സ്ത്രീകള്‍ എങ്ങനെ
ആരാധനാ പദ്ധതികളില്‍
നിന്ന് ബഹിഷ്‌കൃതരായി?
സ്ത്രീകള്‍ എങ്ങനെ ആരാധനാ പദ്ധതികളില്‍ നിന്ന് ബഹിഷ്‌കൃതരായി?
ഋഗ്വേദത്തില്‍ പൃഥ്വി, അദിതി, ഇന്ദ്രാണി, ഉഷസ്, സൂര്യ, സരസ്വതി മുതലായ നിരവധി ദേവിമാര്‍ പരാമൃഷ്ടരാവുന്നുണ്ടെങ്കിലും സ്വതന്ത്രശക്തികളായി ആരാധനാ പാരമ്പര്യക്രമത്തിനകത്ത് ഇവരാരും പ്രത്യക്ഷപ്പെടുന്നില്ല. പുരുഷ ദേവതാ അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നാണ് യാഗ യജ്ഞ പാരമ്പര്യം. താന്ത്രികാരാധനകളുടെ കാര്യത്തിലും, ആര്‍ത്താവാശുദ്ധി സങ്കല്‍പങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കൃതരാക്കുകയാണുണ്ടായത്. ആത്മീയ പദവിയിലൂടെ സ്വതന്ത്രാസ്ഥിത്വം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കടിഞ്ഞാണിട്ട് പിതൃമേധാവിത്വത്തിന് കീഴില്‍ നിലനിര്‍ത്താന്‍ പാതിവ്രത്യം മുതലായ സങ്കല്‍പങ്ങളിലൂടെ കഴിഞ്ഞു.
26 Oct 2020, 09:54 AM
‘രക്തരഹിതനായൊരു ദേവന് രക്തദാഹിയായൊരു ദേവി ഭാര്യയായുണ്ട് എന്ന ക്രൂരമായൊരു വൈരുധ്യം തല്‍ഫലമായി നാം കാണുന്നു. ഇതൊരു പ്രഹേളികയല്ലേ?'- ഡോ. ബി ആര്‍ അംബേദ്കര്‍
വൈദിക യാജ്ഞിക ബ്രാഹ്മണരുടെ വിശ്വാസാനുഷ്ഠാന പാരമ്പര്യത്തില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ഒന്നാണ് മാതൃദേവത ആരാധനാക്രമങ്ങള്‍. ഋഗ്വേദത്തില്‍ പൃഥ്വി, അദിതി, ഇന്ദ്രാണി, ഉഷസ്, സൂര്യ, സരസ്വതി മുതലായ നിരവധി ദേവിമാര്‍ പരാമൃഷ്ടരാവുന്നുണ്ടെങ്കിലും സ്വതന്ത്രശക്തികളായി ആരാധനാ പാരമ്പര്യക്രമത്തിനകത്ത് ഇവരാരും പ്രത്യക്ഷപ്പെടുന്നില്ല. വൈദിക യജ്ഞ പാരമ്പര്യം മാതൃദേവതാ അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നല്ല താനും. പുരുഷ ദേവതാ അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നാണ് യാഗ യജ്ഞ പാരമ്പര്യം. ഈ യാജ്ഞിക വൈദികക്രമം വിഗ്രഹാരാധനകളിലൂടെ അനുഷ്ഠാന ക്രമം നിലനിര്‍ത്തുന്ന പാരമ്പര്യവുമല്ല.
വിഗ്രഹാരാധനകളിലൂടെ തുടരുന്ന ആരാധനാ പാരമ്പര്യം ബ്രാഹ്മണേതരമാണെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ബ്രാഹ്മണര്‍ വിഗ്രഹാരാധന നടത്തുന്നതില്‍ നിന്ന് മനുസ്മൃതി വിലക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മനുസ്മൃതിയുടെ കുല്ലുക ഭട്ടന്റെ വ്യാഖ്യാനത്തിലും ബ്രാഹ്മണര്‍ വിഗ്രഹാരാധന നടത്തുന്നതിനെ നിഷേധിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇത്തരം ആരാധനാ പാരമ്പര്യം ബ്രാഹ്മണേതരമാണെന്നാണ്.
പ്രാചീന സംസ്‌കാരത്തില്‍ ദേവതാരാധനക്കായി അനുഷ്ഠിച്ചുപോന്ന വൈദിക യജ്ഞ സമ്പ്രദായങ്ങള്‍ക്ക് നേരിട്ട കോട്ടം മൂലവും താന്ത്രികരാധനകളുടെ ജനപ്രിയത്വവുമാണ് ബ്രാഹ്മണരെ ക്രമേണ താന്ത്രിക പദ്ധതികളിലേക്ക് അടുപ്പിച്ചത്. പൊതുവര്‍ഷം (CE ) അഞ്ചാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്താണ് ഇത്തരമൊരു അനുഷ്ഠാനപരമായ കലര്‍പ്പ് ശക്തി പ്രാപിക്കുന്നത്.
താന്ത്രികാരാധനാ അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചുപോരുന്ന തദ്ദേശീയ ഗോത്ര വിഭാഗങ്ങളുമായി കലര്‍ന്നതിന് ശേഷമാണ് ബ്രാഹ്മണര്‍ തന്ത്രഗ്രന്ഥങ്ങള്‍ രചിയ്ക്കാനാരംഭിക്കുന്നതെന്ന് ചരിത്രകാരനായ ആര്‍.എസ്. ശര്‍മ നിരീക്ഷിക്കുന്നുണ്ട്. ആദ്യകാല തന്ത്രഗ്രന്ഥങ്ങളായ സിദ്ധയോഗേശ്വരീ മതം (CE7 ) ബ്രഹ്മയാമള തന്ത്രം (CE 7 ) തുടങ്ങിയവയിലെ പ്രാകൃത ഭാഷാപദങ്ങളും, ബൗദ്ധ സങ്കര സംസ്‌കൃത പദങ്ങളുടെ പ്രയോഗവും ശര്‍മ്മയുടെ നിരീക്ഷണം സാധൂകരിക്കുന്നവയാണ്. ബ്രാഹ്മണര്‍ താന്ത്രിക പദ്ധതികള്‍ സ്വാംശീകരിച്ചതിനുശേഷമുള്ള കാലത്ത് രചിയ്ക്കപ്പെട്ട പുരാണങ്ങളാണ് ശക്ത്യാരാധനയ്ക്ക് പ്രാധാന്യം നല്‍കി രചിയ്ക്കപ്പെട്ടവയെന്നും കാണണം. ഇത്രയും കാര്യങ്ങള്‍ ആമുഖമായി ചിന്തിച്ചാല്‍ മാത്രമേ രക്തദാഹിയായ ഒരു ദേവി രക്ത രഹിതനായ ദേവന് ഭാര്യയായി തീര്‍ന്നതിന്റെ ചരിത്രം തെളിഞ്ഞു കിട്ടൂ.

തദ്ദേശീയ ദേവതകള്‍ ബ്രാഹ്മണ്യത്തിലേക്ക്
ബ്രാഹ്മണര്‍ തദ്ദേശീയ ഗോത്രവുമായി കലര്‍ന്നതിന്റെ കൂടി ഫലമായിട്ടാണ് തദ്ദേശീയ ദേവതകള്‍ ബ്രാഹ്മണ പാരമ്പര്യക്രമത്തില്‍ ഉള്‍ച്ചേര്‍ന്നത്. ദേവന്മാരെയും ദേവിമാരെയും പരസ്പരം വിവാഹം കഴിപ്പിച്ച് കുടുംബസ്ഥരാക്കിയതിലൂടെയാണ് ഈ ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയ പൂര്‍ത്തിയായത്. ഋഗ്വേദ രചനാകാലത്ത് വൈദികാര്യ ബ്രാഹ്മണര്‍ പില്‍ക്കാല പുരാണങ്ങളില്‍ കാണുന്നപോലെ കുടുംബ ജീവിതം ആരംഭിച്ചിരുന്നില്ല. കാര്‍ഷിക ജീവിത വ്യവസ്ഥയാണ് ഒരിടത്ത് സ്ഥിരമായി വസിച്ചുള്ള കുടുംബ വ്യവസ്ഥയ്ക്ക് ആധാരശില പാകിയത്. പുരാണങ്ങളുടെ രചനാ പ്രപഞ്ചം ഉദ്ഭൂതമാവുന്നതും വികസിക്കുന്നതും ഇക്കാലത്താണ്.
തദ്ദേശീയ ദൈവങ്ങളെ സ്വാംശീകരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുരാണങ്ങളില്‍ കാണാം. അജപാല ഗോത്രങ്ങളുടെ ദൈവമായ ‘വിഠല്‍ ' പില്‍ക്കാലത്ത് വിഷ്ണു -കൃഷ്ണനായി മാറുന്നത് ഇതിന്റെ നിദര്‍ശനമാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം സ്വതന്ത്ര അസ്ഥിത്വമുള്ള കാളി എന്ന ദേവത പില്‍ക്കാലത്ത് ശിവന്റെ മകളായും ചില വേളയില്‍ ഭാര്യയായും മറ്റും മാറിത്തീര്‍ന്നതിന്റെ ചരിത്രം പരിശോധിക്കുവാന്‍.
തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ അനുഷ്ഠാന ക്രമങ്ങളെയും ഐതിഹ്യങ്ങളെയും സ്വാംശീകരിച്ചതിന്റെ ഭാഗമായാണ് പുരാണങ്ങളില്‍ ഭദ്രകാളി ഐതിഹ്യങ്ങള്‍ ഇടം പിടിച്ചത്. എന്തെന്നാല്‍ ബ്രാഹ്മണരുടെ ആരാധനാമൂര്‍ത്തി ആയിരുന്നില്ല കാളി. വൈഖാനസ ധര്‍മ്മസൂത്രത്തില്‍ പാര്‍ശവര്‍ എന്ന അബ്രാഹ്മണ വിഭാഗമാണ് കാളിയെ പൂജിക്കാന്‍ അവകാശപ്പെട്ടവര്‍ എന്ന് വ്യക്തമായി പറയുന്നുണ്ട് (143. 1-2 ). ബ്രഹ്മയാമള തന്ത്രത്തിലും സപ്തമാതൃക്കളെയും കാളിയെയും പൂജിക്കേണ്ടത് പാരശവര്‍ എന്ന അബ്രാഹ്മണ വിഭാഗങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ വളരെ സ്പഷ്ടമായി ബ്രാഹ്മണേതര പാരമ്പര്യ ക്രമത്തിനകത്ത് നിലനിന്നിരുന്ന കാളി പുരാണങ്ങളുടെ രചനാകാലത്താണ് ശിവന്റെ മകളായും പാര്‍വതിയുടെ അംശമായും ഒക്കെ രൂപാന്തരം കൈവരിക്കുന്നത്.
ലൈംഗിക താന്ത്രികാനുഷ്ഠാനം
താന്ത്രികാരാധനകളുടെ വളരെ പ്രധാനപ്പെട്ട ഒരു സവിശേഷത അത് ലൈംഗികാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെന്നതാണ്. ഉത്തരേന്ത്യന്‍ ബ്രഹ്മയാമളത്തില്‍ ശ്മശാനത്തില്‍ നടക്കുന്ന ലൈംഗിക താന്ത്രികാനുഷ്ഠാനത്തെ പറ്റി വിവരിക്കുന്നുണ്ട്. ആരാധനയുടെ ഭാഗമായി സാധകിയായ യോഗിനി എന്ന് സങ്കല്‍പിയ്ക്കപ്പെട്ട സ്ത്രീയെ സാധകന്‍ പൂജിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
കുല ക്രീഢ, കൗള ക്രീഡ എന്നിങ്ങനെ വിവരിക്കപ്പെടുന്നവ ലൈംഗിക - രത്യാനുഷ്ഠാനങ്ങളാണെന്ന് താന്ത്രിക ചരിത്രപണ്ഡിതനായ Alexis Sanderson വ്യക്തമാക്കുന്നുണ്ട്. വളരെ പ്രത്യക്ഷമായി നിലനിന്നിരുന്ന യോന്യാരാധന പില്‍ക്കാലത്ത് സിംബലൈസ് ചെയ്യപ്പെടുകയായിരുന്നുവെന്ന് The Touch of Sakthi എന്ന ഗ്രന്ഥത്തില്‍ Ernst Furlinger സമര്‍ത്ഥിക്കുന്നുണ്ട്. പ്രത്യക്ഷമായി നിലനിന്ന ലൈംഗിക യോന്യാരാധനയാണ് പിന്നീട് യോനീചക്രമായും ശ്രീചക്ര ആരാധനയായും പരിണമിച്ചത്.

കാശ്മീരിലെ ശ്രീവിദ്യാ സമ്പ്രദായത്തില്‍ ലൈംഗികാനുഷ്ഠാനങ്ങള്‍ ആരാധനാക്രമത്തിന്റെ ഭാഗമായിരുന്നുവെന്നും Furlinger നിരീക്ഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ സ്മാര്‍ത്ത ബ്രാഹ്മണരുടെ ജീവിതക്രമം താന്ത്രികതയില്‍ നേടിയ മേല്‍ക്കൈ ഇവിടെ ശ്രീചക്ര ആരാധനയ്ക്ക് പ്രചാരം നല്‍കുകയും ചെയ്തു. ഘോരരൂപിണിയായ കാളി ഒരു ശ്രീചക്ര മൂര്‍ത്തിയായി തീരുന്നതിന്റെ കാരണവും മറ്റൊന്നല്ല. 10-12 നൂറ്റാണ്ടുകളില്‍ രചിയ്ക്കപ്പെടുന്ന ലളിതാസഹസ്രനാമത്തില്‍ ദേവിയെ വിപ്ര പ്രിയ, വിപ്ര രൂപ എന്നൊക്കെ അടയാളപ്പെടുത്തുന്നതിലൂടെ വരുന്ന മാറ്റം തദ്ദേശീയ ആരാധന പൗരാണികമായി സ്വാംശീകരിയ്ക്കപ്പെടുന്നതിന്റെ കൂടി ദൃഷ്ടാന്തമാണ്.
സ്ത്രീകള്‍ക്ക് കൽപിച്ചുകൊടുത്തത് ഭര്‍ത്താവിന്റെ പാദസേവ മാത്രം
പ്രാചീന ശക്തി തന്ത്ര പാരമ്പര്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുമ്പോള്‍ സ്ത്രീകള്‍ താന്ത്രിക കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നു എന്ന് കാണാം. താന്ത്രികരായ സ്ത്രീകളെ സാധകി, യോഗിനി, ശക്തി എന്നിങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്. ഭവഭൂതിയുടെ മാലതീ മാധവത്തില്‍ (C E 8) സിദ്ധി കൈവരിച്ച് ആകാശത്തില്‍ ഗമനം ചെയ്യുന്ന താന്ത്രികയായ സ്ത്രീയെ പറ്റി പരാമര്‍ശിക്കുന്നുണ്ട്.
താന്ത്രികാരാധനകളിലുള്ള സ്ത്രീകളുടെ പ്രധാന്യത്തെ പറ്റി സിദ്ധ യോഗേശ്വരീമതം, തന്ത്രസദ്ഭാവം, പരാത്രിംശികാ വിവരണം തുടങ്ങിയ തന്ത്ര ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അനുഷ്ഠിയ്‌ക്കേണ്ട താന്ത്രിക കര്‍മങ്ങളെ കുറിച്ച് ബ്രഹ്മയാമള തന്ത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രസിദ്ധ താന്ത്രിക ചരിത്ര പണ്ഡിതനായ Alexis Sanderson അദ്ദേഹത്തിന്റെ പഠനത്തില്‍ സ്ത്രീകള്‍ താന്ത്രികാരാധനകള്‍ നിര്‍വഹിച്ചിരുന്നതായി തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്.
കാലക്രമത്തില്‍ ആര്‍ത്താവാശുദ്ധിയുമായി ബന്ധപ്പെട്ട ശുദ്ധി സങ്കല്‍പങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കരിച്ചു. ആര്‍ത്തവ രക്തം ദേവിയെ ആവാഹിച്ച ത്രിശൂലത്തില്‍ അഭിഷേകം ചെയ്യുന്നതിനെ പറ്റി ജയദ്രഥ യാമളത്തില്‍ വിവരിക്കുന്നുണ്ട്. ഇതിലൂടെ വ്യക്തമാവുന്നത് ആര്‍ത്താവാശുദ്ധി സങ്കല്‍പങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കൃതരാക്കുകയാണുണ്ടായത് എന്നാണ്.
വര്‍ണ്ണാശ്രമ ധര്‍മ്മത്തിന്റെ വക്താക്കളായ ബ്രാഹ്മണ പൗരോഹിത്യ ശക്തികളാണ് ഇതിന്റെ വക്താക്കള്‍. 10-ാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെട്ട ബൃഹത് കാലോത്തരതന്ത്രം പറയുന്നത് സ്ത്രീകള്‍ ഭര്‍ത്താവിന്റെ പാദസേവ ചെയ്താല്‍ മാത്രം മതി അവര്‍ക്ക് മോക്ഷം ലഭിക്കും എന്നാണ്. ഇങ്ങനെ ആത്മീയ പദവിയിലൂടെ സ്വതന്ത്രാസ്ഥിത്വം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കടിഞ്ഞാണിട്ട് പിതൃമേധാവിത്വത്തിന് കീഴില്‍ നിലനിര്‍ത്താന്‍ പാതിവ്രത്യം മുതലായ സങ്കല്‍പങ്ങളിലൂടെ കഴിഞ്ഞു.
കാളി എന്താണിത്ര കോപാകുലയായത്?
കാളിയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ തുടങ്ങിയതിനു പിന്നില്‍ യുദ്ധങ്ങളുടെയും കലഹങ്ങളുടെയും ചരിത്രം കൂടി ഉള്‍ച്ചേരുന്നുണ്ട്. നാടുവാഴി പ്രഭുക്കളും രാജാക്കന്മാരും യുദ്ധവിജയത്തിനും രാജ്യാഭിവൃദ്ധിക്കും വേണ്ടിയാണ് കാളി ക്ഷേത്രങ്ങള്‍ നിര്‍മിച്ച് ആരാധിക്കാന്‍ തുടങ്ങിയതെന്ന് Sanderson വാദിക്കുന്നുണ്ട്. കാളീ പ്രതിഷ്ഠയെ പറ്റി വിവരിക്കുന്ന ബ്രഹ്മയാമളത്തില്‍ രാജ്യാഭിവൃദ്ധിക്കും യുദ്ധജയത്തിനും കാളിയെ പ്രതിഷ്ഠിക്കണമെന്ന് നിര്‍ദ്ദേശിയ്ക്കുന്നു. ഉഗ്രരൂപിണിയായ കാളിയുടെ ആരാധന നാടുവാഴികള്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. ശത്രുസംഹാരിണിയായ കാളി ചരിത്രത്തില്‍ കൂടുതല്‍ സ്ഥാനപ്പെടുത്തപ്പെട്ടത് ഇങ്ങനെയാണ്. കാളിയെ പ്രീതിപ്പെടുത്താന്‍ ആനയെ പോലും ബലി കൊടുക്കുന്നതിനെ പറ്റി ബ്രഹ്മയാമളത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ചുരുക്കത്തില്‍ കാളിയെ കോപാകുലയാക്കി നിലനിര്‍ത്തി സങ്കല്‍പിക്കേണ്ടത് കലഹങ്ങളുമായി കഴിഞ്ഞിരുന്ന നാടുവാഴികളുടെ ആവശ്യകത കൂടി ഉള്‍ച്ചേര്‍ന്നത് ആയിരുന്നു. കാളി അനുഗ്രഹിച്ച് നല്‍കിയ വാളുമായി യുദ്ധത്തിന് പോയി ജയിയ്ക്കുന്ന രാജാവിനെ പറ്റി ആചാര്യ ദണ്ഡി ദശകുമാര ചരിതത്തില്‍ (CE7 ) വിവരിക്കുന്നുണ്ട്. കാളിയുടെ കോപം യുദ്ധവിജയത്തിന്റെ അനുഗ്രഹ ശക്തിയാണെന്നും വിശ്വസിക്കപ്പെട്ടു.
കോപാപിഷ്ഠയായ കാളിയെ ശിവന്റെ കണ്‍സോര്‍ട്ടായി മാറ്റിയതിലൂടെ ആ കോപത്തെ പോലും പിതൃമേധാവിത്വ വ്യവസ്ഥക്ക് കീഴ്‌പ്പെടുത്താന്‍ പൗരോഹിത്യം ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ കാളിയില്‍ വിരിയുന്ന ഭാവം കോപാവിഷ്ഠത അല്ലെന്നും ലൈംഗികതയുടെ ഉന്നതാവസ്ഥയില്‍ ഉടലെടുക്കുന്ന രതി ലഹരിയുടെ ഭാവമാണതെന്നും ബൗദ്ധതന്ത്രത്തില്‍ ഗവേഷണം നടത്തിയ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചില ബൗദ്ധദേവതകളിലും ഇത്തരം ഭാവാ വിഷ്ഠതകള്‍ കാണാം എന്നതാണ് അവരെ ഇത്തരം ഒരു അനുമാനത്തിലേക്ക് നയിക്കുന്നത്.
പിന്‍ മൊഴി: കാളിയുടെ ചരിത്രം എന്നത് മനുഷ്യര്‍ കടന്നുവന്ന വഴിത്താരകളുടെ ചരിത്രം കൂടി ഉള്‍ച്ചേര്‍ന്നതാണ്. ഇതാകട്ടെ ഭാവനയും അനുഷ്ഠാനവും സാമൂഹിക ജീവിത സന്ദര്‍ഭങ്ങളും വിലയം പ്രാപിച്ച ആരാധനാ ഇടമാണ്. കേരളത്തിലെ കാളി ആരാധനാ ചരിത്രം വിപുലമായി പഠിക്കേണ്ട മറ്റൊരു മേഖലയാണ്.
പ്രമോദ് പുഴങ്കര
Jan 30, 2021
8 Minutes Read
കെ.ആർ. ഷിയാസ്
Jan 04, 2021
10 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
ഡോ. തോമസ് ഐസക്
Nov 19, 2020
4 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Nov 17, 2020
21 Minutes Listening
ജോസഫ് കെ. ജോബ്
Nov 08, 2020
32 Minutes Read
റിമ മാത്യു
Oct 31, 2020
18 Minutes Read