വൈറൽ കൊറോണ

ആദ്യമായാണ് ഒരു വൈറസ് ഇത്ര വിപുലമായ ഒരു ആഗോള ഇടപെടൽ നടത്തിയിരിക്കുന്നത്. അതിന്റെ പ്രത്യാഘാതം അതുകൊണ്ടുതന്നെ പ്രവചനാതീതമായിരിക്കും

നുഷ്യസമൂഹ ചരിത്രത്തിൽ കോവിഡ്-19 പോലുള്ള ഒരു മഹാമാരി ഉണ്ടായിട്ടില്ല. പതിനാലാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ യൂറോപ്യൻ ജനസംഖ്യയെ പകുതിയാക്കി കുറച്ച പ്ലേഗും ഒന്നാം ലോക യുദ്ധത്തിന്റെ അവസാന വർഷങ്ങളിലെ പകർച്ചവ്യാധികളും രണ്ടാം ലോകയുദ്ധ കാലത്തെ ഇന്ത്യയിലെ പട്ടിണി മരണങ്ങളും വലിയ ദുരന്തങ്ങളായിരുന്നുവെങ്കിലും അവയെല്ലാം പ്രാദേശിക തലത്തിലൊതുങ്ങി.

പ്ലേഗും വസൂരിയും ക്ഷയവും കാലാകാലങ്ങളിൽ ലോകജനസംഖ്യ പെരുകാതിരിക്കാൻ ഇട പെട്ടുകൊണ്ടിരുന്നു. പക്ഷെ അത് ആഗോളതലത്തിലുള്ള ഇടപെടലുകളായിരുന്നില്ല. ആദ്യമായി ഇപ്പോൾ കൊറോണ വൈറസാണ് അത്തരമൊരു ആഗോളതല ഇടപെടൽ നടത്തിയിരിക്കുന്നത്.

കണക്കുതെറ്റിക്കുന്ന വ്യാപനം

കഴിഞ്ഞ ഡിസംബറിൽ മദ്ധ്യ ചൈനയിലെ വുഹാനിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അതിന്റെ ഇത്തരത്തിലുള്ള വ്യാപന സാധ്യതയെക്കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. പക്ഷെ അമേരിക്കയിലെ പെന്റഗൺ രേഖകളിൽ നിന്ന് ഇപ്പോൾ പുറത്തുവന്ന ഒരു റിപ്പോർട്ട് പറയുന്നത്, 2017ൽ തന്നെ ഇത്തരമൊരു വൈറസ് ബാധയെയും മഹാമാരിയെയും കുറിച്ച് വ്യക്തമായി തന്നെ പ്രവചിച്ചിരുന്നു എന്നും അവിടത്തെ ആരോഗ്യമേഖലയിൽ ആ മഹാമാരിയെ നേരിടാനുള്ള സജ്ജീകരണം ഇല്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു എന്നുമാണ്.

ആരുമത് ശ്രദ്ധിച്ചിരുന്നുമില്ലത്രേ. എന്നാൽ വുഹാൻ വൈറസ് റിപ്പോർട്ട് വന്ന് ചുരുങ്ങിയ സമയം കൊണ്ടുതന്നെ അതിന്റെ വ്യാപനവേഗത ലോകനിലവാരത്തിൽ തന്നെ ശാസ്ത്രജ്ഞർ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ജനുവരി ആയപ്പോഴേക്കും ചൈനയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞർ ഈ വൈറസിന്റെ അപകടകരമായ വ്യാപനസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ആ കണക്കുകൂട്ടലുകളെയും മറികടന്നുകൊണ്ടുള്ള വ്യാപനമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങൾ വിട്ട് മണിക്കൂറുകളിലെ വ്യാപനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യസമൂഹത്തെ ഗുരുതരമായി ബാധിച്ച അനവധി രോഗാണുക്കളെ നേരിടുന്നതിൽ മനുഷ്യർ ഏറെ മുന്നേറിയെങ്കിലും കൊറോണയുടെ കാര്യത്തിൽ ശാസ്ത്രജ്ഞർ പരാജയപ്പെട്ടുനിൽക്കുകയാണ്. ഫലപ്രദമായ ചില കണ്ടെത്തലുകളിൽ ഗവേഷകർ എത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം

നിശ്ചിത കാലത്തേക്കുള്ള ഇത്തരം അടച്ചിടൽ കൊണ്ട് വൈറസിന്റെ സാമൂഹിക വ്യാപനം തടയാനാകുമെന്നും ആരും കരുതുന്നില്ല. പക്ഷെ, സാമൂഹിക അടച്ചിടൽ നീട്ടിക്കൊണ്ടുപോകുന്നത് മറ്റു പലവിധ സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഉപയോഗയോഗ്യമാവാൻ സമയമെടുക്കും. വ്യാപനം തടയാൻ പറ്റിയ പ്രതിമരുന്ന് ഇല്ലാത്ത സാഹചര്യത്തിലാണ് സമൂഹം മറ്റു മാർഗങ്ങളിലേക്ക് തിരിയുന്നത്. മനുഷ്യശരീരങ്ങൾ തമ്മിലുള്ള സാമീപ്യവും സ്പർശനവുമാണ് വ്യാപനത്തിന്റെ മാധ്യമം എന്നതുകൊണ്ടാണ് സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമാക്കാനായി സാമൂഹിക അടച്ചിടലിലേക്കും മറ്റും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നീങ്ങിയിട്ടുള്ളത്.

നിശ്ചിത കാലത്തേക്കുള്ള ഇത്തരം അടച്ചിടൽ കൊണ്ട് വൈറസിന്റെ സാമൂഹിക വ്യാപനം തടയാനാകുമെന്നും ആരും കരുതുന്നില്ല. പക്ഷെ, സാമൂഹിക അടച്ചിടൽ നീട്ടിക്കൊണ്ടുപോകുന്നത് മറ്റു പല വിധ സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പരിഹാരം എളുപ്പമല്ലെന്ന് ചുരുക്കം.

വരാനിരിക്കുന്ന സങ്കീർണതകൾ

മനുഷ്യർ പ്രകൃതിക്കുമേൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളോടുള്ള പ്രകൃതിയുടെ പ്രതികരണമായിട്ടാണ് കൊറോണ പോലുള്ള സംഭവങ്ങളെ കാണേണ്ടതെന്നു വാദിക്കുന്നവരുണ്ട്. പ്രകൃതിയെ ദൈവത്തിന്റെ സ്ഥാനത്തു കാണുന്ന വീക്ഷണമാണ് അത്തരം ചിന്തകൾക്ക് പിന്നിലുള്ളത്.

ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾ.

ആദിമധ്യാന്തങ്ങളില്ലാത്ത നിലക്കാത്ത പ്രവാഹമായി പ്രകൃതിയെ നോക്കി കാണുന്നതായിരിക്കും
യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന ധാരണ. ക്രമവും ക്രമരാഹിത്യവും ഈ പ്രകൃതിചലനങ്ങളുടെ അടിസ്ഥാന പ്രവണതകളുമാണ്.

ക്രമം തെറ്റിയുള്ള ഒരു വരവായി ഈ കൊറോണയുടെ പ്രത്യക്ഷപ്പെടലിനെയും കാണാവുന്നതാണ്.
ആദ്യജൈവകണങ്ങൾ രൂപംകൊണ്ടുവന്ന ഭൂമിയുടെ സമുദ്രാന്തരീക്ഷത്തിൽ നടന്നുകൊണ്ടിരുന്ന രാസപ്രവർത്തനങ്ങളിലൂടെ ഡി.എൻ.എ, ആർ.എൻ.എ പോലുള്ള രാസസംയുക്തങ്ങൾ ഉരുത്തിരിഞ്ഞ കൂട്ടത്തിലാണ് വൈറസുകൾ ഉരുത്തിരിഞ്ഞതെന്ന അവ്യക്ത ധാരണ മാത്രമേ, അവയുടെ ഉത്ഭവത്തെ സംബന്ധിച്ച് ശാസ്ത്രലോകത്തുള്ളൂ.

ഈ പ്രക്രിയക്കിടയിൽ മൊത്തത്തിൽ മനുഷ്യസമൂഹത്തിന്റെയും ഒപ്പം ഓരോ വ്യക്തിയുടെയും ചിന്താരീതികളിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെ സംഭവിക്കും.

ആർ.എൻ.എ.യും ഡി.എൻ.എ.യും ചേർന്നുള്ളവയും ആർ.എൻ.എ. മാത്രമുള്ളവയുമായ വൈറസുകളുണ്ട്. ആ ജനിതകഘടനയിൽ ചിലപ്പോഴൊക്കെ ഉൽപരിണാമാപരമായ മാറ്റങ്ങളുണ്ടാകുന്നുമുണ്ട്.
അജൈവ വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ജൈവവസ്തുക്കൾക്ക് സ്വയം വിഭജിക്കാൻ കഴിയുന്നു. ജീവകോശകേന്ദ്രത്തിലെ ഡി.എൻ.എ.യും ആർ.എൻ.എ.യുമാണ് ഈ വിഭജനത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വയം വിഭജിക്കാൻ കഴിയുന്ന രാസസംയുക്തങ്ങളാണിവ. അഥവാ ഇവ മാത്രമാണ് സ്വയം വിഭജിക്കാൻ കഴിയുന്ന രാസസംയുക്തങ്ങൾ. ഈ വിഭജനം ഇരട്ടിക്കലാണ്.

അതുകൊണ്ടാണ് അത് ജൈവികമാകുന്നത്. ഒരു കോശാന്തരീക്ഷത്തിൽ വെച്ചേ ഈ ഇരട്ടിക്കൽ സാധ്യമാകൂ. ഇരട്ടിക്കലിന് ആവശ്യമായ ഘടകങ്ങൾ ശേഖരിക്കുന്നതിനു ഇങ്ങിനെയൊരു കോശാന്തരീക്ഷം വേണം. വൈറസുകൾക്ക് ഇങ്ങനെയൊരു കോശാന്തരീക്ഷമില്ല.

മറ്റു ജീവികളുടെ കോശങ്ങളിൽ പ്രവേശിച്ചുമാത്രമേ അവയ്ക്ക് വിഭജിക്കാനാവൂ. കൊറോണ വൈറസും ചെയ്യുന്നത് അതുതന്നെയാണ്. വുഹാനിലെ വനമേഖലകളിലെ വവ്വാലുകളെയാണ് അവ താവളമായി കണ്ടത്. അതൊരു സൗഹൃദ ബന്ധമായിരുന്നു. വൈറസുകൾ വവ്വാലുകൾക്ക് ഒരു രോഗവും നൽകിയില്ല, ഒരു ഉപദ്രവവും ഉണ്ടാക്കിയില്ല. വവ്വാലുകളിൽ നിന്ന് മറ്റു ചില വന്യമൃഗങ്ങളിലേക്ക് കൂടി ഈ വൈറസുകൾ പകരാറുണ്ട്.

ജീവനുള്ള മൃഗങ്ങളെ തൽസമയം കൊന്ന് മാംസം വിൽക്കുന്ന വിപണി (wet market)കളിൽ ഇത്തരം മൃഗങ്ങൾ എത്തിപ്പെടാറുണ്ട്. വുഹാനിലെ ഇത്തരം ഒരു വിപണിയിലൂടെയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകർന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

ഈ വൈറസിന്റെയും അവാന്തരവിഭാഗത്തിൽ പെട്ടവയുടെയും ജനിതകഘടന ശാസ്ത്രലോകത്തിനു അറിയാവുന്നതുകൊണ്ട് അമേരിക്കയും ചൈനയും തമ്മിലുള്ള സൈനിക മത്സരത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ജൈവായുധമാണ് ഈ വൈറസെന്ന വാദം ആരംഭത്തിൽ തന്നെ തിരസ്‌കരിക്കപ്പെട്ടു. അമേരിക്കയും ചൈനയും അത്തരം അപകടകരമായ ഗവേഷണങ്ങൾ നടത്തുന്നില്ലെന്നല്ല. ഈ വൈറസ് നേരത്തെ തന്നെ പ്രകൃതിയിൽ ഉള്ളതായതുകൊണ്ട് അതിന് ഇത്തരം ഗവേഷണങ്ങളുമായി ബന്ധമില്ലെന്നാണ് ഉദ്ദേശിച്ചത്.

കൊറോണ വൈറസിന്റെ ജനിതകഘടന കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞന്മാർ അത് ശാസ്ത്രലോകത്തിനു പകർന്നു കൊടുക്കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വൈറസിനെതിരായ വാക്‌സിന് വേണ്ടിയുള്ള ഗവേഷണങ്ങൾ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്.
2018 കാലത്ത് പ്രത്യക്ഷപ്പെട്ട നിപയുടെ മരണനിരക്ക് 10 ശതമാനമായിരുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കൊറോണയുടെ മരണനിരക്ക് 2-3 ശതമാനമാണെന്നത് ആശങ്കപ്പെടുത്തുന്നതല്ലെന്ന് തോന്നാം. പക്ഷെ, ഇപ്പോഴത്തെ നിരക്കിൽ രോഗവ്യാപനം തുടരുകയാണെങ്കിൽ രോഗബാധിതരുടെ എണ്ണം അതിവേഗം കോടികളിലേക്ക് എത്താം.

അപ്പോൾ ഈ 2-3 ശതമാനം മരണനിരക്ക് തന്നെ അതീവ ഗുരുതരാവസ്ഥയായി മാറുകയും ചെയ്യാം. ഇതുവരെ ആർക്കും ചിന്തിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത വിധം സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളാണ് ലോകനിലവാരത്തിൽ തന്നെ സൃഷ്ടിക്കപ്പെടാൻ പോകുന്നതെന്ന് കാണാം.

പൊളിച്ചെഴുതും ഈ വൈറസ്

സാധാരണയായി രോഗാണുബാധ ആരംഭിച്ച്, വൻതോതിൽ വ്യാപിച്ച്, പടിപടിയായി കുറഞ്ഞുവന്ന് അപ്രത്യക്ഷമാകുന്ന ചാക്രിക രീതിയാണ് കണ്ടുവരാറ്. കോവിഡിന്റെ കാര്യത്തിൽ ഈ ചാക്രിക പ്രക്രിയ ഏഴെട്ടു മാസത്തിലധികം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനിയും മൂന്നുനാല് മാസത്തേക്ക് ഇത് തുടർന്നേക്കാം എന്നർത്ഥം. ഇതെഴുതുന്ന ദിവസങ്ങളിൽ ലോകതലത്തിലെ വർദ്ധിച്ചു വരുന്ന വ്യാപനതോത് കാണുമ്പോൾ ഈ കാലയളവിനുള്ളിൽ സ്ഥിതിഗതി എത്ര ഗുരുതരാവസ്ഥയിലെത്തുമെന്നു പറയാനാവില്ല.

നൂറ്റാണ്ടുകളിലൂടെ മനുഷ്യസമൂഹം വളർത്തിക്കൊണ്ടുവന്ന ചിന്താപദ്ധതികൾക്കും ആശയ സംഹിതകൾക്കും സങ്കൽപങ്ങൾക്കുമെല്ലാം അനുസ്യൂതമായ തുടർച്ച ഉണ്ടായിരുന്നു.

കൊറോണ തകർത്തുകൊണ്ടിരിക്കുന്നത് ആ തുടർച്ചയെ ആണ്.

എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ പ്രക്രിയക്കിടയിൽ മൊത്തത്തിൽ മനുഷ്യസമൂഹത്തിന്റെയും ഒപ്പം ഓരോ വ്യക്തിയുടെയും ചിന്താരീതികളിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെ സംഭവിക്കും.
സംസ്‌കാരം, ഭാഷ, മതം, ജാതി, വർഗം, സമ്പത്ത് എന്നിവയുടെയെല്ലാം പേരിൽ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന വിഭജനങ്ങളുടെയും വിവേചനങ്ങളുടെയും ശത്രുതയുടെയുമെല്ലാം നിരർത്ഥകത കൊറോണ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊടുക്കാൻ പോവുകയാണ്.

രോഗവ്യാപന തോതും മരണനിരക്കും ഇപ്പോഴത്തെ തോതിൽ തന്നെ (അത് കൂടുതൽ വർദ്ധിക്കാനാണ് സാദ്ധ്യത) തുടർന്നാൽ അധികം നീണ്ടുപോവാതെ തന്നെ ഇങ്ങനെയൊരു ബോധ്യപ്പെടലിന് നമ്മൾ സാക്ഷികളാകും. ലളിതമായ ഒരു സാമൂഹിക പ്രക്രിയയായി അത് സംഭവിക്കുമെന്നല്ല ഉദ്ദേശിക്കുന്നത്. പല വിഭാഗങ്ങളിലേക്കും ഈ തിരിച്ചറിവ് കടന്നുചെല്ലുന്നത് പല സന്ദർഭങ്ങളിലും പല രീതികളിലുമായിരിക്കും.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള കുടിയെറ്റ തൊഴിലാളികളുടെ പലായനം.

പാവപ്പെട്ടവെന്റയും പണക്കാരെന്റയും തകർച്ച

കൊറോണ വ്യാപനം സൃഷ്ടിക്കുന്ന ഏറ്റവും ഗുരുതരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത് സാമ്പത്തിക മേഖലയിലാണ്. ലോകവ്യാപകമായി തന്നെ ഉൽപാദനപ്രവർത്തനം നൂറിലധികം രാജ്യങ്ങളിൽ പൂർണമായോ ഭാഗികമായോ സ്തംഭിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു.

വരാനിരിക്കുന്ന ആഴ്ചകളിൽ ഈ സ്തംഭനം കൂടുതൽ വ്യാപിക്കും. മനുഷ്യസമൂഹം നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഇത്തരമൊരു സാമ്പത്തിക തകർച്ചയുടെ പ്രത്യാഘാതം ആഗോളതല പണവിനിമയ സംവിധാനങ്ങൾക്കും സാമ്പത്തിക ശാസ്ത്രജ്ഞർക്കും കണക്കുകൂട്ടാനാവുന്നതിലും എത്രയോ അപ്പുറത്തായിരിക്കും.
സാമ്പത്തികമായി ഏറ്റവും താഴെക്കിടയിലുള്ളവരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായിരിക്കും ഏറെ ദുരിതമനുഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങളിൽ ഭൂരിപക്ഷവും അസംഘടിതമേഖലയിലായതുകൊണ്ട് അവർ തൊഴിലില്ലാത്തവരും കൂലിയില്ലാത്തവരുമായി മാറുകയാണ്.

പണിയില്ലാത്തപ്പോഴും ഈ തൊഴിലാളികൾക്ക് കൂലിയും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് തൊഴിലുടമകൾക്ക് സർക്കാരുകളുടെ നിർദ്ദേശമുണ്ടെങ്കിലും പൂർണമായും നടപ്പിലാക്കപ്പെടണമെന്നില്ല. അതുകൊണ്ട് പല രാജ്യങ്ങളിലും സർക്കാരുകൾ തൊഴിലാളികൾക്ക് കൂലിയും ഭക്ഷണവും ഉറപ്പു വരുത്താൻ നേരിട്ട് ഇടപെടുന്നുമുണ്ട്.

അതോടൊപ്പം തൊഴിലുടമകളും മറ്റു സമ്പന്നവിഭാഗങ്ങളും നേരിടാൻ പോകുന്ന തകർച്ചയുടെ രൂക്ഷതയും കുറച്ചുകാണേണ്ടതില്ല. ഉൽപാദന മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്തംഭനം ലോകസമ്പദ് വ്യവസ്ഥയുടെ ഭാവി പുനരുജ്ജീവന സാധ്യതയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

വില്ലൻ വൈറസിന്റെ സാമൂഹിക പ്രത്യാഘാതം

സമൂഹ്യബന്ധങ്ങളുടെ എല്ലാ മേഖലകളിലും ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതം ഇന്നത്തെ സാഹചര്യത്തിൽ നിന്നുകൊണ്ട് സങ്കൽപ്പിക്കാൻ ശ്രമിക്കുന്നത് സാഹസമായിരിക്കും. നൂറ്റാണ്ടുകളിലൂടെ മനുഷ്യസമൂഹം വളർത്തിക്കൊണ്ടുവന്ന ചിന്താപദ്ധതികൾക്കും ആശയ സംഹിതകൾക്കും സങ്കൽപങ്ങൾക്കുമെല്ലാം അനുസ്യൂതമായ ഒരു തുടർച്ച ഉണ്ടായിരുന്നു.

കൊറോണ തകർത്തുകൊണ്ടിരിക്കുന്നത് ആ തുടർച്ചയെ ആണ്. അടച്ചുപൂട്ടലും അകലം പാലിക്കലും സാമൂഹികജീവിതത്തെയാണ് തകർക്കുന്നത്. മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന് ഈ അടച്ചുപൂട്ടൽ അത്യന്താപേക്ഷിതമാണുതാനും. അപ്പോൾ അതുമായി പൊരുത്തപ്പെടുകയേ മാർഗമുള്ളൂ.

താൽക്കാലിക പിൻവാങ്ങലിനു ശേഷം ഈ വൈറസ് വീണ്ടും വരാനുള്ള സാധ്യതയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. സാമൂഹിക അടച്ചുപൂട്ടൽ സൃഷ്ടിക്കുന്ന സാമൂഹിക അസ്വാസ്ഥ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ടുമുണ്ട്.

ഇന്ത്യയെപ്പോലെ പുരുഷമേധാവിത്തം കൊടികുത്തിവാഴുന്ന ഒരു സമൂഹത്തിൽ തൊഴിലില്ലാത്ത പുരുഷന്മാർ വീട്ടിലിരിക്കാൻ നിർബന്ധിതമായാൽ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. സ്ത്രീ അവകാശ കമീഷനുകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വർദ്ധിച്ച പരാതികൾ ഈ അവസ്ഥയെ ആണ് പ്രതിഫലിപ്പിക്കുന്നത്.

അടച്ചുപൂട്ടലും അകലം പാലിക്കലും സാമൂഹികജീവിതത്തെയാണ് തകർക്കുന്നത്. മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന് ഈ അടച്ചുപൂട്ടൽ അത്യന്താപേക്ഷിതമാണുതാനും

ഗാർഹിക സ്ത്രീപീഡനം വൻതോതിൽ വർദ്ധിച്ചുവരുന്നതായി കാണാം. ഇത് നിലവിലുള്ളതാണെങ്കിലും തോതിലുള്ള വലിയ വർദ്ധനവാണ് പുതിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. സാമൂഹികസംഘർഷങ്ങൾക്ക് കാരണമാവുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടത്രേ.
വൈറസിന്റെ അദൃശ്യ സാന്നിദ്ധ്യം സാമൂഹികബന്ധങ്ങൾക്കും വ്യക്തിബന്ധങ്ങൾക്കും പുതിയ രൂപഭാവങ്ങൾ, പുതിയ മാനങ്ങൾ നൽകുന്നത് സ്വാഭാവികം മാത്രം. ഓരോരുത്തരും നേരിടുന്ന സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നാളിതുവരെ പരിചയമില്ലാത്ത സാമൂഹ്യസാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരികയും ചെയ്യും.

പ്രവചനാതീതമായ സാമൂഹ്യാനുഭവങ്ങൾക്ക് അത്തരം സാഹചര്യങ്ങൾ വഴിവെക്കും. വില്ലനായ വൈറസ് പുതിയ സാമൂഹികാനുഭവങ്ങൾക്ക് നിമിത്തമായേക്കാം.

Comments