സ്ത്രീധന പരാതി: ആർക്ക് കൊടുക്കണം, എങ്ങനെ കൊടുക്കണം?

സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്. കാരണം പലപ്പോഴും ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുമ്പാൾ മാത്രമായിരിക്കും സ്ത്രീധനത്തിന്റെ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടതായി സ്വന്തം വീട്ടുകാർ പോലും അറിയുന്നത്.

കേരള സമൂഹത്തെ പിടിച്ചുകുലുക്കിയ കുറച്ചധികം പെൺമരണങ്ങളാണ് ഈ വർഷമുണ്ടായത്. ചെറുപ്രായത്തിൽ വീട്ടുകാരുടെയും സമൂഹത്തിന്റെയും സാഹചര്യത്തിന്റെയും നിർബന്ധത്തിൽ വിവാഹജീവിതത്തിലേക്ക് കടക്കുകയും കൊടിയ പീഡനങ്ങൾ അനുഭവിച്ച് മരണത്തിലേക്ക് പോവുകയും ചെയ്തവരാണവർ. ചിലർ പീഡനങ്ങളും നാണക്കേടും സഹിക്കാൻ കഴിയാതെ സ്വയം മരണം തിരഞ്ഞെടുത്തപ്പോൾ (തിരഞ്ഞെടുക്കാൻ നിർബന്ധിതരായപ്പോൾ), മറ്റു ചിലരെ ഭർത്താവും വീട്ടുകാരും ക്രൂരമായി കൊലപ്പെടുത്തുകയാണ് ചെയ്തത്. സ്ത്രീധന പീഡനം എന്നു പറയുമ്പോൾ പലപ്പോഴും ശാരീരിക പീഡനത്തേക്കാൾ മാനസികവും വൈകാരികവുമായ പീഡനങ്ങളാണ് കൂടുതൽ.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട പരാതികൾ അടുത്തകാലത്തായി സംസ്ഥാനത്ത് വൻതോതിൽ വർധിച്ചിട്ടുണ്ട്. 1961-ലെ സ്ത്രീധന നിരോധന നിയമം അനുസരിച്ച് ഇന്ത്യയിൽ സ്ത്രീധനം നിരോധിക്കപ്പെട്ടതാണ്. വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാരിൽ നിന്ന് വരനോ, മാതാപിതാക്കളോ ബന്ധുക്കളോ പണമോ സ്വത്തോ മറ്റു വസ്തുക്കളോ സ്വീകരിക്കുന്നത് കുറ്റമാണ്. സ്ത്രീധനം വാങ്ങുന്നത് തന്നെ കുറ്റകരമായ നാട്ടിലാണ് സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ സ്ത്രീകൾക്ക് ജീവൻ വെടിയേണ്ടിവരുന്നത്.

ഇനിയില്ല കാത്തിരിപ്പ്; നടപടി അതിവേഗം

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ നടപടികൾ അതിവേഗമാക്കാൻ സംസ്ഥാന സർക്കാർ 2021 ഒക്ടോബറിലാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയത്. 1961-ലെ സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് 2004-ൽ സംസ്ഥാന സർക്കാർ സ്ത്രീധന നിരോധന ചട്ടം നടപ്പാക്കിയിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഭേദഗതി. സ്ത്രീധന പീഡന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് സ്ത്രീധന നിരോധന ചട്ടം ഭേദഗതി ചെയ്യുകയും 14 ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും പുതിയ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തത്.

Photo: Flickr

സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് പുതിയ മാർഗനിർദേശത്തിലെ പ്രധാന നിർദേശം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണം. പരാതികളും അന്വേഷണവും തുടർനടപടികളും സംബന്ധിച്ചുള്ള രേഖകൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും വേണം. ഓരോ പരാതിക്കും പ്രത്യേകം കേസ് ഫയലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം സൂക്ഷിക്കണം. ഹിയറിങ്ങിന് പരാതിക്കാരിയോ എതിർകക്ഷിയോ ഹാജരായില്ലെങ്കിൽ ആ വിവരവും കേസ് ഫയലിൽ രേഖപ്പെടുത്തണം. എല്ലാ കേസുകളിലും അന്വേഷണവും വാദം കേൾക്കലും പരാതി ലഭിച്ച് ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് പുതിയ മാർഗനിർദേശത്തിലുണ്ട്. ജില്ലാ വനിതാ സംരക്ഷണ ഓഫീസറാണ് സ്ത്രീധന നിരോധന നിയമത്തിനു കീഴിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് സമയബന്ധിതമായി റിപ്പോർട്ട് നൽകേണ്ടത്.

പരാതികൾ ലഭിക്കുമ്പോൾ അവയ്ക്ക് ഗാർഹിക പീഡന നിയമത്തിന് കീഴിൽ വനിതാ സംരക്ഷണ ഓഫീസർ ലഭ്യമാക്കേണ്ട പരിഹാരമാർഗങ്ങൾ ഉറപ്പാക്കണം. ക്രിമിനൽ നടപടി ആവശ്യമാണെങ്കിൽ പോലീസിന് കേസ് കൈമാറണം. പോലീസ് സ്റ്റേഷനിലും കോടതികളിലും എത്തുന്ന കേസുകളിൽ ഇടപെട്ട് പരാതിക്കാരിക്ക് നീതി ഉറപ്പാക്കാനും ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ഉത്തരവാദിത്വമുണ്ട്.
ജില്ലകളിൽ ഓഫീസർമാരെ നിയമിച്ചതിന് പുറമെ, ജില്ലാ ഉപദേശക ബോർഡുകൾ രൂപീകരിക്കാനും ബോധവത്കരണ പരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചതായി വനിതാ-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. ജില്ലാ ഓഫീസർമാർക്ക് സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിനുള്ള പരിശീലനവും നൽകിയിട്ടുണ്ട്.

പരാതി നൽകേണ്ടത് എങ്ങനെ?

സ്ത്രീധനത്തിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് വനിതാ-ശിശു വികസന വകുപ്പിന്റെ ജില്ലാ ഓഫീസർക്ക് പരാതി നൽകാം. പോസ്റ്റലായും പരാതി അയക്കാം. പരാതിക്കാരിയുടെ മാതാപിതാക്കൾക്കോ ഏതെങ്കിലും സന്നദ്ധ സംഘടനകൾക്കോ പരാതി നൽകാം. പരാതി കിട്ടിയാലുടൻ ഓഫീസർ പ്രാഥമിക അന്വേഷണം നടത്തും. പരാതിക്കാരി തെളിവുകളും രേഖകളും ഹാജരാക്കിയാൽ ഉടൻ ഹിയറിങ് തുടങ്ങും. ഭർത്താവ് ആരോപണങ്ങൾ നിഷേധിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ആവശ്യമെന്ന് കണ്ടാൽ കേസ് പോലീസിന് കൈമാറുകയും ചെയ്യു.

എല്ലാ പഞ്ചായത്തുകളിലും വെള്ളിയാഴ്ചകളിൽ നടത്തുന്ന അദാലത്തുകളിൽ എത്തിയും സ്ത്രീകൾക്ക് പരാതികൾ നൽകാം. അദാലത്തുകളിൽ ലഭിക്കുന്ന പരാതികൾ തരംതിരിച്ച് അതത് ജില്ലാതല ഓഫീസർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിന് സ്ത്രീകളെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ -ശിശു വികസന വകുപ്പിന്റെ ഹെൽപ് ലൈൻ നമ്പറായ 181 ലേക്ക് വിളിച്ചും സ്ത്രീകൾക്ക് സഹായം തേടാവുന്നതാണ്.

പരാതികൾക്ക് കാതോർത്ത്...

വിവിധതരം പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ സഹായം തേടാനുള്ള സംവിധാനമാണ് "കാതോർത്ത്'. കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്്ത്രീകൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്നതിനുള്ള പദ്ധതിയാണ് കാതോർത്ത്. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുള്ളവർക്കും യാത്ര ചെയ്യാനാകാത്തവർക്കും അടിയന്തിര സഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
പദ്ധതി നടപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ശക്തികേന്ദ്ര പദ്ധതിയുടെ കീഴിൽ District level centre for women രൂപീകരിച്ചിട്ടുണ്ട്. kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ സ്ത്രീകൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരാതികൾ ബന്ധപ്പെട്ട കൺസൾട്ടന്റുമാർക്ക് നൽകുകയും അവർ നൽകുന്ന സമയം പരാതിക്കാരിയെ അറിയിക്കുകയും അതുപ്രകാരം ഓൺലൈനായി കൺസൾട്ടന്റിന്റെ സേവനം ലഭ്യമാക്കുകയും ചെയ്യും. ഓൺലൈൻ കൺസൾട്ടേഷന് മനശാസ്ത്ര, നിയമ വിദഗ്ധർ ഉൾപ്പെട്ട പാനലുണ്ടായിരിക്കും. ആവശ്യമുള്ളവർക്ക് പോലീസ് സഹായവും ലഭ്യമാക്കും.

ഓൺലൈൻ കൺസൾട്ടേഷന് യാതൊരു വിധ ഫീസും ഈടാക്കുകയില്ലെന്നും പരാതിക്കാർ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിറ്റ എസ്. ലിൻസ് പറഞ്ഞു. കൗൺസിലിങ്ങിനായുള്ള പാനലിനല്ലാതെ മറ്റാർക്കും പരാതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കൈമാറുകയില്ലെന്നും അതിനാൽ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കയില്ലാതെ സ്ത്രീകൾക്ക് പരാതി നൽകാമെന്നും അനിറ്റ എസ്. ലിൻസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
വീഡിയോ കോൺഫറൻസിങ് വഴിയുള്ള കൺസൾട്ടേഷൻ ആയതിനാൽ പരാതിക്കാർക്ക് സുരക്ഷിതമായ വീഡിയോ കോൺഫറൻസിങ് ആപ്പ് ഉണ്ടായിരിക്കണം. അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്ട് ഫോൺ, ലാപ്‌ടോപ്, ഡെസ്‌ക് ടോപ് എന്നിവയുടെ ക്യാമറയും മൈക്കും ഉപയോഗിച്ച് മീറ്റിങ് നടത്താം.

പരാതി രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ തന്നെ പരാതിക്കാർക്ക് എസ്.എം.എസും ഇമെയിൽ അറിയിപ്പും ലഭിക്കും. വീഡിയോ കോൺഫറൻസിനുള്ള സമയം അറിയിച്ചുകൊണ്ടുള്ള എസ്.എം.എസ. 48 മണിക്കൂറിനുള്ളിൽ ലഭിക്കും.
പരാതികൾ നൽകുന്നതിനും സഹായം തേടുന്നതിനും സ്ത്രീകൾക്ക് Directorate of Women and Child Development DepartmenT, Poojappura, Thiruvananthapuram, Pin: 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം. [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചും സഹായം തേടാം. 0471 2346838 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

ബോധവത്കരണം പ്രധാനം

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാൻ വിപുലമായ പരിപാടികളാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി പത്തിന പരിപാടിയിൽ പ്രഖ്യാപിച്ചതനുസരിച്ച് പഞ്ചായത്തുകൾ ആഴ്ചതോറും നടത്തുന്ന സ്ത്രീകൾക്കായുള്ള അദാലത്ത് ഇതിന്റെ ഭാഗമാണെന്ന് വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിറ്റ എസ്. ലിൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെയും സഹകരണത്തോടെ, സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോളേജുകളിൽ സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുക്കണമെന്ന് കേരള ഗവർണർ തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഹ്രസ്വ വീഡിയോകൾ നിർമിച്ചും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലൂടെയും വനിതാ ശിശു വികസന വകുപ്പ് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രചാരണം നടത്തുന്നുണ്ട്.

കേസാകുന്നത് മരണശേഷം മാത്രമോ?

2021 ഓഗസ്റ്റ് ആയപ്പോഴേക്കും കേരളത്തിൽ എട്ട് സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. 2020-ൽ ആറ് മരണമാണ് സ്ത്രീധന പീഡനത്തെ തുടർന്ന് നടന്നതായി സംസ്ഥാന പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019-ൽ ആകെ എട്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. 2018-ൽ 17 പേരാണ് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തത്. 2017-ൽ 12 ഉം 2016-ൽ 25 മരണങ്ങളാണ് സംഭവിച്ചത്.

സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവാണെന്നാണ് പോലീസ് പറയുന്നത്. കാരണം പലപ്പോഴും ഇത്തരം സംഭവങ്ങൾ പുറത്തു പറയാതെയും കേസാകാതെയുമൊക്കെ ഒതുക്കപ്പെടുന്നു. ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുമ്പാൾ മാത്രമായിരിക്കും സ്ത്രീധനത്തിന്റെ പേരിൽ അവർ പീഡിപ്പിക്കപ്പെട്ടതായി പുറംലോകം അറിയുന്നത്.

അതേസമയം, സ്ത്രീകൾക്കെതിരായ മറ്റു അതിക്രമങ്ങളും വർധിച്ചുവരുന്നതായി പോലീസ് പറയുന്നു. 2021-ൽ ഓഗസ്റ്റ് വരെ കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം എടുത്തിരിക്കുന്ന കേസുകളുടെ എണ്ണം 9594 ആണ്. എട്ട് മാസത്തെ മാത്രം കണക്കാണിത്. രേഖാമൂലം പോലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകാത്ത വേറെയും എത്രയോ സംഭവങ്ങളുണ്ടാകാം. സ്ത്രീകൾ നൽകിയ പരാതികളിൽ ഏറ്റവും കൂടുതലുള്ളത് ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയെക്കുറിച്ചുള്ളതാണ്. 2721 പരാതികളാണ് ഭർത്താവിന്റെയും ബന്ധുകളുടെയും പീഡനം സംബന്ധിച്ച് 2021 ഓഗസ്റ്റ് വരെ കേരള പോലീസിന് ലഭിച്ചിട്ടുള്ളത്. ബലാത്സംഗം ചെയ്യപ്പെട്ടതായുള്ള 1446 കേസുകളാണ് ഇക്കാലയളവിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈംഗികാക്രമണ കേസുകൾ 2514 ആണ്. 114 തട്ടിക്കൊണ്ടുപോകൽ കേസുകളും ഈ വർഷം ഇതുവരെ ഉണ്ടായിട്ടുണ്ട്. പൂവാലശല്യത്തിന്റെ പേരിൽ 272 കേസുകളുമെടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുടെ പേരിലുള്ള കേസുകൾ 2519 ആണ്.

2020-ൽ 12656 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 2707 കേസുകൾ ഭർത്താവിനും വീട്ടുകാർക്കുമെതിരെയുള്ളതാണ്. ഭർത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവം സംബന്ധിച്ച് 2020-ൽ ആകെയുള്ള കേസുകളേക്കാൾ കൂടുതൽ കേസുകൾ 2021-ൽ എട്ട് മാസം കൊണ്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2019-ൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 14293 കേസുകളാണ്. ഇതിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ഉപദ്രവത്തിന്റെ പേരിലുള്ള കേസുകൾ 2970 ആണ്. 2018-ൽ 13646 കേസുകളാണ് സ്ത്രീകളെ ആക്രമിച്ചതിന്റെ പേരിൽ ആകെയുള്ളത്. 2046 സ്ത്രീകളാണ് ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടത്. 2017-ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 14263 ആണ്. ഇതിൽ 2856 കേസുകൾ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നതാണ്. 2016-ൽ 15114 കേസുകളാണ് സ്ത്രീകൾക്കെതിരായ കുറ്റങ്ങളുടെ പേരിൽ പോലീസ് എടുത്തത്. ഇതിൽ 3455 കേസുകൾ ഭർത്താവിനും വീട്ടുകാർക്കും എതിരെയുള്ളതാണ്.

സ്ത്രീകൾക്ക് അവബോധമുണ്ട്, പക്ഷെ സമൂഹത്തിനോ?

കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ആത്മഹത്യകളും (കൊലപാതകങ്ങളും) വർധിക്കുന്നു എന്നുപറയുന്നത് കണക്കുകളിൽ ശരിയായിരിക്കും. പക്ഷെ, യഥാർഥത്തിൽ സ്ത്രീധന പീഡനവും മരണവും കൂടുന്നു എന്ന് പറയുന്നതിനേക്കാൾ, പുറത്തുവരുന്ന കേസുകളുടെ എണ്ണം കൂടുന്നു എന്നാണ് പറയേണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവങ്ങൾ സഹിക്കേണ്ടതാണെന്നും ഭർത്താവും വീട്ടുകാരും എന്ത് ചെയ്താലും വിധിയാണെന്നുമുള്ള സ്ത്രീകളുടെ ധാരണയിൽ മാറ്റം വരുന്നതാണ് കൂടുതൽ സംഭവങ്ങൾ പുറംലോകം അറിയാൻ ഇടയാക്കുന്നത്. സ്ത്രീധന പീഡനവും തുടർന്നുള്ള മരണങ്ങളും സംബന്ധിച്ച വാർത്തകൾ നിരന്തരം വരുന്നത് സ്ത്രീകളിൽ തിരിച്ചറിവുണ്ടാക്കുന്നുണ്ട്.

സ്വന്തം ജീവിതത്തിന്റെ കാര്യത്തിൽ പോലും സ്വന്തമായി ഒരു തീരുമാനമെടുക്കാൻ നമ്മുടെ നാട്ടിൽ ഇപ്പോഴും എത്ര പെൺകുട്ടികൾക്ക് സാധിക്കുന്നുണ്ടെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇത്തരം ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ് മുന്നോട്ടുവരുന്നവർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെയുള്ളവരുടെ എണ്ണം വർധിക്കുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. അങ്ങനെ പുറത്തേക്കു വരുന്നവരെ പിന്തുണയ്ക്കാനും ചേർത്തുനിർത്താനും നമുക്ക് കഴിയണം.
വിദ്യാഭ്യാസത്തിന്റയും ജോലിയുടെയും കാര്യത്തിലുള്ള അവകാശം പോലും പലപ്പോഴും പുരോഗമനപരമായി ചിന്തിക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് പോലും ലഭിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. പെൺകുട്ടികളുടെ ജീവിതം കുടുംബത്തിന്റെ ആകെ അഭിമാനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്ന മനോഭാവം എത്ര ഉന്നതിയിൽ നിൽക്കുന്ന മാതാപിതാക്കളും അലങ്കാരമായി കൊണ്ടുനടക്കുകയാണ്. മകളുടെ സുരക്ഷിതത്വത്തേക്കാൾ, കുടുംബത്തിന്റെ അഭിമാനവും സമൂഹം എന്ത് പറയുമെന്നതുമാണ് അവരുടെ പരിഗണനയിൽ വരുന്നത്.

തിരിച്ചുവന്നിരുന്നെങ്കിൽ...

സ്ത്രീധന പീഡനത്തെ തുടർന്ന് സ്ത്രീകൾ മരിച്ച കേസുകളിൽ പലതിലും തിരിച്ചുവന്നിരുന്നെങ്കിൽ ഞങ്ങൾ നോക്കില്ലായിരുന്നോ എന്ന് ചോദിച്ച് നിലവിളിക്കുന്ന വീട്ടുകാരുടെ രംഗങ്ങളും നമ്മൾ കണ്ടു. ഇത്രയും സ്‌നേഹമുള്ള വീട്ടുകാരുള്ളപ്പോൾ എന്തുകൊണ്ടായിരിക്കും ഈ പെൺകുട്ടികൾ മരണത്തിന്റെ വഴിയിലേക്ക് പോയത്. അതിന് ഉത്തരവാദികൾ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം തന്നെയാണ്. മറ്റുള്ളവരുടെ കാര്യത്തിൽ പറയുന്ന വാദങ്ങളൊന്നും സ്വന്തം വീട്ടിലാകുമ്പോൾ, സ്വന്തം മക്കളുടെ കാര്യത്തിലാകുമ്പോൾ അംഗീകരിക്കാൻ ആരും തയ്യാറാകണമെന്നില്ല. കുടുംബത്തിൽ നിന്ന് ഇറങ്ങി നടക്കുന്ന സ്ത്രീക്ക് പല പേരുകളും സമൂഹം ചാർത്തിക്കൊടുക്കും. ഒറ്റയ്ക്ക് ജീവിക്കാനുള്ള സാഹചര്യവും (സ്വന്തമായി വരുമാനമുള്ള) ധൈര്യവുമുള്ള സ്ത്രീകൾക്ക് മാത്രമെ അസഹനീയമായ വിവാഹത്തിൽ നിന്ന് പുറത്തുകടന്ന് ജീവിക്കാനാവൂ. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അങ്ങനെയൊരു സാഹചര്യമില്ലാത്ത പെൺകുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. പഠിച്ച് ജോലി നേടിയ ശേഷം വിവാഹമെന്ന നിലപാട് സ്വീകരിക്കാൻ നമ്മുടെ പെൺകുട്ടികൾക്ക് സാധിക്കുന്നില്ല.

കൂടുതൽ സ്ത്രീകൾ പീഡനങ്ങളും അവകാശലംഘനങ്ങളും തിരിച്ചറിഞ്ഞ് പ്രതികരിക്കാനും പരാതിപ്പെടാനും തയ്യാറാകുന്നു എന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ പരാതികളാകാത്ത സംഭവങ്ങൾ വളരെയേറെയാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പലരെയും പരാതിപ്പെടുന്നതിൽ നിന്ന് തടയുന്നുണ്ട്. ഭർത്താവും വീട്ടുകാരും തന്നോട് ചെയ്യുന്നത് നിയമലംഘനമാണെന്നും സർക്കാരും സമൂഹവും ഒപ്പമുണ്ടെന്നുമുള്ള തിരിച്ചറിവുണ്ടായാൽ സ്ത്രീകൾക്ക് ഇഷ്ടമില്ലാത്ത വിവാഹജീവിതത്തിൽ തുടരേണ്ടി വരില്ല. വിവാഹം പോലെ തന്നെ വിവാഹമോചനവും ഒരു സാധാരണ സംഭവമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം എത്തുകയും വേണം.

വളരെ ശക്തമായ നിയമമാണ് സംസ്ഥാനത്ത് സ്ത്രീധന നിരോധനത്തിനായിട്ടുള്ളത്. എന്നാൽ സർക്കാർ ജീവനക്കാർ വരെ സ്ത്രീധനം വാങ്ങുകയും ഭാര്യയെ ഉപദ്രവിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന നാടാണ് ഇത്. ആരെങ്കിലും സ്ത്രീധനം വാങ്ങിയെന്ന പരാതി പോലീസിന്റെയോ നിയമത്തിന്റെയോ മുന്നിലെത്തിയാൽ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുന്ന ഭരണസംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ അവിടെവരെ എത്തുന്ന കേസുകൾ കുറയുന്നതാണ് കാരണം. അതിന് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുക തന്നെ വേണം. അറിവില്ലായ്മയേക്കാൾ ദുരഭിമാനം കാരണം പരാതി നൽകാത്തവരായിരിക്കും കൂടുതൽ.

സ്ത്രീധനമല്ല, സമ്മാനം

സ്ത്രീധനം എന്നത് നിരോധിക്കപ്പെട്ടതായതിനാൽ "സമ്മാനം' എന്നാണ് പല കുടുംബങ്ങളും വിശേഷിപ്പിക്കുന്നത്. സ്ത്രീധനം എന്ന് പറഞ്ഞാലും ഇല്ലെങ്കിലും വിവാഹസമയത്ത് പെൺവീട്ടുകാരിൽ നിന്ന് ആൺവീട്ടുകാർ സ്വീകരിക്കുന്നതെന്തും സ്ത്രീധനത്തിന്റെ പരിധിയിൽ വരുന്നതാണ്. വിവാഹ ചടങ്ങ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ള സ്വീകരിക്കുന്ന സമ്മാനങ്ങളെല്ലാം ഇതിൽപെടും.

പലപ്പോഴും വിവാഹനിശ്ചയം കഴിഞ്ഞ്, വിവാഹത്തിന് ദിവസങ്ങൾ ബാക്കിയുള്ളപ്പോഴായിരിക്കും സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങുക. ചിലപ്പോൾ വിവാഹം കഴിഞ്ഞതിന് ശേഷം പലവിധ കാരണങ്ങൾ പറഞ്ഞ് ഭർത്താവും വീട്ടുകാരം പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് പണം ആവശ്യപ്പെടും. ഇതുകൂടി കൊടുത്താൽ മകൾക്ക് നല്ല ജീവിതം കിട്ടുമെന്ന് കരുതിയാണ് കടംവാങ്ങിയും വിറ്റുപെറുക്കിയും മാതാപിതാക്കൾ പണം നൽകാൻ തയ്യാറാകുന്നത്. ഇത്തരം സംഭവങ്ങളിൽ സ്ത്രീധനം ആവശ്യപ്പെട്ടതിനുള്ള തെളിവുകൾ നൽകിയാൽ കേസെടുക്കാനാകും. മൊബൈൽ സന്ദേശങ്ങളും, വാട്‌സാപ് ചാറ്റുകളും, വോയ്‌സ് റെക്കോർഡുകളും ഉൾപ്പെടെ തെളിവായി സ്വീകരിക്കും. സ്ത്രീധനം കൊടുക്കുക, വാങ്ങുക, ആവശ്യപ്പെടുക എന്നിവയ്‌ക്കൊപ്പം തന്നെ വിവാഹത്തിനായി നൽകുന്ന പരസ്യങ്ങളിലൂടെ സ്ത്രീധന ആവശ്യം സൂചിപ്പിക്കുന്നതും പരാതിയായി പരിഗണിക്കും.
സ്ത്രീധന മരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ രൂക്ഷമായി പ്രതികരിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നവരും സ്വന്തം മക്കളെ "നല്ല രീതിയിൽ' വിവാഹം ചെയ്ത് "അയക്കണം' എന്നു തന്നെയായിരിക്കും കരുതുന്നത്. പെൺകുട്ടികളുടെ കാര്യത്തിൽ മറ്റെന്തിനെക്കാളും പ്രധാന്യം വിവാഹത്തിനാണ് എന്ന സ്ഥിതി മാറാത്തിടത്തോളം ഇക്കാര്യത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല.

സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറുന്ന പെൺകുട്ടികളുടെ എണ്ണവും ഇന്ന് കൂടുതലാണ്. സ്ത്രീധനം വേണ്ടെന്ന് പറയുന്നവർ തന്നെയാണ് പെൺകുട്ടികളേറെയും. എന്നാൽ മാറേണ്ടത് പെൺകുട്ടികളും വീട്ടുകാരും മാത്രമല്ല, ആൺകുട്ടികളും കുടുംബങ്ങളുമാണ്. അമ്മയോ അച്ഛനോ ആര് പറഞ്ഞാലും ഞാൻ സ്ത്രീധനം വാങ്ങില്ലെന്ന് ഓരോ ആൺകുട്ടിയും തീരുമാനിച്ചാൽ ഒരു പരിധിവരെ പ്രശ്‌നങ്ങൾ തീരും. എന്നാൽ സ്ത്രീധനം വാങ്ങാതിരുന്നതുകൊണ്ട് മാത്രം കാര്യമില്ല, വിവാഹത്തിന് ശേഷം അതിന്റെ പേര് പറഞ്ഞുള്ള പീഡനവും ഇല്ലാതാകണം. അതിന് ആൺകുട്ടികളുള്ള കുടുംബങ്ങളുടെ മനോഭാവമാണ് മാറേണ്ടത്.

Comments