മത- സമുദായ സംഘടനകളിലൂടെ സമരമുഖത്തെത്തുന്ന സ്ത്രീകളുടെ എണ്ണം പേടിപ്പെടുത്തുന്നു

സ്വന്തം ക്രിയാത്മകതയാൽ, രാഷ്ട്രീയ മൂല്യബോധത്താൽ, ജനാധിപത്യബോധത്താൽ എല്ലാ രംഗങ്ങളിലേക്കും കടന്നുവന്ന് നിറഞ്ഞ് സജീവമായി പ്രവർത്തിക്കുന്നതിലൂടെയേ സ്ത്രീകൾക്ക് എല്ലാതരം വിവേചനങ്ങളേയും മറികടക്കാൻ കഴിയൂ- നാടകപ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീജ ആറങ്ങോട്ടുകര സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ശ്രീജ ആറങ്ങോട്ടുകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50% സ്ത്രീസംവരണം എന്നത് എത്ര പരിമിതികളുണ്ടെങ്കിലും വിപ്ലവകരമായ മാറ്റം തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്. പിൻസീറ്റ് ഡ്രെവിങ്, പാവ പ്രസിഡന്റ്, കഞ്ഞീം കറീം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളെപ്പിടിച്ച് പ്രസിഡന്റാക്കിയാൽ ഇങ്ങനെ ഇരിക്കും, കയ്യിലും മുഖത്തും പറ്റിയ കരി തുടക്കാൻ കൂടി സമയം ഇല്ലാത്ത ആളാണ് പഞ്ചായത്ത് ഭരിക്കുന്നത്... ഇങ്ങനെ നൂറ് നൂറ് അവമതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഭൂരിപക്ഷ സ്ത്രീ ജനപ്രതിനിധികളും ഉത്തരവാദിത്വം നിറവേറ്റുന്നത്. പുരുഷനായ വൈസ് പ്രസിഡന്റ്, ഭർത്താവ്, സഹോദരൻ, അച്ഛൻ അങ്ങനെ ആരെങ്കിലും പിൻസീറ്റ് ഡ്രൈവിങ് നടത്തുമ്പോൾ സ്റ്റിയറിങ് വെറുതെ പിടിച്ചിരിക്കാൻ മാത്രം അവകാശമുള്ളവരാണ് ഭൂരിഭാഗം പേരും.

ഇങ്ങനെയൊക്കെ ആണെങ്കിലും അഞ്ചുവർഷത്തോടുകൂടി വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയിട്ടുണ്ട്. ആയിരം ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്- ജില്ല പഞ്ചായത്തുകളിലും പകുതിയിലേറെ സ്ത്രീകളാണ് ഇരിക്കുന്നത് എന്നതുമാത്രം അത്ര സ്ത്രീകൾക്ക് പൊതുരംഗത്തേക്ക് ഇറങ്ങാൻ കഴിഞ്ഞുവെന്നതും ഗുണപരമായ വലിയ മാറ്റം തന്നെയാണ്. ആദ്യഘട്ടത്തിൽ മത്സരിക്കാൻ സ്ത്രീകളെ നിർബന്ധിച്ച് കൊണ്ടുവരേണ്ട അവസ്ഥയുണ്ടായിരുന്നപ്പോൾ മൂന്നാം ഘട്ടമായ ഇപ്പോൾ മത്സരിക്കാനുള്ള ആഗ്രഹവും വാശിയുമായി ധാരാളം സ്ത്രീകൾ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

സ്ത്രീകളിലേക്ക് അധികാരം ശരിയായ അർത്ഥത്തിൽ കൈമാറ്റം ചെയ്യപ്പെടാൻ ഇനിയും കാലം വേണ്ടിവരുമെങ്കിലും വളരെ നല്ല രീതിയിൽ ഊർജസ്വലരായി പ്രവർത്തിക്കുന്ന ധാരാളം സ്ത്രീ ജനപ്രതിനിധികൾ ഉണ്ടായി വരുന്നു എന്നത് പ്രതിക്ഷാനിർഭരം തന്നെയാണ്. നിയമപരമായ നിവൃത്തികേടുകൊണ്ടാണ് സ്ത്രീകൾക്ക് അധികാരം പങ്കുവെയ്ക്കപ്പെട്ടതെങ്കിലും സ്ത്രീകൾക്കും ഭരിക്കാം നയിക്കാം എന്നത് സമൂഹം (രാഷ്ട്രീയപാർട്ടികളല്ല) ഏതാണ്ട് അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. നിയമം മാറ്റിയാൽ പിന്നാക്കം പോകാൻ സാധ്യതയുണ്ടെങ്കിലും പൂർണമായും പഴയതുപോലെയാവില്ല എന്ന്​ ഉറപ്പാണ്.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശികമായി ധാരാളം അധികാരമുണ്ടെങ്കിലും നിയമസഭ, ലോക്​സഭ എന്നിവയ്ക്കുള്ളതുപോലെ നിയമനിർമാണങ്ങളടക്കമുള്ള വിപുലമായ അധികാര അവകാശങ്ങളില്ല. കൂടുതൽ അധികാരമുള്ള സ്ഥാനങ്ങളിലേക്ക് സ്ത്രീകൾക്ക് അവസരം കൊടുക്കുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടികൾക്കും, മതസമുദായ സംഘടനങ്ങൾക്കും, കലാസാംസ്‌കാരിക സംഘങ്ങൾക്ക് പോലും താൽപര്യമില്ല എന്നത് യാഥാർത്ഥ്യമാണ്. അപവാദങ്ങളുണ്ട് എന്നതു ശരിയാണ്. ഇതിനെ മറികടന്ന് വരുന്നത് മിക്കപ്പോഴും സാധാരണയിൽ കവിഞ്ഞ കഴിവും മിടുക്കും ഊർജ്ജസ്വലതയുമുള്ള സ്ത്രീകളാണ്. നിയമം ഉള്ളതുകൊണ്ട് മാത്രമാണ് പഞ്ചായത്തുകളിൽ ഇത്ര സ്ത്രീ പങ്കാളിത്തം.

നിയമസഭ, ലോക്​സഭ എന്നിവയിലേക്കുള്ള 33% സംവരണം ഉറപ്പാക്കുന്ന ബില്ല് ഇത്ര കാലമായിട്ടും പാസാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് അധികാര രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നതിനെ രാഷ്ട്രീയ പാർട്ടികൾ എത്രമാത്രം ഭയപ്പെടുന്നു എന്നാണ് കാണിക്കുന്നത്. നിയമനിർമ്മാണം കൊണ്ട് മാത്രമേ ഇപ്പോഴത്തെ സാമൂഹ്യാവസ്ഥയിൽ നിയമസഭ- ലോക്​സഭ രാഷ്ട്രീയ നേതൃത്വം എന്നിവയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനാവൂ. അല്ലെങ്കിൽ അത്രയേറെ മൂല്യബോധവും ജനാധിപത്യവുമുള്ള സമൂഹമായിരിക്കണം.

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

പൊതുവെ സ്ത്രീകളെ സംബന്ധിച്ച് വീട്, ജോലി സ്ഥലം, പൊതുവായ മറ്റിടങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള അധികാരനില താഴ്ന്നുതന്നെയാണ്; അപവാദങ്ങൾ ഉണ്ടെങ്കിലും. പൊതുവെ സമ്പത്തും ജോലിയിലെ ഉയർന്ന സ്ഥാനവുമൊക്കെയാണ് ഒരുവ്യക്തിയുടെ അധികാരാവകാശങ്ങൾ നിർണയിക്കുന്നത്. പക്ഷേ ഉയർന്ന ജോലിയുള്ള, പണം സമ്പാദിക്കുന്ന സ്ത്രീകൾക്കുപോലും തന്റെ ഉയർന്ന തസ്തിക, ശമ്പളം എന്നിവയുടെ അന്തസ്സ്, അവകാശം എന്നിവ പുരുഷന്മാരേക്കാൾ കുറവായിത്തന്നെയാണ് ഇരിക്കുന്നത്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

വ്യക്തിപരമായി കുടുംബത്തിനകത്ത് തീരുമാനങ്ങൾ എടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അടുക്കള പങ്കിടുന്നതിനും എല്ലാം വളരെ ജനാധിപത്യപരമായ അവസ്ഥയാണ് എനിക്കുള്ളത്. ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കലാസാംസ്‌കാരിക സംഘത്തിലും കർഷക സംഘത്തിലും, നാടകങ്ങളിലും ഒരു സ്ത്രീ എന്ന രീതിയിൽ എനിക്കൊരിക്കലും അസമത്വമോ വിവേചനമോ നേരിടേണ്ടി വന്നിട്ടില്ല. അത് ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘങ്ങളുടെ ജനാധിപത്യസ്വഭാവം കൊണ്ടും വ്യക്തിപരമായി ഞാനതിനുവേണ്ടി ശക്തമായി നിൽക്കുന്നതുകൊണ്ടും ആണെന്നാണ് തോന്നുന്നത്.

സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിലും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനനുസരിച്ച് ചെറിയ തോതിലുള്ള പ്രശ്നങ്ങൾ സ്ത്രീ മേലുദ്യോഗസ്ഥ എന്ന നിലയിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീയായ മേലുദ്യോഗസ്ഥയെ അംഗീകരിക്കുക, അവർക്ക് കീഴിൽ ജോലിയെടുക്കുക എന്നത്, സർക്കാർ സംവിധാനത്തിൽ ജോലിയെടുക്കുന്ന ഭൂരിപക്ഷം പുരുഷന്മാർക്കും (സ്ത്രീകൾക്കും) താൽപര്യമുള്ള കാര്യമല്ല എന്നാണ് എന്റെ അനുഭവം. അപവാദങ്ങളുണ്ടെങ്കിലും, പൊതുവെ രാഷ്ട്രീയ സംഘടനകളിലും മറ്റ് അധികാരരംഗങ്ങളിലും തൊഴിലിടത്തിലുമൊക്കെ സ്ത്രീകളുടെ വ്യക്തിത്വം, അന്തസ്സ്, അധികാരനില എന്നിവ അംഗീകരിക്കപ്പെടുക എന്നുള്ളത് സാധാരണമല്ല.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ക്രിയാത്മകമായി പ്രവർത്തിക്കുന്ന, പൊതുരംഗങ്ങളിൽ സജീവമായി ഇടപെടുന്ന സ്ത്രീകൾ ധാരാളമുണ്ട്. ഇവരൊക്കെ രണ്ടും മൂന്നും ഇരട്ടി ജോലി ചെയ്തുകൊണ്ടാണ് പൊതുരംഗത്ത് സജീവമായി നിലനിൽക്കുന്നത്. വീടിനകത്തെ പണിയും കുട്ടികളുടെയും വയസ്സന്മാരുടെയും ഉത്തരവാദിത്വങ്ങളും ജോലി സ്ഥലത്തെ ഉത്തരവാദിത്വവും കഴിഞ്ഞ് വേണം പൊതുരംഗത്തേക്കോ കലാസാംസ്‌കാരിക രംഗത്തേക്കോ വരാൻ. ഇവയെല്ലാം ഒരുപോലെ നിർവഹിച്ചുകൊണ്ടാണ് പൊതുരംഗത്തുള്ള മിക്ക സ്ത്രീകളും നിലനിൽക്കുന്നത്. വീട്ടിനകത്തെ ഉത്തരവാദിത്വങ്ങൾക്ക് യാതൊരു കോട്ടവും വരാത്തവിധത്തിൽ വേണമെങ്കിൽ കുറച്ചുസമയം പൊതുപ്രവർത്തനത്തിനോ മറ്റോ എടുത്തോട്ടെ എന്നു വിചാരിക്കുന്നവരാണ് പൊതുരംഗത്തേക്കിറങ്ങിയ സ്ത്രീകളുടെ കുടുംബക്കാർ ഭൂരിഭാഗവും. ഭൂരിപക്ഷം കുടുംബങ്ങളിൽ അതിനുപോലുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിലെടുക്കുന്ന, പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്ന, കലാസാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന, കാർഷിക രംഗത്ത് സജീവമാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നുണ്ട്. എല്ലാ രംഗങ്ങളിലും പരമാവധി നിൽക്കുക, ഊർജ്ജസ്വലമായി പ്രവർത്തിക്കുക എന്നതാണ് സ്ത്രീ എന്ന രീതിയിൽ അസമത്വങ്ങളേയും വിവേചനങ്ങളേയും അതിക്രമങ്ങളേയും നേരിടാനുള്ള ഒരു പ്രധാനവഴി എന്നാണെനിക്ക് തോന്നുന്നത്.

കേരളത്തിൽ അടുത്ത കാലങ്ങളിലായി മത-സമുദായ സംഘടനകളിലൂടെ പൊതുരംഗത്തേക്കും തെരുവുകളിലെ സമരമുഖത്തേക്കും എത്തുന്ന സ്ത്രീകളുടെ എണ്ണം മറ്റേതിനേക്കാളുമേറെയാണെന്നുള്ളത് മേൽപ്പറഞ്ഞതിന്റെ മോശപ്പെട്ട, പേടിപ്പെടുത്തുന്ന വശമാണ്. ഇങ്ങനെ ഒഴുകിയെത്തുന്ന സ്ത്രീകൾ സ്വമേധയാ വരുന്നവരല്ല എന്നതാണ് പ്രധാന പ്രശ്‌നം. മത- സമുദായ നേതാക്കന്മാരാൽ ആട്ടിത്തെളിക്കപ്പെട്ട് ഭ്രാന്തമായ വിശ്വാസത്തിന്റെ അടിമത്തത്തോടെ പൊതുരംഗത്തേക്ക് വരുന്ന സ്ത്രീകളാണ് ഇതിൽ ഭൂരിപക്ഷവും.

ഇതിനെല്ലാമപ്പുറം സ്വന്തം ക്രിയാത്മകതയാൽ രാഷ്ട്രീയ മൂല്യബോധത്താൽ ജനാധിപത്യബോധത്താൽ എല്ലാ രംഗങ്ങളിലേക്കും കടന്നുവന്ന് നിറഞ്ഞ് സജീവമായി പ്രവർത്തിക്കുന്നതിലൂടെയേ സ്ത്രീകൾക്ക് എല്ലാതരം വിവേചനങ്ങളേയും മറികടക്കാൻ കഴിയൂ.


Comments