സച്ചി; അകാലത്തിൽ നിലച്ചുപോയ അപൂർണതയുടെ പരുഷസൗന്ദര്യമുള്ള കവിത

നാടകപ്രവർത്തകനും തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായിരുന്ന സച്ചി, കൗമാരകാലം മുതൽ എഴുതിക്കൊണ്ടിരുന്ന കവിതകൾ, സഹോദരിയായ സജിത കെ.ആർ സമാഹരിച്ച് 'സച്ചി; ആത്മസംവാദത്തിനെറ ശിഷ്ടം' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. പഠനത്തിനിടയിലും അഭിഭാഷജോലിക്കിടയിലും പിന്നീട് സിനിമയുടെ തിരക്കുകൾക്കിടയിലും സച്ചി എഴുതിയ പൂർണവും അപൂർണവുമായ കവിതകളുടെ സമാഹാരം ഇതുവരെ അറിയപ്പെടാതിരുന്ന ഒരു കവിയെ രേഖപ്പെടുത്തുന്നു. ഈ കവിതകൾ സമാഹരിച്ചതിനെക്കുറിച്ച് സജിത കെ.ആർ. എഴുതുന്നു, പുസ്തകത്തിന് കൽപ്പറ്റ നാരായണൻ എഴുതിയ അവതാരികയും.

ആത്മസംവാദത്തെ കുറിച്ച്...
-സജിത. കെ.ആർ.

ക്ഷരങ്ങളുടെ ലോകത്തേക്ക് ഞങ്ങൾ കൂടപ്പിറപ്പുകൾ ഒരുമിച്ചാണ് ഏറ്റെടുക്കപ്പെട്ടത്. പൂമ്പാറ്റയും, തളിരും, ബാലരമയും മുതൽ ഞങ്ങളിലൊരാൾ വായിക്കുകയും മറ്റേയാൾ കേൾക്കുകയും ചെയ്തു. ഞങ്ങളുടെ അരക്ഷിതമായ ബാല്യ കൗമാര യൗവ്വനാരംഭങ്ങളിൽ പുസ്തകങ്ങൾ മാത്രമായിരുന്നു അഭയവും ആനന്ദവും. ഒരുമിച്ച് വായിക്കുകയും ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്തു ഞങ്ങൾ. അവൻ എപ്പോഴും വമ്പൻ സ്വപ്നങ്ങളുടെ ഉച്ചഭാഷിണി എന്നിലേക്ക് തുറന്നു വച്ചു. എനിക്കുമാത്രമായി അന്നൊന്നും ഒരു സ്വപ്നങ്ങളും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്നങ്ങൾ തന്നെയായിരുന്നു എന്റേയും സ്വപ്നങ്ങൾ.
സച്ചിയുടെ കവിതാപുസ്തകം ഞങ്ങൾ കൗമാരകാലത്ത് തന്നെ സ്വപ്നം കണ്ടതാണ്. സച്ചി, ലോകം അറിയുന്ന ഒരു കവി ആകുമെന്നായിരുന്നു അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്. ഇരുപത് വയസ്സാകുമ്പോഴേക്കും അത്രമാത്രം എഴുതിക്കുട്ടുകയും ചെയ്തു. അന്നൊക്കെ എഴുതിയാൽ വായിച്ചു നോക്കുകയും ചർച്ച ചെയ്യുകയും തിരുത്തുകയും ചെയ്യുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ചേർന്ന് ആ സമയത്തെ എഴുത്തുകൾ എല്ലാം കുറെയൊക്കെ പകർത്തിവക്കുകയും ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോ എണ്ണം കോളേജ് മാഗസിനിൽ വന്നതൊഴിച്ചാൽ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നീടൊരിക്കലും പ്രസിദ്ധീകരണത്തിനു ശ്രമിച്ചിട്ടുമില്ല.

പക്ഷേ എഴുത്ത് അണമുറിയാതെ പെയ്​തുകൊണ്ടിണ്ടിരുന്നു. എഴുതിയത് തിരുത്തി പകർത്തിവക്കാൻ പോയിട്ട് ഒന്നു വീണ്ടും വായിച്ചു നോക്കാൻ പോലും സച്ചി ശ്രമിച്ചിട്ടില്ല. പഠിക്കാനിരുന്നപ്പോഴും, കേസ് പഠിക്കുന്ന സന്ദർഭങ്ങളിലും, പുസ്തകം വായിക്കാനിരിക്കുമ്പോഴും, പിന്നീട് തിരക്കഥാ രചനയിൽ ഏർപ്പെട്ടപ്പോഴും എല്ലാം ഇത്തരം എഴുത്തുകൾ തുടർന്നു. തോന്നുമ്പോൾ മുന്നിലുള്ള പേപ്പറിലോ, ഡയറിയോ നോട്ടുപുസ്തകമോ തുറന്ന് കിട്ടുന്ന പേജിലോ എഴുതിയിടും. പിന്നെ അത് മറന്നു കളയുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ശ്വസിക്കുന്നതുപോലെ പോലെ വളരെ സ്വാഭാവികമായ ആയ ഒരു പ്രക്രിയയായിരുന്നു അത്. ഇങ്ങനെ എഴുതുന്നത് കവിതയാണെന്നോ സമാനമായ ഗൗരവമുള്ള എന്തെങ്കിലും ആണെന്നോ ഉള്ള തോന്നൽ എഴുതുന്ന ആൾക്ക് ഇല്ലായിരുന്നു എന്നതാണ് നേര്.

ഇത്തരം കടലാസുകൾ പെറുക്കി വക്കുകയും നോട്ടുപുസ്തകങ്ങളുടെ മുഴുവൻ പുറങ്ങളും മറിച്ചു നോക്കി എഴുതിയ പേജുകൾ കീറി സൂക്ഷിക്കുകയും തുടക്കം മുതലേ ചെയ്​തുപോന്നിരുന്നു. പിന്നെ ഞാൻ താമസം മാറ്റിയപ്പോൾ വീട്ടിൽ എത്തുന്ന സന്ദർഭങ്ങളിൽ പരതി കിട്ടുന്നതെല്ലാം എടുത്ത് സൂക്ഷിച്ചുവച്ചു. വക്കീൽപ്പണി ഉപക്ഷിച്ച് സിനിമയിലേക്ക് വന്നതോടെ, താമസസ്ഥലം അടിക്കടി മാറികൊണ്ടിരുന്നതുകൊണ്ട് പെറുക്കിവക്കൽ എളുപ്പമല്ലാതായി തീർന്നു.

‘സച്ചി: ആത്മസംവാദത്തിന്റെ ശിഷ്​ടം’ എന്ന പുസ്​തകം കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ, ബി.കെ. ഹരിനാരായണന്​ നൽകി പ്രകാശനം ചെയ്യുന്നു. സച്ചിയുടെ ഭാര്യ സിജി സച്ചി, സജിത കെ.ആർ. എന്നിവർ സമീപം

‘അനാർക്കലി’യിൽ അരുണിന്റെ റേഡിയോ ജോക്കി കഥാപാത്രത്തിനു വേണ്ടി പ്രണയത്തെ കുറിച്ചുള്ള ചില സുഭാഷിതങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. Spontaneous ആയി പ്രണയത്തെ കുറിച്ച് ഒന്നും വരുന്നില്ലന്ന് പറഞ്ഞ്, ഒരു വെളുപ്പാൻ കാലത്ത് വന്ന് എന്റെ കയ്യിലുള്ളതെല്ലാം പെറുക്കി കൂട്ടി കൊണ്ടു പോയി. ‘ഇത്രയധികം ഉണ്ടോ' എന്നപ്പോൾ അത്ഭുതപ്പെട്ടു. പലപ്പോഴും എന്ന പോലെ പ്രസിദ്ധീകരിക്കുന്ന കാര്യം അപ്പോഴും പറഞ്ഞു. അൽപം അനുഭാവപൂർവം ‘ആലോചിക്കാടീ..' എന്ന് പറയുകയും ചെയ്തു. ‘കളയരുത്, എനിക്ക് തിരിച്ചുവേണം' എന്ന് ഞാൻ വിളിക്കുമ്പോഴെല്ലാം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. സിനിമക്കുശേഷം, ‘എല്ലാം ഭദ്രമായി വീട്ടിലെത്തിച്ചിട്ടുണ്ട്, നീയെടുത്ത് വച്ചതിൽ നിന്ന് ഒരു കടലാസു പോലും ഞാനായിട്ടു കളഞ്ഞിട്ടില്ല, നീയതെല്ലാം എടുത്ത് കൊണ്ടു പോണം' എന്ന് എന്നെ വിളിച്ചു പറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞ് ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ ‘കുറിപ്പുകളെല്ലാം കൊണ്ടുപോയില്ലേ, എല്ലാം നീ കൊണ്ടു പോയി സൂക്ഷിച്ചുവക്കണം' എന്ന് ഓർമിപ്പിക്കുകയും ചെയ്തു. വീട്ടിൽ പോകുമ്പോൾ ചിലപ്പോഴെല്ലാം മറക്കുകയും, ഒരിടത്ത് ഭദ്രമായി ഇരിക്കുന്നുണ്ടല്ലോ, അടുത്ത പ്രാവശ്യം എടുക്കാം എന്നൊക്കെ കരുതി നീണ്ടു പോകുകയും ചെയ്തു...

ഇത്രവേഗം എഴുത്ത് മതിയാക്കും എന്ന് സ്വപനത്തിൽ പോലും കരുതുന്നില്ലല്ലോ.... അതിനുശേഷമാണ് ആ കുറിപ്പുകൾ ഞാൻ വീണ്ടും അന്വേഷിച്ചത്. പക്ഷേ ഇരുപത് വയസിനു മുൻപെ ഞങ്ങൾ പകർത്തിവച്ച ഒരു നോട്ടുപുസ്തകത്തിന്റെ കുറെ ഭാഗം മാത്രമാണ് അതിൽ നിന്നു കിട്ടിയത്. പിന്നെ ‘അനാർക്കലി’യുടെ എഴുത്ത് ശേഷിപ്പുകളിൽ നിന്ന് ആ കഥാപാത്രത്തിനു വേണ്ടി എന്റെ ശേഖരത്തിൽ നിന്ന് സച്ചി തെരഞ്ഞെടുത്ത് വച്ച പ്രണയത്തെ കുറിച്ചുള്ള ഏതാനും കുറിപ്പുകളും. ഇതോടൊപ്പം സച്ചി സിനിമക്കുവേണ്ടി നോട്ടെഴുതുന്ന പുസ്തകങ്ങളിൽ നിന്നും കണ്ടെടുത്ത ചില ചെറിയ കുറിപ്പുകളും ആണ് ഈ പുസ്തകത്തിനടിസ്ഥാനം. എഴുതി കൂട്ടിയതിന്റെ തീരെ ചെറിയ ഒരംശം മാത്രമാണിതെന്ന് പറയേണ്ടതില്ലല്ലോ.

ബെൻസി മാത്യൂസ്​, പി .എൻ. ​ഗോപീകൃഷ്​ണൻ, സജിത കെ.ആർ എന്നിവർ പുസ്​തക പ്രകാശന ചടങ്ങിൽ​​​​​

കണ്ടു കിട്ടിയ കൂട്ടത്തിൽ പ്രണയത്തെ കുറിച്ചുള്ളവ കൂടുതൽ ഉണ്ട് എന്ന് ചുരുക്കം. അതുകൊണ്ടുന്നെ സന്ദർഭവശാൽ പ്രണയത്തെ കുറിച്ച് കൂടുതൽ വരികളുണ്ട് ഈ പുസ്തകത്തിൽ. അതിലും എത്രയോ അധികമാണ് സൗഹൃദത്തെ കുറിച്ചും അതിന്റെ ലഹരിയെ കുറിച്ചും കണ്ണാടികളെ കുറിച്ചും സായാഹ്ന യാത്രകളെ കുറിച്ചും പാനോത്സവങ്ങളെക്കുറിച്ചും രാത്രി സഞ്ചാരങ്ങളെ കുറിച്ചുമെല്ലാം എഴുതിക്കൂട്ടിയിട്ടുള്ളത്.
ഏകാന്തതയുടെ എത്രയധികം പാഠദേദങ്ങൾ, കുഞ്ഞുങ്ങൾ മരണം കാണുന്നതുപോലുള്ള എത്രയോ ജീവിത കാഴ്ചകൾ, എത്ര തീവ്രമായ ദാർശനിക വ്യഥകൾ, ആത്മഹത്യയുടെ വിളുമ്പിലൂടെയുള്ള കാവ്യയാത്രകൾ, അരക്ഷിതത്വത്തിന്റേയും അശരണതയുടെയും പൊട്ടിവീണ നിലവിളികൾ, അപമാനത്തിന്റെ ഭൂമി പിളർത്തുന്ന കരച്ചിലുകൾ..
ഒന്നും......
ഒന്നും സൂക്ഷിക്കാനായില്ല.
എന്റെ പിഴ
എന്റെ വലിയ പിഴ...

അവൻ പോയതുകൊണ്ടല്ല എനിക്കാ കാലാസുകൾ പ്രിയപ്പെട്ടതാകുന്നത്, 15 വയസ്സു മുതൽ എനിക്ക് പ്രിയപ്പെട്ടതും വിലപ്പെട്ടതും ആയിരുന്നു അവ. എഴുതുന്ന സമയത്ത് തന്നെ പല ആവർത്തി വായിച്ച് കരഞ്ഞിട്ടുളളതാണ്. നേരത്തേ ഞാൻ പലവട്ടം പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ചതുമാണ്. പക്ഷേ അതെല്ലാം ആരും കാണേണ്ടതില്ല എന്നായിരുന്നു സച്ചിക്ക്. എഴുതിയ ആൾ പ്രസിദ്ധീകരണം ഉദ്യേശിച്ചിട്ടില്ലാത്തതു കൊണ്ടു തന്നെ അതിനുള്ള ആത്മവിശ്വാസം എനിക്കുമില്ല.

സജിത കെ.ആർ, സച്ചി

ഇത് മഹത്തായ കവിതയോ സമാനമായ മറ്റെന്തെങ്കിലുമോ ആണെന്ന അഭിപ്രായമൊന്നുമില്ല, എനിക്ക്. എന്നാലും ഈ കുറിപ്പുകളിലൂടെ എഴുതിയ ആളെ കൂടി വായിക്കാനാകും എന്ന തോന്നലാണ് ഈ ശ്രമത്തിന് പ്രചോദനം.
സൗഹൃദസദസ്സുകളിലും നിയമരംഗത്തും നിറഞ്ഞ് നിന്നിരുന്ന സച്ചിയെ കുറിച്ചും സച്ചിയുടെ സൗഹൃദത്തിന്റെ ആഴത്തെയും മാധുര്യത്തെയും അറിയുന്നതോടൊപ്പം സ്വയം ഒരു കവിതയാകാൻ ആഗ്രഹിച്ച ഒരാളുടെ കവിമനസ്സിൽ നിന്നുമുള്ള ഒരു തിരിയുടെ വെളിച്ചത്തിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം.

ഒന്നാം ഭാഗത്തിൽ 20 വയസ്സിനു മുൻപുള്ള കവിതകളാണ് ചേർത്തിരിക്കുന്നത്. ‘ആത്മസംവാദത്തിന്റെ ശിഷ്ടം' എന്ന കവിത ആ പേരിൽ തന്നെ പതിനേഴാമത്തെ വയസ്സിൽ എഴുതിയതാണ്. രണ്ടാം ഭാഗത്തിൽ പൊതുവേ ഇടക്കാലത്തെ രചനകളും മൂന്നാം ഭാഗത്തിൽ താരതമ്യേന പുതിയ ചില കുറിപ്പുകളുമാണ്.

അപൂർണതയുടെ സൗന്ദര്യം
-കൽപ്പറ്റ നാരായണൻ

കളരിയിൽ നിന്നു-
മിറങ്ങിയേയുള്ളൂ
ചുവടുകൾ വച്ചു
തുടങ്ങിയേയുള്ളൂ
ശ്രുതിയുമായവർ
ഇണങ്ങിയേയുള്ളൂ
തുടക്കത്തിൽ തന്നെ
അരങ്ങു വീണല്ലോ
-ആറ്റൂർ രവിവർമ്മ

ദ്യ തിരക്കഥകൾക്കുശേഷം പത്മരാജനോ ലോഹിതദാസോ തിരോഭവിച്ചിരുന്നെങ്കിൽ മലയാളസിനിമയിൽ ഉണ്ടാവുമായിരുന്ന മഹാശൂന്യതയെ കുറിച്ചുള്ള സങ്കൽപ്പം തന്നെ നമ്മെ കിടിലം കൊള്ളിക്കും. അത്തരം ഒരു മഹാശൂന്യതയെ സങ്കൽപ്പിക്കാൻ പോന്നതൊന്നും സച്ചിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു എന്ന് സങ്കൽപ്പിക്കാൻ തോന്നുന്ന ചിലതിന് സച്ചി ആരംഭമിട്ടു കഴിഞ്ഞിരുന്നു. ‘അയ്യപ്പനും കോശിയും'കളിച്ച തീയേറ്ററുകളെ കോവിഡ് ബാധിച്ചതിലേറെ വലിയ ദുരന്തം ആയിരുന്നു അതിന്റെ തിരക്കഥാകാരനെ കാലമെടുത്തതിലൂടെ സംഭവിച്ചത്. ഒരു തിരക്കഥയെന്നല്ല എത്രയെന്ന് നമുക്ക് സങ്കൽപ്പിക്കാൻ ആവാത്തത്ര തിരക്കഥകളുടെ തിരോധാനം. ഒരുപക്ഷേ മലയാള സിനിമയുടെ കാലാവസ്ഥ തന്നെ മാറുമായിരുന്നോ ‘വിലായത്ത് ബുദ്ധ ’യുടെ സംവിധായകനിലൂടെ എന്ന് എനിക്കറിഞ്ഞുകൂടാ. ആയിരുന്നു എന്നതിലേറെ ആകുമായിരുന്നു എന്ന് പറയാനുള്ള അവസരങ്ങളേ സച്ചി സൃഷ്ടിച്ചിട്ടുള്ളൂ. ഒരുപക്ഷേ അത് സൃഷ്ടിച്ചിട്ടുണ്ട്, എന്നതാണ് സച്ചിയുടെ സത്യം . അതിലും അധികം എന്തായിരുന്നു സച്ചി എന്നറിയാൻ ഉത്സാഹം ഉള്ളവർക്ക് ഇതാ അദ്ദേഹത്തിന്റെ മനസ്സ് പ്രവർത്തിച്ചത് എങ്ങിനെയെന്ന് കാട്ടുന്ന ചില രചനകൾ സഹോദരി സംഭരിച്ച്, ഇവിടെ ആകർഷകമായി നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. കവിതകളുടെയും കാവ്യാത്മകമായചിന്തകളുടെയും രൂപത്തിൽ, മറ്റാരുടെയും മധ്യസ്ഥതയിൽ അല്ലാതെ സച്ചി നമുക്കുമുന്നിൽ.
‘കവി എന്നതിനേക്കാൾ
ഒരു കവിത ആകാനാണ്
എനിക്കിഷ്ടം
അകാലത്തിൽ നിലച്ചുപോകുന്ന
അപൂർണ്ണതയുടെ പരുഷ സൗന്ദര്യമുള്ള കവിത'.
അപൂർണ്ണതയുടെ പരുഷ സൗന്ദര്യത്തിൽ അഭിരമിച്ചിരുന്നു സച്ചി എന്ന കവി എന്നിന്നോർക്കുമ്പോൾ അതിശയം ആവുന്നു. സച്ചിയുടെ മരണം നമുക്ക് യാദൃശ്ചികം ആയിരുന്നെങ്കിലും സച്ചിക്കത് യാദൃശ്ചികമായിരുന്നില്ല, എന്ന തോന്നൽ ഈ രചനകളിലൂടനീളം അനുരണനം ചെയ്യപെടുന്നു. അധികം സമയമില്ലാ തനിക്ക് എന്നതാവാം ഈ കുറിപ്പുകളെ, കവിതകളെ ഹൃദ്യമാക്കുന്നത്. പലപ്പോഴും ശിഥിലമാക്കുന്നതും.

ആത്മനിഷ്ഠമായ രചനകളാണ് സച്ചിയുടേത്. അശുഭദർശിയായ ഒരു കാല്പനികൻ അദ്ദേഹത്തിൽ കുടികൊണ്ടു. സച്ചിയുടെ ജന്മ ദോഷത്തെ താനറിയാതെയും താനറിഞ്ഞുകൊണ്ടും അവയിൽ ആവിഷ്‌കരിച്ചു. അതിൽ ' കണ്ടവരുണ്ടോ' എന്ന കവിത സച്ചിയോടുള്ള അനുകമ്പ കൂടാതെതന്നെ നിലനിൽക്കാൻ പോന്ന രചനകളിൽ മുഖ്യമായതെത്രേ.

‘കാണേണ്ട ഒരേയൊരാൾ
യാദൃശ്ചയാ കാണാതെ പോയ
കണ്ടവരുണ്ടോ എന്ന പരസ്യം പോലെയാണ്
എന്റെസ്‌നേഹം
കടലോരത്ത്
കാറ്റ് കൊണ്ടിരിക്കുമ്പോൾ
കടല പൊതിഞ്ഞു കിട്ടിയ
മഞ്ഞച്ച പഴയ കടലാസിൽ
അവൾ ആ പരസ്യം കണ്ടേക്കാം
ഒരു നനഞ്ഞ പടക്കം പോലെ
ആഘോഷങ്ങൾക്കൊടുവിൽ
വളരെ വൈകി പൊട്ടേണ്ടി വരിക
സ്‌നേഹത്തിന്റെ യാദൃശ്ചികത ആവാം'.

ഇന്നില്ലാത്ത ഒരാളുടെ ജീവിത പശ്ചാത്തലത്തിൽ ഈ കവിത കൂടുതൽ മുഴങ്ങുന്നു. കാണേണ്ട ഒരേയൊരാൾ കാണാതെപോയ കണ്ടവരുണ്ടോ എന്നപരസ്യമാണ് എന്റെ ജന്മം എന്നോ, എന്റെ കവിത എന്നോ, എന്റെ ഞാനെന്നോ, അനന്തമായി ആമന്ത്രണം ചെയ്യുന്നു ഈ വരികൾ. ഇനിയൊരാൾക്കും ഇനി ഒരാളെ ചൊല്ലിയും വേദനിക്കാവുന്ന നിരുപാധികമായ ബലമുള്ളത്. ‘ഏതൊരുവനെയും പോലെ' എന്ന കവിതയിൽ സച്ചി എഴുതുന്നു: ‘ഞാനിന്ന് നിന്റെ ഹൃദയത്തെ സംശയിക്കുന്നു
നിന്റെ നിറഞ്ഞ കണ്ണുകളെയും...
പല കവിതകളിലും ആഴത്തിൽ പോറൽ ഏൽപ്പിക്കുന്ന വരികൾ ഉണ്ട്. ‘ഒടുങ്ങിയ പ്രണയത്തിന്റെ ആടലോടകം കയ്ക്കുന്ന രാത്രി ' പോലെ.

പൗരുഷത്തെക്കാൾ സ്‌ത്രൈണതയാണ് സച്ചിയുടെ കാവ്യഭാവുകത്വത്തിൽ മുന്നിൽ. ജീവിതത്തിൽ ജയിക്കാൻ ആവാത്തത് സ്വപ്നത്തിൽ കരഞ്ഞു തീർക്കുന്നൊരു ഭാവുകത്വമാണിത്. മരണാഭിമുഖ്യവും ജീവിതാഭിമുഖ്യവും രണ്ടല്ല പലപ്പോഴും അതിന്. ഒരുവളാണ് പലപ്പോഴും അതിന്റ നീ. ചങ്ങമ്പുഴ യിലും കുഞ്ഞിരാമൻനായരിലും ഉള്ള അവൾ. ‘ഏതോ വളകിലുക്കം കേട്ടലയും ഭ്രഷ്ട കാമുകൻ' എന്നീ കവിയേയും പലപ്പോഴും പറയാം. അവളോടുള്ള പരിഭവവും കുമ്പസാരവും കുറച്ചല്ല. എനിക്ക് നീ ഒരു കോമയാണ്/ നിനക്ക് ഞാനൊരു കുത്തും.

കവിതകളിലൂടെ കടന്നുപോകുമ്പോൾ നാം മരണത്തെ കൂടെ കൂടെ കണ്ടുമുട്ടും. സച്ചിയുടെ ഓരോ തിരിവിലും മരണം ഉണ്ടായിരുന്നോ?. ‘മഹാകാവ്യത്തിനുതകാത്ത മാനസാന്തരം ആയി ഞാൻ രംഗം വിടുന്നു' എന്ന വരികളുടെ കനം കുറച്ചല്ല. ആ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴും ഈ മഹാമാരിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോഴും.

സച്ചി തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും നിർത്തി എന്ന പരിഭവം ന്യായം തന്നെ. ഒപ്പം സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്ന ഒരു നല്ല മനുഷ്യനെ, ഈ വരികൾ സൂചിപ്പിക്കുന്ന ഒരു നല്ല ഭാവുകത്വത്തെ, പ്രതീക്ഷ വക്കാവുന്ന ഒരു നല്ല സിനിമാക്കാരനെ ,കുറച്ച് നാളേക്കായാലും നമുക്ക് കിട്ടിയല്ലോ എന്ന കൃതജ്ഞതയും വേണ്ടതല്ലേ? പെറ്റപാടെ മരിച്ചുപോയ കുഞ്ഞിനെ മടിയിൽ വെച്ച് വിലപിക്കുന്നതിനുപകരം പ്രതീക്ഷാനിർഭരമായ ഒമ്പത് മാസങ്ങൾ തനിക്ക് തന്ന ദൈവത്തെ സ്തുതിക്കുന്നുണ്ട് ദസ്തയവ്‌സ്‌കിയുടെ ഒരമ്മ. ഇങ്ങനെ അല്ലായിരുന്നെങ്കിൽ എന്ന് തോന്നുന്നതോടൊപ്പം ഇങ്ങനെയും തോന്നാം. അതിനുള്ള തരളതയും അഴകും ആ മനസ്സിനുണ്ടായിരുന്നു എന്ന് ഇവിടെ സമാഹരിച്ച കവിതകളും കുറിപ്പുകളും നമ്മോട് പറയുന്നു. ഉടലാണില്ലാതായത് അതിൽ നിന്നും ഉടലെടുത്തത് ചിലതിതാ നമുക്കൊപ്പം, ഉടലെടുക്കാമായിരുന്ന നിരവധിയുടെ വേദനക്കൊപ്പം.

(തൃശൂരിലെ 1930 ലിറ്റ​​റേച്ചറാണ്​ ‘സച്ചി ആത്മസംവാദത്തിന്റെ ശിഷ്​ടം’ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചത്​)


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments