truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Baburaj 3543

Memoir

എം.എസ്. ബാബുരാജ്, എസ്. ജാനകി

എം.എസ്. ബാബുരാജിന്റെ ജീവിതം
ഒരു മിസ്റ്ററിയാക്കുന്നതെന്തിന്​?

എം.എസ്. ബാബുരാജിന്റെ ജീവിതം ഒരു മിസ്റ്ററിയാക്കുന്നതെന്തിന്​?

മലയാളിയുടെ പ്രിയങ്കരനായ ഗായകനും സംഗീതസംവിധായകനുമായ എം.എസ്. ബാബുരാജിന്റെ ബാല്യവും പില്‍ക്കാല ജീവിതവുമായും ബന്ധപ്പെട്ട, പലപ്പോഴും മിത്തിന്റെ രൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന, കേട്ടുകേള്‍വികളിലെ വാസ്തവം തെരയുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലേഖകന്‍.

7 Oct 2020, 04:11 PM

ജമാൽ കൊച്ചങ്ങാടി

കൊല്‍ക്കത്തയില്‍ നിന്ന് ആദരപൂര്‍വം വിളിച്ചു കൊണ്ടുവന്ന് ഇവിടെ പാര്‍പ്പിക്കുകയും വിവാഹം ചെയ്തു കൊടുക്കുകയും ചെയ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ കുടുംബം ഉപേക്ഷിച്ചു പോവുക, എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിന്റെ മകന്‍ പിതാവിനെ തേടി അപരിചിതമായ ഒരു നഗരത്തിലേക്ക് കള്ളവണ്ടി കയറിയും വയറ്റത്തടിച്ചുപാടിയും യാത്ര പോവുക...
കേരളത്തിന്റെ അഭിമാനമായ സംഗീത മാന്ത്രികന്‍ എം.എസ്. ബാബുരാജിന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഈ കഥ മലയാളിയുടെ പൊതുബോധത്തില്‍ ഉണങ്ങാത്ത മുറിവായി ഉറച്ചു പോയിരിക്കുന്നു. വാസ്തവത്തില്‍ യാഥാര്‍ഥ്യമെന്താണ്?

ബാബുരാജിന്റെ മൂത്ത മകള്‍ സാബിറയ്ക്ക് ചോദിക്കാനുള്ള മറുചോദ്യമിതാണ്: വല്യാപ്പ കോഴിക്കോട്ടെ കണ്ണമ്പറമ്പ് ശ്മശാനത്തില്‍ എന്നെന്നേയ്ക്കുമായി ഉറങ്ങിക്കിടക്കുമ്പോള്‍ എന്തിനാണ് അദ്ദേഹത്തെ തേടി എന്റെ ഉപ്പ വിദൂരമായ ഉത്തരേന്ത്യന്‍ നഗരത്തിലേക്ക് പോകുന്നത്?

1380411_485168981581650_1268573297_n.jpg
എം.എസ്. ബാബുരാജ്

ഈ ചോദ്യം ബാബുരാജ് എന്ന ലെജന്‍ഡിന്റെ ബാല്യകാല ജീവിതത്തെ ചൂ ഴ്ന്നു നില്‍ക്കുന്ന മിസ്റ്ററിക്കുള്ള ഉത്തരം കൂടിയാണ്. ആ അനുഗൃഹീത കലാകാരന്റെ 42ാം ചരമദിനത്തില്‍ ((2020 ഒക്ടോബർ 7) അറുപത്തിരണ്ടുകാരിയായ സാബിറ ഇതുപോലെ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നുണ്ട്.

കോഴിക്കോട്ടെ ഒരു സമ്പന്നന്റെ കുടുംബത്തിലെ വിവാഹാഘോഷത്തില്‍ സംഗീതസദിര് നടത്താനാണ് ഉസ്താദ് ജാന്‍ മുഹമ്മദിനെ കൊല്‍ക്കത്തയില്‍ നിന്ന് കൊണ്ടുവന്നത്. തന്റെ അപാരമായ സംഗീതജ്ഞാനം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്ത്​ അദ്ദേഹം ഇവിടെ തന്നെ താമസിക്കട്ടെ എന്ന് നഗരത്തിലെ സംഗീതാസ്വാദകര്‍ തീരുമാനിച്ചു. മാത്രമല്ല വാഴക്കാടുള്ള ഫാത്തിമ സുഹറ എന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ പിറന്നു: മുഹമ്മദ് സാബിറും അബ്ദുല്‍ മജീദും. മുഹമ്മദ് സാബിര്‍ (എം.എസ്) ആണ് നമ്മുടെ പ്രിയങ്കരനായ സംഗീത ശില്‍പ്പി ബാബുരാജ്.

ഉസ്താദ് ജാന്‍ മുഹമ്മദിന്റെ ആദ്യ ഭാര്യ ഫാത്തിമ സുഹറ മരിച്ചപ്പോള്‍ അദ്ദേഹം തലശ്ശേരിയില്‍ നിന്ന് പുനര്‍വിവാഹം ചെയ്തു. ദഖ്‌നി സമുദായത്തില്‍ പെട്ട റുഖിയ, ഉറുദു സംസാരിക്കുമായിരുന്നു. ജാന്‍ മുഹമ്മദിന്നും ഉറുദു അറിയാം. അതവരുടെ ദാമ്പത്യ ജീവിതത്തെ കൂടുതല്‍ വിനിമയസാധ്യമാക്കി. അവര്‍ കോഴിക്കോട്ടേക്ക് വന്ന് കോട്ടപ്പറമ്പിന്നടുത്തുള്ള ഒരു വാടക വീട്ടില്‍ താമസമാക്കി. ബാബുരാജിന് സംഗീതത്തിലെ ആദ്യ പാഠങ്ങള്‍ പിതാവില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. സ്കൂള്‍ വിട്ട് വന്നാല്‍ യൂണിഫോം പോലും മാറ്റാതെയാണ് ആ കുട്ടി സംഗീതം പഠിച്ചിരുന്നത്.

ഹാര്‍മോണിയത്തിലും ജലതരംഗിലുമുള്ള പരിശീലനം, നിരന്തരസാധനയിലൂടെ വളര്‍ത്തിയെടുത്താണ് കിടയറ്റ കലാകാരനായി ഉയര്‍ന്നത്. സ്വന്തം മക്കളെ പോലെ വാത്സല്യത്തോടെയാണ് സാബിറിനെയും മജീദിനേയും വളര്‍ത്തിയതെങ്കിലും റുഖിയയും ജാന്‍ മുഹമ്മദും അധികകാലം ജീവിച്ചിരുന്നില്ല. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. ഫാത്തിമയുടെ മൂത്ത സഹോദരിയും കുടുംബവും മാത്രമാണ് കല്ലായിയിലെവിടെയോ ജീവിച്ചിരുന്നത്. സ്വന്തം പ്രാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന അവര്‍ക്ക് സഹോദരിയുടെ മക്കളുടെ സംരക്ഷണമേറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സ്വാഭാവികം മാത്രം. അങ്ങനെയാണ് ആ കുട്ടികള്‍ അനാഥരായി തീര്‍ന്നത്.

ഒരു ഘട്ടത്തില്‍ സാബിറും മജീദും വേര്‍പെട്ടു പോവുക വരെ ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് മുഹമ്മദ് സാബിര്‍ മുതലക്കുളത്ത് തെരുവില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ പോലീസുകാരന്‍ കുഞ്ഞമ്മദ്ക്ക ആ സര്‍ഗ്ഗധനനായ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതും അവന്റെ സംരക്ഷണഭാരം ഏറ്റെടുക്കുന്നതും. സാബിറിന്റെ ചേലാകര്‍മ്മം നടക്കുന്നത് കുഞ്ഞാമതുക്കയുടെ പൊലീസ് ലൈനിലെ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നുവെത്ര. അന്നേരം ആ കുട്ടിയെ വാത്സല്യ പൂര്‍വ്വം പരിചരിച്ചത് കുഞ്ഞാമത്ക്കയുടെ പെങ്ങള്‍ ആച്ചുമ്മയാണ്. ആച്ചുമ്മ പിന്നീട് കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ഭാര്യയായി.

കേരളത്തിലെ സാംസ്​കാരിക രംഗത്തിന് എക്കാലത്തും അഭിമാനിക്കാന്‍ കഴിയുന്ന നാലഞ്ച് സര്‍ഗ പ്രതിഭകള്‍ വളര്‍ന്നത് സഹൃദയനായ ഒരു പൊലീസുകാരന്റെ തണലിലാണെന്ന് ഓര്‍ക്കുക. നാടകകൃത്ത് കെ.ടി.മുഹമ്മദ്, ഗായകരായ കോഴിക്കോട് അബ്ദുല്‍ ഖാദര്‍, സി.എ.അബൂബക്കര്‍, സംഗീത സംവിധായകൻ ബാബുരാജ്.... ഒളിമ്പ്യന്‍ റഹ്മാനും നടന്‍ കെ.പി.ഉമ്മറും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഏറ്റുവാങ്ങിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്.

maxresdefault (1).jpg
പി. ജയചന്ദ്രൻ, എം.എസ്. ബാബുരാജ്

കേരളത്തിന്റെ സാംസ്കാരിക ചരിത്രമെഴുതുമ്പോള്‍ കുഞ്ഞാമതുക്കയെ പോലൊരു സഹൃദയന്റെ സ്ഥാനം എവിടെയാണ് അടയാളപ്പെടുത്തേണ്ടത്?
ബാബുരാജിനെ പോലൊരു മഹാപ്രതിഭയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കാതോട് കാതോരം പറഞ്ഞു കേട്ട കഥകള്‍ക്കും മിത്തുകള്‍ക്കുമപ്പുറം വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ കണ്ടെടുക്കേണ്ടത് അനിവാര്യമല്ലേ? പലപ്പോഴും ഈ മിത്തുകളിലെ കാല്‍പ്പനികതയാണ് അദ്ദേഹത്തേക്കുറിച്ചുള്ള ഫീച്ചര്‍ ഫിലിം പ്രൊജക്ടുകളുമായി മുന്നോട്ട് വരുന്നവരെ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു.

ബാബുരാജിനെ കുറിച്ച് ആദ്യമായി ഒരു സ്മരണിക പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുത്തത് വടേരി ഹസ്സന്‍ എന്ന സഹൃദയനായ ഒരു മരക്കച്ചവടക്കാരനാണ്. അതിന്റെ പത്രാധിപത്യം ഏറ്റെടുക്കാനുള്ള നിയോഗം എനിക്കാണുണ്ടായത്. പിന്നീട് അത് പുസ്തക രൂപത്തിലാക്കുകയാണുണ്ടായത്. എം.ടി, എന്‍.പി, കെ.ടി., ഒ.എന്‍.വി തുടങ്ങി സാഹിത്യ സംഗീത സിനിമാരംഗങ്ങളിലെ പ്രശസ്തരും അപ്രശസ്തരുമായ സഹപ്രവര്‍ത്തകരുടെ ഓര്‍മകള്‍ സമാഹരിക്കുകയായിരുന്നു അതിന്റെ പ്രാഥമിക ലക്ഷ്യം. ഒരര്‍ഥത്തില്‍ വിസ്മൃതിയിലേക്ക് മറഞ്ഞു കൊണ്ടിരുന്ന ഒരു വലിയ കലാകാരനെ വീണ്ടെടുക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ആ പുസ്തകം നിര്‍വ്വഹിച്ചത്. ആ സമാഹാരത്തിലെ ഒരു ലേഖനം ആറാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ബാബുരാജ് പുസ്തകം പുറത്തുവന്നതിന് ശേഷമാണ് ബാബുരാജ് രാത്രികളും പുരസ്ക്കാരങ്ങളും അദ്ദേഹത്തിന്റെ പേരിൽ അക്കാദമി പോലുമുണ്ടാകുന്നത്.

പക്ഷെ, എന്നിട്ടും ഇരുളടഞ്ഞ കോണുകള്‍ അങ്ങനെ തന്നെ തുടരുന്നു. ബാബുരാജിന്റെ ജനന തിയതി പോലും വിക്കിപീഡിയയില്‍ പലതരത്തിലാണുള്ളത്. മലയാളത്തില്‍ 1921 എന്നാണ് കാണുന്നത്, ഇംഗ്ലീഷില്‍ 1929 എന്നും. 1921 ആണെങ്കില്‍ ജന്മശതാബ്​ദി വര്‍ഷമാണ് വരാനിരിക്കുന്നത്.

ഭാഗ്യവശാല്‍ ജനനത്തിയതി തെളിയിക്കുന്ന ഒരു രേഖ, ബാബുരാജിന്റെ പാസ്പോര്‍ട്ട്, മകള്‍ സാബിറ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അതനുസരിച്ച് 1929 മാര്‍ച്ച് മൂന്നിനാണ് അദ്ദേഹം ജനിച്ചത്. മരിച്ചത് 1978 ഒക്ടോബര്‍ 7നാണ് എന്നും നമുക്കറിയാം.

passport baburaj.jpg
എം.എസ്. ബാബുരാജിന്‍റെ പാസ്‌പോര്‍ട്ട്‌

നാല്‍പ്പത്തെട്ട് വര്‍ഷം മാത്രം നീണ്ട ആ ജീവിതം ആദ്യന്തം സര്‍ഗ്ഗാത്മകവും സംഘര്‍ഷ നിര്‍ഭരവുമായിരുന്നു. സിനിമാസംഗീത രചനയുടെയും പ്രശസ്തിയുടെയും ഉത്തുംഗതയില്‍ നിന്ന് രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ അദ്ദേഹത്തിന്നുണ്ടായിട്ടുണ്ട്.

പുതിയ സിനിമയ്ക്ക് ഈണം നല്‍കി തിരിച്ചെത്തുമ്പോഴേക്ക് ആ ഗാനങ്ങള്‍ സംഗീതസ്രഷ്ടാവില്‍ നിന്ന് നേരിട്ട് കേട്ടാസ്വദിക്കാന്‍ സമ്പന്നരും പ്രമാണികളുമായ സുഹൃത്തുക്കള്‍ കാറുമായി കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കാത്തു കിടക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ബാബുരാജിന്റെ റിക്കാര്‍ഡുകളേക്കാള്‍ ജൈവികമായ ഒരു മാസ്മരികത അദ്ദേഹത്തിന്റെ മെഹ്ഫിലുകള്‍ക്കുണ്ടായിരുന്നുവെന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്.

ആലിച്ചന്റ മാളികപ്പുറത്ത് നടന്ന അത്തരമൊരു മെഹ്ഫിലിന്റെ കസറ്റുകളാണ് മനോരമാ മ്യൂസിക് കമ്പനി വിപണിയില്‍ വിപുലമായ തോതില്‍ വിറ്റഴിച്ചതെത്ര. എന്നാല്‍ അദ്ദേഹം രോഗശയ്യയിലായപ്പോള്‍ ആ കൂട്ടുകാര്‍ തിരിഞ്ഞു നോക്കിയില്ല.

ബാബുരാജിനെ സംബന്ധിച്ച്​ സുഹൃത്തുക്കളും ആരാധകരും വലിയ ദൗര്‍ബല്യമായിരുന്നു. പ്രമാണിമാരും സാധാരണക്കാരും അദ്ദേഹത്തിന് ഒരു പോലെയായിരുന്നു. പണത്തെയും പ്രശസ്തിയെയും പദവികളെയും അത്ര സാരമാക്കിയില്ല. സൗഹൃദത്തെ കൂടുതല്‍ വിലമതിച്ച കലാകാരന്‍ സ്വന്തം മൂല്യം തിരിച്ചറിഞ്ഞില്ല. അര്‍ഹമായ പ്രതിഫലം ചോദിച്ചു വാങ്ങാന്‍ പോലും
അഭിമാനം അദ്ദേഹത്തെ അനുവദിച്ചില്ല.

ആ സംഗീത മാന്ത്രികന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട്  42 വര്‍ഷമാകുന്നു. അദ്ദേഹത്തിന്റെ അന്ത്യത്തെ കുറിച്ചും വാസ്തവവിരുദ്ധമായ കഥകള്‍ പ്രചരിപ്പിക്കപ്പെട്ടതായി പറയുമ്പോള്‍ സാബിറയുടെ വേദന മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ചെന്നൈയിലെ ആശുപത്രിയില്‍ ആരും തിരിഞ്ഞു നോക്കാതെയാണ് ബാബുരാജ് മരിച്ചതെന്ന് പറയുന്നവരോട് എന്താണ് സംഭവിച്ചതെന്ന് മകള്‍ വിശദീകരിക്കുന്നു: കല്‍പ്പാക്കത്തുള്ള മൂത്തുമ്മയുടെ മക​ന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് പോയതായിരുന്നു ഉപ്പ. ഊണ് കഴിക്കുന്നതിനിടെ ഛര്‍ദ്ദിച്ചു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ആവശ്യമായ സൗകര്യമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കല്‍പ്പാക്കം ഹോസ്പിറ്റലിലെത്തിയ നടന്‍ സുകുമാരന്റെ നിര്‍ദ്ദേശമനുസരിച്ച് ചെന്നൈ ജനറല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരില്‍ പലരും അവിടെയെത്തി. മുഖ്യമന്ത്രി എം.ജി.ആര്‍ പ്രത്യേകം ഇടപെട്ട്​ മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തി., ആറ് ദിവസവും എന്റെ ഭര്‍ത്താവ് ഇബ്രാഹിം അടുത്തു നിന്ന് മാറാതെ പരിചരിച്ചു. അദ്ദേഹം ചെന്നൈയില്‍ തന്നെ അല്‍പ്പമകലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്രവൈസറായി ജോലി നോക്കുകയായിരുന്നു.പക്ഷെ മരണത്തിന്റെ അലംഘനീയമായ വിധി തടുക്കാനാര്‍ക്ക് കഴിയും!

baburaj-885e132d-0c8f-42bf-a79b-39de4061b7c-resize-750.jpeg
ബാബുരാജ്,  പി. സുശീല

അപ്പോഴും ബാബുരാജിന്റെ ബാല്യകാല ജീവിതത്തെ കുറിച്ചുള്ള പഴുതുകള്‍ അവശേഷിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളനുസരിച്ച് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാവണം മുഹമ്മദ് സാബിര്‍ കുഞ്ഞുമുഹമ്മദ് ക്കയുടെ കൈകളിലെത്തിച്ചേരുന്നത്.പിന്നെ എപ്പോഴാണ് അദ്ദേഹം ഉത്തരേന്ത്യയിലേക്ക് പോകുന്നത്? 

നഗരത്തില്‍ വന്ന ഒരു സര്‍ക്കസ് സംഘത്തോടൊപ്പം ബാബുരാജ് സിലോണില്‍ പോയതായി പറയപ്പെടുന്നു.അവിടെ നിന്നാണ് ബോംബെയിലും മറ്റുമെത്തുന്നതും ഉസ്താദുമാരുടെ പക്കല്‍ നിന്ന്​ സംഗീതത്തില്‍ കൂടുതല്‍ അഗാധവും പ്രായോഗികവുമായ അറിവുകള്‍ സമ്പാദിക്കുന്നതും. ഇതൊക്കെ എത്ര വര്‍ഷം നീണ്ടുനിന്നുവെന്ന് വ്യകതമല്ല. മുഹമ്മദ് റഫിയുമൊത്ത് രണ്ട് പാട്ടുകള്‍ പാടിയെന്നതിനും തെളിവില്ല. ബാബുരാജ് ജീവിച്ചിരുന്ന കാലത്ത് ഫിലിം ജേര്‍ണലിസ്റ്റുകളൊ മറ്റാരെങ്കിലുമൊ ചോദിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഈ ഇരുളടഞ്ഞ ഘട്ടത്തിലേയ്ക്ക് കുറച്ചെങ്കിലും വെളിച്ചം പരക്കുമായിരുന്നു.

എട്ടാം വയസ്സില്‍ ഭാരതപ്പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന ബാബുരാജിനെ രക്ഷിച്ച കഥ തന്റെ ഉപ്പ പറയുമായിരുന്നുവെന്ന് ചിത്രകാരനും ശില്പിയും ചലച്ചിത്രപ്രവര്‍ത്തകനുമായ കമറദ്ദീന്‍ ഓര്‍ക്കുന്നു: അന്ന് എന്റെ ഉപ്പയ്ക്ക് പന്ത്രണ്ട് വയസ്സുണ്ടാകും. കോഴിക്കോട് വെച്ചാണ് അവര്‍ തമ്മില്‍ പരിചയപ്പെടുന്നത്   സാബിറിനോടൊപ്പം (അന്ന് ബാബുരാജായിട്ടില്ല) മജീദുമുണ്ടാകും. അവര്‍ മൂന്ന് പേരും തീവണ്ടി ബോഗികളില്‍ കയറിയിറങ്ങി പാടുമായിരുന്നു. സ്റ്റേഷന്‍ വിടാന്‍ തുടങ്ങിയ കോച്ചിന്റെ വാതില്‍ക്കല്‍ തൂങ്ങിക്കിടന്ന മജീദിനെ മറ്റു രണ്ടു പേരും കൂടി വലിച്ചു കയറ്റി രക്ഷപ്പെടുത്തിയതിന്റെയും കഥ ഉപ്പ പറഞ്ഞിട്ടുണ്ട്. അന്ന് തിരൂരില്‍ ലൈറ്റ് ആന്റ് സൗണ്ട് സര്‍വീസ് ചെയ്തിരുന്ന റാന്‍ സ്റ്റുഡിയോവില്‍ സഹായിയായും സാബിര്‍ ജോലി ചെയ്തിരുന്നുവെത്ര. 

 moideen kutty friend of baburaj.jpg
മൊയ്തീന്‍കുട്ടി

മൊയ്തീന്‍കുട്ടിയെന്നായിരുന്നു കമറുദ്ദീന്റെ ഉപ്പയുടെ പേര്. മൂന്ന് ഭാര്യമാരു ണ്ടായിരുന്ന പിതാവിന് എഴുപതാം വയസ്സില്‍ പിറന്ന മകന്‍. ഉപ്പ മരിച്ചപ്പോള്‍ ഉമ്മയെ ഒരു മുസലിയാര്‍ വിവാഹം കഴിച്ചു. അങ്ങനെയാണ് മൊയ്തീന്‍ കുട്ടി അനാഥനായത്. തുല്യദുഃഖിതരായ ആ കുട്ടികള്‍ തമ്മിലടുത്തു. അവരെ സംരക്ഷിക്കാനാരുമില്ലായിരുന്നു. അവര്‍ കല്യാണ വീടുകളിലും മറ്റും പാടി നടന്നു. അന്നും സാബിര്‍ നന്നായി ഹാര്‍മോണിയം വായിക്കും. മൊയ്തീന്‍ കുട്ടിയും പാടും. കൂട്ടുകാരായ അവര്‍ ഭാരതപ്പുഴയില്‍ ഒരിക്കല്‍ കുളിക്കാനിറങ്ങി. സാബിറിന് നീന്തലറിയില്ല. ഒഴുക്കില്‍ പെട്ടു. തലമുടിയില്‍ ശക്തിയായി പിടിച്ചു വലിച്ചു കയറ്റിയാണ് രക്ഷപ്പെടുത്തിയത്.

kamaruddin.jpg
കമറുദ്ധീന്‍

മൊയ്തീന്‍ കുട്ടി പിന്നീട് ‘ആശാദീപം’ എന്ന സിനിമയില്‍ സോളോ പാടാന്‍ പോയി കോറസ് പാടേണ്ടി വന്ന കഥയും കമറുദ്ദീന്‍ പറയുന്നു. നിരാശനായ അയാള്‍ ബോംബെയിലേക്ക് വണ്ടി കയറി. ബോംബെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യവെ കെ.ജി. സത്താര്‍ എന്ന മാപ്പിളപ്പാട്ടു ഗായകന്റെ പെങ്ങളെ വിവാഹം ചെയ്തു. പില്‍ക്കാലത്ത് ആര്‍.ഇ.സി.യിൽ ബസ് ജീവനക്കാരനായി  മൊയ്തീന്‍ കുട്ടി കോഴിക്കോടെത്തി... കമറുദ്ദീന്‍ പിതാവിന്റെ കഥ അവിടെ നിറുത്തി.

ആര്‍. ഇ.സി.യില്‍ ​ഡ്രൈവറായ ഒരു മൊയ്തീന്‍കുട്ടി മകളുമായി കല്ലായിയില്‍  താമസിക്കുമ്പോള്‍  ഉപ്പയെ കാണാന്‍ വരുമായിരുന്നെന്ന് സാബിറ ഓര്‍ക്കുന്നു. തന്റെ തന്നെ പേരായിരുന്നു അവള്‍ക്ക്. ആ കുട്ടി പാടുമായിരുന്നു. എന്നാല്‍ തന്നെ മരണത്തില്‍ നിന്ന് രക്ഷിച്ച പഴയ കൂട്ടുകാരനായിരുന്നെങ്കില്‍ ഉപ്പ അത് പറയുമായിരുന്നില്ലെ എന്ന് ചോദിക്കുന്നു സാബിറ.

വിചിത്രമാണ് ജീവിതത്തിന്റെ ഗതിവിഗതികള്‍. മൊയ്തീന്‍ കുട്ടിയുടെ മകള്‍ സാബിറ ‘പാപ്പാത്തി’ എന്ന ഒരു തമിഴ് സിനിമയില്‍ പിന്നണി പാടിയെങ്കിലും പടം റിലീസായില്ലെന്ന് കമറുദ്ദീന്‍. വിജയ് യേശുദാസുമൊത്ത് ചില കസറ്റുകളൊ സീഡിയൊ പാടിയിട്ടുണ്ട് അവള്‍. മൊയ്തീന്‍ കുട്ടി മുപ്പത്തിയഞ്ചോളം സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഇന്ന് ജീവിച്ചിരിപ്പില്ല.

ചെന്നൈയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ നേടിയ കമറുദ്ദീന്റെ മനസ്സില്‍ മുഴുവന്‍ സിനിമാ മോഹങ്ങളാണ്.

സാബിറയുടെ മനസ്സിലുമുണ്ട് ഒരു കൊച്ചു സ്വപ്നം. അനുഗ്രഹീത സംഗീതനായ ഉപ്പയെ കുറിച്ച്, അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകളെ കുറിച്ച്, പിതാവിന്റെ ലാളനകളെ കുറിച്ച് ഒരു ചെറിയ പുസ്തകം. ബാബുരാജിന്റെ ജീവിതകഥയില്‍ ഇനിയും വെളിച്ചമെത്തേണ്ട ഇടങ്ങളുണ്ട്. അതോടൊപ്പം അദ്ദേഹം നമുക്ക് നല്‍കിയ ഗാനസമ്പത്തിനെ കുറിച്ചുള്ള സമഗ്ര പഠനങ്ങളും ഉണ്ടാവേണ്ടതുണ്ട്.

  • Tags
  • #M.S. Baburaj
  • #Evergreen Malayalam Songs
  • #Music
  • #Jamal Kochangadi
  • #Music Director
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ഇയ്യ വളപട്ടണം

9 Oct 2020, 07:20 AM

ബാബുരാജിന്റെ ജീവിതവും പാട്ട് വഴിയും സത്യസന്ധമായി അടയാളപെടുത്തുന്ന ഈ ലേഖനം ചരിത്രത്തിന്റെ രജത രേഖയാണ്.ഫീച്ചര്‍ എഴുത്തിന്റെ രസവും പൊലിമയും ചേര്‍ത്ത് ഉണ്ടാക്കുന്ന പല എഴുത്തുകളും സത്യമല്ല എന്ന് നമുക്ക് അറിയാം.എന്നാല്‍ സത്യത്തെ തിരിച്ചു പിടിക്കുകയാണ് ജമാല്‍ കൊച്ചങ്ങാടിയുടെ ഈ ലേഖനം.ഇതില് ബാബുരാജിന്റെ ജീവിതവും അന്വേഷണവും ഉണ്ട്.കണ്ടെത്തലുകളാണ് -സത്യത്തെ തെടലാണ് ഈ കുറിപ്പ് -

കെ.കെ.വി.കുട്ടി.

7 Oct 2020, 09:22 PM

വളരെ ഉപ്കാര പ്രദം.

Bhaskaran nambudiripad

7 Oct 2020, 04:10 PM

എത്രയെത്ര അറിയപ്പെടാത്ത സത്യങ്ങൾ!! ബാബുക്കയ്ക്ക് ഒരുപാട് നമസ്ക്കാരം...

Sabir

7 Oct 2020, 03:43 PM

അഭിനന്ദനങ്ങൾ.

indian ocean

ITFOK 2023

മുസ്തഫ ദേശമംഗലം

ഇറ്റ്‌ഫോക്കിലേക്കു വരൂ, ‘ഇന്ത്യൻ ഓഷ്യനെ’ അനുഭവിക്കാം...

Jan 26, 2023

7 Minutes Read

NaatuNaatu.

Music

രശ്മി സതീഷ്

‘നാട്ട്​- നാട്ട്​’: പലതരം മനുഷ്യർ ഒത്തുവന്ന ഒരു മാജിക്ക്​

Jan 11, 2023

3 Minutes Read

Yesudas

Music

എസ്. ശാരദക്കുട്ടി

ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്

Jan 10, 2023

3 minute read

anu pappachan

OPENER 2023

അനു പാപ്പച്ചൻ

2022; നരബലി മുതല്‍ തല്ലുമാല വരെ, മന്‍സിയ മുതല്‍ മെസ്സിവരെ

Dec 31, 2022

5 Minutes Read

pushpavathi-

Life Sketch

പുഷ്പവതി

രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീര്‍ത്തുമാണ് സംഗീതലോകത്ത് നിലനില്‍ക്കുന്നത്

Nov 17, 2022

15 Minutes Read

Umbayee

Music

കെ. സജിമോൻ

അമ്മയുടെ ഉമ്പായി, ജോണ്‍ എബ്രഹാമിന്റെയും

Nov 07, 2022

10 Minutes Read

food

Music

എസ്. ബിനുരാജ്

ചിക്കനില്‍ അലിഞ്ഞ ബഡേ ഗുലാം അലി ഖാന്‍, കുമാര്‍ ഗന്ധര്‍വയുടെ പച്ചമാങ്ങപ്പുളിരാഗം

Nov 02, 2022

6 Minutes Read

Sheela Tomy

Music

Truecopy Webzine

മനുഷ്യസ്‌നേഹം തന്നെയാണ് ദൈവസ്‌നേഹം എന്ന തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ വയലാര്‍ വീണ്ടും ഓര്‍ക്കപ്പെടേണ്ടതുണ്ട്

Oct 27, 2022

2 Minutes Read

Next Article

കുറ്റവാളികളെ വെറുതെവിടുന്ന നിയമവാഴ്ച, പേടിക്കേണ്ട സമയമാണിത്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster