Greenland
ഹോളിവുഡില്‍നിന്ന് വീണ്ടും
ഒരു അമേരിക്കന്‍ ആക്ഷന്‍
Greenland: ഹോളിവുഡില്‍നിന്ന് വീണ്ടും ഒരു അമേരിക്കന്‍ ആക്ഷന്‍
ആത്യന്തികമായി മറ്റേതൊരു ഹോളിവുഡ് ഡിസാസ്റ്റര്‍ സിനിമകളുടെയും ഉള്ളടക്കരാഷ്ട്രീയമേ 'ഗ്രീന്‍ലാന്‍ഡി'നും ഉള്ളു. അമേരിക്കന്‍ രാജ്യസ്‌നേഹവും വ്യക്തിപരതയും സംരക്ഷണത്തിനു വേണ്ടിയുള്ള വയലന്‍സും ഒക്കെ ഗ്ലോറിഫൈ ചെയ്യപ്പെടുന്നു. എന്നാല്‍ ഒരു വിനോദചിത്രമെന്ന നിലയില്‍ രണ്ട് മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള വക സിനിമയിലുണ്ട്. പ്രധാനകഥാപാത്രങ്ങളുടെ പ്രകടനവും ഒതുക്കമുള്ള തിരക്കഥയും ആവശ്യത്തിന് മാത്രമുള്ള വി.എഫ്.എക്‌സ്. ആക്ഷന്‍ രംഗങ്ങളുമാണ് അതിന്റെ പ്രധാനകാരണം- ഏറ്റവും പുതിയ ഹോളിവുഡ് സിനിമയായ Greenlandന്റെ കാഴ്ച
19 Nov 2020, 02:10 PM
വളരെക്കാലമായി സിനിമകളില്‍ അമേരിക്ക ധാരാളം ആക്രമണങ്ങളും അപകടങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഭൂമി മൊത്തമായി നേരിടേണ്ടി വരുന്ന അപകടങ്ങള്‍ ആണെങ്കിലും അതെല്ലാം സ്വന്തം നെഞ്ചത്തേക്ക് ഏറ്റ് വാങ്ങാനാണ് ഹോളിവുഡ് സിനിമകളിലൂടെ അമേരിക്ക ശ്രമിക്കാറുള്ളത്.
നാട്ടിലെവിടെ കല്യാണമുണ്ടെങ്കിലും കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്ന് പറഞ്ഞ പോലെ സങ്കടകരമായ ഒരു ജീവിതമാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടേത്. എത്രയെത്ര ഏലിയന്‍ ആക്രമണമങ്ങളും പ്രകൃതിക്ഷോഭങ്ങളുമാണ് അത് നേരിടേണ്ടി വന്നിട്ടുള്ളത് എന്നതിന് കണക്കില്ല. എത്ര തവണ ആ പാവം പൊട്ടിത്തകരുകയോ കടലില്‍ മുങ്ങിപ്പോവുകയോ ചെയ്തിരിക്കുന്നു. കാമിയോ റോളില്‍ ആണെങ്കിലും എല്ലാ സിനിമകളിലും ഏയ്ഫല്‍ ടവറിനും ഈ ദുര്യോഗം നേരിടേണ്ടി വരാറുണ്ട്.
അത്തരമൊരു പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ പുതുമയുള്ള കഥാപരിസരം ഒന്നുമല്ല ഗ്രീന്‍ലാന്‍ഡിന്റേത്. ഭൂമിക്കുനേരെ കുതിച്ചുവരുന്ന വിനാശകാരിയായ ഒരു ആസ്‌ട്രോയ്ഡ്. അത് വിതയ്ക്കുന്ന നാശനഷ്ടങ്ങള്‍, ഇതിനിടെ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അതിജീവനത്തിനായുള്ള ശ്രമം- ഇതാണ് ഗ്രീന്‍ലാന്‍ഡിന്റെ പ്രമേയം. 1998 ലിറങ്ങിയ Armageddon , Deep Impact എന്നീ രണ്ട് ഹോളിവുഡ് ചിത്രങ്ങളുടെയും കഥ ഇടിക്കാന്‍ വരുന്ന ആസ്‌ട്രോയ്ഡില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ഉള്ള ശ്രമങ്ങളായിരുന്നു.
കാലാവസ്ഥാമാറ്റം കാരണം ഭൂമി മുഴുവന്‍ നശിച്ചില്ലാതാവുമ്പോള്‍ നടത്തുന്ന അതിജീവനശ്രമങ്ങളെ The day after tomorrow , 2012 മുതലായ സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതേ പ്രമേയം വീണ്ടും സിനിമയാക്കുമ്പോള്‍ നരേഷനില്‍ ചില വ്യത്യാസങ്ങള്‍ ഗ്രീന്‍ലാന്‍ഡ് വരുത്തുന്നുണ്ട്. ഭരണകൂടവും രക്ഷകരും മറ്റും സിനിമയിലെ ഫ്രയിമുകളില്‍ വരുന്നില്ല എന്നതാണ് അതില്‍ പ്രധാനം. ചില പരാമര്‍ശങ്ങള്‍ ഒഴികെ അമേരിക്കന്‍ പ്രസിഡന്റോ ഉന്നത അധികാരികളോ സിനിമയില്‍ എവിടെയും കഥാപാത്രങ്ങളായി വരുന്നില്ല.

സര്‍വനാശം ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരെ പുനരധിവസിപ്പിക്കാന്‍ ഭൂമിക്കടിയില്‍ ഷെല്‍ട്ടറുകള്‍ തയ്യാറാക്കിയിരിക്കുന്നു എന്ന് സിനിമ തുടക്കത്തിലെ വെളിപ്പെടുത്തുന്നു. ഈ തയ്യാറെടുപ്പുകള്‍ എങ്ങനെ, ആര്‍, എപ്പോള്‍ നടത്തി മുതലായ വിവരങ്ങള്‍ ഒന്നും പ്രേക്ഷകര്‍ അറിയുന്നില്ല. സിനിമയിലെ പ്രധാനകഥാപാത്രങ്ങളായ ഗാരിറ്റി ദമ്പതികള്‍ (ജോണ്‍, അലിസ്റ്റര്‍) അവരുടെ മകന്‍ നഥേയ്ന്‍, ഇത്രയും പേരുടെ കാഴ്ചപ്പാടില്‍ നിന്നുള്ള അറിവുകള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
നിങ്ങളുടെ കുടുംബം ഷെല്‍ട്ടറുകളില്‍ പുനരധിവസിക്കപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ സുഹൃത്തുക്കളും അയല്‍വാസികളും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഈ വിവരം പുറത്ത് വരുമ്പോള്‍ മനുഷ്യര്‍ എങ്ങിനെയാവും അതിനോട് പ്രതികരിക്കുന്നത്? ഇത്തരം സന്ദര്‍ഭങ്ങള്‍ വഴിയാണ് സിനിമ പ്ലോട്ട് ടെന്‍ഷനുകള്‍ സൃഷ്ടിക്കുന്നത്.
പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു അമേരിക്കന്‍ മധ്യവര്‍ഗകുടുംബത്തിന്റെ അതിജീവനശ്രമങ്ങളാണ് പ്രതിപാദ്യവിഷയം. ജെറാള്‍ഡ് ബട്‌ലര്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രമായ ജോണ്‍ ഗാരിറ്റി സാധാരണ ഡിസാസ്റ്റര്‍ സിനിമകളിലെ നായകന്മാരെപ്പോലെ അതിമാനുഷികമായ എന്തെങ്കിലും കഴിവുകള്‍ ഉള്ളയാള്‍ അല്ല. അതീവബുദ്ധിമാനോ, അതിതീവ്രമായ മനുഷ്യസ്‌നേഹമോ, പ്രശ്‌നപരിഹാരത്തിന് ഉപയുക്തമായ ശാസ്ത്രസാങ്കേതിക ജ്ഞാനമോ ഒന്നും അയാള്‍ക്കുള്ളതായി കാണിക്കുന്നില്ല.

സാമാന്യം മനുഷ്യനന്മയും ചെറിയ ദൗര്‍ബല്യങ്ങളുമുള്ള ഒരാള്‍. വെളുത്ത വര്‍ഗക്കാരന്‍ ആണെങ്കിലും പുനരധിവാസത്തിനായി തെരഞ്ഞെടുക്കപ്പെടാനുള്ള അയാളുടെ അര്‍ഹതയെ മറ്റൊരു കഥാപാത്രം ചോദ്യം ചെയ്യുന്നുണ്ട്. അയാള്‍ മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറിയ ആള്‍ ആണെന്നത് കൊണ്ട്. സിനിമയില്‍ പല ഇടങ്ങളിലും, പ്രത്യേകിച്ച് പുനരധിവാസ ശ്രമങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ ഗണ്‍ വയലന്‍സ് ചിത്രീകരിക്കപ്പെടുന്നുണ്ട്.
ആത്യന്തികമായി മറ്റേതൊരു ഹോളിവുഡ് ഡിസാസ്റ്റര്‍ സിനിമകളുടെയും ഉള്ളടക്കരാഷ്ട്രീയമേ ഗ്രീന്‍ലാന്‍ഡിനും ഉള്ളു. ഒരു ശരാശരി മധ്യവര്‍ഗ അമേരിക്കന്‍ വൈറ്റ് ഫാമിലിയുടെ അനുഭവങ്ങളെ മധ്യത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ഹോളിവുഡ് പ്രേക്ഷകരുടെ സംതൃപ്തിക്കുവേണ്ടി തന്നെയാണെന്ന് കാണാം. അമേരിക്കന്‍ രാജ്യസ്‌നേഹവും വ്യക്തിപരതയും സംരക്ഷണത്തിനു വേണ്ടിയുള്ള വയലന്‍സും ഒക്കെ ഗ്ലോറിഫൈ ചെയ്യപ്പെടുന്നുണ്ട്, സാധാരണ കാണാറുള്ള അത്രയും ഉച്ചത്തില്‍ അല്ലെങ്കില്‍ പോലും. എന്നാല്‍ ഒരു വിനോദചിത്രമെന്ന നിലയില്‍ രണ്ട് മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള വക സിനിമയിലുണ്ട്. പ്രധാനകഥാപാത്രങ്ങളുടെ പ്രകടനവും ഒതുക്കമുള്ള തിരക്കഥയും ആവശ്യത്തിന് മാത്രമുള്ള വി.എഫ്.എക്‌സ്. ആക്ഷന്‍ രംഗങ്ങളുമാണ് അതിന്റെ പ്രധാനകാരണം.
Greenland: Directed by Ric Roman Waugh, Produced by Gerard Butler, Basil Iwanyk, Sébastien Raybaud, Alan Siegel. Written by Chris Sparling, Starring: Gerard Butler, Morena Baccarin, Roger Dale Floyd, Scott Glenn, David Denman, Hope Davis, Music: David Buckley, Cinematography: Dana Gonzales, Edited by Gabriel Fleming, Running time: 119 minutes, Country: United States
സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read