ഹരിത കർമ സേനയോട് മുഖം തിരിക്കാതിരിക്കുക

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ സേനകൾക്ക് പ്രതിമാസം 10,000 രൂപക്കു മുകളിൽ വരുമാനമുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ഹരിതകർമസേനയ്ക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തത് പൊതുജനങ്ങളിൽനിന്ന് സഹകരണം ഇല്ലാത്തതിനാൽ തന്നെയാണ്.

കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്ത് നാല് വർഷത്തിനിടയിൽ വന്ന പുതിയൊരു തുടക്കമാണ് ഹരിത കർമ സേന. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ സഹായിക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. എന്നാൽ, എത്ര കേരളീയർക്ക് ഹരിത കർമ സേനയെപറ്റി അറിയാം?

മുഖംതിരിക്കുന്ന ജനം

കേരളത്തിൽ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനം നൽകുന്ന സംരംഭമാണ് ഹരിത കർമ സേന. ഉറവിടത്തിൽ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപാധികളും ലഭ്യമാക്കൽ എന്നിവയാണ് മുഖ്യ വാതിൽപ്പടി സേവനങ്ങൾ. ഇതിന് സംവിധാനമൊരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ്.
ഇതിനുപുറമേ തെറ്റായ രീതിയിൽ മാലിന്യ സംസ്‌ക്കരണം നടത്തുന്നവരുടെ വിവരം ശേഖരിക്കാനും ബോധവത്കരണം നടത്താനും ഹരിത കർമസേനയുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു വാർഡിൽ രണ്ട് ഹരിത കർമ സേനാംഗങ്ങളെ വീതമാണ് നിയോഗിച്ചിട്ടുള്ളത്. ഹരിത കേരളം മിഷന്റെ കണക്ക് പ്രകാരം 938 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 28,632 ഓളം ഹരിത കർമ സേനാംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 3468 രൂപയാണ് ഒരു ഹരിത കർമ സേനാംഗത്തിന്റെ പ്രതിമാസ ശരാശരി വരുമാനം. എന്നാൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സേനകൾക്ക് പ്രതിമാസം 10,000 രൂപക്കു മുകളിൽ വരുമാനമുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ഹരിതകർമസേനയ്ക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തത് പൊതുജനങ്ങളിൽനിന്ന് സഹകരണം ഇല്ലാത്തതിനാൽ തന്നെയാണ്.

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾ

മാറണം മനോഭാവം

നമ്മളിൽ എത്രപേർ ഹരിത കർമ സേനയെ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്? വളരെ കുറച്ചു പേർ. എന്താണ് കാരണം? നമ്മുടെ മനോഭാവവും ശീലങ്ങളും തന്നെ. "നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക്കും കൊടുക്കണം, പൈസയും കൊടുക്കണോ?' ഇതാണ് പലരുടെയും സംശയം. പലരും ഹരിത കർമ സേനാംഗങ്ങൾ വരുന്നത് കാണുമ്പോൾ തന്നെ വാതിലടച്ച് അകത്തിരിക്കുന്നു. അവർക്ക് യൂസർ ഫീ നൽകാനും മടിക്കുന്നു. ഒരുമാസത്തെ നമ്മുടെ സമ്പാദ്യത്തിൽ നിന്ന് മുപ്പതോ അൻപതോ രൂപ അവർക്ക് കൊടുക്കാൻ നാം മടി കാണിക്കുന്നു. നമ്മളിൽ പലരുടെയും വിചാരം അവർക്ക് മറ്റു വരുമാന സ്രോതസ്സുകളുണ്ടെന്നാണ്. എന്നാൽ സത്യം അതല്ല.
നാളെ ഒരു സമയത്ത് ഇവരാരും ഈ പണിക്ക് ഇറങ്ങുന്നില്ല എന്നുറച്ച് തീരുമാനിച്ചാൽ ആരാണ് ദുരിതത്തിലാവുക? അവർക്ക് ഒരു പക്ഷേ മറ്റ് ജോലികൾ കിട്ടിയെന്നുവരാം. പക്ഷെ നമ്മുടെ മാലിന്യ സംസ്‌കരണ മേഖലയുടെ നട്ടെല്ല് അതോടെ തകരും. അന്ന് മാലിന്യങ്ങൾ എങ്ങനെ സംസ്‌കരിക്കും? ഒരു പരിധിവരെ സൂക്ഷിച്ചുവെക്കാൻ പറ്റുമായിരിക്കും. അതുകഴിഞ്ഞാൽ അവ നമ്മൾ ആർക്ക് കൈമാറും?

തൊഴിൽ സാധ്യതകൾ

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനു പുറമേ ജൈവ മാലിന്യ സംസ്‌കരണത്തിന് സാങ്കേതിക സഹായം നൽകൽ, ഗ്രീൻ ഇവൻ മാനേജ്‌മെന്റ് യൂണിറ്റുകൾ, റിപ്പയർ യൂണിറ്റുകൾ, സ്വാപ്പ് ഷോപ്പുകൾ, തുണി അപ്‌സൈക്ലിങ് യൂണിറ്റുകൾ തുടങ്ങി പല സംരംഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഇത്തരത്തിൽ 1551 സംരംഭക ഗ്രൂപ്പുകളുണ്ട്.
ഹരിത കർമ സേനയ്ക്ക് യൂസർ ഫീസിനുപുറമെ ഇത്തരം സംരംഭങ്ങളിലൂടെ അധിക വരുമാനവും ലഭിക്കും. ഇതിനുപുറമെ പൊടിച്ച പ്ലാസ്റ്റിക് റോഡ് ടാറിങ് ഉപയോഗിക്കുന്നതിലൂടെ 1.22 കോടി രൂപ പ്രതിവർഷം ഇവർക്ക് ലഭിക്കുന്നുണ്ട്. ജൈവമാലിന്യത്തിൽ നിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിച്ച് കൃഷിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ വടകരയിൽ ജൈവ അജൈവ മാലിന്യ സംസ്‌കരത്തിനുപുറമെ ഹരിത കർമ സേന വഴി പലതരം സവിശേഷ ഇടപെടലുകളും നടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ഉത്പന്ന നിർമാണ യൂണിറ്റുകൾ അഥവാ ഗ്രീൻ ഷോപ്പ്, വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന ഈ-വേസ്റ്റിൽ പുനരുപയോഗ സാധ്യമായവ മനസ്സിലാക്കി അവ റിപ്പയർ ചെയ്ത് നൽകുന്നതിന് റിപ്പയർ ഷോപ്പുകൾ, പഴയതും എന്നാൽ പുനരുപയോഗം സാധ്യമായതുമായ വസ്തുക്കൾ കൈമാറുന്നതിന് സ്വാപ്പ് ഷോപ്പുകൾ, ഡിസ്‌പോസബിൾ ഉൽപന്നങ്ങൾക്ക് പകരം പുനരുപയോഗ സാധ്യമായ ഉൽപ്പന്നങ്ങൾ വാടകയ്ക്ക് നൽകുന്ന റെന്റ് ഷോപ്പുകൾ, ജൈവ മാലിന്യ സംസ്‌കരണ ഉപാധികൾ ലഭ്യമാക്കുന്ന ക്ലീൻ ലിനൻസ് സെന്റർ മുതലായവയാണ് ഉദാഹരണം.

ഏറാമല പഞ്ചായത്തിൽ ജൈവ മാലിന്യത്തിൽ നിന്ന് ജൈവവളം ഉല്പാദിപ്പിക്കുന്നതിലൂടെ ഹരിത കർമ സേനകൾക്ക് യൂസർ ഫീക്ക് പുറമേ വരുമാനം കണ്ടെത്താനാകുന്നു. അവർ തന്നെ ഉത്പാദിപ്പിക്കുന്ന ജൈവവളത്തിന് "ജൈവമിത്ര' എന്ന് പേരും നൽകി കഴിഞ്ഞു.
ഇവയ്‌ക്കൊക്കെ പുറമേ കുന്നമംഗലം, എരഞ്ഞോളി, ആലംക്കോട് എന്നിങ്ങനെ പല പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കർമ സേന സംരംഭങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

കോവിഡ് കാലത്തെ പ്രവർത്തനം

കോവിഡും തുടർന്നുള്ള നിയന്ത്രണങ്ങളും കടുപ്പിച്ചതോടെ ഹരിത കർമ സേനയുടെ പ്രവർത്തനം താൽക്കാലികമായി പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിർത്തിവെച്ചു. അതിലൂടെ പലരുടെയും വരുമാന മാർഗവും നിലച്ചു. എന്നാൽ ഇപ്പോൾ അവർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നമ്മൾ സുഖസൗകര്യങ്ങളിൽ ലയിച്ചു ജീവിക്കുമ്പോൾ അവർ നമുക്കു വേണ്ടികൂടിയാണ് കഷ്ടപ്പെടുന്നത് എന്ന് ഓർക്കുക. അവർക്കുവേണ്ട പിന്തുണയും അവർ അർഹിക്കുന്ന യൂസർ ഫീയും നൽകി സഹായിക്കാം.

Comments