ഇടതു സര്‍ക്കാരില്‍ നിന്ന്
ജാഗ്രതയും ജനാധിപത്യവും
ആഗ്രഹിക്കുന്ന ഒരു പൗരന്റെ
കെ-റെയില്‍ സംശയങ്ങള്‍
ഇടതു സര്‍ക്കാരില്‍ നിന്ന് ജാഗ്രതയും ജനാധിപത്യവും ആഗ്രഹിക്കുന്ന ഒരു പൗരന്റെ കെ-റെയില്‍ സംശയങ്ങള്‍
10 Jan 2022, 08:44 AM
കെ - റെയില്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയും ഇടതുപക്ഷ നേതാക്കളും നല്‍കുന്ന വിശദീകരണങ്ങള്‍ ഒരു സാധാരണ പൗരനെന്ന നിലയിലെ എന്റെ ആശങ്കകള അകറ്റുവാന്‍ ഒട്ടും പര്യാപ്തമായിരുന്നില്ല. സാധാരണ പൗരന്മാരുടെ ആശങ്കകളെ ദൂരീകരിച്ച് അവരുടെ സമ്മതം ഉറപ്പിക്കാനാവും ഇടതുപക്ഷ ഗവണ്‍മെന്റും ഇടതുപക്ഷകക്ഷി നേതാക്കളും ആദ്യം ശ്രമിക്കുക എന്നാണ് എന്നെപ്പോലുള്ളവര്‍ കരുതിയത്. എനിക്കു തെറ്റി. അവര്‍ പകരം പൗരപ്രമുഖരുടെ സമ്മതി നേടാനാണ് പോയത്. അത് എളുപ്പമായിരിക്കുമല്ലോ. ഗവണ്‍മെന്റില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നവരായിരിക്കും ഈ പൗരപ്രമുഖരില്‍ ഭൂരിഭാഗവും. അവര്‍ക്കില്ലാത്തത് സംശയങ്ങള്‍ ഉന്നയിക്കാനോ, ചോദ്യങ്ങള്‍ ചോദിക്കാനോ ഉള്ള ആര്‍ജ്ജവമാണ്.
പൊതുവില്‍ ആശങ്കകള്‍ കുറഞ്ഞ, സന്ദേഹങ്ങളില്ലാത്ത ഒരു മനസ്സാണ് ഈ പൗരപ്രമുഖരുടെ സവിശേഷത. അവര്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയുടെ സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ എന്ന ചിന്തയാണ് അവരെ പ്രധാനമായും നയിക്കുക. വ്യക്തികളെന്ന നിലയില്‍ ഇതിനകം കൈവശപ്പെടുത്തിയ സാമൂഹ്യ മൂലധനത്തെ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുവാനുള്ള അവസരമായാണ് അധികാരികളുമായുള്ള ഇത്തരം കൂടിച്ചേരലുകളെ അവര്‍ കാണുന്നത്. അത് തിരിച്ചറിഞ്ഞ അധികാരികള്‍ ഇവരെ പ്രീണിപ്പിച്ചു കൊണ്ടിരിക്കും. എന്നാല്‍ ഇടതുപക്ഷ ബോധമുള്ള അധികാരികള്‍ ഇതല്ല ചെയ്യേണ്ടിയിരുന്നത്. അവരില്‍ നിന്ന് സാമാന്യ ജനം ഇതല്ല പ്രതീക്ഷിച്ചത്. വേഗതയ്ക്കും വികസനത്തിനും മുമ്പ് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ പഠിപ്പിച്ചവരാണ് ഇടതുപക്ഷക്കാര്‍. വ്യക്തമായി പറഞ്ഞാല്‍ മുന്‍ തലമുറയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍. സുസ്ഥിരവികസനത്തിലൂടെ ജനനന്മയെ പടിപടിയായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന അവര്‍ മുന്നോട്ടുവെച്ച ഒരു രീതി.

കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റിയാണ് ചര്‍ച്ച. കേരളം എന്നത് ഏറെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. കേരളം എന്ന കൊച്ചു പ്രദേശത്തെ ലോകമറിയുന്ന ഒരിടമാക്കി മാറ്റിയതില്‍ ഇതിന്റെ ഭൂപ്രകൃതിയ്ക്കും ഇവിടെ നടന്ന സാമൂഹ്യ മാറ്റങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇവ രണ്ടിനേയും മറന്നു കൊണ്ട് നമുക്ക് മുന്നോട്ടു പോകാനാവില്ല. കേരളത്തിന്റെ ഭൂപ്രകൃതി നമ്മള്‍ മുമ്പൊക്കെ കരുതിയതിനേക്കാള്‍ പരിസ്ഥിതി ലോല പ്രദേശമായി മാറായിരിക്കുന്നു എന്ന ദുഃഖസത്യം കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളിലൂടെ നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. അത്രയെളുപ്പമൊന്നും മറക്കാവുന്നതല്ല കടന്നു പോയ വിനാശകരമായ പ്രളയ ദുരന്തങ്ങള്‍. അറബിക്കടലിലെ ന്യൂനമര്‍ദ്ദങ്ങളും പശ്ചിമഘട്ടത്തിലെ അതിമഴയും നമ്മുടെ കാലാവസ്ഥയെ ഇപ്പോള്‍ തന്നെ പ്രശ്‌നത്തിലാക്കുന്നുണ്ട്. ലോകത്തിന്റെ മുന്നിലെ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തെ അലട്ടിത്തുടങ്ങി. പശ്ചിമഘട്ടമുള്‍പ്പടെയുള്ള നമ്മുടെ പ്രകൃതി വിഭവങ്ങള്‍ പരിമിതമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
മറ്റൊന്ന് കേരളത്തിന്റെ സാമൂഹ്യ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയമാണ്. ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെ മുന്നില്‍ കണ്ടാണ് നളിതുവരെ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. ആ രംഗത്ത് ഇനിയും പലതും ചെയ്തു തീര്‍ക്കാനുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയാണ് ഇക്കാര്യത്തിലെ മുഖ്യ തടസ്സം. പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്താനും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതയൊരുക്കുവാനും കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനും നിരന്തരം ശ്രമിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ നേരിടുന്ന കടുത്ത വെല്ലുവിളി ഈ സാമ്പത്തിക പ്രതിസന്ധിയാണ്. നിലവിലെ നമ്മുടെപൊതുധനകാര്യസ്ഥിതി എവിടെ നില്‍ക്കുന്നു? മൂന്നു ലക്ഷം കോടിയോളം വരുന്ന കടബാധ്യത ഇപ്പോള്‍ തന്നെ കേരളത്തിനുണ്ട് എന്നാണ് കണക്കുകളില്‍ കാണുന്നത്.
നമ്മുടെ വരുമാനത്തില്‍ അപ്രതീക്ഷിതമായ കുറവുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. കോവിഡ്കാലം സൃഷ്ടിച്ച പുതിയ പ്രതിസന്ധികള്‍ ടൂറിസം പോലുള്ള മേഖലകളെ അപ്പാടെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ നിന്നു വന്നുകൊണ്ടിരുന്ന വരുമാനത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു. അതുമൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങള്‍ വേറെയും. നിലവിലെ ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു മാത്രമെ മുന്നോട്ടുള്ള ഏതൊരു വികസന പദ്ധതിയേയും നോക്കിക്കാണാന്‍ പാടുള്ളൂ. ഇതൊക്കെ മനസ്സില്‍ വെച്ചു കൊണ്ട് , സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ചോദ്യരൂപേണ മുന്നോട്ടു വെക്കുകയാണ്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍
ഈ പദ്ധതിയനുസരിച്ചുള്ള പുതിയറെയില്‍പ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം നമ്മുടെ സംസ്ഥാനത്തിന്റെ നിലവിലെ പാരിസ്ഥിതികാഘാതം വര്‍ദ്ധിക്കില്ല എന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഗവണ്‍മെന്റിനു ബോധ്യപ്പെട്ടിട്ടുണ്ടോ?
ഇതിന്റെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കു വേണ്ടി പശ്ചിമഘട്ടത്തെ വീണ്ടും നശിപ്പിക്കേണ്ടി വരില്ല എന്നുറപ്പാണോ?
ഇതിന്റെ നിര്‍മ്മാണം മൂലം നമ്മുടെ നെല്‍പ്പാടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, നദികള്‍, കണ്ടല്‍ക്കാടുകള്‍ മുതലായവയ്ക്കു കൂടുതല്‍ ദോഷം വരില്ലെന്നോ, അഥവാ അത് എത്രയാണെന്നോ ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ടോ?
ഈ ദീര്‍ഘനിര്‍മ്മാണം മൂലം ഉടനെയോ സമീപഭാവിയിലോ കേരളത്തിലെപ്രളയസാധ്യത കൂടില്ല എന്നുറപ്പുവരുത്തിയിട്ടുണ്ടോ?
സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍
63941 കോടിയോളം ചെലവുവരുമെന്ന് ഔദ്യോഗികമായും ഒരു ലക്ഷം കോടിയെന്ന് അനൗദ്യോഗികമായും കണക്കാക്കപ്പെടുന്ന ഈ പദ്ധതി കേരളത്തെ കൂടുതല്‍ ധനക്കെണിയിലാക്കില്ലെന്ന് കണക്കുകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കാമോ?
ചിലവ് വര്‍ദ്ധിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ? അതിനായി കേരളത്തിലെ മറ്റ് രാഷ്ട്രീയ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി അവരെക്കൂടി വിശ്വാസത്തിലെടുത്തിട്ടുണ്ടോ?
ഇത് ഒരു ഗവണ്‍മെന്റിന്റെ കാലയളവില്‍ തീര്‍ക്കാന്‍ കഴിയണമെന്നില്ലല്ലോ. ജനാധിപത്യത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ക്കും ഇക്കാര്യത്തില്‍ യോജിപ്പും ഉത്തരവാദിത്തവും വേണമല്ലോ. തുടങ്ങി വെയ്ക്കാന്‍ പോകുന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ നിര്‍മ്മാണ പ്രവര്‍ത്തനമാണ്.
ഈ പദ്ധതിമൂലമുണ്ടാക്കുന്ന കടബാധ്യത തുടര്‍ന്നുള്ള അടിസ്ഥാന വികസനത്തെയും ദൈനം ദിന മുന്നോട്ടു പോക്കിനെയും ദോഷകരമായി ബാധിക്കില്ല എന്നുറപ്പു വരുത്തിയിട്ടുണ്ടോ? അത്തരം ചിലവുകള്‍ക്കും പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും വീണ്ടും കടം വാങ്ങേണ്ടി വരുമോ? സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി എടുക്കുന്ന കടബാധ്യത ഇതരകടങ്ങള്‍ക്ക് തടസ്സമാവില്ല എന്നുറപ്പു വരുത്തിയിട്ടുണ്ടോ?
സാങ്കേതികമായ ചോദ്യങ്ങള്‍
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ദീര്‍ഘകാലം ഉപയോഗയോഗ്യമായിരിക്കുമെന്നും ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു സാങ്കേതിക വിദ്യ രംഗത്തു വന്നാല്‍ ഈ റെയില്‍പ്പാത തന്നെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും എന്നും ഉറപ്പാണോ?
അതിവേഗ റെയിലായതിനാല്‍, ജനങ്ങളേയും മറ്റു ജീവജാലങ്ങളേയും സംരക്ഷിക്കാനായി പാതയുടെ ഇരുവശത്തും സംരക്ഷണമതിലു കെട്ടേണ്ടതുണ്ട് എന്നറിയുന്നു. ഇതു മൂലമുണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ചിരുന്നുവോ? എന്തുകൊണ്ടാണ് അവയെപ്പറ്റിയൊന്നും ജനങ്ങളോട് വിശദീകരിക്കാത്തത് ?
രാഷ്ട്രീയ ചോദ്യങ്ങള്‍
ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്തി ജനങ്ങളെ ബോധ്യപ്പെടുത്തും മുമ്പ് പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് വാശിയോടെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമാണോ?
നവലിബറല്‍ വികസനത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായ ഈ റെയില്‍പ്പാത മറ്റു മുന്‍ഗണനകളെ മറന്നു കൊണ്ട് ജനങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാതെ നടപ്പിലാക്കും എന്ന് വാശി പിടിക്കുന്നത് ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ചേര്‍ന്നതാണോ?

ഇടതുപക്ഷ സഹയാത്രികരായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലും കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാതെ പൗരപ്രമുഖരുടെ കൂടെപ്പോയത് തെറ്റായ സമീപനമായില്ലേ?
ദീര്‍ഘകാല പദ്ധതിയെന്ന നിലയിലും ഭാവി തലമുറയുടെ സൗകര്യം കൂടി കണക്കിലെടുത്ത് നടപ്പിലാക്കുന്ന ഒന്ന് എന്ന നിലയിലും ഇങ്ങനെയൊരു ബൃഹത്തായ പദ്ധതി നടപ്പിലാക്കുവാന്‍ തുടങ്ങും മുമ്പ് നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് അവരെക്കൂടി വിശ്വാസത്തിലെടുക്കേണ്ടതായിരുന്നില്ലേ? നിയമസഭയിലെങ്കിലും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി ഏകകണ്‌ഠമായി പാസാക്കിയെടുക്കേണ്ടേ ഒന്നായിരുന്നില്ലേ ഈ പദ്ധതി ?
ജനങ്ങളുടെ പ്രാഥമികമായ ഇത്തരം ആശങ്കകള്‍ ദൂരീകരിച്ചു കൊണ്ട് ജനാധിപത്യ വഴികളിലൂടെ നടപ്പിലാക്കേണ്ട ഒരു പദ്ധതിയെ എന്തിനാണ് തെരുവിലെ വാദകോലാഹലങ്ങള്‍ക്ക് വിട്ടുകൊടുത്തത് എന്നു മനസ്സിലാവുന്നതേയില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗത്തില്‍ യാത്ര ചെയ്യുക എന്ന സാധ്യതയെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. അതിനു കൊടുക്കേണ്ടി വരുന്ന വില അറിയുവാനുള്ള പൗരന്റെ അവകാശത്തെ ഒരു ഇടതുപക്ഷ ഭരണകൂടം നിഷേധിക്കും എന്ന് കേരളീയ സമൂഹം കരുതിയില്ല. അതിന് കമ്യൂണിസ്റ്റുകാരെന്നും ജനാധിപത്യവാദികളെന്നും അവകാശവാദം പറയുന്ന നേതാക്കള്‍ കൂട്ടുനില്ക്കുമെന്നും.
അതൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിനെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുകയും ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളും ഇടതുപക്ഷ വിരോധികളുമായി ചിത്രീകരിക്കുയും ചെയ്യുന്നത് ഫാസിസ്റ്റു സ്വഭാവമാണ്. കെ- റെയില്‍ അനുകൂലികളെന്നും കെ-റെയില്‍ വിരുദ്ധരെന്നും രണ്ടായി കേരളീയരെ വിഭജിക്കുന്ന ഒരവസ്ഥയിലേക്ക് ഇതിനെ വലിച്ചിഴക്കരുതായിരുന്നു. ഇടതു പക്ഷാനുഭാവികളിലും ഇരുകൂട്ടരുമുണ്ട് എന്ന സത്യമെങ്കിലും മറക്കരുത്. അധികാരത്തിന്റെ തിമിരം നിങ്ങളെ പിടികൂടിയിട്ടില്ല എന്ന വിശ്വാസത്തോടെ, ഈ കൊച്ചു കേരളത്തിന്റെ നിലനില്പിനു വേണ്ടി, ഭാവി തലമുറയുടെ നിലവിളി ഒഴിവാക്കാനായി കുറച്ചു കൂടി ജാഗ്രതയും വിനയവും ഈ സര്‍ക്കാരില്‍ നിന്നും ആഗ്രഹിച്ചു പോവുന്നു.
എഴുത്തുകാരന്‍, സാമൂഹ്യ വിമര്‍ശകന്‍
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch
മുഹമ്മദ് ഫാസില്‍
Apr 28, 2022
9 Minutes Watch
അശോക് മിത്ര
Apr 06, 2022
9 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 27, 2022
10 Minutes Watch
കെ.കണ്ണന്‍
Mar 23, 2022
5 Minutes Watch
കെ.ജെ. ജേക്കബ്
Mar 21, 2022
6 Minutes Read
കെ.വി. ദിവ്യശ്രീ
Mar 11, 2022
17 Minutes Watch
ഡോ. പ്രതിഭ ഗണേശൻ
Mar 08, 2022
3 Minutes Read
Binesh Babu P
10 Jan 2022, 11:50 AM
ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്നതും വികസനം കൊണ്ടു വരുന്നതും mutually exclusive ആയ കാര്യമാണോ?