ആ കന്യാസ്​ത്രീയെക്കൊണ്ട്​ മാപ്പു പറയിക്കാൻ പൊലീസിന്​ എന്താണ്​ അധികാരം?

മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് ഒരു പരാതി ലഭിച്ചാൽ അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാൽ, പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യൻ പൗരയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ മാപ്പ് പറയിച്ചിരിക്കുന്നു. കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ശക്തമായ ഒരു പൊതുബോധം ഉയർന്നുവരണമെന്നും അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇത് ദുരുപയോഗം ചെയ്യുന്നത് തുടരുമെന്നും ലേഖകൻ

വിട്ടിത്താഴ്ത്തപ്പെട്ടവന്റെ സുവിശേഷമാണ് ഓണം എന്ന ആശയം പങ്കുവെച്ചതിന് ഒരു ഇന്ത്യൻ പൗരക്ക്​ പോലീസ് സ്റ്റേഷനിൽ ഹാജരായി രേഖാമൂലം മാപ്പ് എഴുതി സമർപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അത് സംഭവിച്ചത് പ്രബുദ്ധതയും ‘ഇടതുപക്ഷ' സമൂഹ്യബോധവും ഉള്ള കേരളത്തിൽ ഒരു ‘ഇടതുപക്ഷ' ഗവൺമെന്റ് അധികാരത്തിലിരിക്കുമ്പോഴാണ്.

കോട്ടയം കറുകച്ചാൽ പൊലീസ് സ്റ്റേഷനിലാണ് ലജ്ജാകരമായ സംഭവം അരങ്ങേറിയത്. ചതിയിലൂടെ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ ഐതിഹ്യം ഓർമിക്കുകയും അദ്ദേഹത്തിന്റെ സ്മരണകളെ യേശുക്രിസ്തു മുതൽ ഇറോം ശർമിള വരെയുള്ള ത്യാഗോജ്ജ്വല ജീവിതങ്ങളുമായി തുലനം ചെയ്തുകൊണ്ടുമുള്ള ഒരു ഓണസന്ദേശമാണ് കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ റീത്താമ്മ സി. മാത്യൂസ് വിദ്യാർഥികളുമായി പങ്കുവെച്ചത്. അതിനെതിരെ ഹിന്ദു ഐക്യവേദി കൊടുത്ത പരാതിയിലായിരുന്നു പൊലീസ് നടപടി.

പ്രഥമദൃഷ്ട്യാ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു പരാതിയിൽ പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് പോയത് കുറേക്കാലമായി നമ്മുടെ വ്യവസ്ഥിതിയോട് ചേർന്നുനിൽക്കുന്ന ഭൂരിപക്ഷബോധത്തിന്റെ തുടർച്ചയാണ്. മതവികാരം വ്രണപ്പെടുത്തുക എന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 295(എ) പ്രകാരം മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന ഗൗരവതരമായ കുറ്റമാണ്. സി.ആർ.പി.സി. സെക്ഷൻ 41 പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതി കൂടാതെ എഫ്.ഐ.ആർ ഇട്ട് അറസ്റ്റ് ചെയ്യാവുന്ന ക്രിമിനൽ കുറ്റം. രാജ്യത്തെ ഏതൊരു പൊലീസ് സ്റ്റേഷനിലും, അല്ലെങ്കിൽ 600 ജില്ലാ കോടതികളിലെവിടെ വേണമെങ്കിലും പരാതിയുമായി എത്താവുന്ന കുറ്റം. ഇത്ര ഗൗരവതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് പരാതി ലഭിച്ചാൽ അതർഹിക്കുന്ന അവധാനതയോടെ കൈകാര്യം ചെയ്യാനുള്ള ബാധ്യത പൊലീസിനുണ്ട്. എന്നാൽ ഇവിടെ അതുണ്ടായിട്ടില്ല എന്നു മാത്രമല്ല പൊലീസിന് ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഒരു ഇന്ത്യൻ പൗരയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ മാപ്പ് പറയിക്കുകയും ചെയ്തിരിക്കുന്നു.
‘മനപൂർവ്വവും ദുരുദ്ദേശ്യപരവുമായി' മതത്തെയും മതവിശ്വാസത്തെയും അവഹേളിക്കുന്നതിലൂടെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ്' സെക്ഷൻ 295(എ) പ്രകാരം ശിക്ഷാർഹമായ കുറ്റം. ഇവിടെ ഏതു തരത്തിലാണ് സിസ്റ്റർക്കുമേൽ മനഃപൂർവവും ദുരുദ്ദേശ്യപരവുമായ ക്രിമിനൽ പ്രവൃത്തി എന്ന ആക്ഷേപം ഉന്നയിക്കാൻ കഴിയുക? നിലനിൽക്കുന്ന ഒരു ഐതിഹ്യത്തിലെ ഓണസങ്കൽപത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഏതു വിഭാഗത്തിന്റെ വികാരമാണ് മുറിപ്പെടുക? വികാരം പോലുള്ള തികച്ചും വൈയക്തികമായ സങ്കൽപങ്ങളുടെ അടിസ്ഥാനത്തിൽ നിർവചിപ്പിക്കപ്പെട്ടിട്ടുള്ള കുറ്റം യാതൊരു യുക്തിയുമില്ലാതെ അംഗീകരിക്കുകയും അതിനെതിരെ നടപടിയയെടുക്കുകയും ചെയ്ത പൊലീസ് സ്റ്റേഷൻ അധികാരിയുടെ ചെയ്തി പരിശോധിക്കപ്പെടേണ്ടതാണ്.

വൃണപ്പെടുത്തൽ ആരാണ് നിശ്ചയിക്കുക?

295(എ) ഫലത്തിൽ, മധ്യകാല യൂറോപ്പിലും മതരാഷ്ട്രങ്ങളിലും ഒക്കെ നിലനിന്നിരുന്ന ‘ദൈവനിന്ദാ നിയമങ്ങൾ'ക്ക് സമാനമായാണ് ഇന്ത്യയിൽ പ്രയോഗിക്കപ്പെടുന്നത്. ഏകദൈവ-ഏകമത സമൂഹങ്ങളിൽ ഇത് നിർണിതമാതൃകയിൽ പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ ഹിന്ദുമതം പോലെ വൈവിധ്യവും പല വിശ്വാസധാരകൾ നിലനിൽക്കുന്നതുമായ സമൂഹത്തിൽ ഈ നിയമം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത് എന്നത് കുഴയ്ക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആശംസിച്ച അമിത് ഷായുടെ നടപടിയും ഇക്കൊല്ലം സമാനമായ ഓണാശംസ കുറിച്ച കെജ്രിവാളിന്റെ ട്വീറ്റും ഏറെ വിമർശിക്കപ്പെട്ടിരുന്നല്ലോ. നല്ലൊരു ഭാഗം മലയാളികളും ഓണത്തെ നല്ലവനായ അസുരചക്രവർത്തി മഹാബലിയുമായി ബന്ധപ്പെടുത്തിതന്നെയാണ് കാണുന്നത്. വാമനആരാധന നടത്തുന്നവർ ചുരുക്കമാണ്. മഹാബലിയെ ചതിച്ച വാമനനെ മഹത്വവത്കരിക്കുമ്പോൾ മുറിപ്പെടുന്ന വികാരങ്ങൾക്ക് ആര് മറുപടി പറയും. നിയമപ്രകാരം അതും കുറ്റകൃത്യം തന്നെയാണ്. ബഹുസ്വരമായ ഹൈന്ദവവിശ്വാസാധാരകളിൽ ദൈവദോഷമേത് എന്നത് അവ്യക്തവും അനിർണതവുമായ സങ്കൽപ്പമാണ്. ജെ.എൻ.യു.വിൽ മഹിഷാസുരപൂജ നടത്തിയത് ദൈവനിന്ദയാണ് എന്ന് ആരോപണം ഉയർന്നപ്പോഴാണ് പരമ്പരാഗതമായി മഹിഷാസുരനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഭാഗങ്ങളുടെ ചരിത്രവും ജീവിതവും ചർച്ചയാവുന്നത്. രേഖകളിൽ ഹിന്ദുവെന്ന് മുദ്രണം ചെയ്യപ്പെട്ട മനുഷ്യരുടെ വിശ്വാസങ്ങളിൽ ആര് ആരെയാണ് വൃണപ്പെടുത്തുക എന്നത് ആരാണ് നിശ്ചയിക്കുക? അത് നിശ്ചയിക്കപ്പെടുന്നത് രാജ്യാധികാരം കയ്യേറിയിട്ടുള്ള ഭൂരിപക്ഷ വർഗീയതയുടെ സാംസ്‌കാരിക സങ്കൽപങ്ങൾക്കനുസൃതമാകുന്നിടത്താണ് കേരളത്തിലെ പൊലീസ് നടപടിയേയും നമ്മൾ ഭീതിയോടെ കാണേണ്ടത്.

ദുരുപയോഗത്തിനുമാത്രമായി ഒരു നിയമം

ദുരൂപയോഗത്തിനുള്ള എല്ലാ സാധ്യതകളും ഈ നിയമം തുറന്നിടുന്നുണ്ട്. കാരണം മതം എന്താണ് എന്ന് നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടില്ല. ഏതു വിഭാഗത്തിനും ഈ പഴുതുപയോഗിച്ച് പൊലീസിനെ സമീപിക്കാം. ബലാത്സംഗ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ദേര സച്ച സൗദ വിഭാഗത്തിന്റെ നേതാവ് രാം റഹിം സിംഗിനെ അനുകരിച്ചതിന്റെ പേരിലാണ് ടെലിവിഷൻ താരവും കൊമേഡിയനുമായ കിക്കു ശർദയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈക്കോടതി എഫ്.ഐ.ആർ. റദ്ദാക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുന്നതുവരെ ജയിൽവാസമുൾപ്പടെ ശിക്ഷകൾ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരുന്നു.

ഈയൊരു പശ്ചാത്തലത്തിൽ ഇത്രദുരുപയോഗങ്ങൾക്ക് സാധ്യതയൊരുക്കുന്ന 295(എ) ഇനിയും നമ്മുടേതുപോലൊരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ നിലനിർത്തേണ്ടതുണ്ടോ എന്ന കാര്യംകൂടി രാഷ്​ട്രീയ ചർച്ചയാകേണ്ടതുണ്ട്. ഇതൊരു കൊളോണിയൽ പാരമ്പര്യം ആണെന്ന് മാത്രമല്ല 1860-ലെ ഇന്ത്യൻ പീനൽ കോഡിൽ ഇല്ലാതിരിക്കുകയും പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്ത വകുപ്പാണ്. 1924-ൽ രംഗീലാ റസൂൽ എന്ന മാസികയുടെ പ്രസാധകൻ മഹേഷേ രാജ്പാലിനെതിരെ പ്രവാചകനെ അവഹേളിക്കുന്ന തരത്തിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ കേസെടുത്തെങ്കിലും ഐ.പി.സി സെക്ഷൻ 153(എ) പ്രകാരം മുസ്‌ലിംകൾക്കെതിരെ വെറുപ്പോ ശത്രുതയോ പ്രചരിപ്പിക്കുന്നതല്ല ലേഖനം എന്നു കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി വെറുതെ വിട്ടത്തിനെത്തുടർന്നാണ് ഈ വകുപ്പ് ഐ.പി.സി.യിൽ ഇടം പിടിക്കുന്നത്. കോടതി വിധിയിൽ തന്നെ നിർദ്ദേശിക്കപ്പെട്ടിരുന്നതുപോലെ മതവികാരം സംരക്ഷിക്കാൻ ഒരു നിയമം ഉണ്ടാക്കുകയായിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം 1957-ൽ ഈ വകുപ്പിന്റെ ഭരണഘടനാപരത സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. രാംജി ലാൽ മോഡി കേസിൽ ലളിതമായ വാദമാണ് ഉന്നയിക്കപ്പെട്ടത്. ജനാധിപത്യത്തിലെ പരമപ്രധാനമായ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് 295(എ) എന്നായിരുന്നു വാദം. ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് ‘യുക്തിപൂർവകമായ' നിയന്ത്രണങ്ങൾ മാത്രമേ അനുവദനീയമായുള്ളൂ. അതാകട്ടെ, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത, ധാർമികത, കോടതിയലക്ഷ്യം, അക്രമാഹ്വാനം തുടങ്ങിയവയ്ക്ക് വിഘാതമാകുമ്പോൾ മാത്രമാണ് അനുവദനീയം. ആ നിലയ്ക്ക് മതവികാരം ​വ്രണപ്പെടുത്തുന്നു എന്ന ഒറ്റക്കാരണത്താൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു വാദം. ദൗർഭാഗ്യവശാൽ, അഞ്ചംഗ സുപ്രീംകോടതി ബഞ്ച് അത് അംഗീകരിച്ചില്ല. ക്രമസമാധാനം തകർക്കുവാനുള്ള ഒരു ‘സാധ്യത' ഉണ്ടാക്കുന്ന മനഃപൂർവമുള്ള പ്രവൃത്തികൾക്കുമേലും നിയന്ത്രണമാകാം എന്നതരത്തിലാണ് കോടതി അതിനെ വ്യാഖ്യാനിച്ചത്. കേസെടുക്കണമെങ്കിൽ വാക്കും അക്രമവും തമ്മിൽ വ്യക്തവും സത്വരവുമായ ബന്ധം ഉണ്ടാകണമെന്നും ഉള്ള വാദം കോടതി അംഗീകരിച്ചില്ല. അനുച്ഛേദം 19(2)-ലെ ക്രമസമാധാനം എന്ന വാക്ക് കോടതി കാണുകയും യുക്തിസഹമായ ബന്ധം സൂചിപ്പിക്കുന്ന ഭാഗം കാണാതിരിക്കുകയും ചെയ്തു.

ഈ പ്രാകൃത നിയമം ഇല്ലാതാകണം

ഈ നിലപാട് പക്ഷേ, സുപ്രീംകോടതിയുടെ തന്നെ പിന്നീടുള്ള വിധികളിൽ തിരുത്തപ്പെടുന്നത് കാണാം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഇതര നിയന്ത്രണങ്ങൾ പരിഗണിച്ചപ്പോൾ ഇത് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. രാം മനോഹർ ലോഹ്യ കേസിൽ അഭിപ്രായവും അക്രമവും തമ്മിൽ നേരിട്ടും, സത്വരവുമായ ബന്ധം ഉണ്ടെങ്കിൽ മാത്രമേ കുറ്റക്കാരനെന്ന് പറയാനാകൂ എന്നു നിരീക്ഷിച്ച കോടതി, പരാമർശവിധേയമായ പ്രവൃത്തിയും അക്രമവും തമ്മിലുള്ള സാങ്കൽപ്പിക ബന്ധം മതിയാകില്ല എന്നും വ്യക്തമാക്കി. രംഗരാജൻ കേസിലും ആരുപ് ഭയാൻ കേസിലും അമേരിക്കൻ കോടതികളുടേതിനു സമാനമായി, അഭിപ്രായപ്രകടനം പെട്ടെന്നുള്ള നിയമരാഹിത്യത്തിന് കാരണമായാൽ മാത്രമേ ക്രിമിനൽ കുറ്റമാകൂ എന്നു പറഞ്ഞു. ശ്രേയ സിംഗാൾ കേസിലെ സുപ്രസിദ്ധമായ വിധിന്യായത്തിൽ ഒരു ആശയത്തിനുള്ള പിന്തുണയും അക്രമത്തിനുള്ള ആഹ്വാനവും രണ്ടായിട്ടു കാണണം എന്ന് പ്രസ്താവിച്ചു. ഉദാഹരണത്തിന് മാവോയിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്നതോ, ഭരണകൂടത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കേണ്ടതുണ്ട് എന്ന് പറയുകയോ ചെയ്യുന്നത് നിയമവിരുദ്ധമല്ല, എന്നാൽ അക്രമത്തിന് ആഹ്വാനം നൽകുകയും തത്ഫലമായി ഉടൻ അക്രമം ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യം കുറ്റകൃത്യമാണ്.

അഭിപ്രായ സ്വന്തന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം സംബന്ധിച്ച മറ്റു സന്ദർഭങ്ങളിലൊക്കെ ആധുനിക ജനാധിപത്യത്തിന്റെ പരിണാമഗതിക്കനുസൃതമായി നിയമവൈജ്ഞാനികതയും മാറിയിരിക്കുന്നു. എന്നാൽ 295(എ) അങ്ങനെതന്നെ തുടരുന്നു എന്നത് ദൗർഭാഗ്യകരമായ വസ്തുതയാണ്. വോട്ടും മതവും തമ്മിലുള്ള അന്തർധാര സജീവമായി നിലനിൽക്കുന്നിടത്തോളം കാലം രാഷ്ട്രീയകക്ഷികൾ ഈ വകുപ്പ് മാറ്റിയെഴുതാൻ തയ്യാറാകില്ല എന്നു ഉറപ്പാണ്. കോടതി മാത്രമാണ് ആശ്രയം. എന്നാൽ അവിടെ ഒരു അഞ്ച് അംഗ ബഞ്ചിന്റെ വിധി മറികടക്കേണ്ടതുണ്ട്. അതിന് ഏഴംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും. ഇതൊക്കെ സാധ്യമാകണമെങ്കിൽ മറ്റെതെങ്കിലുമൊരു സാധരണ ബെഞ്ചിന് 1957-ലെ വിധിയിൽ സംശയമുണ്ടാകണം. സ്വവർഗ ലൈംഗികതയെ ക്രിമിനൽവത്കരിക്കുന്ന 377-ആം വകുപ്പ് റദ്ദു ചെയ്തതുപോലെ, ശക്തമായ ഒരു പൊതുബോധം കാലഹരണപ്പെട്ട ദൈവനിന്ദാ നിയമത്തിനെതിരെ ഉയർന്നുവന്നാൽ ഒരുപക്ഷേ അതു സംഭവിച്ചേക്കും. എന്തു തന്നെയായാലും ഈ പ്രാകൃത നിയമം ഇല്ലാതാകണം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അല്ലാത്തിടത്തോളം കാലം പൊലീസും ഭരണകൂടവും മൗലികവാദ സംഘങ്ങളും ഇതു ദുരുപയോഗം ചെയ്യുന്നത് തുടരും.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments