ജനം ഡിമാൻറ്​ ചെയ്യണം; ഈ ഫോർമാറ്റ്​ പോരാ

ഇപ്പോൾ പാട്രിയാർക്കി, ഫാസിസം, bigotry മുതലായ കാര്യങ്ങൾ നമ്മുടെ ചുറ്റും കൂടുതൽ കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ജേണലിസം റീ ഇമാജിൻ ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇത് ലോകമെമ്പാടും എല്ലാവരും നേരിടുന്ന ഒരു ചോദ്യമാണ്- ദ ന്യൂസ്​ മിനിറ്റ്​ ഫൗണ്ടറും എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രൻ സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി.മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

ധന്യ രാജേന്ദ്രൻ: രണ്ടുതരം മാധ്യമ വിമർശനമാണ് പൊതുവായി കാണുന്നത്. ഒന്ന്, മാധ്യമങ്ങൾക്ക് പറ്റുന്ന തെറ്റ്, അത് ചൂണ്ടിക്കാട്ടുന്ന ഒരുപാട് ആൾക്കാരുണ്ട്. അത് ഫെയ്​ക്ക്​ ന്യൂസ് ആവാം, ഒരുവാർത്ത പെട്ടെന്ന് കൊടുക്കുന്ന തിരക്കിൽ തെറ്റായി കൊടുത്തതാവാം, അല്ലെങ്കിൽ സോഴ്സ് ശരിക്കും പരിശോധിക്കാതെ രണ്ട് സോഴ്സിനോട് ചോദിക്കാതെ കൊടുത്തവാർത്തയാവാം. അത് കണ്ട് റിയാക്ട് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെ വിമർശനം രണ്ടുതരത്തിലായിരിക്കാം. ഒന്ന്, വളരെ ബാലൻസ്ഡ് ആയ വിമർശനം. രണ്ട്, ഇന്റർനെറ്റിൽ ആളുകളുടെ ഇടപെടൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ലല്ലോ. അപ്പോൾ അത് അബ്യൂസിവാകാം, ഹരാസ് ചെയ്തേക്കാം. അല്ലെങ്കിൽ വളരെ മോശമായ രീതിയിൽ വിമർശിക്കുന്ന ആളുകളുണ്ട്. ഇതാണ് ഒന്നാമത്തെ വിമർശനം. അതായത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനോടുളള പ്രതികരണം എന്ന രീതിയിൽ.

രണ്ടാമത്തെ വിഭാഗം മീഡിയ എന്തു ചെയ്താലും അത് ശരിയായാലും ശരി, തെറ്റായാലും ശരി അവരെ വിമർശിച്ചേ അടങ്ങൂ. അവരുടെ ക്രഡിബിലിറ്റിയെ ചോദ്യം ചെയ്ത് ആ ക്രഡിബിലിറ്റിയെ ഇല്ലാതാക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാർ. ഇതിൽ മിക്കവാറും രാഷ്ട്രീയ പാർട്ടികളാണ്. ഉദാഹരണത്തിന് എത്രയോ വർഷങ്ങളായി, എനിക്കു തോന്നുന്നത് 2014ന് മുമ്പുതന്നെ ബി.ജെ.പി തുടങ്ങിവെച്ച പ്രചാരണമാണ് മാധ്യമങ്ങൾക്ക് ക്രഡിബിലിറ്റിയില്ല, മാധ്യമങ്ങൾ പറയുന്നത് വിശ്വസിക്കരുത് എന്ന ഒരു നരേറ്റീവ്. അതിപ്പോൾ പല സംസ്ഥാനങ്ങളിലും അവിടെയുള്ള

പ്രാദേശിക പാർട്ടികൾ ചെയ്യാൻ തുടങ്ങി. അങ്ങനെ ആർക്കൊക്കെയാണോ മാധ്യമങ്ങളോട് പ്രശ്നം അവർ മാധ്യമങ്ങളെ എതിർക്കാൻവേണ്ടി ക്രഡിബിലിറ്റി ക്രൈസിസ് ഉണ്ടാക്കുക. ഇത് ഇന്ത്യയിൽ മാത്രമുള്ള പ്രവണതയല്ല, ലോകത്തിൽ എല്ലായിടത്തും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. മീഡിയയുടെ ക്രഡിബിലിറ്റി ഒന്നടങ്കം ചോദ്യം ചെയ്യുക, ഒന്നടങ്കം മീഡിയയ്ക്ക് ക്രഡിബിലിറ്റി ഇല്ല എന്നു വരുത്തിവെയ്ക്കുക, അങ്ങനെയാണെങ്കിൽ സത്യം റിപ്പോർട്ടു ചെയ്യുമ്പോഴും ജനങ്ങൾ സംശയിക്കും, ഇല്ല ഇവരെ വിശ്വസിക്കാൻ പറ്റില്ലയെന്ന്. ഡൊണാൾഡ് ട്രംപ് മുതൽ ലോകമെമ്പാടുമുള്ള ഒരുപാട് നേതാക്കൾ ഇങ്ങനെ ചെയ്തുവരുന്നത് നമ്മൾ കാണുന്നുണ്ട്.

എം.ജി.രാധാകൃഷ്ണൻസ്റ്റാൻലി ജോണികെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ജേണലിസ്റ്റുകൾക്ക് എന്തെങ്കിലും പ്രിവിലേജ് ഉള്ളതായി എനിക്കു തോന്നുന്നില്ല. ചില കാര്യങ്ങളിൽ നമ്മുടെ ഐഡി കാർഡ് ഉണ്ടെങ്കിൽ സർക്കാർ ഓഫീസുകളിലും മറ്റും നമുക്ക് മറ്റുള്ളവരേക്കാൾ എളുപ്പത്തിൽ നമുക്ക് പ്രവേശനം ലഭിക്കും. രണ്ട്, മാധ്യമപ്രവർത്തകർക്ക്​ സർക്കാറിൽ നിന്ന്​ ചില പരിഗണനകൾ ലഭിക്കുന്നുണ്ട്, അത് ലാന്റ് ആയാലും വെഹിക്കിൾ പാസ്, ട്രെയിൻ ട്രാവൽ അങ്ങനെ ചിലതായാലും​. അതല്ലാതെയുള്ള പ്രിവിലേജുകളെല്ലാം ജേണലിസ്റ്റുകൾ ഒന്നുകിൽ they earn those പ്രിവിലേജസ്, അല്ലെങ്കിൽ they take those privileges. എന്റെ അഭിപ്രായത്തിൽ ഇത് ശരിയല്ല. അതായത് ഇല്ലാത്ത പ്രിവിലേജുകൾ ഉണ്ടാക്കാൻ നോക്കുന്നതും നേടിയെടുക്കാൻ നോക്കുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

ഒരു പോസ്റ്റ് ട്രൂത്ത് ലോകത്തിൽ ന്യൂട്രാലിറ്റി അല്ലെങ്കിൽ നിഷ്പക്ഷത എന്നത് നമ്മൾ റീ തിങ്ക് ചെയ്യേണ്ട ഒരു കാര്യമാണ്. ജേണലിസ്റ്റുകൾ നിഷ്പക്ഷരാണോ? അവർക്ക് ന്യൂട്രലായി ഇരിക്കാൻ പറ്റുമോ? എനിക്കു തോന്നുന്നത് പറ്റില്ലയെന്നാണ്. ഇപ്പോൾ ഞാൻ ചെയ്യുന്ന ഒരു സ്റ്റോറിയിൽ പരമാവധി ന്യൂട്രലാവാൻ ശ്രമിക്കുകയാണ്. അതായത്, രണ്ടുവശത്തുനിന്നും അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് ആ രണ്ടുവശവും വായനക്കാർക്ക് മുമ്പിൽ വെക്കുന്നു. തീരുമാനം എടുക്കാൻ വായനക്കാർക്ക് വിട്ടുകൊടുക്കുന്നു. എന്റെ ഒരു ഒപ്പീനിയനും ചേർക്കാതെ ഞാനൊരു വാർത്ത പ്രസിദ്ധീകരിക്കുകയാണ്. അങ്ങനെ ചെയ്യു​​മ്പോൾ ഞാനൊരു ന്യൂട്രൽ ജേണലിസ്റ്റാണെന്ന് പറയാം. പക്ഷേ ഞാൻ പറയുന്നത്, ഒരു വാർത്ത എഴുതുന്നതിനു മുമ്പ് ഞാൻ ഏത് വാർത്തയെഴുതാൻ തെരഞ്ഞെടുക്കുന്നോ അതിൽ തന്നെ എന്റെ ന്യൂട്രാലിറ്റി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എ, ബി, സി എന്നിങ്ങനെ മൂന്ന് സ്റ്റോറികളുണ്ടെങ്കിൽ അതിൽ എ ആണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് എനിക്കു തോന്നുകയാണെങ്കിൽ അവിടെ നിന്ന് തുടങ്ങുകയാണ് എന്റെ ബയാസ്. ഒരു മനുഷ്യൻ എന്ന നിലയിൽ, വ്യക്തിയെന്ന നിലയിൽ, സ്ത്രീയെന്ന നിലയിൽ എന്റെ ജീവിതാനുഭവങ്ങളിൽ നിന്ന്​ എനിക്ക് ഒരു പക്ഷമുണ്ടാവും. ആ പക്ഷംചേരലിന്റെ അടിസ്ഥാനത്തിലായിരിക്കാം ഞാൻ ആ സ്റ്റോറി റിപ്പോർട്ടു ചെയ്യാൻ തെരഞ്ഞെടുക്കുന്നത്. അവിടെ തുടങ്ങും നമ്മുടെ പക്ഷം. നമ്മൾ ആ സ്റ്റോറിയെ എങ്ങനെ അവതരിപ്പിക്കുന്നു, എങ്ങനെ തുടങ്ങുന്നു ഇതിൽ എല്ലാത്തിലും ബയാസ് തീർച്ചയായിട്ടും ഉണ്ട്. ബയാസ് പാടില്ലേ, എന്തുകൊണ്ട് പാടില്ല? ഇപ്പോൾ പാട്രിയാർക്കി, ഫാസിസം, bigotry മുതലായ കാര്യങ്ങൾ നമ്മുടെ ചുറ്റും കൂടുതൽ കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ജേണലിസം റീ ഇമാജിൻ ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇത് ലോകമെമ്പാടും എല്ലാവരും നേരിടുന്ന ഒരു ചോദ്യമാണ്. should we re- imagine the way we learnt and practiced journalism till now?

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ഏകദേശം 14 വർഷം മുമ്പ് ഞാനൊരു ടെലിവിഷൻ ജേണലിസ്റ്റ് ആയിരുന്നു. ഇന്ത്യയിൽ അന്ന് ആദ്യമായി ഇംഗ്ലീഷ് ചാനലുകൾ നിറയെ വന്ന ഒരുകാലത്ത്, ആരംഭിച്ച ഇംഗ്ലീഷ് ചാനലിൽ വർക്കു ചെയ്ത് തുടങ്ങിയ ആളാണ് ഞാൻ. 2004-2005 കാലത്ത്​, അതായത് ആദ്യത്തെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ചാനലുകൾ അല്ലാതെ കൂടുതൽ സാറ്റലൈറ്റ് ടെലിവിഷനുകൾ വരാൻ തുടങ്ങിയപ്പോൾ തീർച്ചയായും ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ചില ചാനലുകളുടെ മൊണോപ്പൊളി അന്നത്തോടെ അവസാനിച്ചു. ദൽഹി അടിസ്ഥാനമാക്കിയുള്ള രണ്ട് മൂന്ന് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക, അല്ലെങ്കിൽ ചില സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്ന് മാത്രം വാർത്ത കൊടുത്തിരുന്ന ന്യൂസ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി മറ്റുള്ള ന്യൂസ് ചാനലുകൾ ഈ മത്സരത്തിൽ ഇറങ്ങിയപ്പോൾ വാർത്തകൾ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടാൻ തുടങ്ങി. കൂടുതൽ വാർത്തകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു, കൂടുതൽ വശങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.

കൂടുതൽ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ ചാനൽ എഡിറ്റർമാർക്ക് രണ്ടുമൂന്ന് വർഷത്തിനുള്ളിൽ മനസിലായി, മാർക്കറ്റിൽ നിലനിൽക്കണമെങ്കിൽ എന്തു ചെയ്യണമെന്ന്. വെറും വാർത്തകൾ വായിച്ചോ വാർത്തകൾ പ്രസന്റ് ചെയ്തോ കാര്യമില്ല, മറ്റുള്ള ചാനലുകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കണമെങ്കിൽ, മാർക്കറ്റ് പിടിച്ചടക്കണമെങ്കിൽ, ഒരു ഒപ്പീനിയൻ, ചാനൽ എന്തിൽ വിശ്വസിക്കുന്നുവെന്ന് പറയേണ്ടത് അത്യാവശ്യമാണെന്ന് ചാനലുകൾക്ക് തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഡെമോക്രാറ്റൈസേഷൻ ഓഫ് ന്യൂസിൽ നിന്ന് നമ്മൾ പോളറൈസേഷൻ ഓഫ് ന്യൂസിലേക്ക് കടന്നത്. പിന്നീടത് വലിയ ട്രെന്റായി. അതിപ്പോൾ ജേണലിസത്തെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആ ഒരു അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. അന്ന് തുടങ്ങിയ ധ്രുവീകരണം ഇപ്പോൾ വളരെ ശക്തമായി ഒരുവിധം എല്ലാ ചാനലുകളിലും തുടരുന്നു. ജേണലിസത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണിത്.

കഴിഞ്ഞ ഏഴെട്ട് വർഷങ്ങളിൽ ഇന്ത്യയിലെ ന്യൂസ് ചാനലുകൾ ഒട്ടും മുന്നോട്ടു പോയിട്ടില്ല. അതായത് അന്നുണ്ടായിരുന്ന ടെക്​നോളജി പോലെ തന്നെ, അന്നുണ്ടായിരുന്ന ഫോർമാറ്റുകൾ, എട്ടുമണിക്കുശേഷം നാലോ അഞ്ചോ ആറോ എട്ടോ ആൾക്കാരെ സ്റ്റുഡിയോയിൽ വിളിച്ച് സംസാരിപ്പിക്കുക, പറ്റുമെങ്കിൽ അവരെ അങ്ങോട്ടും ഇങ്ങോട്ടും അടികൂടിപ്പിക്കുക, നിലവിളിക്കുക ആ ഒരു ഫോർമാറ്റ്. എട്ടുമണിവരെ അഞ്ചോ ആറോ ന്യൂസ് സ്റ്റോറികൾ എല്ലാദിവസവും ഫോളോ ചെയ്യുക, തുടർച്ചയായി റിപ്പോർട്ടർമാരുടെ ലൈവ്, അതായത് പലസമയവും വളരെ ഷാലോ ആയി, ഒരുകാര്യത്തിന്റെ ഗൗരവം

മനസിലാക്കാതെ, അതിന്റെ ചരിത്രം പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കാതെ വളരെ ഷാലോ ആയ ലൈവുകൾ കൊണ്ട് മാത്രം ബുള്ളറ്റിനുകൾ നിറക്കുന്ന പ്രവണതയാണ് ഇപ്പോഴുമുള്ളത്. ഇത്രയും വർഷമായിട്ടും ആ ഒരു ഫോർമാറ്റ് മാറിയിട്ടില്ല. ടെലിവിഷൻ ചാനലുകളുടെ കാര്യത്തിൽ കഴിഞ്ഞ ഏഴെട്ടുവർഷത്തിൽ ഇന്ത്യ മുന്നോട്ടുപോയിട്ടില്ല. ഇപ്പോഴും ജനങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുന്നുവെന്നതാണ്. ഈ ഫോർമാറ്റിൽ നിന്ന്​ ചാനലുകൾ മാറാൻ ജനങ്ങൾ ഡിമാന്റ് ചെയ്യേണ്ടതുണ്ട്. ഈ ഫോർമാറ്റ് പോരാ, കുറേക്കൂടി ഗൗരവമായ ഫോർമാറ്റ് വേണം എന്ന ആവശ്യം ജനങ്ങളിൽ നിന്ന്​ വരാതെ ഇതുമാറുമെന്ന് എനിക്കു തോന്നുന്നില്ല.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

ഞാൻ മലയാളം മാധ്യമങ്ങളിൽ അധികകാലം ജോലി ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാൻ ഞാൻ ആളല്ല.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

മാധ്യമരംഗത്ത് ലിംഗപരമായ അസമത്വം ഉണ്ടോയെന്ന് ചോദിച്ചാൽ തീർച്ചയായിട്ടും ഉണ്ട്. മാത്രമല്ല, ജാതി- മത അടിസ്ഥാനത്തിലുള്ള അസമത്വവും ഉണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായി മാറ്റമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, മാധ്യമസ്ഥാപനങ്ങളിൽ ധാരാളം സ്ത്രീകൾ ജോലിയെടുക്കാൻ തുടങ്ങി. ടെലിവിഷൻ, വെബ്സൈറ്റ്, പ്രിന്റ് മീഡിയ ആയാലും സ്ത്രീകൾ ഒരുപാട് വർധിച്ചിട്ടുണ്ട്. റീജ്യനൽ, ഇംഗ്ലീഷ്, ഹിന്ദി... ഏത് മീഡിയ എടുത്താലും എണ്ണത്തിൽ വളരെ കൂടിയിട്ടുണ്ട്. പക്ഷേ ഇത് കോസ്​മെറ്റിക്​ ചെയ്ഞ്ച് മാത്രമാണ്. ഉയർന്ന എഡിറ്റോറിയൽ നേതൃത്വമെടുത്താൽ അതിൽ എത്ര ശതമാനം സ്ത്രീകളുണ്ട് എന്നത് നമുക്ക് അറിയാം. വളരെ ചെറിയ ശതമാനം മാത്രമാണ് എഡിറ്റോറിയൽ ലീഡർഷിപ്പിൽ സ്ത്രീകൾ ഉള്ളത്. അതുകൊണ്ടുതന്നെ ന്യൂസ് റൂമുകളും ആ ന്യൂസ് കാണുന്ന ജെൻഡറും ഈ കാരണംകൊണ്ട് ഇപ്പോഴും മാസ്‌കുലിൻ ആണ്.

റീജ്യനൽ മീഡിയകളിൽ ഇപ്പോഴും പല സ്ഥലങ്ങളിലും ശമ്പളത്തിന്റെ കാര്യത്തിൽ അസമത്വം നിലനിൽക്കുന്നുണ്ട്. സ്ത്രീകൾക്ക് കുറച്ചു ശമ്പളം കൊടുക്കുന്ന മീഡിയ ഹൗസുകൾ ഇപ്പോഴുമുണ്ട്. ഇതിനെക്കുറിച്ചെല്ലാം പല പഠനങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും വലിയൊരു ഇംപാക്ട് ഇത്രയും വർഷങ്ങളായി ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, ചില ബീറ്റ്സ്. പല പത്രമാധ്യമങ്ങളിലും ഒരുകാലത്ത് പൊളിറ്റിക്സ് എന്ന ബീറ്റ് സ്ത്രീകൾക്ക് കൊടുക്കാറില്ലായിരുന്നു. അതൊരു സീരിയസ് ബീറ്റാണ്. അത് സ്ത്രീകൾക്ക് കൊടുക്കാറില്ല. എപ്പോഴും ഹെൽത്ത്, എഡ്യുക്കേഷൻ, ഫീച്ചേഴ്സ് - ഇതൊന്നും, സീരിയസല്ലയെന്നല്ല ഞാൻ പറയുന്നത്. പക്ഷേ ഒരു മെയിൽ കാഴ്ചപ്പാടിൽ സീരിയസ് ആയിട്ട് കാണുന്ന ഒരു ബീറ്റാണ് പൊളിറ്റിക്സ്. പക്ഷേ ആ അവസ്ഥയിൽ നിന്ന് ഒരുപാട് മാറി. കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വർഷമായി സ്ത്രീകൾ ഇതുപോലുള്ള ബീറ്റുകൾ കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നാലും എനിക്കു തോന്നുന്നു, ഇനിയും നമ്മൾ ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്. വലിയ ന്യൂസ് ഹൗസുകളിൽ കൂടുതൽ സ്ത്രീകൾ എഡിറ്റോറിയൽ ലീഡർഷിപ്പ് സ്ഥാനത്തേക്ക് വരേണ്ടത് വളരെ പ്രധാനമാണ്.

ചോദ്യം:വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വ്യവസ്ഥാപിത മാധ്യമങ്ങൾക്കുമേൽ സോഷ്യൽ മീഡിയയ്ക്ക് വലിയ സ്വാധീനമുണ്ട്. സോഷ്യൽ മീഡിയ പലരീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. സോഷ്യൽ മീഡിയ ഒരു എക്കോ ചേമ്പറാണ്. ഒരാൾക്ക് അല്ലെങ്കിൽ ഒരു രാഷ്ട്രീയപാർട്ടിക്ക് ഒരു അഭിപ്രായമുണ്ടെങ്കിൽ, അവിടെ ആർക്ക് മസിൽ പവറുണ്ടോ, അല്ലെങ്കിൽ കൂടുതൽ പേർ അവർക്കുവേണ്ടി ട്വീറ്റു ചെയ്യാനുണ്ടോ അല്ലെങ്കിൽ ഫേസ്ബുക്ക് പോസ്റ്റിടാനുണ്ടോ, അങ്ങനെ എക്കോ ചേമ്പറായി അല്ലെങ്കിൽ ഒരേ അഭിപ്രായം പലർ പങ്കുവെയ്ക്കുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ. പലപ്പോഴും സോഷ്യൽ മീഡിയയിലെ എക്കോ ചേമ്പർ പ്രഷർ ടാക്ടിക്സ് ആയി മെയിൻ സ്ട്രീം മീഡിയയ്ക്കുമേൽ ഉപയോഗിക്കുകയാണ്.

അതായത്, സുശാന്ത് സിങ് രജപുത്തിന്റെ മരണം. ഈ കവറേജ് തന്നെ എനിക്കു തോന്നുന്നു, വലിയ തോതിൽ സോഷ്യൽ മീഡിയയിൽ നിന്നുവന്ന ഡിമാന്റാണ്. സുശാന്ത് സിങ്ങിന്റെ മരണം നാച്ചുറലല്ല, അതിനു പിന്നിൽ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ തുടങ്ങിയ കോൺസ്പിരസി തിയറിയാണ് പിന്നീട് മുഖ്യധാരാ മാധ്യമങ്ങളിലെ പല ചാനലുകളും ഏറ്റുപിടിച്ചത്. ചിലപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന്​ഐഡിയകൾ മെയിൻ സ്ട്രീം മീഡിയ എടുക്കും. ഒരു സ്റ്റോറിയുടെ ടോൺ എന്തായിരിക്കണം, ഏത് രീതിയിലാണ് ആ സ്റ്റോറിയെ ഒരു മാധ്യമസ്ഥാപനം അപ്രോച്ച് ചെയ്യുന്നത്, അതുവരെ സോഷ്യൽ മീഡിയയുടെ സമ്മർദ്ദം അനുസരിച്ച് തീരുമാനിക്കുന്ന ഒരുപാട് മാധ്യമ സ്ഥാപനങ്ങളുണ്ട്.

ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ ഞാൻ ചിന്തിക്കുന്നത് ഇതാണ്, എന്താണ് ജനങ്ങൾ സോഷ്യൽ മീഡിയയിൽ പറയുന്നത്, എന്താണ് ജനങ്ങൾക്ക് അറിയേണ്ടത്, കാണേണ്ടത്, അല്ലെങ്കിൽ ജനങ്ങളുടെ അഭിപ്രായം എന്താണ്... മാധ്യമപ്രവർത്തകരെന്ന നിലയിൽ ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കാരണം, നമ്മൾ ഒരു ശൂന്യതയിലല്ല വർക്കു ചെയ്യുന്നത്. ഒരു സൊസൈറ്റിയിൽ ജോലി ചെയ്യുന്ന ആൾക്കാരാണ്. അതുകൊണ്ട് ആ സൊസൈറ്റി എന്തുവിചാരിക്കുന്നുവെന്ന് നമ്മൾ അറിയേണ്ടതാണ്. പക്ഷേ, നമ്മൾ അറിയേണ്ട മറ്റൊരു കാര്യം, സൊസൈറ്റിയെന്നത് ന്യൂട്രൽ അല്ല. അവർ ഉണ്ടാക്കുന്ന ഈ ഒപ്പീനിയൻ എത്രത്തോളം ഫാബ്രിക്കേറ്റഡായേക്കാം എന്നും നമ്മൾ തിരിച്ചറിയണം. എന്താണ് ജനങ്ങൾ ചർച്ച ചെയ്യുന്നത്, എന്താണ് ട്രന്റ് എന്നൊക്കെ മനസിലാക്കാൻ നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കണം. പക്ഷേ നമ്മുടെ ജേണലിസം എന്താണെന്ന് ഒരിക്കലും സോഷ്യൽ മീഡിയ തീരുമാനിക്കരുത്. എന്ത് സ്റ്റോറി ചെയ്യണമെന്ന് ഒരുപക്ഷേ നമുക്ക് സോഷ്യൽ മീഡിയയിൽ നിന്നും മനസിലാക്കാം. ആ സ്റ്റോറി എങ്ങനെ ചെയ്യണം, ഏത് രീതിയിൽ അവതരിപ്പിക്കണമെന്ന് സോഷ്യൽ മീഡിയ തീരുമാനിക്കുന്ന കാലത്ത് നിങ്ങളുടെ മാധ്യമപ്രവർത്തനത്തിന്റെ മൂല്യം നഷ്ടപ്പെടും.

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

വായിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ പലപ്പോഴും അതിന് സമയം കിട്ടാറില്ല. ഈയിടെ ഞാൻ വായിച്ച രണ്ട് പുസ്തകങ്ങളും മീറ്റൂ മൂവ്മെന്റിനെക്കുറിച്ചുള്ളതാണ്. ഒന്ന് She said എന്ന പുസ്തകം. മറ്റൊന്ന് റോണൻ ഫാരോവിന്റെ Catch and Kill.


Comments