പ്രതി ടെക്‌നോക്രസി

ചോദ്യങ്ങൾ മുഴുവൻ ഒരു പെണ്ണുകേസിൽ ഒതുക്കാമെങ്കിൽ അത് വളർന്നു പന്തലിച്ചിരിക്കുന്ന ഇരപിടിയൻ വൻകിട മുതലാളിത്തത്തിനും, അവർക്ക് വഴിതെളിച്ചുകൊടുക്കുന്ന ടെക്നോക്രാറ്റുകൾക്കും ഉന്നത ഉദ്യോഗസ്ഥവർഗത്തിനും, എന്തിന്, കുറ്റക്കാരിയെങ്കിൽ സ്വപ്നയ്ക്കു തന്നെയും, ഒടുവിൽ ഗുണകരമാകും. പതിവുപോലെ പൗരജനങ്ങൾ (അവരിൽ സ്ത്രീകൾ, വിശേഷിച്ചും) മാത്രം തോൽക്കും

സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചു നടന്നുവരുന്ന ബഹളംവയ്ക്കലിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വിഷയങ്ങൾ പലതും കേരള രാഷ്ട്രീയമണ്ഡലത്തിലെ ഇടതിനും വലതിനും തീവ്രവലതിനും ഒരുപോലെ മറച്ചുപിടിക്കാൻ താത്പര്യമുണ്ടെന്നതിൽ സംശയമില്ല. സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു സംരംഭത്തിൽ ജോലിചെയ്യുന്ന സ്ത്രീയ്ക്ക് സ്വർണക്കടത്തിൽ കൈയുണ്ടെന്നു കണ്ടെത്തിയ സംഭവം ഉയർത്തുന്ന ചോദ്യങ്ങൾ മുഴുവൻ ഒരു പെണ്ണുകേസിൽ ഒതുക്കാമെങ്കിൽ അത് ഈ മൂന്നു കൂട്ടർക്കും, ഇവിടെ വളർന്നു പന്തലിച്ചിരിക്കുന്ന ഇരപിടിയൻ വൻകിട മുതലാളിത്തത്തിനും, അവർക്ക് ചൂട്ടുകാണിച്ചും ചെല്ലം പിടിച്ചും വഴിതെളിച്ചുകൊടുക്കുന്ന ടെക്നോക്രാറ്റുകൾക്കും ഉന്നത ഉദ്യോഗസ്ഥവർഗത്തിനും, എന്തിന്, കുറ്റക്കാരിയെങ്കിൽ സ്വപ്നയ്ക്കു തന്നെയും, ഒടുവിൽ ഗുണകരമാകും. പതിവുപോലെ പൗരജനങ്ങൾ (അവരിൽ സ്ത്രീകൾ, വിശേഷിച്ചും) മാത്രം തോൽക്കും.

ടെക്നോക്രസി-നിയന്ത്രിത ഭരണകൂടമനസ്
സ്വപ്നയെപ്പോലുള്ള ഒരാൾ സർക്കാരിന്റെ പ്രത്യാശാപദ്ധതിയായ സ്പേസ് പാർക്കിൽ എങ്ങനെ കയറിപ്പറ്റി എന്ന് പലരും ചോദിക്കുന്നു. സർക്കാർപദ്ധതികളെപ്പറ്റി നാം പത്തിരുപതുവർഷം മുൻപ് മനസ്സിലാക്കിയത് പലതും ഇന്ന് പ്രസക്തമല്ലാതായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞാൽ ഈ ചോദ്യം കീറാമുട്ടിയാവില്ല. സർക്കാർ പദ്ധതികൾ ഇന്ന് നവലിബറൽ യുക്തിക്കു പൂർണമായും കീഴ്പ്പെട്ടുകഴിഞ്ഞെന്ന് ആദ്യംതന്നെ കാണണം. വികസനമെന്നാൽ മെഗാപദ്ധതികളാണ്, അല്ലാതെ ജനകീയാസൂത്രണമൊന്നുമല്ല, ഇപ്പോഴത്തെ ടെക്നോക്രസി-നിയന്ത്രിത ഭരണകൂടമനസ്സിൽ. മെഗാപദ്ധതികൾക്ക് മെഗാഫൈനാൻസിങ് ആവശ്യമാകും, അവയ്ക്ക് ആഗോളതലത്തിൽ ക്ളയൻറുകളെ അന്വേഷിക്കേണ്ടി വരും.

നിർണായകവിവരങ്ങൾ ഒളിച്ചുവച്ചിട്ടാണ് സ്വപ്​ന സുരേഷ്​ ഈ ജോലിയിൽ പ്രവേശിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അത് അന്വേഷിക്കണം. അല്ലാതെ അവരുടെ സ്ട്രെയ്റ്റൻ ചെയ്ത മുടിയും ലിപ്സ്റ്റിക്കും മറ്റും നോക്കി വൃത്തികെട്ട സൂചനകൾ പുറപ്പെടുവിക്കുകയല്ല വേണ്ടത്

ഈ പദ്ധതികൾ മെഗാ മാത്രമല്ല - നവലിബറലിസത്തിന്റെ ഇരപിടിയൻ മുതലാളിത്തത്തിന് ഇരിപ്പിടമൊരുക്കുന്നതും അവയുടെ ധർമ്മമാണ് – ഇവിടെ നവലിബറൽ മുതലാളിത്തം പന്തലിക്കുന്നത് സർക്കാർസ്ഥാപനങ്ങളിലൂടെയാണ്, അല്ലാതെ വിപണിയിലൂടെ മാത്രമല്ല. മെഗാതലത്തെ ഉന്നം വയ്ക്കുകയും ആഗോള-ദേശീയ-തദ്ദേശീയ ഇരപിടിയൻ മുതലാളിത്തത്തെ ഉൾക്കൊണ്ട് അവയ്ക്കു വളരാൻ കളമൊരുക്കുകയും ചെയ്യുന്ന ഇത്തരം പദ്ധതികൾക്ക് ആഗോള ഫൈനാൻസിങ് ഏജൻസികളുടെ സഹായം വേണം. അതിനാവശ്യമായ പ്രൊപ്പോസലുകളും മറ്റും തയ്യാറാക്കാൻ ഈ രംഗത്ത് പരിചയമുള്ള കൺസൾട്ടിങ് ഏജൻസികളും കൺസൾട്ടൻറുകളും വേണം. ഈ പുതിയ സംവിധാനം പലപ്പോഴും സർക്കാർ സംവിധാനത്തിന്റെ ഭാഗമായി നാം തിരിച്ചറിയുന്ന checks and balances തുടങ്ങിയവയെയും നൈതിക പുനഃപരിശോധനയെയും മാനിക്കുന്നില്ല. അഥവാ, നൈതികത മറ്റൊരു വിധത്തിലാണ് ഇവയ്ക്കുള്ളിൽ തിരിച്ചറിയപ്പെടുന്നത്. ഇത്തരത്തിൽ ആഗോളതലത്തിലെ കോർപ്പറേറ്റ് സംവിധാനങ്ങളോടും സാമ്പത്തിക ഏജൻസികളോടും ഇടപെടാനുള്ള സവിശേഷപരിചയം മാത്രമല്ല, കോർപ്പറേറ്റ് ലോകത്തിൽ അഭിമതമായ പെരുമാറ്റം, വേഷം, ശരീരഭാഷ, പറഞ്ഞുഫലിപ്പിക്കൽ ശേഷി, മുതലായ പലതുമുള്ളവരാണ് ഈ സ്ഥാപനങ്ങളിൽ നിയമിതരാവുക.
സ്വപ്നാ സുരേഷ് തന്റെ തൊഴിൽജീവിതത്തെപ്പറ്റിയുള്ള പല നിർണായകവിവരങ്ങൾ ഒളിച്ചുവച്ചിട്ടാണ് ഈ ജോലിയിൽ പ്രവേശിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അത് അന്വേഷിക്കണം. അല്ലാതെ അവരുടെ സ്ട്രെയ്റ്റൻ ചെയ്ത മുടിയും ലിപ്സ്റ്റിക്കും മറ്റും നോക്കി വൃത്തികെട്ട സൂചനകൾ പുറപ്പെടുവിക്കുകയല്ല വേണ്ടത്. കാരണം, ഇനി ഇവരല്ല, അങ്ങേയറ്റം നീതിപൂർവമായ ജോലിനിയമനം നേടിയ ഒരു സ്ത്രീയായിരുന്നു ആ സ്ഥാനത്തെങ്കിലും ഇതേ പെരുമാറ്റം, വേഷം, ജീവിതശൈലി, ശരീരഭാഷ മുതലായവ തന്നെ കാണപ്പെടുമായിരുന്നു. അവരുടെ ശരീരഭാഷയും പെരുമാറ്റവും വേഷവും ജീവിതശൈലിയും മറ്റും അവർ ചെയ്ത ജോലിയുടെ –അദ്ധ്വാനത്തിന്റെ – അവിഭാജ്യഘടകമാണെന്നാണ് പറഞ്ഞുവരുന്നത്. അവർ ചെയ്തു എന്ന് ആരോപിക്കപ്പെട്ട കുറ്റങ്ങൾ അതീവഗുരുതരങ്ങളാണ്, പക്ഷേ അവരുടെ വസ്ത്രധാരണത്തെയും ശരീരഭാഷയെയും മറ്റും അവയുമായി കൂട്ടിക്കലർത്തരുത്. കോർപ്പറേറ്റ് രംഗത്തു പണിയെടുക്കുന്ന പലർക്കും വ്യവസ്ഥാപിത കുടുംബജീവിതം സാദ്ധ്യമാകാറില്ല. അവരുടെ സൗഹൃദങ്ങൾ യാഥാസ്ഥിതിക മാന്യസ്ത്രീമാനദണ്ഡങ്ങൾക്കു കീഴ്പ്പെടണമെന്നുമില്ല. ആ ആരോപണം തെളിഞ്ഞാൽ സ്വന്തം കുറവുകളും കളവുകളും മറച്ചുവെച്ച് ജോലി നേടുന്ന വിവിധ ലിംഗസ്വഭാവമുള്ള അസംഖ്യം കുറ്റവാളികളിൽ ഒരാൾ മാത്രമാവും അവർ. ഇതൊന്നും അവരുടെ കുറ്റകൃത്യങ്ങളുടെ ഭാഗമല്ലെന്ന് ലൈംഗിക ആക്രാന്തത്തിൽ പെട്ടുലയുന്ന മലയാളി പുരുഷവർഗത്തിന് മനസിലാകാൻ എളുപ്പമല്ല.

കേരളത്തിൽ ഇന്ന് എനിക്ക് അറിയാവുന്ന വിജയിനികളായ വലിഞ്ഞുകേറ്റക്കാരികൾ മിക്കവരും നല്ലകുട്ടിപ്പരീക്ഷയിൽ നൂറു ശതമാനം നേടിയവരാണ് – പ്രത്യേകിച്ച് വേഷം, പെരുമാറ്റം, ജീവിതശൈലി എന്നിവയിൽ

കോർപ്പറേറ്റുകളിൽ സ്ത്രീകൾക്കു ലഭിക്കുന്ന ജോലികൾ പലപ്പോഴും സൗന്ദര്യപരമായ അദ്ധ്വാനം - Aesthetic labour – ആവശ്യപ്പെടുന്നു. ഇതേപ്പറ്റി നിരവധി പഠനങ്ങൾ ലോകത്ത് പലയിടത്തും ഉണ്ടാകുന്നുമുണ്ട്. എളുപ്പപ്പണിയൊന്നുമല്ല, ഇത്. ക്ളയൻറുകൾക്ക് സ്വീകാര്യമായവിധത്തിൽ വസ്ത്രധാരണം ചെയ്യുക, ഉപയോഗിക്കുന്ന ഭാഷയുടെ ഉച്ചാരണശൈലി പരിഷ്ക്കരിക്കുക, ഭക്ഷണം കഴിക്കുന്നതിലും ഇടപഴകുന്നതിലും പഴയ രീതികൾ മാറ്റി സങ്കോചങ്ങൾ ഇല്ലാതെ ക്ളയൻറുകളോട് ഇണങ്ങുന്ന രീതികൾ സ്വീകരിക്കുക, ഇതെല്ലാം സൗന്ദര്യപരമായ അദ്ധ്വാനത്തിന്റെ
ഭാഗമാണ് – ക്ളയൻറുകളുമായുള്ള ആശയവിനിമയം അനായാസമാകാൻ ആവശ്യമായ കാര്യങ്ങൾ.

ഇത് സവർണ-വരേണ്യമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നവയല്ലേ, സ്ത്രീകളെ വീണ്ടും വാർപ്പുമാതൃകകളിൽ തളച്ചിടുന്നവയല്ലേ, എന്നൊക്കെ ചോദിച്ചാൽ ഉവ്വ് എന്നുതന്നെയാണുത്തരം. ആ നിലയ്ക്ക് കാര്യമായ വിമർശനവും പ്രതിരോധവും ആവശ്യപ്പെടുന്ന പ്രയോഗങ്ങളാണ് അവയെല്ലാം. പക്ഷേ അവ കുറ്റകൃത്യങ്ങളിലേക്ക് സ്വാഭാവികമായി തുറക്കുന്ന ഒരു പാത മാത്രമാണെന്നും ലൈംഗിക അരാചകത്വവും വലിഞ്ഞുകയറ്റവും അതിൽ തന്നെത്താനെ മുളയ്ക്കുമെന്നും സൂചിപ്പിക്കുന്നത് അനീതിയാണ്. കേരളത്തിൽ ഇന്ന് എനിക്ക് അറിയാവുന്ന വിജയിനികളായ വലിഞ്ഞുകേറ്റക്കാരികൾ മിക്കവരും നല്ലകുട്ടിപ്പരീക്ഷയിൽ നൂറു ശതമാനം നേടിയവരാണ് – പ്രത്യേകിച്ച് വേഷം, പെരുമാറ്റം, ജീവിതശൈലി എന്നിവയിൽ.

ജപ്പാൻ കുടിവെള്ള പദ്ധതി, ഒരു ഉദാഹരണം

സ്വപ്നാ സുരേഷിന്റെ aesthetic labour അനിവാര്യമാക്കുന്ന ഭൗതിക- മൂർത്ത സാഹചര്യത്തെപ്പറ്റിയാണ് , അതിനുള്ളിൽ ഉളവായിരിക്കുന്ന പുതിയ നൈതികതയെപ്പറ്റിയാണ് നാം ഇന്ന് ചർച്ചചെയ്യേണ്ടത്, പക്ഷേ നമ്മുടെ പ്രബല രാഷ്ട്രീയകക്ഷികൾക്ക് അത് അസൗകര്യമായിരിക്കും. ആഗോള കോർപ്പറേറ്റുകളുമായി ആശയവിനിമയം നടത്താനാവശ്യമായ വരേണ്യത സ്ഫുരിക്കുന്ന സാംസ്കാരിക കഴിവുകളെ ആവശ്യം മാത്രമല്ല, അനിവാര്യം തന്നെയാകുന്ന വളർച്ചാസ്വപ്നത്തെ വാരിപ്പുണരുന്ന ഒരു സമൂഹത്തെയാണ് പൊതുവിൽ നമ്മുടെ രാഷ്ട്രീയകക്ഷികളെല്ലാം പിൻതാങ്ങുന്നതെന്ന് സമ്മതിക്കാത്ത ഇരട്ടത്താപ്പാണ് എങ്ങും.
ഒന്നാംതരം ഗവേഷണപഠനങ്ങൾക്കു സാദ്ധ്യതയുള്ള വിഷയമാണിത്. അവയിലൊന്നാണ് ഐ.ഐ.ടി ബോംബെയിൽ ഡോക്ടറൽ പഠനം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന യുവ ഗവേഷകനായ ഗൗതം ഗണപതിയുടെ ഗവേഷണപ്രബന്ധം (Gautam Ganapathy, ‘Unpacking Reforms in Drinking Water: A Study of Public Water Utility Reforms in Kerala’, Unpublished PhD thesis submitted to IIT Bombay, 2020). ലോകത്തിൽ പലപല ഇടങ്ങളിലും നവലിബറൽ ഭരണപരിഷ്ക്കാരം സുതാര്യതയെപ്പറ്റിയും ഉത്തരവാദിത്വത്തെപ്പറ്റിയും മറ്റും വാചാലമായെങ്കിലും പൗരജനങ്ങൾക്ക് ഇടപെടാൻ വഴികൾ തുറക്കുന്നതിനു പകരം ഉത്തരവാദിത്വത്തെ ‘കടത്തിവിട്ടൊഴിക്കുന്ന’ (passing the buck) രീതിയിൽ കലാശിച്ചതിനെപ്പറ്റിയുള്ള പഠനസാഹിത്യത്തിലേക്ക് ഗൗതം വിരൽചൂണ്ടുന്നു. നിയന്ത്രണത്തെയും ഉത്തരവാദിത്വത്തെയും വേർപെടുത്തുന്ന ഈ പ്രക്രിയ മൂലം ഉത്തരവാദിത്വം മുഴുവൻ ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലയിൽ വീഴുകയും, നിയന്ത്രണം ആഗോള സാമ്പത്തിക – ടെക്നോക്രാറ്റിക് – മൂലധന ശക്തികളുടെ കൈയിൽ ഇരിക്കുകയും ചെയ്യും. അവരെ നേരിട്ടു നിയമിച്ചില്ലെങ്കിലും സ്വപ്നയെ നിയമിച്ചതിന്റെ ഭാരം കേരള സർക്കാർ ഏൽക്കേണ്ടിവരുന്നതു വെറുതേയല്ല.

നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ, ആത്മാഭിമാനമുണ്ടെങ്കിൽ വിമർശനം കേരളത്തിന്റെ ഇക്കോളജീയ സുസ്ഥിരതയെയും ജനാധിപത്യവികസനാദർശങ്ങളെയും തീരെ മാനിക്കാത്ത ഈ വളർച്ചാ ദുഃസ്വപ്നത്തിനെതിരെ വേണം തൊടുക്കാൻ

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഉദാഹരണത്തെയാണ് ഗൗതം സൂക്ഷ്മമായി പരിശോധിക്കുന്നത്. പദ്ധതിയുടെ രൂപീകരണവും നടത്തിപ്പും ബാഹ്യ കൺസൾട്ടൻറിനെ ഏൽപ്പിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര ഫൈനാൻസ് സ്ഥാപനങ്ങളുടെ നയങ്ങൾക്കനുസൃതമായിരുന്നു. പദ്ധതിയുടെ ടേംസ് ഒഫ് റഫറൻസ് എഴുതിയുണ്ടാക്കിയ കൺസൾട്ടൻറ് അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ അന്താരാഷ്ട്രതലത്തിൽ പരിചയമുള്ള കമ്പനികളെത്തന്നെ ഏൽപ്പിക്കണമെന്ന് നിർദ്ദേശിച്ചു. പ്രോജക്ടിന്റെ ബിഡ്ഡിങ് പ്രക്രിയയിൽ വളരെ കുറച്ചു പേർക്കു മാത്രം – ബഹുരാഷ്ട്ര കമ്പനികൾക്കു മാത്രം – പങ്കെടുക്കാവുന്ന സാഹചര്യം അങ്ങനെ ഉണ്ടായി. ഈ പദ്ധതി നടപ്പാക്കിയ നയവൃത്തങ്ങൾ കേരളത്തിലെ കുടിവെള്ളമേഖലയിലെ പ്രശ്നങ്ങളെപ്പറ്റി സവിശേഷമായ ഒരു ആഖ്യാനം പങ്കുവയ്ക്കുകയും ചെയ്തു – TEC എന്ന ജാപ്പനീസ് കുടിവെള്ള കൺസൾട്ടൻസി മുതൽ അന്തർദേശീയ-തദ്ദേശീയ കരാറുകാർ വരെയുള്ളവർ (Degremont SUEZ, L&T, Electrosteel) പൊതുതാത്പര്യങ്ങളാൽ ബന്ധിതരായിരുന്നു. അവർ അംഗീകരിച്ച best practices ഉം നിർമ്മാണ മാർഗരേഖകളുമെല്ലാം അവരുടെ പൊതുവിലുള്ള താത്പര്യങ്ങളെ പരോക്ഷമായി പിൻതാങ്ങി. ഇതു മുഴുവൻ അതുപോലെ വിഴുങ്ങാൻ കേരള സർക്കാറും വാട്ടർ അതോറിറ്റിയും തയ്യാറായില്ലെങ്കിലും പല സുപ്രധാനവശങ്ങളിലും കാര്യമായ വിട്ടുവീഴ്ചകൾ ഉണ്ടാവുകതന്നെ ചെയ്തുവെന്ന് ഗൗതം കാണിച്ചുതരുന്നു. ജപ്പാൻ കുടിവെള്ളപദ്ധതിയ്ക്കായി വായ്പ നൽകിയ ഏജൻസിയുടെ ഇംഗിതം അതാര്യമായ രീതിയിൽ പ്രാവർത്തികമായി, തുടക്കത്തിൽത്തന്നെ – ഒരു ജാപ്പനീസ് കമ്പനി നയിച്ച കൺസോർഷ്യത്തിന്റെ നിയമനത്തിൽ കലാശിച്ച, വിവാദമായി മാറിയ, നിയമനപ്രക്രിയയുടെ ഒടുവിൽ. തീരുമാനമെടുക്കൽ പ്രക്രിയയിലെ വീഴ്ചകൾ മുഴുവൻ സർക്കാരും വാട്ടർ അതോറിറ്റിയും വഹിക്കുകയും, പ്രത്യേക ഭരണതീരുമാനങ്ങളുടെയും പുതുതായി പണിത സൗകര്യങ്ങളുടെ പ്രവർത്തനത്തിന്റെയും കാര്യങ്ങൾ അവ്യക്തമായിരിക്കുകയും പൗരപങ്കാളിത്തത്തിന് ഇടം കാര്യമായി ഉണ്ടാവാതിരിക്കുകയും ചെയ്തതിനെപ്പറ്റി ഗൗതം പറയുന്നു.
ജലസംബന്ധമായ പശ്ചാത്തല സൗകര്യങ്ങളുടെ വർദ്ധന പദ്ധതി മൂലം ഉണ്ടായിട്ടുണ്ടെന്ന് ഗൗതം സമ്മതിക്കുന്നുണ്ട്. എന്നാൽ വാട്ടർ അതോറിറ്റി ഈ പുതിയ സ്ഥാപന സാഹചര്യത്തെ വേണ്ടവിധം നിയന്ത്രിക്കാനാവശ്യമായ തയ്യാറെടുപ്പ് നടത്തുന്നില്ലെന്നും, ഇന്ന് കൺസൾട്ടൻസികളുടെ നിർദ്ദേശങ്ങളെ അമിതമായി ആശ്രയിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് ലോണി​ന്റെ വ്യവസ്ഥയായതുകൊണ്ടു മാത്രമല്ല എന്ന നിരീക്ഷണം വളരെ പ്രധാനമാണ്. ‘‘പ്രോജക്ടുകളുടെ ഡിസൈൻ, രൂപവത്ക്കരണം, അവയുടെ സാമ്പത്തികവും നിയമപരവുമായ വശങ്ങൾ എന്നു തുടങ്ങിയ പല കാര്യങ്ങളും നിർവ്വഹിക്കാൻ ‘വിദഗ്ദ്ധരെ’ നിയമിക്കാമെന്നുള്ള നയപരമായ തീരുമാനം തദ്ദേശതലത്തിൽ തഴച്ചുവളരുന്ന ഒരു കൺസൾട്ടൻസി വ്യവസായത്തെ സൃഷ്ടിച്ചിരിക്കുന്നു,’’ ഗൗതം ചൂണ്ടിക്കാണിക്കുന്നു, ‘‘പല നിറത്തിലും തരത്തിലുമുള്ള കൺസൾട്ടൻറുമാർ (പല തരം വൈദഗ്ദ്ധ്യമുള്ളവർ, അനുഭവ സമ്പത്തുള്ളവർ, പലയളവു വിശ്വാസ്യത അവകാശപ്പെടുന്നവർ) ഈ ചന്തയിൽ കൂട്ടംകൂടി നിൽക്കുന്നു. തദ്ദേശതലത്തിലെ കൺസൾട്ടൻറുമാരെ ഇവിടുത്തെ എഞ്ചിനിയർമാർ (ഔപചാരികമായും അനൗപചാരികമായും) നിയമിക്കുന്നു, ഇവരെക്കൂടാതെ രാഷ്ട്രീയ പിടിപാടുള്ളവരും ദേശീയതലത്തിൽ വ്യാപിച്ചു കിടക്കുന്ന കൺസൾട്ടൻസി കമ്പനികളും, ഇവർക്കു പുറമേ ആഗോളതലത്തിൽ വികസിതരാഷ്ട്രങ്ങളുടെ ഭരണനയങ്ങളെയും പ്രോജക്ട് നിർവ്വഹണചട്ടങ്ങളെയും സ്വാധീനിക്കാൻ ശ്രമിക്കുന്ന കൺസൾട്ടൻറുമാരുടെ ലോകവ്യാപകശൃംഖലയുടെ ഭാഗമായ അന്താരാഷ്ട്ര കൺസൾട്ടൻറുകളും ഏജൻസികളുമുണ്ട്.’’

വളർച്ചാ ദുഃസ്വപ്നത്തിനെതിരെ വേണം, വിമർശനം
മേൽവിവരിച്ച ഈ പുതിയ മുതലാളിത്ത-മെഗാ വളർച്ചാ കേന്ദ്രിത സംസ്കാരത്തി​ന്റെ ഗുണഭോക്താവാണ് സ്വപ്ന സുരേഷും അവരെപ്പോലുള്ള നൂറുകണക്കിനു മറ്റു താത്കാലിക ജീവനക്കാരും. സുതാര്യതയും ഉത്തരവാദിത്വവും ഭരണവേഗത്തിനു തടസ്സമായി എണ്ണുന്ന ഈ സംസ്കാരത്തിൽ കാര്യമായ അന്വേഷണം കൂടാതെ അവർ നിയമിക്കപ്പെട്ടത് അതിശയകരമൊന്നുമല്ല. രാഷ്ട്രീയസ്വാധീനങ്ങൾ അവർക്കുണ്ടായെങ്കിൽ, അവയെ വിനിയോഗിക്കാൻ അവർ ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിലുമില്ല തെല്ലൊരതിശയം.
അതുകൊണ്ട് സ്വപ്ന സുരേഷിനെയും അവരെ നിയമിച്ച സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നവർ വളരെ പരിമിതവും അവരവർക്കു സൗകര്യപ്രദം മാത്രവുമായ വിമർശനമാണ് നടത്തുന്നത്. ഭരണകൂടത്തിന്റെയും മുതലാളിത്തത്തിന്റെയും ശക്തമായ പിൻതാങ്ങലുള്ള സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ പലപ്പോഴും ദയനീയമായ പുരുഷത്വനഷ്ടത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതുണ്ടായ സംഭവങ്ങൾ പരിശോധിക്കുന്ന പഠനങ്ങൾ ഓർമിപ്പിക്കുന്നു. സരിതയായാലും ഇപ്പോൾ സ്വപ്നയായാലും നിങ്ങളുടെ ഈ ദുർബല-ദയനീയ തന്ത്രങ്ങളെ പുല്ലുപോലെ തള്ളിക്കളയുന്നുമുണ്ട്.
നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ, ആത്മാഭിമാനമുണ്ടെങ്കിൽ (ഇത്രയും ഫലശൂന്യമായ ഒരു പദമുണ്ടോ, ഇക്കാലത്ത്, ആത്മാർത്ഥത പോലെ?) വിമർശനം കേരളത്തിന്റെ ഇക്കോളജീയ സുസ്ഥിരതയെയും ജനാധിപത്യവികസനാദർശങ്ങളെയും തീരെ മാനിക്കാത്ത ഈ വളർച്ചാ ദുഃസ്വപ്നത്തിനെതിരെ വേണം തൊടുക്കാൻ.

Comments