കല്ല്യാണിയും ദാക്ഷായണിയും ഇതുവരെ വായിക്കാത്ത കതകളും

‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവൽ ചുരുങ്ങിയ സമയം കൊണ്ട്​ പത്ത്​ പതിപ്പുകൾ പിന്നിടുകയാണ്​, വായനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ആന്തരികമായ ഒരു ശക്തി ഈ നോവലിനുണ്ടെന്ന്​ ലേഖകൻ

ഴുത്തുകാർ ചരിത്രത്ത അബോധമായിവഹിക്കുന്നു എന്നാണ് വാദം. മറ്റൊരു തരത്തിൽ പറഞ്ഞാൽ എഴുത്തുകാരുടെ ഭാവനാ ജീവിതം ചരിത്രാതീതകാലം മുതൽ മനുഷ്യൻ അനുഭവിച്ച സ്വത്വപ്രശ്നങ്ങളെ മറികടക്കാനുള്ള അവസാനശ്രമങ്ങളാണ്. ആയതിനാൽ മനുഷ്യ ജീവിതാവസ്ഥകളുടെ വൈവിധ്യാവിഷ്കരണത്തിൽ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്നതാണ് എഴുത്തുകാർ/കലാകാരർ പ്രാഥമികമായി നേരിടുന്ന പ്രശ്നം. കൃതികളെ "മനുഷ്യ കഥാനുഗായികൾ' ആക്കിയവരും "ജീവിതത്തിൽ കടൽമഷിപ്പാത്രം' ആക്കിയവർക്കുമെല്ലാം പ്രാഥമികമായി ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. വായനക്കാരന് താൻ അനുഭവിക്കാത്ത ജീവിതസ്ഥലികൾ (ചെറുതാണെങ്കിലും) വിസ്മയക്കാഴ്ച തന്നെ. അതുകൊണ്ടാകണം കല്യാണിയും ദാക്ഷായണിയും എന്നുപേരായ രണ്ട് സ്ത്രീകളുടെ കതചുരുങ്ങിയ സമയം കൊണ്ട് പത്ത് പതിപ്പുകൾ പിന്നിടുന്നത്.

വിസ്മയക്കാഴ്ചകളായി അകമേ നിന്ന റോമും അന്റാർട്ടിക്ക് മഹാസമുദ്രവും ഒരിക്കൽ ഓസ്കാർ വൈൽഡ് നേരിൽ കണ്ടു. റോം കണ്ട് വൈൽഡ് ഹതാശനായി. അന്റാർട്ടിക്ക് കണ്ട് നിരാശനായി. എന്നാൽ വിസ്മയങ്ങൾ എല്ലാം അകമേ മാത്രമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു കല്യാണി- ദാക്ഷായണിമാർ. ആകസ്മികതകൾ തുന്നിച്ചേർത്ത് ഉണ്ടാക്കുന്നവർ ആണല്ലോ കഥാപാത്രങ്ങൾ. കല്യാണിയും ദാക്ഷായണിയും അങ്ങനെ രണ്ട് പേരാണ്. ഒരേ ജീവിതത്തിന്റെ
രഹസ്യം സൂക്ഷിക്കുന്നവർ. ഒരേ രഹസ്യം സൂക്ഷിക്കുന്നവർക്കിടയിൽ കരുതലും ഇഷ്ടവും കൂടും. ആഖ്യാതാവിനെ ആശുപത്രിയിൽ സന്ദർശിക്കുന്ന അവസാന രംഗംവരെയും അവർ ഒരുമിച്ചാണ്. പെണ്ണിന് മോചനത്തിന്റെ വഴി മാത്രമേ ഉള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും ചോന്നമ്മപ്പറമ്പുകൾ അപ്രാപ്യമായവർ. സ്വാതന്ത്ര്യമെന്നത് ആത്മധ്വംസനവും ബന്ധനവും ആണെന്ന് തിരിച്ചറിഞ്ഞവർ. ഇതുവരെ കണ്ടതൊക്കെ കഥകളാണെന്നും വരൂ ശാന്തമാകാത്ത ഉൾക്കടലുകൾ കാട്ടിത്തരാമെന്നും പറയുന്നവർ.

ജീവിതത്തിന്റെ പുറംപടങ്ങൾ വേഗം പൊഴിച്ചുകളയാവുന്നയാണെന്ന് കല്യാണിയും ദാക്ഷായണിയും കുഞ്ഞിപ്പെണ്ണും തോളോട് തോൾ സാക്ഷ്യപ്പെടുത്തുന്നു. ആണധികാരത്തിന്റെ കസേരയിൽ കാൽകയറ്റി വെച്ചിരിക്കുന്ന ആണിക്കാരന്റെയും അയാളുടച്ഛന്റെയും ലിംഗത്തോടുള്ള ദാക്ഷായണിയുടെ മനോഭാവം "മേലൊട്ടും' എന്നതാണ്. ചൂഷണത്തിന്റെ പാരമ്യത്തിൽ "ഇവന്റെ പണിക്കാ ഞാൻ പൈശ അങ്ങോട്ട് കൊടുക്കണ്ട്? എന്നാ അതിന് കൊള്ളുന്ന ആരിക്കെങ്കും കൊടുത്തൂടെ അനക്കത്? എന്ന ചോദ്യം നേരത്തെ തന്നെ അവൾക്കുണ്ട്. ലൈംഗികശേഷിയും പൗരുഷവും അടിസ്ഥാനമാക്കി ഭർത്താവിനോടുള്ള സമീപനം രൂപപ്പെടുത്തിയ കല്യാണി കാലാന്തരത്തിൽ കുറ്റബോധത്തിന്റെ മഹാസ്ഫോടനത്തിൽ പെട്ടുപോകുന്നുണ്ട്. എന്നാൽ ഈ പടം പൊഴിക്കൽ ഏറ്റവും ലളിതവും സുന്ദരവുമാകുന്നു കുഞ്ഞിപ്പെണ്ണിൽ. നോവലിലെ ഏറ്റവും മനോഹരവും വൈകാരികവുമായ ആയ ഒരു സംഭാഷണമാണത്. "അങ്ങേരൂടാണല്ലോ എന്നെ അന്നഴിക്കുന്നതെന്നോർത്താ ചിത്രൻ കൊച്ചാട്ടാ'. ആകെ പൊള്ളി അടർന്ന ചേയിക്കുട്ടിക്ക് പൊഴിക്കാൻ പുറംപടങ്ങൾ ഇല്ല. ആത്മ സംഘർഷത്തിന്റെ
പുകച്ചുരുളുകളിൽ അവർ ജീവിച്ചുതീർക്കുന്നു. എന്നാൽ ഈ സ്ത്രീകളുടെ കരളുറപ്പോ ശക്തിയോ അടുത്ത തലമുറയിലെ ലിസിക്കോ ആഖ്യാതാവിനോ ഇല്ല. സംസ്കാരം എന്ന പദത്തിന്റെയും വിദ്യാഭ്യാസം കൊണ്ട് കൈവന്ന കൃത്രിമ ആഭിജാത ബോധത്തിന്റെയും തടവറയിലാണ് അവർ.

നോവലിലെ ഏറെ മിഴിവുള്ള ഭാഗമാണ് കുഞ്ഞിപ്പെണ്ണിന്റെ കഥ. കാടും പടർപ്പുമൊന്നുമില്ല. തിരുവിതാംകൂർ പ്രദേശത്ത് കഴിഞ്ഞ തലമുറ വരെ പിന്തുടർന്നിരുന്ന (എന്റെ നാട്ടിൽ ഈഴവ വൈദ്യന്മാർക്കിടയിലും ചില നായർ വിഭാഗങ്ങൾക്കിടയിലും) പാണ്ഡവാചാരത്തിന്റ പശ്ചാത്തലമുണ്ടതിന്. വായനയ്ക്ക് ശേഷവും ശൂരനാട് സമരവും ചിത്രസേനനും കുഞ്ഞിപെണ്ണും ആ നാടൻ ശീലുമെല്ലാം പിന്തുടരും. ദാക്ഷായണി പറയുന്ന കഥയിലെ കുഞ്ഞിപ്പെണ്ണിനെ വളരെ വേഗം കല്യാണിക്ക് മനസ്സിലാകുന്നുണ്ട്. സദാചാരം മൂടിക്കിടക്കുന്ന സാധാരണ ജീവിതത്തിനപ്പുറത്തെ നാടകങ്ങൾ അവർ പങ്കിടുന്നത് കൊണ്ടോ ഒരേവന്ധ്യതയുടെ വലയങ്ങൾ അനുഭവിച്ചത് കൊണ്ടോ ആകാമത്‌. ചിലപ്പോഴൊക്കെ കാല്പനികവും മറ്റു ചിലപ്പോഴൊക്കെ അതിഭാവുകത്വപരവുമായ പശ്ചാത്തലമുണ്ട് ഇരുവർക്കും. ദാക്ഷായണി പ്രകടിപ്പിക്കുന്ന കുത്തിയോട്ടത്തിന്റെ രാഷ്ട്രീയവും ശ്രദ്ധേയമാണ്. "കുറെ ആണുങ്ങൾ തന്റെ മുന്നിൽ ചൊൽപ്പടിക്ക് തുള്ളിക്കളിക്കുന്നത് ഏത് പെണ്ണിനാണ് ഇഷ്ടമല്ലാത്തത്' എന്നാണ് അത്.

ഭ്രാന്ത് കൊണ്ട് ജീവിതത്തെ കഴുകിത്തെളിച്ചെടുക്കുന്ന നിരവധി പേരുണ്ട് നോവലിൽ. ദാക്ഷായണിക്ക് ഭ്രാന്ത് ഒരു വാദ്യോപകരണമാണ്. മതി മറന്ന് ആസ്വദിക്കുന്ന ഒന്ന്. കരുതൽ തടങ്കലിൽ നിന്ന് തന്നെ മോചിപ്പിക്കുന്ന മാർഗ്ഗവും കൂടിയാണത്. താൻ മൂലം ആത്മഹത്യ ചെയ്ത വല്ല്യേച്ചിയെക്കുറിച്ചുള്ള ചിന്തയിൽ കുറ്റബോധത്തിൽ നീറിത്തീരുന്ന ചേയിക്കുട്ടി ഒടുവിൽ വിഷാദരോഗത്തിന്റെ
മൂർദ്ധന്യത്തിൽ ചേച്ചിയുടെ വഴിയേ തന്നെ പോകുന്നു. കല്യാണിക്ക് ചോന്നമ്മ പറമ്പിന്റെ ഭയമായും പിന്നീട് ചേയിക്കുട്ടിയുടെ കാഴ്ചകളുടെ തുടർച്ചയായുമാണ് ഭ്രാന്ത്. എന്നാൽ ഇത് അത്ര പ്രകടമാണെന്ന് പറഞ്ഞുകൂടാ. കമലയിൽ അത് എല്ലായിടത്തും തന്നെ ഭയപ്പെടുത്തുന്ന പാമ്പാണ്. മരിച്ചുപോയ ചേയികുട്ടിക്ക് ഇഷ്ടപ്പെട്ട ഏട്ടക്കറി ഉണ്ടാക്കുന്ന കല്യാണിയെ നിശ്ശബ്ദമായി പിന്തുണയ്ക്കുന്ന ലക്ഷ്മണനെയും "ചോന്നമ്മ കൂടി' ഓടിപ്പോയ നാരായണന്റെ ആദ്യ ഭാര്യയെയും കൂടി കൂട്ടിവായിച്ചാൽ ഭ്രാന്ത് വ്യാപകമായ ഒരു ജീവിതാവസ്ഥയായി ആ പരിസരത്ത് ഉണ്ട്. യക്ഷിയും ചോന്നമ്മയും വല്ല്യേച്ചിയും ചേയിക്കുട്ടിയും പാമ്പുമെല്ലാം ഉന്മാദങ്ങളിലേക്കും മറ്റുലോകങ്ങളിലേക്കുമുള്ള തടിപ്പാലങ്ങളാകുന്നു. ഒട്ടും മെച്ചമുള്ളതല്ലെങ്കിലും സ്വന്തമെന്നു പറയാൻ ഉള്ളങ്കയ്യിൽ ഉള്ള ഈ ചെറു ജീവിതത്തെ സംരക്ഷിക്കാൻ കൂടിയാണവർക്കീ ഭ്രാന്ത് .

നോവലിലെ സ്ത്രീപുരുഷ ബന്ധവും രതിയുടെ ആവിഷ്കാരവും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. ലൈംഗികതയുടെ തുറന്നെഴുത്തിൽ മാത്രം അവസാനിക്കുന്നഒന്നല്ല അത്. അനിതരസാധാരണമായ ഒരു ധൈര്യവും സത്യസന്ധതയും ഇക്കാര്യത്തിൽ കാണിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ചിത്രസേനനിൽ കുഞ്ഞിപെണ്ണ് ഒരു കവിതയാകും. ലക്ഷ്മണനിൽ കല്യാണി കാട്ടുതീയാവുമ്പോൾ തന്നെ നാരായണനിലെ കല്യാണി ഉറവയിൽ തന്നെ വറ്റിയ നീർച്ചാലാണ്. പട്ടാളക്കാരനിലെ കുഞ്ഞിപ്പെണ്ണാകട്ടെ വിരസയാണ്. ചേയിക്കുട്ടിക്കത് വിഷാദ സ്മൃതി ആണെങ്കിൽ ദാക്ഷായണിക്കും ലിസിക്കുമത് അധിനിവേശവികാരമാണ്. കമലയിൽ ലക്ഷ്മണൻ ഇടറുന്നുണ്ടെങ്കിലും കമലയ്ക്കത് കൈക്കുടന്നയിലെ കടലാണ്.

ദേശചരിത്രസ്പന്ദനങ്ങളോട് രഹസ്യ സംഭാഷണം നടത്തുന്നവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ദേശചരിത്രത്തിനകത്ത് താന്താങ്ങളുടെ സ്ഥാനം തിരിച്ചറിഞ്ഞവരാണ് അവർ എന്ന് പറഞ്ഞുകൂടാ. അല്ലെങ്കിൽ തന്നെ ചുറ്റും സംഭവിക്കുന്നതാണ് ചരിത്രം എന്ന് തിരിച്ചറിഞ്ഞിട്ടുള്ള ഏത് ചരിത്രപുരുഷനാണുള്ളത്. ദേശം വ്യക്തികളെ നിർമ്മിക്കുന്ന പ്രക്രിയ അനുസ്യൂതമാണ്. തെക്കൻദേശത്തേക്ക് പോയി എ.കെ.ജിയുടെ വിലാപയാത്രക്കൊപ്പം തിരികെ നാടണഞ്ഞ ദാക്ഷായണിക്കുണ്ടായത് ദേശവിളിതന്നെ. കല്യാണിയുടെ ജീവിതം തന്നെ 60 പൈസാ പോയിന്റിനിപ്പുറമുള്ള ദേശത്തേക്കുള്ള നിരന്തരമായ പോക്കുവരവുകളിൽ കുരുങ്ങിക്കിടക്കുന്നു. അതിരുകളുള്ള ദേശ സങ്കല്പത്തിൽ നാമേവരും ഉപദേശീയരാണ്. അവരുമതേ. തെക്കിനെക്കുറിച്ചുള്ള പൊതുബോധം നിരന്തരം ആവർത്തിക്കുന്നുണ്ട് നോവൽ. ഉറപ്പില്ലാത്ത മണ്ണായും അതിരുകൾ തീർക്കുന്നഹൃദയങ്ങളായും പരിസരക്കാഴ്ചയില്ലാത്ത മനുഷ്യരായയും ഒക്കെ അതങ്ങനെ തെളിഞ്ഞു തന്നെ നിൽക്കുന്നു. ദേശങ്ങളെ പേറുന്ന മനുഷ്യരുടെ മുൻവിധികൾ.

ചരിത്രത്തെ ഒളിച്ചു കടത്തുന്നത് അല്പം ശ്രമകരമായ പണിയാണ്. അക്കാലത്തെ ഫ്രഞ്ച് ചരിത്രകാരന്മാർതന്നതിനേക്കാൾ കൂടുതൽവിവരങ്ങൾ ബൽസാക്കിന്റെ കൃതികൾ തന്നിട്ടുണ്ട് എന്ന ഒരു മാർക്സിയൻ കാഴ്ചപ്പാട് നിലന്നിന്നിരുന്നു. ബൽസാക്കിന്റെ ശ്രമം ഏറെക്ലേശകരമായിരുന്നു എന്നും വായിച്ചിട്ടുണ്ട്. രണ്ട് ട്രെയിൻയാത്രകൾക്കിടയിൽ സംഭവിച്ച ദാക്ഷായണിയുടെ തെക്കൻ ദാമ്പത്യം അവസാനിക്കുന്നത് എ.കെ.ജിയുടെ വിലാപയാത്രക്കൊപ്പമാണ്. ട്രെയിൻ പോകുന്നത് പോലും "കരുതൽ... തടങ്കൽ" എന്ന താളത്തിലാണെന്ന് ദാക്ഷായണിതിരിച്ചറിയുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമത്തിൽ അറസ്റ്റിലായ എ.കെ.ജിയുടെ മരണത്തിനൊപ്പമാണ് ദാക്ഷായണിയുടെ കരുതൽ തടങ്കൽ അവസാനിക്കുന്നത്.

ശൂരനാട് സമരം, അടിയന്തരാവസ്ഥ, തലശ്ശേരിക്കലാപം, ഗൾഫ് യുദ്ധം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവയെല്ലാം സൂചനകളായോ, വിവരണങ്ങളായോ നോവലിൽ കാണാം. ഇതിൽ ശൂരനാട് സമരാഖ്യാനത്തിന് മിഴിവേറെയാണ്. അതൊരു വെള്ളിത്തിരക്കാഴ്ചയാണ്. കഥാഖ്യാനത്തിന്റെ വേഗത നിർണയിക്കുന്നതിൽ ശൂരനാട് സമരത്തിനും "റിപ്പർ ആക്രമണ'ചരിത്രത്തിനും ഒക്കെ നിർണായക പങ്കുണ്ട്. നോവലിലെ കഥാപാത്രങ്ങളുടെ ചരിത്രവും കമ്മ്യൂണിസവും തമ്മിൽ കേവലാനന്ദബോധത്തിനപ്പുറത്ത് പ്രത്യയശാസ്ത്ര പ്രചാരണ തലമൊന്നുമില്ല. ആത്യന്തികമായി മാറ്റമില്ലാത്ത ചരിത്രവും മാറ്റമില്ലാത്ത മനുഷ്യനും പലപ്പോഴും വികലമായൊരു യാഥാർത്ഥ്യമാണെന്ന് മാത്രം പറയുന്നു. വർഗ്ഗ സമര സിദ്ധാന്തത്തിന് സമാന്തരമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജാതിയെ അഭിസംബോധന ചെയ്യുന്നതിൽ വന്ന വീഴ്ച ഒന്നിലധികം സ്ഥലങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. തിരുവിതാംകൂറിലെ നായർ -ഈഴവ ബന്ധവും ശ്രീനാരായണ ഗുരുവിന്റെ തെക്കൻ സ്വീകാര്യതയുമൊക്കെ നോവൽ ഒളിക്കാതെ തന്നെ കടത്തിയ വലിയ സത്യങ്ങളാണ്. വായനക്കാരന് അനുഭവപ്പെടുന്ന "കാല സന്ദേഹം' പലപ്പോഴും ചരിത്രത്തെ കൂട്ടുപിടിച്ച് നിവർത്തിക്കുന്നു.

ഇതിനാലകം ഏറെചർച്ച ചെയ്യപ്പെട്ട "ഭാഷ' നോവലിന്റെ പ്രധാന ശക്തികളിലൊന്നാണ്. ദേശങ്ങളെ പേറുന്ന മനുഷ്യർക്ക് അവർ ഹൃദയത്തിലേറുന്ന ഭാഷയിലല്ലാതെ അടയാളപ്പെട്ടു കിടക്കുക വയ്യ. എന്നാൽ ആഖ്യാതാവ് പിന്തുടരുന്നതാകട്ടെ മാനകഭാഷയാണ്. തെക്കിന്റെയും വടക്കിന്റെ പ്രാദേശിക തെറികൾയഥേഷ്ടം ഉണ്ട് ഇതിൽ. തെറിയുടെ സ്ഫോടന സാധ്യതകളെ കഥാപാത്രങ്ങൾ നന്നായി ഉപയോഗപ്പെടുത്തുന്നു. അത് അവർക്ക് ഉൾ ചവർപ്പുകളെ തുപ്പിക്കളയാൻ ഉള്ള മാർഗമോ കോയ്മകളുടെ പത്തിക്ക് അടിക്കാനുള്ള കവളൻ മടലുകളോ ആണ് നോവലിൽ ആദ്യന്തം പുലർത്തുന്ന നർമ്മം വായനയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ , രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം ഇവയെല്ലാം നർമ്മത്തിനുള്ള ഉപാധികളാകുന്നു. പുതുകാല സിനിമയുടെ എഡിറ്റിംഗ് സാധ്യതകളെ ഒന്നിലധികം തവണ എഴുത്തുകാരി ഭംഗിയായി ഉപയോഗിച്ചു.

ആഖ്യാതാവല്ലാതെ ഒരു കഥാപാത്രവും മഹത്വവത്കരിക്കപ്പെടുന്നില്ല. ആത്മകഥകളുടെ വിശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മനുഷ്യന്റെ ആകസ്മികമായ ഒത്തുചേരലുകൾക്കും അവിചാരിതമായ വേർപിരിയലുകൾക്കു മപ്പുറത്ത് നിലവിലുള്ള ഘടനകളെ തകർക്കുന്ന എന്തെങ്കിലും പുതുതായി ഇതിലുണ്ടെന്ന് പറഞ്ഞുകൂടാ. ഒരുപക്ഷേ വായനക്കാരന് അധികമൊന്നും പരിചിതമല്ലാത്ത ജീവിതാന്തർസ്ഥലികൾ ഉള്ളത് കുഞ്ഞിപ്പെണ്ണിലാണ്. എങ്കിലും വായനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ആന്തരികമായ ഒരു ശക്തി ഈ നോവലിനുണ്ട്. സാമ്പ്രദായികത്തിന് ബദൽ കണ്ടെത്താനുള്ള നിരന്തര ശ്രമമുണ്ട്. വ്യത്യസ്ത യാഥാർത്ഥ്യങ്ങളുടെ കണ്ടെത്തലിന്റെ ഹരമുണ്ട്. നാടോടിക്കഥകളുടെയും പുരാവൃത്തങ്ങളുടെയും പറുദീസയുണ്ട്. പശുവിലൂടെ അവതരിപ്പിക്കുന്ന ദാർശനിക പ്രശ്നങ്ങളുടെയും പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന്റെയും പ്രസംഗ സ്വഭാവം കല്ലുകടിയാണ്. ഉദാഹരണങ്ങളും തത്വചിന്താ വർത്തമാനങ്ങളും ചിലയിടത്തെങ്കിലും അമിതഭാരവുമാണ്. അബൂബക്കറിന്റെ ഉപ കഥയിലൂടെ അവതരിപ്പിച്ച ഇസ്ലാമിലെ സ്വത്താവകാശ നിയമങ്ങൾ' ഇതും കൂടി കേട്ടിട്ട് പോയാൽമതി' എന്ന വിധം ഏച്ചുകെട്ട് ആവുന്നു. വ്യക്തിപരമായ ഒരുകാര്യം കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം. ഉമ്മയുടെ കുടുംബവീടിന്​ അയലത്താണ് ശൂരനാട് സമരനായകൻ ചേലക്കോട്ടേക്ക് കുഞ്ഞിരാമൻ സഖാവിന്റെ വീട്. കുട്ടിക്കാലത്താവിരൽതുമ്പ് പിടിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ആ ഇതിഹാസത്തെ വായിക്കുന്നത്. മരിച്ച കുഞ്ഞിനെ തോളിലിട്ടു പായുന്ന ഒരു യുവാവ് കുറേക്കാലം ഒരു ദു:സ്വപ്നക്കാഴ്ചയായിരുന്നു. ചരിത്രം രേഖപ്പെടുത്താത്ത തിരുവിതാംകൂറിലെ എണ്ണമറ്റ കർഷക പോരാട്ടങ്ങളിലെനായകന്മാർ, കുഴിയിൽ ആണ്ടു പോയ ഒരു ജനതയ്ക്ക് നിവർന്നുനിൽക്കാൻ ഊന്നുവടികളായി ജന്മം പകരം നൽകിയവർ. ക്ഷതം വന്നുപോയ ജീവിതത്തിന്റെ കണക്കു പറഞ്ഞു ആനുകൂല്യം നേടാൻ ഈ ‘വിപ്ലവത്തിന്റെ വിഷാദ പർവ’ങ്ങളിൽ ബഹു ഭൂരിപക്ഷത്തെയും പിന്നീട് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രസേനൻമാരെ വേഗം പിടികിട്ടുന്നു. വ്യക്തിപരമായി കുഞ്ഞിപ്പെണ്ണിന്റെ കഥ കല്യാണിയ്ക്കും ദാക്ഷായണിക്കും മേലെ നിൽക്കുകയും ചെയ്യുന്നു.

Comments