തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ ​​​​​​​രാഷ്​ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്​

കാർബൺ പുറന്തള്ളുന്നവരല്ല, ആഗിരണം ചെയ്യുന്ന പച്ചപ്പിനെ സംരക്ഷിക്കുന്ന കർഷകരാണ് ആഗോളതാപനത്തിന്റെയും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യ ഇരകൾ, അവരെതന്നെ വീണ്ടും വീണ്ടും ബലിയാടാക്കുന്ന പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് എതിർക്കുന്നത്. ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 82 ൽ പ്രസിദ്ധീകരിച്ച ലേഖനം

നുഷ്യസംസ്‌കാരം ആരംഭിക്കുന്നത് കൃഷി ചെയ്യാനാരംഭിച്ചപ്പോഴാണെന്ന് "സ്റ്റോറി ഓഫ് സിവിലൈസേഷൻ'(Story of Civilization) എന്ന വിഖ്യാത പുസ്തകസമാഹാരത്തിന്റെ രചയിതാവ് വിൽ ഡ്യൂറൻറ്​ (Will Durant) പറഞ്ഞിട്ടുണ്ട്​. ആദ്യത്തെയും ആത്യന്തികവുമായ സംസ്‌കാരം കൃഷിയാണെന്ന (The first and foremost culture is agriculture) അദ്ദേഹത്തിന്റെ വാചകം എപ്പോഴും ഉദ്ധരിക്കപ്പെടുന്നതുമാണ്. അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാൻ കാട്​ വെട്ടിത്തെളിച്ചു. മണ്ണിളക്കി, കുഴിയെടുത്ത്​, ഒരേ സ്വഭാവമുള്ള വിളകൾ കൃഷിയിറക്കി, വിളവെടുത്ത്​, വെയിലത്തുണക്കി ശേഖരിച്ചുവച്ചു. മരങ്ങൾ മുറിച്ച് കൂര കെട്ടി സ്ഥിരതാമസമാക്കി. ഇതെല്ലാം പ്രകൃതിക്കും പരിസ്ഥിതിക്കും എതിരായിരുന്നു. കൃഷി അതിനാൽ തന്നെ പ്രകൃതിവിരുദ്ധവും പരിസ്ഥിതി നശിപ്പിക്കുന്നതുമാണെന്ന് കാണേണ്ടിവരും.

മൃഗത്തിൽനിന്ന് സാംസ്‌കാരിക മനുഷ്യനിലേക്കുള്ള പരിണാമം തന്നെ പ്രകൃതി വിരുദ്ധമായിരുന്നു എന്നു​ കാണേണ്ടിവരും. തുടർന്നങ്ങോട്ടുള്ള മനുഷ്യന്റെ മുഴുവൻ മുന്നേറ്റങ്ങളും പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്തും രൂപം മാറ്റിയുമായിരുന്നു. അതിനാവശ്യമായ അറിവും സങ്കേതങ്ങളും കൈവശമുണ്ടായിരുന്നവർ അതില്ലാത്തവരുടെമേൽ അധീശത്വം സ്ഥാപിക്കുകയും മനുഷ്യനെതന്നെ ചൂഷണം ചെയ്യുകയും ചെയ്ത് സാമ്രാജ്യത്വശക്തികളും കോർപറേറ്റുകളുമായി മാറി.
ആവശ്യത്തിനും അനിവാര്യതക്കും വേണ്ടി തുടങ്ങിയ പ്രകൃതിചൂഷണം ആർത്തിക്ക് വഴിമാറി, പരിധികളെല്ലാം കടന്ന് മുന്നോട്ടുപോയപ്പോൾ എല്ലാം നശിച്ച് നാറാണക്കല്ലാവുന്നവരുടെ കൂടെ തങ്ങളും പെട്ടുപോവുമെന്ന തിരിച്ചറിവിൽനിന്ന് മേധാവിത്വം നേടി അവർ, ഭൂമിയെ സംരക്ഷിക്കാനിറങ്ങി. അങ്ങനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം, ലോകക്രമത്തിലെ കീഴാള വിഭാഗമായ പിന്നാക്കരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും മേൽ കെട്ടിവയ്ക്കാനാണ് വൻ സാമ്പത്തിക സാമ്രാജ്യത്വ ശക്തികൾ ശ്രമിച്ചത്​. അത് ഔപചാരികമായി തുടങ്ങുന്നത് 1972 ൽ സ്റ്റോക്ക് ഹോമിൽ ഐക്യരാഷ്ട്രസംഘടനയുടെ ആദ്യ പരിസ്ഥിതി സമ്മേളനത്തോടെയാണ്. അതിന്റെ 50ാം വാർഷികത്തിലാണ് നമ്മളിപ്പോൾ പരിസ്ഥിതി സംരക്ഷണത്തിന്റെ ഇരകളെ പറ്റി സംസാരിക്കുന്നതെന്നത്​ വൈരുദ്ധ്യമാവാം.

പരിസ്ഥിതി സംരക്ഷണത്തിനുപിന്നിലെ ആഗോള രാഷ്ട്രീയം
മുൻപ് പ്രകൃതിവിഭവങ്ങളെയും മനുഷ്യനെയും ചൂഷണം ചെയ്ത് സമ്പന്നരാവാൻ രാജ്യങ്ങളെ കീഴടക്കി കോളനികൾ സൃഷ്ടിച്ചവർ, അങ്ങനെയുണ്ടാക്കിയ സമ്പത്തുപയോഗിച്ച് അവികസിത- വികസ്വര രാഷ്ട്രങ്ങളുടെ അവകാശം കവരാൻ ശ്രമിക്കുന്നതാണ് പരിസ്ഥിതി സംരക്ഷണത്തിനുപിന്നിലെ ആഗോളരാഷ്ട്രീയം. ആഗോളതാപനവും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനവും തടയാൻ ഒരോ രാഷ്ട്രങ്ങൾക്കും ഹരിതഗ്രഹവാതകങ്ങളുടെ ബഹിർഗമനപരിധി നിശ്ചയിച്ചതും ​അതിന്റെ ക്രയവിക്രയം സംബന്ധിച്ച 1992 ലെ റിയോ പ്രഖ്യാപനങ്ങളും (Rio Summit) 1997 ലെ യോട്ടോ (Kyoto) പ്രോട്ടോക്കോളുമൊക്കെ രാഷ്ട്രങ്ങൾ തമ്മിലുള്ള വിലപേശലിനും സമ്മർദ്ദത്തിനും കാരണമാവുന്നുണ്ട്.

മനുഷ്യസംസ്‌കാരം ആരംഭിക്കുന്നത് കൃഷി ചെയ്യാനാരംഭിച്ചപ്പോഴാണെന്ന് ‘സ്റ്റോറി ഓഫ് സിവിലൈസേഷൻ' (Story of Civilization) എന്ന വിഖ്യാത പുസ്തകസമാഹാരത്തിന്റെ രചയിതാവ് വിൽ ഡ്യൂറൻറ്​ (Will Durant) പറഞ്ഞിട്ടുണ്ട്​. / Photo : markandlloyd.com

2015 ൽ പാരിസിൽ കൂടിയ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലെ തീരുമാനങ്ങളനുസരിച്ചുള്ള രാഷ്ട്രങ്ങളുടെ പ്രതിബദ്ധതകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും പൂർത്തിയായിട്ടില്ല. 2021 ൽ സ്‌കോട്ട്​ലാൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന COP- 26 (Conference of the Parties) സമ്മേളനവും ഉദ്ദേശിച്ച ഫലം കണ്ടില്ല. 2022 ഒക്ടോബറിൽ ഈജിപ്തിൽ നടക്കുന്ന COP- 27 സമ്മേളനമാണ് അടുത്തത്. ഈ സമ്മേളനങ്ങളിലെ വിലപേശലുകളിൽ ഇന്ത്യയുൾപ്പെടെയുള്ള അവികസിത- വികസ്വര രാഷ്ടങ്ങൾ പൊതുവായതും എന്നാൽ തരം തിരിച്ചതുമായ ഉത്തരവാദിത്തിനായി (Common But Differentiated Responsibility - CBDR) വാദിക്കുകയാണ്. മുൻകാലങ്ങളിൽ നടത്തിയ കാർബൺ ബഹിർഗമനം കൂടി കണക്കിലെടുത്തുവേണം, ബഹിർഗമന പരിധിയും പരിഹാര മാനദണ്ഡങ്ങളും നിശ്ചയിക്കേണ്ടതെന്നാണ് നിലപാട്. എന്നാൽ വൻ സാമ്പത്തിക ശക്തികളായ അമേരിക്കയും യൂറോപ്യൻ യൂണിയനുമൊന്നും ഇതിനോട് പൂർണമായും യോജിക്കുന്നില്ല. കൂടുതൽ നാശമുണ്ടാക്കിയവർ മറ്റുള്ളവർക്ക് നഷ്ടപരിഹാരം നൽകണമെന്ന, ഇന്ത്യ ഉൾപ്പെയുള്ള വികസ്വര രാജ്യങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യവും ഫലം കണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യയിൽ നടക്കുന്ന ആഗോള താപന ലഘൂകരണ (mitigation) പദ്ധതിയെയും പ്രകൃതിസംരക്ഷണ ശ്രമങ്ങളെയും (Conservation initiatives) സമീപിക്കാൻ.

1972 ലെ സ്റ്റോക്‌ഹോം സമ്മേളനത്തിന്റെ ചുവടുപിടിച്ച്​ പരിസ്ഥിതി സംരക്ഷണം പ്രാധാന്യത്തോടെ സമീപിക്കണ്ട വിഷയമായി പരിഗണിക്കപ്പെട്ടു. വനസമ്പത്തും ജൈവവൈവിധ്യവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതാണെന്ന അവബോധം
ശക്തമായി. വികസിത രാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്​ പണം മാറ്റിവയ്ക്കുകയും കൃത്യമായ അജണ്ട വച്ച് തന്ത്രങ്ങളാവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സംരക്ഷണത്തിന്റെ ബാധ്യത മൂന്നാം ലോക രാജ്യങ്ങൾക്കുമേൽ ചാർത്തിക്കൊടുക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിലൂടെ പരിസ്ഥിതിനാശത്തിന്റെ തോത്​ കുറക്കുക മാത്രമല്ല, ഈ രാജ്യങ്ങളുടെ വികസനവും സാമ്പത്തികവളർച്ചയും തടയുക എന്നതും പ്രധാന ലക്ഷ്യമായിരുന്നു. സാമ്പത്തിക അധീശത്വം സ്ഥാപിക്കാൻ ജലവൈദ്യുതി ഉൾപ്പെടെയുള്ള വൻ വികസനപദ്ധതികൾക്ക് വായ്പയായി സാമ്പത്തിക സഹായം നൽകുന്നതിന്​ വഴിയൊരുക്കാനും വഴങ്ങാത്തവരെ വരുതിയിലാക്കാനും ഈ പ്രവർത്തനങ്ങളെ ഉപയോഗിച്ചു. ഇതിനായി സർക്കാർ സംവിധാനങ്ങളെ തന്നെ സ്വാധീനിച്ച് വരുതിയിലാക്കുക, ഭരണനേതൃത്വങ്ങളുമായി നയതന്ത്ര ഉടമ്പടി ഉണ്ടാക്കുക, സർക്കാരിതര സംഘടനകൾ രൂപീകരിക്കുകയും സാമ്പത്തിക സഹായം നൽകുകയും അവരിലൂടെ തദ്ദേശീയ ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ അജണ്ടകൾക്കനുസൃതമായ പൊതുബോധസൃഷ്ടി നടത്തുകയും ചെയ്യുക തുടങ്ങി ബഹുമുഖ തന്ത്രങ്ങളാണ് സ്വീകരിച്ചുപോരുന്നത്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം മറയാക്കിയുള്ള കോളനിവൽക്കരമാണ് (Enviormental Colonialism) ലക്ഷ്യം വയ്ക്കുന്നത്.

Photo : Extinction Rebellion Glasgow, Fb Page

ഒരു കാലത്ത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കോളനികളാക്കി കൊള്ളയടിച്ച സമ്പത്തുപയോഗിച്ച്​ സുഖലോലുപരായി ജീവിച്ചതുവഴിയുണ്ടായ ആഗോളതാപനവും അതുമൂലമുള്ള കാലാവസ്ഥാവ്യതിയാനത്തെയും മറികടക്കാൻ അതേ സമ്പത്തുപയോഗിച്ച് കൊള്ളയടിക്കപ്പെട്ട രാജ്യങ്ങളുടെ വികസനം തടയുകയും ജനങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുകയെന്നതാണ് പുതിയ കാലത്തെ കോളനിവൽക്കരണത്തിന്റെ കാതൽ.

പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാത്ത കരാറുകൾ

ലോക സാമ്പത്തികശക്തികളുടെ മുകളിൽ സൂചിപ്പിച്ച പ്രകാരമുള്ള ഇടപെടൽ വലിയതോതിൽ നടന്ന രാജ്യമാണ് ഇന്ത്യ. അന്തർദേശീയ കരാറുകളും രാജ്യങ്ങൾ തമ്മിലുള്ള കരാറുകളുമൊക്കെ (Conventions, Covenants, Treaties) ഇന്ത്യയിലെ കാർഷിക പ്രാദേശിക സമ്പദ്ഘടനകൾക്ക്​ ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. ഗാട്ട്, ആസിയാൻ, സാഫ്റ്റാ തുടങ്ങിയ കരാറുകളും ഇന്ത്യ- ശ്രീലങ്കൻ സ്വതന്ത്ര വ്യാപാര കരാറുമൊക്കെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും സംബന്ധിച്ച അന്തർദേശീയ ഉടമ്പടികളും പ്രതിബദ്ധതകളും ഗൗരവതരമായ ചർച്ചകളും കൂടിയാലോചനകളും കൂടാതെ നിയമങ്ങളാക്കുകയും സ്ഥാപനങ്ങളാവുകയും ചെയ്തതും രാജ്യത്തിന്റെയും പൗരൻമാരുടെയും അവകാശങ്ങൾ നിഷേധിക്കുകയോ ചുരുക്കുകയോ ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെയും ജനങ്ങളുമായും താത്പര്യത്തെ ബാധിക്കുന്ന അന്തർദ്ദേശീയ കരാറുകളും കവനന്റുകളും ട്രീറ്റികളും കൺവെൻഷനുകളുമൊന്നും പാർലമെൻറ്​ ചർച്ച ചെയ്യണമെന്നോ അംഗീകരിക്കണമെന്നോ ഇന്ത്യൻ ഭരണഘടന നിർദേശിക്കുന്നില്ല.

മറ്റ് രാജ്യങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി ഇന്ത്യയിൽ അന്തർദേശീയ കരാറുകളിലേർപ്പെടുന്നതിനുള്ള അധികാരം പൂർണമായും എക്‌സിക്യൂട്ടീവിനാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യത്തെ ബാധിക്കുന്ന അന്തർദേശീയ കരാറുകളും കവനന്റുകളും ട്രീറ്റികളും കൺവെൻഷനുകളുമൊന്നും പാർലമെൻറ്​ ചർച്ച ചെയ്യണമെന്നോ അംഗീകരിക്കണമെന്നോ ഇന്ത്യൻ ഭരണഘടന നിർദേശിക്കുന്നില്ല. ഇത്തരം അന്തർദേശീയ കരാറുകളിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ നിലവിലില്ലായെന്നത് ഗൗരവമുള്ള യാഥാർത്ഥ്യമാണ്. പാർലമെന്റും നിയമസഭകളും അറിയാതെ, ജനാധിപത്യപരമായി ചർച്ച ചെയ്യാതെ അന്തർദേശീയ കരാറുകളിലൂടെ രൂപപ്പെട്ടുവരുന്ന ഉത്തരവാദിത്വങ്ങൾ പിന്നീട് നിയമങ്ങളാവുന്നു, സർക്കാർപദ്ധതികളാവുന്നു, അവകാശ നിയന്ത്രണങ്ങളോ നിരോധനങ്ങളോ ആവുന്നു എന്നത് ജനാധിപത്യ സംവിധാനത്തിനുതന്നെ വെല്ലുവിളി ഉയർത്തുന്നു. മാത്രമല്ല, ഇപ്രകാരം നിയമനിർമാണം നടത്തുകയോ നടപടികളുണ്ടാവുകയോ ചെയ്താൽ അത് തങ്ങളുടെ പ്രവർത്തനങ്ങളുടെയും ലോബിയിങ്ങിന്റെയും ഫലമായാണെന്ന് ധനസഹായം നൽകിയ അന്താരാഷ്ട്ര ഏജൻസികൾക്ക് റിപ്പോർട്ടയക്കുന്ന എൻ.ജി.ഒകൾ ഇവിടെ ​പ്രർത്തിക്കുന്നുമുണ്ട്. അതിന്റെയെല്ലാം തലപ്പത്ത് ഭരണകർത്താക്കളുടെയും അധികാരികളുടെയും ഉറ്റവരും ബന്ധുക്കളുമാണെന്നതും ശ്രദ്ധേയമാണ്.

എന്നാൽ മറ്റു രാജ്യങ്ങളിൽ, ഉദാഹരണമായി അമേരിക്കയിൽ, എല്ലാ അന്തർദേശീയ കരാറുകളും കോൺഗ്രസിൽ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യണം എന്നുമാത്രമല്ല, ഏതെങ്കിലും സ്റ്റേറ്റിൽ നടപ്പിലാക്കണമെങ്കിൽ, അവിടുത്തെ കൗൺസിൽ കൂടി അംഗീകരിക്കണം. അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയില്ലാത്ത ഒരു അന്താരാഷ്​ട്ര കരാറിനും അവിടെ നിയമസാധുതയില്ല.

അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയിയാത്ത ഒരു അന്താരാഷ്​ട്ര കരാറിനും അവിടെ നിയമസാധുതയില്ല. / Photo : Wikimedia Commons

ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ ലേഖകൻ പാർലമെന്റംഗമായിരുന്നപ്പോൾ രണ്ട്​ സ്വകാര്യബില്ലുകൾ അവതരിപ്പിച്ചിരുന്നു.
1. ഭരണഘടനയുടെ 253ാം അനുച്ഛേദം ഭേദഗതി ചെയ്ത്, മറ്റ് രാജ്യങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നതിന് പാർലമെൻറിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന ബിൽ (Constitution Amendment Bill 2017 - Amendment of Art 253).
2. റഗുലേഷൻ ഓഫ്​ ഇൻറർനാഷനൽ ട്രീറ്റീസ്​, അഗ്രിമെൻറ്​സ്​, കൺവെൻഷൻസ്​ ആൻറ്​ കവനൻറ്​സ്​​ ബിൽ (Regulation of International Treaties, Agreements, conventions, and covenants Bill 2017).

പരിസ്?ഥിതിലോല മേഖല: എന്താണ്? യാഥാർഥ്യം?

ഈ പശ്ചാത്തലത്തിൽ വേണം മലയോരമേഖലയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംരക്ഷിത മേഖലകൾ സൃഷ്ടിക്കാനും അവയ്ക്ക് സംരക്ഷണമെന്ന നിലയിൽ കൂടുതൽ പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലയായി (ESZ or ESA) പ്രഖ്യാപിക്കാനുമുള്ള നീക്കങ്ങളെ കാണാൻ.

പ്രൊഫ. മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതിയെ (Western Ghats Ecology Expert Panel - WGEEP) 2010 ൽ നിയമിക്കുന്നതുതന്നെ, പശ്ചിമഘട്ടത്തിൽ ലോക പൈതൃക പദവിക്കായി കേന്ദ്രഗവൺമെൻറ്​ നിർദ്ദേശിച്ച പ്രദേശങ്ങൾക്ക് സംരക്ഷണവലയമില്ലെന്ന ലോക പൈതൃക സമിതിയുടെ (World Heritage Committee) കണ്ടെത്തലിനെ മറികടക്കുന്നതിനുവേണ്ട നിർദേശങ്ങൾ സമർപ്പിക്കുന്നതിനായിരുന്നു. 2012 ൽ വനം വകുപ്പ്, വന്യജീവിസങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമായി പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതിനുപിന്നിലും ഇതുപോലൊരു പശ്ചാത്തലമുണ്ട്​. ഇത്തരം ശ്രമങ്ങൾക്കെല്ലാം പിന്നിൽ സമാനമായ കുറെയേറെ ഘടകങ്ങളുമുണ്ട്.

മാധവ് ഗാഡ്ഗിൽ

1972 ലെ വന്യജീവി സംരക്ഷണനിയമവും, 1980 ലെ വനസംരക്ഷണ നിയമവും, 1986 ലെ പ്രകൃതി സംരക്ഷണ നിയമവും, 2010 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയമവുമുൾപ്പെടെ പരിസ്ഥിതിയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക നിയമങ്ങളും നിർമിച്ചിട്ടുള്ളത് അന്തർദേശീയ കരാറുകളുടെ അടിസ്ഥാനത്തിലുള്ള പ്രതിബദ്ധതയുടെ പേരിലാണ്. ഇതിനു ചുവടുപിടിച്ച് കേരളത്തിലും നിയമനിർമാണങ്ങളുണ്ടായിട്ടുണ്ട്. അപ്രകാരമുള്ള ഒന്നാണ്, കൃഷിക്കാരുടെ ഭൂമി നയാപൈസ നഷ്ടപരിഹാരം നൽകാതെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം ചെയ്ത് ഏറ്റെടുക്കുന്നതിന് അധികാരം നൽകുന്ന, 2003 ലെ കേരള വനം (പരിസ്ഥിതി ദുർബല പ്രദേശ ഭൂമി ഏറ്റെടുക്കലും കൈകാര്യം ചെയ്യലും) നിയമം. (The Kerala Forest - Vesting and Management of Ecologically Fragile Lands- Act, 2003).
2000 ൽ കേരള ഗവൺമെൻറ്​ ഓർഡിനൻസായി കൊണ്ടുവന്ന് 2005 ൽ നിയമസഭ ഏകകണ്​ഠമായി പാസാക്കിയ ഈ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നത്, ഇൻറർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്​ നേച്ചർ ആൻറ്​ നാച്ചുറൽ റിസോഴ്​സസ്​ (IUCN) എന്ന സംഘടന പശ്ചിമഘട്ടത്തെ ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതുകൊണ്ട്, അവ സംരക്ഷിക്കാൻ നിയമമുണ്ടാക്കുന്നു എന്നാണ്.

ഈ നിയമം നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ ഒരു നിയമസഭാംഗം പോലും, സ്വന്തം കിടപ്പാടത്തിൽ നിന്ന്​ നിരാലംബരായി പുറത്തുപോകേണ്ടിവരുന്ന, തലമുറകളായി ആ മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന മനുഷ്യന്റെ ദുര്യോഗത്തെക്കുറിച്ച്​ പറയുകയോ ഒരു ദീർഘനിശ്വാസം കൊണ്ട് പ്രതിലോമകരമായ ആ നിയമത്തെ ചെറുക്കുകയോ ചെയ്തില്ല. ഇതിൽനിന്ന്​വ്യക്തമാകുന്നത്, നമ്മുടെ പൊതുബോധം എത്രത്തോളം കർഷക വിരുദ്ധമാണെന്നാണ്. സ്വന്തമായുള്ള ഒരിഞ്ച്​ ഭൂമിപോലും പൊതുആവശ്യത്തിന്​ മാറ്റിവയ്ക്കാത്ത മലയാളിയുടെ കപടമായ പരിസ്ഥിതി ആഭിമുഖ്യം വെളിവാക്കുന്നതാണ് തെരുവിലേക്കെറിയെപ്പെടുന്നവരോട്​ പക്ഷം ചേരാൻ കാണിച്ച നിസ്സംഗത. ഈ നിയമമുപയോഗിച്ച്​ നൂറുകണക്കിന് മനുഷ്യരാണ് തെരുവിലറക്കപ്പെടുകയോ തീരാവ്യവഹാരങ്ങളിൽപ്പെടുകയോ ചെയ്ത് അഭയാർത്ഥികളായത്.

Photo : acesplacesandplates.com

2003 മുതൽ 2007 വരെ ഇടുക്കി ജില്ലയിൽ മൂന്ന് ദേശീയ ഉദ്യാനങ്ങളും ഒരു വന്യജീവി സങ്കേതവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. 2003ൽ മതികെട്ടാൻചോല ദേശീയ ഉദ്യാനം- 1280 ഹെക്ടർ, 2003 ൽ പാമ്പാടുംചോല ദേശീയ ഉദ്യാനം- 130 ഹെക്ടർ, 2003ൽ ആനമുടി ദേശീയ ഉദ്യാനം- 750 ഹെക്ടർ, 2006 ൽ കുറിഞ്ഞിമല വന്യജീവി സങ്കേതം- 3200 ഹെക്ടർ എന്നിവയാണത്. മതികെട്ടാൻചോല ദേശീയ ഉദ്യാനം പ്രഖ്യാപിക്കുന്നതിന്​ മുന്നോടിയായി, 1822 മുതൽ ഏലം കൃഷി ചെയ്തിരുന്നതിന് രേഖകളുണ്ടായിരുന്ന കൃഷിക്കാർക്ക് രേഖകൾ ഹാജരാക്കുന്നതിനുപോലും ആവശ്യമായ സമയം നൽകാതെ 2002ൽ സർക്കാർ ഉത്തരവിലൂടെ ഭൂമി പിടിച്ചെടുക്കുകയായിരുന്നു. 130, 750, 1280 ഹെക്ടർ മാത്രമായി ദേശീയ ഉദ്യാനം പ്രഖ്യാപിച്ച് അവയ്ക്കുചുറ്റും പരിസ്ഥിതിലോല മേഖല സൃഷ്ടിക്കുന്നത് പൊതുതാൽപര്യം മുൻനിർത്തിയാണെന്ന് പറയാനാവില്ല.

ജനവിരുദ്ധപദ്ധതികളുണ്ടാകുന്നത്? ഇങ്ങനെ

കേരളത്തിലെ വനവിസ്​തൃതിയുടെയും സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വനം- വന്യജീവി വകുപ്പിന്റെ പദവികളുടെ എണ്ണം നിശ്ചയിക്കുന്നത്. മുൻപ് ഒരുകൺസർവേറ്ററും ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാരും അതിനുതാഴെ റെയ്ഞ്ച് ഓഫീസർ ഉൾപ്പടെയുള്ള ഫീൽഡ് സ്റ്റാഫുമായിരുന്നു വകുപ്പിലുണ്ടായിരുന്നത്. ഇന്ന് മുഖ്യവനപാലകൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, അതിനുകീഴിൽ ഒട്ടനവധി കേഡർ തസ്തികകൾ സൃഷ്ടിച്ച് ശമ്പളവും ആനുകൂലങ്ങളും കൂടിയ പെൻഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താൻ വനവിസ്​തൃതി കൃത്രിമമായി കൂട്ടിക്കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.

ഇതോടൊപ്പം, വനംവകുപ്പ് പങ്കാളിത്ത സംരക്ഷണമെന്ന മുഖാവരണം നൽകി നടപ്പിലാക്കുന്ന പദ്ധതികളെല്ലാം സർക്കാർ നിയന്ത്രണത്തിനുപുറത്തുള്ള സൊസൈറ്റികളായാണ് പ്രവർത്തിക്കുന്നത്. ഇവയുടെയൊന്നും കണക്കുകൾ സി.എ.ജി ഓഡിറ്റിംഗിന് ഈ അടുത്ത കാലംവരെ വിധേയമായിരുന്നില്ല. ഇപ്പോഴും അതുസംബന്ധിച്ച അവ്യക്തത നിലനിൽക്കുകയാണ്. വനംവകുപ്പ് നടത്തുന്ന മരാമത്ത് പണികൾ പരസ്യ ടെൻഡർ വഴിയല്ലായിരുന്നു അടുത്തകാലം വരെ കരാർ നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ ബിനാമികളായ കൺവീനർമാരുടെ പേരിൽ പ്രവർത്തികൾ നിർവഹിക്കുകയായിരുന്നു. അടുത്തകാലത്ത് ഇ- ടെൻഡർ കൊണ്ടുവന്നെങ്കിലും പഴയതുപോലെ ബിനാമി ഇടപാടുകളാണ് കൂടുതലും നടക്കുന്നതെന്ന്, ഇതിലൊന്നും പങ്കില്ലാത്ത താഴെത്തട്ടിലെ ആത്മാർത്ഥയുള്ള വനംവകുപ്പ് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കോ ഡവലപ്‌മെൻറ്​ കമ്മിറ്റികളുടെയും വനസംരക്ഷണ സമിതികളുടെയും മറവിൽ ആദിവാസി ഗോത്രവിഭാഗങ്ങൾക്കും തദ്ദേശീയ ജനവിഭാഗങ്ങൾക്കും 2006ലെ വനാവകാശ നിയമത്തിനുകീഴിൽ അവകാശപ്പെട്ട കമ്യൂണിറ്റി റൈറ്റും മറ്റവകാശങ്ങളും കവർന്നെടുക്കുകയും ദുർബല ജനവിഭാഗങ്ങള വനംവകുപ്പിന്റെ അടിമകളാക്കുകയും ചെയ്യുന്നു. അവർക്കവകാശപ്പെട്ടത് ചുരുക്കം നാണയതുട്ടുകളായി കൊടുത്ത് ഔദാര്യത്തിനായി കാത്തുനിൽക്കുന്ന ആശ്രിതരാക്കി ചൂഷണം ചെയ്യുകയാണ്. ഗോത്രജനവിഭാഗത്തിന്റെ ഉന്നമനത്തിന്​ രൂപം കൊടുത്ത ട്രൈബൽ വകുപ്പ് നോക്കുകുത്തിയായി വനം വകുപ്പിന് ഒത്താശ ചെയ്യുന്ന ദുരവസ്ഥയുമുണ്ട്.

ഇത്തരം നടപടികൾക്കെതിരെ ആരും രംഗത്തുവരാത്തവിധം ഒരുവിഭാഗം അധികാരികളെയും ഭരണകർത്താക്കളെയും മാധ്യമപ്രവർത്തകരെയും നീതിനിർവഹണ സംവിധാനത്തിലുള്ളവരെയും പരിസ്ഥിതി - സാംസ്‌കാരിക പ്രവർത്തകരെയും വരുതിയിലാക്കിയിരിക്കുകയാണ്​. അവർക്ക്​ വിദേശയാത്രയും അനുബന്ധ സൗകര്യങ്ങളും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരങ്ങളിലെ താമസവും കാടുകാണിക്കലും സൽക്കാരങ്ങളും ഒരുക്കികൊടുക്കുന്നു, എന്നിട്ട്​ ഇവരെ ആവശ്യനുസരണം ഉപയോഗിക്കുന്നു. ആരെങ്കിലും എതിർശബ്ദമുന്നയിച്ചാൽ പ്രലോഭനവും ഭീഷണിയും വ്യക്തിഹത്യയും തുടങ്ങി ഏതു ഹീനമാർഗമുപേയാഗിച്ചും അവരെ നിശ്ശബ്ദരാക്കാനോ ഇല്ലായ്മ ചെയ്യാനോ ശ്രമിക്കും.

ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെയും വനസംരക്ഷണ സമിതികളുടെയും മറവിൽ ആദിവാസി ഗോത്രവിഭാഗങ്ങൾക്കും അവകാശപ്പെട്ടത് ചുരുക്കം നാണയതുട്ടുകളായി കൊടുത്ത അവരെ് ഔദാര്യത്തിനായി കാത്തുനിൽക്കുന്ന ആശ്രിതരാക്കി ചൂഷണം ചെയ്യുകയാണ്. / Photo : Wikimedia Commons

യു.എൻ.ഡി.പിയുടെ (United Nations Development Programme) പങ്കാളിത്തത്തോടെയും ​ഗ്ലോബൽ എൻവയോൺമെൻറ്​ ഫെസിലിറ്റിയുടെ (Global Environment Facility) ധനസഹായത്തോടെയും ഇടുക്കിയിലെ മലയോരമേഖലയിൽ 16,200 ഹെക്ടർ ഭൂമി കൂടി സംരക്ഷിത വനമാക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇൻഡ്യ ഹൈറെയ്​ഞ്ച്​ ലാൻഡ്സ്കേപ്പ് പദ്ധതി എന്ന പേരിൽ. (India High Range Landscape Project - Developing an effective multiple-use management framework for conserving biodiversity in the mountain landscape of the High Ranges, the Western Ghats, India). വലിയ പരിശ്രമത്തിനൊടുവിലാണ് ആ പദ്ധതി മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെട്ടത്. അതു സംബന്ധിച്ച് യു.എൻ.ഡി.പി നടത്തിയ സ്വതന്ത്രാന്വേഷണത്തിൽ, എങ്ങനെയാണ് ജനവിരുദ്ധമായ പദ്ധതികളുണ്ടാവുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. (https://info.undp.org/sites/registry/secu/SECUPages/CaseFile.aspx?ItemID=6 ).

സുപ്രീംകോടതിയിലെത്താനാകാത്ത സാധാരണക്കാർ

ഈ പശ്ചാത്തലത്തിൽ വേണം, സംരക്ഷിതമേഖലക്കുചുറ്റും ഒരു കിലോമീറ്റർ പരിസ്​ഥിതിലോല മേഖല സൃഷ്ടിക്കണമെന്ന സുപ്രീംകോടതി വിധിയെ സമീപിക്കാൻ. നിലമ്പൂർ കോവിലകം വകയായിരുന്നതും പിന്നീട് സർക്കാർ ഏറ്റെടുത്തതുമായ സ്വകാര്യവനം സംബന്ധിച്ച് കോവിലകം തായ്​വഴിയിൽപെട്ട ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് 1995 ൽ സുപ്രീംകോടതിയിൽ റിട്ട്​ പെറ്റീഷൻ (Writ Petition ( Civil) NO-202/1995) ഫയൽ ചെയ്തു. 1980 ലെ വനസംരക്ഷന്ന നിയമപ്രകാരമുള്ള കേസുകളും പരിസ്ഥിതിവിഷയങ്ങളും പരിഗണിക്കുന്നതിനുള്ള കേസായി ഇത്​ പിന്നീട്​ മാറുകയും സുപ്രീംകോടതിയുടെ ഹരിതബഞ്ച് പരിഗണിച്ചുവരികയും ചെയ്യുകയാണ്.

ഗോദവർമൻ തിരുമൽപ്പാട്‌

2016 ജൂൺ ഒന്നിന്​ ഗോദവർമൻ തിരുമുൽപ്പാട് മരിച്ചതിനുശേഷം സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസായി മുന്നോട്ടുകൊണ്ടുപോവുകയാണ്. വനം -പരിസ്ഥിതി സംബന്ധമായ ഒട്ടനവധി മാർഗനിർദേശങ്ങൾ സുപ്രീംകോടതി ഈ കേസിൽ പുറപ്പെടുവിച്ചിട്ടുണ്ട്. പലപ്പോഴും സംരക്ഷണത്തിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ശബ്ദം സുപ്രീംകോടതിയിലെത്താറില്ല എന്ന നിരീക്ഷണമുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ സംഘടതിമായി പ്രവർത്തിക്കുന്ന സാമ്പത്തിക പിൻബലമുള്ള സന്നദ്ധ സംഘടനകളും സ്ഥാപിതതാത്പര്യമുള്ള അധികാര - ഭരണ സംവിധാനങ്ങളും കോടതിവ്യവഹാരങ്ങളെ മുന്തിയ അഭിഭാഷകരെ അണിനിരത്തിയും നിരന്തരം ഹർജികൾ സമർപ്പിച്ചും വരുതിയിലാക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതിനെല്ലാം കോടതികൾ വഴങ്ങുന്നു എന്നർത്ഥമാക്കുന്നില്ല. കോടതികൾക്കുമുന്നിൽ സാധാരണക്കാരുടെ വിഷയങ്ങൾ വേണ്ടവിധം അവതരിപ്പിക്കുന്നതിൽ ഭരണകൂടം വീഴ്ചവരുത്തുന്നു. മുൻപിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ കോടതികൾ വിധിപറയുമ്പോൾ അത്​ പലപ്പോഴും സാധാരണക്കാരുടെ താത്പര്യത്തിനെതിരാകും.

1986-ലെ പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3(3) വകുപ്പുപ്രകാരം രൂപം കൊടുക്കേണ്ട കേന്ദ്ര ഉന്നതാതികാര സമിതിയെ (Central Empowered Committee - CEC) കേന്ദ്രസർക്കാർ നിയമിക്കാതിരുന്നതിനെതുടർന്ന്​, 2002 മെയ് ഒമ്പതിന്​സുപ്രീംകോടതി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോട്, സമിതിയെ നിയമിക്കാൻ​ നിർദേശിച്ചു. 2002 സെപ്തംബർ 17 ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉന്നതാതികാര സമിതിയെ നിയമിച്ച് ഉത്തരവിറക്കി. ഇതിനുമുൻപ്, 2002 ജനുവരി 21ൽ, സംരക്ഷിത മേഖലകൾക്കുചുറ്റും പത്ത് കിലോമീറ്റർ പരിസ്​ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുസംബന്ധിച്ച് സംസ്ഥാനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കേന്ദ്രഗവൺമെന്റിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. സംരക്ഷിതമേഖലകൾക്കുചുറ്റും പരിസ്ഥിതിലോല മേഖല സൃഷ്ടിക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പിലാക്കമെന്ന ആവശ്യവുമായി ഗോവ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന 2004 ലാണ് സുപ്രീംകോടതി മുമ്പാകെ വരുന്നത് (WP(C) No 460/ 2004-Goa Foundation v Union of India). 2011 ഫെബ്രുവരി അഞ്ചിന്​, സംരക്ഷിത മേഖലകൾക്കുചുറ്റും പരിസ്​ഥിതിലോല മേഖല പ്രഖ്യാപിക്കാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട്​, ഉന്നതാധികാര സമിതി 2012 സെപ്റ്റംബർ 20ന്​ സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി മാർഗനിർദ്ദേശം പുറപ്പെടുവിക്കുകയും എല്ലാ സംസ്ഥാനങ്ങളോടും നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

തുടർച്ചയായുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുന്നു മുതൽ അഞ്ചു വരെ കിലോമീറ്റർ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പരിസ്​ഥിതിലോല മേഖല നിശ്ചയിക്കണമെന്ന നിർദ്ദേശം സംസ്ഥാനഗവൺമെന്റിനു മുന്നിൽവന്നു. / Photo : Adv. Joice George, Fb Page

സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, 2012-13 ൽ സംസ്ഥാന സർക്കാർ നിയമസഭാസമിതിയെ നിയമിച്ച് പഠനം നടത്തി. ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഉൾപ്പടെ, പരിസ്ഥിതി വിഷയങ്ങളിൽ സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലുമെല്ലാം നിരന്തരം വ്യവഹാരം നടത്തുന്ന ഗോവ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുകയും പരിസ്​ഥിതിലോല മേഖല നിശ്ചയിക്കാത്ത സംരക്ഷിത മേഖലകൾക്കുചുറ്റും അതുണ്ടാകുന്നതുവരെ 10 കിലോമീറ്റർ പരിസ്​ഥിതി ലോല മേഖലയായി പരിഗണിക്കണമെന്ന് ഉത്തരവുണ്ടാവുകയും ചെയ്തു.

തുടർന്ന് 2016ൽ, സംസ്ഥാന സർക്കാർ സംരക്ഷിതമേഖലക്കുചുറ്റും, പരിസ്​ഥിതി ലോല മേഖല നിശ്ചയിച്ച്​ നിർദ്ദേശം കേന്ദ്രഗവൺമെന്റിനു സമർപ്പിച്ചു. ലേഖകൻ പ്രതിനിധീകരിച്ചിരുന്ന ഇടുക്കി പാർലമെൻറ്​ മണ്ഡലത്തിലെ മുഴുവൻ സംരക്ഷിത മേഖലക്കുചുറ്റും ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയാണ് നിർദ്ദേശം തയ്യാറാക്കിയതും കേന്ദ്രത്തിനു സമർപ്പിച്ചതും. സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനമായി പ്രസിദ്ധീകരിച്ചു. 2018 ലെ മഹാപ്രളയത്തെ തുടർന്നുണ്ടായ ചർച്ചകളും ഇതുസംബന്ധിച്ച്​പൊതുവായുണ്ടായ മനോഭാവമാറ്റവും മൂലം സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അന്തിമമായി വിജ്ഞാപനം ചെയ്യപ്പെട്ടില്ല.

2019 ൽ സംരക്ഷിതമേഖലക്കുചുറ്റും പരിസ്​ഥിതി ലോല മേഖല പ്രഖ്യാപിക്കണമെന്ന നിർദേശം കേന്ദ്രഗവൺമെൻറ്​ വീണ്ടും മുന്നോട്ടുവയ്ക്കുകയും സുപ്രീംകോടതി നിർദ്ദേശപ്രകാരം പത്ത് കിലോമീറ്റർ നിലവിൽ പരിസ്​ഥിതി ലോല മേഖലയായി കണക്കാക്കണമെന്ന് നിഷ്‌കർഷിക്കുകയും ചെയ്തു. തുടർച്ചയായുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നു മുതൽ അഞ്ചു വരെ കിലോമീറ്റർ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പരിസ്​ഥിതിലോല മേഖല നിശ്ചയിക്കണമെന്ന നിർദ്ദേശം സംസ്ഥാനഗവൺമെന്റിനു മുന്നിൽവന്നു. ഈഘട്ടത്തിൽ ഒരുകിലോമീറ്റർ വരെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെ പരിസ്​ഥിതിലോല മേഖലയായി നിശ്ചയിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു.
തുടർന്ന് ഓരോ സംരക്ഷിതമേഖല സംബന്ധിച്ചും എം.പി., എം.എൽ.എ., ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്ന് നിർദേശം സമർപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വാർഡൻമാർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പെരിയാർ ടൈഗർ റിസർവിന്റെയും മറ്റെല്ലാ സംരക്ഷിത മേഖലകളുടെയും യോഗം ചേർന്നു. എന്നാൽ ചിലയിടങ്ങളിൽ ഇപ്രകാരം യോഗം നടന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

പെരിയാർ ടൈഗർ റിസർവ്. / Photo : @yadsul, Twitter

ജനപ്രതിനിധികൾ പങ്കെടുത്ത് ഇടപെടൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പെരിയാർ കടുവാസങ്കേതത്തിന്റെ പരിസ്​ഥിതിലോലമേഖലയായി, കുമളി ഉൾപ്പെടെ ഒഴിവാക്കി, നിലവിലുള്ള വനാതിർത്തിയായാണ് നിശ്ചയിച്ചത്. എന്നാൽ ബഹുഭൂരിപക്ഷം സംരക്ഷിതമേഖലക്കുചുറ്റും ജനവാസകേന്ദ്രങ്ങളെ ഉൾപ്പെടുത്തി പരിസ്​ഥിതിലോല മേഖല നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ വലിയ പ്രതിഷേധമുയരുകയും സർക്കാർ വിഷയം വീണ്ടും പരിഗണിക്കുകയും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി നിർദേശം നൽകാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയുമുണ്ടായി. ഇതുപ്രകാരം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ശിപാർശ കേന്ദ്രഗവൺമെന്റിനു സമർപ്പിക്കുകയും അത് പരിഗണിച്ചുവരുകയും ചെയ്യുന്ന ഘട്ടത്തിലാണ് സുപ്രീംകോടതി വിധി. ഇക്കാര്യത്തിൽ മുൻകാലങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി, കർഷകപക്ഷത്തുനിന്നുമുള്ള ജാഗ്രതയോടുകൂടിയ ഇടപെടലിന്റെ കൂടി ഫലമായി സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തവും ജനാഭിമുഖ്യമുള്ളതുമാണ്.

വിശ്വാസത്തിലെടുക്കണം, ജനങ്ങളെ

സുപ്രീംകോടതി വിധിപ്രകാരം വലിയതോതിലുള്ള പൊതുതാത്പര്യത്തെ മുൻ നിർത്തി സംരക്ഷിതമേഖലക്കുചുറ്റും പരിസ്​ഥിതിലോല മേഖല നിർദ്ദേശിക്കപ്പെട്ട ഒരു കിലോമീറ്ററിൽ കുറവുവരുത്താൻ സംസ്ഥാന സർക്കാരിന് നിർദ്ദേശിക്കാവുന്നതും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയവും ഉന്നതാധികാര സമിതിയും പരിഗണിച്ച് സുപ്രീംകോടതിയുടെ അനുമതിയോടെ നടപ്പിലാക്കാവുന്നതുമാണ്. നിലവിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിക്കാക്കി മതികെട്ടാൽചോല ഒഴിച്ചുള്ള സംരക്ഷിത മേഖലകളുടെ ചുറ്റുമുള്ള പരിസ്​ഥിതി ലോല മേഖലാ നിർദ്ദേശം സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുള്ളത് കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനയിലാണ്. ഇതിൽമേൽ സംസ്ഥാനത്തിന് അനുകൂലമായ തീരുമാനമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടാവാതെ നോക്കാനുള്ള ഉത്തരവാദിത്തം പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവിനുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ഗവൺമെൻറിന്റെ തീരുമാനം നടപ്പിലാക്കിക്കുന്നതിനുള്ള ഇച്ഛാശക്തിയുണ്ടാവണം.

പ്രകൃതിയും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊന്നും സംരക്ഷിക്കേണ്ടതില്ല എന്നല്ല പറഞ്ഞുവന്നത്​, മറിച്ച്, ഇത് നടപ്പിലാക്കേണ്ടത് ലോകം മുഴുവൻ അംഗീകരിച്ച സംരക്ഷണത്തിന്റെ മാർഗമായ, ജനങ്ങളുടെ ഇടപെടലോടും പങ്കാളിത്തത്തോടും മുൻകൂട്ടിയുള്ള അറിവോടെയുള്ള സമ്മതത്തോടും കൂടിയാവണം എന്നാണ്​. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിച്ചുകൊണ്ടുമാവണം. മലയോര കർഷകരെ സംബന്ധിച്ച് പരിസ്ഥിതിയും കാലാവസ്ഥയും അവരുടെ ജീവനും മണ്ണും പോലെ വിലപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. കാരണം, കൃഷി ചെയ്യുന്നത് പ്രത്യേക ട്രോപ്പിക്കൽ വ്യവസ്ഥയിലും കാലാവസ്ഥയിലും മാത്രം വളരുന്ന കാപ്പിയും കുരുമുളകും ഏലവുമുൾപ്പെടെയുള്ള ട്രോപ്പിക്കൽ വിളകളാണ്. കാലാവസ്ഥയിലെ ചെറിയ വ്യതിയാനം പോലും കൃഷിക്കാരുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവ് അവർക്കുണ്ട് - കൂടുന്ന ചൂടിനെ എയർകണ്ടീഷണർ കൊണ്ടും റഫ്രിജറേറ്റർ കൊണ്ടും പ്രതിരോധിച്ച് കൃഷി ചെയ്യാനാവില്ലല്ലോ?

മലയോര കർഷകരെ സംബന്ധിച്ച് പരിസ്ഥിതിയും കാലാവസ്ഥയും അവരുടെ ജീവനും മണ്ണും പോലെ വിലപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. / Photo : Parameswaran's Special Wynad Pepper, Fb Page

കാർബൺ പുറന്തള്ളുന്നവരല്ല, ആഗിരണം ചെയ്യുന്ന പച്ചപ്പിനെ സംരക്ഷിക്കുന്ന കർഷകരാണ് ആഗോളതാപനത്തിന്റെയും അതുമൂലമുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യ ഇരകൾ, അവരെതന്നെ വീണ്ടും വീണ്ടും ബലിയാടാക്കുന്ന പരിസ്ഥിതി സംരക്ഷണ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് എതിർക്കുന്നത്. മറ്റ് മാർഗമില്ലാതെ കുടിയേറി, സഹമനുഷ്യരെ പോറ്റാൻ അധ്വാനിച്ച് മരിച്ചവരുടെ പിൻമുറക്കാരായ മലയോര കർഷകർക്കും ജീവിക്കണം, ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളോടും കൂടി. അതിനെതിരായ എല്ലാ നടപടികളോടും ജനാധിപത്യപരമായി വിയോജിക്കും, തിരുത്തുന്നില്ലെങ്കിൽ ഏതറ്റംവരെ പോയിട്ടാണെങ്കിലും ചെറുക്കും.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 82 ൽ പ്രസിദ്ധീകരിച്ച ലേഖനം

Comments