ഹിഗ്വിറ്റയുടെ പിതൃനിർണയ പരീക്ഷകൾ

കുട്ടികളുടെ ചികിത്സക്കായി എന്റെയടുത്തു വന്ന പത്തു അച്ഛനമ്മമാരോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട് ഒരു കൊട്ടത്താപ്പിലെ കണക്കെങ്കിലുമാവട്ടെ എന്നു കരുതി ഞാനൊരു ഫാസ്റ്റ് സർവ്വേ നടത്തി. ലോകകപ്പ് ഫുട്ബോളിനെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് ഫുട്ബോൾ പശ്ചാത്തലമായ മലയാളത്തിലെ ഹിഗ്വിറ്റ എന്ന കഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഹിഗ്വിറ്റയെക്കുറിച്ച് നാലുപേർ കേട്ടിട്ടുണ്ട് , പക്ഷേ കഥയെക്കുറിച്ചറിയില്ല എന്നായിരുന്നു എല്ലാവരുടേയും മറുപടി. ഇതാണ് അംഗീകാരം നേടിക്കൊടുക്കലിന്റെ യഥാർത്ഥ ചിത്രം. മലയാളത്തിലെ ഗൗരവമാർന്ന രചനകൾ വായിക്കുന്ന ഒരു ന്യൂനപക്ഷത്തിനൊഴികെ മറ്റെല്ലാവർക്കും ഹിഗ്വിറ്റ എന്ന കഥ തികച്ചും അപരിചിതമാണ് എന്നതാണ് സത്യം.

ജോർജ് സപാട്ടയോ മരിയ ഹിഗ്വിറ്റയോ സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത കാര്യങ്ങളാണ്, അസ്തിത്വമുണ്ടോ എന്നു പോലും ആ കൊളംബിയൻ ഗോൾകീപ്പർക്ക് നിശ്ചയമില്ലാത്ത ഒരു ഭാഷയിൽ നടക്കുന്ന സംഭവവികാസങ്ങൾ.

1966-ലാണ് കൊളംബിയൻ ആന്റിയോക്വിയയിലെ മെഡലിനിൽ റെനെ ഹിഗ്വിറ്റ പിറക്കുന്നത്. നാടൻ ടൂർണമെന്റിലും ലോക്കൽ ക്ലബ്ബ് ഫുട്ബോളിലുമൊക്കെ കളിച്ചുമുതിർന്നപ്പോൾ നല്ല ബോൾ കൺട്രോളും ഡ്രിബ്ലിങ്ങ് കഴിവുകളുമൊക്കെ ജന്മനാ സ്വായത്തമായിരുന്നെങ്കിലും അത്തരം സാധാരണ കളിക്കാരിൽ നിന്ന്​ വ്യത്യസ്തമായി ബാറിനുകീഴിൽ നിൽക്കാനായിരുന്നു ഹിഗ്വിറ്റക്ക് താൽപര്യം. ആ ഡ്രിബ്ലിങ്ങ് കഴിവും ഗോൾകീപ്പിങ് താൽപര്യവും തമ്മിൽ നടന്ന സർഗ്ഗാത്മക വടം വലിയാണ് ഹിഗ്വിറ്റയെ സോക്കർ ചരിത്രത്തിലാദ്യമായി സ്വീപ്പർ - കീപ്പർ പദവിയിലേക്കുയർത്തുന്നത്. 43 ഗോളുകൾ (അതിലൊന്ന് സ്വന്തം പോസ്റ്റിലേക്കായിരുന്നു!) അടിച്ച ഗോളിയായിരുന്നു ഹിഗ്വിറ്റ. ഗോളിയുടെ സ്വാഭാവിക റോളും പരിധിയും അതിലംഘിച്ചതുകൊണ്ടാണ് എൻ.എസ്. മാധവൻ തന്റെ കഥാപാത്രമായ ഗീവർഗീസച്ചനെ മുൻനിർത്തി മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളിലൊന്നിന് ഹിഗ്വിറ്റ എന്ന് പേരിട്ടതും.

ഹേമന്ദ് ജി.നായർ എന്ന നവാഗത സംവിധായകൻ തന്റെ സിനിയക്ക് ഹിഗ്വിറ്റ എന്ന് പേരിടാൻ തീരുമാനിച്ചത് ഒട്ടേറെ കൗതുകകരമായ സംഭവങ്ങൾക്ക് തുടക്കം കുറിച്ചു. ആഗോള പ്രശസ്തനായ ആ ഗോൾ കീപ്പറല്ലാതെ എൻ.എസ്. മാധവന്റെ കഥ, തന്നെ ഒരുതരത്തിലും പ്രചോദിപ്പിച്ചില്ലെന്ന് ഹേമന്ദ്. ജി. നായർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എൻ.എസ്. മാധവനാവട്ടെ ആ പേരിന് അഗീകാരം നേടിക്കൊടുത്തത് താനാണെന്നും ഇത്തരമൊരു പരിണാമം തന്നെ ദുഃഖിതനാക്കുന്നുവെന്നും പൊതുസമൂഹത്തോട് പറഞ്ഞുകഴിഞ്ഞു.

എന്താണ് രസകരമായ ഈ അവസ്ഥാവിശേഷത്തിന്റെ അടിയൊഴുക്കുകൾ?

ലോകം കൊണ്ടാടിയ, 215 രാജ്യങ്ങളിലും ആരാധകരുള്ള അതിപ്രശസ്തനായ ഒരു ഫുട്ബോൾ താരമാണ് റെനെ ഹിഗ്വിറ്റ. ഗോളിയുടെ റോൾ പുനർനിർവചിക്കുകയും സ്കോർപിയോൺ കിക്ക് എന്ന തികച്ചും വിഭ്രാമകമായ അക്രോബാറ്റിക്ക് ഗോൾകീപ്പിങ് ടെക്​നിക്​ അവതരിപ്പിക്കുകയും വഴി ലോകത്തെ അമ്പരപ്പിച്ച ഗോൾ കീപ്പർ. തൊണ്ണൂറിലെ ലോകകപ്പിലെ നോക്കൗട്ട് റൗണ്ടിൽ റോജർ മില്ല എന്ന മൂത്ത, സൂത്രശാലിയായ കാമറൂൺ ഫോർവേഡിനെ ഡ്രിബിൾ ചെയ്യുന്നതിൽ പരാജയമടഞ്ഞ് മടങ്ങുമ്പോൾ പോലും വായുവിൽ പറക്കുന്ന ആ ഗോൾകീപ്പറുടെ നീണ്ട മുടി ഉലയുന്നതിന്റെ അതിമനോഹര ദൃശ്യത്തിന്റെ സൗഭഗമായിരുന്നു സാധാരണക്കാരനായ കാണിയുടെ മനസ്സിലെ ചിത്രം.

റെനെ ഹിഗ്വിറ്റ /Photo: Fb

മലയാളത്തിലെ ഏറ്റവും മികച്ച പത്തു കഥകളെടുത്താൽ അതിൽ നിശ്ചയമായും ഉൾച്ചേരുന്ന പല അടരുകളുള്ള കഥയാണ് എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ. പക്ഷേ ആ പേര് അദ്ദേഹം സൃഷ്ടിച്ചതല്ല. മരിയ ഹിഗ്വിറ്റക്ക് മാത്രം അവകാശപ്പെട്ട ആ സർ നെയിം, തന്റെ കഥക്ക് തലക്കെട്ടായി സ്വീകരിക്കുമ്പോൾ എൻ.എസ്. മാധവൻ അവരോട് നിശ്ചയമായും സമ്മതം വാങ്ങിയിട്ടുണ്ടാവും എന്നു കരുതുന്നതാവും ന്യായം. അല്ലെങ്കിൽ മറ്റൊരാൾ തികച്ചും വ്യത്യസ്തമായ മറ്റൊരു മീഡിയത്തിലെ ആവിഷ്കാരത്തിനുവേണ്ടി ആ പേര് സ്വീകരിക്കുമ്പോൾ അദ്ദേഹത്തിന് അത്ര വേദനയും ദുഃഖവും തോന്നേണ്ടതില്ല. ഇനി അഥവാ അദ്ദേഹം അത്തരം ഒരു സമ്മതം വാങ്ങിയിട്ടില്ലെങ്കിൽ, ഹേമന്ദ് ജി.നായർ അത് ഉപയോഗിക്കരുത് എന്നു പറയാൻ അദ്ദേഹത്തിന് ധാർമികമായി അർഹതയുണ്ടെന്നും കരുതാനാവില്ല. കാരണം ആ പേരിന്റെ ശരിയായ അവകാശി മരിയ ഹിഗ്വിറ്റ മാത്രമാണ്. റെനെ ഹിഗ്വിറ്റയുടെ അച്ഛൻ അവരെ ഉപേക്ഷിച്ച് പോയതിൽ പിന്നെ വളരെ കഷ്ടപ്പെട്ട് ഹിഗ്വിറ്റയെ വളർത്തി ലോകോത്തര ഫുട്ബോൾ താരമാക്കി ഉയർത്തിയ ത്യാഗ പൂർണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

എൻ.എസ്. മാധവന്റെ വാദങ്ങളുടെ വായ്ത്തല വളരെ ശാന്തമായി ഒടിക്കുന്നുണ്ട്, വളരെ പ്രസക്തമായ ഒരു ചോദ്യമുന്നയിച്ച്​ ഹേമന്ദ് ജി.നായർ. റെനെ ഹിഗ്വിറ്റയുടെ ഒരു ബയോപ്പിക് മലയാളത്തിലെടുക്കുകയാണെങ്കിൽ ഹിഗ്വിറ്റ എന്ന പേര് നൽകാനാവുമോ എന്ന് വിനീതമായി ആ ചെറുപ്പക്കാരൻ ആരായുന്നു. എൻ.എസ്. മാധവൻ താനാണ് ആ പേരിന് അംഗീകാരം നേടിക്കൊടുത്തത് എന്ന് അപ്പോഴും പറയുമോ ആവോ?

അംഗീകാരം നേടിക്കൊടുക്കുന്നതിന്റെ കഥയാവട്ടെ അതീവ വിചിത്രമാണ്. മൂന്നരക്കോടിയോളം വരുന്ന മലയാളികളിൽ ഏറ്റവും ചുരുങ്ങിയത് പകുതി പേരെങ്കിലും തൊണ്ണൂറിലെ വേൾഡ് കപ്പ് ഫുട്ബോൾ കണ്ടോ വായിച്ചോ അറിഞ്ഞിരിക്കണം. വാദത്തിനുവേണ്ടി മൂന്നിലൊന്നായി ചുരുക്കിയാലും ഒരു കോടിയിലേറെപ്പേർ. ആ വേൾഡ് കപ്പിലെ മിന്നുന്ന താരമായിരുന്ന ആ കളിക്കാരനെ അതിൽ പകുതി പേരെങ്കിലും ഓർക്കുന്നുണ്ടാവില്ലേ?. എൻ.എസ്. മാധവന്റെ കഥ വായിച്ചവർ പോട്ടെ, എത്ര പേർ കേട്ടു കാണും അത്തരമൊരു കഥയെക്കുറിച്ച്? കുട്ടികളുടെ ചികിത്സക്കായി എന്റെയടുത്തു വന്ന പത്തു അച്ഛനമ്മമാരോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട് ഒരു കൊട്ടത്താപ്പിലെ കണക്കെങ്കിലുമാവട്ടെ എന്നു കരുതി ഞാനൊരു ഫാസ്റ്റ് സർവ്വേ നടത്തി. ലോകകപ്പ് ഫുട്ബോളിനെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് ഫുട്ബോൾ പശ്ചാത്തലമായ മലയാളത്തിലെ ഹിഗ്വിറ്റ എന്ന കഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഹിഗ്വിറ്റയെക്കുറിച്ച് നാലുപേർ കേട്ടിട്ടുണ്ട് , പക്ഷേ കഥയെക്കുറിച്ചറിയില്ല എന്നായിരുന്നു എല്ലാവരുടേയും മറുപടി. ഇതാണ് അംഗീകാരം നേടിക്കൊടുക്കലിന്റെ യഥാർത്ഥ ചിത്രം. മലയാളത്തിലെ ഗൗരവമാർന്ന രചനകൾ വായിക്കുന്ന ഒരു ന്യൂനപക്ഷത്തിനൊഴികെ മറ്റെല്ലാവർക്കും ഹിഗ്വിറ്റ എന്ന കഥ തികച്ചും അപരിചിതമാണ് എന്നതാണ് സത്യം.

അങ്ങനെയിരിക്കേ എൻ.എസ്. മാധവന്റെ അവകാശവാദത്തിൽ അഹങ്കാരത്തിന്റെ ‘പരാഗരേണുക്കൾ' ആരെങ്കിലും കണ്ടെത്തിയാൽ നമുക്ക് കുറ്റം പറയാനാവുമോ? തനിക്കൊഴികെ മറ്റൊരാൾക്കും ഹിഗ്വിറ്റ എന്ന പേരിൽ നിന്ന് പ്രചോദനമുണ്ടാവാൻ പാടില്ല എന്ന് എൻ.എസ്. മാധവൻ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഇന്റലിജന്റായ കഥാകൃത്തുക്കളിലൊരാൾ എന്ന് അദ്ദേഹത്തെ ശിശു വായിച്ച കാലം മുതൽ കരുതിപ്പോന്ന, ചൂളൈമേട്ടിലെ ശവങ്ങളിലെ ജിബ്രാൾട്ടറിന്റെ ക്രാഫ്റ്റിന്റെ സൗന്ദര്യം കണ്ട് അമ്പരന്ന എന്നെ തികച്ചും സ്തബ്ധനാക്കി.

മഹാഭാരതത്തിന്റേയും (മഹാഭാരതം : സാംസ്കാരിക ചരിത്രം) രാമായണത്തിന്റേയുമൊക്കെ (three hundred Ramayanas) ബഹുസ്വരത / ബഹുപാഠങ്ങൾ ചർച്ചകളിലും എഴുത്തുകളിലും പ്രസംഗപീഠത്തിലും ആഘോഷിക്കുന്ന നമ്മൾ, സ്വന്തം കാര്യം വരുമ്പോൾ ലില്ലി പുഷ്യന്മാരാവുന്നു എന്നതാണ് ദുരന്തം. വലിയ മനുഷ്യർ എന്ന് നമ്മൾ കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ പെരുമന്മാരായി മാറുന്നതിനുപകരം തീരെ ചെറിയ മനുഷ്യരായി രൂപാന്തരം കൊള്ളുന്നത് സത്യത്തിൽ വേദനാജനകമാണ്. ഹിഗ്വിറ്റ പ്രശ്നത്തിൽ എൻ.എസ്. മാധവൻ പ്രതികരിക്കാതിരുന്നെങ്കിൽ മഹാനായ ഒരു കഥാകൃത്ത് എന്നതിലേറെ സുഗതകുമാരി പാടിയതുപോലെ ‘നിത്യകല്പക സുമങ്ങളാലാരചിച്ചോരീമനശ്വരമാം കിരീടം' ധരിച്ച വലിയ മനുഷ്യനാവാനുള്ള മികച്ച അവസരമാണ് ചിന്താലേശമെന്യേ അദ്ദേഹം നഷ്ടപ്പെടുത്തിക്കളഞ്ഞത്.
ഫിലിം രംഗത്തുള്ള സംഘടനകളെ സ്വാധീനിക്കാൻ ഐ.എ.എസ് പശ്ചാത്തലവും വി.ഐ.പി. ഇമേജുമുള്ള മാധവന് കഴിഞ്ഞത് ആരേയും ആശ്ചര്യപ്പെടുത്തുന്നില്ല. കോടതിമുറിയിൽ തന്റെ വാദങ്ങൾ ഒരു പരിഗണനയുമർഹിക്കാതെ തിരസ്കരിക്കപ്പെടുമെന്ന ‘വിനീത' ബോധം കൊണ്ടു മാത്രമാവണം അത്തരമൊരു നടപടി സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹം സ്വയം വിലക്കുന്നത്.

ലോക സാഹിത്യത്തിലുടനീളം ഒരേ പേരുള്ള കഥകൾ എമ്പാടുമുണ്ടെങ്കിലും (Joy land : Emily shultz - Stephen King, cloud Atlas : Mitchell - Liam callance, wonder: RJ Palacio, Rachel vail.... ) ഈ പരിണതിയിൽ മലയാളത്തിലെ വലിയ രണ്ടു കഥാകൃത്തുക്കളെ കുറിച്ചുള്ള കൗതുകകരമായ ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. 1948-ലും 1949 ലുമായിട്ടാണ് ബഷീറിന്റേയും കാരൂരിന്റേയും ഒരേ പേരുള്ള രണ്ട് കഥകൾ യഥാക്രമം പ്രകാശിപ്പിക്കപ്പെടുന്നത്. അവയുടെ വ്യതിരിക്തമായ മായികസൗന്ദര്യത്തിൽ വായനക്കാരെ മോഹിപ്പിച്ച് ആ രണ്ടു കഥകളും ഇന്നും വ്യക്തിത്വമാർന്നുനില്ക്കുന്നു. ബഷീറിന്റെ പൂവമ്പഴം എന്ന കഥാനാമം കാരൂർ മോഷ്ടിച്ചുവെന്ന് ബഷീറോ, ആ പേര് സ്വീകരിച്ചതിൽ എന്തെങ്കിലും ആധമർണ്ണ്യമുണ്ടെന് കാരൂരോ കരുതിയില്ല.

കാരൂർ നീലകണ്ഠപ്പിള്ള, വൈക്കം മുഹമദ് ബഷീർ

അവർ യഥാർത്ഥത്തിൽ മഹാന്മാരായ മനുഷ്യരായിരുന്നു എന്നതാണ് കാരണം. കലയുടെ ബഹുപാഠങ്ങളിലേക്കും കലാകാരന്റെ സർഗ്ഗാത്മക സ്വാതന്ത്ര്യത്തിലേക്കും ഉന്മുഖമായിരുന്നു അവരുടെ ശിരസ്സുകൾ. വാമനന്മാരുടെ ഈ ആസുരകാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് നന്മളൊക്കെ അത്ഭുതം കൂറിപ്പോവുക. മേമ്പൊടിയായി ഒരു കാര്യം കൂടി പറഞ്ഞ്​അവസാനിപ്പിക്കാം: ‘ഇന്ത്യാ, നിന്റെ നാണം മറക്കാൻ ഒരു ദേശീയപതാക പോലുമില്ലാതെ ഞാൻ ചൂളിയുറഞ്ഞു പോവുന്നു 'എന്ന് എൺപതുകളിൽ പൊള്ളുന്ന അക്ഷരങ്ങളിൽ എഴുതിയ കവി, എസ്റ്റാബ്ലിഷ്മെന്റുകളോട് കലാപം ചെയ്യാൻ നമ്മെ ഉദ്ബോധിപ്പിച്ചിരുന്ന എഴുത്തുകാരൻ,സച്ചിദാനന്ദൻ, നഴ്സറി ക്കുട്ടികൾ തല്ലു കൂടി ഞാൻ ടീച്ചറോട് പറയും എന്നതിനേക്കാൾ താഴ്​ന്ന്​പറയുന്നു: സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.

ക്ഷമിക്കണം സാർ, സ്വയം ലജ്ജ തോന്നിപ്പോകുന്നു. ഇനി നമ്മളൊക്കെ പണ്ട് കരുതിയിരുന്നതു പോലെ യഥാർത്ഥത്തിൽ ഇവരൊക്കെ വലിയ മനുഷ്യരൊന്നും ആയിരുന്നില്ലേ, ആവോ?

Comments