സുപ്രീംകോടതി ഇടപെട്ടിട്ടും കർഷകർ ​പ്രക്ഷോഭം തുടരുന്നത്​ എന്തുകൊണ്ട്​?

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ ഗവൺമെന്റിനോട് അവശ്യം ചോദിക്കേണ്ട പ്രാഥമിക ചോദ്യങ്ങൾ പോലും ഉന്നയിക്കാതെ അധികാരികളെ ഒരു കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തുക മാത്രമായിരിക്കും കോടതി ഇടപെടൽ കൊണ്ട്​ സംഭവിക്കുക എന്ന സംശയം വ്യാപകമായി ഉയർന്നിരിക്കുന്നു

ർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനുവരി 11, 12 തീയ്യതികളിൽ പരമോന്നത കോടതി നടത്തിയ ഇടപെടൽ കർഷകരുടെയും മറ്റും വിമർശനം ക്ഷണിച്ചുവരുത്തിയത്​ എന്തുകൊണ്ടാണ്​?

രാജ്യം ഭരിക്കുന്ന സർക്കാരിനെ രൂക്ഷമായി വിമർശിച്ചുവെന്ന തോന്നൽ ഉണ്ടാക്കുന്ന ചില പ്രസ്താവനകൾ കോടതിയിൽനിന്ന് ഉണ്ടായതൊഴിച്ചാൽ, പ്രസ്തുത വിഷയത്തിൽ ഗവൺമെന്റിനോട് അവശ്യം ചോദിക്കേണ്ട പ്രാഥമിക ചോദ്യങ്ങൾ പോലും ഉന്നയിക്കാതെ അധികാരികളെ ഒരു കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താനുതകുന്നതാണ്​ കോടതി ഇടപെടൽ എന്ന സംശയം വ്യാപകമായി ഉയർന്നിരിക്കുന്നു.

അപ്രഖ്യാപിത ലോക്ക്​ഡൗണിൽ കോടിക്കണക്കായ തൊഴിലാളികൾ നിരാലംബരായി തെരുവുകളിൽ എറിയപ്പെട്ടപ്പോൾ ഇടപെടാത്ത, ബാബറി മസ്ജിദ് തകർത്ത മുഴുവൻ പ്രതികളെയും വെറുതെവിട്ട നീതിന്യായ സംവിധാനം ഓരോ ഘട്ടങ്ങളിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രക്ഷകരായി മാറുന്ന കാഴ്ചയാണ് വർത്തമാന കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സാമൂഹ്യാവസ്ഥകളെ സംബന്ധിച്ച പ്രാഥമിക ബോധ്യം പോലുമില്ലാത്ത രീതിയിലുള്ള കമന്റുകളും പരിഹാസ ദ്യോതകമായ പരാമർശങ്ങളും നീതിന്യായ സംവിധാനത്തിൽനിന്നുണ്ടാകുന്നത് ഈ അവിശ്വാസം കൂടുതൽ ഉറപ്പിക്കുവാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ.

കൃത്യമായ കൂടിയാലോചന കൂടാതെ നടപ്പിലാക്കിയ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന ഒറ്റ ആവശ്യത്തിലാണ് 50 ദിവസമായി ഡൽഹി അതിർത്തികളിൽ കർഷകർ പ്രക്ഷോഭത്തിലിരിക്കുന്നത്. എട്ട് തവണ കർഷകരുമായി നടത്തിയ ചർച്ചകളിൽ ഒരിക്കൽപ്പോലും നിയമത്തിന്റെ ഗുണവശങ്ങളെന്തെന്ന് കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും എന്ന് കർഷക സംഘടനകൾ പ്രഖ്യാപിക്കുകയും റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗിക പരിപാടികൾക്കുശേഷം കർഷക റിപ്പബ്ലിക് ദിന പരേഡ് ഡൽഹിയിലടക്കം മറ്റ്​ സംസ്​ഥാന തലസ്ഥാന നഗരങ്ങളിൽ നടത്തുമെന്നും അവർ വ്യക്തമാക്കിയത്​.

​പ്രക്ഷോഭ സംഘടനകൾക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർ: പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവേ, എച്ച്.എസ്.ഫൂൽക്കേ

ജനുവരി 26ന് കർഷകർ പ്രഖ്യാപിച്ച റിപ്പബ്ലിക് ദിന പരേഡ്, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അവരെ അതിൽ നിന്ന് വിലക്കണമെന്നും ഡൽഹിയെ വളഞ്ഞുവെച്ചിരിക്കുന്ന സമരരീതിയിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ ഉത്തരവിടണമെന്നും സുപ്രീംകോടതി പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ സർക്കാർ അനുകൂല സംഘടനയായ ഇന്ത്യൻ കിസാൻ യൂണിയൻ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടത്.

ജനുവരി 11ന് നടന്ന കോടതി വ്യവഹാരങ്ങളിൽ പ്രക്ഷോഭ സംഘടകളുടെ വക്താക്കളായി പ്രശാന്ത് ഭൂഷൺ, ദുഷ്യന്ത് ദവേ, എച്ച്.എസ്.ഫൂൽക്കേ എന്നിവർ ഭാഗഭാക്കായിരുന്നു. പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും, പ്രക്ഷോഭത്തിലിരിക്കുന്ന സംഘടനകളോട് സമരം ചെയ്യരുതെന്ന് ആവശ്യപ്പെടാൻ കോടതിക്ക് സാധിക്കില്ലെന്നും വ്യക്തമാക്കിയ കോടതി, നിയമം താൽക്കാലികമായി സ്റ്റേ ചെയ്യാൻ സാധ്യമല്ലേ എന്ന് അറ്റോർണി ജനറലിനോട് ചോദിക്കുകയുണ്ടായി. എന്നാൽ കാർഷിക മേഖലയിലെ പരിഷ്‌കരണങ്ങൾ ഉദ്ദേശിച്ചുകൊണ്ടാണ് നിയമം നിർമിച്ചിരിക്കുന്നതെന്നും, നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടുപോയെന്നും പിൻവലിക്കാൻ സാധ്യമല്ലെന്നും ആയിരുന്നു സർക്കാർ ഭാഗത്തിന്റെ മറുപടി.

ജനുവരി 26ന് നടക്കുന്ന ട്രാക്ടർ റാലിയുടെ മുന്നോടിയായി ജനുവരി ഏഴിന് കർഷകർ സംഘടിപ്പിച്ച ഡൽഹി വളയൽ സമരത്തിൽ നിന്ന്

അതേസമയം, വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും, ഗുരുതരമായ നിലയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയാണെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ കോടതിക്ക് ഇടപെട്ടേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന് താൽക്കാലിക സ്റ്റേ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അത്തരമൊരു നടപടി സ്വീകരിക്കുന്നതിൽ നിന്ന് തങ്ങളെ ലോകത്തിലെ ഒരു ശക്തിക്കും തടയാൻ കഴിയില്ലെന്നും കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.

ആദ്യ ദിവസം കോടതി പിരിഞ്ഞത്, നിയമത്തിന് താൽക്കാലിക സ്റ്റേ സംബന്ധിച്ച ഉത്തരവ് വൈകുന്നേരത്തോടെ ഇറക്കും എന്ന സൂചനയോടെയായിരുന്നു. രണ്ടാം ദിവസ (ജനുവരി 12) കോടതി നടപടികളിൽ പ്രക്ഷോഭത്തിലിരിക്കുന്ന കർഷക സംഘടനകളുടെ അഭിഭാഷകരായി ആരും ഉണ്ടായിരുന്നില്ല. കോടതി വ്യവഹാരങ്ങൾക്കിടയിൽ, എന്തിനാണ് സ്ത്രീകളും വയോധികരും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എങ്കിൽ കൂടിയും കർഷക പ്രക്ഷോഭം വിലക്കാനോ, ജനുവരി 26ന് അവർ പ്രഖ്യാപിച്ച പരേഡ് നിരോധിക്കണമെന്ന സർക്കാർ ആവശ്യം പരിഗണിക്കാനോ കോടതി തയ്യാറായില്ല.

എന്നാൽ, എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധി തന്നെയായിരുന്നു ആത്യന്തികമായി കോടതി പ്രഖ്യാപിച്ചത്. നിയമം താൽക്കാലികമായി സ്റ്റേ ചെയ്യുകയാണെന്നും വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ നാലംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയാണെന്നും കോടതി വിധിക്കുകയുണ്ടായി.

കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി അംഗങ്ങൾ മുഴുവൻ പേരും - അശോക് ഗുലാത്തി, പി.കെ.ജോഷി, അനിൽ ഘൻവാത്, ഭൂപേന്ദർ മാനെ- കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമത്തെ പരസ്യമായി പിന്തുണച്ച വ്യക്തികളാണ് എന്നതിന് പിന്നിലെ പരിഹാസ്യത കോടതിക്ക് മനസ്സിലാക്കാൻ സാധിച്ചുമില്ല.
ഇതിൽ അശോക് ഗുലാത്തി, പി.കെ. ജോഷി (https://www.financialexpress.com/opinion/farm-laws-bridging-the-trust-gap/2150046/)എന്നിവർ കടുത്ത സാമ്പത്തിക സാമ്പത്തിക പരിഷ്‌കരണത്തിന്റെ വക്താക്കളാണ്. കാർഷിക മേഖലയിലെ നിയമ പരിഷ്‌കാരങ്ങളെ തുറന്ന് പിന്തുണക്കുകയും മാധ്യമങ്ങളിൽ സർക്കാർ നിലപാടുകളെ പിന്തുണച്ച് സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് അശോക് ഗുലാത്തി <(https://indianexpress.com/article/explained/farm-bills-protest-ashok-gulati-explained-ideas-6618594/)>
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങളെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്രയിലെങ്ങും റാലികളും മറ്റും സംഘടിപ്പിച്ച വ്യക്തിയാണ് അനിൽ ഘൻവാത്. (https://www.thehindubusinessline.com/economy/agri-business/dont-withdraw-agri-reform-laws-instead-make-amendments-says-shetkari-sanghatana/article33385229.ece). ശേത്കാരി സംഘടൻ എന്ന കർഷക സംഘടനയുടെ ബി.ജെ.പി അനുകൂല നിലപാട് പ്രസിദ്ധമാണ്.
ഭാരതീയ കിസാൻ യൂണിയൻ (പ്രക്ഷോഭത്തിലുള്ള ബി.കെ.യു അല്ല)എന്ന പേരിലുള്ള കർഷക സംഘടനയുടെ നേതാവും മുൻ എംപിയുമായ ഭൂപീന്ദർ സിങ്ങ് മൻ കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന വ്യക്തിയാണ്. അദ്ദേഹം നേതൃത്വം നൽകുന്ന കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് പ്രക്ഷോഭ രംഗത്തുള്ള സംഘടനകളുമായി യാതൊരു ബന്ധവുമില്ല.

കാർഷിക നിയമങ്ങളെക്കുറിച്ച്​ പഠിക്കാൻ നിയോഗിച്ച സമിതിയിലെ അംഗങ്ങൾ: അശോക് ഗുലാത്തി, പി.കെ.ജോഷി, അനിൽ ഘൻവാത്, ഭൂപേന്ദർ മാൻ

ഈ രീതിയിൽ പുതിയ കേന്ദ്ര നിയമത്തെ പരസ്യമായി പിന്തുണച്ച്​രംഗത്തെത്തിയ വ്യക്തികളെ വിദഗ്ദ്ധ സമിതി അംഗങ്ങളായി നിശ്ചയിച്ച്​, അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കാം എന്ന് സുപ്രീം കോടതി പറയുമ്പോൾ എന്താണ്​ സംഭവിക്കാൻ പോകുന്നത്​ എന്ന്​ വ്യക്​തമാണ്​. കോടതി നടപടികൾക്കിടയിൽ കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചുവെന്ന് തോന്നുന്ന വിധത്തിൽ ചില പരാമർശങ്ങൾ നടത്തിയ കോടതി, യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ഇവയായിരുന്നു:

• എന്തുകൊണ്ട് മഹാമാരിക്കാലത്ത് ധൃതിപിടിച്ച് ഈ നിയമം പാസാക്കി ?
• A2 + FL രീതിയോടൊപ്പം സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയതെങ്ങിനെ? (A+FL എന്നത് മിനിമം സഹായ വില നിശ്ചയിക്കുന്ന മാനദണ്ഡമാണ്)
• പുതിയ നിയമം പാസാക്കിയ പാർലമെന്ററി നടപടികൾ എന്തായിരുന്നു? •എന്തുകൊണ്ട് പുതുതായൊരു സെഷൻ വിളിച്ചു ചേർത്ത് ശരിയായ രീതിയിൽ നിയമം പാസാക്കുന്നില്ല.
• കർഷക റാലികൾ തടയാൻ ഹൈവേകളിൽ കുഴികൾ മാന്താൻ ആര് ഉത്തരവ് നൽകി ?
• കർഷകരുടെ സമാധാനപരമായ റാലികൾക്ക് നേരെ ടിയർ ഗ്യാസും ജല പീരങ്കികളും പ്രയോഗിക്കാൻ ആര് ഉത്തരവിട്ടു?
• എട്ട് തവണ ചർച്ചകൾ നടത്തിയിട്ടും നിയമത്തിന്റെ നേട്ടങ്ങൾ കർഷകരെ ബോദ്ധ്യപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതെന്തുകൊണ്ട്?

പ്രക്ഷോഭത്തിലിരിക്കുന്ന കർഷക സംഘടനകളെ സംബന്ധിച്ച്​ കാര്യങ്ങൾ വ്യക്തമാണ്. പ്രക്ഷോഭത്തിന് തടയിടാൻ കോടതി ശ്രമിക്കുന്നില്ല എന്നതിനെയും നിയമം നടപ്പിലാക്കുന്നതിൽ താൽക്കാലിക സ്റ്റേ കൊണ്ടുവന്നതിനെയും അവർ സ്വാഗതം ചെയ്യുന്നു. അതേ സമയം കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ കോടതി വ്യവഹാരങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് അവർ വ്യക്തമാക്കുന്നു. തങ്ങളുടെ ആവശ്യം കർഷകവിരുദ്ധങ്ങളായ ഈ നിയമങ്ങൾ റദ്ദാക്കുക എന്നതാണെന്നും അത് നേടിയെടുക്കും വരെയും തങ്ങളുടെ സമരം തുടരുമെന്നും അവർ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.
ജനുവരി 26ന്റെ റിപ്പബ്ലിക് ദിന പരേഡ്, ഓരോ പൗരന്റെയും അവകാശമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെയും, ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും അംഗീകരിച്ച്​, ഇന്ത്യയിലെ കർഷകർ റിപ്പബ്ലിക് ദിനം ആചരിക്കുമെന്നും അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി വിശദീകരിക്കുന്നു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട കോടതി വിധി വന്നതിന്റെ തൊട്ടടുത്ത നിമിഷം സോഷ്യൽ മീഡിയകളിൽ ജനങ്ങളുടെ പ്രതികരണം വ്യക്തമായിരുന്നു. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തെ അവിശ്വസിക്കുന്ന സാഹചര്യം സൃഷ്​ടിക്കപ്പെടുന്നത്​​ ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കും.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments