കോളെജ് തുറക്കുന്നു : ക്ലാസിൽ ഇനി മൊബൈൽ കൊണ്ടുവന്നാൽ അധ്യാപകർ എന്ത് പറയും?

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിനു മുമ്പ് ഉണ്ടാകാത്ത വിധത്തിൽ ഏതാനും മാസങ്ങളായി അടഞ്ഞു കിടന്ന ഇടങ്ങൾ, വാക്സിന്റെ പിൻബലത്തിൽ, തുറന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിൽ സാമാന്യമായും കേരളത്തിൽ പ്രത്യേകമായും ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുത കോവിഡ് മൂലം വിദ്യാഭ്യാസമേഖലയിൽ വർഷനഷ്ടം സംഭവിച്ചില്ല എന്നത് തന്നെയാണ്. പ്രൈമറി തലം മുതൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ വരെ, അല്പമൊരു സങ്കോചത്തോടെ, ഒരുപാടു പരിമിതികളോടെ പൂർണമായും ഓൺലൈൻ എന്ന യാഥാർഥ്യത്തിലേക്ക് ചുവടു മാറി. കുറച്ചു കാലവിളംബത്തോടെയെങ്കിലും പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും നടന്നു വരുന്നു.

വരുന്ന ഒക്ടോബർ നാലാം തീയതി കേരളത്തിലെ കലാലയങ്ങൾ തുറക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമായിരിക്കുകയാണ്. നീണ്ട പതിനേഴു മാസം ആരവങ്ങളും, ആഘോഷവും നേരിട്ടുള്ള അധ്യയനവും ഒഴിഞ്ഞു, മൗനത്തിലാണ്ടു കിടന്നിരുന്ന ഇടങ്ങളിൽ ആളും അനക്കവും ആരംഭിക്കാൻ തുടങ്ങുന്നു എന്നർത്ഥം. ഇതിനിടയിൽ 2021 ജനുവരി 15 മുതൽ മാർച്ച് 31 വരെയുള്ള കാലങ്ങളിൽ വിവിധ വർഷക്കാർ 15 ദിവസം ദിവസം വീതം പല ബാച്ചുകളായി വന്നു പോയിരുന്നു. പക്ഷെ അതൊന്നും കലാലയങ്ങളെ ഉണർത്തിയിരുന്നില്ല.

നാം ഇതിനു മുമ്പ് അഭിമുഖീകരിക്കാത്ത ഒരു എപ്പിസ്റ്റമൊളോജിക്കൽ ബ്രേക്ക് ആണ് കോവിഡ്-19 സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കൊണ്ടുവന്നത്. വിദ്യാഭ്യാസ രംഗത്തെ അത് എന്നെന്നേക്കുമായി മാറ്റി മറിച്ചു എന്ന് നിസ്സംശയം പറയാം. കോവിഡിനൊപ്പം കരുതലോടുകൂടി തുറസുകളിലേക്ക് പോകുക എന്നതുതന്നെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത് കൊണ്ട്, ഈ അധ്യയന ആരംഭം, പരീക്ഷണ അടിസ്ഥാനത്തിലല്ല, പകരം ഘട്ടം ഘട്ടമായി കൂടുതൽ ക്ലാസുകൾ തുറക്കുക എന്നത് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് കാണാം. അതിന് മുന്നോടിയായി വിവിധ തലത്തിലെ ചർച്ചകളും തയ്യാറെടുപ്പുകളും നടന്നു വരുന്നു.

ഈ അഭൂതപൂർവമായ അവസ്ഥയ്ക്കവസാനം വളരെ വലിയ മാറ്റങ്ങളോടെയാണ് തുറസുകൾ സംഭവിക്കുന്നത്. പല കലാലയങ്ങളിലും ക്ലാസ്സ് റൂമുകൾ അറ്റകുറ്റ പണികൾക്ക് വിധേയമാക്കേണ്ടതുണ്ട്. വീണ്ടും അവയെ പ്രവർത്തനക്ഷമമാക്കേണ്ടതിന് സാമാന്യം നല്ല പ്രയത്‌നം ആവശ്യമാണ്. അതൊരു ഭൗതികമായ വസ്തുത മാത്രമല്ല. ക്യാമ്പസുകളുടെ നവീകരണം/ വൃത്തിയാക്കൽ പോലെ തന്നെ മനസ്സുകളുടെ തയ്യാറെടുപ്പുകളും അത്യാവശ്യം തന്നെ.

പുതിയ സാധാരണത്വത്തിന്റെ അലയൊലികൾ ഏറ്റവും ദൃശ്യമായിക്കൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്ന് വിദ്യാഭ്യാസമാണെന്നിരിക്കെ, മാറിയ ക്യാമ്പസുകളാണ് നാം കാണാൻ പോവുന്നത്. അധ്യയനത്തിന്റെ മാറിയ രീതികൾ തുറന്ന കലാലയങ്ങളിലും പ്രതിഫലിക്കും. ക്ലാസ്സ് മുറികളിലെ പഠനത്തിന് അപ്പുറം വരുന്ന സ്‌പെഷ്യൽ ക്ലാസുകൾ, മറ്റു പ്രോഗ്രാമുകൾ എല്ലാം സൗകര്യപ്രദമായ സമയങ്ങളിൽ തുടർന്നും ഓൺലൈൻ ആയി തന്നെ നടക്കാനുള്ള സൗകര്യമുണ്ട്. അതുകൊണ്ടാണ് കോവിഡ് കാല രീതികളിൽ ചിലതെല്ലാം തുടർന്നേക്കാം എന്ന് പറയുന്നത്. പുതുതായി പരിചയിച്ച സാങ്കേതിക വിദ്യകളൊന്നും ഇടക്ക് നിന്ന് പോകുന്നവയല്ല. എന്ന് മാത്രമല്ല ഭൂരിപക്ഷം കലാലയങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് സാങ്കേതികമായി ഒരുപാട് മുന്നോട്ടു പോയിട്ടുമുണ്ട്. കഴിഞ്ഞ പത്തു വർഷത്തേക്കാളധികം കണക്ടിവിറ്റി സാധ്യതകൾ കേരളത്തിലെ ക്യാമ്പസുകളിൽ ഈ കോവിഡ് കാലങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മൊബൈൽ നിരോധിതമായിരുന്ന ക്യാമ്പസുകളിലെല്ലാം മൊബൈൽ സാധ്യതകളുടെ വസന്തമാണ് ഇപ്പോൾ. അതുതന്നെയാണ് മുന്നോട്ടും നാം പ്രതീക്ഷിക്കേണ്ടത്.

അധ്യാപകകേന്ദ്രീകൃതമല്ലാത്ത അറിവിന്റെ കാലം കൂടിയാണ് ഈ മഹാമാരിക്കാലത്തു സമാഗതമായത്. ഓൺലൈൻ സാധ്യതകൾ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള യൂണിവേഴ്‌സിറ്റികളിലെ ഇഷ്ടമുള്ള ഏതു പ്രോഗ്രാമും സ്വായത്തമാക്കാനുള്ള വിശാലവാതായാനങ്ങൾ കൂടിയാണ് തുറന്നത്. എത്രയോ അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലിരുന്നുകൊണ്ട് ധാരാളം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ സാധ്യതകൾ ഉപയോഗിക്കുന്നുണ്ട്. സെമിനാർ ഹാളുകളിൽ നിന്നും വെബിനാർ ലിങ്കുകളിലേക്ക് ഉണ്ടായ മാറ്റം ലോകം മുഴുവനുമുള്ള വിജ്ഞാനത്തെയും, അവസരങ്ങളെയും വിരൽ തുമ്പുകളിൽ എത്തിച്ചു. വിദ്യാർഥികളും അധ്യാപകരും ഇത്തരം വെബിനാർ സാധ്യതകൾ നല്ലവണ്ണം ഉപയോഗിക്കുകയും ചെയ്തു.

കോവിഡ് കാല സങ്കീർണതകളിലെ ഇത്തരം തുറസുകൾ, ക്യാമ്പസുകൾ തുറന്നാലും തുടരും എന്ന് തന്നെ കരുതണം. ക്യാമ്പസ്‌കളും ക്ലാസ്സ് റൂമുകളും സാമൂഹ്യ, രാഷ്ട്രീയ പാഠങ്ങളുടെയും, ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും ഭൂമിക എന്ന നിലയിൽ അവയുടെ സ്ഥാനം ശക്തമായി നിലനിറുത്തും. കലാ കായിക മത്സരങ്ങളും, യുവജനോത്സവങ്ങളും, വിനോദയാത്രകളും ആണ് കോറോണക്കാലത്തെ ക്യാമ്പസുകളുടെ നഷ്ടം. എത്ര ഭംഗിയായി ഓൺലൈനിൽ നടത്തിയാലും, ഗ്രൗണ്ടിൽ ഉയരുന്ന ആരവങ്ങൾക്കും, ഓഡിറ്റോറിയങ്ങളിലെ കൈയടികൾക്കും, കൂവലിനും പകരം വെക്കാൻ എന്തുണ്ട്? ആ ഇടങ്ങളെയാണ് ക്യാമ്പസ് തുറക്കലിലൂടെ സാധ്യമാക്കുന്നത്. വീട്ടകങ്ങൾക്കും, ഓൺലൈൻ ക്ലാസുകൾക്കും ഒരിക്കലും അവകാശപ്പെടാനാവാത്ത മാനുഷിക /സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾ എല്ലാക്കാലത്തും കലാലയങ്ങൾക്ക് സാധ്യമായിരുന്നല്ലോ.

കലാലയങ്ങൾ അടഞ്ഞു കിടന്നിരുന്നെങ്കിലും അദ്ധ്യാപകർ 2020 ജൂൺ മുതൽ 2021 മാർച്ച് വരെയുള്ള മാസങ്ങളിൽ ആദ്യം ഭാഗികവും, പിന്നീട് പൂർണമായും ഹാജരായിരുന്നു. കൂടാതെ അഡ്മിഷൻ, പരീക്ഷ തുടങ്ങിയവയും നടന്നിരുന്നു. അവയ്ക്ക് അധ്യാപക സാന്നിധ്യം ആവശ്യമാണ് താനും. അധ്യാപകരെ സംബന്ധിച്ചിടത്തോളം ഡിപ്പാർട്ടുമെന്റുകൾ സജീവമാകുവാൻ പോകുന്നു. പല കലാലയങ്ങളും ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും ഒരുമിച്ചുള്ള വർക് സ്പേസ് വളരെ അപൂർമായിരുന്നു.

വിവിധ ദിവസങ്ങളായി ഊഴമിട്ട് ആണ് പല അധ്യാപകരും എത്തിയിരുന്നത്. എന്നാൽ 2021 ജൂൺ മുതൽ അഡ്മിഷൻ, പരീക്ഷ, മറ്റു ഭരണകാര്യങ്ങൾ എന്നിവ ഒഴിച്ചുള്ള അവസരങ്ങളിൽ വർക്ക് ഫ്രം ഹോമിനുള്ള അനുമതി ഉണ്ടായിരുന്നു. അതുകൊണ്ട് കലാലയങ്ങൾ തുറക്കുന്നത് പല വീടുകളെയും ബാധിക്കും എന്ന് കരുതാം. സ്‌കൂളുകൾ തുറക്കാത്തതുകൊണ്ട്, സ്വന്തം കുഞ്ഞുങ്ങൾ ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന അധ്യാപകർക്ക്, ഓൺലൈൻ ക്ലാസ്സുകൾ ഒരു തരത്തിൽ സഹായകമായിരുന്നു. വീട് ഒരു വലിയ ബാധ്യതയായി മാറിയ അവസരങ്ങൾ ഉണ്ടെങ്കിൽ പോലും, കുഞ്ഞുങ്ങൾ വീടുകളിൽ തനിച്ചാകുമ്പോൾ ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നത്തിന് ഒരു പരിധി വരെ വർക്ക് ഫ്രം ഹോം സഹായകമായിരുന്നു. പല അധ്യാപക സുഹൃത്തുക്കളും കലാലയങ്ങൾ തുറക്കാൻ കാത്തിരിക്കുകയാണ് എന്ന് പറയുന്നുണ്ട്. വീടും ക്ലാസും ഇടകലർന്നത് അതിരുകൾ നിർവചിക്കാനാവാത്ത വിധത്തിൽ സമ്മർദത്തിൽ ആഴ്ത്തുന്നുണ്ട് പലരെയും.

വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തുറസ്സ് ഭൂരിഭാഗം പേർക്കും ആഘോഷമാകും. എത്രയോ കാലങ്ങളായി മൊബൈലിനുള്ളിലെ ക്ലാസ്സ്റൂമുകളിൽ ഒതുങ്ങിയവർക്ക്, കലാലയം തുറക്കുന്നത്, കളിക്കളങ്ങളുടെയും, കലാവേദികളുടെയും തുറസ്സുകൂടിയാണ്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തനങ്ങളെല്ലാം തികച്ചും ഓൺലൈൻ ആയി ആണ് നടന്നിരുന്നത്. അത് കലാലയങ്ങളുടെ പ്രവർത്തനത്തെ എത്രത്തോളം പരിമിതപ്പെടുത്തും എന്ന് ഊഹിക്കാവുന്നതേ ഉളളൂ. നാഷണൽ സർവീസ് സ്‌കീം, നാഷണൽ കേഡറ്റ് കോർ, ആർട്‌സ് ക്ലബ്, സ്‌പോർട്‌സ് എന്നിവ ഒരു ക്യാമ്പസ്സിനു നൽകുന്ന ഊർജം ഏത് ഓൺലൈൻ മാധ്യമത്തിൽ കൂടെയാണ് പൂർണമായി സാധ്യമാവുക?

ഏകാന്തതയും, അപ്രതീക്ഷിതമായ അരക്ഷിതാവസ്ഥയും ചേർന്നു മാനസിക സമ്മർദത്തിലാഴ്ത്തിയ യുവത്വത്തിന്, അവരുടെ ഇടങ്ങളെ തിരിച്ചു പിടിക്കാനുള്ള അവസരം ആണ് കലാലയങ്ങൾ തുറക്കുന്നതിലൂടെ സമാഗതമാവുന്നത്.
കലാലയങ്ങളിലെ വിദ്യാഭ്യാസ വർഷം നഷ്ടപ്പെട്ടില്ലെങ്കിലും, കലാലയ വിദ്യാഭ്യാസം എന്ന പദത്തിന്റെ പൂർണ്ണത വിജ്ഞാനത്തിനൊപ്പമോ, അതിലധികമോ വ്യക്തിത്വ വികാസത്തിന്റെ ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നത് കൊണ്ട്, ആ മേഖലയിൽ കോവിഡ് കാലം, നമ്മെ പുറകോട്ടാക്കി.

അത് കൊണ്ടു വീണ്ടും തുറക്കുമ്പോൾ വീണ്ടെടുപ്പിന്റെ പരിശ്രമങ്ങൾ കൂടി ഊർജിതപ്പെടുത്തേണ്ടതുണ്ട്. അതിനൊപ്പം ഗതാഗത സൗകര്യങ്ങൾ കൂടി പൂർണമാക്കേണ്ടതുണ്ട്. പല വഴികളിലും പൊതു ഗതാഗത സൗകര്യങ്ങൾ ഇപ്പോൾ തികച്ചും അപര്യാപ്തമാണ്. പാസഞ്ചർ തീവണ്ടികളും, സ്വകാര്യബസുകളും പൂർണതോതിൽ സർവീസ് പുനരാരംഭിക്കേണ്ടതും ആവശ്യമാണ്. കലാലയങ്ങളെ സംബന്ധിച്ച് ക്ലാസുകൾ മാത്രമല്ല, ഹോസ്റ്റലുകളും തുറക്കേണ്ടതുണ്ട്.

ഇപ്പോൾ അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ മാത്രമേ ആരംഭിക്കുന്നുള്ളൂ. അത് തന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വിദ്യാർത്ഥികളുമായി നിയന്ത്രിതമായി ആണ് ആരംഭിക്കുന്നത്.
പക്ഷെ അധികം താമസിയാതെ അതിജീവനത്തിന്റെ പ്രതീക്ഷകളോടെ, കൂടുതൽ ക്ലാസ്സുകൾ തുറക്കുമെന്ന് പ്രത്യാശിക്കാം. ജീവനുള്ള ക്യാമ്പസ്സുകളാണ് നാളത്തെ സമൂഹത്തിന്റെഅടിസ്ഥാനം.

Comments