80:20 - കെ.ടി. ജലീൽ പറയുന്നതെങ്കിലും പിണറായി ശ്രദ്ധിക്കണം

"പത്ത് കൊല്ലം തർക്കവിതർക്കങ്ങൾ ഇല്ലാതെ എല്ലാവരും അംഗീകരിച്ചു പോന്ന 80:20 അനുപാതം കോശി കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ കാത്ത് നിൽക്കാതെ ഹൈക്കോടതി വിധി സമ്പാദിച്ചവരുടെ ലക്ഷ്യം കുളം കലക്കി മീൻ പിടിക്കലാണെന്ന് പറഞ്ഞത് ഒന്നാം പിറണായി സർക്കാറിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും പിണറായിയുടെ വിശ്വസ്തനുമായ കെ.ടി. ജലീലാണ്. ഇതിൽപരം പഠനം മുഖ്യമന്ത്രിക്ക് ഇനി ആവശ്യമുണ്ടോ?''. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി എഴുതുന്നു.

കോവിഡ് പ്രതിരോധത്തിൽ തന്നെ വിദ്യാലയ പ്രവേശനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. നിലവിൽ ലഭ്യമായിരുന്ന മുസ്‌ലിം വിദ്യാർത്ഥികൾക്കുള്ള ആറ് സ്കോളർഷിപ്പുകൾ തടഞ്ഞ് വെച്ചു കൊണ്ടാണ് വിദ്യാരംഭം.
മത ധ്രുവീകരണമാണ് നടക്കുന്നത്. മുസ്‌ലീങ്ങളുടെ അട്ടിപ്പേറവകാശം ആരും ഏറ്റെടുക്കേണ്ടെന്നും മുസ്‌ലീംങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്നും പറഞ്ഞ ബഹു: മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് പരിഹാരം കാണേണ്ടത്. കൃത്യമായ ബോധമില്ലായ്മയും അലംഭാവവും ജാഗ്രതക്കുറവും കാരണം ഇടിത്തീ പോലെ വന്ന ഹൈക്കോടതി വിധി തിരുത്തേണ്ടത്, അതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അദ്ദേഹമാണ്, സർക്കാറാണ്. മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലോളി കമ്മറ്റിയുടെ ശുപാർശ അന്നത്തെ സർക്കാർ നടപ്പാക്കിയതിൽ 20% കൃസ്ത്യൻ വിഭാഗത്തിന് കൂടി നൽകിയിട്ടും ഇപ്പോൾ തുല്യമായ് വീതിക്കണമെന്ന് പറയുന്നത് തെറ്റാണെന്ന് പറഞ്ഞത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ്.

"ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം നില നിർത്തണമെന്നും ഇത് മുസ്‌ലീങ്ങൾക്ക് മാത്രമുള്ളതായിട്ടും ക്രിസ്ത്യാനികൾക്ക് കൂടി 20 കൊടുക്കുന്നത് തന്നെ വിശാലതയാണെന്നിരിക്കെ ഇത് ജനസംഖ്യാനുപാതികമാക്കേണ്ടതല്ലെന്നും അവർക്ക് വേറെ പദ്ധതികൾ നേരത്തേ തന്നെ യുണ്ടെന്നും' പറഞ്ഞത് പാലോളിക്കമ്മറ്റി ചെയർമാനും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിയാണ്.

പാലോളി മുഹമ്മദ് കുട്ടി

"പത്ത് കൊല്ലം തർക്കവിതർക്കങ്ങൾ ഇല്ലാതെ എല്ലാവരും അംഗീകരിച്ചു പോന്ന 80:20 അനുപാതം കോശി കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരേ കാത്ത് നിൽക്കാതെ ഹൈക്കോടതി വിധി സമ്പാദിച്ചവരുടെ ലക്ഷ്യം കുളം കലക്കി മീൻ പിടിക്കലാണെന്ന് പറഞ്ഞത് ഒന്നാം പിറണായി സർക്കാറിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും പിണറായിയുടെ വിശ്വസ്തനുമായ കെ.ടി. ജലീലാണ്.
ഇതിൽപരം പഠനം മുഖ്യമന്ത്രിക്ക് ഇനി ആവശ്യമുണ്ടോ?
മുസ്‌ലിം സമുദായത്തിന് തന്നെ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ തെളിവുകളോടെ കോടതിയിൽ അപ്പീൽ നൽകണമെന്നും മുസ്‌ലീങ്ങൾക്ക് മാത്രം അവകാശപ്പെട്ടത് 100 % വും മുസ്‌ലീങ്ങൾക്ക് തന്നെ നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് മുസ്‌ലിം സമുദായ നേതൃത്വം ഐക്യകണഠേനയാണ്. മുസ്‌ലിം സമുദായത്തെയും പാർട്ടിയിലെ മുൻ മന്ത്രിമാരേയും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കണം.

ക്രൈസ്തവ സമുദായം നേടിയത്:

ആകെ ജനസംഖ്യയുടെ 18 ശതമാനമായ ക്രൈസ്തവ സമൂഹം നിലവിൽ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വന്തമാക്കിയത് വളരെ കൂടുതലാണ്. ആകെയുള്ള 7140 എയ്ഡഡ് സ്കൂളുകളിൽ 2596 ഉം (36%) കൃസ്ത്യൻ മാനേജ്മെൻറുകളുടെ അധീനതയിലാണ്. അതേ സമയം ജനസംഖ്യയിൽ 26% ഉള്ള മുസ്‌ലീങ്ങൾക്ക് 19% (1384 )സ്കൂളുകൾ മാത്രമാണ്. എയ്ഡഡ് കോളേജുകളാവട്ടെ ക്രിസ്ത്യൻ വിഭാഗത്തിന് 95 (47%) മുസ്‌ലീങ്ങൾക്ക് 38 (19 %)

2. ക്രിസ്തുമതത്തിലേക്ക് മറ്റു മതങ്ങളിൽ നിന്ന് പരിവർത്തനം ചെയ്ത് എത്തുന്നവരുടെ ക്ഷേമത്തിനായി 1980 മുതൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവർട്സ് ഫ്രം എസ്.സി ആന്റ് റെക്കമെൻഡഡ് കമ്യൂണിറ്റിസ് എന്ന സ്ഥാപനം കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും ഇതിന് റീജ്യനൽ ഓഫീസുകളുണ്ട്. കൃഷി ഭൂമി, ഭവന നിർമ്മാണ, വിവാഹ, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകൾ, നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ നൽകുന്നുണ്ട്. 12.5.2017 ന് നിയമസഭയിൽ മന്ത്രി ബുലൻ ഇത് വിശദമാക്കിയിട്ടുണ്ട്. 2010-ൽ ഈ വായ്പയാൽ വന്ന 159 കോടി ലോൺ എഴുതി തള്ളി. ഇതിൽ പരാതി പറഞ്ഞത് ജനം ടി.വിയും ജനം വെബ്ഡസ്കുമാണ് ( 2019 ഏ: 26)

കെ.ടി. ജലീൽ

നൂറ്റാണ്ട് പഴക്കമുള്ള പൊന്നാനിയിലോ കോഴിക്കോട്ടോ ഇസ്ലാം മതത്തിലേക്ക് സ്വയം മാറിയെത്തുന്ന പാവങ്ങളെ സഹായിക്കാൻ ഒരു ചില്ലിക്കാശ് പോലും സർക്കാറിൽ നിന്നില്ല. ലൗ ജിഹാദാണെന്ന പഴി മിച്ചവും.

3. 2012-ൽ രൂപീകരിക്കപ്പെട്ട മുന്നോക്ക വികസന കോർപ്പറേഷനിലൂടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളിൽ 50% ക്രൈസ്തവ വിഭാഗത്തിലെ സിറോ മലബാർ, സിറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, സിറിയൻ തുടങ്ങിയ വിഭാഗങ്ങളാണ്.

4. ഇതൊക്കെയായിട്ടും ക്രൈസ്തവ "പിന്നോക്കാവസ്ഥ 'പഠിക്കാൻ ജെ.ബി.കോശി, ക്രിസ്റ്റി ഫർണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നീ സമുദായത്തിൽ പെട്ടവരെ തന്നെ നിയോഗിച്ചു. മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയമിച്ച സച്ചാർ സമിതിയിലാവട്ടെ ചെയർമാൻ രജീന്ദ്രൻ സച്ചാറും ടി.കെ.ഉമ്മനും രാകേശ് ബസന്തും പാലോളി കമ്മറ്റിയിൽ ടി.കെ. വിൽസനും മുസ്‌ലിംങ്ങളല്ലാത്തവരായിരുന്നു.

ഇതൊക്കെയായിട്ടും വളരെ പിന്നോക്കമായ മുസ്‌ലീംങ്ങൾക്ക് മാത്രമുള്ള ക്ഷേമത്തിന് അവകാശപ്പെട്ടതിൽ മുസ്‌ലീങ്ങൾക്ക് ലഭിക്കേണ്ടതിൽ ഒരു കുറവും വരുത്താതെ 20 % ക്രിസ്ത്യാനികൾക്ക് കൊടുക്കാൻ സർക്കാർ തയ്യാറായപ്പോഴും 100ൽ 20 കഴിച്ചാണ് 80:20 അനുപാതം ലഭിച്ചത് എന്നിട്ടു പോലും ഒരു മുസ്ലിമും പരാതി പറഞ്ഞില്ല, കോടതിയെ സമീപിച്ചില്ല. ക്രിസ്ത്യാനികൾക്ക് മാത്രം കിട്ടാവുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടു വരേ കാത്തിരിക്കാൻ പോലും തയ്യാറാവാതെയാണ് മുസ്ലിങ്ങൾക്ക് മാത്രമുള്ള 80-ലും തുല്യ അവകാശം ചോദിച്ച് കോടതിയെ സമീപിച്ചതും തെറ്റിദ്ധരിപ്പിച്ചതും സർക്കാർ മൗനം പാലിച്ചതും.

ചതിക്കുഴികൾ:

1. 2006 ലെ സച്ചാർ കമ്മറ്റി ശുപാർശ കേരളത്തിൽ അതേപടി നടപ്പാക്കിയാൽ മതിയായിരുന്നു. 2008-ൽ ഇതിന് വേറൊരു പാലോളിക്കറ്റി ഉണ്ടാക്കിയത് കോൺഗ്രസ് നിർദേശം നടപ്പാക്കിയെന്ന പ്രചരണമുണ്ടാകുമല്ലോ എന്നതിലെ ഈഗോ മാത്രമാണ് കാരണം.അത് ഗുണത്തേക്കാളേറെ ദോശമുണ്ടാക്കി.

2. പാലോളി കമ്മിറ്റി നിർദേശ പ്രകാരം രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ ക്ഷേമ സെല്ലിന് പിന്നോക്ക മുസ്‌ലിം ക്ഷേമ സെൽ- വകുപ്പ് എന്ന് നാമകരണം ചെയ്യേണ്ടിയിരുന്നു. മുസ്‌ലിം ക്ഷേമ പദ്ധതിക്ക് ന്യൂനപക്ഷം എന്ന് പേരിട്ട് മറ്റു ന്യൂനപക്ഷ സമുദായക്കാർക്ക് കൂടി അവകാശം ചോദിക്കാൻ ഇടം കൊടുത്തു.

3. 2011 ഫെബ്രു: 22 ന് മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ ആരംഭിച്ച പദ്ധതിയിലേക്ക് 20 ശതമാനം ക്രൈസ്തവർക്ക് കൂടി അവകാശം കൊടുക്കുന്ന വിധം വകുപ്പിന് ഒരു പൊതുമുഖം സൃഷ്ടിച്ചത് ചതിയായിരുന്നു.

4. യോഗ്യരായ മുസ്‌ലിം പിന്നോക്കക്കാർക്ക് തൊഴിൽ നൽകുന്നതിന് സ്ഥാപിച്ച കോച്ചിംഗ് സെൻറർ ഫോർ മുസ്‌ലിം യൂത്ത് എന്ന പേരിൽ ആരംഭിച്ച സൗജന്യ മത്സര പരീക്ഷാ കേന്ദ്രങ്ങൾ കോച്ചിംഗ് സെൻറർ ഫോർ മൈനോരിറ്റി യൂത്ത് എന്നാക്കി മാറ്റി അതിനും പൊതുമുഖം നൽകി.

കുപ്രരണങ്ങൾ

1. ഒരു ചില്ലിക്കാശ് പോലും സർക്കാർ മദ്രസാഅധ്യാപകർക്ക് നൽകാതെ, മദ്രസാ കമ്മറ്റികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത കോടികൾ കൊണ്ട് സർക്കാർ ഓഫീസ് മോഡി പിടിപ്പിച്ചു, നാട്ടിലെ എല്ലാവർക്കും പെൻഷൻ നൽകുമ്പോഴും മദ്രസ മുഖേന പിരിച്ച തുകയിൽ നിന്ന് കുറഞ്ഞ അധ്യാപകർക്ക് നാമമാത്ര പെൻഷൻ നൽകിയിട്ട് വകുപ്പ് മന്ത്രി ജലീൽ സർക്കാൻ നേട്ടമായി പെരുപ്പിച്ച് അവതരിപ്പിച്ചത് മറ്റു സമുദായങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി പ്രോപഗണ്ഡ ഇറക്കി.

പിണറായി വിജയൻ

2. ന്യൂനപക്ഷ സമുദായങ്ങൾക്ക് അവകാശപ്പെട്ട പൊതുഖജനാവിലെ പണം 80 ശതമാനവും മുസ്ലീകൾ മാത്രമായ് നേടുന്നു എന്ന പ്രചരണമുണ്ടായി

3. മദർ തെരേസയുടെ പേരിലുള്ള സ്കോളർഷിപ്പിൽ പോലും 80 ശതമാനം മുസ്‌ലീങ്ങൾക്കാണ് എന്ന് വിളിച്ചു പറഞ്ഞു.
പാലോളി കമ്മറ്റി മുസ്‌ലിം സമുദായത്തിന് മാത്രമായി കൊണ്ടുവന്ന സ്കോളർഷിപ്പിന് ക്രിസ്ത്യാനികൾക്ക് കൂടി 20% ഉള്ളത് കൊണ്ട് സ്കോളർഷിപ്പിന്റെ
പേര് മദർ തെരേസ എന്നാക്കിയതായിരുന്നു. സത്യത്തിൽ അതും വിനയായതാണ്. അതേ സമയം സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പും എ പി.ജെ.അബുൽ കലാം സ്കോളർഷിപ്പും മുസ്‌ലീങ്ങൾക്ക് മാത്രമുള്ളതല്ല. ആനുപാതികമായി തന്നെ മറ്റു സമുദായങ്ങൾക്കും ലഭ്യമാണ്.

സംഗ്രഹം

സമൂഹവും രാജ്യവും ഉന്നതി പ്രാപിക്കണമെങ്കിൽ എല്ലാ ഭാഗത്തും വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരിക, സാമ്പത്തിക മേഖലയിൽ പുരോഗമനമുണ്ടാവണം. അവഗണിക്കപ്പെട്ടിടങ്ങളിൽ സ്പെഷൽ പദ്ധതികൾ കൊണ്ട് വരുന്നത് പരിഹരിക്കപ്പെട്ട് നീതി ഉറപ്പു വരുത്താനാണ്. തീരദേശത്തെ ദുരിതം പരിഹരിക്കാൻ ക്ഷേമപദ്ധതികൾ കൊണ്ടു വന്നാൽ മലയോര മേഖല പരാതിപ്പെടുന്നത് ശുദ്ധ അസംബന്ധമാണ്. എന്നാൽ മലയോരത്തിന് വലിയ ക്ഷേമപദ്ധതി നിലനിൽക്കെ ഇനിയും ലഭ്യമാകുമെന്നുമിരിക്കെയും തീരദേശ ക്ഷേമത്തിൽ മലയോരത്തെ കൂടി പങ്ക് ചേർക്കുന്നത് വിശാലമനസ്കതയാണ്. അവിടെയും കിട്ടി തുടങ്ങുമ്പോൾ ജനസംഖ്യാനുപാതികം വേണമെന്ന് ആഗ്രഹിക്കുന്നത് അത്യാർത്തി മാത്രമല്ല അക്രമം കൂടിയാണ്.

പ്രബലമായ രണ്ട് സമുദായങ്ങൾ തമ്മിൽ അകലുന്നിടങ്ങൾ ചിലർ കരുതി കൂട്ടി സൃഷ്ടിക്കുമ്പോൾ അടുപ്പിക്കേണ്ടവർ, സംഘ് പരിവാർ അതിനെ കത്തിച്ചു നിർത്തുമ്പോൾ തണുപ്പിക്കേണ്ടവർ കാഴ്‌ചക്കാരായ് ആസ്വദിക്കുന്നത് അംഗീകരിക്കാനാവില്ല. കരുതലോടെ കാര്യം സാധിക്കാൻ സമുദായം ശ്രമിക്കും. അരുതായ്മകൾ ഉണ്ടായിക്കൂടാ. എന്നാൽ എന്തും വിട്ട് നൽകി പിൻമാറും എന്നും കരുതേണ്ട. ഉത്തരവാദിത്വം സർക്കാറിന് തന്നെയാണ്.


Comments