തിയാക്കൽ തുടങ്ങിയ വീടുമായി ബന്ധപ്പെട്ട മുഴുവൻ പണികളും സ്ത്രീകൾ ചെയ്യേണ്ടവയും അവളുടെ ഉത്തരവാദിത്വവുമാണ് (എപ്പോഴും അദൃശ്യമായവ). അവളുടെ ആവശ്യങ്ങളും അവകാശങ്ങളും മറ്റാരൊക്കയാൽ നിർവ്വഹിക്കപ്പെടേണ്ടവയാണ്​ എന്നാണ്​ നിലവിലെ സാമൂഹ്യ അവസ്ഥ പ്രഖ്യാപിക്കുന്നത്. സാമ്പത്തികം, തീരുമാനം, പുറം ലോകം, പൊതു ഇടം / പരിപാടികൾ എന്നിവ പുരുഷ കേന്ദ്രീകൃതവുമാണ്​. അതുകൊണ്ട് തന്നെ സ്ത്രീകളുടെ എല്ലാത്തരം ആവിഷ്‌ക്കാരങ്ങൾക്കും പ്രതികൂലമായ അവസ്ഥയാണ് സമൂഹത്തിലും കുടുംബത്തിലും എല്ലാം. ബോധപൂർവമായ ആലോചനയിലൂടെ- ഇടപെടലിലൂടെയും മാത്രമേ ഇവയൊക്കെ സ്ത്രീകൾക്ക് പ്രാപ്യവും അനുകൂലവും ആകൂ.



സോയ തോമസ്​

20 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജൻറർ വികസന പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നു. ഇപ്പോൾ വിവിധ സംസ്​ഥാനങ്ങളിൽ ഉപജീവന- സ്​ത്രീ ശാക്​തീകരണ പ്രസ്​ഥാനങ്ങളിൽ ജന്റർ ഇന്റഗ്രേഷൻ, കരിക്കുലം ഡവലപ്​മെന്റ്​ വിദഗ്​ധയായി പ്രവർത്തിക്കുന്നു

Comments