‘നാലാംതൂണ്’ ആനുകൂല്യം പറ്റാൻ എത്ര മാധ്യമങ്ങൾക്ക് അവകാശമുണ്ട്?

മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ കണക്കായിപ്പോയി എന്ന തോന്നൽ സൃഷ്ടിച്ചതിൽ വ്യക്തിഹത്യയും അസത്യപ്രചാരണവും ഒക്കെ അവകാശമാണെന്ന് കരുതുന്ന മാധ്യമപ്രവർത്തകർക്കുള്ള പങ്കും ചെറുതല്ല- മാധ്യമപ്രവർത്തകൻ ടി.എം. ഹർഷൻ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

ടി.എം. ഹർഷൻ: വിമർശനം പുതിയ കാര്യമല്ല. വാർത്ത അറിയിക്കുന്നതിനൊപ്പം സിസ്റ്റത്തോടുള്ള വിമർശനം കൂടിയാണല്ലോ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിരന്തരം നടത്തുന്നത്. അതുകൊണ്ട് മാധ്യമങ്ങളുടെ വിമർശനവും വിമർശനങ്ങളോടുള്ള പ്രതിഷേധവും എല്ലാക്കാലവും സംഭവിച്ചുകൊണ്ടേയിരിക്കും. പൊതുബോധനിർമ്മിതിയുടെ ഉപകരണമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നിരുത്തരവാദപരമായി പെരുമാറിയാൽ മാധ്യമങ്ങളോടുള്ള വിമർശനവും രൂക്ഷമാവും. പക്ഷേ പിഴവുകളോ വീഴ്ചയോ ഭിന്നതാൽപര്യമോ മുൻനിറുത്തി ശാരീരികമോ മാനസികമോ ആയി ആക്രമിക്കുന്നത് ശരിയല്ല. മോശം ജേർണലിസം എന്നൊന്നുണ്ടെന്നത് മാധ്യമലോകം തന്നെ അംഗീകരിച്ച വസ്തുതയാണ്. മാധ്യമപ്രവർത്തകരെ ആക്രമിച്ചതുകൊണ്ട് അതില്ലാതാവാൻപോകുന്നില്ല.
സത്യാനന്തരകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് വസ്തുതയ്ക്കും യുക്തിയ്ക്കുമപ്പുറം വൈകാരികതയ്ക്കും ജിങ്കോയിസത്തിനുമാണ് പ്രാധാന്യം കിട്ടുന്നത്.

മാധ്യമപ്രവർത്തനം എന്നത് മാർക്കറ്റിന്റെ താൽപര്യം കൂടിയാവുമ്പോൾ എല്ലാ വാർത്തയ്ക്കും ഏതെങ്കിലും ഒരു മാധ്യമത്തെ മാത്രം ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും അബദ്ധമാവുമെന്ന ബോധ്യം പതിയെപ്പതിയെ ജനങ്ങളിൽ പരുവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സാർവ്വദേശീയതലത്തിൽത്തന്നെ ജനാധിപത്യം സങ്കൽപാതീതമായ പരിണാമത്തിനോ മൂല്യച്യുതിക്കോ വിധേയമാകുന്ന കാലത്ത് ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന വിശേഷണത്തിന്റെ ആനുകൂല്യം പറ്റാൻ എത്ര മാധ്യമങ്ങൾക്ക് അവകാശമുണ്ട് എന്നതും സ്വയംവിമർശനപരമായി വിലയിരുത്തപ്പെടേണ്ടതാണ്.

രണ്ടുതരം ആക്രമണങ്ങളാണ് മാധ്യമപ്രവർത്തകർ നേരിടുന്നത്. ഒന്ന്,

ഭരണകൂടത്തിന്റെ പ്രൊപ്പഗാൻഡയ്ക്ക് എതിരേ നീന്താൻ തീരുമാനിക്കുമ്പോൾ ഉണ്ടാവുന്ന ആക്രമണം. മാധ്യമങ്ങളുടെ നിലനിൽപ് തന്നെ തകരാറിലാവുന്ന സാഹചര്യമാണത്. ഡൽഹിയിൽ കാരവാൻ മാഗസിനിലെ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതാണ് ഒടുവിലെ ഉദാഹരണം. രണ്ടാമത്തേത് ഭരണകൂടഭീഷണിക്കോ പ്രലോഭനത്തിനോ വശംവദരായ മാധ്യമങ്ങൾ പ്രൊപ്പഗാൻഡാ മെഷീനായി പ്രവർത്തിച്ചുതുടങ്ങുമ്പോഴുള്ള പ്രതിഷേധമാണ്. ഈ പ്രതിഷേധത്തെ പ്രതിരോധിക്കാനും രക്ഷപ്പെടാനുമുള്ള കരുത്തും തന്ത്രവും തൽക്കാലം മാധ്യമങ്ങൾക്കുണ്ട്. പോരാത്തതിന് പ്രൊപ്പഗാൻഡിസ്റ്റുകളുടെ പിന്തുണയും ഇത്തരം മാധ്യമങ്ങൾക്ക് നിർലോഭം ലഭിക്കും.
രണ്ട് തരം ആക്രമണങ്ങൾക്കും നൂറുനൂറുദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. എന്തായാലും ഈ കാലം മാധ്യമങ്ങൾക്ക് വെല്ലുവിളികളുടേതാണ്. ഇതിൽ ഏതുതരം ആക്രമണമാണ്, വിമർശനമാണ് നേരിടേണ്ടത് എന്നത് മാധ്യമങ്ങളുടെ ചോയ്‌സാണ്. ഈ രണ്ടുതരം ആക്രമണങ്ങൾക്കും നവമാധ്യമകാലത്ത് കൂടുതൽ പ്രഹരശേഷിയുണ്ട് എന്നത് മറ്റൊരു കാര്യം.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഏത് ഇന്ത്യൻ പൗരനുമുള്ള അവകാശത്തിനപ്പുറം ഒരു സവിശേഷാധികാരവും മാധ്യമങ്ങൾക്കോ മാധ്യമപ്രവർത്തകർക്കോ ഇല്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1 A) യിൽ എഴുതിയിരിക്കുന്ന Freedom of speech and expression തന്നെയാണ് മാധ്യമപ്രവർത്തകരുടേയും ആയുധം. പക്ഷേ മാധ്യമപ്രവർത്തകർക്ക് എന്തോ സവിശേഷാധാകാരമുണ്ട് എന്നതാണ് പൊതുബോധം. അതുകൊണ്ടാണ് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ കയ്യടി ഉയരുന്നത്. സത്യത്തിൽ മാധ്യമപ്രവർത്തകരുടെ സവിശേഷാധികാരമല്ല, പൗരന്റെ അവകാശമാണ് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ ഹനിയ്ക്കപ്പെടുന്നത് എന്ന് സമൂഹം തിരിച്ചറിയണം. ഭരണകൂടമോ രാഷ്ട്രീയപാർട്ടികളോ വ്യക്തികളോ ആൾക്കൂട്ടമോ ആരായാലും മാധ്യമങ്ങളെ ആക്രമിക്കുമ്പോൾ ദുർബ്ബലമാകുന്നത് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളാണ്.

ഇതിന്റെ മറ്റൊരു വശം നോക്കിയാൽ ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ചേർന്നുതന്നെയാണ് മാധ്യമങ്ങൾക്ക് സവിശേഷാധികാരമുണ്ട് എന്ന പൊതുബോധം സൃഷ്ടിച്ചത് എന്നതും കാണാം. പത്ര - ദൃശ്രമാധ്യമങ്ങൾക്കപ്പുറത്ത് യൂട്യൂബ് ചാനലുകളും പോർട്ടലുകളും പേജുകളുമടങ്ങുന്ന നവമാധ്യമലോകത്തും ഈ സവിശേഷാധികാര സൂചന പ്രസരിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്. മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ കണക്കായിപ്പോയി എന്ന തോന്നൽ സൃഷ്ടിച്ചതിൽ വ്യക്തിഹത്യയും അസത്യപ്രചാരണവും ഒക്കെ അവകാശമാണെന്ന് കരുതുന്ന മാധ്യമപ്രവർത്തകർക്കുള്ള പങ്കും ചെറുതല്ല.

എന്നാൽ പ്രതിപക്ഷബുദ്ധിയോടെ നിരന്തരം തിരുത്തൽശക്തിയായി പ്രവർത്തിക്കുന്നവരും ഏതെങ്കിലുമൊരു തൊഴിൽമേഖല എന്നതിനപ്പുറമുള്ള സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരുമടങ്ങുന്ന വലിയൊരു വിഭാഗം മാധ്യമപ്രവർത്തകർ ഇവിടെയുണ്ട്.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷമാധ്യമപ്രവർത്തനം എന്നൊന്നില്ല, ഉണ്ടെന്നുള്ള ഏത് അവകാശവാദവും പൊളിയാണ്. വിമോചനസമരത്തിനുശേഷവും അങ്ങേയറ്റത്തെ രാഷ്ട്രീപക്ഷപാതിത്വം കാട്ടിയിരുന്ന ചില മാധ്യമങ്ങൾക്ക് കേരളത്തിലുണ്ടായ മാറ്റങ്ങളേക്കുറിച്ച് വൈകിയുണ്ടായ ബോധ്യത്തിന്റെ ഉൽപന്നമാണ് നിഷ്പക്ഷ മാധ്യമപ്രവർത്തനമെന്ന വ്യാജസംജ്ഞ. എല്ലാവരേയും ഉൾക്കൊള്ളുന്നവരാണ് ഞങ്ങൾ എന്നോ എല്ലാപേരും ഞങ്ങളുടെ പത്രം വാങ്ങണമെന്നോ ഉള്ള അഭ്യർത്ഥനകൂടിയാണ് അത്. ഒരു പരസ്യവാചകം എന്നതിനപ്പുറം എത്രമാധ്യമങ്ങൾക്ക് അത് പ്രവൃത്തിയിൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് ?.

പക്ഷേ അപ്പോൾ എന്താണ് പക്ഷം പിടിച്ചുള്ള മാധ്യമപ്രവർത്തനം എന്നതുകൂടി വിശദീകരിക്കേണ്ടതുണ്ട്. സ്വതന്ത്രമായി ഒരു സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ പ്രത്യേകിച്ച് ഏതെങ്കിലും പക്ഷത്തിന് പ്രസക്തിയില്ല. സംഭവിച്ചതെന്താണോ അത് സത്യസന്ധമായി ജനങ്ങളോട് പറയുക എന്നതാണ് ചെയ്യേണ്ടത്. പക്ഷേ

അവിടേയും സത്യത്തിന്റെ പക്ഷത്താണ് മാധ്യമപ്രവർത്തകർ. അനീതിക്കെതിരായ റിപ്പോർട്ടിങ്ങിൽ നീതിയുടെ പക്ഷത്താണ് മാധ്യമപ്രവർത്തകർ നിൽക്കേണ്ടത്, തെറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിൽ ശരിയുടെ പക്ഷത്തും. സങ്കീർണമായ സാമൂഹികരാഷ്ട്രീയസാഹചര്യത്തിൽ സമൂഹനൻമയുടെ പക്ഷം പിടിക്കുകതന്നെ വേണം. ഈ ചോദ്യം ഉയരുന്നതും ചർച്ചചെയ്യപ്പെടുന്നതും കേവലം രാഷ്ട്രീയപക്ഷപാതത്തെ മുൻനിർത്തിയാണ്. അതിനപ്പുറം സമൂഹത്തിലെ സൂക്ഷ്മരാഷ്ട്രീയമറിഞ്ഞുതന്നെയാവണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടത് എന്നുതന്നെയാണ് വ്യക്തിപരമായ നിലപാട്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

മാധ്യമരംഗത്തെ കാലികമായ ഓരോ മാറ്റവും ആത്യന്തികമായി ഗുണപരമായിരുന്നു എന്നാണ് തോന്നുന്നത്. പത്രപ്രവർത്തകർ അല്ലെങ്കിൽ പത്രം എഴുതി അറിയിച്ചിരുന്ന കാര്യങ്ങൾ ജനങ്ങൾ കണ്ടറിഞ്ഞുതുടങ്ങി എന്നത് ചെറിയ മാറ്റമല്ലല്ലോ. കുറഞ്ഞപക്ഷം പെട്ടന്നുണ്ടാകുന്ന സംഭവങ്ങളിലെങ്കിലും മാധ്യമങ്ങളുടേയോ മാധ്യമപ്രവർത്തകരുടേയോ മാത്രം വ്യാഖ്യാനത്തിന് സാധ്യത കുറഞ്ഞു. അതിനപ്പുറം വിലയിരുത്താൻ കാഴ്ചക്കാർക്ക് അവസരമുണ്ടായി. ടെലിവിഷൻ ജേർണലിസത്തിനുതന്നെ കാലികമായ മാറ്റം നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. കൂടുതൽ ലൈവ് റിപ്പോർട്ടിങ്ങിലേയ്ക്കുള്ള മാറ്റം കൊണ്ട് വാർത്ത ജനങ്ങളിലേയ്ക്ക് വേഗമെത്തിത്തുടങ്ങി, പക്ഷേ പിഴവുകൾ കൂടി. സമഗ്രമായ വിശകലനമോ പഠനമോ ടെലിവിഷനിൽ ഇല്ലാതായിട്ടുണ്ട്. പക്ഷേ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വളരാനാണ് ടെലിവിഷൻ ശ്രമിക്കുന്നത്.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

വലിയ മൂലധനം അടിസ്ഥാനസത്യമാണ് എന്നതുകൊണ്ടുതന്നെ പത്രങ്ങളേയും ടെലിവിഷൻ ചാനലുകളേയും മാത്രം കണക്കിലെടുത്താൽ വലിയൊരളവോളം ഈ വിമർശനം ശരിയാണ്. പക്ഷേ മാധ്യമപ്രവർത്തനത്തെ ആകെ പരിശോധിച്ചാൽ താൽകാലികമാണ് അത്. വലിയ മാറ്റം ഇപ്പോൾത്തന്നെ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. പത്രം, ടെലിവിഷൻ എന്നതിനപ്പുറം വിശാലമായിത്തന്നെ വേണം മാധ്യമമേഖലയെ കാണാൻ. യൂ ട്യൂബ് ചാനലുകളും പോർട്ടലുകളുമൊക്കെ പത്ര -ടെലിവിഷൻ മാധ്യമങ്ങളോളം തന്നെ ഇടപെടൽ ശേഷി കൈവരിച്ചുതുടങ്ങിയിരിക്കുന്നു. അവിടേയുംകോർപ്പറേറ്റുകളുടെ സഹായം വേണ്ടിവരും എങ്കിലും സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ സാധ്യത ചെറുതല്ല.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

കഴിഞ്ഞ ഇരുപതുവർഷത്തിനിടെ ചെറുതല്ലാത്ത മാറ്റം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. അതിന് വലിയൊരളവോളം കാരണമായത് ന്യൂസ് ചാനലുകൾ തന്നെയാണ്. എണ്ണിപ്പറയാവുന്നത്ര വനിതാ ജേർണലിസ്റ്റുകൾ കഴിഞ്ഞ ഇരുപതുവർഷത്തിനിടെ ഉണ്ടായി. ട്രാൻസ്‌ജെൻഡർ റിപ്പോർട്ടർമാരും അവതാരകരും ഉണ്ടായി. എങ്കിലും ലിംഗനീതി പൂർണ്ണമായ അർത്ഥത്തിൽ നടപ്പാവാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ലിംഗനീതി എന്നതിനൊപ്പം എടുത്തുപറയേണ്ടതാണ് ദളിത്- മുസ്ലീം പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരുടെ മാധ്യമമേഖലയിലെ സാന്നിധ്യം. ഇരുപതുവർഷം കൊണ്ടുണ്ടായ മാറ്റമാണത്. എങ്കിലും എഡിറ്റോറിയൽ ബോർഡുകളിൽ വിരലിലെണ്ണാവുന്നത്ര സ്ത്രീകളും ദളിതരും പിന്നാക്കക്കാരുമേ ഇപ്പോഴുമുള്ളൂ. വിഷയാധിഷ്ഠിതമായി നിലപാട് പരുവപ്പെടേണ്ട എഡിറ്റോറിയൽ ബോർഡുകളിൽ ഈ അസാന്നിധ്യം ചെറുതല്ലാത്ത പരിമിതിയാണെന്നതാണ് അനുഭവം.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

എല്ലാ സ്ഥാപനങ്ങളേയും ഒരുപോലെ കണക്കാക്കാനാവില്ല. വേതനത്തിലെ അന്തരം പല മാധ്യമസ്ഥാപനങ്ങളിലും പല തരത്തിലാണ്. മറ്റേതു തൊഴിൽമേഖലയിലും എന്നപോലെ തൊഴിലാളിക്ക് മികച്ചവേതനം നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. പക്ഷേ സാമൂഹികപ്രതിബദ്ധതയോടെ ഈ തൊഴിൽമേഖലയിൽ വന്നുപെട്ടവരെ അതാവർത്തിച്ച് ഓർമപ്പെടുത്തി പ്രതിസന്ധിയിലാക്കുന്നതും നിങ്ങൾ മഹാ കാര്യമാണ് ചെയ്യുന്നതെന്ന് പുകഴ്ത്തി നിസ്സാര ശമ്പളം കൊടുത്ത് ചൂഷണം ചെയ്യുന്നതും ക്രൂരതയാണ്. അത് ഈ മേഖലയിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വലിയ സ്വാധീനമുണ്ട്. പല തരത്തിലാണ് അത് പ്രവർത്തിക്കുന്നത്. സോഷ്യൽമീഡിയയെ അകറ്റി നിർത്താനാണ് ആദ്യം വ്യവസ്ഥാപിത മാധ്യമങ്ങൾ ശ്രമിച്ചത്. എന്നാൽ സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി എന്ന തിരിച്ചറിവ് ഇപ്പോൾ മാധ്യമങ്ങൾക്കുണ്ട്. ചർച്ചകളിലും വിശകലനങ്ങളിലും ഒക്കെ സോഷ്യൽമീഡിയയെ ഏതെങ്കിലും തരത്തിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ സൈബർ ആക്രമണങ്ങളാണ് മാധ്യമങ്ങളെ കൂടുതൽ സ്വാധീനിക്കുന്നത് എന്നതാണ് പ്രതികൂലവശം.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തക? അതെക്കുറിച്ച് പറയാമോ?

"ക്രിസ്ത്യാനികൾ - ക്രിസ്തുമതത്തിന് ഒരു കൈപ്പുസ്തകം’ കവർ

കുറച്ചുകാലമായി ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഓൺലൈനിലും കുടുങ്ങിക്കിടക്കുന്നതാണ് വായന. അതിനപ്പുറം വായിക്കാൻ താൽപര്യമുള്ളത് ചരിത്രവും യാത്രാവിവരണങ്ങളുമാണ്. ഏറ്റവുമൊടുവിൽ വായിച്ചത് അല്ലെങ്കിൽ വായിച്ചുകൊണ്ടിരിക്കുന്നത് ബോബി തോമസ് എഴുതിയ "ക്രിസ്ത്യാനികൾ - ക്രിസ്തുമതത്തിന് ഒരു കൈപ്പുസ്തക'മാണ്. വാഗ്ദത്തഭൂമിയിലേയ്ക്കുള്ള എബ്രഹാമിന്റെ യാത്ര മുതൽ മധ്യകേരളത്തിലെ പുതിയ കരിസ്മാറ്റിക് ആരാധനാ പരിസരത്തേയ്ക്കുവരെ വന്നെത്തുന്ന ക്രിസ്തുമതചരിത്രത്തിന്റെ വിമർശനാത്മക പഠനമാണ് അത്.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

കോവിഡ് എല്ലാറ്റിനേയും മാറ്റിമറിച്ചെങ്കിലും മാധ്യമങ്ങളെ എത്രത്തോളം മാറ്റി എന്നറിയാൻ ഇനിയും കാക്കേണ്ടതുണ്ട്. കേരളത്തിൽ പ്രകടമായിട്ടില്ലെങ്കിലും ദേശീയതലത്തിൽ തൊഴിൽനഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം വലുതാണ്. ബിസിനസിലെ തിരിച്ചടിക്കുള്ള പരിഹാരം മാധ്യമപ്രവർത്തകനെന്ന നിലയിൽ നിർദ്ദേശിക്കാനില്ല. മാധ്യമപ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതും നവീകരിക്കുക എന്നതുമാണ് ഇപ്പോൾ ചെയ്യേണ്ടത്. പരമ്പരാഗതമാധ്യമങ്ങൾക്കപ്പുറത്തുള്ള സാധ്യതയിലേയ്ക്കും വളർച്ചയിലേയ്ക്കും പോകാൻ സജ്ജരായിരിക്കുക എന്നതും.


Comments