മാധ്യമങ്ങളെ പാര്‍ലമെന്റിന്റെ
സെന്‍ട്രല്‍ ഹാളില്‍നിന്ന് ആട്ടിപ്പായിച്ചു,
കേരളത്തിലെ മാധ്യമങ്ങള്‍ അറിയുന്നില്ല
മാധ്യമങ്ങളെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍നിന്ന് ആട്ടിപ്പായിച്ചു, കേരളത്തിലെ മാധ്യമങ്ങള്‍ അറിയുന്നില്ല
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസും ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസും കൈയില്‍ വെച്ചുകൊണ്ടാണ് ഞാന്‍ എം.പി.യായത്. ഇന്ന് ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസുള്ളവരാണെങ്കില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സെന്‍ട്രല്‍ ഹാളില്‍ പ്രവേശനമില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും അറിയുന്നില്ല. ഈ രീതിയിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് മാറി- ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം.
16 Jul 2022, 09:36 AM
‘‘പാര്‍ലമെന്റില്‍ നിന്ന് മാധ്യമങ്ങളെ ആട്ടിപ്പായിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞ് എല്ലാം തുറന്നെങ്കിലും പാര്‍ലമെന്റിന്റെ പ്രസ് ഗാലറികള്‍ പൂര്‍ണമായും തുറന്നുകൊടുത്തിട്ടില്ല. നേരത്തെ പാര്‍ലമെന്റില്‍ പോയിരുന്ന പത്രപ്രവര്‍ത്തകരില്‍ അഞ്ചുശതമാനം പേര്‍ക്ക് മാത്രം ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമോ മാത്രം ഗാലറിയില്‍ വന്നിരിക്കാമെന്നാണ് ഇപ്പോള്‍. അങ്ങനെ ഫോര്‍ത്ത് എസ്റ്റേറ്റിനെ പാര്‍ലമെന്റില്‍നിന്ന് ആട്ടിപ്പായിച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ പ്രധാനന്ത്രിയും മന്ത്രിമാരും എം.പി.മാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുന്ന സ്ഥലമാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. ഇപ്പോള്‍ ഈ സെന്‍ട്രല്‍ ഹാള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്''- പാര്‍ലമെന്റ് നടപടികളില്‍ ബി.ജെ.പി സര്‍ക്കാര്‍ എര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചും അവകാശലംഘനങ്ങളെക്കുറിച്ചും ട്രൂ കോപ്പി വെബ്‌സീനിനോട് സംസാരിക്കുന്നു, ജോണ്‍ ബ്രിട്ടാസ് എം.പി.
‘‘ഞങ്ങളെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഒരു സ്ഥലം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളാണ്. പത്തുവര്‍ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് കവര്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകന് കിട്ടുന്ന അംഗീകാരമാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസ്. ഇരുപതുവര്‍ഷം കവര്‍ ചെയ്താല്‍ ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസ് കിട്ടും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസും ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസും കൈയില്‍ വെച്ചുകൊണ്ടാണ് ഞാന്‍ എം.പി.യായത്. ഇന്ന് ലോങ് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസുള്ളവരാണെങ്കില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സെന്‍ട്രല്‍ ഹാളില്‍ പ്രവേശനമില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും അറിയുന്നില്ല. ഈ രീതിയിലേക്ക് ഇന്ത്യന്‍ പാര്‍ലമെൻറ് മാറി.''
‘‘നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് അമിതപ്രതീക്ഷയൊന്നും എനിക്കില്ല. കാരണം, ഇന്ന് നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രത്തിനെതിരെയോ ഒരു വിമര്‍ശനവും കേരളത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നില്ല. നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ രാജീവ് ഗാന്ധി ഭരിച്ചപ്പോഴും അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടായിരുന്ന തന്റേടത്തിന്റെ നൂറിലൊന്ന് ഇന്നില്ല. ആ യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.''
‘‘കേരളത്തിലെ പത്രങ്ങളും ചാനലുകളുമെടുക്കുക. കേരളത്തില്‍ നിന്നുള്ള എം.പിയല്ല വി. മുരളീധരന്‍. അദ്ദേഹം ക്യാബിനറ്റ് മന്ത്രിയല്ല. അദ്ദേഹം കേരളത്തിന്റെ സാമൂഹ്യമോ സാമ്പത്തികമോ ആയി ബന്ധപ്പെട്ട നിര്‍ണായകമായ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന വ്യക്തിയേയല്ല. കേന്ദ്രത്തില്‍ വലിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത എ.കെ. ആന്റണിക്കും വയലാര്‍ രവിക്കും നല്‍കിയതിനേക്കാള്‍ പതിന്‍മടങ്ങ് പ്രാധാന്യമാണ് കേരളത്തിലെ ചാനലുകളും പത്രങ്ങളും വി. മുരളീധരന് നല്‍കുന്നത്. പക്ഷേ കേരളത്തിലെ ഒരാളും ഇത് പറയില്ല. അല്ലെങ്കില്‍ അവര്‍ക്കത് മനസിലായിട്ടില്ല.''
‘‘എനിക്ക് ഒരു അനുഭവമുണ്ടായി. മുമ്പ്, മുന്‍ ധനകാര്യ സഹമന്ത്രി ശുക്ല തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു, ശുക്ലയും അരുണ്‍ ജെയ്റ്റ്‌ലിയും കൂടിയാണ് ജി.എസ്.ടി. കൊണ്ടുവന്നതെന്ന്. ജി.എസ്.ടി.യുടെ മഹത്വമൊക്കെ അദ്ദേഹം പറഞ്ഞു. ഞാന്‍ പ്രസംഗിക്കുമ്പോള്‍, ‘പുവര്‍ ഫെലോ ശുക്ലാജി' എന്നുപയോഗിച്ചു. ഉടനെ നിര്‍മല സീതാരമന്‍ എഴുന്നേറ്റുനിന്നിട്ട് പറഞ്ഞു, ‘പുവര്‍ ഫെലോ' എന്നത് അണ്‍ പാര്‍ലമെന്ററിയാണ്. അപ്പോള്‍ അത്രത്തോളം അവര്‍ക്ക് അസഹിഷ്ണുതയാണ്. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അല്ലെങ്കില്‍ ഒരു ഭരണകൂടത്തെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പദങ്ങളാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. നിരോധിച്ച പദങ്ങള്‍ മാത്രം ചേര്‍ത്തുവച്ചാല്‍ മോദിക്കെതിരെയുള്ള പ്രതിഷേധമാണ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് ഉപയോഗിക്കേണ്ട പദങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍, ആ ലിസ്റ്റ് എടുത്തുവച്ചാല്‍ മതി''.
ജോണ്‍ ബ്രിട്ടാസ് / മനില സി. മോഹന്‍
മോദിയുടെ പാര്‍ലമെന്റില്‍ ഞങ്ങളിനി
ആംഗ്യഭാഷയില്‍ സംസാരിക്കേണ്ടിവരും
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 86 ല്‍വായിക്കാം
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
എ. എ. റഹീം
Jan 24, 2023
3 Minutes Read