തിയേറ്ററിൽ വിസിലടിക്കണ്ടേ? ഈയടിക്ക്...

കാലമൊക്കെ മാറി, പെൺകുട്ടികൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ കൊടുക്കണം; തീർച്ചയായും വേണം. പക്ഷേ ആര് കൊടുക്കും ഈ സ്വാതന്ത്ര്യം?

അച്ഛൻ കൊടുക്കും, ആങ്ങള കൊടുക്കും, ഭർത്താവ് കൊടുക്കും, കാമുകൻ കൊടുക്കും; എന്നുവെച്ചാൽ മാറിയ കാലത്തും സ്വാതന്ത്ര്യത്തിന്റെ ഹോൾസെയിൽ ഡീലർഷിപ്പ്​ ആണുങ്ങളുടെ കയ്യിലാണെന്നു സാരം.

പറഞ്ഞുപഴകിയ വിഷയം തന്നെ, പറഞ്ഞിട്ടും, പിന്നെയും പറഞ്ഞിട്ടും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നും വരാത്ത സ്ഥിതിക്ക് വീണ്ടും പറയുന്നതിൽ തെറ്റില്ല. ജയ ജയ ജയ ജയ ഹേഎന്ന സിനിമ പറയാൻ ശ്രമിക്കുന്ന വിഷയവും സ്ത്രീസ്വാതന്ത്ര്യം തന്നെ.

ഒരടി, പലപ്പോഴും അത് കൊള്ളുന്നത് വ്യക്തിയുടെ ശരീരത്തിലല്ല, ആത്മാഭിമാനത്തിൻമേലാണ്. പെട്ടെന്നു മനസ്സിലാവുന്ന ഒരുദാഹരണം നോക്കാം. കടുവ സിനിമയിലെ ഒരു രംഗം. കടുവക്കുന്നേൽ കുര്യാച്ചനും, ഐ.ജി ജോസഫ് ചാണ്ടിയും പള്ളിമുറ്റത്തുവെച്ച് നേർക്കുനേർ ഏറ്റുമുട്ടുന്നു. ഇവിടെ മുറിവേറ്റത് രണ്ട് വ്യക്തികളുടെ ആത്മാഭിമാനത്തിനാണ്. ആ മുറിവിന്റെ പരിണിതഫലമാണ് ആ സിനിമ തന്നെ. ഇത്തരം ആണഭിമാന പോരാട്ടങ്ങളനവധി നമ്മുടെ തിയേറ്ററുകൾ ഹർഷാരവത്തോടെ വരവേറ്റിട്ടുമുണ്ട്. എന്നാൽ ഈ ആത്മാഭിമാനത്തിന് ആൺ- പെൺ വ്യത്യാസമുണ്ടോ? പെണ്ണിന്റെ ആത്മാഭിമാനത്തിനും അടികൊള്ളാം എന്നു കൃത്യമായി കാണിച്ചു തന്ന സിനിമയാണ് ഥപ്പട്. പഴകിയും പുളിച്ചും കെട്ടിക്കിടന്നുനാറിയ ഇന്ത്യൻ അടുക്കളസംസ്‌കാരത്തിൽ നിന്ന് ഒരു പെണ്ണ് ഇറങ്ങി നടന്നത് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നമ്മൾ കണ്ടിട്ടുണ്ട്. ആണിനും പെണ്ണിനുമിടയിൽ ഏറ്റവും സ്വഭാവികമായി രൂപപ്പെടേണ്ട ഒന്നാണ് പ്രണയമെന്നിരിക്കെ, ഒരു ഗ്ലാസ് ചായയുടെയും, മിച്ചറിന്റെയും അച്ചപ്പത്തിന്റെയും ബലത്തിൽ, അഞ്ച് മിനിറ്റ് സംസാരിച്ചശേഷം ഒരു ആണും പെണ്ണും വിവാഹം എന്ന തീരുമാനം എടുത്താലോ... കെട്ടിയോളാണെന്റെ മാലാഖ പോലുള്ള സിനിമകൾ ഒന്നോർത്തു നോക്കൂ.

ഇനി ചില സമീപകാല യാഥാർഥ്യങ്ങളിലേയ്ക്കു വരാം. പ്രണയം നിരസിച്ചതിന്റെ പേരിൽ, പ്രണയത്തിൽനിന്ന് പിൻമാറിയതിന്റെ പേരിൽ കൊല്ലപ്പെട്ട, ആക്രമണത്തിനിരയാക്കപ്പെട്ട എത്ര പെൺകുട്ടികളുടെ മുഖം ഈ നിമിഷം ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. ഭർതൃവീട്ടിൽ കൊല്ലപ്പെട്ടതും സ്വയം ഒടുങ്ങിയതുമായ പെൺകുട്ടികളുടേയോ... എവിടെയാണ് നമുക്ക് പിഴച്ചത്? ഈ ചോദ്യത്തിനുള്ള ചില ഉത്തരങ്ങൾ ജയ ജയ ജയ ജയ ഹേ എന്ന സിനിമ തരുന്നുണ്ട്. ഒരു വിരൽ നീട്ടി രാജേഷിലേയ്ക്കു ചൂണ്ടിയാലും ബാക്കി മൂന്നുവിരൽ നമ്മിലേക്കുതന്നെ തിരിയുന്നുണ്ട്, നമ്മുടെ വീടകങ്ങളിലേക്കുതിരിയുന്നുണ്ട്.

‘ഇന്നല്ലെങ്കിൽ നാളെ മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ടവൾ, ആ ചെന്നു കേറുന്ന വീടിനു പാകപ്പെടേണ്ടവൾ’... ഇത്തരമൊരു അരക്ഷിതാവസ്ഥയിലാണ് മിക്ക പെൺകുട്ടികളും വളർന്നുവരുന്നത്. ഇനി മറ്റൊരു വീട്ടിൽ ‘ചെന്നുകേറിയാലോ’, അവിടുത്തെ എല്ലാ ശീലങ്ങൾക്കുമനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടിവരുന്നു. ഗതികേടിന്റെ അങ്ങേ അറ്റത്തെത്തുമ്പോൾ മാത്രമാണ് പലപ്പോഴും ഒരു പെൺകുട്ടി പ്രതികരിച്ചു തുടങ്ങുന്നത്. ആദ്യം പറഞ്ഞതുപോലെ, അളന്നു തൂക്കി കൊടുക്കപ്പെടുന്ന സ്വാതന്ത്ര്യം. നല്ലൊരു കോളേജിൽ ആന്ത്രപ്പോളജി പഠിക്കാനാണ് അവൾക്കിഷ്ടമെങ്കിലും, അതിന് മെറിറ്റിൽ അഡ്മിഷൻ കിട്ടിയാലും വീടിന് ഏറ്റവും അടുത്തുള്ള പാരലൽ കോളജിൽ മലയാളം പഠിക്കാൻ അനുവദിച്ചു കിട്ടുന്ന സ്വാതന്ത്ര്യം. ഇനി അതിനും മുകളിൽ സ്വപ്നങ്ങളുള്ള പെൺകുട്ടിയാണെങ്കിൽ അവൾ എത്രയും വേഗം ഗർഭിണിയാവട്ടെ, കുഞ്ഞിനെ നോക്കി വീട്ടിലിരിക്കട്ടെ...

എടുത്തു പറയേണ്ട മറ്റൊരു കാര്യം പെൺകുട്ടികൾ സ്വയം സ്വായത്തമാക്കേണ്ട കായികക്ഷമതയാണ്. മരത്തിൽ കയറാൻ അനുവദിക്കാതെ, ഗ്രൗണ്ടിൽ കളിക്കാൻ അനുവദിക്കാതെ, അടക്കിഒതുക്കി വളർത്തിയ ഒരു പെൺകുട്ടി, തനിക്കുനേരെ വന്ന ഒരടി തടുത്ത നിമിഷം സിനിമ കീഴ്​മേൽ മറിയുന്നു, ജീവിതം കീഴ്​മേൽ മറിയുന്നു. മിണ്ടാതിരിക്കാനല്ല, പ്രതികരിക്കാൻ, ശാരീരിക ആക്രമണങ്ങളെ കായികമായി നേരിടാൻ പെൺകുട്ടികൾ സ്വയം പഠിച്ചേ മതിയാകൂ.

സിനിമക്ക്​ സാധ്യമായ കാഴ്ചയുടെയും കേൾവിയുടെയും സാധ്യതകളെ അത്ര മനോഹരമായി ഉപയോഗിക്കാൻ ഈ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല എന്നു തന്നെ പറയാം. കഥാപാത്രങ്ങളും കഥസന്ദർഭങ്ങളും തമാശ അല്ലെങ്കിലും, കാണുന്നവർക്ക് അതിലെ തമാശ ആസ്വദിക്കാനാവുന്നുണ്ട് എന്നതാണ് സിനിമയുടെ വിജയം. ദർശനയുടെയും ബേസിലിന്റെയും അഭിനയവും എടുത്തു പറയേണ്ടതുണ്ട്. തിരക്കഥയും, അഭിനയമികവും ഈ സിനിമയെ രക്ഷിച്ചു എന്നു പറയാം. സ്വന്തം വീടിനകത്തേയ്ക്ക് തിരിച്ചുവെച്ച ക്യാമറയായി ഈ സിനിമയെ കണ്ടാൽ മതി. ജയയിൽ, രാജേഷിൽ ഓരോ കഥാപാത്രത്തിലും ഞാനെത്ര എന്നു മാത്രം ചിന്തിച്ചാൽ മതി. അപ്പോൾ സ്വയം ഒരു അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അതുമതി, അത്രയുമേ ഈ സിനിമയും ഉദ്ദേശിച്ചിട്ടുള്ളൂ.

ഈ സിനിമ തിയേറ്ററിൽ പോയി കണ്ടാലും വീട്ടിലിരുന്ന് ടി.വിയിലോ ഫോണിലോ കണ്ടാലും കാഴ്ചാനുഭത്തിന് കാര്യമായ മാറ്റമുണ്ടാവാൻ സാധ്യയില്ല. എങ്കിലും സാധിക്കുന്നവർക്ക് തിയേറ്റർ തന്നെ തിരഞ്ഞെടുക്കാം. മറ്റൊന്നുകൊണ്ടുമല്ല, കാലാകാലങ്ങളായി നമ്മൾ തിയേറ്ററിൽ കയ്യടിച്ച്​, വിസിലടിച്ച് പ്രോത്സാഹിപ്പിച്ച ആണത്ത ആഘോഷങ്ങൾ കൂടി ചേർന്നാണ് സമൂഹത്തിൽ ഓരോ രാജേഷിനെയും സൃഷ്ടിച്ചെടുത്തത് എന്നതുകൊണ്ട്, ഇനി നെഞ്ചിനുമുകളിൽ കാലു പൊക്കിയുള്ള ഒരു പെണ്ണിന്റെ അടിക്കും ഒന്നു കൈയ്യടിച്ചു നോക്കാം; ഭർതൃവീട്ടിൽ കൊല്ലപ്പെട്ടും സ്വയം കൊന്നും തീർന്ന എല്ലാ പെൺകുട്ടികൾക്കും വേണ്ടി.

Comments