പോരാളിക്കും ഭരണാധികാരിക്കുമിടയിലെ ഗൗരിയമ്മ

ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ ഒരാളെയാണ്, ഗൗരിയമ്മയുടെ നിയമനിർമാണങ്ങൾ കാണിച്ചുതരുന്നത്. ജീവിതത്തിലെ പോരാളി, ആ ഭരണാധികാരിയിലും വർധിതവീര്യത്തോടെ കത്തിക്കൊണ്ടിരുന്നു. ഭരണാധികാരം, അത് കമ്യൂണിസ്റ്റ് പാർട്ടിയിലാണെങ്കിലും പലതരം ഒത്തുതീർപ്പുകൾക്ക് വിധേയപ്പെടുന്നതായതുകൊണ്ട് ഗൗരിയമ്മക്ക് എന്നും ഒരു അനഭിമതയുടെ കൂടി റോളുണ്ടായിരുന്നു, സർക്കാറുകളിൽ. അവർക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നിഷേധിക്കപ്പെടുന്നതിൽ രാഷ്ട്രീയമായ കാരണങ്ങൾക്കൊപ്പം ഇത്തരം അനഭിമതത്വങ്ങൾ കൂടി വലിയ പങ്കു വഹിച്ചു.

1948ൽ, 28ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ കെ.ആർ. ഗൗരിക്ക് അംഗത്വം നൽകിയത് പി. കൃഷ്ണപിള്ള. പാർട്ടി എന്നും ഓർക്കുന്ന ഒരു കാൽവെപ്പായിരുന്നു അവരുടേത്​. കാരണം, അതേ വർഷമാണ് പാർട്ടി നിരോധിക്കപ്പെട്ടത്.

ഒളിവുജീവിതവും ലഘുലേഖ വിതരണവുമൊക്കെയായി കഴിഞ്ഞിരുന്ന ഗൗരി താമസിയാതെ അറസ്റ്റുചെയ്യപ്പെട്ടു. സർക്കാറിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചു എന്നായിരുന്നു കുറ്റം. ചേർത്തല പൊലീസ് സ്‌റ്റേഷനിലെ ജയിലിൽ കൊടിയ പീഡനം. ‘ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ ഞാൻ ഒട്ടേറെ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു' എന്ന്​ അവർ പിന്നീട് ഈ തടവുകാലത്തെ ഓർത്തെടുക്കുന്നുണ്ട്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാറ്റി. ഡെറ്റിന്യു തടവുകാരിയായാണ് ജയിലിൽ എത്തിയത്.

ആഹാരം കൊണ്ടുവന്ന തടവുകാരൻ കറികളിൽ കൈ ഇട്ട് ഇളക്കിയ ശേഷമാണ് ഗൗരിക്ക് നൽകിയത്. അവർ ആഹാരം കഴിച്ചില്ല. തൊട്ടപ്പുറത്ത് പുരുഷവാർഡിൽ തടവുകാരനായിരുന്ന ടി. വി. തോമസ് ആയിരുന്നു ജയിൽ കമ്മിറ്റി കൺവീനർ. അദ്ദേഹത്തിന്റെ ഇടപെടലിനെതുടർന്ന് ഗൗരിക്ക് ആണുങ്ങളുടെ വാർഡിൽ നിന്ന് ഭക്ഷണം എത്തിക്കാൻ തുടങ്ങി.

ഫയൽ നോക്കാനറിയാത്ത മന്ത്രി

അടിമുടി പോരാളിയായിരുന്നു കെ.ആർ. ഗൗരി. അവരുടേതുപോലെ നിരന്തര പരീക്ഷണം നിറഞ്ഞ ഒരു രാഷ്ട്രീയ ജീവിതം കേരളത്തിൽ മറ്റാർക്കുമില്ല. കമ്യൂണിസ്റ്റ്​ പാർട്ടി എന്ന തെരഞ്ഞെടുപ്പിൽ തുടങ്ങുന്നു ആ വേറിട്ട രാഷ്ട്രീയയാത്ര. കാരണം, അന്ന് കമ്യൂണിസ്റ്റ് പാർട്ടി എന്നത് വെല്ലുവിളികൾ മാത്രം നിറഞ്ഞ ഒരു സഞ്ചാരപാതയായിരുന്നു. സാധാരണ മനുഷ്യരോടുള്ള പ്രത്യയശാസ്ത്രാഭിമുഖ്യം മാത്രമായിരുന്നു അവരുടെ ആ തെരഞ്ഞെടുപ്പിനുപിന്നിൽ. കൃഷിക്കാരും തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വർഗം ഭരണകൂടങ്ങൾക്കും ജന്മിത്വത്തിനും എതിരെ ഉയിർത്തെഴുന്നേൽക്കുന്ന കാലം കൂടിയായിരുന്നു അത്. ഈ പോരാട്ടങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുകയായിരുന്നു. ഈ വർഗങ്ങളുടെ പ്രാതിനിധ്യമായിരുന്നു ഒരു ഭരണാധികാരി എന്ന നിലയ്ക്ക് ഗൗരിയമ്മയുടെ എന്നത്തെയും പരിഗണനകൾ.

1957ൽ ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ മന്ത്രിയായശേഷമുള്ള നിമിഷത്തെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്: ‘‘57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു? ഭരണപരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയുമായിരുന്നില്ല. സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ. ഗോപാലകൃഷ്ണമേനോൻ, പന്തളം പി. ആർ. മാധവൻപിള്ള, സി. എച്ച്. കണാരൻ എന്നിവരുമായും പാർട്ടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്. 11ന് ഓർഡിനൻസ്. കാർഷിക പരിഷ്‌കരണ നിയമങ്ങൾക്ക് തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം''.

ആദ്യകേരള മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ആർ ​ഗൗരി അമ്മ

സമഗ്ര ഭൂപരിഷ്‌കരണ നിയമം നിർമിക്കുന്നതിനുവേണ്ടി സി. അച്യുതമേനോൻ കൺവീനറായി രൂപീകരിച്ച സമിതിയിൽ അംഗമായിരുന്ന ഗൗരിയമ്മ. കേരള കാർഷിക ബന്ധ ബിൽ (കേരള അഗ്രേറിയൻ റിലേഷൻസ് ബിൽ 1957) ഗൗരിയമ്മയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഈ നിയമരൂപീകരണത്തിന്റെ അണിയറയിൽ ഗൗരിയമ്മയുടെ സുപ്രധാന പങ്കുണ്ട്. അതിനുമുമ്പുള്ള പൊതുജീവിതത്തിൽനിന്ന് അവർ തിരിച്ചറിഞ്ഞ കേരളത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾ ആ നിയമത്തിന്റെ ഊടും പാവുമായി. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോൾ ഗൗരിയമ്മയുടെ പിതാവ് 130 ഏക്കർ ഭൂമി സർക്കാറിലേക്ക് നൽകി.

അനഭിമതയായ ഭരണാധികാരി

ചേർത്തലയിലെ പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ.എ. രാമൻ- പാർവതിയമ്മ ദമ്പതികളുടെ മകളായി 1919 ജൂലൈ 14ന് ജനിച്ച ഗൗരിയെ, തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരെ നടന്ന പ്രതിഷേധവും പുന്നപ്ര- വയലാർ സമരവുമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും സെന്റ് തെരേസാസിൽനിന്ന് ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമ ബിരുദം കൂടി നേടിയശേഷം ചേർത്തല കോടതിയിൽ പ്രാക്ടീസ് തുടങ്ങി.

1957ലെ തെരഞ്ഞെടുപ്പിനു ശേഷമുളള കേരളത്തിലെ ഗൗരിയമ്മയുൾപ്പെട്ട ആദ്യ മന്ത്രിസഭ

കമ്യൂണിസ്റ്റ് പാർട്ടിയിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുണ്ടായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയത്. 1948ൽ തിരു- കൊച്ചി നിയമസഭയിലേക്ക് ചേർത്തല താലൂക്കിെല തുറവൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ചു തോറ്റു. 1952ലും 54ലും തിരു- കൊച്ചി നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ജയം.
1957ലെ ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയായിരുന്നു. രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹിക സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല. മുൻ സർക്കാർ അംഗീകരിച്ച ഭൂപരിഷ്‌കരണ ബിൽ ഭേദഗതി വരുത്തി നടപ്പാക്കിയതോടെ 35 ലക്ഷം കുടിയേറ്റക്കാരും അഞ്ചുലക്ഷം കുടികിടപ്പുകാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരു ലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണമേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു. ഭൂപരിഷ്‌കരണം, അതിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും അതിന്റെ തുടക്കം ഒരു വലിയ മാറ്റത്തിന്റെ വിത്തുവിതച്ച ഒന്നായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കൈയൊപ്പുകളിൽ ഒന്ന് ഗൗരിയമ്മയുടേതാണ്.

തുടർന്നുള്ള സർക്കാറുകളുടെ കാലത്തും അവർ നിരവധി സുപ്രധാന നിയമ നിർമാണങ്ങളുടെ തുടക്കക്കാരിയായി. 1958 ലെ അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം, 1959 ലെ മുദ്രപത്ര നിയമം, 1960ലെ ജന്മിക്കരം ഒഴിവാക്കൽ നിയമം, 1968-ലെ ജപ്തി നിയമം, 1987-ലെ അഴിമതി നിരോധനനിയമം, 1991-ലെ വനിതാ കമീഷൻ ആക്റ്റ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ.

ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ ഒരാളെയാണ്, അവരുടെ നിയമനിർമാണങ്ങൾ കാണിച്ചുതരുന്നത്. യാഥാർഥ്യം അതേരീതിയിൽ തിരിച്ചറിഞ്ഞ് തികഞ്ഞ രാഷ്ട്രീയബോധ്യത്തോടെ നടപ്പാക്കാനുള്ള ‘താൻപോരിമ' അവർ പ്രകടിപ്പിച്ചു. ജീവിതത്തിലെ പോരാളി, ആ ഭരണാധികാരിയിലും വർധിതവീര്യത്തോടെ കത്തിക്കൊണ്ടിരുന്നു. ഭരണാധികാരം, അത് കമ്യൂണിസ്റ്റ് പാർട്ടിയിലാണെങ്കിലും പലതരം ഒത്തുതീർപ്പുകൾക്ക് വിധേയപ്പെടുന്നതായതുകൊണ്ട് ഗൗരിയമ്മക്ക് എന്നും ഒരു അനഭിമതയുടെ കൂടി റോളുണ്ടായിരുന്നു, സർക്കാറുകളിൽ. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള നിയമം അട്ടിമറിക്കാൻ കേരളത്തിലെ രാഷ്​ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായ സന്ദർഭത്തിൽ ഗൗരിയമ്മ നടത്തിയ ഒറ്റയാൾ പോരാട്ടം കേരളത്തിന്റെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടുകളിൽ ഒന്നാണ്.

കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള നിയമം മറികടക്കാൻ ആന്റണി സർക്കാർ 1996ൽ കൊണ്ടുവന്ന ഭേദഗതി ഓർഡിനൻസ് രാഷ്ട്രപതി തിരിച്ചയച്ചു. 1999ലെ നായനാർ സർക്കാർ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കൈയേറ്റക്കാർ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് അഞ്ച് ഏക്കർ വരെ സാധുത നൽകി പകരം ഭൂമി സർക്കാർ നൽകാനും അഞ്ച് ഏക്കറിൽ കൂടുതലുള്ളത് തിരിച്ചുപിടിക്കാനുമായിരുന്നു ദേഭഗതി. 1975ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിർദേശിച്ചു.

നിയമസഭ ഒറ്റക്കെട്ടായാണ് ഈ ആദിവാസി വിരുദ്ധ നിയമത്തിന് പിന്തുണ നൽകിയത്, എതിർത്തത് ഒരേയൊരാൾ മാത്രം, ഗൗരിയമ്മ. ‘നിങ്ങൾക്കു വോട്ടാണ് പ്രധാനം, അല്ലാതെ സാമൂഹ്യ നീതിയല്ല' എന്ന് നിയമസഭയെ നോക്കി തുറന്നടിച്ചു അവർ. അവർക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നിഷേധിക്കപ്പെടുന്നതിൽ രാഷ്ട്രീയമായ കാരണങ്ങൾക്കൊപ്പം ഇത്തരം അനഭിമതത്വങ്ങൾ കൂടി വലിയ പങ്കു വഹിച്ചു. ജാതിയുടെയും ആണധികാരത്തിന്റെയും സ്ത്രീസ്വത്വത്തോടുള്ള ഭീതിയുടെയുമെല്ലാം ബോധപൂർവമായൊരു പാർട്ടി പ്രയോഗമാണ് അവരുടെ പുറത്താക്കലിലേക്കുവരെ നയിച്ചത്.

1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടായിരുന്നില്ല. ‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം മുഴങ്ങി. ജയിച്ചാൽ കെ.ആർ. ഗൗരി മുഖ്യമന്ത്രിയാകും എന്ന് അനൗദ്യോഗിക പ്രചാരണവുമുണ്ടായി. എം.വി. രാഘവനും കൂട്ടരും അവതരിപ്പിച്ച ബദൽ രേഖയെ പിന്തുണച്ചതിന് ഇ.കെ. നായനാരാട് പാർട്ടിയിൽ പുകയുന്ന അതൃപ്തിയാണ് ഗൗരിയമ്മ എന്ന തെരഞ്ഞെടുപ്പിലെത്തിയത്. എന്നാൽ, ‘അപ്രതീക്ഷിത' സംഭവവികാസങ്ങൾക്കൊടുവിൽ, വീണ്ടും നായനാർ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ‘‘ഞാൻ മുഖ്യമന്ത്രിയാകരുതെന്ന് നമ്പൂതിരിക്ക് നിർബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പാർട്ടി യോഗത്തിൽ വി. എസ്. സൂത്രത്തിൽ നിന്നതേ ഉളളൂ. മുദ്രാവാക്യത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അയാൾ മിണ്ടില്ലായിരുന്നോ?'' ; പിന്നീട് ഒരു അഭിമുഖത്തിൽ, സി.പി.എമ്മിൽ പ്രവർത്തിക്കുന്ന പലതരം ജാതിക്കുശുമ്പുകളെ ഗൗരിയമ്മ ഇങ്ങനെ വെളിപ്പെടുത്തി.
ആ മന്ത്രിസഭയിൽ അവർക്ക് വ്യവസായം, എക്‌സൈസ് വകുപ്പുകൾ നൽകി. ആ മന്ത്രിസഭയിലും അവർ 'അടങ്ങിയൊതുങ്ങി'യിരുന്നില്ല. ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകൾ നിലനിർത്തിയതിന്റെ പേരിൽ സി.ഐ.ടി.യു വിഭാഗവുമായി ഇടഞ്ഞു. എക്‌സൈസ് വകുപ്പ് അവരിൽനിന്നെടുത്ത് ടി.കെ. രാമകൃഷ്ണനു നൽകി. പാർട്ടിയിൽ നിന്ന് പലതരം സമ്മർദമേറിവന്നു.

പിണറായി വിജയനൊപ്പം ഗൗരിയമ്മ

മികച്ച നിയമസഭാ സാമാജിക എന്ന ആദരം ഏറ്റുവാങ്ങാൻ മറ്റു പാർട്ടിക്കാർ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തതിനെതിരെ പാർട്ടിയിൽ വിമർശനമായി. അത് അച്ചടക്ക ലംഘനമായി പാർട്ടി വിലയിരുത്തി. അതിനുശേഷം, യു.ഡി.എഫ് സർക്കാറിന്റെ നിർദേശത്തിൽ രൂപം നൽകിയ സ്വാശ്രയ സമിതിയിൽ ഗൗരിയമ്മ അധ്യക്ഷയായതും പാർട്ടിയെ ചൊടിപ്പിച്ചു. സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞില്ല. തുടർന്ന് അവരെ സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലാ കമ്മിറ്റി ഗൗരിയമ്മക്കെതിരെ തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് അവരെ 1994 ജനുവരി ഒന്നിന് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടിയിലെ നാലര പതിറ്റാണ്ട് ജീവിതം അതോടെ അവസാനിച്ചു.

17 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവർ മത്സരിച്ചു. 13 തവണ ജയിച്ചു. സ്വാതന്ത്ര്യലബ്ദിക്കുശേഷം 2016ലെ തെരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ചു. 1948, 1977, 2006, 2011 വർഷങ്ങളിലാണ് തോറ്റത്. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ രണ്ടാമത്തെ എം.എൽ.എ. ആദ്യത്തെയാൾ കെ.എം. മാണി. സി.പി.എമ്മിൽ നിന്ന് പുറത്തായശേഷം രൂപീകരിച്ച ജെ.എസ്.എസ് യു.ഡി.എഫിന്റെ ഭാഗമായപ്പോഴും അവർ മന്ത്രിയായി. 2001ലും 2006ലും യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായി. 2011ൽ സി.പി.ഐയിലെ തിലോത്തമനോട് തോറ്റതോടെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് അവസാനമായി. അഭിപ്രായ ഭിന്നതകളെ തുടർന്ന് 2016ൽ ജെ.എസ്.എസ് മുന്നണി വിട്ടു. ജെ.എസ്.എസിന്റെ പിളർപ്പിനെ തുടർന്ന് ഗൗരിയമ്മ സി.പി.എമ്മുമായി അടുത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ അവർ പങ്കെടുത്തു. സി.പി.എമ്മിലേക്ക്​ ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവരാൻ പാർട്ടിയിൽ നീക്കവും നടക്കുന്നുണ്ടായിരുന്നു.

വ്യക്തിയുടെ രാഷ്ട്രീയജീവിതം

രാഷ്ട്രീയജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും അതിർവരമ്പുകൾ നേർത്തുനേർത്തില്ലാതായ ജീവിതം കൂടിയായിരുന്നു ഗൗരിയമ്മയുടേത്. രാഷ്ട്രീയബോധ്യം മുറുകെപ്പിടിച്ച് അവർ ത്യജിച്ചത് എന്തുമാത്രം വിലപ്പെട്ടവയായിരുന്നുവെന്ന് പിന്നീട് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. വിക്ഷുബ്ദമായ ആ ത്യാഗജീവിതം തുടങ്ങുന്നത് ടി.വി. തോമസിൽനിന്നാണ്. മഹാരാജാസ് കോളേജിൽവെച്ചാണ് ഗൗരി ടി.വിയെ ആദ്യമായി കാണുന്നത്, ത്രേസ്യാമ്മ എന്ന സുഹൃത്തിന്റെ സഹോദരൻ എന്ന നിലയിൽ. തന്റെ വീട്ടിൽ നടന്ന ട്രാവൻകൂർ കമ്മിറ്റി യോഗത്തിൽവെച്ചാണ് ഗൗരി തന്റെ സഖാവിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. പുന്നപ്ര- വയലാർ കേസിൽ തെളിവില്ലാത്തതിനാൽ ടി.വി. അടക്കമുള്ള നേതാക്കളെ വെറുതെവിട്ടശേഷമുള്ള യോഗമായിരുന്നു അത്. പുന്നപ്ര- വയലാർ പ്രക്ഷോഭകാലത്തുതന്നെ ടി.വിയും ഗൗരിയമ്മയും പ്രണയത്തിലാണെന്ന പ്രചാരണമുണ്ടായിരുന്നു.

ടി.വി.തോമസും ഗൗരിയമ്മയും

പിന്നീട്, പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഇരുവരും അറസ്റ്റുചെയ്യപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ കൂടുതൽ അടുത്തു. അടുത്തടുത്തായിരുന്നു ഇരുവരുടെയും ജയിൽവാർഡുകൾ. സംഘടനാ കാര്യങ്ങൾ പരസ്പരം അറിയിക്കാൻ പരസ്പരം കല്ലുകളെറിഞ്ഞായിരുന്നു ആശയവിനിമയം. രണ്ടര വർഷത്തെ തടവിനൊടുവിൽ പുറത്തിറങ്ങിയ സഖാക്കൾക്ക് പാർട്ടി സ്വീകരണം ഒരുക്കിയപ്പോൾ ടി. വിയും ഗൗരിയും ഒന്നിച്ചാണ് അതേറ്റുവാങ്ങിയത്. 1954 ലെ തിരു- കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ചേർന്നപ്പോൾ ഇരുവരും ഇഷ്ടം തുറന്നുപറഞ്ഞു. അങ്ങനെ പാർട്ടി വിവാഹത്തിന് അനുമതി നൽകി.

ഐക്യ കേരള രൂപീകരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ടി. വി. തോമസ് ആലപ്പുഴയിൽ നിന്നും ഗൗരി ചേർത്തലയിൽ നിന്നും നിയമസഭാ അംഗങ്ങളായി. ഇ. എം. എസ് മന്ത്രിസഭയിൽ ടി. വി. തൊഴിൽ, ഗതാഗത വകുപ്പുകളും ഗൗരി റവന്യു, എക്‌സൈസ് വകുപ്പുകളുമാണ് കൈകാര്യം ചെയ്തത്. 1957 മെയ് 30 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. എൻ. ഗോവിന്ദൻ നായരുടെ മുൻകൈയിലായിരുന്നു വിവാഹം. മുഖ്യമന്ത്രി ഇ. എം. എസ് നമ്പൂതിരിപ്പാട് എടുത്ത് കൊടുത്ത താലിയാണ് ടി.വി ഗൗരിയുടെ കഴുത്തിൽ ചാർത്തിയത്. തൊട്ടടുത്ത വീടുകളിലായിരുന്നു രണ്ട് മന്ത്രിമാരുടെയും താമസം. സാനഡുവിൽ ഗൗരിയും റോസ് ഹൗസിൽ ടി.വിയും. ഇരുവരും രണ്ടു കാറിൽ സെക്രട്ടേറിയറ്റിലേക്ക്, ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു കാറിൽ വീട്ടിലേക്കും.
1964ൽ പാർട്ടി പിളർന്നപ്പോൾ ഇരുവരുടെയും ജീവിതത്തിൽ സംഘർഷത്തിന് തുടക്കമായി. ടി.വി സി.പി.ഐയും ഗൗരി സി.പി.എമ്മിലുമായിരുന്നു.

പരസ്പരമുള്ള ബന്ധവും സ്‌നേഹവും സ്വന്തം രാഷ്ട്രീയബോധ്യങ്ങളുമായുള്ള ഒത്തുതീർപ്പിന് ഇരുവരും ഉപയോഗിച്ചില്ല. അവർ സ്വതന്ത്ര വ്യക്തികളായി തന്നെ ഉറച്ചുനിന്നു. ഇക്കാലത്ത്, ഗൗരിയമ്മ പാർട്ടിയിൽ നിന്ന് അവധിയെടുത്ത് ചാത്തനാടുള്ള വീട്ടിൽ ടി.വിയോടൊപ്പം കഴിഞ്ഞു. വീട്ടിൽ ഇരുപാർട്ടികളിൽനിന്നും ആരെയും വരാൻ അനുവദിച്ചില്ല. ഏറെക്കാലത്തിനുശേഷമുള്ള ഒരു സമാധാന ജീവിതകാലമായിരുന്നു അതെന്ന് അവർ ഓർക്കുന്നുണ്ട്. അക്കാലത്ത് ടി.വി സമ്മാനിച്ച കാശ്മീരി സിൽക്ക് സാരി സൂക്ഷിച്ചുവച്ചിരുന്ന കഥയൊക്കെ അവർ തുറന്നുപറഞ്ഞിട്ടുണ്ട്.
1967 ലെ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി സി.പി.ഐയും സി.പി.എമ്മും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ടി.വിയും ഗൗരിയും വീണ്ടും മന്ത്രിമാരുമായി. ടി. വിക്ക് വ്യവസായവകുപ്പും ഗൗരിക്ക് റവന്യു, ഭക്ഷ്യ വകുപ്പുകളും. തിരുവനന്തപുരത്ത് അടുത്തടുത്ത കോമ്പൗണ്ടുകളിലുള്ള രണ്ട് ഔദ്യോഗിക വസതികളിലായിരുന്നു താമസം. ഈ മന്ത്രി മന്ദിരങ്ങളുടെ നടുവിലെ മതിൽ പൊളിച്ച് അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള സൗകര്യം ഇരുവരും ഒരുക്കിയിരുന്നു. സി.പി.ഐക്കാർ വഴി അടച്ചു. അങ്ങനെയാണ് തങ്ങൾ രണ്ടായതെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ആഘാതത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് അവർ ഒരു മാസം ആശുപത്രിയിലും കിടന്നു.

പൊതുയോഗത്തിനിടെ ഗൗരിയമ്മ

1970 ലെ തിരഞ്ഞെടുപ്പിൽ ടി. വി. തോമസ് ആലപ്പുഴയിൽ നിന്നും ഗൗരിയമ്മ ചേർത്തലയിൽ നിന്നും വിജയിച്ചു. സി. അച്യുതമേനോൻ സർക്കാരിൽ ടി. വി. വ്യവസായ മന്ത്രിയായി. അന്ന് സി.പി.എമ്മിന്റെ പ്രതിപക്ഷ ഉപ നേതാവായിരുന്നു ഗൗരിയമ്മ. 1976 ൽ അർബുദ രോഗം പിടിപെട്ട ടി. വി. ചികിൽസക്ക് അവധിയെടുത്തു. ചികിത്സക്കായി മുംബൈയിലേക്ക് ഗൗരിയമ്മ കൂടെ വരണമെന്ന് ടി. വി. പറഞ്ഞെങ്കിലും അവർക്ക് പോകാനായില്ല. പിന്നീട് രോഗം മൂർഛിച്ചപ്പോൾ ടി.വിയെ കാണാൻ പോകണമെന്ന് ഗൗരിയമ്മ പാർട്ടിയിൽ ആവശ്യപ്പെട്ടു. പോകേണ്ട എന്നായിരുന്നു മറുപടി. അവസാനം പാർട്ടി കമ്മിറ്റി ചേർന്ന് രണ്ടാഴ്ച അനുമതി നൽകി: ‘‘തിരിച്ചുപോരുമ്പോൾ ടി.വി കരഞ്ഞു. എനിക്ക് കരച്ചിൽ വന്നില്ല. പിന്നീട് കാണുന്നത് മരിച്ച് തിരുവനന്തപുരത്തെത്തുമ്പോൾ. ഉള്ളിൽ ദുഃഖമുണ്ടായിരുന്നു'' എന്ന് അവർ പറഞ്ഞിട്ടുണ്ട്.

1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ മത്സരിച്ച ഗൗരിയമ്മ പരാജയപ്പെട്ടു. 1977 മാർച്ച് 26 ന് ടി. വി. തോമസ് മരിച്ചു. ടി.വിയുമായുള്ള ബന്ധത്തിന്റെ കയ്പും മധുരവും ഒരുതരം ആത്മവിചാരണയുടെ സ്വരത്തിൽ ഗൗരിയമ്മ നിരവധി അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്.
മരണം വരെ അവർ വിട്ടുവീഴ്ചയില്ലാത്ത ഒരു രാഷ്ട്രീയപ്രവർത്തകയായി തുടർന്നു. ശാരീരിക അവശതകളോടുപോലും അവർ പോരടിച്ചു. നൂറാം വയസ്സിലാണ്, ശബരിമല വിഷയത്തിൽ സർക്കാർ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത മതിലിൽ അവർ പങ്കാളിയായത്. പിണറായി വിജയൻ സർക്കാറിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു; ‘‘വിജയന്റെ ഭരണത്തെ പറ്റി അഭിപ്രായം പറയണമെങ്കിൽ ഇന്ന് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതി ഇല്ലാതാകണം. ഈയിടെ വിജയൻ വീട്ടിൽ വന്നു. നിയമസഭയുടെ അറുപതാം വാർഷികം പ്രമാണിച്ച് ഉപഹാരം സമ്മാനിച്ചു. അതിലൊക്കെ സന്തോഷമുണ്ട്. പക്ഷേ, ബ്ലൗസിട്ട, സാരിയുടത്ത പെണ്ണിന് നടക്കാൻ പറ്റുന്ന നാടാണോ കേരളം? പെണ്ണ് ഉപഭോഗ വസ്തുവാണോ? വിജയൻ കർശനമായി ഇടപെടണം. ഒരുത്തനെയും വെറുതെ വിടരുത്. ഇന്ത്യയിൽ ആദ്യത്തെ വനിതാ കമീഷൻ രൂപീകരിക്കുന്നത് 1987-ൽ ഞാൻ മന്ത്രിയായിരിക്കുമ്പോൾ മുൻകൈ എടുത്താണ്. ജെ. ലളിതാംബികയും കെ. ബി വത്സലകുമാരിയുമാണ് കമീഷൻ രൂപീകരണത്തിൽ ഏറെ അധ്വാനിച്ച ഉദ്യോഗസ്ഥർ. അവർ തയ്യാറാക്കിയ ബിൽ പിന്നീട് കേന്ദ്ര സർക്കാർ ചോദിച്ചു വാങ്ങിയിരുന്നു,''.

നമ്മുടെ കാലത്തെ രാഷ്ട്രീയ ജീവിതത്തിനും വ്യക്തി ജീവിതത്തിനും നിരവധി പാഠങ്ങളുള്ള ഒരു സ്വത്വമാണ് അവസാനിച്ചുപോയത്. ആ വേർപാടിൽ വിഷമിക്കാം, അതിന്റെ പിന്തുടർച്ചയെ മലയാളിക്ക് എത്രത്തോളം ഏറ്റെടുക്കാനാകും എന്ന ചോദ്യം ആ സങ്കടത്തിൽ ഇല്ലാതാകരുത്.

Comments