കോടികൾ കിലുങ്ങുന്ന കലാവ്യവസായം കരുതലില്ലാതെ കൈകാര്യം ചെയ്​ത ഒരു കഥ; ജോൺ പോൾ

കോടികൾ കിലുങ്ങുന്ന ഒരു കലാവ്യവസായം അതിന്റെ എഴുത്താളരിൽ പലരെയും തീരെ കരുതലില്ലാതെ കൈകാര്യം ചെയ്യുന്നതിന് ദൃഷ്ടാന്തമായി ജോൺ പോളിന്റെ കഥ ആരെങ്കിലും ഉയർത്തിക്കാട്ടിയാൽ കൈക്കില കൂടാതെ ആ വിമർശനത്തിനെ എടുത്ത്​ തോട്ടിൽക്കളയാനൊന്നും കഴിയില്ല.

മപ്രായക്കാരനായ ആത്മസുഹൃത്തിന്റെ ശവദാഹത്തിന് പോകാനൊരുങ്ങി നിൽക്കുമ്പോഴാണ് ഒരുപാട് ആരാധിച്ചിരുന്നൊരു മനുഷ്യൻ, ജോൺ പോൾ, കൂടി ജീവിതത്തിൽ നിന്ന്​ മാഞ്ഞുപോയതറിഞ്ഞത്. വണ്ടിയിലിരിക്കുമ്പോൾ പൂന്താനം മുതൽ കുമാരനാശാൻ വരെയുള്ളവരുടെ വരികൾ മനസ്സിലൂടെ കടന്നുപോയി.
‘വിജിഗീഷുവായ മൃത്യുവിന്ന്​ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താൻ കഴിയില്ലെ’ന്നൊക്കെ കവിതയിൽ ആലങ്കാരികമായി പറയാം. മരണം എന്തൊക്കെയായാലും മരണം തന്നെ. എത്ര കവിത ചൊല്ലിയാലും മരിച്ചവരാരും തിരിച്ചുവരില്ല. "ഓർമയ്ക്കായി' എന്ന സിനിമയെഴുതിയ ആൾ ഓർമമാത്രമായിക്കഴിഞ്ഞു. ഓർക്കാതിരിക്കാൻ കഴിയുന്നില്ലല്ലോ അയാൾ സമ്മാനിച്ച തിരയനുഭവങ്ങളെ.

ഡസൻ കണക്കിന് സിനിമകളെഴുതിയൊരാൾ ഇനിയുള്ള കാലത്ത് മലയാളത്തിലുണ്ടാകുമോ? അറിയില്ല. പക്ഷേ അത്ര എളുപ്പമുള്ള കാര്യമല്ലത്. അദ്ദേഹം എഴുതിയതൊന്നും ഒരേ തരത്തിലും ഇനത്തിലും വിധത്തിലും പെട്ടതുമായിരുന്നില്ല.

ജോൺ അങ്കിളിന്റെ എഴുത്തുവൈവിധ്യം മൂലം ഒരിക്കലൊരു പന്തയം നേടാൻ കഴിഞ്ഞിരുന്നു. നിർമ്മാതാക്കളായ ആന്റോ ജോസഫ്, നൗഷാദ്, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് എന്നിവരോടൊപ്പം ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു. എങ്ങനെയോ സംസാരം കറങ്ങിത്തിരിഞ്ഞ് "ബൽറാം വേഴ്സസ് താരാദാസ്' എന്ന ചിത്രത്തിലെത്തിച്ചേർന്നു. എസ്.എൻ. സ്വാമിയും ടി. ദാമോദരനും ചേർന്നായിരുന്നു അതിന്റെ തിരക്കഥ എഴുതിയിരുന്നത്. "അതിരാത്രം' സിനിമയിൽ താരാദാസിനെ സൃഷ്ടിച്ച ജോൺ പോളിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ അവർക്കാർക്കുമത് വിശ്വാസമായില്ല. ജോൺ പോൾ ഒരിക്കലും "അതിരാത്രം' പോലൊരു സിനിമ എഴുതില്ലെന്ന് നൗഷാദിക്ക കട്ടായം പറഞ്ഞു. തർക്കം മുറുകി. 2009 സമയമാണ്. ആരുടെയും ഫോണിലെ ഗൂഗിൾദൈവങ്ങൾ കനിഞ്ഞില്ല. ആന്റോ ജോസഫ് ആരെയൊക്കെയോ ഫോണിൽ വിളിച്ച് അക്കാര്യം ഉറപ്പിച്ചു. ബെറ്റ് ജയിച്ച ഞാൻ ജോൺ അങ്കിളിന് സ്തുതി പാടി. ചാമരവും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവുമൊക്കെ എഴുതിയ ഒരാൾ അതിരാത്രം എഴുതുമെന്ന് അവർ വിശ്വസിക്കാതിരുന്നതിൽ അത്ഭുതമൊന്നുമില്ല. ആരു മറന്നാലും എനിക്കാ സിനിമയിലെ ആന്റിഹീറോയുടെ എൻട്രി മറക്കാനാവില്ലല്ലോ.

ജോൺ പോളും മമ്മൂട്ടിയും. മാക്ട ചലച്ചിത്ര കളരിക്കിടെ പകർത്തിയ ചിത്രങ്ങൾ (1990): Photos:Anoop George, Fb

ശങ്കർ ഓടിച്ചിരുന്ന ഇളംപച്ച നിറത്തിലുള്ള വാനിന്റെ പിന്നിലെ ഡോർ തുറന്നു മോഹൻലാൽ അവതരിപ്പിച്ച ഇൻസ്പെക്ടർ പ്രസാദ് നോക്കുമ്പോൾ രാജകീയമായി ചാരിക്കിടക്കുന്നു മമ്മൂട്ടി അവതരിപ്പിച്ച താരാദാസ്.

താരാദാസ്: ""യേസ്...''
പ്രസാദ്: ""എക്സ്ക്യൂസ് മീ, വാട്ട് ഈസ് യുവർ ഗുഡ് നെയിം?''
""താരാദാസ്.''
""വാട്ട് ?''
""താരാദാസ്''
""എന്തുചെയ്യുന്നു?''
""സ്മഗ്ലിങ്.''
""എന്ത് ?''
""സ്മഗ്ലിങ് ..എസ്.. എം.. യു.. ജി.. ജി..എൽ..ഐ..എൻ..ജി... സ്മഗ്ലിങ്. കള്ളക്കടത്ത്.''
""ഹലോ. സോ യൂ ആർ മിസ്റ്റർ താരാദാസ്?''
""യേസ്.''
""പരിചയപ്പെട്ടതിൽ വളരെ സന്തോഷം.''
""സോ ആം ഐ.''
""നേരത്തെ വേണമെന്നുണ്ടായിരുന്നു.''
""ഒന്നു ഫോൺ ചെയ്തിരുന്നെങ്കിൽ ഞാൻ അങ്ങോട്ടു വന്നു കാണുമായിരുന്നല്ലോ.''
""ഇനിയും ആകാമല്ലോ.''
""താങ്ക്യൂ. മോസ്റ്റ് വെൽക്കം.''

സ്മഗ്ലിങ് എന്ന് പറഞ്ഞാൽ എന്താണെന്നൊന്നും പിടികിട്ടിയില്ലെങ്കിലും അന്നത്തെ രണ്ടാം ക്ലാസുകാരൻ കസേരപ്പുറത്ത് കയറിനിന്നു കൈയ്യടിച്ചു. കേട്ടപ്പോൾ കോരിത്തരിച്ചു കോൾമയിരടിച്ച ആദ്യത്തെ സിനിമാ സംഭാഷണമായിരുന്നത്.
വർഷങ്ങൾക്കുശേഷം "ഓർമ്മയുണ്ടോ ഈ മുഖം" എന്ന സംഭാഷണങ്ങളുടെ പുസ്തകം ഒരുക്കുന്നതിന്റെ ഭാഗമായി ‘അതിരാത്ര’ത്തിന്റെ എഴുത്തുസാഹചര്യത്തെക്കുറിച്ച് ജോൺ പോളിനോട് ചോദിച്ചിരുന്നു. എഴുത്തുകാരന്റെ മറുപടി ഇങ്ങനെയായിരുന്നു.

""പതിവുരീതികളിൽനിന്നും മാറിനിൽക്കുന്ന ഒരു ആക്ഷൻ പടം വേണമെന്നാണ് ‘അതിരാത്ര’ത്തിന്റെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. നമ്മൾ അതുവരെക്കണ്ട ചിത്രങ്ങളിലെ നായകൻമാരെല്ലാം സദ്ഗുണസമ്പന്നരും വില്ലന്മാരെല്ലാം സകലദോഷങ്ങളുടെയും മൂർത്തികളുമായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. മോശം സാഹര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതനായ അതിരാത്രത്തിലെ നായകനിൽ റോബിൻഹുഡിന്റെ വിദൂരഛായ കാണാൻ സാധിക്കും. പതിവുവിട്ടരീതിയിൽ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ പതിവുവിട്ട സംഭാഷണവും സാധ്യമാകും. ഞാൻ അതിനു മുൻപും പിൻപും ആക്ഷൻ പടങ്ങൾ ചെയ്തിട്ടില്ല. ആ പാതയിലൂടെ സഞ്ചരിച്ചപ്പോൾ അന്നേവരെ തോന്നാത്ത ആശയങ്ങൾ മനസ്സിലുരുത്തിരിഞ്ഞു. അവയിൽ പലതും സംഭാഷണങ്ങളായി പിറക്കുകയും ചെയ്തു.''

ശശികുമാർ സംവിധാനം ചെയ്ത "എന്റെ കാണാക്കുയിൽ ' ആണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമയെന്ന് വിശ്വസിച്ചിരുന്നൊരു പയ്യനായിരുന്നു ഞാൻ. തെളിച്ചമില്ലാതിരുന്ന ആ ധാരണയിൽ നിന്ന് സിനിമയുടെ മാന്ത്രികവെളിച്ചത്തിലേക്കെന്നെ മാമോദീസ മുക്കിയത് "യാത്ര' എന്ന സിനിമാനുഭവമായിരുന്നു. ക്ലൈമാക്സിൽ മൺചിരാതുകൾ കത്തിച്ചുവെച്ചു കാത്തുനിന്നിരുന്ന തുളസിയുടെ വിഷ്വൽ മരിക്കുംവരെ എങ്ങനെ മറക്കും. ആദ്യമായൊരു നോവലെഴുതിയപ്പോൾ ‘യാത്ര’സിനിമയെക്കുറിച്ച് വിവരിക്കാതിരിക്കാൻ കഴിയാതിരുന്നത് ആ സീനിന്റെ മാന്ത്രികസ്വാധീനം കൊണ്ടുതന്നെയാണ്.

എം.ടി. വാസുദേവൻ നായർ, ജോൺ പോൾ

""രാജകുമാരൻ ഭൂതത്തിന്റെ വയറുകീറി പൊറത്ത് വന്ന് ഏഴു കടലും താണ്ടി, കുതിരപ്പൊറത്ത് രാജകുമാരീടടുത്തോട്ട് വരുന്നതൊക്കെ വായിച്ചു രസിച്ചേച്ച് "ഓ അത് ചിത്രകഥയല്ലേ' എന്ന് പറയും നമ്മള്. യാത്ര സിനിമായുടെ അവസാനം രാവെളക്കുകളും കത്തിച്ച് കാത്തിരിക്കുന്ന ശോഭനയുടെ അടുത്തോട്ട് മമ്മൂട്ടി കേറിച്ചെല്ലുന്ന ഒരു സീനൊണ്ട്. ലീലാമഹലീന്ന് അതും കണ്ട് സന്തോഷിച്ച് കണ്ണും നെറഞ്ഞ് പൊറത്തോട്ടെറങ്ങിവന്നേച്ച്, "ഓ, ഇതൊക്കെ സിനിമായിലേ നടക്കത്തൊള്ളു' എന്ന് പറഞ്ഞിട്ടൊള്ള ഇഷ്ടംപോലെ പേരൊണ്ട്. ഏത് പോഴൻ കഥേലും ഏത് പൊട്ട സിനിമായിലും ജീവിതത്തിന്റെ ഇച്ചിരി പൊട്ടും പൊടിപ്പുമൊക്കെ കാണും. ഏത് സാധാരണക്കാരന്റെം ജീവിതത്തിനകത്ത് ഒരു കഥയ്ക്കോ സിനിമയ്ക്കോ ഒക്കൊയൊള്ള മിനിമം മരുന്ന് കെടപ്പൊണ്ടാകും. എന്തൊക്കെയായാലും ഒരു കാര്യം സത്യവാ. ഏത് കഥേക്കാട്ടിലും ഏത് സിനിമേക്കാട്ടിലും ഭയങ്കരവാ ജീവിതമെന്നു പറയുന്ന സംഭവം.''

ആ സത്യം എനിക്ക് ആദ്യമായി മനസ്സിലാക്കിത്തന്നത് ജോൺ പോളിന്റെ എഴുത്തായിരുന്നു. അന്നൊന്നും ആ പേര് വലിയ പിടിയില്ല. തിരക്കഥാകൃത്തുക്കളുടെയൊക്കെ പേര് ശ്രദ്ധിക്കാൻ തുടങ്ങുന്നത് കുറച്ചുകൂടി കഴിഞ്ഞാണ്. സ്കൂൾക്കാലത്ത് തന്നെ കണ്ടിഷ്ടപ്പെട്ട ഒരുപാട് സിനിമകളുടെ രചയിതാവ് പഠിച്ച മഹാരാജാസ് കോളേജിലാണ് പി.ജി.ക്ക് പഠിക്കാൻ ചേർന്നത്. മറ്റൊരു മഹാരാജാസുകാരനായ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ പ്രസിദ്ധമായൊരു കവിതയാണല്ലോ "എവിടെ ജോൺ?'

അരാജകവാദിയായ ആ ജോണിൽ നിന്ന് പാടേ വ്യത്യസ്തനായിരുന്നു എല്ലാവരും തന്നെ അങ്കിൾ എന്ന് വിളിച്ചിരുന്ന ഈ ജോൺ. പഠിക്കുന്ന കാലത്ത് എവിടെ ജോൺ എന്നല്ലായിരുന്നു, കൊച്ചിയിൽ എവിടെത്തിരിഞ്ഞാലും ജോൺ എന്നതായിരുന്നു അവസ്ഥ. എഴുത്തുകാരനായ ജോൺ പോൾ, സിനിമാക്കാരനായ ജോൺ പോൾ, സിനിമാധ്യാപകനായ ജോൺ പോൾ, സംഘാടകനായ ജോൺ പോൾ, പ്രഭാഷകനായ ജോൺപോൾ....
"എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം ജോണിന്റെ പേരുമാത്രം.'

ലോഹിതദാസ്, പവിത്രൻ, ജോൺ പോൾ

അക്കാലം മുതൽ അദ്ദേഹം എഴുതുന്നതൊക്കെ സ്ഥിരമായി വായിക്കാൻ ശ്രമിച്ചു പോന്നിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങളൊക്കെത്തന്നെ വാങ്ങുകയും ചെയ്തിരുന്നു. നേരിട്ടധികം കാണുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ആരാധനയോടെ അല്പം അകലം പാലിച്ചു മാറിനിൽക്കാറായിരുന്നു പതിവ്. പണ്ട് അദ്ദേഹത്തിന് എഴുതിവെച്ചൊരു കത്ത് പോസ്റ്റ് ചെയ്തില്ല.

1983 സിനിമ സംസ്ഥാനഅവാർഡിന് മത്സരിച്ചപ്പോൾ ആ ജൂറിയിൽ അദ്ദേഹമുണ്ടായിരുന്നു. കത്ത് എഴുതിക്കഴിഞ്ഞാണ് ആ കാര്യം അറിഞ്ഞത്. ഞാനും കൂടി പങ്കാളിയായ ഒരു സിനിമ മത്സരിക്കുമ്പോൾ വിധി നിർണയിക്കാനിരിക്കുന്നയാൾക്ക് കത്തയക്കുന്നതിൽ അപാകത തോന്നി.
ഞാൻ സംഭാഷണമെഴുതിയ "കെയർ ഓഫ് സൈറബാനു' എന്ന ചലച്ചിത്രത്തിൽ അങ്കിൾ അഭിനയിച്ചിരുന്നു. അദ്ദേഹം അഭിനയിച്ച ദിവസം ലൊക്കേഷനിൽ പോകാനും കഴിഞ്ഞില്ല. എങ്കിലും എഴുതിവെച്ച വാചകങ്ങൾ അദ്ദേഹം പറയുന്നത് ഇനിയുമിനിയും കാണാൻ കഴിയുമെന്നൊരു സന്തോഷമുണ്ട്. കലാലയവിദ്യാർത്ഥികൾക്കുള്ള ഒരു തിരക്കഥാശിൽപ്പശാലയിൽ ക്ലാസെടുക്കാൻ പോയപ്പോഴാണ് അവസാനം കണ്ടത്. പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അദ്ദേഹം ഇരിക്കുന്നിടത്തേക്ക് വന്ന് കുട്ടികൾ ക്ലാസ്​ അറ്റൻഡ് ചെയ്തു. സിനിമയെക്കുറിച്ച് സംസാരിച്ചിരുന്ന നേരമത്രയും ആ മനുഷ്യൻ ശാരീരികമായ അവശതകളെല്ലാം മറന്നു. അനർഗളമായ ആ വാഗ്ധോരണിയിൽ ആൾക്കാർ ലയിച്ചിരിക്കുന്നത് കാണാൻതന്നെ ഒരു കലയായിരുന്നു.

കലയ്ക്കുവേണ്ടി അഹോരാത്രം അധ്വാനിക്കുമ്പോഴും അതിനെ ഒരു പണിയായി കണ്ടിരുന്നില്ലദ്ദേഹം. ആ പണിമികവിൽ പണമുണ്ടാക്കിയ പലരും അർഹിക്കുന്ന വിഹിതം അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തിട്ടില്ലെന്നു വേണം കരുതാൻ. ജോൺപോൾ ജീവിതത്തിൽ എത്ര സിനിമയെഴുത്തുകളിൽ ഏർപ്പെട്ടിട്ടുണ്ട്? എത്ര പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്? എത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്? എത്ര ക്ലാസുകൾ എടുത്തു കൊടുത്തിട്ടുണ്ട്?

ഒരു മനുഷ്യനു ചെയ്യാൻ പറ്റാവുന്നതിന്റെ പരമാവധി എന്നതാണ് അതിന്റെ ഉത്തരം. അതിനൊക്കെ ഒരു മിനിമം പ്രതിഫലം നിശ്ചയിച്ചാൽ എത്ര തുക അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടാകുമായിരുന്നെന്ന് സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ കാര്യമായ കരുതിവെക്കലുകളൊന്നുമില്ലാതെയാണദ്ദേഹം കടന്നുപോയത്. ജോൺ അങ്കിൾ പോകുമ്പോൾ അങ്ങേയറ്റത്തെ ആദരവിനൊപ്പം വലിയൊരാശങ്കയും മനസ്സിലുയരുന്നുണ്ട്. അത്രയേറെ പടങ്ങളെഴുതിയൊരു മനുഷ്യന്റെ
അവസാനകാലത്ത് ചികിത്സാസഹായനിധി രൂപീകരിക്കേണ്ടി വന്നത് ഓരോ കലാകാരനും പാഠമായിരിക്കണമെന്ന് ഞാൻ കരുതുന്നു. കാശ് കുത്തിനുപിടിച്ചുവാങ്ങാൻ കഴിയുന്ന വട്ടിപ്പലിശക്കാരാകാൻ എല്ലാവർക്കും കഴിയില്ലെന്നറിയാം. എങ്കിലും കണക്കുപറഞ്ഞുറപ്പിച്ച പ്രതിഫലം ഒരിക്കലും കിട്ടുകയേ ചെയ്യാത്ത എത്രയോ കലാപ്രവർത്തകർ കണ്മുന്നിലൂടെ ഇപ്പോഴും കടന്നുപോകുന്നു. കോടികൾ കിലുങ്ങുന്ന ഒരു കലാവ്യവസായം അതിന്റെ എഴുത്താളരിൽ പലരെയും തീരെ കരുതലില്ലാതെ കൈകാര്യം ചെയ്യുന്നതിന് ദൃഷ്ടാന്തമായി ജോൺ പോളിന്റെ കഥ ആരെങ്കിലും ഉയർത്തിക്കാട്ടിയാൽ കൈക്കില കൂടാതെ ആ വിമർശനത്തിനെ എടുത്ത്​ തോട്ടിൽക്കളയാനൊന്നും കഴിയില്ല.

ബഹുമാനപ്പെട്ട സർ ,
ക്ലാസുള്ളതായിരുന്നു അങ്ങയുടെ കലാജീവിതം. ഒരുപാട് പേർക്ക് കൈത്താങ്ങ് നൽകാനും കൈപിടിച്ചുയർത്താനും അങ്ങ് ശ്രദ്ധിക്കുകയും ചെയ്തു.
""അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ'' എന്ന കവിവാക്യം അങ്ങയെ സംബന്ധിച്ച്​അന്വർത്ഥമായിരുന്നു.
സല്യൂട്ട്.

Comments