തണുപ്പ് പൂജ്യം ഡിഗ്രി പ്രക്ഷോഭം 100 ഡിഗ്രി സമരകർഷക കാത്തിരിക്കുന്നത് ആ ഏഴ് വാക്കുകൾ

ദില്ലി-ഹരിയാന അതിർത്തിയിലുള്ള ഷാജഹാൻപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ടെന്റ് സിറ്റിയായി മാറാനുള്ള ഒരുക്കത്തിലാണ്. തുടർച്ചയായുള്ള മഴയും തണുപ്പും പ്രക്ഷോഭകാരികളെ വലയ്ക്കുന്നുണ്ടെങ്കിലും അവയൊന്നും കൂസാതെ ആയിരക്കണക്കിനാളുകൾ ഇപ്പോഴും ദില്ലി അതിർത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. അവർക്ക് താമസ സൗകര്യമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സംഘാടക സമിതി. കർഷക സംഘടനകളുടെ അഭ്യർത്ഥനമാനിച്ച് ടെന്റുകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ജനങ്ങൾ വൻതോതിൽ സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരുമായുള്ള ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടതിനെതുടർന്ന് ജനുവരി 7 മുതൽ 26 വരെയുള്ള തീയ്യതികളിൽ നിരന്തര പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി. ജനുവരി 26ന് നടക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറിയതിനെ കർഷക പ്രക്ഷോഭങ്ങളുടെ വിജയമായി വിലയിരുത്തപ്പെടുന്നു.

പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർഷക സംഘടനകളുമായി ജനുവരി 2ന് കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഏഴാം വട്ട ചർച്ചയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ, സഹ മന്ത്രി സോം പ്രകാശ് എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. കർഷകരെ പ്രതിനിധീകരിച്ച് 40ഓളം സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു. ചർച്ചയിൽ അമിത് ഷാ, രാജ്‌നാഥ് സിങ്ങ് എന്നിവർ പങ്കെടുക്കാതിരുന്നപ്പോൾ തന്നെ തീരുമാനങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പോകുന്നില്ലെന്ന് ചർച്ചയ്ക്ക് മുന്നെ തന്നെ എല്ലാവർക്കും ബോധ്യമായിരുന്നു.

കർഷക പ്രക്ഷോഭത്തിനിടയിൽ രക്തസാക്ഷികളായ കർഷകർക്ക് വേണ്ടി രണ്ട് മിനുട്ട് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് ചർച്ചാ നടപടികൾ ആരംഭിക്കാമെന്ന കർഷകരുടെ ആവശ്യത്തിന് മേൽ സർക്കാർ പ്രതിനിധികൾക്ക് സമ്മതം മൂളേണ്ടിവന്നു.

മിനിമം സഹായ വിലയെ സംബന്ധിച്ച വിഷയങ്ങളിൽ ചർച്ചകൾ തളച്ചിടാനുള്ള നീക്കമായിരുന്നു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നതെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും തങ്ങൾക്ക് സംസാരിക്കാനില്ലെന്ന് കർഷകർ ഉറപ്പിച്ചു പറയുകയും ചർച്ചയുടെ രണ്ടാം പകുതിയിൽ കർഷക പ്രതിനിധികൾ പ്രതിഷേധ സൂചകമായി മൗനം പാലിക്കുകയും ചെയ്തു.

ചർച്ച തുടങ്ങുന്നതിന് മുൻപ് സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ കർഷകർക്ക് ആദരമർപ്പിക്കണമെന്നും എല്ലാവരും രണ്ട് മിനുട്ട് എഴുന്നേറ്റ് നിൽക്കണമെന്നും കർഷക സംഘടനാ പ്രതിനിധികൾ പറയുകയും കേന്ദ്രമന്ത്രിമാരടക്കം എഴുന്നേറ്റ് നിൽക്കുകയും ചെയ്തു.

ചർച്ചയുടെ വിവിധ ഘട്ടങ്ങളിൽ മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പീയൂഷ് ഗോയലും തൊട്ടടുത്തുള്ള പാരലൽ കോൺഫ്രൻസ് ഹാളിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീഡിയോ കോൺഫ്രൻസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കാർഷിക മന്ത്രാലയവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുവാൻ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടേണ്ട നിസ്സഹായത കൃഷി മന്ത്രിയിൽ പ്രകടമായിരുന്നു.
താന്താങ്ങളുടെ നിലപാടുകളിൽ നിന്ന് പിൻവലിയാൻ ഇരുകൂട്ടരും തയ്യാറാകത്തതിനെത്തുടർന്ന് ഏഴാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. അടുത്ത ചർച്ച ജനുവരി 8ന് നടത്താൻ നിശ്ചയിക്കുകയും ചെയ്തു.

മിനിമം സഹായവില സംബന്ധിച്ച ഉറപ്പ് എഴുതി നൽകാൻ ഗവൺമെന്റ് തയ്യാറാകുമ്പോൾ അത് അംഗീകരിക്കുകയായിരുന്നില്ലേ നല്ലത് എന്ന ചോദ്യത്തിന് കർഷക സംഘടനാ നേതാവ് ധലിവാളിന്റെ മറുപടി, നിലവിലുള്ള നിയമം അതേ രീതിയിൽ തുടരുമ്പോൾ, മണ്ഡികൾ അപ്രത്യക്ഷമായിക്കഴിയുമ്പോൾ മിനിമം സഹായ വില കടലാസിൽ എഴുതി നൽകിയിട്ട് എന്തു നേട്ടമുണ്ടാകാനാണ് എന്നായിരുന്നു.

ഇതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കർഷക പ്രക്ഷോഭം കൂടുതൽ ശക്തമായി പടരുന്നത് സർക്കാരിന് വിനയായിത്തീർന്നിരുക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം പട്‌നയിൽ ഇടതു സംഘടനകളുടെ- (പ്രധാനമായും SUCI, CPIML (ലിബറേഷൻ) സംഘടനകളുടെ- നേതൃത്വത്തിൽ പതിനായിരക്കണക്കിന് കർഷകർ പട്‌ന രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുകയുണ്ടായി. ആന്ധ്രപ്രദേശിലും, ഒഡീഷയിലും കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ റാലികൾ നടന്നുവരുന്നുണ്ട്.

ജനുവരി 6 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ വ്യാപകമാക്കുവാനുള്ള പ്രവർത്തനങ്ങളിലാണ് കർഷക സംഘടനകൾ. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ, ഔദ്യോഗിക പരേഡിന് ശേഷം, ഡൽഹിയിൽ ട്രാക്ടറുകൾ, ട്രോളികൾ, മറ്റ് വാഹനങ്ങൾ എന്നിവയോടൊപ്പം കർഷക പരേഡ് സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി-കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിക്കുകയുണ്ടായി.
ദില്ലിയിലും പഞ്ചാബ്-ഹരിയാന എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന മഴ, കർഷക പ്രക്ഷോഭകരെ വലക്കുന്നുണ്ടെങ്കിലും, നിരവധി സംഘടനകൾ വാട്ടർപ്രൂഫ് കൂടാരങ്ങൾ കർഷകർക്കായി സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ ഏതാണ്ട് 50ഓളം കർഷകർ പ്രക്ഷോഭ സ്ഥലത്ത് വെച്ച് മരണപ്പെടുകയുണ്ടായി.

അതേസമയം തങ്ങൾ കരാർ കൃഷിയിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി. റിലയൻസ് പെട്രോൾ പമ്പുകൾ, മാളുകൾ, മൊബൈൽ സേവനങ്ങൾ എന്നിവയ്‌ക്കെതിരായി നടക്കുന്ന ബഹിഷ്‌കരണ പ്രക്ഷോഭങ്ങളെത്തുടർന്നാണ് റിലയൻസ് ഇത്തരമൊരു സത്യവാങ്മൂലം നൽകാൻ നിർബന്ധിതരായിരിക്കുന്നത്. കർഷക സംഘടനകൾ റിലയൻസ് സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ്ണകളും സത്യഗ്രഹങ്ങളും തുടരുകയാണ്. ലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ജിയോ നെറ്റ് വർക്കിൽ നിന്നും മറ്റ് സേവനദാതാക്കളിലേക്ക് തങ്ങളുടെ കണക്ഷൻ മാറ്റിക്കൊണ്ടിരിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും കാർഷിക ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നിലയുറപ്പിച്ച കർഷകർ

​​

കരാർ കൃഷിയിലേക്ക് കടക്കാൻ റിലയൻസിന് ഉദ്ദേശമില്ലെന്ന സത്യവാങ്മൂലം തികച്ചും നുണയാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢിലും മറ്റ് സ്ഥലങ്ങളിലും റിലയൻസ് വൻതോതിൽ കൃഷി ഭൂമി കയ്യടക്കി വെച്ചിരിക്കുകയാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് കോടതിയെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭൂമി വിട്ടുകൊടുക്കാൻ റിലയൻസ് തയ്യാറാകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
രാജ്യമെങ്ങും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിന്റെ ഭാഗമായി, കേരള നിയമസഭ പുതിയ കാർഷിക നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.

പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ നേരത്തെതന്നെ കേന്ദ്ര നിയമങ്ങൾക്ക് പകരമായി സംസ്ഥാനത്തിന്റേതായ കാർഷിക നിയമങ്ങൾ പാസാക്കുകയുണ്ടായി. പശ്ചിമ ബംഗാൾ സർക്കാരും പ്രത്യേക നിയമ സഭാ സമ്മേളനം വിളിച്ചുകൂട്ടി, കേന്ദ്ര നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യ മന്ത്രി മമതാ ബാനർജി അറിയിച്ചു. ഇതിനിടയിൽ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാക്കൾ ഇന്ന് (ജനുവരി 5) പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്ര സർക്കാർ മർക്കടമുഷ്ടി തുടരുമ്പോൾ, പ്രക്ഷോഭം കടുപ്പിക്കുകയല്ലാതെ, തങ്ങളുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. പ്രക്ഷോഭത്തിലുള്ള മുഴുവൻ സംഘടനകളുടെയും പ്രതിനിധികൾ ഇന്ന് യോഗം ചേരുന്നതാണ്. ജനുവരി ആറ് മുതൽ ജനുവരി 26 വരെ പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടികളിൽ യാതൊരു മാറ്റവുമില്ലെന്നും കർഷക സംഘടനകൾ അറിയിക്കുന്നു.

പ്രക്ഷോഭം ആരംഭിച്ച് ഏഴ് മാസവും ഏഴ് ദിവസവും കഴിഞ്ഞിരിക്കുന്നു; മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും പൂർണ്ണമായും റദ്ദ് ചെയ്തിരിക്കുന്നു എന്ന ഏഴ് വാക്കുകൾ മാത്രമാണ് സർക്കാരിൽ നിന്ന് ഞങ്ങൾ കേൾക്കാനാഗ്രഹിക്കുന്നത്, സ്വരാജ് ഇന്ത്യയുടെ നേതാവ് യോഗേന്ദ്ര യാദവ് പറയുന്നു.



കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments