ഞങ്ങൾക്ക് നാടകവും ജീവിതവുമായിരുന്നു എ. ശാന്തകുമാർ; കബനി എഴുതുന്നു

അന്തരിച്ച നാടകകൃത്തും സംവിധായകനുമായിരുന്ന എ. ശാന്തകുമാറുമൊത്തുള്ള നാടകജീവിതവും സൗഹൃദവും ഓർത്തെടുക്കുകയാണ് നാടക- സിനിമ നടിയായ കബനി. സമൂഹത്തിലെ ഓരോ വിഷയത്തോടും പ്രതികരിക്കാനും തന്റെ നിലപാടുകൾ തുറന്നുകാട്ടാനുമുള്ള മീഡിയ ആയി നാടകത്തെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞതായി, ശാന്തകുമാറിന്റെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള കബനി എഴുതുന്നു

കബനി

ശാന്തേട്ടൻ (എ. ശാന്തകുമാർ) ഇല്ലാതായി എന്ന യാഥാർഥ്യം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഞാൻ മുക്തയായിട്ടില്ല. അദ്ദേഹത്തെ അടുത്തറിയുന്ന ഓരോരുത്തരും ഈ യാഥാർഥ്യം മറികടക്കാൻ പ്രയാസപ്പെടും. കാരണം, ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്, നമ്മെ അത്രമേൽ സ്വാധീനിച്ചതുകൊണ്ടാകാം, അവരുടെ നഷ്ടം താങ്ങാൻ കഴിയാത്തതാവുന്നത്.

ശാന്തേട്ടന് നാടകം ജീവശ്വാസമായിരുന്നു. നാടകത്തെ ജീവിതോപാധിയാക്കി മാറ്റിയ യഥാർത്ഥ നാടകക്കാരൻ. അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്; ‘നാടകം ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, എത്ര ബുദ്ധിമുട്ടുവന്നാലും ഏതെങ്കിലും തരത്തിൽ അതെനിക്കു തിരിച്ചുതരും'.

ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും രസകരമായ കഥകളാക്കി പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം സ്വഭാവമായിരുന്നു. മിക്കവാറും ഈ കഥകളെല്ലാം നാടകമായി അരങ്ങിലെത്തുകയും ചെയ്യും. സമൂഹത്തിലെ ഓരോ വിഷയത്തോടും പ്രതികരിക്കാനും തന്റെ നിലപാടുകൾ തുറന്നുകാട്ടാനുമുള്ള മീഡിയമാക്കി നാടകത്തെ മാറ്റാൻ ശാന്തേട്ടന് കഴിഞ്ഞു.

കബനി, ശാന്തകുമാർ

സ്ത്രീ എന്നും അദ്ദേഹത്തിന്റെ നാടകത്തിലെ പ്രധാന വിഷയമായിരുന്നു. പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് മിക്ക ടെക്‌സ്റ്റിലും കാണാമായിരുന്നു. ഞാനും സജിത്തേട്ടനും (സജിത്ത് കുരിക്കത്തൂർ) ചേർന്നഭിനയിച്ച ശാന്തേട്ടന്റെ ‘ഫാക്ടറി' എന്ന നാടകം ആ തരത്തിലുള്ള തുറന്നുപറച്ചിലായിരുന്നു- ‘സ്ത്രീ ഒരു ഫാക്ടറിയാണ്, ഇടവേളകളില്ലാത്ത, ഒഴിവുദിനങ്ങളില്ലാത്ത ഒരു ഫാക്ടറി.'- ഇങ്ങനെ, ഓരോ ഡയലോഗിലും കൃത്യത വന്ന നിലപാടുകൾ അടുക്കിപെറുക്കി വച്ചിരുന്നു.

ഒരു പൂ വിരിയും പോലെയായിരുന്നു ആ നാടകം. ‘ഫാക്ടറി'യിലെ മീര എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇങ്ങനെ എത്രയെത്ര നാടകങ്ങൾ.
‘O2' എന്ന നാടകത്തെക്കുറിച്ച് എഴുതാതെ വയ്യ. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തെ വർഷങ്ങൾക്കുമുമ്പേ എഴുതിവെച്ച ഒരു സൃഷ്ടി. കോഴിക്കോട് ടൗൺ ഹാളിൽ ആ നാടകം അവതരിപ്പിക്കുമ്പോൾ ശ്വാസം കിട്ടാതെ ഓക്‌സിജൻ സിലിണ്ടറിനുവേണ്ടി കാശടയ്ക്കുന്ന സാധാരണ മനുഷ്യരുടെ മുഖം കാണികൾ കണ്ടത് ഭീതിയോടെയാണ്. ‘ഇങ്ങനെയൊക്കെ നടക്കുമോ' എന്ന സന്ദേഹം പങ്കുവച്ച പലരും അന്നുണ്ടായിരുന്നു. എന്നാൽ വരാൻ പോവുന്ന വിപത്ത് മുൻകൂട്ടി കാണാൻ കഴിവുള്ളവരാണ് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാരെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഇന്നെനിക്ക് ആ നാടകം. ഞങ്ങൾ സ്‌നേഹത്തോടെ ആർ.കെ. എന്നുവിളിക്കുന്ന രാധാകൃഷ്ണൻ പേരാമ്പ്രയാണ് ‘O2' രചിച്ചത്.

അവസാനമായി ഞാൻ കണ്ട ശാന്തേട്ടന്റെ നാടകം ‘കൂവാഗം' ആണ്.
കാണികൾ ശ്വാസമടക്കിപ്പടിച്ചുകണ്ട നാടകം, പെൺകരുത്തിന്റെ പൂർണഭാവം. ഈ നാടകം എഴുതിയതിനെക്കുറിച്ചുചോദിച്ചപ്പോൾ ശാന്തേട്ടൻ പറഞ്ഞത്; ‘അതെഴുതാനെടുത്ത മാനസിക സംഘർഷം നീ ആലോചിക്കുന്നതിലും അപ്പുറത്താണ്, ഇങ്ങനെയുള്ള പേറ്റുനോവുകൾക്കൊടുവിലാണ് ഓരോ നാടകവും ഉണ്ടാവുന്നത് ' എന്നാണ്.

ശാന്തേട്ടനില്ലാത്ത ബി സോൺ കലോത്സവങ്ങളും യുവജനോത്സവങ്ങളും അവയവം നഷ്ടപ്പെട്ട ഒന്നുപോലെയായിരുന്നു. നിലപാടുകളുടെ യോജിപ്പിലൂടെയാണ് അദ്ദേഹം സൗഹൃദങ്ങൾ സൃഷ്ടിച്ചെടുത്തത്. നാടകപ്രവർത്തകരായ ആർ.കെയും രാഗേഷേട്ടനും (എം.എം. രാഗേഷ് പാലാഴി) കുമാർജിയും രാജീവേട്ടനും (രാജീവ് അമയ്) നവീൻ എട്ടനുമെല്ലാം ശാന്തേട്ടന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത് അങ്ങനെയാണ്.

ഏതു വിഷയവും തുറന്നുപറയാനുള്ള ഒരിടം ആ മനസ്സിൽ എനിക്കുണ്ടായിരുന്നു. ജേഷ്ഠസഹോദരനും സുഹൃത്തും അധ്യാപകനുമൊക്കെയായിരുന്നു അദ്ദേഹം. ഒരു കുട്ടിയുടെ കഥ കേൾക്കും പോലെ എല്ലാം അദ്ദേഹം കേട്ടിരുന്നു. എന്നെപ്പോലെ, നിരവധി നാടകപ്രവർത്തകരെ സജ്ജരാക്കിയശേഷമാണ് അദ്ദേഹം പോയത്. അണയാത്ത സ്‌നേഹത്തിന്റെ പ്രതീകമായി ഞങ്ങളിൽ അദ്ദേഹം തെളിഞ്ഞു നിൽക്കും. നാടകം എന്ന അഗ്‌നിയായി നാളുകൾ അതേറ്റുപിടിക്കും.


Comments