ജഹാംഗീർ പുരിയിൽ
ബുൾഡോസർ കയറ്റിയിറക്കിയത്
സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്
ജഹാംഗീർ പുരിയിൽ ബുൾഡോസർ കയറ്റിയിറക്കിയത് സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്
അനധികൃതം എന്നുപറഞ്ഞ് തകര്‍ത്തുകളഞ്ഞത് വഴിയോരത്ത് നിര്‍ത്തിയിട്ട അനേകം ഉന്തു വണ്ടികള്‍ കൂടിയാണ്. അതിനിടയില്‍ നിന്ന് താരിഖ് തന്റെ വണ്ടി കണ്ടെത്തി. ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം അത് തകര്‍ന്നിട്ടുണ്ട്. മരപലക പിളര്‍ന്ന് ടയറുകള്‍ ഇല്ലാതായി. വലിച്ചെടുത്തപ്പോള്‍ കിട്ടിയത് മരത്തിന്റെ ഫ്രയിം മാത്രം. കഴിഞ്ഞ സ്വാതന്ത്ര ദിനത്തിന് മകള്‍ ഒട്ടിച്ച ഗാന്ധിയുടെ ചിത്രത്തിന്റെ പാതി ഉള്ളിലെവിടെയോ കീറി കിടക്കുന്നുണ്ട്. പാതി ഉന്തുവണ്ടിയിലും- ജഹാംഗീർ പുരിയിലെ മനുഷ്യരുടെ കണ്ണീരനുഭവങ്ങളിലൂടെ...
21 Apr 2022, 10:37 AM
"ഓര്‍മ വച്ച കാലം മുതല്‍ മസ്ജിദും അമ്പലവും ഇവിടെയുണ്ട്. വിശ്വാസങ്ങള്‍ രണ്ടാണെങ്കിലും ഞങ്ങള്‍ ഇതുവരെ രണ്ടായിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ബുള്‍ഡോസറുണ്ട്'.
‘യാ അല്ലാഹ്’ എന്ന് ആകാശത്തേക്കുനോക്കി പറഞ്ഞ് താരിഖ് കണ്ണുകള്‍ തുടച്ചു. സങ്കടം കൊണ്ട് അയാള്‍ നീറി. ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പ് ഭരണകൂടം തകര്‍ത്ത തന്റെ ഉന്തുവണ്ടി ചൂണ്ടിക്കാണിച്ചു. ഗലിയുടെ ഇരുമ്പ് ഗെയ്റ്റിനുവിടവിലൂടെ പുറത്തെത്തി. ബുള്‍ഡോസര്‍ തകര്‍ത്തു കൂട്ടിയിട്ട ഉന്തു വണ്ടികള്‍ക്കടുത്തേക്കുനടന്നു, അന്നേവരെയില്ലാത്ത ഭീതിയോടെ.
ജഹാംഗീര്‍പുരിയില്‍ താരിഖ് പഴക്കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പിതാവിന്റെ കാലം മുതലുള്ള ജീവിതമാര്‍ഗമാണ്. അന്നും സാധാരണ പോലെ കച്ചവടം കഴിഞ്ഞ് വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. രണ്ടു ദിവസം മുന്‍പ് നടന്ന കലാപ സമാനമായ അന്തരീക്ഷത്തില്‍ ഗലികള്‍ അടച്ചതോടെ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. പൊലീസ് പിന്‍വാങ്ങിയതോടെയാണ് ഇപ്പോഴത്തെ ശ്രമം.
രാപകല്‍ കച്ചവടം കഴിഞ്ഞു ബാക്കിയാകുന്നത് 500 രൂപയില്‍ താഴെയാണ്. അതുകൊണ്ട് വേണം വീട്ടുവാടക കൊടുക്കാൻ, നാലുപേരുടെ വയറു നിറക്കാനും. നടക്കുന്നതിനിടക്ക് ജീവിതം പറഞ്ഞു തീര്‍ത്തു. അത്ര അനായാസമായി പറഞ്ഞു തീര്‍ക്കാവുന്ന ആയിരക്കണക്കിന് ജീവിതങ്ങളുടെ ഗലികളാണ് ചുറ്റും. എല്ലാവരും സാധാരണക്കാര്‍. പല മതക്കാര്‍, പല ജാതി. പലതാണെങ്കിലും ഇടുങ്ങിയ ഗലികളില്‍ അവര്‍ ഒന്നായിരുന്നു. ആ സ്വൈര്യജീവിതത്തിനുമുകളിലേക്കാണ് ബുള്‍ഡോസറുകള്‍ ഇരച്ചെത്തിയത്. അവരുടെ ജീവിതസാധ്യതകളാണ് നിമിഷനേരം കൊണ്ട് തകര്‍ത്തെറിഞ്ഞത്.

അനധികൃതം എന്നുപറഞ്ഞ് തകര്‍ത്തുകളഞ്ഞത് വഴിയോരത്ത് നിര്‍ത്തിയിട്ട അനേകം ഉന്തുവണ്ടികള്‍ കൂടിയാണ്. അതിനിടയില്‍ നിന്ന് താരിഖ് തന്റെ വണ്ടി കണ്ടെത്തി. ഇനി ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം അത് തകര്‍ന്നിട്ടുണ്ട്. മരപലക പിളര്‍ന്ന് ടയറുകള്‍ ഇല്ലാതായി. വലിച്ചെടുത്തപ്പോള്‍ കിട്ടിയത് മരത്തിന്റെ ഫ്രയിം മാത്രം. കഴിഞ്ഞ സ്വാതന്ത്യദിനത്തിന് മകള്‍ ഒട്ടിച്ച ഗാന്ധിച്ചിത്രത്തിന്റെ പാതി ഉള്ളിലെവിടെയോ കീറിക്കിടക്കുന്നുണ്ട്, പാതി ഉന്തുവണ്ടിയിലും.
ഓരോ കലാപവും ഈ രാജ്യത്തിനേൽപ്പിക്കുന്ന മുറിവുകളുടെ ആഴം വളരെ വലുതാണ്. ഭീതി തളം കെട്ടിയ ആ തെരുവിലൂടെ നടന്നപ്പോള്‍ 2020 ലെ കലാപം കണ്ണില്‍ നിറഞ്ഞു. മനുഷ്യനെ ജനിച്ച മതം നോക്കി വെറുതെ വിട്ടവരും മുറിപ്പെടുത്തിയവരും ഓര്‍മയില്‍ വന്നു. എന്തിനെന്നറിയാതെ ക്രൂരമായി കൊല്ലപ്പെട്ട മനുഷ്യര്‍. കലാപശേഷം കാണാതായവര്‍. ജീവിതോപാധികളും കിടപ്പാടവും എന്നേക്കുമായി നഷ്ടമായവര്‍. ദിവസങ്ങളോളം തിരിച്ചറിയാനാവാതെ ജെ.ഡി.ടി. ആശുപത്രി മോര്‍ച്ചയിയില്‍ അനാഥമായി കിടന്ന മൃതദേഹങ്ങള്‍. നിസ്സഹായതയുടെ അനേകം മുഖങ്ങള്‍.
ചേട്ടന്‍ അന്‍വറിനെ തെരഞ്ഞെത്തിയ സലീം കൗസറിന് അന്ന് കിട്ടിയത് വലതുകാല്‍ മാത്രമാണ്. സൈക്കിള്‍ റിക്ഷ ചവിട്ടുന്ന ചേട്ടന്റെ കാലിലെ തഴമ്പ് കണ്ടാണ് തിരിച്ചറിഞ്ഞത്.
മതവികാരം ആളികത്തിച്ച് നേട്ടമുണ്ടാക്കുന്നത് വര്‍ഗീയ ശക്തികള്‍ മാത്രമാണ്. വലിയ തെരഞ്ഞെടുപ്പുകളും വലിയ വിജയങ്ങളുമാണ് അവരുടെ അജണ്ട. ആ തന്ത്രം കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച ഒന്നാണ്. ഇന്നും അനായാസമായി അവര്‍ അതില്‍ ജയം മാത്രം സാധ്യമാക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സാധാരണ മനുഷ്യനാണ് തോറ്റുകൊണ്ടിരിക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ ഓരോ കലാപവും അവനില്‍ ബാക്കിയാക്കുന്നത് നഷ്ടവും ഭീതിയുമാണ്.
ജഹാംഗീര്‍പുരിയിലെ കുശാല്‍ ചൗക്കില്‍ അന്‍പത് മീറ്ററിനുള്ളിലാണ് ക്ഷേത്രവും പള്ളിയുമുള്ളത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്കിടെയാണ് അക്രമങ്ങള്‍ തുടങ്ങിയത്. നാലുപേരടങ്ങുന്ന ഒരു സംഘം പ്രശ്നമുണ്ടാക്കി എന്ന് ഒരു പക്ഷവും പ്രകോപന മുദ്രാവാക്യവും പള്ളിയില്‍ കാവിക്കൊടി കെട്ടാനുള്ള ശ്രമമാണ് കാരണമെന്ന് മറുവിഭാഗവും പറയുന്നു.
അക്രമത്തിനുശേഷമാണ് ജഹാംഗിര്‍പുരിയിലെ കയ്യേറ്റങ്ങള്‍ നഗരസഭ കാണുന്നത്. 15 വര്‍ഷമായി ബി.ജെ.പി. ഭരിക്കുന്ന നഗരസഭ ഒന്‍പത് ബുള്‍ഡോസറുകളുമായാണ് ഗലികളിലെത്തിയത്. അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഉള്‍പ്പെടെ പ്രതിരോധ വലയം. നൂറുകണക്കിന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍. അനധികൃതമെന്ന് ആദ്യം പറഞ്ഞതും നടപടിയിലേക്ക് എത്തിച്ചതും ബി.ജെ.പി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ആദേഷ് കുമാര്‍ ഗുപ്ത. ഉത്തര്‍പ്രദേശില്‍, മധ്യപ്രദേശില്‍, ഗുജറാത്തില്‍ ബി.ജെ.പി പരീക്ഷിച്ചു വിജയിച്ച അതേ ഭീതിയുടെ ബുള്‍ഡോസറുകള്‍ കണികണ്ടാണ് ആ ജനത ഇന്നലെ ഉറക്കമെണീറ്റത്. നിമിഷനേരം കൊണ്ടാണ് എല്ലാം തകര്‍ത്തത്.

ഉടന്‍ പൊളിക്കല്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ ഓര്‍ഡര്‍ കിട്ടിയില്ല എന്നുപറഞ്ഞ് പൊളിക്കല്‍ തുടര്‍ന്നു. കൃത്യമായ രേഖകളുള്ള കെട്ടിടങ്ങളില്‍ പലതിലും അതിനോടകം ബുള്‍ഡോസര്‍ കയറിയിറങ്ങി. പൊടുന്നനെയാണ് ഒറ്റക്ക് ഒരു സ്ത്രീ കോടതി ഓര്‍ഡറുമായി വന്നത്. ബുള്‍ഡോസറുകള്‍ക്കുമുന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു, നിര്‍ത്ത്. ബൃന്ദ കാരാട്ടിനുമുന്നില്‍, അവരുടെ കയ്യിലെ ഉത്തരവിനുമുന്നില്‍ യന്ത്രങ്ങള്‍ ഓഫ് ചെയ്തു.
തിരികെ പോകുമ്പോള്‍ ഭരണകൂടം തകര്‍ത്ത അവശിഷ്ടങ്ങള്‍ക്കുമുന്നില്‍ കണ്ണീരുവറ്റിയ മുഖങ്ങള്‍ പലത് കണ്ടു. നിസ്സഹായതയുടെ പുതിയ ഇന്ത്യ. താരിഖ് അതിനിടയില്‍ നിന്ന് തന്റെ വണ്ടിയുടെ ബാക്കി അപ്പോഴും തിരയുന്നുണ്ട്. ഒന്നുറപ്പാണ്; കീറിപ്പോയ ഗാന്ധിച്ചിത്രവും അദ്ദേഹം ചേര്‍ത്തു വക്കും. ജീവിതം വീണ്ടും മുന്നോട്ടുപോകും. സമാധാന ജീവിതത്തിനു മുകളിലേക്ക് ഇരച്ചെത്തിയ ബുള്‍ഡോസറുകള്‍ക്കുനേരെ കാലം വിരല്‍ ചൂണ്ടാതിരിക്കില്ല.
Truecopy Webzine
Jul 02, 2022
1 Minute Read
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
കെ.എ. സൈഫുദ്ദീന്‍
Jun 23, 2022
4 Minutes Read
ആകാശി ഭട്ട്
Jun 19, 2022
2 Minutes Read
ആഷിക്ക് കെ.പി.
Jun 18, 2022
7.6 minutes Read
കെ.വി. ദിവ്യശ്രീ
Jun 18, 2022
10 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read