22 വര്‍ഷത്തെ അഭയാര്‍ഥി ജീവിതം,
ആ ചരിത്ര ഗോളിലേയ്ക്ക്
അല്‍ഫോന്‍സ് ഓടിത്തീര്‍ത്ത ദൂരം
22 വര്‍ഷത്തെ അഭയാര്‍ഥി ജീവിതം, ആ ചരിത്ര ഗോളിലേയ്ക്ക് അല്‍ഫോന്‍സ് ഓടിത്തീര്‍ത്ത ദൂരം
ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായിരിക്കണം കളി തുടങ്ങി ഒരു മിനിറ്റും ഏഴു സെക്കൻഡും കഴിഞ്ഞപ്പോൾ അൽഫോൻസോ ഡേവീസിന്റെ തലയിൽ പിറന്നത്. ഒന്നാമത്തെ കളിയിൽ പാഴാക്കിയ പെനാൽറ്റിക്കു സമയം പാഴാക്കാതെയുള്ള പകരംവീട്ടൽ. ആ 67 സെക്കന്റുകൾക്കു വേണ്ടി അൽഫോൻസ് ഓടിത്തീർത്ത ദൂരം 22 വർഷത്തെ അഭയാർഥി ജീവിതമാണ്.
28 Nov 2022, 11:40 AM
ഫുട്‍ബോൾ ഒരു കളി മാത്രമല്ല, അതിരുകളെല്ലാം മയിച്ചുകളഞ്ഞു ലോകത്തെ ഒരുകുടക്കീഴിൽ അണിനിരത്തുന്ന ഒരേയൊരു കാരണം കൂടിയാണ്. മനുഷ്യർ കൂടിക്കലർന്നൊഴുകുന്നതിന്റെ പേരുകൂടിയാണ് ലോകകപ്പ്. ചിലർക്കത് അഭയമാണ്, വേരുകൾ പൊട്ടിച്ചുകൊണ്ടോടിയ ജീവിതത്തിൽ ചവിട്ടിനിൽക്കാൻ കരുത്തുനൽകിയ കനിവിന്റെ മുനകളില്ലാത്ത സ്പർശമാണ്.
ജീവിച്ചിരിക്കണമെങ്കിൽ കൈയിൽ തോക്കു കരുതണം എന്നുവന്നപ്പോൾ ലൈബീരിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്നും രക്ഷപെട്ടോടിയ മാതാപിതാക്കൾ, ഘാനയിലെ ഒരു അഭയാർഥി ക്യാമ്പിൽ ജനനം, അഞ്ചു വയസ്സ് തികയും മുൻപേ ജീവനും ജീവിതവും പറിച്ചുകൊണ്ടു അറ്റ്‍ലാന്റിക്കിനു കുറുകെ കാനഡയിലേക്കു പലായനം. 2016 -ൽ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ യുവതാരമായി അരങ്ങേറ്റം. 2020 -ൽ ചാമ്പ്യൻസ് ലീഗ്. 2022 - ൽ കാനഡയുടെ ലോകകപ്പ് സ്‌കോഡിലേക്കുള്ള പച്ചക്കാർഡ്. ഇന്നു ക്രൊയേഷ്യയുമായിട്ടുള്ള മത്സരത്തിൽ സ്വന്തം തലയിൽ തട്ടി പന്ത് ഗോളിന്റെ കൂട്ടിലേക്കു വീഴുമ്പോൾ കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഗോൾ. ഫുട്‍ബോൾ എന്നൊരു കളി ഇല്ലായിരുന്നെങ്കിൽ അൽഫോൻസോ ഡേവീസ് എന്ന അഭയാർഥിബാലനു ലോകത്തിനു മുന്നിൽ ഇങ്ങനെ തലയുയർത്താൻ കഴിയുമായിരുന്നില്ല. ഫുട്‍ബോൾ ഒരു കളി മാത്രമല്ല, അത് അതിർത്തികളെ മയിച്ചുകളയുന്ന അത്ഭുതമാണ്, അഭയമാണ്.

ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായിരിക്കണം കളി തുടങ്ങി ഒരുമിനിറ്റും ഏഴു സെക്കൻഡും കഴിഞ്ഞപ്പോൾ അൽഫോൻസോ ഡേവീസിന്റെ തലയിൽ പിറന്നത്. ഒന്നാമത്തെ കളിയിൽ പാഴാക്കിയ പെനാൽറ്റിക്കു സമയം പാഴാക്കാതെയുള്ള പകരംവീട്ടൽ. ആ 67 സെക്കന്റുകൾക്കു വേണ്ടി അൽഫോൻസ് ഓടിത്തീർത്ത ദൂരം 22 വർഷത്തെ അഭയാർത്ഥി ജീവിതമാണ്. അഭയം നൽകിയ രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ് അൽഫോൻസോ സ്‌കോർ ചെയ്യുമ്പോൾ തകർന്നു വീണത് ക്രൊയേഷ്യയുടെ പ്രതിരോധമതിലുകൾ മാത്രമല്ല, ഒരുപാടു വന്മതിലുകൾ അപ്പോൾ ഒരുമിച്ചാണ്.
ക്രൊയേഷ്യയുമായുള്ള കളിയിൽ കനഡ തോറ്റുപോയിരിക്കാം, എന്നാൽ മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുകയും എടുത്തുയർത്തുകയും ചെയ്യുന്ന കളിയിൽ ഫുട്‍ബോൾ പരാജയപ്പെടുന്നതേയില്ല.
ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch