മാറ്റങ്ങൾ പ്രകടമാണ്, വരും കാലത്തിൽ പ്രതീക്ഷയുണ്ട്: റിയ ഇഷ

ആയുസ്സ് കുറയുമെന്നറിഞ്ഞിട്ടും സ്ത്രീയാവണമെന്ന മോഹത്തിന്റെ പുറത്താണ് ഓരോ ട്രാൻസ് പേഴ്‌സണും ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം നേരിടേണ്ടി വരുന്ന മാനസിക പ്രശ്‌നങ്ങൾ ഭീകരമാണ്. പെട്ടന്നുണ്ടാകുന്ന കരച്ചിലൊതുക്കാനാവാതെ വന്നതാണ് ആദ്യമൊക്കെ നേരിട്ടതെങ്കിൽ, പിന്നീട് കടുത്ത മാനസിക സംഘർഷങ്ങളിലേക്കാണ് ഇതെത്തുന്നത്.

സ്വത്വം തിരിച്ചറിയാൻ വൈകിപ്പോയതിന്റെ സംഘർഷാനുഭവങ്ങൾ ഓരോ ട്രാൻസ് പേഴ്‌സന്റെയും ജീവിതത്തിലുണ്ടാകും. റിയ ഇഷയ്ക്കും പറയാനുണ്ട് സമൂഹത്തിൽ സ്വന്തം ഇടം ഉറപ്പിച്ചെടുത്തതിന്റെ കഥകൾ

മഞ്ചേരി മോട്ടോർ വെഹിക്കിളിന്റെ അദാലത്ത് ജഡ്ജിങ് പാനലിൽ വന്ന ആദ്യത്തെ ട്രാൻസ് ജെൻഡർ, ആദ്യമായി യൂണിവേഴ്‌സിറ്റി കലോത്സവത്തിലും, അത്‌ലറ്റിക്‌സിലും പങ്കെടുത്ത ട്രാൻസ് പേഴ്‌സൺ എന്നീ വിശേഷണങ്ങൾ ഇന്ന് ഇഷയ്ക്ക് സ്വന്തം. ജീവിക്കുന്ന സമയമത്രയും ഞാൻ ഇവിടെയുണ്ടായിരുന്നു എന്ന മുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. വിജയ പരാജയങ്ങളെ ഉൾക്കൊണ്ട് പുതിയമാർഗങ്ങൾ തേടുന്ന ഇഷ ഇന്ന് മലപ്പുറം ജില്ലയിൽ അറിയപ്പെടുന്ന ഗോഡ് ഡിസൈൻ എന്ന മോഡലിംങ് സ്ഥാപനത്തിന്റെ ഉടമയാണ്. സ്ത്രീയാകണം എന്ന ആഗ്രഹത്തോടെ വീടുവിട്ടിറങ്ങുകയും ദൃഢനിശ്ചയത്തോടെ പല വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്​ത അനുഭവം പങ്കുവയ്ക്കുന്നു റിയ ഇഷ.

ട്രാൻസ് ജെൻഡേഴ്‌സ് എല്ലാം ലൈംഗിക തൊഴിലാളികളല്ല

ട്രാൻസ് ജെൻഡേഴ്‌സ് എല്ലാം ലൈംഗിക തൊഴിലാളികളാണ് എന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാനുള്ള വഴിയിൽ അവിചാരിതമായാണ് മോഡലിങ് രംഗത്തേക്കെത്തുന്നത്. ഒരു പ്രമുഖ ജ്വല്ലറി വിവിധ കോളേജുകൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ എം.ഇ.എസ് കല്ലടി കോളേജിന്റെ ടീമിൽ ബ്രൈഡ് ആവുകയും, ടീം വിജയിക്കുകയും ചെയ്തു. പിന്നീട് മോഡലിങുമായി ബന്ധപ്പെട്ട പല തരത്തിലുള്ള അന്വേഷണങ്ങൾ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായപ്പോഴാണ് എന്തു കൊണ്ട് ഒരു മോഡലിങ് സ്ഥാപനം തുടങ്ങിക്കൂടാ എന്ന ചിന്തയുണ്ടാവുന്നത്. മോഡലിങിൽ തിളങ്ങാനാകുമെന്ന വിശ്വാസത്തിൽ ഈ രംഗത്ത് തന്നെ ചുവടുറപ്പിക്കാൻ തീരുമാനിച്ചു.

അങ്ങനെയാണ് ഗോഡ് ഡിസൈൻ എന്ന സ്ഥാപനം തുടങ്ങുന്നത്. ജനങ്ങളുടെ നല്ല പിന്തുണയോടെ ഗോഡ് ഡിസൈൻ മുന്നോട്ട് പോവുന്നു.
സാമ്പത്തികമായുണ്ടായ പ്രയാസങ്ങളെ മറികടക്കാനായി പെരിന്തൽമണ്ണയിൽ ഒരു വീട് വാടകക്ക് എടുത്ത് അന്യ സംസ്ഥാന തൊഴിലാളികളെ അവിടെ പാർപ്പിച്ചു. അവരുപയോഗിക്കുന്ന ശൗചാലയം വൃത്തിയാക്കി കൊടുത്തും, അടുത്തുള്ള ബേക്കറിയിൽ ഭക്ഷണപദാർത്ഥങ്ങൾ നൽകിയും കോളേജിലേക്ക് പോയ ദിവസങ്ങൾ വരെയുണ്ടായിട്ടുണ്ട് ജീവിതത്തിൽ. ഇങ്ങനെയെല്ലാമാണ് വരുമാനം ഉണ്ടാക്കിയത്. ഇന്ന് ആ ബേക്കറി ഷോപ്പിന്റെ മുകളിലാണ് ഗോഡ് ഡിസൈൻ പ്രവർത്തിക്കുന്നത് എന്ന കാര്യം ഏറെ സന്തോഷിപ്പിക്കുന്നു.

ഗോഡ് ഡിസൈനെകുറിച്ച്

പെരിന്തൽമണ്ണയിലാണ് ഗോഡ് ഡിസൈൻ. അദാലത്ത് ജഡ്ജിങ് പാനലിൽ അംഗമായതിനാൽ പെരിന്തൽമണ്ണയിൽ തന്നെയാണ് താമസം. കൂടാതെ മലബാറിൽ നിന്നാണ് മോഡലിങുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണമുണ്ടായത്. അതുകൊണ്ടാണ് സ്ഥാപനം തുടങ്ങാൻ പെരിന്തൽമണ്ണ തിരഞ്ഞെടുത്തത്. 2021 ലാണ് ഗോഡ് ഡിസൈൻ ആരംഭിക്കുന്നത്. നിരന്തരമായ അന്വേഷണത്തിന്റയും, പഠനത്തിന്റെയും, അധ്വാനത്തിന്റെയും ഫലമാണ് ഇന്നത്തെ ഗോഡ് ഡിസൈൻ. ഒരു മാസമാണ് മോഡലിങ് കോഴ്‌സിന്റെ കാലാവധി, ഒരു ബാച്ചിൽ 20 പേരാണ് ഉള്ളത്. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ഉപകാരപ്രദമാവുന്ന വിധത്തിലുള്ള കരിക്കുലമാണ് തയ്യാറാക്കിയത്. ഒരു മോഡലാവാൻ എന്താണ് വേണ്ടത്, ശാരീരികമായും മാനസികമായും എങ്ങനെ തയ്യാറെടുക്കണം, റാംപിൽ കാഴ്ച്ച വെക്കേണ്ട പ്രകടനം, എങ്ങനെയാണ് സ്വയം മേക്കപ്പ് ചെയ്യേണ്ടത്, സെൽഫ് ഇൻട്രോ എങ്ങനെയാവണം, ഇതെല്ലാമാണ് കരിക്കുലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദ്യാർഥികൾക്കുവേണ്ടി അഭിനയം, മോഡലിങ്, അവതരണം എന്നീ മേഖലകളിൽ പ്രമുഖരായവരെ ഉപയോഗിച്ച് ട്രെയ്നിംഗ് പ്രോഗ്രാമുകൾ നടത്താറുണ്ട്.

തോറ്റ് മടങ്ങില്ലെന്ന വാശി

ഗോഡ് ഡിസൈന്റെ സാമ്പത്തിക സഹായങ്ങൾക്ക് വേണ്ടിയും മറ്റ് രേഖകൾ തയ്യാറാക്കുന്നതിനും, മുൻസിപാലിറ്റി തലം മുതൽ കളൿട്രേറ്റ് വരെ കയറിയിറങ്ങി. തോറ്റ് മടങ്ങില്ലെന്ന വാശിയും, കൂടെ നിന്ന നല്ല സുഹൃത്തുക്കൾ നൽകിയ കരുത്തും പിന്തുണയുമാണ് ഗോഡ് ഡിസൈന്റെ കെട്ടുറപ്പ്. സ്ഥാപനത്തിന് യൂണിവേഴ്‌സിറ്റി അഫിലിയേഷൻ നേടിയെടുക്കുക ശ്രമകരമായിരുന്നു. ട്രാൻസ് ജെൻഡറാണ് എന്നത് ഒരിടത്തും ഒരു മാനദണ്ഡമായിരുന്നില്ല. അധികൃതരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. പെരിന്തൽമണ്ണയിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് എത്തുന്നതിനുള്ള യാത്രയാണ് ഭീകരം. രേഖകൾ ശരിപ്പെടുത്തിയെടുക്കാൻ യൂണിവേഴ്‌സിറ്റിയിലെത്തുമ്പോളാണ് അന്നേ ദിവസം കാണേണ്ട വ്യക്തി മറ്റ് തിരക്കുകളിലാണ് എന്നറിയുക. എന്നാൽ ബുദ്ധിമുട്ടുകളെല്ലാം നേരിട്ടത് നല്ലൊരു നാളെ സ്വപ്‌നം കണ്ടു കൊണ്ടാണ്.

രണ്ട് കോളേജുകളിലായി ബിരുദ പഠനം പൂർത്തിയാക്കാനുള്ള കാരണം പലതും നേടിയെടുക്കുന്നതിനുള്ള ആഗ്രഹമായിരുന്നു. ആദ്യത്തെ വർഷം മലപ്പുറം ഗവൺമെന്റ് കോളേജിലായിരുന്നു. ഗവൺമെന്റ് കോളേജ് ആയതു കൊണ്ട് അവിടുത്തെ അന്തരീക്ഷം ട്രാൻസ് വ്യക്തികൾക്ക് അനുകൂലമായിരുന്നു. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ പങ്കെടുക്കുന്നത് ഈ സമയത്താണ്. എന്നാൽ അൺ എയ്ഡഡ് കോളേജുകളിലും ട്രാൻസ് ജെൻഡർ പ്രാതിനിധ്യം വേണമെന്നുള്ളതുകൊണ്ടാണ് രണ്ടാം വർഷം എം. ഇ. എസ് കല്ലടി കോളേജിലേക്ക് പോവുന്നത്. എൻ.സി.സി യിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാരെയും പരിഗണിക്കണമെന്ന വിഷയം ഈ സമയത്ത് മുന്നോട്ട് വെച്ചു. എന്നാലിത് കേന്ദ്ര സർക്കാറിന് കീഴിലുള്ള കാര്യമായതിനാൽ നടക്കാതെ വരികയാണുണ്ടായത്. ഇതിനെല്ലാം മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. ട്രാൻസ് ജെൻഡറിലുള്ളവരും മനുഷ്യരാണെന്ന ബോധ്യമുണ്ടാക്കി ഇനി വരുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തിലുള്ളവർക്ക് നല്ലൊരന്തരീക്ഷമുണ്ടാക്കി കൊടുക്കുക എന്നത് കടമയാണെന്ന വിശ്വാസത്തിലാണ് ഇത്തരം തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോയത്

സ്ത്രീയാവണമെന്ന ആഗ്രഹം

സ്വന്തം സ്വത്വത്തിൽ ഉറച്ച്, ജീവിക്കുന്ന അത്ര സമയം സ്ത്രീയായി ജീവിക്കണമെന്ന ബോധ്യത്തിൽ നിന്നാണ് വീട് വിട്ടിറങ്ങുന്നത്. എറണാകുളത്തേക്ക് എത്തിയ സമയത്ത് ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെ നേരിട്ടറിഞ്ഞു. കിടക്കാനൊരിടമില്ലാതെയും പട്ടിണി കിടന്നുമൊക്കെയാണ് അവിടെ കഴിച്ചു കൂട്ടിയത്. ഗേയാണ് ഞാനെന്നാണ് ആദ്യമുണ്ടായ തോന്നൽ. പിന്നീട് സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കണമെന്ന് തോന്നി, പിന്നീട് സ്ത്രീയാവണമെന്നും.

ആയുസ്സ് കുറയുമെന്നറിഞ്ഞിട്ടും സ്ത്രീയാവണമെന്ന മോഹത്തിന്റെ പുറത്താണ് ഓരോ ട്രാൻസ് പേഴ്‌സണും ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം നേരിടേണ്ടി വരുന്ന മാനസിക പ്രശ്‌നങ്ങൾ ഭീകരമാണ്. പെട്ടന്നുണ്ടാകുന്ന കരച്ചിലൊതുക്കാനാവാതെ വന്നതാണ് ആദ്യമൊക്കെ നേരിട്ടതെങ്കിൽ, പിന്നീട് കടുത്ത മാനസിക സംഘർഷങ്ങളിലേക്കാണ് ഇതെത്തുന്നത്. അത്ര മേൽ പ്രിയപ്പെട്ട കുടുംബത്തിലെ പല കാര്യങ്ങളും അറിയാതെ നടക്കുന്നതൊക്കെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.

അനന്യ കുമാരി അലക്സ്

"ഇത്തരത്തിലുള്ള മാനസിക പ്രയാസങ്ങൾ അനന്യയെയും ബാധിച്ചിരിക്കാം. അനന്യയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ തന്നെയാണ് എന്റെ ശസ്ത്രക്രിയക്കും മേൽ നോട്ടം വഹിച്ചത്. ശസ്ത്രക്രിയ പരിപൂർണ്ണ വിജയമാണ് എന്ന് പറയാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രയത്‌നത്തേയും അനുഭവത്തെയും മാനിക്കുന്നു. ഇതാണ് ശരി എന്ന് പറയാനാവുന്ന തരത്തിലേക്ക് അനന്യയുടെ മരണത്തിൽ അഭിപ്രായം പറയാനാവില്ല. വളരെ ധൈര്യശാലിയായിരുന്ന അനന്യ ആത്മഹത്യ ചെയ്തു എന്നത് വിശ്വസിക്കാൻ പ്രയാസമാണ് '. സത്യം പുറത്ത് വരണമെന്നാണ് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്.

ഞാനൊരു കമ്യൂണിറ്റിയുടെയും ഭാഗമല്ല

ഒരു കമ്യൂണിറ്റിയുടെയും ഭാഗമാവാതെ സ്വന്തം കഴിവിൽ വിശ്വസിച്ചാണ് ഇതുവരെയെത്തിയത്. നന്മയിലുള്ള വിശ്വാസമാണ് ആത്മവിശ്വാസത്തിന്റെ മുതൽക്കൂട്ട്. അമ്മ, ജൽസ സങ്കൽപ്പങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല.
ഏതെങ്കിലുമൊരു കമ്യൂണിറ്റിയുടെ ഭാഗമായി നിന്നാൽ അവർക്കിടയിൽ മാത്രമായി നിൽക്കേണ്ടി വരും.

അത് ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറയ്ക്കാനേ സഹായിക്കു. ജനങ്ങൾക്കിടയിൽ തന്നെ ജീവിക്കണം എന്ന നിർബന്ധം കൊണ്ടാണ് പെരിന്തൽമണ്ണയിൽ തന്നെ താമസിച്ചത്. മലപ്പുറം ജില്ലയിൽ ഒരു ട്രാൻസ് ജെൻഡർ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. ഇന്ന് പെരിന്തൽമണ്ണക്കാർക്ക് എന്നെ അറിയാമെന്നിടിത്താണ് ഞാൻ വിജയിക്കുന്നത്. സത്യത്തിന്റെ പാത കൈവിടാതെയുള്ള ജീവിതയാത്രയിൽ പരാജയങ്ങളുണ്ടായാലും ഒരിക്കൽ വിജയിക്കാതിരിക്കില്ല എന്ന വ്യക്തമായ ബോധ്യമുണ്ട്.

സുഹൃത്തുക്കൾ നൽകിയ കരുത്ത്

മലബാറിൽ എന്തിനാണ് ഇങ്ങനൊരു മോഡലിങ് സ്ഥാപനം എന്ന സംശയം പലരും പ്രകടിപ്പിച്ചപ്പോഴും, സാമ്പത്തിക പ്രതിസന്ധികളുണ്ടായപ്പോഴും നിരുത്സാഹപ്പെടുത്തലുകളുണ്ടായെങ്കിലും എന്തിനെയും നേരിടാൻ തയ്യാറെടുത്ത് സ്ഥാപനം ആരംഭിച്ചതിന്റെ പിന്നിൽ ആത്മവിശ്വാസത്തോടൊപ്പം സുഹൃത്തുക്കളുടെ പിന്തുണയുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ സമയമായിരുന്നല്ലോ കോവിഡ് കാലം. ഈ സമയത്താണ് ഗോഡ് ഡിസൈന്റെ തുടക്കവും. സാമ്പത്തികമായ പ്രതിസന്ധിയോടൊപ്പം മാനസികമായും തളരുന്ന സമയമായിരുന്നു അത്. എന്നാൽ ഒരുപാട് നല്ല സുഹൃത്തുക്കൾ നൽകിയ കരുത്തിലാണ് എല്ലാം തരണം ചെയ്തത്.

മാറ്റങ്ങൾ പ്രകടമാണ്, വരും കാലത്തിൽ പ്രതീക്ഷയുണ്ട്

പണ്ട് ഒൻപതെന്നും, ചാന്തു പൊട്ടെന്നുമൊക്കെ കളിയാക്കി വിളിച്ചിരുന്നതിൽ നിന്ന് ട്രാൻസ് പേഴ്‌സൺ/ ട്രാൻസ് ജെൻഡർ എന്ന വാക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ പ്രകടമാണ്. ആളുകളുടെ കാഴ്ച്ചപ്പാടുകളിലും, തുറിച്ച് നോട്ടങ്ങളിലും എല്ലാം മാറ്റങ്ങളുണ്ടാവുന്നത് വരും തലമുറക്ക് നൽകുന്ന പ്രതീക്ഷയാണ്. ഒരു പരിധി വരെ ഇത്തരം മാറ്റങ്ങൾക്ക് കാരണം കോളേജുകളിലും മറ്റും നടത്തുന്ന ക്ലാസുകളും മറ്റ് പരിപാടികളുമാണ്. ക്ലാസുകൾ നയിക്കുന്നത് ഒരു ട്രാൻസ് പേഴ്‌സൺ ആവുന്നതിനാൽ പലരുടെയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഈ റിസോഴ്‌സ് പേഴ്‌സണ് ഉത്തരം നൽകാനാവുന്നു എന്നത് കാഴ്ച്ചപ്പാടുകളിൽ മാറ്റമുണ്ടാക്കുന്നു. ഇനിയും പല കാര്യങ്ങളും മാറേണ്ടതുണ്ട്. മാറും, മാറപ്പെടുമെന്ന പ്രതീക്ഷയുണ്ട് എപ്പോഴും. മാറ്റങ്ങളൊരിക്കലും പെട്ടെന്നൊരിക്കൽ ഉണ്ടാകുന്നതല്ലല്ലോ. പതുക്കെ സൃഷ്ടിച്ചെടുക്കുന്നവയായതിനാൽ ഇത്തരം മാറ്റങ്ങളിലാണ് പ്രധാന ശ്രദ്ധ.

Comments