വി.ഡി. സതീശന്റെ പ്രതിപക്ഷം പ്രതീക്ഷയാണ്

വർഗീയമുഖമില്ലാത്ത, വർഗീയ നിലപാട് പ്രകടിപ്പിക്കാത്ത നേതാവാണ് വി.ഡി. സതീശൻ. അതുകൊണ്ടുതന്നെ, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക രാഷ്ട്രീയത്തിന് തുടക്കമിടാൻ അദ്ദേഹത്തിന് കഴിയേണ്ടതാണ്. അരികുകളിലേക്ക് മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടേതാണ് വരാനിരിക്കുന്ന രാഷ്ട്രീയം എന്ന തിരിച്ചറിവായിരിക്കണം, ഈ തലമുറമാറ്റം നൽകുന്ന പാഠം.

കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാകാൻ പ്രവർത്തിക്കുമെന്നാണ് പുതിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നയപ്രഖ്യാപനം. കോൺഗ്രസിലെ പുതിയ തലമുറയുടെ പ്രതിനിധിയായതുകൊണ്ട്, സതീശന്റെ വാക്കുകൾക്ക് ഒന്നു ചെവി കൊടുക്കാം.

പ്രതിപക്ഷത്തുടർച്ചക്കൊപ്പം, കേരളത്തിന്റെ പ്രതിപക്ഷനേതാവിന്റെ തുടർച്ചക്കുവേണ്ടിയും ഡൽഹിയിൽ ഹൈക്കമാൻഡിനുമുന്നിൽ വലിയ പിടിവലി നടന്നു. കോൺഗ്രസിനെ സംബന്ധിച്ച് ഒട്ടൊക്കെ അപ്രതീക്ഷിതമായൊരു തീരുമാനമാണ് അവിടെനിന്നുണ്ടായത്. കാരണം, തലമുറമാറ്റം എന്നത് കോൺഗ്രസിൽ, ഒരു തലമുറയുടെ മരണത്തോടെ മാത്രം സാധ്യമാകുന്ന ഒരു പ്രക്രിയയാണ്. അതുകൊണ്ടാണ്, കോൺഗ്രസിന് ഭൂതകാലത്തിന്റെ ഒരു പാർട്ടിയായി നിലനിൽക്കേണ്ടിവരുന്നത്.

ജനകീയതയുടെ വ്യാജമായ ഒരു പ്രതീതി സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ അഞ്ചുവർഷം രമേശ് ചെന്നിത്തല കൈകാര്യം ചെയ്ത പ്രതിപക്ഷ നേതൃത്വത്തിനാകട്ടെ, സ്വന്തം പാർട്ടിയുടെ പോലും വോട്ടുകിട്ടിയില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവിട്ട നിയമനങ്ങൾക്കും പൊലീസ് അതിക്രമത്തിനും കരിനിയമങ്ങൾക്കുമെല്ലാം എതിരെ രമേശ് ചെന്നിത്തല നടത്തുന്ന വാർത്താസമ്മേളനങ്ങൾ കാണുന്ന ജനങ്ങൾക്ക് തൊട്ടുമുമ്പത്തെ യു.ഡി.എഫ് ഭരണങ്ങൾ ഓർമയിലെത്തുന്നത് സ്വഭാവികം മാത്രമായിരുന്നു. പ്രതിപക്ഷത്തായാലും വിശ്വാസ്യത എന്നത് അവശ്യം വേണ്ട ഒരു രാഷ്ട്രീയമൂല്യമാണ്. കോൺഗ്രസ് കളഞ്ഞുകുളിച്ച ആ രാഷ്ട്രീയ മൂല്യം വി.ഡി. സതീശന്റെ നേതൃത്വത്തിന് എത്രത്തോളം വീണ്ടെടുക്കാൻ കഴിയുമെന്നത് പ്രധാന ചോദ്യമാണ്.

പാർട്ടിയിൽനിന്ന് സതീശന് എന്തുമാത്രം പിന്തുണ കിട്ടും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഒരു കാലത്ത്, അന്നത്തെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ, ഇന്ന് സപ്തതിയും നവതിയും പിന്നിട്ട വയോധികരുടെ കാൽച്ചുവട്ടിലാണ് ഇന്നും കോൺഗ്രസ് കിടന്നിഴയുന്നത്. സ്വന്തം രാഷ്ട്രീയ ജീവിതത്തിലെ നിർണായക സന്ദർഭങ്ങളിൽനിന്നെല്ലാം സമർഥമായി ഒളിച്ചോടിയ എ.കെ. ആന്റണിയെപ്പോലൊരു നേതാവിന്റെ തീരുമാനം കാത്തിരിക്കേണ്ട സ്ഥിതിയിൽനിന്ന് 2021ലെങ്കിലും സതീശന്റെ നേതൃത്വത്തിന് രക്ഷപ്പെടാൻ കഴിഞ്ഞാൽ പാർട്ടിക്ക് അത് വലിയ നേട്ടമാകും. കാരണം, ഒരു ക്രിയാത്മക പ്രതിപക്ഷത്തിന് ജനങ്ങളുടെ പിന്തുണ കിട്ടുമെന്നതിൽ സംശയം വേണ്ട. ഇടതുപക്ഷത്തിന് ലഭിച്ച തുടർഭരണവും വലിയ ഭൂരിപക്ഷവും പുതുമുഖങ്ങൾക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയും ഒരു ക്രിയാത്മക പ്രതിപക്ഷത്തെ അനിവാര്യമാക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയുടെ രാഷ്ട്രീയ കാരണങ്ങൾ സമചിത്തതയോടെ വിശകലനം ചെയ്യാൻ കോൺഗ്രസിനുകഴിയണം. നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും പാലക്കാട്ട് പൊരുതി നേടിയ വിജയവും തൃശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതുമെല്ലാം കോൺഗ്രസിന്റെ രാഷ്ട്രീയപ്രസക്തി അടിവരയിടുന്നതാണ്. വർഗീയതയുമായുള്ള ഒത്തുതീർപ്പിനിടയിലും ജനം ബാക്കിവെക്കുന്ന ഇത്തരം സാധ്യതകളിലേക്ക് കോൺഗ്രസിന് ഇനിയും കണ്ണുതുറക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷനേതൃത്വത്തിലെ തലമുറമാറ്റം, യു.ഡി.എഫിനെ എങ്ങനെയാണ് ബാധിക്കുക എന്നതും ഒരു ചോദ്യമാണ്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനും കോൺഗ്രസിലെ ഈ മാറ്റത്തിൽനിന്ന് പഠിക്കാനുണ്ട്. കീഴ്ത്തട്ടിൽനിന്നുള്ള തുറന്ന ആശയവിനിമയം വേണമെന്നും ജനാധിപത്യരീതി വേണമെന്നുമെല്ലാം കോൺഗ്രസിനെ ലീഗ് മുഖപത്രം ഉപദേശിക്കുന്നുണ്ട്. എന്നാൽ, പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഗിൽ ഇത് എത്രമാത്രം സാധ്യമാണ് എന്ന് ആ പാർട്ടി തന്നെ ആത്മപരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്. പ്രതിപക്ഷ നേതാവിന്റെ തലമുറമാറ്റം കൊണ്ടുമാത്രം മുന്നണിയുടെ തലമുറമാറ്റം സാധ്യമാണോ എന്ന് ലീഗ് ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. പലതരം താൽപര്യങ്ങുള്ള ഘടകകക്ഷികളെ, പുതിയ കാലത്തെ രാഷ്ട്രീയത്തിലേക്ക് നയിക്കുക എന്നത് ഒരു കഠിനപ്രവൃത്തിയാണ്. പുതിയ പദവി പുഷ്പകിരീടമല്ല എന്ന് സതീശൻ പറയുന്നത് ഇതുകൊണ്ടാകാം.

ഒരു വർഗീയമുഖമില്ലാത്ത, വർഗീയ നിലപാട് പ്രകടിപ്പിക്കാത്ത നേതാവാണ് വി.ഡി. സതീശൻ. അതുകൊണ്ടുതന്നെ, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക രാഷ്ട്രീയത്തിന് തുടക്കമിടാൻ അദ്ദേഹത്തിന് കഴിയേണ്ടതാണ്. അരികുകളിലേക്ക് മാറ്റിനിർത്തപ്പെടുന്ന മനുഷ്യരുടേതാണ് വരാനിരിക്കുന്ന രാഷ്ട്രീയം എന്ന തിരിച്ചറിവായിരിക്കണം, ഈ തലമുറമാറ്റം നൽകുന്ന പാഠം.

കേരളം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പരിസ്ഥിതി ദുരന്തങ്ങളും മഹാരോഗങ്ങളും മാത്രമല്ല, ജീവിതത്തിന്റെ നിലനിൽപുതന്നെ പ്രതിസന്ധിയിലായ ജനവിഭാഗങ്ങളുടെ എണ്ണം കൂടിവരികയാണ് കേരളത്തിൽ. ഭരണപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷക്കൊപ്പം തന്നെയാണ് പ്രതിപക്ഷത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷയും. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രതിപക്ഷം ഉയരേണ്ടതുണ്ട്.

Comments