കല്യാശ്ശേരി: ഉറച്ച സീറ്റ്; എങ്കിലും...

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ണ്ണൂർ ജില്ലയിലെ സി.പി.എമ്മിന്റെ ഉറച്ച സീറ്റാണ് കല്യാശ്ശേരി.
രണ്ടുതവണ മത്സരിച്ച ടി.വി. രാജേഷ് ഇത്തവണ മത്സരംഗത്തുണ്ടാകില്ല എന്ന് പാർട്ടിയിൽ ധാരണയായിട്ടുണ്ട്. എന്നാൽ, ജയം ഉറപ്പുള്ള ഇവിടെ ആരെ സ്ഥാനാർഥിയാക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ് സി.പി.എമ്മിൽ.

സിറ്റിങ് സീറ്റായ മട്ടന്നൂരിൽനിന്ന് ഇ.പി. ജയരാജനെ കല്യാശ്ശേരിയിലേക്ക് മാറ്റാൻ പാർട്ടിയിൽ നീക്കമുണ്ട്. ഇതിനോട് ജയരാജന്റെ പ്രതികരണം അനുകൂലവുമല്ല. മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ പേരും പരിഗണനയിലുണ്ട്.

ആരെ മത്സരിപ്പിക്കണം എന്നതിൽ കോൺഗ്രസിൽ ഒരുതരത്തിലുള്ള അവകാശവാദങ്ങളുമില്ല, ഇനി വേണമെങ്കിൽ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനും തയാറായി നിൽക്കുകയാണ് പാർട്ടി. ഘടകകക്ഷികൾക്കും വേണ്ട എന്ന മട്ടാണ്​.

ടി.വി. രാജേഷ് / വര: ദേവപ്രകാശ്

2008ലെ പുനർനിർണയത്തോടെ നിലവിൽവന്ന മണ്ഡലത്തിന് രണ്ട് തെരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. 2016 ൽ ടി.വി. രാജേഷ് 42,891 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ അമൃത രാമകൃഷ്ണനെ തോൽപ്പിച്ചത്. കോൺഗ്രസ് നേതാവായിരുന്ന എൻ. രാമകൃഷ്ണന്റെ മകളാണ് അമൃത. 2011ലും രാജേഷ് തന്നെയാണ് ജയിച്ചത്. കണ്ണൂർ കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്ന കോൺഗ്രസിലെ അഡ്വ. പി. ഇന്ദിരയെ 29,946 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.

കല്യാശ്ശേരിയുടെ മാതൃമണ്ഡലം മാടായി ആണ്. 1957ൽ ആദ്യ തെരഞ്ഞെടുപ്പിൽ മാടായിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത് കെ.പി.ആർ. ഗോപാലൻ. എന്നാൽ, വിമോചന സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.പി.ആർ തോറ്റു.
1967ൽ സപ്തകക്ഷി മുന്നണിയിൽ കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ മത്തായി മാഞ്ഞൂരാൻ ജയിച്ച് മന്ത്രിയായി. മാഞ്ഞൂരാന്റെ മരണശേഷം സഹോദരൻ ജോൺ മാഞ്ഞൂരാൻ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ചു. 1977ലെ പുനക്രമീകരണത്തോടെ മാടായി പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിൽ ലയിക്കുകയായിരുന്നു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മസ്ഥലം ഉൾപ്പെടുന്ന മണ്ഡലം. കെ.പി.ആർ. ഗോപാലൻ, സഹോദരൻ കെ.പി.ആർ. രയരപ്പൻ എന്നിവരുടെ സ്മരണകളും ഇരമ്പുന്ന മണ്ണാണ് കല്യാശ്ശേരി.
ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.


Comments