കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
നേതൃത്വത്തിനെതിരെ അടിയന്തര നടപടി
വേണം: ‘ഫിപ്രസി'
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നേതൃത്വത്തിനെതിരെ അടിയന്തര നടപടി വേണം: ‘ഫിപ്രസി'
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണക്കാരായ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെ അടിയന്തര ശിക്ഷാനടപടിയെടുക്കാന്‍ ‘ഫിപ്രസി' സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരത്തെ, കേരളീയ സമൂഹത്തിന്റെ യോജിച്ച ശബ്ദമെന്ന നിലയ്ക്ക് പിന്തുണക്കുകയും വേണം.
30 Dec 2022, 02:53 PM
കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻറ് ആര്‍ട്‌സിലെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ശിക്ഷാനടപടിയെടുക്കണമെന്ന് സിനിമാ നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഇന്ത്യ ചാപ്റ്റര്‍ (ഫിപ്രസി- ഇന്ത്യ) ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂര്‍ണരൂപം : കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേതൃത്വം നല്‍കുന്നവരുടെ സ്വേച്ഛാധിപത്യ നടപടികള്‍ മൂലമുണ്ടായ പ്രതിസന്ധി മാധ്യമങ്ങളിലും ഐ.എഫ്.എഫ്.കെയുടെ വിവിധ വേദികളിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും സ്വതന്ത്രവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ക്കും സാമൂഹികനീതിയിലധിഷ്ഠിതമായ ദേശീയതാല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്, ഈ സ്വേച്ഛാധിപത്യനേതൃത്വം വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നേരെ സ്വീകരിക്കുന്ന ജാതീയവും പ്രതിലോമകരവുമായ നടപടികള്‍.
സിനിമ എന്നത് ആവിഷ്‌കാരത്തിന്റെ ഏറ്റവും നവീനമായ ജനാധിപത്യ രൂപം കൂടിയാണ്. അതുകൊണ്ടുതന്നെ, ഇത്തരമൊരു സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കുമേല്‍ പിന്തിരിപ്പന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അത്യന്തം ലജ്ജാകരമാണ്.

കേരളത്തിനുപുറത്തെ ചില ആവിഷ്‌കാരവേദികളില്‍ പ്രകടിപ്പിക്കപ്പെടുന്ന ആക്രമണോത്സുക സ്വഭാവമുള്ള ചില പിന്തിരിപ്പൻ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സംഘടിതശ്രമം കൂടി ഇതിനുപുറകിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സ്വതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ നിലപാടുകള്‍ക്കെതിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍, ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ത്തുതോല്‍പ്പിക്കപ്പെടണം. ഫ്യൂഡലും മനുഷ്യവിരുദ്ധവുമായ ഏതുതരം നടപടികള്‍ക്കും എതിരെ കലാ- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുകളെല്ലാം ഒന്നിച്ച് രംഗത്തുവരേണ്ട അവസരം കൂടിയാണിത്.
സങ്കുചിതവും വിഭാഗീയവുമായ പരിഗണനകള്‍, ഒരു സ്ഥാപനത്തിലെ പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ല. എല്ലാതരം പിടിവാശികളെയും സാമൂഹികമായ യാഥാസ്ഥിതികതയെയും മറികടക്കുംവിധം സിനിമയുടെ ക്രാഫ്റ്റും അതിന്റെ സൗന്ദര്യശാസ്ത്രവും പഠിക്കാനുള്ള വാതിലുകള്‍ തുറന്നിടണം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണക്കാരായ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെ അടിയന്തര ശിക്ഷാനടപടിയെടുക്കാന്‍ ‘ഫിപ്രസി' സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരത്തെ, കേരളീയ സമൂഹത്തിന്റെ യോജിച്ച ശബ്ദമെന്ന നിലയ്ക്ക് പിന്തുണക്കുകയും ചെയ്യുന്നു. കേരളത്തിന് അതിന്റെ പുരോഗമനപരമായ സാംസ്‌കാരിക- സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാകട്ടെയെന്ന് പ്രസ്താവനയില്‍ ഫിപ്രസി- ഇന്ത്യ പ്രസിഡൻറ് വി.കെ. ജോസഫും ജനറല്‍ സെക്രട്ടറി പ്രേമേന്ദ്ര മസൂംദറും ആവശ്യപ്പെട്ടു.

മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
ഇ.കെ. ദിനേശന്‍
Jan 25, 2023
5 Minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read